Showing posts with label ഫോക്കസ്. Show all posts
Showing posts with label ഫോക്കസ്. Show all posts

Monday, December 26, 2011

ഫോക്കസ് അവയവദാന ബോധവത്കരണം ശ്രദ്ധേയമായി



ദോഹ: ഖത്തറിലെ യുവജന പ്രസ്ഥാനമായ ഫോക്കസ് ഖത്തറും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലുള്ള ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സെന്ററും സംയുക്തമായി നടത്തിയ അവയവ ബോധവത്കരണ പരിപാടിയുടെഒന്നാം ഘട്ടം ശ്രദ്ധേയമായി.അവയവ ദാനത്തിലൂടെ സഹജീവികളുടെ ജീവന്‍ നിലനിര്‍ത്തുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതാണ് വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ബോധവത്കരണ പരിപാടികളുടെ ലക്ഷ്യം. ഹമദ് എജ്യുക്കേഷന്‍ സെന്ററിലുള്ള ഹജര്‍ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്നപരിപാടിയില്‍ അവയവ ദാനത്തെക്കുറിച്ചും അവയവം മാറ്റിവെക്കുന്നതിനെക്കുറിച്ചുമുള്ള പൊതു വിവരണങ്ങളും മതപരമായ കാഴ്ചപ്പാടുകളും അവതരിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്തവരില്‍ മുപ്പത് ശതമാനത്തിലധികം ആള്‍ക്കാര്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിച്ചത് സംഘാടകരില്‍ പ്രതീക്ഷയുണര്‍ത്തി. കണ്‍സള്‍ടന്റ് നെഫ്രോളജിസ്റ്റ് ഡോ.മുഹമ്മദ് ആസിം 'അവയവ ദാനത്തിന്റെ ആവശ്യകത' എന്ന വിഷയം അവതരിപ്പിച്ചു. മാറ്റിവെക്കാന്‍ അവയവത്തിനു വേണ്ടി കാത്തു നില്‍ക്കുന്നവരുടെ ദയനീയ സ്ഥിതിയെക്കുറിച്ചും അവയവം ലഭ്യമായാല്‍ സ്വീകര്‍ത്താവിനെ തെരഞ്ഞെടുക്കുന്ന രീതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ‘2007ല്‍ ദോഹയില്‍ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താവുന്ന രോഗികളുടെ എണ്ണം 45 ആയിരുന്നു. 2011 ആകുമ്പോഴേക്കും ഇത് 114 ആയി ഉയര്‍ന്നു.ഇതില്‍ കിഡ്‌നി മാറ്റി വെച്ചവരുടെ എണ്ണം 2007ല്‍ 5 ഉം 2011 ല്‍ 9 ഉം ആയിരുന്നു. ഇതില്‍ മൂന്നെണ്ണം ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നും ആറെണ്ണം മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്നുമാണ് ലഭിച്ചത്.മസ്തിഷ്‌ക മരണം സംഭവിച്ച ഒരാള്‍ക്ക് എട്ടു പേരെ മരണത്തില്‍ നിന്നും രക്ഷിക്കാനും അന്‍പത് പേരുടെ ജീവിതം മെച്ചപ്പെടുത്താനും സാധിക്കും.അതുകൊണ്ട് തന്നെ മരണശേഷം തന്റെ അവയവങ്ങള്‍ മണ്ണോട് ചേരേണ്ടെന്നും തന്റെ സഹോദരന് പ്രകൃതിയും ജീവനും ആസ്വദിക്കാന്‍ ദാനം ചെയ്യണമെന്നും നമുക്ക് തീരുമാനിക്കാന്‍ സാധിക്കേണ്ടതുണ്ട”. അദ്ദേഹം പറഞ്ഞു. 

കണ്‍സള്‍ട്ടന്റ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ പ്രൊ. മുഹമ്മദ് ചൗധരി 'അവയവദാനം-മിഥ്യാധാരണകള്‍' എന്ന വിഷയം അവതരിപ്പിച്ചു.അവയവ ദാനം തികച്ചും ഒരു 'ദാന'മാണ്. അവയവം വില്‍ക്കുന്നതും പണം കൊടുത്തു വാങ്ങുന്നതും ഖത്തറടക്കം ലോകത്തിലെ മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. അവയവ ദാനം നടത്തിയാല്‍ ദാതാവിന്റെ കുടുംബത്തിന് പണം ലഭിക്കില്ല. പ്രായം, ആരോഗ്യം എന്നിവ കണക്കിലെടുക്കാതെ ആര്‍ക്കും ദാതാവാകാന്‍ മുന്നോട്ടു വരാം.തന്റെ മരണ ശേഷം അവയവം ദാനം ചെയ്യാമെന്ന് അനുമതി പത്രം നല്‍കിയ ഒരാളുടെ മരണ സമയത്താണ് അവയവങ്ങള്‍ മാറ്റിവക്കാന്‍ യോഗ്യമാണോ എന്ന് തീരുമാനിക്കുന്നത്. അവയവങ്ങള്‍ ആവശ്യമായ രോഗികളുടെ ലിസ്റ്റില്‍ നിന്നും ഏറ്റവും അനുയോജ്യവും യോഗ്യവുമായ ആള്‍ക്ക് ഇതു വെച്ചു പിടിപ്പിക്കും.സ്വീകര്‍ത്താവിന്റെ ദേശം, വര്‍ണ്ണം, സമ്പത്ത്, പ്രസിദ്ധി തുടങ്ങിയവ അവയവ മാറ്റ ശസ്ത്രക്രിയയില്‍ പരിഗണിക്കപ്പെടുന്ന വിഷയങ്ങളല്ല. അദ്ദേഹം പറഞ്ഞു. 

