Monday, August 26, 2013

അമിതാബ്കുന്ദു കമ്മിഷന്‍: രാജ്യത്തെ മുസ്‌ലിംകളെ വഞ്ചിതരാക്കുന്നു: KNM


കോഴിക്കോട് :  സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നത് പരിശോധിക്കാന്‍ അമിതാബ്കുന്ദു കമ്മിഷനെ നിശ്ചയിക്കുകവഴി യു പി എ സര്‍ക്കാര്‍ രാജ്യത്തെ മുസ്‌ലിംകളെ വഞ്ചിക്കുകയാണെന്ന് കേരള നദ്‌വത്തുല്‍മുജാഹിദീന്‍ (കെ എന്‍ എം). രാജ്യത്തെ മുസ്‌ലിംകളെ വാഗ്ദാനങ്ങളില്‍ മയക്കിക്കിടത്തി വോട്ടുബാങ്കാക്കി ചൂഷണം ചെയ്യുന്നത് യു പി എ നേതൃത്വം അവസാനിപ്പിക്കണമെന്ന് കോഴിക്കോട് നടന്ന കെ എന്‍ എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍സമ്മേളനം ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെയും രംഗനാഥന്‍ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിലെയും ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേന്ദ്രഭരണത്തില്‍ രണ്ട് തവണകളിലായി ഒട്ടേറെ അവസരം ലഭിച്ചിട്ടും കാര്യമായി ഒന്നും ചെയ്യാതെ ഇപ്പോള്‍ പരിശോധനാ കമ്മിഷനെ നിശ്ചയിക്കുന്നത് കടുത്ത വഞ്ചനയാണ്. ആറുമാസങ്ങള്‍ക്ക് ശേഷം കമ്മിഷന്‍ റിപ്പോര്‍ട്ട് കിട്ടി അതിന്മേല്‍ ചര്‍ച്ചയും ശേഷം പ്രഖ്യാപനങ്ങളും നടത്തി മുസ്‌ലിം സമുദായത്തെ വീണ്ടും വീണ്ടും വിഡ്ഢികളാക്കുന്നത് പൊറുപ്പിക്കാവതല്ല. കമ്മിഷന്റെ കാലവധിയും തുടര്‍നടപടികളും പരിഗണിക്കുമ്പോള്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചട്ടങ്ങള്‍ക്ക് തടസ്സമായി വരുമെന്നിരിക്കെ അമിതാബ്കുന്ദു കമ്മിഷനെ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള നടപടി മാത്രമായേ കാണാനൊക്കൂ. കമ്മിഷനുകളല്ല നടപടികളാണ് രാജ്യത്തെ മുസ്‌ലിംകള്‍ക്കാവശ്യമെന്ന് കെ എന്‍ എം വ്യക്തമാക്കി. മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യ ഉന്നമനം ആത്മാര്‍ത്ഥമായി ലക്ഷ്യം വെക്കുന്നുണ്ടെങ്കില്‍ സച്ചാര്‍ കമ്മിഷന്‍, രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടുകളിലെ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ മുന്നോട്ട് വരികയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. 

മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ അട്ടിമറിക്കാന്‍ സംഘടിത ഗൂഢാലോചന നടക്കുന്നതായി കെ എന്‍ എം കൗണ്‍സില്‍ ആരോപിച്ചു. മലബാറില്‍ പുതിയ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിക്കാനുള്ള നീക്കം തടസ്സപ്പെടുത്തുന്നതില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ നേതൃത്വങ്ങളും ചില മീഡിയകളും സംഘടിതമായി ശ്രമിക്കുകയാണ്. ഹയര്‍ സെക്കന്ററി പ്രവേശനം കിട്ടാതെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ മലബാറില്‍ വഴിയാധാരമായി നില്‌ക്കെ തെക്കന്‍ കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വണ്‍ സീറ്റുകള്‍ ഉയര്‍ത്തിക്കാണിച്ച് ഇനി ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിക്കേണ്ടതില്ലെന്ന് വാദിക്കുന്നവരുടെ മനോഗതി ദുരൂഹമാണെന്ന് കെ എന്‍ എം കുറ്റപ്പെടുത്തി. മലബാറില്‍ ജനസംഖ്യാനുപാതികമായി ഹയര്‍ സെക്കന്ററി സ്‌കൂളുകളും കോളെജുകളും സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ അനുവദിക്കണമെന്ന് കെ എന്‍ എം ആവശ്യപ്പെട്ടു. 

