Showing posts with label കെ എൻ എം. Show all posts
Showing posts with label കെ എൻ എം. Show all posts

Tuesday, June 16, 2015

ലളിത് മോഡി: ആര്‍ എസ് എസ് നിലപാട് ഇരട്ടത്താപ്പ് -കെ എന്‍ എം


കോഴിക്കോട്: രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റവാളിയെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് വഴിവിട്ട് സഹായിച്ചതിനെ ദേശീയ വികാരമായി ന്യായീകരിച്ച ആര്‍ എസ് എസ്സിന്റെ നടപടി ലജ്ജാകരമാണെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജാതിയും മതവും നോക്കി ദേശീയ വികാരം നിര്‍ണയിക്കുന്ന ഇരട്ടത്താപ്പാണ് ലളിത് മോഡി വിഷയത്തില്‍ ആര്‍ എസ് എസ്സിന്റേതെന്ന് കെ എന്‍ എം കുറ്റപ്പെടുത്തി.



ദാവൂദ് ഇബ്‌റാഹിം ആയാലും ലളിത് മോഡിയായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നാണ് യഥാര്‍ത്ഥ ദേശീയ വാദികളുടെ നിലപാട്. അതിനൊപ്പം നില്കാന്‍ ആര്‍ എസ് എസ്സിന് ചങ്കൂറ്റമുണ്ടെങ്കില്‍ സുഷമ സ്വരാജിനെ മന്ത്രി സഭയില്‍നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കുകയാണ് ആര്‍ എസ് എസ്സ് ചെയ്യേണ്ടത്.

സംഘ്പരിവാറിന്റെ ലൗ ജീഹാദെന്ന വ്യാജപ്രചാരണം ബിഷപ്പ് മാര്‍ മാത്യു ആനകുഴിക്കാട്ടില്‍ ഏറ്റുപിടിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കുന്നതായില്ല. സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന ദുഷ്പ്രചാരണങ്ങളില്‍ ബിഷപ്പുമാര്‍ പങ്കാളികളാവുന്നത് ഒട്ടും ശരിയല്ലെന്ന് കെ എന്‍ എം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ വൈസ് പ്രസിഡണ്ട് പ്രൊഫ.എന്‍ വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി കെ ഇബ്‌റാഹിം ഹാജി, എ അസ്ഗറലി, എ ഹമീദ് മദീനി, സി മുഹമ്മദ് സലിം സുല്ലമി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍,  അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഡോ പി പി അബ്ദുല്‍ഹഖ്, പി ടി വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, മമ്മു കോട്ടക്കല്‍, സലിം ചെര്‍പ്പുളശ്ശേരി, ബി പി എ ഗഫൂര്‍, കെ പി അബ്ദുറഹീം പ്രസംഗിച്ചു.

Read More

Friday, April 17, 2015

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കും -കെ എന്‍ എം

കോഴിക്കോട്: മുസ്‌ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കുനേരെ ശിവസേനയും സംഘ് പരിവാറും നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപരപരമായ പ്രസ്താവനകള്‍ രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ബഹുസ്വരതയുടെ അടിസ്ഥാന ഘടകമായ ജനാധിപത്യത്തെ തകര്‍ക്കുംവിധമുള്ള പ്രസ്താവനകളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും കെ എന്‍ എം സംസ്ഥാന സമ്പൂര്‍ണ്ണ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. 
മുസ്‌ലിം വോട്ടവകാശം റദ്ദാക്കണമെന്നും ജനസംഖ്യ കുറയ്ക്കുന്നതിനായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍ നിര്‍ബന്ധിത വന്ദീകരണം നടത്തണമെന്നുമുള്ള ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് താദ്ധിദേവിന്റെ പ്രസ്താവന വര്‍ഗീയ വിഷം പരത്തുന്നതാണെന്നും ഇന്ത്യയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും വെല്ലുവിളിക്കുന്ന പ്രസ്താവനകളിലെ അപകടം തിരിച്ചറിയണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിന്റെ പ്രതിരോധ വകുപ്പ് മന്ത്രിയേയും പ്രതിരോധ വകുപ്പിന്റെ നെഗോസിയേഷന്‍ കമ്മിറ്റിയെയും നോക്കുകുത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നടത്തിയ റാഹേല്‍ ഫോര്‍ വിമാനകരാറിന്റെ നിഗൂഢതകള്‍ അന്വേഷിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മേപ്പയ്യൂര്‍ സലഫി ക്യാമ്പസില്‍ നടന്ന ദ്വിദിന കൗണ്‍സില്‍ ആള്‍ ഇന്ത്യ ഇസ്വ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക വിശ്വാസം വളര്‍ത്തിയെടുക്കാനും മതപ്രബോധന മേഖല സജീവമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സി പി ഉമര്‍സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ.കെ ജമാലുദ്ദീന്‍ ഫാറൂഖി, പി കെ ഇബ്രാഹിം ഹാജി, എ വി അബ്ദുല്ല, ഡോ.പി പി അബ്ദുല്‍ ഹഖ്, ഹാഷിം ആലപ്പുഴ, ഡോ.പി മുസ്തഫ ഫാറൂഖി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി പ്രവര്‍ത്തന രൂപരേഖയും ട്രഷറര്‍ എ അസ്ഗര്‍ അലി വാര്‍ഷിക വരവ് ചെലവ് കണക്കുകളും സെക്രട്ടറി സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ഹസ്സന്‍ മദനിയുടെ പാരത്രിക മോക്ഷത്തിനായി പ്രാര്‍ഥിച്ചു. ടി പി അസീല്‍ അസ്‌ലം, അബ്ദുല്‍ ഗഫൂര്‍ തിക്കോടി, കെ പി സകരിയ്യ എന്നിവര്‍ ക്ലാസെടുത്തു.

രണ്ടാം ദിവസം പി മൂസ സ്വലാഹിയുട ക്വുര്‍ആന്‍ പഠന ക്ലാസോടെ ആരംഭിച്ചു. സെക്രട്ടറി ഉബൈദുല്ല താനാളൂര്‍ പ്രമേയാവതരണം നടത്തി. ബിപിഎ ഗഫൂര്‍, ഡോ.എം അബ്ദു റസാഖ് സുല്ലമി, ഷുക്കൂര്‍ കോണിക്കല്‍, ഹാഫിസ് റഹ്മാന്‍ മദനി പുത്തൂര്‍, ഐ പി അബ്ദുസ്സലാം, ഷംസുദ്ദീന്‍ പാലക്കോട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ.സലീം ചെര്‍പ്പുളശ്ശേരി, സി മമ്മു കോട്ടക്കല്‍ പ്രസംഗിച്ചു.

ചര്‍ച്ചയില്‍ ഡോ.വി കുഞ്ഞാലി, അബ്ദുല്‍ കരീം വല്ലാഞ്ചിറ, ഇ ഒ അബ്ദുല്‍ അസീസ്, പി പി ഖാസിം ഹാജി, ഹംസ സുല്ലമി മൂത്തേടം, ഹമീദ് കുനിയില്‍, അബ്ദുസ്സലാം കൊടുവള്ളി, മുഹമ്മദ് ഇഖ്ബാല്‍ വെട്ടം, സഈദ് തളിയില്‍, നസീര്‍ വടകര, വി പി മൊയ്തു, മുജീബ് കോക്കൂര്‍, അഷ്‌റഫ് ചെട്ടിപ്പടി, എം ഐ മുഹമ്മദലി സുല്ലമി, എന്‍ എം അബ്ദുല്‍ ജലീല്‍, കെ അബ്ദുസലാം സുല്ലമി, ഹമീദലി അരൂര്‍, അസ്‌ലം സലീം എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

Read More

Monday, December 29, 2014

കേരള നദ്‌വത്തുല്‍ മുജാഹിദീന് പുതിയ നേതൃത്വം •

സി.പി.ഉമര്‍ സുല്ലമി പ്രസിഡണ്ട്, 
എം. സ്വലാഹുദ്ദീന്‍ മദനി ജനറല്‍ സെക്രട്ടറി, 
എ. അസ്ഗറലി ട്രഷറര്‍





കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന പ്രസിഡണ്ടായി സി.പി.ഉമര്‍ സുല്ലമിയും (മലപ്പുറം), ജനറല്‍ സെക്രട്ടറിയായി എം. സ്വലാഹുദ്ദീന്‍ മദനിയും (എറണാകുളം), ട്രഷററായി എ അസ്ഗറലിയും (കോഴിക്കോട്) തെരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് നടന്ന കെ.എന്‍.എം. സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം മറ്റ് ഭാരവാഹികളായി അഡ്വ.പി.എം. മുഹമ്മദ് കുട്ടി, കെ.കെ.ഹസ്സന്‍ മദീനി ആലുവ, എസ്.എ.എം. ഇബ്‌റാഹിം, ഡോ.ഇ.കെ.അഹ്മദ്കുട്ടി, ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ.എന്‍.വി.അബ്ദുറഹിമാന്‍, പി.കെ.ഇബ്‌റാഹിം ഹാജി ഏലാങ്കോട്, കെ. അബൂബക്കര്‍ മൗലവി, അഡ്വ.എം.മൊയ്തീന്‍കുട്ടി,  മുഹമ്മദ് ഹാഷീം ആലപ്പുഴ (വൈസ് പ്രസിഡണ്ടുമാര്‍), പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.പി.പി.അബ്ദുല്‍ ഹഖ്, ഡോ.പി.മുസ്തഫ ഫാറൂഖി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ.പി.സകരിയ്യ, ഉബൈദുല്ല താനാളൂര്‍, സി മമ്മു കോട്ടക്കല്‍, ഡോ സലിം ചെര്‍പ്പുളശ്ശേരി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ (സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.


കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ.കെ.ജമാലുദ്ദീന്‍ ഫാറൂഖി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.പി.ഉമര്‍ സുല്ലമി, ഡോ.കെ.അബ്ദുറസാഖ് സുല്ലമി, എഞ്ചിനീയര്‍ മുഹമ്മദ് കോയ. എന്‍.എം. അബ്ദുല്‍ജലീല്‍, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.ഇ.കെ.അഹ്മ്മദ്കുട്ടി, എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, അബ്ദുല്‍ ഹസീബ് മദനി, ഇസ്മാഈല്‍ കരിയാട്, ജാസിര്‍ രണ്ടത്താണി സംസാരിച്ചു.


Read More

Sunday, December 28, 2014

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു : കെ.എന്‍.എം.


കോഴിക്കോട്: നല്ല നാളെയെ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണെന്ന് കെ.എന്‍.എം. സംസ്ഥാന സമാപന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി അടിസ്ഥാനപ്രശ്‌നങ്ങള്‍ അവഗണിച്ച് കോര്‍പ്പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും അനുകൂലമായ നിയമനിര്‍മ്മാണവും ഓര്‍ഡിനന്‍സും നടപടിക്രമങ്ങളുമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ആഗോളവിപണിയില്‍ ക്രൂഡോയിലിന് പകുതിയിലധികം വിലയിടിവ് ഉണ്ടായിട്ടും അതിന്റെ ഗുണഫലം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ സംഘ്പരിവാറിന്റെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിച്ച് അധികാരം ഉറപ്പിക്കുക എന്ന ഗുജറാത്ത് മാതൃക രാജ്യത്തൊട്ടാകെ നടപ്പിലാക്കുന്ന മോഡി സര്‍ക്കാറിന്റെ പ്രഖ്യാപിത നയങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ മതേതര ജനാധിപത്യവിശ്വാസികള്‍ മുന്നോട്ട് വരണം. പണം നല്‍കിയും പ്രലോഭിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള വി.എച്ച്.പിയുടെ കുത്സിത ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല. മത സ്വാതന്ത്യത്തിന് നേരെയുള്ള ഈ കടന്നാക്രമണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം. ഇന്ത്യ വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് കോട്ടം തട്ടിക്കുന്ന ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിര്‍ക്കപ്പെടണം.

മദ്യനയത്തില്‍നിന്നും പിറകോട്ടുപോയ കേരള സര്‍ക്കാര്‍ വിശ്വാസ വഞ്ചനയാണ് നടത്തിയത്. പൂര്‍ണ്ണമദ്യനിരോധനം പ്രതീക്ഷച്ചവരെ തീര്‍ത്തും നിരാശയിലാക്കി കേരള സര്‍ക്കാറിന്റെ മദ്യനയത്തില്‍ ശക്തിയായി പ്രതിഷേധിക്കണം.

അന്ധവിശ്വാസങ്ങള്‍ പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിസ്സംഗത കാണിക്കുന്നത് അവസാനിപ്പിക്കണം.

കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട്, ഡോ.ഇ.കെ.അഹ്മ്മദ് കുട്ടി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കേരള വഖഫ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട എം.ജി.എം. ജനറല്‍ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ വി മുഹമ്മദ് മൗലവി അലനല്ലൂര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ ജനകീയ ജാഗരണം എന്ന ക്യാമ്പയിന്‍ മാര്‍ച്ച് മാസം വരെ തുടരാന്‍ തീരുമാനിച്ചു. ട്രഷറര്‍ എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ ജമാലുദ്ദീന്‍ ഫാറൂഖി, ഡോ.എന്‍.വി. അബ്ദുറഹിമാന്‍, അഡ്വ പി.എം മുഹമ്മദ്കുട്ടി, കെ. അബൂബക്കര്‍ മൗലവി, സി മുഹമ്മദ് സലീം സുല്ലമി, എം.എസ്.എസ് ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഹമ്മദ് കോയ, അബ്ദുറസാഖ് സുല്ലമി, ഡോ.പി.പി.അബ്ദുല്‍ഹഖ്, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, ഡോ.മുസ്തഫ ഫാറൂഖി, സി അബ്ദുലത്തീഫ് മാസ്റ്റര്‍, സി. മമ്മു കോട്ടക്കല്‍, ഹസീബ് മദനി, കെ.പി.സകരിയ്യ, എന്‍.എം. അബ്ദുല്‍ ജലീല്‍, ഡോ കുഞ്ഞാലി, അബൂബക്കര്‍ കോയ കണ്ണൂര്‍, ഈസ മദനി, അബ്ദുല്‍കരീം എഞ്ചിനീയര്‍, സെയ്തു മുഹമ്മദ് കരുവട്ടൂര്‍,  ഇസ്മാഈല്‍ കരിയാട് പ്രസംഗിച്ചു.
Read More

Sunday, December 14, 2014

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവില്‍കോഡിനെ ചെറുക്കണം: കെ എന്‍ എം •



കോഴിക്കോട്: രാജ്യത്തിന്റെ മതേതര അടിത്തറ തകര്‍ക്കുംവിധം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഏക സിവില്‍കോഡിനെ ശക്തമായി ചെറുക്കണമെന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്ത വിശ്വാസ-അനുഷ്ഠാന സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ക്കെതിരെ മതേതര മുന്നേറ്റത്തിന് ദേശീയ കക്ഷികള്‍ മുന്നോട്ട് വരണം, നിര്‍ബന്ധ മതപരിവര്‍ത്തനപ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്നും കെ എന്‍ എം വ്യക്തമാക്കി.

വാഗ്ദാനങ്ങള്‍ നല്‍കിയും നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവര്‍ത്തനം നടപ്പിലാക്കുന്നത് ഭരണഘടനാപരമായ അവകാശലംഘനമാണ്. സാമുദായിക ഐക്യവും മതസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന ഇത്തരം നീക്കങ്ങളില്‍ നിന്നും ബി ജെ പി സര്‍ക്കാര്‍ പിന്‍തിരിയണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് ഡോ.ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി, എം.സ്വലാഹുദ്ദീന്‍ മദനി, പി.കെ.ഇബ്‌റാഹീം ഹാജി, പ്രൊഫ.എന്‍.വി.അബ്ദുറഹ്മാന്‍, എ അസ്ഗറലി, ഡോ. എം അബ്ദുറസാഖ് സുല്ലമി, ഡോ.പി.മുസ്തഫ ഫാറൂഖി, ഡോ. പി പി അബ്ദുല്‍ ഹഖ്, കെ.അബൂബക്കര്‍ മൗലവി, ഉബൈദുല്ല താനാളൂര്‍, കെ പി സകരിയ്യ, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, ഡോ.ഐ.പി.അബ്ദുസ്സലാം, അഡ്വ.എം.മൊയ്തീന്‍കുട്ടി, ഇസ്മായീല്‍ കരിയാട്, കെ.പി.അബ്ദുറഹീം, സി. മമ്മു കോട്ടക്കല്‍, ഹാഫിസ് റഹ്മാന്‍ പ്രസംഗിച്ചു.

Read More

Saturday, February 09, 2013

എന്‍ എസ് എസ് വാദങ്ങള്‍ ദോഷം ചെയ്യും: KNM


കണ്ണൂര്‍: എന്‍ എസ് എസിന്റെ വര്‍ഗ്ഗീയവാദത്തിന്റെ മറവില്‍ മൊത്തം സാമുദായിക നേതാക്കളെയും സാമുദായിക സംഘടനകളെയും അടച്ചാക്ഷേപിക്കുന്ന ചിലരുടെ നിലപാട് ഗുണകരമല്ലായെന്നും ഭാവിയില്‍ ഇത് ദോഷം ചെയ്യുമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍- മര്‍ക്കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം സങ്കുചിത സാമുദായിക വാദമാണ് എന്‍ എസ് എസ് ഉയര്‍ത്തിയതെന്നും രാജ്യം ഉയര്‍ത്തിപ്പിടിക്കേണ്ട മതേതര മൂല്യങ്ങളെ നശിപ്പിക്കുന്ന ഇത്തരം സാമുദായിക വര്‍ഗ്ഗീയ വാദങ്ങളെയും അവരുടെ ആവശ്യങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ ബന്ധപ്പെട്ടവര്‍ തള്ളിക്കളയണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, വി മൊയ്തു സുല്ലമി, കെ അബ്ദുല്‍ മജീദ്, പി ടി പി മുസ്തഫ, ടി മുഹമ്മദ് നജീബ്, വി പി കെ അബ്ദുറഹിമാന്‍, അഷ്‌റഫ് മമ്പറം എന്നിവര്‍ പ്രസംഗിച്ചു.
Read More

ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം: KNM


കോഴിക്കോട്: ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് കെ എന്‍ എം. മഠങ്ങളും ധ്യാനകേന്ദ്രങ്ങളും മര്‍കസുകളും ശവകുടീരങ്ങളും ആത്മീയ ചികിത്സാ കേന്ദ്രങ്ങളും നിയമം മൂലം നിരോധിക്കണമെന്ന് 'വിശ്വാസം വിശുദ്ധി നവോത്ഥാനം' കാമ്പയ്‌ന്റെ തുടക്കം കുറിച്ച് കെ എന്‍ എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച പൊതു സമ്മേളനം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു. ആത്മീയ വാണിഭക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. ആള്‍ദൈവങ്ങളുടെയും സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും ശവകുടീര തീര്‍ഥാടന കേന്ദ്രങ്ങളുടെയും സാമ്പത്തിക വിനിമയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ആത്മീയ വാണിഭകേന്ദ്രങ്ങള്‍ അഴിമതിയുടെയും കള്ളപ്പണത്തിന്റെയും കൂത്തരങ്ങായി മാറിയിട്ടും രാഷ്ട്രീയ -ഭരണ നേതൃത്വങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കെ എന്‍ എം കുറ്റപ്പെടുത്തി. 

രാജ്യത്തെ പൗരന്മാരെ ചൂഷണം ചെയ്ത് തട്ടിയെടുക്കുന്ന കോടികളില്‍ നിന്ന് ഒരുഭാഗം സാമൂഹ്യ സേവനത്തിന് മാറ്റിവെക്കുന്നതുകൊണ്ട് മാത്രം അവര്‍ക്ക് നികുതിയിളവുകളും വിദേശ വിനിമയ യാത്രാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് നീതീകരിക്കാവതല്ല. സാമൂഹ്യ സേവനത്തിന്റെ മറപിടിച്ച് കോടികളുടെ വെട്ടിപ്പു നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഭരണനേതൃത്വം ചങ്കൂറ്റം കാണിക്കണം. കോഴിക്കോട് കേന്ദ്രമായി തിരുകേശത്തിന്റെ പേരില്‍ നടക്കുന്ന കോടികളുടെ തട്ടിപ്പിന് അരു നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. തിരുകേശ തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുംവിധം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് തിരുകേശ വാണിഭത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

കേരളീയ മുസ്‌ലിംകളെ അന്ധവിശ്വാസ അനാചാരങ്ങളില്‍നിന്നും മോചിപ്പിച്ചെടുക്കാന്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിന് നേതൃത്വം നല്കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു സംഘടന ജിന്ന് ബാധയുടെയും പിശാച് ചികിത്സയുടെയും പേരില്‍ പിളരേണ്ടിവന്നത് ലജ്ജാകരമാണ്. ജിന്ന് ബാധയുടെ പേരില്‍ ഒരു വിഭാഗത്തെ പുറത്താക്കി എന്ന് പറയുന്നവര്‍ തന്നെ മാരണമെന്ന അന്ധവിശ്വാസം ഇപ്പോഴും പേറി നടക്കുന്നുണ്ടെന്നിരിക്കെ എ പി വിഭാഗം കെ എന്‍ എമ്മില്‍ ഇപ്പോഴുണ്ടായ പിളര്‍പ്പ് അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പിന്റെ പേരിലല്ലെന്ന് വ്യക്തമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. 

ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നന്മയാഗ്രഹിച്ച് അന്ധവിശ്വാസങ്ങളോടും ആത്മീയ ചൂഷകരോടും പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങളോടൊപ്പം നില്ക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക നായകരും തയ്യാറാവണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ആള്‍ദൈവങ്ങളും സിദ്ധന്മാരും മന്ത്രവാദികളും ശവകുടീര തീര്‍ഥാടന കേന്ദ്രങ്ങളും ആത്മീയ തട്ടിപ്പുകേന്ദ്രങ്ങളാണെന്ന് പറഞ്ഞ ഹുസൈന്‍ മടവൂര് ഇക്കാര്യത്തില്‍ ജാതി മത ഭേദമന്യേ പരസ്യ സംവാദത്തിന് തയ്യാറാണെന്നും പ്രഖ്യാപിച്ചു. 

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദനി, ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജന.സെക്രട്ടറി ജാസിര്‍ രണ്ടത്താണി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍, ടി അബൂബക്കര്‍ നന്മണ്ട, ഡോ. മുസ്തഫ ഫാറൂഖി പ്രസംഗിച്ചു.
Read More

Thursday, February 07, 2013

അന്ധവിശ്വാസങ്ങളെ തുറന്നു വെല്ലുവിളിച്ച് KNM കാമ്പയിന് നാളെ തുടക്കം


കോഴിക്കോട്: വിശ്വാസം വിശുദ്ധി നവോത്ഥാനം സന്ദേശമുയര്‍ത്തി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കസുദ്ദഅ്‌വ) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന്‍ നാളെ കോഴിക്കോട്ട് ആരംഭം കുറിക്കും. ലോകത്ത് പ്രചാരത്തിലുള്ള മുഴുവന്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പരസ്യമായ വെല്ലുവിളിയുമായാണ് കെ എന്‍ എം കാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും നവോത്ഥാനത്തിന്റെ തിരിച്ചുനടപ്പിനുമെതിരെ സാമൂഹ്യബോധവത്കരണം ലക്ഷ്യം വെച്ച് നടക്കുന്ന കാമ്പയിന്‍ നാല് മാസം നീണ്ടുനില്‍ക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

അന്ധവിശ്വാസങ്ങളുടെ ഭാഗമായി വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന മന്ത്രവാദം, കൂടോത്രം, മാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയുള്ളതാണെന്ന് ഭൂരിപക്ഷ മതവിശ്വാസികള്‍ വിശ്വസിക്കുന്നതിനാലാണ് അവയെല്ലാം വ്യാപിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു നൂറ്റാണ്ട് പ്രവര്‍ത്തിച്ച നവോത്ഥാന പ്രസ്ഥാനത്തിന്റെ പേരില്‍പോലും ഇത്തരം വികല വിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും ഫലപ്രാപ്തി അവകാശപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള എല്ലാ വിഭാഗത്തിലുംപെട്ട മന്ത്രവാദികളെയും നാളെ നടക്കുന്ന കാമ്പയിന്‍ ഉദ്ഘാടന വേദിയില്‍ വെച്ച് പരസ്യമായി വെല്ലുവിളിക്കുവാന്‍ തീരുമാനിച്ചതായി കെ എന്‍ എം സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

കേളത്തിലെ മുസ്‌ലിം സമൂഹത്തില്‍ കഴിഞ്ഞ ഒമ്പത് ദശകകാലത്തെ ഉജ്വല പോരാട്ടങ്ങളിലൂടെ ഇസ്‌ലാഹീ പ്രസ്ഥാനം പടുത്തുയര്‍ത്തിയ നവോത്ഥാന മുന്നേറ്റത്തെ തകര്‍ത്തെറിഞ്ഞ് അന്ധവിശ്വാസങ്ങളുടെ പുന:സ്ഥാപനത്തിന്ന് നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്നവര്‍ തന്നെ രംഗത്ത് വരുന്നത് ഖേദകരമാണ്. പിശാച് ബാധ, ജിന്ന് കൂടല്‍, സിഹിര്‍, മന്ത്രവാദം, തിരുകേശ വാണീഭം തുടങ്ങിയ അന്ധവിശ്വാസങ്ങളുടെ ഭാഗമാണ്. ജിന്ന് വാദത്തിന്റെ പേരില്‍ രണ്ടായി പിളര്‍ന്ന എ പി വിഭാഗം കെ എന്‍ എമ്മിന്റെ ഇരു വിഭാഗവും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അന്ധവിശ്വാസത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ജിന്ന് കൂടലും പിശാച് ബാധയും പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരു വിഭാഗത്തെ പിരിച്ചുവിട്ടു എന്ന് അവകാശപ്പെടുന്നവര്‍ മാരണമെന്ന അന്ധവിശ്വാസത്തെ ഇപ്പോഴും മുറുകെ പിടിക്കുന്നു എന്നത് ഇതിന്റെ വ്യക്തമായ തെളിവാണ്. തങ്ങള്‍ക്കെതിരെ മാ രണം നടത്താന്‍ ലോകത്തുള്ള എല്ലാ മന്ത്രവാദികളെയും വെല്ലുവിളിക്കുന്നതായി കെ എന്‍ എം നേതാക്കള്‍ വ്യക്തമാക്കി. 

പ്രവാചക സ്‌നേഹത്തിന്റെ മറപിടിച്ച് തിരുകേശ വാണിഭത്തിലൂടെ കോടികളുടെ ആത്മീയ തട്ടിപ്പാണ് മറ്റൊരു കേന്ദ്രത്തില്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ കെ എന്‍ എം നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജാതി മത ഭേദമന്യേ നടക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും ആത്മീയ ചൂഷണകേന്ദ്രങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണവും വെല്ലുവിളിയും സൃഷ്ടിച്ച് നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കുകയാണ് വിശ്വാസം വിശുദ്ധി നവോത്ഥാനം കാമ്പയിന്‍ കൊണ്ട് കെ എന്‍ എം ലക്ഷ്യം വെക്കുന്നത്. കാമ്പയിന്‍ കാലത്ത് സംസ്ഥാനത്തെ ആത്മീയ വാണിഭ കേന്ദ്രങ്ങളെ തുറന്ന് കാണിച്ച് വിപുലമായ പ്രചാരണവും ആത്മീയ ചൂഷകരെയും അന്ധവിശ്വാസ പ്രചാരകരെയും സമൂഹത്തില്‍ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങളും സെമിനാറുകളും ചര്‍ച്ചാ സമ്മേളനങ്ങളും ഗൃഹസമ്പര്‍ക്ക പരിപാടികളും കാമ്പയിന്‍ കാലത്ത് സംഘടിപ്പിക്കും. ആത്മീയ തട്ടിപ്പുകാര്‍ക്ക് അവസരമൊരുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെയും അധികാര ദല്ലാളുമാരെയും പരസ്യമായി വിചാരണ ചെയ്യുമെന്നും കെ എന്‍ എം ന്താക്കള്‍ വ്യക്തമാക്കി. 

നാളെ നടക്കുന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 4.30ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ്കുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ ജെ യു പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി, ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍ പ്രസംഗിക്കും.
Read More

Monday, February 04, 2013

മുജാഹിദ് തര്‍ക്കം വാര്‍ത്ത വസ്തുതാവിരുദ്ധം: KNM


കോഴിക്കോട്: കേരള ഹൈക്കോടതി വിധിക്കെതിരെ ഡോ. ഹുസൈന്‍ മടവൂരും മറ്റും സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയെ സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെ എന്‍ എം സംസ്ഥാന നേതാക്കള്‍ അറിയിച്ചു. സുപ്രീം കോടതി ഇരുവിഭാഗങ്ങളെയും അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. 2003ല്‍ എ പി പക്ഷം നടത്തി എന്ന് പറയപ്പെടുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവിധ കോടതികള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഇത്രയും കാലത്തെ ഇടവേള ഉണ്ടായതിനാല്‍ അതില്‍ ഇടപെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരു വിഭാഗം സംഘടനകളും ഒരേ പേരില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഇടപെട്ടില്ല. 

ഇതിന് വിരുദ്ധമായി പല പത്രങ്ങളിലും എ പി വിഭാഗത്തിന് വേണ്ടി കൊടുത്ത റിപ്പോര്‍ട്ടുകള്‍ വ്യാജവും സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതുമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്രങ്ങളുടെ പ്രതിനിധികള്‍ ആരും തന്നെ കേസ് വാദം നടക്കുന്ന സമയത്ത് മൂന്നാം നമ്പര്‍ മുറിയില്‍ ഹാജറുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കളവായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും കോടതി നടപടികള്‍ ദുര്‍വ്യാഖ്യാനിച്ചതിനുമെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഇ കെ അഹ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Read More

Monday, January 28, 2013

വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കണം : KNM


മലപ്പുറം: സ്ത്രീ സുരക്ഷക്കായി ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി രാജ്യവ്യാപകമായ ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ഇതര സമൂഹ്യ സംഘടനകളുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം സ്ത്രീ സുരക്ഷക്കുള്ള നടപടികള്‍ക്ക് നിയമപ്രാബല്യം നല്‍കേണ്ടതെന്നും മലപ്പുറത്ത് ചേര്‍ന്ന മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സൈന്യത്തിന്റെയും പോലീസിന്റെയും ലൈംഗികകുറ്റ കൃത്യങ്ങള്‍ സാധാരണ ക്രിമിനല്‍ കുറ്റനിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നും സംഘര്‍ഷമേഖലകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക അധികാരമുള്ള സ്‌പെഷല്‍ കമ്മിഷണര്‍മാരെ നിയോഗിക്കണമെന്നുമുള്ള വര്‍മ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അടിയന്തിര നിയമനിര്‍മ്മാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