ഖുര്‍ ആന്‍ ലേണിംഗ് സ്‌കൂള്‍ ദോഹയുടെ ഡയറക്ടര്‍ ഡോ. അബ്ദുല്‍ അഹദ് മദനി 'അവയവ ദാനത്തിന്റെ ദാര്‍ശനിക മാനം' എന്ന വിഷയം അവതരിപ്പിച്ചു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അങ്ങേയറ്റമാണ് അവയവ ദാനത്തിനുള്ള സന്നദ്ധതയിലൂടെ ഒരാള്‍ പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ ഡയറക്ടര്‍ഡോ. യൂസഫ് അല്‍ മസ്‌ലമാനി, ഡോ. ആസിം, പ്രൊഫ. ചൗധരി, ഡോ. അബ്ദുല്‍ അഹദ് മദനി, ഡോ. റിയാദ് എന്നിവര്‍ മറുപടി നല്‍കി.ഫോക്കസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് അംഗം ഡോ. ബിജു ഗഫൂര്‍ മോഡറേറ്ററായിരുന്നു. ഫോക്കസ് ഖത്തര്‍ സി.ഇ.ഒ. ഷമീര്‍ വലിയവീട്ടില്‍ സ്വാഗതവും ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്‌മെന്റ് മാനേജര്‍ ഡോ. നിഷാന്‍ പുരയില്‍ നന്ദിയും പറഞ്ഞു.
Read More

Thursday, October 27, 2011

ആരോഗ്യ ബോധവല്‍ക്കരണം അനിവാര്യം: ഡോ. ബിജുഗഫൂര്‍



ദോഹ: രോഗങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് പ്രവാസികള്‍ക്കിടയില്‍ പല രോഗങ്ങളും വ്യാപകമാവാന്‍ കാരണമെന്ന് ഫോക്കസ് ഖത്തര്‍ ഉപദേശകസമിതി അംഗം ഡോ. ബിജുഗഫൂര്‍ അഭിപ്രായപ്പെട്ടു. നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി QIIC മദീനഖലീഫ സോണ്‍ സംഘടിപ്പിച്ച ആരോഗ്യസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജീവിതത്തില്‍ പാലിക്കേണ്ട ചിട്ടകളും ഭക്ഷമരീതികളും കൃത്യമായി പാലിക്കപ്പെടുമ്പോള്‍ മിക്ക രോഗങ്ങളില്‍ നിന്നും രക്ഷനേടാനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാനും സാധിക്കും ഡോ. ബിജു ചൂണ്ടിക്കാട്ടി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ഡോ.ബിജു, ഡോ. നിഷാന്‍ എന്നിവര്‍ മറുപടി നല്‍കി. ''ധാര്‍മികതയിലൂടെ അനശ്വരശാന്തി'' എന്ന സമ്മേളനപ്രമേയം വിശദീകരിച്ചുകൊണ്ട് പ്രമുഖ യുവ പ്രഭാഷകന്‍ സിറാജ് ഇരിട്ടി പ്രഭാഷണം നടത്തി.ഫാരിസ് മൊയ്തു സ്വാഗതവും മുഹമ്മദ് ശൗലി നന്ദിയും പറഞ്ഞു.
Read More

Sunday, October 23, 2011

ഫോക്കസ് ജിദ്ദ മെഡിക്കല്‍ ക്യാപെയിന്‍ ഉദ്ഘാടനം ചെയ്തു



ജിദ്ദഫോക്കസ് ജിദ്ദയും അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്‌നി ബോധവല്‍ക്കരണ ക്ലാസും, രോഗം തുടക്കത്തില്‍ കണ്ടെത്തി ചികില്‍സ നല്‍കുന്ന പദ്ധതിയും രാജ്യം മുഴുവന്‍ വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ജിദ്ദ കോണ്‍സല്‍ ജനറല്‍ ഫായിസ് അഹമ്മദ് അഭിപ്രായപ്പെട്ടു. ഫോക്കസ് ജിദ്ദയും, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സഹകരിച്ചുകൊണ്ടു നടത്തുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മെഡിക്കല്‍ ക്യാപെയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭാരിച്ച ചെലവും, ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചികില്‍സയും, കുറഞ്ഞ വിജയ സാധ്യതയും രോഗം വരുന്നതിനു മുമ്പെ തടയേണ്ടത് അത്യാവശ്യമാക്കുന്നുവെന്ന് കോണ്‍സല്‍ ചൂണ്ടിക്കാട്ടി. 

അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എം ഡി മുഹമ്മദ് ആലുങ്കല്‍ ചടങ്ങില്‍ വെബ്‌സൈറ്റ് ഉദ്ഘാടനം നടത്തി. ഫോക്കസ് ജിദ്ദ ഉപദേശകസമിതി അംഗമായ ഡോ: ഇസ്മയില്‍ മരുതേരി ഫേസ് ബുക്ക് പേജും, സലാഹ് കാരാടന്‍ ബ്രോഷറും പ്രകാശിപ്പിച്ചു. ഫോക്കസ് ജിദ്ദ സി ഇ ഒ പ്രിന്‍സാദ് പയ്യാനക്കല്‍ കിഡ്‌നി രോഗത്തെക്കുറിച്ച് ചടങ്ങില്‍ പ്രഭാഷണം നടത്തി. ഫോക്കസ് ജിദ്ദ അഡ്മിന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ മുബശിര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹമ്മദ് കുട്ടി മാസ്റ്റര്‍( കെ എം സി സി),സക്കീര്‍ ഹുസൈന്‍(ഒ ഐ സി സി), അബ്ദുള്‍ റഹ്മാന്‍ വണ്ടൂര്‍(നവോദയ), ഉസ്മാന്‍ ഇരുമ്പുഴി(എം ഇ എസ് ആന്റ് മീഡിയ ഫോറം), അമീര്‍ അലി( എം എസ് എസ്), മുഹമ്മദലി ചുണ്ടക്കാടന്‍ (ഇസ്ലാഹി സെന്റര്‍), ഇമ്രാന്‍( അല്‍ അബീര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫോക്കസ് ജിദ്ദ ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ വള്ളിക്കുന്ന് സമാപന പ്രസംഗവും നടത്തി. അബ്ദുള്‍ വാഹിദ് സ്വാഗവും, ജലീല്‍ സി എച്ച് നന്ദിയും പറഞ്ഞു.
Read More