സിറിയന്‍ ജനതയെ കിരാതമായി കൊന്നൊടുക്കുന്ന ബശാറുല്‍അസദിന്റെ ഭരണകൂട ഭീകരതക്ക് അറുതി വരുത്താന്‍ അറബ് രാഷ്ട്രങ്ങള്‍ സംഘടിത നയതന്ത്രത്തിന് മുന്നിട്ടിറങ്ങണമെന്ന് കെ എന്‍ എം അഭ്യര്‍ഥിച്ചു. സിറിയയിലെ അമേരിക്കന്‍ സൈനിക ഇടപെടല്‍ സ്ഥായിയായ പരിഹാരമല്ലെന്നിരിക്കെ ജനാധിപത്യ പുനസ്ഥാപനത്തിനുള്ള ശ്രമങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുക്കണം. സിറിയയെ സൈനിക താവളമാക്കി നിലനിര്‍ത്തി സിറിയയിലെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഇടപെടലെന്നതിന് അനുഭവം സാക്ഷിയാണെന്നിരിക്കെ അറബ് വസന്തത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി സിറിയയില്‍ ജനാധിപത്യം പുനസ്ഥാപന പ്രസ്ഥാനങ്ങള്‍ക്ക് ശക്തിപകരാന്‍ ആഗോള സമൂഹം മുന്നോട്ടു വരണം. 

ഈജിപ്തിലെ മനുഷ്യക്കുരുതിക്കെതിരെ നേരിട്ടിടപെടാന്‍ അറബ് രാഷ്ട്രങ്ങള്‍ തയ്യാറാവണം. ജനാധിപത്യപുനസ്ഥാപന പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന കാവല്‍ മന്ത്രിസഭയെ ഒറ്റപ്പെടുത്താന്‍ അറബ് രാഷ്ട്രഐക്യസമിതിക്ക് കഴിയേണ്ടതുണ്ട്. ഈജിപ്തില്‍ ജനാധിപത്യപരമായി അധികാരത്തിലേറിയ മുഹമ്മദ് മുര്‍സി മന്ത്രിസഭയെ പുനസ്ഥാപിക്കാന്‍ ഐക്യ രാഷ്ട്രസഭക്ക് ബാധ്യതയുണ്ടെന്നും കെ എന്‍ എം അഭിപ്രായപ്പെട്ടു. 

ഇശ്‌റത്ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളെ രക്ഷപ്പെടുത്തുംവിധമുള്ള അന്വേഷണ ഏജന്‍സികളുടെ ഒത്തുകളി അപലപനീയമാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഇരകളെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നത് ഐ ബി പോലുള്ള അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ്. അബ്ദുല്‍നാസര്‍ മഅ്ദനിയെ തടങ്കിലിലിട്ട് ഇഞ്ചിഞ്ചായി നശിപ്പിക്കുന്ന ഭരണകൂടഭീകരതക്ക് കൂട്ടുനില്ക്കുന്നത് അന്വേഷണ ഏജന്‍സികളുടെയും ഫാസിസ്റ്റുകളുടെയും നിയമവ്യവസ്ഥയുടെയും ഫാസിസ്റ്റ്‌വല്‍ക്കരണമാണ് വ്യക്തമാകുന്നതെന്നും അബ്ദുല്‍നാസര്‍ മഅ്ദനിക്ക് ജാമ്യം നിഷേധിക്കാന്‍ നിയമത്തിന്റെ പിന്‍ബലമില്ലെന്നിരിക്കെ ജുഡീഷ്യറി ഭരണകൂട ഭീകരതക്ക് അടിപ്പെട്ടത് നീതീകരിക്കതല്ല. 

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ആദര്‍ശ പ്രബോധന രംഗം സജീവമാക്കി സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. വഖഫ് ഫണ്ട് വിജയിപ്പിച്ച ജില്ലാകമ്മിറ്റികളെ കൗണ്‍സില്‍ അഭിനന്ദിച്ചു. 