നിയമ നിര്‍മ്മാണത്തോടൊപ്പം ധാര്‍മ്മിക സദാചാരമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു യുവതലമുറയെ സൃഷ്ടിക്കുന്നതിന് സ്‌കൂള്‍ കോളേജ് പാഠ്യപദ്ധതിയില്‍ ഇത്തരം പ്രശ്‌നങ്ങളെകൂടി ഉള്‍പ്പെടുത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വങ്ങളില്‍ ജാതീവിഷം കുത്തിവെച്ച് തമ്മിലടിപ്പിക്കുന്ന ഏര്‍പ്പാട് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അവസാനിപ്പിക്കണമെന്നും പെരുന്നയില്‍നിന്നുള്ള ഇത്തരം ഉത്തരവുകള്‍ നടപ്പിലാക്കാനുള്ള അടിയാന്‍മാരാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളെന്ന എന്‍ എസ് എസിന്റെ ധിക്കാരം പൂര്‍വ്വ നിലപാടിനെ തിരുത്തിക്കാന്‍ മുഖ്യകക്ഷി രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ജ്ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ് കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. എ അസ്ഗറലി, കെ അബൂബക്കര്‍ മൗലവി, ഡോ.പി പി അബ്ദുല്‍ ഹഖ്, കെ പി സകരിയ്യ, ഡോ.ജമാലുദ്ദീന്‍ ഫാറൂഖി, സി മമ്മു, പി ഹംസ സുല്ലമി, അബൂബക്കര്‍ മദനി, പി ടി ബീരാന്‍കുട്ടി സുല്ലമി, ഡോ. മുസ്തഫ ഫാറൂഖി, പ്രഫ. എന്‍ വി അബ്ദുറഹിമാന്‍, ഈസ മദനി, ഡോ. മുബശ്ശിര്‍ പാലത്ത്, ഏലാങ്കോട് ഇബ്രാഹീം ഹാജി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് യു പി യഹ്‌യാഖാന്‍. എം എസ് എം ജനറല്‍ സെക്രട്ടറി ജാസില്‍ രണ്ടത്താണി, എം ജി എം ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ, ഖദീജ നര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More

Saturday, January 19, 2013

KNM ദ്വിദിന യുവപ്രബോധക ക്യാമ്പ് ഇന്ന് തുടങ്ങും


കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(കെ എന്‍ എം) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട യുവപ്രബോധകര്‍ക്കായുളള ദ്വിദിന ദഅ്‌വ വര്‍ക് ഷോപ്പ് ഇന്ന് കോഴിക്കോട് ആരംഭിക്കും. കല്ലായ് ഖുബാ എഡ്യുഹോമില്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ ജമാലുദ്ദീന്‍ ഫാറൂഖി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 

8 സെഷനുകളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ സി മുഹമ്മദ് സലിം സുല്ലമി, അബൂബക്കര്‍ നന്മണ്ട, സി എ സഈദ് ഫാറൂഖി, അബൂബക്കര്‍ മദനി മരുത, കെ പി സകരിയ്യ, മമ്മുട്ടി മുസ്‌ലിയാര്‍ വയനാട്, അബ്ദുറസാഖ് കിനാലൂര്‍ ക്ലാസെടുക്കും. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സംഗമം കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടം ചെയ്യും. സി മരക്കാരുട്ടി, പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിക്കും.
Read More

Saturday, September 15, 2012

മുജാഹിദ് ആദര്‍ശത്തനിമയിലേക്ക് തിരിച്ചുവരണം: ഡോ. ഹുസൈന്‍ മടവൂര്‍


കോട്ടക്കല്‍: മുസ്‌ലിം നവോത്ഥാന സംരംഭമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശമുളള മുഴുവന്‍ പേരും ആദര്‍ശത്തനിമ ഉള്‍ക്കൊണ്ട് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരണമെന്നും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുണ്ടായിട്ടുളളതെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. 'നവയാഥാസ്ഥിതികതയയുടെ ഒരു പതിറ്റാണ്ട്' എന്ന പ്രമേയത്തില്‍ കെ എന്‍ എം ജില്ലാ കമ്മിറ്റി കോട്ടക്കലില്‍ നടത്തിയ മുജാഹിദ് ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമുഖ മുജാഹിദ് പണ്ഡിതന്‍മാര്‍ക്കെതിരെ ആദര്‍ശ വ്യതിയാനം ആരോപിച്ച് സംഘടന പിളര്‍ത്താന്‍ ശ്രമിച്ച വ്യക്തികള്‍ ഏറ്റവും ഗുരുതരമായ ആദര്‍ശ പ്രശ്‌നത്തിന്റെ പേരില്‍ സംഘടനയില്‍നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. അന്ധവിശ്വാസാചാരങ്ങള്‍ക്കെതിരില്‍ സന്ധിയില്ലാ സമരം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരിലേക്ക് ജിന്നു സേവ, പിശാചു പൂജ, മാരണം, മന്ത്രവാദം, കൂടോത്രം തുടങ്ങിയവ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുത്ത എ പി വിഭാഗം മുജാഹിദ് സംഘടനയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്താക്കപ്പെട്ട തീവ്രവാദ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തി സംഘടന പിളര്‍ത്താന്‍ കൂട്ടുനിന്ന മറുപക്ഷത്തെ നേതാക്കള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് നിഷ്പക്ഷ മതികള്‍ മനസ്സിലാക്കണമെന്നും മടവൂര്‍ പറഞ്ഞു. എ വി അബ്ദുറഹ്മാന്‍ ഹാജി യുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കളളക്കേസും വാടകക്കാരോട് ശതമാനം നിശ്ചയിച്ചു പലിശ ആവിശ്യപ്പെട്ട ചെര്‍പ്പുളശ്ശേരി കേസും മറുവിഭാഗം പിന്‍വലിക്കണം. ജിന്ന്, സിഹ്ര്‍ വിഷയത്തില്‍ താന്‍ ഹദീസ് നിഷേധിയും സഊദി പണ്ഡിതന്‍മാരെ അവഹേളിക്കുന്നവനുമാണെന്ന് വിദേശത്തേക്ക് എഴുതിഅയച്ചവര്‍ പുതിയ സാഹചര്യത്തില്‍ പ്രസ്ഥാനത്തോട് മാപ്പ് പറയണമെന്നും ഹൂസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. 

തൗഹീദിന് പ്രാമുഖ്യം നല്കിക്കൊണ്ടുളള ആദര്‍ശ പ്രയാണമാണ് മുജാഹിദുകള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പുതിയ സലഫി മന്‍ഹജ് കടന്നുകൂടിയതാണ് പുതിയ പ്രശ്‌നമെന്നും മുഖ്യ പ്രഭാഷനം നടത്തിയ കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആദര്‍ശ പ്രകാരം എന്നതിനു പകരം സലഫി മന്‍ഹജ് പ്രകാരമുളള അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസം എന്ന രീതിയിലേക്ക് മാറിയതുമുതലാണ് കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്റെ ഭിന്നിപ്പ് ആരംഭിച്ചെതെന്നും അദ്ദേഹം പറഞ്ഞു. 