Monday, October 17, 2011

ഫോക്കസ് ജിദ്ദ വൃക്കരോഗ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു



ജിദ്ദ: വൃക്ക രോഗത്തെ തുടക്കത്തിലേ കണ്ടെത്തി നിയന്ത്രിക്കുന്നതിന് ഫോക്കസ് ജിദ്ദയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ കാമ്പയിനും സൗജന്യ വൃക്കരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അല്‍ അബീറ് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് കിഡ്‌നി ഏര്‍ളി ഇവാല്യവേഷന്‍ (Kidney Early Evaluation - KEE) എന്ന കര്‍മ്മപദ്ധതി സംഘടിപ്പിക്കുക. കാമ്പയിനിന്റെ ഔപചാരിക ഉദ്ഘാടനം 2011 ഒക്ടോബര്‍  21 ന് വെള്ളിയാഴ്ച വൈകുന്നേരം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടക്കും. പ്രാരംഭ ഘട്ടത്തിലേ തിരിച്ചറിഞ്ഞാല്‍ വൃക്കരോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാം. കുറഞ്ഞ ചെലവില്‍ ഇത് സാധ്യവുമാണ്. വൃക്കരോഗത്തെ തുടക്കത്തിലേ തിരിച്ചറിയാന്‍ ശരിയായ ബോധവത്കരണത്തിലൂടെ സാധിക്കും. ഫോക്കസ് ഒരുക്കുന്ന കാമ്പയിനില്‍ ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികളും ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ സൗജന്യ വൃക്കരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകളും നടത്തും. കൂടാതെ, ലഘുലേഖ വിതരണം, വീഡിയോ പ്രദര്‍ശനം തുടങ്ങിയവയും സഘടിപ്പിക്കും. ജിദ്ദയിലെ മുഴുവന്‍ പ്രവാസികളെയും ഈ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ പരിശോധനക്ക് വിധേയമാക്കുകയാണ് ലക്ഷ്യം. വൃക്കരോഗത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിന് www.saveyourkidney.org എന്ന വെബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ saveyourkidney എന്ന പേരില്‍ ഫേസ്ബുക്ക് പേജും തയ്യാറാക്കും. ജിദ്ദയിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് അല്‍ അബീര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ആറ് മാസ കാലയളവിനുള്ളില്‍ സൗജന്യമായി വൃക്കരോഗ സ്‌ക്രീനിങ്ങ് നടത്താനുള്ള സംവിധാനം ഒരുക്കും. തുടര്‍ വിദ്യാഭ്യാസ ബോധവല്ക്കരണ പരിപടികളും സംഘടിപ്പിക്കും.ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും സഹായഹസ്തം നീട്ടാന്‍ അല്‍ -അബീര്‍ പോളിക്ലിനിക്കുകള്‍ തയ്യാറാണെന്ന് അല്‍ -അബീര്‍ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് ആലുങ്കല്‍ അറിയിച്ചു. 2030 ആവുമ്പോഴേക്കും ഇന്ത്യ ഡയബറ്റിക് ക്യാപിറ്റല്‍ ആയി മാറുമെന്നും 75% വൃക്കരോഗങ്ങള്‍ക്കും അടിസ്ഥാനകാരണമാവുന്നത് പ്രമേഹവും രക്തസമ്മര്‍ദ്ദവുമാണെന്നും ഫോക്കസ് ജിദ്ദ സി.ഇ.ഒ പ്രിന്‍സാദ് പയ്യാനക്കല്‍ പറഞ്ഞു. 


ഖത്തര്‍, യു എ ഇ, റിയാദ് എന്നിവിടങ്ങളിലും ഫോക്കസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ക്യാമ്പയിന്‍ ആരംഭിക്കും. കേരളത്തില്‍ പത്തോളം ജില്ലാ കേന്ദ്രങ്ങളെ കൂട്ടിയിണക്കി കൊണ്ട് മൊബൈല്‍ ഡയഗനോസ്റ്റിക് ലാബുകള്‍ ഉള്‍ക്കൊള്ളുന്ന ഐ.എസ്.എം മെഡിക്കല്‍ കെയറിന്റെ ആഭിമുഖ്യത്തില്‍ സ്‌പോട്ട് കിഡ്‌നി പ്രോഗ്രാം എന്ന പദ്ധതിയുടെ പൈലറ്റ് ക്യാമ്പുകള്‍ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നടന്നു കഴിഞ്ഞു. ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ എറ്റെടുക്കുന്നതിന് കൂടുതല്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ 21നു നടക്കുന്ന സൌജന്യ വൃക്കരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0556519374, 0553914145, 0564413527, 0507163883 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. അല്‍ അബീര്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ മുഹമ്മദ് ആലുങ്കല്‍, മാര്‍ക്കറ്റിങ്ങ് മാനേജര് ഇമ്രാന്‍, തുടങ്ങിയവരും ഫോക്കസ് ജിദ്ദയെ പ്രതിനിധീകരിച്ച് സി.ഇ.ഒ പ്രിന്‍സാദ് പയ്യാനക്കല്‍, മറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍മാരായ മുബഷിര്‍, സി.എച്ച് ജലീല്‍. ഷക്കീല്‍ ബാബു, മുബാറക്ക്, ഷിനൂണ്‍ ബക്കര്‍ എന്നിവരും ഫോക്കസ് ജിദ്ദയുടെ ഉപദേശക സമിതി അംഗങ്ങളായ ബഷീര്‍ വള്ളിക്കുന്ന്, സലാഹ് കാരാടന്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Sunday, October 16, 2011

ഫോക്കസ് റിയാദ് നിലവില്‍ വന്നു



റിയാദ്: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്കസ് ഇന്റര്‍നാഷണലിന്റെ സൗദിയിലെ രണ്ടാമത്തെ ബ്രാഞ്ച് 'ഫോക്കസ് റിയാദ്' നിലവില്‍ വന്നു. അധാര്‍മികതയുടെ അധിനിവേശത്തിന്റെ അടിമകളായി മാറുന്ന യുവതയെ ധര്‍മ്മത്തിന്റെ പാതയിലേക്ക് പ്രയാണം ചെയ്യിക്കേണ്ടദൗത്യമാണ് ഫോക്കസ് റിയാദ് ഏറ്റെടുത്തിരിക്കുന്നത്. സാഹോദര്യം, സ്രഷ്ടാവിനോടുള്ള അനുസരണം, സമൂഹത്തോടുള്ള ബൗദ്ധികവും വൈകാരികവുമായ കടപ്പാട്, ഐക്യം, സേവനം, എന്നിവയാണ് 'ഫോക്കസ് റിയാദ്' ഉയര്‍ത്തിപ്പിക്കുന്ന മുദ്രാവാക്യം. യുവ തലമുറയെ ക്രിയാത്മക പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുക, സമൂഹ നന്മക്ക് യുവാക്കളെ പ്രാപ്തരാക്കുക, ജന സേവന രംഗത്ത് സാന്നിധ്യമറിയിക്കുക, വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ മാര്‍ഗനിര്‍ദേശം നല്‍കുക ആരോഗ്യ പരിരക്ഷണ രംഗത്ത് സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക, കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുക, തുടങ്ങിയവയാണ് ഫോക്കസ് റിയാദിന്റെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. 

ഫോക്കസ് റിയാദിന്റെ സി.ഇ.ഒ. ആയി സിറാജുദ്ദീന്‍ കാസര്‍കോടിനെയും അഡ്മിനിസ്‌ട്രേറ്റീവ് മാനേജറായി റഷീദ് വടക്കനെയും തെരഞ്ഞെടുത്തു. ഡപ്യൂട്ടി സി.ഇ.ഒ. ആയി ഷംസുദ്ദീന്‍ ശ്രീകണ്ഠപുരം,അഡ്മിനിസ്‌ട്രേറ്റീവ് കോഓര്‍ഡിനേറ്റര്‍മാരായി അശ്‌റഫലി തൊടികപുലം, ശംസുദ്ദീന്‍ മദനി എന്നിവരെയും വിവിധ വകുപ്പ് മാനേജര്‍മാരായി അബ്ദുല്‍ റസാക്ക് മദനി, സലീം ചാലിയം, ബഷീര്‍ ഒളവണ്ണ, എന്‍.വി. മുഹമ്മദ് തെയ്‌സീര്‍ അരീക്കോട്, ബഷീര്‍ ആലുവ, സൈഫുദ്ദീന്‍ എടവണ്ണ, ഫയാസ് താനൂര്‍, അബ്ദുസ്സമദ് പളിക്കല്‍, ബദറുദ്ദീന്‍ പുളിക്കല്‍, ശംസീര്‍ ചെറു വാടി എന്നിവരെയും തെരഞ്ഞെടുത്തു.
Read More

Wednesday, July 13, 2011

ഫോകസ് ഖത്തര്‍ കാമ്പയിന്‍ സമാപനവും പരിസ്ഥിതി സമ്മേളനവും 14 ന് ദോഹയില്‍


ദോഹ
: പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ച് മലയാളികളില്‍ അറിവു പകരാന്‍ ദോഹയിലും പരിസ്ഥിതി സമ്മേളനം സംഘടിപ്പിക്കുന്നു. ഫോക്കസ് ഖത്തര്‍ 'പരിസ്ഥിതി സംരക്ഷണം ഭാവിയുടെ സുരക്ഷയ്ക്ക്' എന്ന സന്ദേശം ഉയര്‍ത്തി ഒരുമാസക്കാലമായി നടന്നുവന്ന ഇക്കോ ഫോക്കസ് പരിസ്ഥിതി കാമ്പയിന്റെ സമാപനം കുറിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.  14 ന് വ്യാഴാഴ്ച വൈകിട്ട് മന്നായി റൗണ്ട് എബൗട്ടിനടുത്തുള്ള സുപ്രീം ആരോഗ്യകൗണ്‍സില്‍ ആസ്ഥാനത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍.നീലകണ്ഠന്‍ പങ്കെടുക്കുമെന്ന് ഫോക്കസ് സി.ഇ.ഒ. ഷമീര്‍ വലിയവീട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഇസ്‌ലാം വളരെയധികം പ്രാധാന്യം നല്‍കുന്നതാണ് പരിസ്ഥിതി സംരക്ഷണം. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യവും പരിസ്ഥിതി സൗഹൃദജീവിതത്തിന്റെ ആത്മീയഭാവവും പൊതുജനങ്ങളെ ഓര്‍മിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. ഭൂമിയെ ഒരു സൂക്ഷിപ്പു മുതലായി സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ബാധ്യതയാണ്. പ്രകൃതി വിഭവങ്ങളെ കാര്യമായും ധൂര്‍ത്തടിക്കാതെയും മലിനമാക്കാതെയും ഉപയോഗിക്കുക എന്നതാണ് പ്രകൃതി സംരക്ഷണത്തിലെ ആത്മീയഭാവം. പ്രകൃതിനാശത്തിനെതിരെയും നമ്മുടെ നാട്ടില്‍ വികസനരംഗത്ത് കുതിച്ചു മുന്നേറുമ്പോള്‍ പരിസ്ഥിതിയെ മറന്നു പോകുന്നതിനെതിരെയും ജനങ്ങളെ ബോധവത്കരിക്കാനാണീ കാമ്പയിനെന്നദ്ദേഹം പറഞ്ഞു. 

സമ്മേളനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി പെയിന്റിങ് മത്സരം മൂന്നുവിഭാഗങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായിട്ടാണ് മത്സരം. അഭിപ്രായനിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള മത്സരവും നടത്തുന്നുണ്ട്. ക്യൂ-ട്രാവല്‍സുമായി ചേര്‍ന്ന് നടത്തുന്ന മത്സരവിജയിക്ക് വിമാനടിക്കറ്റ് സമ്മാനമായി നല്‍കും. സമ്മേളനത്തില്‍ എന്റോസള്‍ഫാനെതിരെ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ ഖത്തറിനെ പ്രതിനിധീകരിച്ചുവാദിച്ച ഡോ.ജെയിംസ് അല്‍ലൂസി, ആരോഗ്യഉന്നതാധികാര സമിതി മേധാവി ഡോ.ഷെയ്ക്കാ അല്‍സിയാറ, പരിസ്ഥിതി സുരക്ഷാവകുപ്പ്‌മേധാവി വസ്സല്‍അല്‍ബേക്കര്‍, ഐ.സി.സി.പ്രസിഡന്റ് കെ.എം.വര്‍ഗീസ്, ഇന്ത്യന്‍ എംബസി പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുക്കും. വെല്‍ക്കം ഡൈന്‍ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഫോക്കസ് എച്ച്.ആര്‍.മാനേജര്‍ ബാസില്‍, ഫൈനാന്‍സ് മാനേജര്‍ ഷഹിന്‍മുഹമ്മദ്ശാഫി, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഷഹീര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. 
Read More

Friday, June 24, 2011

പരിസ്ഥിതി സൗഹൃദ വികസനം നിലനില്‍പ്പിന്റെ ആവശ്യം: എം.പി. വീരേന്ദ്രകുമാര്‍

ദോഹ: വികസനം പരിസ്ഥിതി സൗഹൃദമാകേണ്ടത് ഭൂമിയിലെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വിഷയമാണെന്ന് എഴുത്തുകാരനും സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റുമായ എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇക്കോ ഫോക്കസ് കാമ്പയിന്റെ ഭാഗമായി ഫോകസ് ഖത്തര്‍ അബൂഹമൂറിലുള്ള ഷെംഫോര്‍ഡ് നോബിള്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച 'ഇക്കോ സെനറ്റ് പരിസ്ഥിതി കൂട്ടായ്മ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ജീവിക്കണോ വേണ്ടയോ എന്നതാണ് വികസനവുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യം. നമ്മുടെ വിജ്ഞാനം എല്ലാറ്റിനും പരിഹാരമല്ല എന്നും ഭൂമിയിലെ വിഭവങ്ങള്‍ എടുത്താല്‍ തീരാത്തതല്ല എന്നുമുള്ള തിരിച്ചറിവാണ് പ്രധാനമെന്നും ജലവും വായുവും ഭക്ഷ്യവസ്തുക്കളും ജീവന്റെ അടിസ്ഥാന ഘടകങ്ങളാണെന്നും അവയുടെ സ്വാഭാവികമായ ചാക്രികതയെ തകര്‍ക്കുന്ന വികസനമാണ് പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കും അനാരോഗ്യത്തിനും മാരകരോഗങ്ങള്‍ക്കും കാരണമകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി കൂട്ടായ്മയില്‍ ദോഹയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശ്രീധരന്‍ എന്‍.പി (സംസ്‌കൃതി), ഇ.എ അബ്ദുസ്സമദ് (കെ.എം.സി.സി), ജാഫര്‍ഖാന്‍ (സംസ്‌കാര ഖത്തര്‍), ഹബീബ് റഹിമാന്‍ കീഴിശ്ശേരി (ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്‍റര്‍), നൗഷാദ് പയ്യോളി (ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍), സാജിദ്.കെ (ഇസ്‌ലാമിക് യൂത്ത് അസ്സോസിയേഷന്‍), അഹമ്മദ് പാതിരപ്പറ്റ (ഇന്ത്യന്‍ മീഡിയ ഫോറം) എന്നിവരും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരായ അബ്ദുല്‍ അസീസ് നല്ലവീട്ടില്‍, എം.ടി. നിലമ്പൂര്‍ എന്നിവരും പങ്കെടുത്തു. ഫോക്കസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് അംഗം മശ്ഹൂദ് തിരുത്തിയാട് ഫെസിലിറ്റേറ്റര്‍ ആയിരുന്നു. സി.ഇ.ഒ ഷമീര്‍ വലിയ വീട്ടില്‍ അധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷന്‍ മാനേജര്‍ മുനീര്‍ അഹമദ് മാട്ടൂല്‍ വിഷയാവതരണം നടത്തി. അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അനീസ് എം.ടി സ്വാഗത്വും സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്‌മെന്‍റ് മനേജര്‍ ഷമീം അഹ്മദ് നന്ദിയും പറഞ്ഞു.
Read More

Monday, May 09, 2011

മെഡിക്കല്‍ക്യാമ്പ് സമാപിച്ചു



ദോഹ: സുപ്രീം ആരോഗ്യകൗണ്‍സിലിന്റെ ലോക തൊഴിലാളിസുരക്ഷാദിനാചരണത്തിന്റെ ഭാഗമായി റെഡിമിക്‌സ് ഖത്തര്‍ എല്‍.എല്‍.സി.യുമായി സഹകരിച്ച് ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി ആയിരത്തോളം തൊഴിലാളികള്‍ പങ്കെടുത്തു. പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താനി ഉദ്ഘാടനം ചെയ്തു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും വിവിധമന്ത്രാലയങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.

രാജ്യത്തിന്റെ നിര്‍മാണത്തില്‍ പങ്കുവഹിക്കുന്ന തൊഴിലാളികളെ ആദരിക്കുന്നതോടൊപ്പം അവരുടെ സുരക്ഷയും ആരോഗ്യയും ഉറപ്പുവരുത്തണമെന്ന് ഡോ. മുഹമ്മദ് അല്‍ത്താനി പറഞ്ഞു. ഇത്തരം ക്യാമ്പുകള്‍ വര്‍ഷത്തില്‍ ഇടയ്ക്കിടെ നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നുണ്ട്. ഫോക്കസ് ഖത്തര്‍പോലെയുള്ള സന്നദ്ധസംഘടനയുടെ സാന്നിധ്യം ക്യാമ്പിന്റെ വിജയത്തിന് സഹായകമാകുന്നു-അല്‍ത്താനി പറഞ്ഞു.

ഉച്ചയ്ക്ക് 1.30ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചതുമുതല്‍ അബൂ ഹമൂറിലെ മെഡിക്കല്‍കമ്മീഷന്‍ ഒരു താത്കാലിക ആതുരാലയമായി മാറുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തോളം തൊഴിലാളികളെ പരിശോധിക്കുന്നതിനുവേണ്ടി 40 ഡോക്ടര്‍മാരും 50 നഴ്‌സുമാരും 10 ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെ മെഡിക്കല്‍ ടീം സുസജ്ജമായിരുന്നു. എല്ലാ തൊഴിലാളികളും പ്രാഥമികപരിശോധനയ്ക്കുശേഷം ജനറല്‍ മെഡിസിന്‍, നേത്ര, ഡെന്റല്‍ വിഭാഗങ്ങളിലെ പരിശോധനയ്ക്ക് വിധേയമായി. പ്രത്യേകം തയ്യാറാക്കിയ ഫാര്‍മസിയില്‍ വെച്ച് സൗജന്യ മരുന്നുവിതരണവും നടന്നു. അതിനുശേഷം താത്കാലിക ടെന്റില്‍ വിവിധ ഭാഷകളിലായി നടന്ന ആരോഗ്യ-സുരക്ഷാ ബോധവത്കരണക്ലാസുകളില്‍ തൊഴിലാളികള്‍ പങ്കെടുത്തു. വൈകിട്ട് ആറിന് സിവില്‍ ഡിഫന്‍സ് നടത്തിയ ഫയര്‍ ഡ്രില്‍ തൊഴിലാളികള്‍ക്ക് നവ്യാനുഭവമായി. തുടര്‍ന്ന് സമ്മാനങ്ങളും രാത്രി ഭക്ഷണവുമുണ്ടായി.