ഉന്നതസ്ഥാനങ്ങള്‍ ലഭിച്ച ഡോ. പി പി മുഹമ്മദ് (ഇഫഌ സ്‌പെഷല്‍ ഓഫിസര്‍, മലപ്പുറം), ഡോ. കെ മുഹമ്മത് ബശീര്‍ (കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍), പ്രൊഫ. എം ഹാറൂണ്‍ (പ്രിന്‍സിപ്പള്‍, തിരൂരങ്ങാടി പി എസ് എം ഒ കോളെജ്), കെ അബ്ദുല്‍ ഖയ്യും പുന്നശ്ശേരി (പ്രിന്‍സിപ്പാള്‍, പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളെജ്), ഡോ. പി മുസ്തഫ ഫാറൂഖി (പ്രിന്‍സിപ്പാള്‍, ഫറോക്ക് റൗഉത്തുല്‍ ഉലൂം അറബിക് കോളെജ്), എ കെ ഈസാഅബൂബക്കര്‍ മദനി (തിരൂരങ്ങാടി കെഎം എം അറബിക്ക് കോളെജ് പ്രിന്‍സിപ്പാള്‍) എന്നിവരെ കൗണ്‍സില്‍ അനുമോദിച്ചു. 

2014 ഫിബ്രവരി ആറ്, ഏഴ്, എട്ട്, ഒന്‍പത് തിയ്യതികളില്‍ കോട്ടക്കലില്‍ നടക്കുന്ന എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളന പരിപാടികള്‍ക്ക് രൂപം നല്കി. knm02ഒരു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും വാര്‍ഷിക വരവ് ചെലവ് കണക്കും വരുന്ന രൂപരേഖയും അവതരിപ്പിച്ചു. 

കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എം സ്വലാഹൂദ്ദീന്‍ മദനി, എ അബ്ദുല്‍ ഹമീദ് മദീനി, ഡോ. മുസ്തഫ ഫാറൂഖി, കെ ജമാലൂദ്ദീന്‍ ഫാറൂഖി, പ്രഫ. എന്‍ വി അബ്ദുറഹിമാന്‍, പി കെ ഇബ്രാഹീം ഹാജി, എ അസ്ഗറലി, ഡോ. പി പി അബ്ദുല്‍ഹഖ്, പി ടി വീരാന്‍കുട്ടി സുല്ലമി, കെ അബൂബക്കര്‍ മൗലവി, കെ പി സകരിയ്യ, ഉബൈദുല്ല താനാളൂര്‍, സി മമ്മു കോട്ടക്കല്‍, ഇസ്മായില്‍ കരിയാട്, ജാസിര്‍ രണ്ടത്താണി, ബി പി എ ഗഫൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, ടി അബൂബക്കര്‍ നന്മണ്ട, അഡ്വ. എം മൊയ്തീന്‍കുട്ടി, സി അബ്ദുലത്തീഫ് മാസ്റ്റര്‍, ശമീമ ഇസ്‌ലാഹിയ്യ, അബ്ദുറൂഫ് മദനി കാസര്‍കോട്, ഷംസുദ്ദീന്‍ പാലക്കോട്, സലീം ഒളവണ്ണ, ഡോ. വി കുഞ്ഞാലി, ഇബ്രാഹിം പുനത്തില്‍, അബ്ദുറഹിമാന്‍ സുല്ലമി, ഹംസ സുല്ലമി കാരക്കുന്ന്, പി മൂസകൂട്ടി മദനി, പി മുഹമ്മദാലി മാസ്റ്റര്‍, സലാം മാസ്റ്റര്‍ തൃശൂര്‍, അബ്ദുല്‍ കരീം എറണാകുളം, പി മുഹമ്മദലി അന്‍സാരി, സജീദ്ഖാന്‍ കൊല്ലം, ബശീര്‍ ഫാറൂഖി ഇടുക്കി, എന്‍ എസ് എം റഷീദ്, കെ എസ് സുബൈര്‍, ഹമീദ് കുനിയില്‍, മുഹമ്മദ് ഉള്ള്യേരി പ്രസംഗിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...