യു പി അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. എന്‍ ബാപ്പുട്ടി, ഉബൈദുല്ല താനാളൂര്‍, കെ അബ്ദുല്‍ കരീം എജിനീയര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, പി മൂസ സലാഹി, പി എം എ ഗഫൂര്‍, മന്‍സൂറലി ചെമ്മാട്, സി മമ്മു കോട്ടക്കല്‍, ജാസിര്‍ രണ്ടത്താണി, കെ അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. പി എം മുഹമ്മദ് കുട്ടി, പി കെ മൊയ്തീന്‍ സുല്ലമി, എ ഹൈദ്രോസ് സുല്ലമി, ഇ ഒ അബ്ദുല്‍ അസീസ്, എന്‍ പി കുഞ്ഞിമുഹമ്മദ്, പി സുഹൈല്‍ സാബിര്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ടി പി ഹുസൈന്‍ മൗലവി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
Read More

Tuesday, February 21, 2012

മുടിപ്പള്ളിക്കെതിരെ പൊതുസമൂഹം പ്രതികരിക്കണം : കെ.എന്‍.എം.

കോഴിക്കോട്: മതത്തിന്റെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിന് ആര് തുനിഞ്ഞാലും അതിനെ ചോദ്യം ചെയ്യാന്‍ ഏത് പൗരനും അവകാശമുണ്ടെന്നും,  മുടിപ്പള്ളി തട്ടിപ്പിനെതിരെ ഉയര്‍ന്നുവരുന്ന പ്രസ്താവനകള്‍ അഭിനന്ദനാര്‍ഹമാണെന്നും ആത്മീയതയുടെ പേരിലുള്ള എല്ലാ ചൂഷണങ്ങളെയും എതിര്‍ക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും  കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആത്മീയ വാണിഭത്തെ വര്‍ഗ്ഗിയതയുമായി കൂട്ടിക്കുഴച്ച് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള കുത്സിത ശ്രമങ്ങളെ ഒറ്റക്കെട്ടായി വിശ്വാസികള്‍ ചെറുത്തുതോല്‍പിക്കണമെന്നും കെ.എന്‍.എം. നേതാക്കള്‍ വ്യക്തമാക്കി.

പ്രവാചകന്റെ പേരില്‍ മുടികച്ചവടം നടത്തുന്ന കാന്തപുരത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരെ എല്ലാ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതൃത്വങ്ങളും സംഘടിതമായി രംഗത്തുവരണം. പ്രവാചകന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചതിന് ചരിത്രപരമായി യാതൊരു തെളിവുമില്ലെന്നിരിക്കെ, തിരുകേശത്തിന്റെ പേരില്‍ പുണ്യം വിറ്റ് കാശാക്കുകയും അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ തെറ്റായ നടപടിക്കെതിരെ രംഗത്തുവരുന്ന ആരുമായും സഹകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും ഇസ്‌ലാമിന്റെ പേരില്‍ ആത്മീയ വാണിഭം നടത്താന്‍ വിശ്വാസികള്‍ സമ്മതിക്കുകയില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

തിരുകേശം കത്തുകയില്ലെന്ന വാദത്തിന് ഇസ്‌ലാമികമായി യാതൊരു അടിത്തറയുമില്ലാത്തതാണ്. കത്തിയാലും ഇല്ലെങ്കിലും തിരുകേശം മുക്കിയ വെള്ളം പുണ്യത്തിന്റെ പേരില്‍ വിറ്റ് കാശാക്കുന്നത് അനിസ്‌ലാമികമാണ്. മാത്രമല്ല, കേശം സൂക്ഷിക്കാനെന്ന പേരില്‍ പളളി പണിയുന്നത് ഇസ്‌ലാമില്‍ ഇക്കാലമത്രയും ഉണ്ടായിട്ടില്ലെന്നും കെ എന്‍ എം നേതാക്കള്‍ അറിയിച്ചു.

ഇസ്‌ലാമിന്റെ പേരില്‍ എന്ത് കച്ചവടവും ആവാമെന്ന കാന്തപുരത്തിന്റെ ധിക്കാരം പൊറുപ്പിക്കാവതല്ലെന്നും കെ എന്‍ എം സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ :
1) ഡോ.ഇ.കെ. അഹ്മദ് കുട്ടി (പ്രസിഡണ്ട്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
2) സി.പി. ഉമര്‍ സുല്ലമി (ജനറല്‍ സെക്രട്ടറി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
3) ഡോ.ഹുസൈന്‍ മടവൂര്‍ (ജനറല്‍ സെക്രട്ടറി, ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ്)
4) സി.അബ്ദുല്ലത്തീഫ് മാസ്റ്റര്‍ (സെക്രട്ടറി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
5) ഉബൈദുല്ല താനാളൂര്‍ (സെക്രട്ടറി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
6) അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ (കെ.എന്‍.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം)
Read More

Wednesday, June 29, 2011

KNM സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.അഹമ്മദ് ഹാജി അന്തരിച്ചു

സുല്‍ത്താന്‍ ബത്തേരി: മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ശക്തനായ വകതാവും കെ.എന്‍.എം. വൈസ് പ്രസിഡന്റും ആയിരുന്ന പി.സി. അഹമ്മദ് ഹാജി (82) നിര്യാതനായി. മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവും മൂന്ന് പതിറ്റാണ്ട് സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അദ്ദേഹം. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്ന് (2011 ജൂണ്‍ 29) രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും പ്രധാനം ചെയ്യുമാറാവട്ടെ.

ഖദീജയാണ് ഭാര്യ. മക്കള്‍: ഫൈസല്‍ (ആയിഷ ടെക്‌സ്റ്റൈല്‍സ്), താഹിര്‍ (തായി ഗ്രൂപ്പ് എം.ഡി), ഡോ.അന്‍വര്‍ (ജെ.ഡി.ടി ഇസ്‌ലാം സെക്രട്ടറി, ഇക്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍), ഫൗസിയ. മരുമക്കള്‍: ഫൗസിയ, സക്കീന, അഫ്‌സറ, നെല്ലിക്കുന്ന് മുഹമ്മദ്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയപ്രവര്‍ത്തന രംഗത്തെത്തിയ പി.സി.അഹമ്മദ് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എം.ഇ.എസ് വയനാട് ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Read More

Monday, February 21, 2011

മുജാഹിദ് ജില്ലാ സമ്മേളനത്തിന് തൗഹീദ് നഗര്‍ ഒരുങ്ങുന്നു

ചേളാരി: 26, 27 തീയതികളില്‍ ചേളാരിയില്‍ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനത്തിനായി 'തൗഹീദ് നഗര്‍' ഒരുങ്ങി. കാല്‍ലക്ഷം പേര്‍ക്ക് സമ്മേളനം വീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

26ന് രണ്ടുമണിക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. 'തീവ്രവാദം, ഫാസിസം-ബഹുമത സമൂഹം' എന്ന വിഷയത്തില്‍ സിമ്പോസിയം, വുമണ്‍സ് മീറ്റ്, പ്രവര്‍ത്തക സംഗമം, പ്രവാസി സംഗമം, പഠനക്യാമ്പ്, സമാപനസമ്മേളനം, 'ദി മെസ്സേജ്' എക്‌സിബിഷന്‍ എന്നിവ സമ്മേളനത്തില്‍ ഉണ്ടായിരിക്കും.

മനുഷ്യ ദൈവങ്ങളും അദ്ഭുത യന്ത്രങ്ങളും 'പുണ്യ' മുടിയും ജിന്നും പിശാചുമൊക്കെ ആധുനിക മനുഷ്യന്റെ ആത്മീയ ജീവിതത്തെ പിടിച്ചുകെട്ടിയ സാഹചര്യത്തിലാണ് കെ.എന്‍.എമ്മും പോഷക സംഘടനകളായ ഐ.എസ്.എം, എം.എസ്.എം, എം.ജി.എം എന്നിവരും സംയുക്തമായി സമ്മേളനവും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലൊട്ടുക്കും പൊതുപ്രഭാഷണങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, കുടുംബസംഗമങ്ങള്‍, വാഹനപ്രചാരണം, സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയവ നടന്നുവരികയാണ്. ജില്ലാതല സന്ദേശ പ്രചാരണയാത്ര 22ന് തുടങ്ങും. 