ഫോക്കസ് ഖത്തറിന്റെ നൂറോളം വളണ്ടിയര്‍മാര്‍ പരിപാടിയില്‍ സേവനമനുഷ്ഠിച്ചു. ഖത്തറിന്റെ പുരോഗതിയില്‍ സഹായിക്കുന്ന തൊഴിലാളികളെ അധികാരികള്‍ ശ്രദ്ധിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. അപകടകരവും ദുഷ്‌കരവുമായ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന എല്ലാവരും സുരക്ഷാ നടപടികള്‍ മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ സദസ്സിനെ ഉണര്‍ത്തി.

നേപ്പാള്‍ അംബാസഡര്‍ ഡോ. സൂര്യനാഥ് മിശ്ര, ബംഗ്ലാദേശ് അംബാസഡര്‍ ശഹ്ദത്ത് ഹുസൈന്‍ എന്നിവര്‍ ഖത്തര്‍ ഗവണ്‍മെന്റിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുകയും തൊഴിലാളികളോട് അവരുടെ മാതൃഭാഷയില്‍ സുരക്ഷാനടപടികള്‍ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ലേബര്‍വിഭാഗത്തിന്റെ പ്രത്യേക കൗണ്ടര്‍ തൊഴിലാളികള്‍ക്ക് പ്രശ്‌നപരിഹാരത്തിനുള്ള വേദിയായി മാറി. ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്റെ പ്രത്യേകം സ്റ്റാള്‍ പ്രമേഹരോഗം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

ഖത്തര്‍ റെഡിമിക്‌സ് ജനറല്‍ മാനേജര്‍ ആന്‍സി പെയ്‌ലര്‍, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ഹമഖ് എന്നിവര്‍ സംസാരിച്ചു. ഫോക്കസ് ഖത്തര്‍ ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്ടുമെന്റ് മാനേജര്‍ ഡോ. നിഷാന്‍ നന്ദി പറഞ്ഞു.
Read More

Sunday, May 08, 2011

അറബി ഭാഷാ പഠനത്തിനു സാധ്യതകള്‍ വര്‍ദ്ധിക്കുന്നു - പ്രൊഫസര്‍ കെ എം മുഹമ്മദ്‌


ഫോക്കസ് ജിദ്ദയുടെ ‘ഗസ്റ്റ് ഓഫ് ദ മന്ത്’ പരിപാടിയില്‍ പ്രമുഖ അക്കാഡമിക് വിദഗ്ദനും അറബിക് ഭാഷാ രംഗത്തെ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാര ജേതാവുമായ പ്രൊഫസര്‍ കെ എം മുഹമ്മദ് താന്‍ പിന്നിട്ട മേഖലകളിലെ വിവിധാനുഭവങ്ങള്‍ പങ്കുവെച്ചു. സ്കൂള്‍ വിദ്യഭ്യാസം മുതല്‍ പ്രതികൂല സാഹചര്യങ്ങളില്‍ വിവിധ പ്രതിസന്ധികള്‍ തരണം ചെയ്ത് ഉന്നത പഠനവും വിശിഷ്ട സേവനവും പൂര്‍ത്തിയാക്കിയ അദ്ദേഹം ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ഛെങ്കിലും പഠനവും ഗവേഷണങ്ങളും പുസ്തക രചനകളുമായി കര്‍മ്മനിരതനാണ്. പ്രവാസ ജീവിതത്തില് ഒഴിവുലഭിക്കുന്ന അവസരങ്ങള്‍ പഠനത്തിലും തങ്ങളുടെ അക്കഡമിക് യോഗ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിലും വിനിയോഗിക്കാന്‍ അദ്ദേഹം യുവാക്കളോടഭ്യര്‍ത്ഥിച്ചു. എത്ര ഉന്നതിയിലെത്തിയാലും അവസാനിപ്പിക്കാവുന്നതല്ല പഠനം, അറബിക് ഭാഷാ പഠനത്തിനു ഇന്ത്യയിലും വിദേശത്തും സാധ്യതകള്‍ വര്‍ദ്ധിക്കുകയാണ്, ഇസ്ലാമിനെ കുറിച്ച തെറ്റിദ്ധാരണകള്‍ ദുരീകരിക്കാനുതകുന്ന ഡയലോഗുകളും കര്‍മ്മ പരിപാടികളും വ്യാപകമായി സംഘടിപ്പിക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കു സാധിക്കണം, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും അറബിക് ഭാഷാ സാഹിത്യത്തില്‍ റാങ്കോടെ  ബിരുദവും, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും നേടിയ അദ്ദേഹം റിയാദ് കിംഗ് സഊദ് യൂണിവേഴ്സിറ്റിയില്‍ നിന്നും അനറബികള്‍ക്ക് അറബിക് ഭാഷ പഠിപ്പിക്കുന്ന മെതഡോളജിയില്‍ സ്പെഷ്യലൈസ്ഡ് ചെയ്തു. 1966 - 1968 ല്‍ അറബിക് ഭാഷാ സാഹിത്യത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ നാഷണല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് നേടി. ആസാം സെന്ട്രല്‍ യൂണിവേഴ്സിറ്റിയില്‍ അറബിക് പ്രൊഫസറും വകുപ്പു തലവനും, ബോര്‍ഡ് ഓഫ് സ്റ്റഡീസ് (അറബിക്) ചെയര്‍മാനുമായി സേവനമനുഷ്ടിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കദമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്, ഓറിയന്റേഷന്‍ കോഴ്സുകളുടെ കോ ഓര്‍ഡിനേറ്റര്‍, ദേശീയ സാക്ഷരതാ പരിപാടിയുടെ കീ റിസോഴ്സസ് പേഴ്സണ്‍, കേരളാ ഇസ്ലാമിക് അക്കാദമി സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. 2005 ല്‍ അറബിക് ഭാഷാ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടി.
സൌദി അറേബ്യ, യു എ ഇ തുടങ്ങിയിടങ്ങളില്‍ വിവിധ പ്രസിദ്ധീകരണങ്ങളിലും, കാലിക്കറ്റ്, കേരളായൂണിവേഴ്സിറ്റി ജേര്‍ണലുകളിലും അദ്ദെഹത്തിന്റെ ക്യതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ക്യതികളുടെ ഭാഷാന്തരങ്ങള്‍ നിര്‍വഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ജിദ്ദയിലെ ഹ്രസ്വ സന്ദര്‍ശനത്തിനിടയിലും സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ കവിതാ സമാഹരം ഭാഷാന്തരം ചെയ്തുകൊണ്ടിരിക്കുകയാണ്.
ശറഫിയ്യ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  ഫോക്കസ് സി ഇ ഒ  പ്രിന്സാദ് അദ്ധ്യക്ഷനായിരുന്നു. ബഷീര്‍ വള്ളിക്കുന്ന് പ്രസംഗിച്ചു. . മുബാറക് അരീക്കാട്  സ്വാഗതവും മുബഷിര്‍ കുനിയില്‍ നന്ദിയും പറഞ്ഞു.


