Tuesday, July 27, 2010
പ്രസ്താവന പിൻവലിക്കണം: കെ എൻ എം, ഐ എസ് എം
കോഴിക്കോട്: മുസ്ലിം സമുദായം മുഖ്യധാരയിൽ ഇടംനൽകാതെ പുറമ്പോക്കിലിരുത്തിയ തീവ്രവാദ സംഘടനകൾക്ക് സമുദായത്തിന്റെ സഹതാപം സൃഷ്ടിച്ചുകൊടുക്കും വിധമുള്ള അപകടകരമായ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണമെന്ന് കെ എൻ എം, ഐ എസ് എം സംയുക്ത സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
മതത്തിന്റെ മറവിൽ വളർന്നുവരുന്ന തീവ്രവാദശക്തികളെ ഒറ്റപ്പെടുത്താൻ മതമെന്ന നിലയ്ക്കും സമുദായമെന്ന നിലയ്ക്കും മുസ്ലിംകൾ മാത്രമാണ് സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ നിലപാട് എടുത്തതെന്ന് ആർക്കും നിഷേധിക്കാനാവില്ല. തങ്ങളാലാവും വിധം തീവ്രവാദ ശക്തികളെ ചെറുത്ത്കൊണ്ടിരിക്കുന്ന മുസ്ലിം സമുദായത്തെ ഒന്നടങ്കം വിഷമിപ്പിക്കുന്ന വിധത്തിൽ മുഖ്യമന്ത്രിയിൽ നിന്നുണ്ടായ പ്രസ്താവന നിരുത്തരവാദപരമാണ്.
ദുരൂഹതകൾക്കും ദുർവ്യാഖ്യാനങ്ങൾക്കും ഇടം നൽകും വിധമുള്ള പ്രസ്താവനകൾ ഉത്തരവാദപ്പെട്ട ഭരണ നേതൃത്വത്തിൽ നിന്നുണ്ടാകുന്നത് ദൂരവ്യാപകമായ പ്രത്യാഖാതങ്ങളുണ്ടാക്കും. പോപ്പുലർ ഫ്രണ്ടിനെ വിമർശിക്കുന്നതിന്റെ പേരിൽ സംഘപരിവാർ ആരോപണങ്ങളെ വസ്തുതവൽക്കരിച്ച് സമുദായത്തെതന്നെ അധിക്ഷേപിക്കും വിധമുള്ള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവന കടുത്ത അപരാധമാണെന്ന് സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. പ്രണയിച്ചും പണം നൽകിയും മതപരിവർത്തനം നടത്തുന്നു എന്ന് ഊഹത്തിന്റെയും സംശയത്തിന്റെയും മറവിൽ ആക്ഷേപിക്കുന്നത് ഉത്തരവാദപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം ആരോപണങ്ങൾ സംഘപരിവാർ സംഘടനകളെ സംബന്ധിച്ച് വസ്തുതാപരമായി തെളിയിക്കപ്പെട്ടിട്ടും ഒരക്ഷരം ഉരിയാടാത്തവരാണ് കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കാൻ സംഘടിത ശ്രമം നടത്തുന്നുവെന്ന് പ്രസ്താവന നടത്തുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
വ്യാജ ഏറ്റുമുട്ടൽ കൊലപാതക്കേസിലെ പ്രതി ഗുജറാത്ത് ആഭ്യന്ത്രമന്ത്രി അമിത്ഷായെ രാജിവെപ്പിച്ചതുകൊണ്ടുമാത്രം ബി ജെ പിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് കെ എൻ എം, ഐ എസ് എം സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ഉത്തരവുപ്രകാരമാണ് സി ബി ഐ ബി ജെ പി മന്ത്രി അമിത്ഷായെ അറസ്റ്റു ചെയ്തതെന്നിരിക്കെ സി ബി ഐയെ രാഷ്ട്രീയമായി കുറ്റപ്പെടുത്തി ബി ജെ പി രക്ഷപ്പെടാൻ നോക്കേണ്ടതില്ല. കൊലയാളികൾക്ക് രക്ഷാകവചമൊരുക്കി ഭീകരവിരുദ്ധ പ്രചാരണം നടത്തുന്ന ബി ജെ പിയുടെയും ആർ എസ് എസ്സിന്റെയും കപടമുഖം പൊളിച്ചെഴുതാൻ രാഷ്ട്രീയനേതൃത്വങ്ങൾ ജാഗ്രതകാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ കെ എൻ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, കെ എൻ എം ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി, എ അസ്ഗറലി, പി ടി വീരാൻ കുട്ടി സുല്ലമി, ഐ എസ് എം ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ ജലീൽ, ഐ പി അബ്ദുസ്സലാം, യു പി യഹ്യാഖാൻ, സുഹൈൽ സാബിർ, എ നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം