Saturday, April 27, 2013

അടുക്കളത്തോട്ടത്തില്‍ ‘ഹരിത വിപ്ലവ’വുമായി MGM രംഗത്ത്

ദോഹ : കീടനാശിനികളില്ലാത്ത ഭക്ഷണം സ്വപ്‌നം കാണുന്ന തലമുറയ്ക്ക് പച്ചക്കറിയുടേയും കൃഷിയുടേയും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ എം ജി എം കേരള സംസ്ഥാന കമ്മിറ്റി ‘ഹരിത വിപ്ലവ’വുമായി രംഗത്ത്. വിശുദ്ധ വിശ്വാസം വിശുദ്ധ ഭക്ഷണം പദ്ധതിയുമായി കേരളത്തിലെ വീടുകളില്‍ അടുക്കളത്തോട്ടം പദ്ധതിയുമായാണ് എം ജി എം കടന്നുവരുന്നത്. മെയ് 30ന് ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ തുടങ്ങി ശാഖാതലം വരെ പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുകയെന്ന് എം ജി എം കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയയും വൈസ് പ്രസിഡന്റ് സല്‍മ അന്‍വാരിയയും പറഞ്ഞു. 

കാര്‍ഷിക മേഖലയിലെ പ്രമുഖര്‍ നടത്തുന്ന ക്ലാസുകളാണ് ഒന്നാംഘട്ടത്തില്‍ നല്കുക. എം ജി എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും എം ജി എം ഉദ്യോഗസ്ഥ വേദി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കുമാണ് ആദ്യം പരിശീലനം നല്കുക. തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും പച്ചക്കറി കൃഷി പരിശീലനം നടത്തും. ആഗസ്ത്, സെപ്തംബര്‍ മാസത്തോടെയാണ് അടുക്കളത്തോട്ടങ്ങളില്‍ വിത്തുപാകുക. 2014 ഫെബ്രുവരിയില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ കേരളത്തിലെ വിവിധ വീടുകളിലെ അടുക്കളത്തോട്ടങ്ങളില്‍ കൃഷി ചെയ്തുണ്ടാക്കിയതായിരിക്കുമെന്നും അവര്‍ അറിയിച്ചു. പതിനയ്യായിരത്തിലേറെ അംഗങ്ങളുള്ള എം ജി എമ്മിലെ മുഴുവന്‍ അംഗങ്ങളും ഓരോ മാസവും പണം നീക്കിവെച്ച് സമ്മേളനത്തിനുള്ള അരി വാങ്ങാന്‍ വിഹിതമുണ്ടാക്കുമെന്നും സംസ്ഥാന നേതാക്കള്‍ അറിയിച്ചു. 

എം ജി എം പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി എം ജി എം ഉദ്യോഗസ്ഥ വേദിയും ബാലികാവേദിയും പുതുതായി രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനി വിഭാഗം നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിവുള്ള കുട്ടികളെ രംഗത്ത് കൊണ്ടുവരികയാണ് ബാലികാ വേദിയിലൂടെയും വിദ്യാര്‍ഥിനി വിഭാഗത്തിലൂടേയും ശ്രമിക്കുന്നത്. പ്രവര്‍ത്തന രംഗത്തില്ലാത്ത ഉദ്യോഗസ്ഥരേയാണ് ഉദ്യോഗസ്ഥ വേദിയിലൂടെ ശ്രമിക്കുന്നതെന്നും ശമീമ ഇസ്‌ലാഹിയയും സല്‍മ അന്‍വാരിയയും പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ഉദ്യോഗസ്ഥകള്‍ക്കു വേണ്ടി മാത്രമായി സംഘടന രൂപീകരിക്കപ്പെട്ടത്.
Read More