Read More

Sunday, December 19, 2010

അനുഭവ സമ്പത്തിന്റെ ഉള്ളുതുറന്ന് വി പി മുഹമ്മദലി

ജിദ്ദ: യുവാക്കളും നഗരത്തിലെ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ വ്യവസായ പ്രമുഖനും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഡയറക്ടറുമായ വി.പി. മുഹമ്മദലി തന്റെ ജീവിത പുസ്തകം തുറന്ന് വെച്ചപ്പോള്‍ അത് വേറിട്ടൊരു അനുഭവമായി.  ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച ഗസ്റ്റ് ഓഫ് ദ മന്ത് (Guest of the Month) പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് തന്റെ ജീവിതാനുഭവങ്ങള്‍ പങ്ക് വെക്കുകയായിരുന്നു അദ്ദേഹം.  വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും അവരുടെ അനുഭവസമ്പത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ യുവതലമുറക്ക് അവസരം നല്‍കുന്നതിനും വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടിക്കാലം മുതല്‍ മൂന്നര പതിറ്റാണ്ട് കാലത്തെ തന്റെ പ്രവാസ അനുഭവങ്ങള്‍ വരെ ഒന്നും മറച്ചുവെക്കാതെ അദ്ദേഹം തുറന്നുപറഞ്ഞു.  തൊള്ളായിരത്തി എഴുപത്താറില്‍ മക്കയില്‍ ഒരു ഡ്രൈവറായി ജോലി ചെയ്ത് തുടങ്ങിയതും പിന്നീട് ഷറഫിയയിലെ റോഡുകള്‍ വൃത്തിയാക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാരനായതും ദീര്‍ഘകാലം അറബ് ന്യൂസ് പത്രത്തില്‍ ഡ്രൈവര്‍ ജോലിയെടുത്തതും പിന്നീട് അല്പാല്പമായി കച്ചവടരംഗത്തേക്ക് കടന്നുവന്നതുമെല്ലാം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പങ്ക് വെച്ചപ്പോള്‍ യുവതലമുറക്ക് അത് പുതുമയാര്‍ന്ന ഒരു ഉള്ളുതുറക്കലായി.

പ്രതിസന്ധികള്‍ ജീവിതത്തില്‍ ഏറെ ഉണ്ടായിട്ടുണ്ടെന്നും ദൈവത്തിന്റെ അപാരമായ അനുഗ്രഹമാണ് അവയെ അതിജീവിക്കുവാന്‍ കരുത്ത് പകര്‍ന്നതെന്നന്നും  അദ്ധേഹം പറഞ്ഞു.  ഏത് പ്രതിബന്ധങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല.  നാട്ടിലും വിദേശത്തുമായി തന്റെ കീഴില്‍ ജോലിയെടുക്കുന്ന മൂവായിരത്തി  അഞ്ഞൂറോളം ജീവനക്കാരാണ് ഏറ്റവും വലിയ സമ്പാദ്യം.  ചെറിയ മുതല്‍ മുടക്കിലായാലും വലിയ മുടക്കിലായാലും  വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇന്ത്യയിലെതിനെക്കാള്‍ അനുകൂലമായ സഹചര്യങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ആണുള്ളത്.  ബഹ്റൈനില്‍ ഒരു പുതിയ ആശുപത്രിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചതായും സഊദി അറേബ്യയില്‍ പ്രവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഒരു സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച ചിന്തയുണ്ടെന്നും  ഭാവി സംരംഭങ്ങളെന്താക്കെയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുടെ ജീവിതാനുഭവങ്ങള്‍ യുവതലമുറയുമായി പങ്ക് വെക്കാന്‍ അവസരമൊരുക്കുകയാണ് ഗസ്റ്റ് ഓഫ് ദ മന്ത് പരിപാടിയുടെ ലക്ഷ്യമെന്നും വ്യവസായം, കല, സാഹിത്യം, വിദ്യാഭ്യാസം, മീഡിയ, ആരോഗ്യം തുടങ്ങീ വിവിധ തുറകളിലെ പ്രശസ്തരെ പങ്കെടുപ്പിച്ച് കൊണ്ട് ‘ഗസ്റ്റ് ഓഫ് ദ മന്ത് പരിപാടി’ എല്ലാമാസവും നടത്താന്‍ ഉദ്ദേശിക്കുന്നതായും ഫോക്കസ് ഉപദേശകസമിതി ചെയര്‍മാന്‍ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു.  ഉന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോക്കസ് ജിദ്ധ ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസല്‍ പ്രിന്‍സാദ് അധ്യക്ഷത വഹിച്ചു.  ഇ.പി. സലീം ഭാവി പരിപാടികള്‍ വിശദീകരിച്ചു.  ബാസില്‍ അബ്ദുല്‍ ഗനി സ്വാഗതവും മുബശ്ശിര്‍ നന്ദിയും പറഞ്ഞു.
Read More

Saturday, December 04, 2010

മുഖ്യധാരാ മാധ്യമങ്ങളുടെ വാര്ത്താ തമസ്കരണത്തിനെതിരെ ജനകീയ ബദല്‍ മീഡിയകള്ക്ക് ശക്തി പകരുക . ഫോക്കസ് ജിദ്ദ