പ്രോഗ്രാം നോട്ടീസ് പി ഡി എഫ് ഡൌൺലോഡ് ചെയ്യാം 
Read More

Friday, February 11, 2011

മദ്യനിരോധന സമരത്തെ പിന്തുണക്കുക




മലപ്പുറം: മലപ്പുറത്ത്‌ 910 ദിവസമായി തുടരുന്ന അനിശ്ചിതകാല മദ്യനിരോധന സത്യഗ്രഹ സമരത്തിന്‌ തുടക്കം മുതലേ ക്രിയാത്മക പിന്തുണയുമായി ISM രംഗത്ത് .എന്തിനും ഏതിനും വിപ്ലവം പ്രസംഗിക്കുന്ന പല മത രാഷ്ട്രീയ സംഘടനകളും സമര രംഗത്ത് നിന്ന് പിന്‍വാങ്ങുകയും അവരുടെ പിന്തുണ കേവലം പ്രസംഗങ്ങളില്‍ ഒതുങ്ങുകയും ചെയ്യുമ്പോഴും സമര രംഗത്തെ ശക്തമായ സാനിധ്യമായി ISM ന്റെയും MGM ന്റെയും പ്രവത്തകര്‍ ആഴ്ചയില്‍ ഓരോ ദിവസം സമരപന്തലില്‍ എത്തുന്നു . ഇക്കാര്യത്തില്‍ ഏറെയും മലപ്പുറം വെസ്റ്റ് ജില്ലയിലെ പ്രവര്‍ത്തകരാണ്. 

സത്യാഗ്രഹ സമിതിയില്‍ ബഹു: ഖദീജ നര്‍ഗീസ് , പി പി ഖാലിദ്‌ ചങ്ങരംകുളം, മുജീബ് കോക്കൂര്‍ തുടങ്ങിയവര്‍ ഇസ്‌ലാഹി പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് രംഗത്തുണ്ട്. 

ബഹു : സി പി ഉമര്‍ സുല്ലമി , ഹുസൈന്‍ മടവൂര്‍ , മുജീബ് റഹ്മാന്‍ കിനാലൂര്‍ , എന്‍ എം ജലീല്‍ , ആസിഫലി കണ്ണൂര്‍ , ഹര്ഷിദ് മതോട്ടം ,തുടങ്ങിയ ഇസ്ലാഹി നേതാക്കളും സമര പന്തല്‍ സന്ദര്‍ശിച്ചവരില്‍ പെടുന്നു . ഇന്ന് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ തിന്മയായ മദ്യത്തിനെതിരെയുള്ള ക്രിയാത്മകമായ പോരാട്ടത്തിനു ഇത് വായിക്കുന്ന ഓരോരുത്തരും തങ്ങളാലാവുന്ന പിന്തുണ നല്‍കുക .
Read More

Wednesday, January 26, 2011

നീതിപൂര്‍വമായ സന്ധിയിലൂടെ ഫലസ്തീന്‍ പ്രശ്നത്തിനു പരിഹാരമാവണം - ഫലസ്തീന്‍ അംബാസഡര്‍

മലപ്പുറം : നീതിപൂര്‍വമായ സന്ധിയിലൂടെ ഫലസ്തീന്‍ പ്രശ്നത്തിനു ശാശ്വതപരിഹാരത്തിനായി ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ മുന്കൈയ്യെടുക്കണമെന്നു ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ ഡോ: അദ്'ലി സാദിഖ് പറഞ്ഞു. ഫലസ്തീനിലേത് ഒരു ബഹുമത സമൂഹമാണെന്നിരിക്കെ ഫലസ്തീന്‍ പ്രശ്നം കേവലം ഒരു മുസ്ലിം പ്രശ്നം മാത്രമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കെ എന്‍ എം മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്ട്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫലസ്തീനില്‍ മൊത്തത്തിലും ഗസ്സയില്‍ പ്രത്യേകിച്ചും ഇസ്റാഈല്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മനുഷ്യചരിത്രത്തില്‍ തുല്യത ഇല്ലെന്നിരിക്കെ പിറന്ന മണ്ണില്‍ സ്വൈര്യമായി ജീവിച്ചു മരിക്കാനുള്ള ഫലസ്തീനികളുടെ ചിരകാല സ്വപ്നം സാക്ഷാല്‍കരിക്കുന്നതിന് ഇസ്രാഈലിനെ ഒറ്റപ്പെടുത്താന്‍ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടു വരണം. ഫലസ്തീന്‍ പ്രശ്നത്തില്‍ നെഹ്‌റുവിന്‍റെ കാലം മുതല്‍ ഇന്ത്യാ ഗവണ്മെന്റും ഇന്ത്യന്‍ ജനതയും ഫലസ്തീനികള്‍ക്ക് നല്‍കിവരുന്ന പിന്തുണയും സഹായവും ഏറെ വിലമതിക്കുന്നതാണെന്നും അതിനു ഇന്ത്യന്‍ ജനതയോടും രാഷ്ട്ര നേത്രുത്വത്തോടും ഫലസ്തീനികള്‍ക്ക് അതിയായ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ എന്‍ എം സംസ്ഥാന വൈസ്പ്രസിടന്റ്റ് പ്രഫ: എന്‍ വി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ടി കെ ഹംസ, പി വി അബ്ദുല്‍ വഹാബ്, അഡ്വ. എ സുജനപാല്‍, സി പി ഉമര്‍ സുല്ലമി, ഡോ: ഇ കെ അഹമദ് കുട്ടി, എ അസ്ഗരളി, സി മുഹമ്മദ്‌ സലിം സുല്ലമി, മുജീബുറഹ്മാന്‍ കിനാലൂര്‍, ആസിഫലി കണ്ണൂര്‍, കെ അബൂബക്കര്‍ മൌലവി, അലി അഷ്‌റഫ്‌ പുളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More

Tuesday, November 09, 2010

മതസംഘടനകളുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിഭാഗീയത വളര്‍ത്തും : കെ എന്‍ എം

കോഴിക്കോട് : വിവിധ മതസംഘടനകളും മതവിഭാഗങ്ങളും സ്വന്തം രാഷ്ട്രീയപാര്‍ട്ടികള്‍ രൂപീകരിച്ചു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങുന്നത് രാജ്യത്തിന്‍റെ മതേതരമൂല്യങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പ്പിക്കുമെന്നു കെ എന്‍ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മലബാര്‍ മേഘലാ മുജാഹിദ് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

മതരാഷ്ട്ര - തീവ്രവാദ സംഘടനകള്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വര്‍ഗീയതയും വളര്‍ത്തുകയും ന്യൂന്യപക്ഷ താല്പ്പര്യ സംരക്ഷണത്തിനുള്ള സംഘടിത മുന്നേറ്റത്തെ ശിഥിലമാക്കുകയും ചെയ്യും. ഇക്കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ പോലുള്ള സംഘടനകളെ തമസ്കരിച്ച കേരള സമൂഹത്തിന്‍റെ രാഷ്ട്രീയ പ്രബുദ്ധതയെ കണ്‍വന്‍ഷന്‍ അഭിനന്ദിച്ചു. ജമാഅത്തെ ഇസ്ലാമി കേവലം രാഷ്ട്രീയപ്പാര്ട്ടി മാത്രമാണെന്നും മതസാംസ്കാരിക സംഘടനയല്ലെന്നുമുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാട് ജ മാഅത്ത് നേതൃത്വം അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രംഗപ്രവേശം രാഷ്ട്രീയ രംഗത്ത്‌ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്ക് മാന്യത കല്‍പ്പിക്കുന്ന വിധത്തിലാണെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി.

ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട്‌ ഡോ : ഇ കെ അഹമദ് കുട്ടി അധ്യക്ഷത വഹിച്ചു. സി ഐ ഇ ആര്‍ പാഠപുസ്തകത്തിന്‍റെ ഇംഗ്ലീഷ് പതിപ്പ് ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി പ്രകാശനം ചെയ്തു. മദ്രസ ക്ഷേമനിധിയില്‍ നിന്നുള്ള സഹായം കെ ജെ യു പ്രസിടന്റ്റ് എ അബ്ദുല്‍ ഹമീദ് മദീനി വിതരണം ചെയ്തു. എ അസ്ഗറാലി , ജാബിര്‍ അമാനി, ആസിഫലി കണ്ണൂര്‍, ഖദീജ നര്‍ഗീസ്, അബൂബക്കര്‍ മൌലവി പുളിക്കല്‍, എം മൊയ്തീന്‍ കുട്ടി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More

Tuesday, October 26, 2010

മതമൂല്യങ്ങളോട് ആദരവ് പുലര്‍ത്തുക : അബൂബക്കര്‍ മൌലവി

കോഴിക്കോട് : വിദ്യാഭ്യാസരംഗത്തെ നൂതന കാഴ്ചപ്പാടുകളും ബോധനരീതികളും മനസ്സിലാക്കി മദ്രസാധ്യാപനം ശാസ്ത്രീയവും കാര്യക്ഷമവുമാക്കുന്നതിന് മത സംഘടനകള്‍ തയ്യാറാവണമെന്നു കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മൌലവി പുളിക്കല്‍ ആവശ്യപ്പെട്ടു. കെ എന്‍ എം കോഴിക്കോട് സൌത്ത് ജില്ലാ സമിതി ആരംഭിച്ച റിലീജിയസ് ടീച്ചേര്‍സ് ട്രെയിനിംഗ് കോര്‍സ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മതം ഉയര്‍ത്തിപ്പിടിച്ചിരുന്ന മൂല്യങ്ങളോട് ആദരവും ബഹുമാനവും സ്രിഷ്ടിക്കത്തക്കവിധം മദ്രസാ പാഠപുസ്തകങ്ങളില്‍ കാലോചിതമായ പരിഷ്കരണം വരുത്തുന്നതിനു മതസംഘടനകള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. 

സി മരാക്കുട്ടി അധ്യക്ഷത വഹിച്ചു. പി ഹംസ മൌലവി, അബ്ദുറസാക്ക് മാസ്റ്റര്‍, പി ടി അഹമ്മദ് കോയ, സി എം സുബൈര്‍ മദനി, എം എം റസാക്ക്, പി എന്‍ അബ്ദുല്‍ റഹ്മാന്‍, പി ഹാഫിദ് റഹ്മാന്‍, നജ്മുദ്ദീന്‍, നബിദ കല്ലായി എന്നിവര്‍ പ്രസംഗിച്ചു. സഈദ് ഫാറൂഖി, ഇബ്രാഹിം പാലത്ത് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. QLS പഠിതാക്കള്‍, അറബിക് കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്നും തെരഞ്ഞെടുത്ത 40 പേര്‍ക്കാണ് ആദ്യഘട്ട പരിശീലനം. 
Read More

Tuesday, July 27, 2010

പ്രസ്താവന പിൻവലിക്കണം: കെ എൻ എം, ഐ എസ് എം


കോഴിക്കോട്: മുസ്ലിം സമുദായം മുഖ്യധാരയിൽ ഇടംനൽകാതെ പുറമ്പോക്കിലിരുത്തിയ തീവ്രവാദ സംഘടനകൾക്ക് സമുദായത്തിന്റെ സഹതാപം സൃഷ്ടിച്ചുകൊടുക്കും വിധമുള്ള അപകടകരമായ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണമെന്ന് കെ എൻ എം, ഐ എസ് എം സംയുക്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

മതത്തിന്റെ മറവിൽ വളർന്നുവരുന്ന തീവ്രവാദശക്തികളെ ഒറ്റപ്പെടുത്താൻ മതമെന്ന നിലയ്ക്കും സമുദായമെന്ന നിലയ്ക്കും മുസ്ലിംകൾ മാത്രമാണ് സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ നിലപാട് എടുത്തതെന്ന് ആർക്കും നിഷേധിക്കാനാവില്ല. തങ്ങളാലാവും വിധം തീവ്രവാദ ശക്തികളെ ചെറുത്ത്കൊണ്ടിരിക്കുന്ന മുസ്ലിം സമുദായത്തെ ഒന്നടങ്കം വിഷമിപ്പിക്കുന്ന വിധത്തിൽ മുഖ്യമന്ത്രിയിൽ നിന്നുണ്ടായ പ്രസ്താവന നിരുത്തരവാദപരമാണ്.
ദുരൂഹതകൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇടം നൽകും വിധമുള്ള പ്രസ്താവനകൾ ഉത്തരവാദപ്പെട്ട ഭരണ നേതൃത്വത്തിൽ നിന്നുണ്ടാകുന്നത് ദൂരവ്യാപകമായ പ്രത്യാഖാതങ്ങളുണ്ടാക്കും. പോപ്പുലർ ഫ്രണ്ടിനെ വിമർശിക്കുന്നതിന്റെ പേരിൽ സംഘപരിവാർ ആരോപണങ്ങളെ വസ്തുതവൽക്കരിച്ച് സമുദായത്തെതന്നെ അധിക്ഷേപിക്കും വിധമുള്ള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവന കടുത്ത അപരാധമാണെന്ന് സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. പ്രണയിച്ചും പണം നൽകിയും മതപരിവർത്തനം നടത്തുന്നു എന്ന് ഊഹത്തിന്റെയും സംശയത്തിന്റെയും മറവിൽ ആക്ഷേപിക്കുന്നത് ഉത്തരവാദപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം ആരോപണങ്ങൾ സംഘപരിവാർ സംഘടനകളെ സംബന്ധിച്ച് വസ്തുതാപരമായി തെളിയിക്കപ്പെട്ടിട്ടും ഒരക്ഷരം ഉരിയാടാത്തവരാണ് കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാൻ സംഘടിത ശ്രമം നടത്തുന്നുവെന്ന് പ്രസ്താവന നടത്തുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.

വ്യാജ ഏറ്റുമുട്ടൽ കൊലപാതക്കേസിലെ പ്രതി ഗുജറാത്ത് ആഭ്യന്ത്രമന്ത്രി അമിത്ഷായെ രാജിവെപ്പിച്ചതുകൊണ്ടുമാത്രം ബി ജെ പിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് കെ എൻ എം, ഐ എസ് എം സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ഉത്തരവുപ്രകാരമാണ് സി ബി ഐ ബി ജെ പി മന്ത്രി അമിത്ഷായെ അറസ്റ്റു ചെയ്തതെന്നിരിക്കെ സി ബി ഐയെ രാഷ്ട്രീയമായി കുറ്റപ്പെടുത്തി ബി ജെ പി രക്ഷപ്പെടാൻ നോക്കേണ്ടതില്ല. കൊലയാളികൾക്ക് രക്ഷാകവചമൊരുക്കി ഭീകരവിരുദ്ധ പ്രചാരണം നടത്തുന്ന ബി ജെ പിയുടെയും ആർ എസ് എസ്സിന്റെയും കപടമുഖം പൊളിച്ചെഴുതാൻ രാഷ്ട്രീയനേതൃത്വങ്ങൾ ജാഗ്രതകാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ കെ എൻ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, കെ എൻ എം ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി, എ അസ്ഗറലി, പി ടി വീരാൻ കുട്ടി സുല്ലമി, ഐ എസ് എം ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ ജലീൽ, ഐ പി അബ്ദുസ്സലാം, യു പി യഹ്യാഖാൻ, സുഹൈൽ സാബിർ, എ നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...