Thursday, April 25, 2013

ആത്മാര്‍ത്ഥതയുള്ളവര്‍ ആദര്‍ശപ്രസ്ഥാനത്തിലേക്ക് മടങ്ങുക : ഇസ്മായില്‍ കരിയാട്

മക്ക : മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ അന്ധവിശ്വാസങ്ങളും പുത്തനാശയങ്ങളും പ്രചരിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന രീതിയില്‍ പുതിയ പ്രസ്താവനകളും പ്രചാരണങ്ങളുമായി ഇപ്പോള്‍ രംഗത്തു വരുന്നവര്‍ പത്തു വര്‍ഷം മുമ്പ് പറയേണ്ട കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത് എന്നും ഈ അപകടം നേരത്തെ തിരിച്ചറിഞ്ഞ് ഇക്കാര്യം ഉന്നയിച്ചവരെ അന്ന് ആദര്‍ശ വ്യതിയാനം ആരോപിച്ച് പുറത്താക്കുകയും പിരിച്ചുവിടുകയുമാണ് ചെയ്തതെന്നും ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കരിയാട് പ്രസ്താവിച്ചു. ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ഇസ’ലാഹീ ആദര്‍ശത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നത് പത്തുവര്‍ഷം മുമ്പ് തന്നെ പലരും ചൂണ്ടിക്കാണിച്ചതായിരുന്നു. വാദിയെ പ്രതിയാക്കി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചവരെ പുറത്തു നിര്‍ത്താന്‍ കരുക്കള്‍ നീക്കിയവരാണ് ഇപ്പോള്‍ വന രോദനം പോലുള്ള പ്രസ്താവനകള്‍ തട്ടി വിടുന്നത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ ആദര്‍ശം അംഗീകരിക്കുന്നവര്‍ ഇപ്പോഴും കോഴിക്കോട് മര്‍ക്കസുദ്ദഅവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട് . 

പുത്തനാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പത്തു വര്‍ഷത്തിലധികക്കാലം സൌകര്യങ്ങള്‍ ചെയ്തുകൊടുത്തവര്‍ക്ക് പ്രസ്ഥാനത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ധ്രുവീകരണങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. 
സാത്വികരായ പണ്ഡിതന്മാര്‍ക്കു നേരെ ആദര്‍ശ വ്യതിയാനം ആരോപിക്കുകയും കള്ളക്കേസുകള്‍ കൊടുക്കുകയും ചെയ്തവര്‍ അവ തിരുത്താതെ പുതിയ പ്രചാരണങ്ങളുമായി വരുന്നത് പരിഹാസ്യമാണ്. ഇപ്പോഴത്തെ പ്രസ്താവനകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ അവര്‍ സി പി ഉമര്‍ സുല്ലമിയും, ഡോ. ഇകെ അഹ്മദ് കുട്ടിയും നേതൃത്വം നല്‍കുന്ന യഥാര്‍ത്ഥ ആദര്‍ശപ്രസ്ഥാനത്തിലേക്ക് മടങ്ങി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More

Wednesday, April 24, 2013

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്തിന് കളങ്കം: ISM

കോഴിക്കോട് : വംശീയ വിദ്വേഷത്തിന്റെയും കൂട്ട നരഹത്യയുടെയും സൂത്രധാരനായ നരേന്ദ്രമോദിയെ വെള്ളപൂശാന്‍ മതേതര ചേരിയില്‍ നിന്നുതന്നെ പലരും മുന്നോട്ട് വരുന്നത് ആശങ്കാജനകമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ്. മതേതര ഇന്ത്യക്ക് തീരാകളങ്കം ഉണ്ടാക്കിയ നരേന്ദ്രമോദിയെ കേരളത്തിലേക്ക് ചുവപ്പ് പരവതാനി വിരിച്ച് ആനയിക്കാനുള്ള ചിലരുടെ നീക്കം ഇന്ത്യയുടെ മതേതര പാരമ്പര്യത്തോടുള്ള കൊഞ്ഞനം കുത്തലാണ്. ബി ജെ പി സഖ്യത്തിലെ പ്രധാന കക്ഷിയായ ജെ ഡി യു പോലും മോദിയെ ഉയര്‍ത്തിക്കാട്ടുന്നതിനെതിരെ ശക്തിയായി പ്രതിഷേധമുയര്‍ത്തിയപ്പോള്‍ യു ഡി എഫ് ഭരണത്തിലെ ഒരു മന്ത്രി ഗുജറാത്തില്‍ ചെന്ന് മോദിയെ സന്ദര്‍ശിച്ചതും മറ്റു ചിലര്‍ അദ്ദേഹത്തെ ശ്രീനാരായണ ഗുരുവിന്റെ ആസ്ഥാനത്തേക്ക് ക്ഷണിച്ചതും ആത്മഹത്യാപരമായിപ്പോയി. 

രാഷ്ട്രത്തിന്റെ സവിശേഷമായ മതേതര പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്നവര്‍ക്ക് മാന്യതയുടെ പരിവേഷം നല്കാനുള്ള ഏത് നീക്കത്തെയും ഗൗരവമായി കാണണമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം മുട്ടില്‍, ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, ശുക്കൂര്‍ കോണിക്കല്‍, ഡോ. ഫുക്കാറലി, ഡോ. ലബീദ് അരീക്കോട്, അബ്ദുല്‍ ഖാദര്‍ കടവനാട് എന്നിവര്‍ പ്രസംഗിച്ചു.
Read More

Thursday, April 18, 2013

വീട്ടിലെ ഉദ്യോഗ വേഷം കുട്ടികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നു : PMA ഗഫൂര്‍


ജിദ്ദ : വീട്ടിലെത്തിയാല്‍ ഉദ്യോഗ വേഷങ്ങള്‍ അഴിക്കുന്നതോടൊപ്പം ഉദ്യോഗ മനോഭാവം കൂടെ അഴിച്ചുവെക്കണമെന്നും കുട്ടികളുടെ കളി തമാശകളില്‍ ചേരാന്‍ അവരുടെ നിറങ്ങളുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണമെന്നും ചിന്തകനും വാഗ്മിയുമായ പി എം എ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ജോലി സ്ഥലവും വീടും രണ്ടു ചുറ്റുപാടുകളാണെന്നും അതിനെ രണ്ടായി കാണാന്‍ കഴിയാത്തതാണ് പല കുടുംബ പ്രശനങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പട്ടാളച്ചിട്ടയില്‍ കുട്ടികളോട് പെരുമാറുന്ന പിതാക്കളെ പുരോഗമന യുഗത്തിലും കാണുന്നത് സങ്കടകരമാണെന്നും സംഘര്‍ഷ മനസ്‌കരായ അത്തരം കുട്ടികളില്‍നിന്നും ക്രിയാത്മകമായതൊന്നും സമൂഹത്തിന് പ്രതീക്ഷിക്കാനില്ലെന്നും പി എം എ ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍ഹുദ മദ്‌റസാ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബാപ്പ വരുമ്പോള്‍ ശബ്ദം നിലച്ചിരുന്ന പഴയ വീട്ടുസംസ്‌കാരത്തില്‍ നിന്നും ഉപ്പയെ കാണുമ്പോള്‍ ഒരായിരം ചോദ്യങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന പുതിയ തലമുറ നമുക്കേറെ പ്രതീക്ഷ നല്കുന്നു. കുട്ടികളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശാന്തമായി ഉത്തരം പറയാത്ത രക്ഷിതാക്കള്‍ കുട്ടികളുടെ അന്വേഷണ തൃഷ്ണയെ തച്ചുടക്കുകയാണെന്നും കുട്ടിയുടെ അവകാശമായ സ്‌നേഹം നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകം എന്നും ബഹുമാനിക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബി ഒരു സമൂഹത്തിന്റെ നേതാവും പടനായകനുമായിരുന്നപ്പോഴും വീട്ടില്‍ കുട്ടികളോത്ത് ആനക്കളി നടത്തിയതും ഇണയോടൊത്ത് ഓട്ടമത്സരം നടത്തിയതും ഏട്ടില്‍ എഴുതിവെക്കാനുള്ളതല്ലെന്നും വിശ്വാസിയുടെ ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അഹമദ് കുട്ടി മദനി, ഹംസ നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Sunday, April 14, 2013

മോറല്‍ സ്‌കൂള്‍ ആരംഭിച്ചു

തിരുത്തിയാട്: വിദ്യാര്‍ത്ഥിനികളില്‍ മതബോധം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് വേനല്‍ക്കാല അവധിയില്‍ മതപഠനക്യാമ്പുകള്‍ക്ക് തുടക്കമായി. എം ജി എം തിരുത്തിയാട് യൂണിറ്റ് സംഘടിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ മോഡല്‍ സ്‌കൂള്‍ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ വാണിമേല്‍ ഉദ്ഘാടനം ചെയ്തു. പാത്തൈക്കുട്ടി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സമീറ, എം കെ സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Sunday, April 07, 2013

ഇസ്‌ലാഹി സമ്മേളനം നാളെ ഡല്‍ഹിയില്‍


കോഴിക്കോട്: ഇസ്‌ലാഹി മൂവ്‌മെന്റിന്റെ അഖിലേന്ത്യ സമ്മേളനം ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി കെ. റഹ്മാന്‍ഖാന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കാരം, മതസൗഹാര്‍ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര മന്ത്രിമാരായ ശശി തരൂര്‍, ഇ. അഹമ്മദ്, കെ.വി. തോമസ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും. 

 കേരളത്തില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ പ്രത്യേക സമ്മേളനവും ഡല്‍ഹി മലയാളി വിദ്യാര്‍ഥി സമ്മേളനവും നടക്കും. പത്രസമ്മേളനത്തില്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കെ.എന്‍.എം. പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി, പ്രോഗ്രാം കണ്‍വീനര്‍ ഡോ. പി.പി. അബ്ദുള്‍ ഹഖ് എന്നിവര്‍ പങ്കെടുത്തു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...