അപ്രിയ സത്യങ്ങള്‍ കാണാതിരിക്കുക എന്ന പുതു നയത്തിലേക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ നടന്നടുക്കുമ്പോള്‍ ജനാധിപത്യത്തിന്റെ ഫോര്ത്ത് എസ്റ്റേറ്റ് എന്ന ബിംബം തകര്ന്നടിയുന്നിടത്താണ് ബ്ലോഗ്, ഫേസ്ബുക്ക് തുടങ്ങിയ ജനകീയ ബദല്‍ മീഡിയകളില്‍ യുവതലമുറ ക്രിയാതമക്വും, ശക്തവുമായ ഇടപെടലുകള്‍ നടത്തേണ്ടതിന്റെ പ്രസക്തി വര്ദ്ദിക്കുന്നതെന്ന് ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച സൌഹ്യദ സായാഹ്നം അഭിപ്രായപ്പെട്ടു. പ്രശസ്ത പത്രപ്രവര്ത്തകയും, തെഹല്ക്ക റിപ്പോര്ട്ടറുമായ ഷാഹിന രാജീവിനെതിരെ കര്ണ്ണാടകാ പോലീസ് ചുമത്തിയ കേസിനെതിരെ മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തുന്ന നിസംഗ നിലപാടിനെ യോഗം വിമര്‍ശിച്ചു.

ഫോക്കസ് ജിദ്ദ ഭാരവാഹികളായി പ്രിന്സാദ് പാറായി (സി ഇ ഒ), ഷാഹിദ് അസൈനാര്‍, ആദില്‍ മുഹമ്മദ് (ഡെപ്യൂട്ടി സി ഇ ഒ), മുബഷിര്‍ കുനിയില്‍ (എച്ച് ആര്‍ മനേജര്‍), മുബാറക് അരീക്കാട് (ഫൈനാന്സ് മാനേജര്‍), ഷക്കീല്‍ ബാബു (ഐ ടി മനേജര്‍), മുഹമ്മദ് ആര്യന്‍തൊടിക (ഇസ്ലാമിക് അഫയേഴ്സ്), ബാസില്‍ അബ്ദുല്‍ ഗനി, റബീഹ് കബീര്‍ (സ്പോര്ട്ട്സ് & ഹെല്‍ത്ത് കെയര്‍), ഫഹദ്, റിന്ഷാദ് (ആര്ട്സ് & ലിറ്റെറേച്ചര്‍), മുജീബുറഹ്മാന്‍ ചെങ്ങര (പബ്ലിക് റിലേഷന്‍സ് & മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു. പ്രശസ്ത ബ്ലോഗര്‍ ബശീര്‍ വള്ളിക്കുന്ന്, നൌഷാദ് കരിങ്ങനാട് എന്നിവര്‍ സംസാരിച്ചു. മുബഷിര്‍ കുനിയില്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ പ്രിന്സാദ് പാറായി സ്വാഗതവും, ബാസില്‍ അബ്ദുല്‍ ഗനി നന്ദിയും രേഖപ്പെടുത്തി.
Read More

Wednesday, July 28, 2010

തൊഴില്‍ മേഖലയിലെ നൂതനപ്രവണതകളെ അടുത്തറിയുക : ഫോക്കസ്‌ ശില്‍പ്പശാല

ജിദ്ദ: തൊഴില്‍ രംഗത്തെ ആധുനിക രീതികളെയും സാങ്കേതിക സംവിധാനങ്ങളെയും അടുത്തറിയാന്‍ ശ്രമിക്കേണ്ടതും അവയില്‍ പരിശീലനം നേടേണ്ടതും ബിരുദങ്ങള്‍ നേടുന്നതോളം പ്രധാന്യമര്‍ഹിക്കുന്നുണ്ടെന്ന്‌ ഫോക്കസ്‌ ജിദ്ദ നടത്തിയ തൊഴില്‍ അഭിമുഖ ശില്‍പ്പശാലയില്‍ പങ്കെടുത്ത വിദഗ്ദർ അഭിപ്രായപ്പെട്ടു. ഒരു ബിരുദം നേടുന്നതോടെ എല്ലാം തികഞ്ഞു എന്നു കരുതുന്നവര്‍ ഇന്റര്‍വ്യൂകളിലും റിക്രൂട്ട്‌മെന്റ്‌ ടെസ്‌റ്റുകളിലും ദയനീയമായി പരാജയപ്പെടുന്നത്‌ സാധാരണമാണ്‌. ക്ലാസ്‌ മുറികളില്‍ നിന്ന്‌ ലഭിച്ച വിജ്‌ഞാനങ്ങളെ പ്രായോഗിക തലത്തിലേക്ക്‌ സന്നിവേശിപ്പിക്കാന്‍ വിദഗ്‌ദ ശി‌ക്ഷണവും നിരന്തരപരിശീലനവും ആവശ്യമാണ്‌. സാമ്പ്രദായിക വിജ്‌ഞാനങ്ങള്‍ക്ക്‌ പകരം ഇന്റര്‍വ്യൂകളില്‍ പരീക്ഷിക്കപ്പെടുന്നത്‌ പ്രായോഗികജ്‌ഞാനം, ആശയവിനിമയപാടവം, പെരുമാറ്റരീതികള്‍ എന്നിവയാണ്‌.

ജോബ്‌ ഇന്റര്‍വ്യൂ ടിപ്‌സ്‌ ആന്‍ഡ്‌ ട്രിക്ക്‌സ്‌ എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന വര്‍ക്ക്‌ഷോപ്പില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ സലാഹ്‌ കാരാടന്‍, ഹ്യൂമണ്‍ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ദന്‍ ആദര്‍ശ്‌ തലപ്പൊറ്റ, ലെഗസി ഇന്‍വെസ്‌റ്റേഴ്‌സ്‌ ഗ്രൂപ്പ് ഡയറക്‌ടര്‍ അഷ്‌റഫ്‌ ഉണ്ണീന്‍ എന്നിവര്‍ ക്ലാസെടുത്തു.

ബയോഡാറ്റ തയ്യാറാക്കുന്ന രീതി, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്‌ധിക്കേണ്ട പൊതു കാര്യങ്ങള്‍, തൊഴില്‍ വേട്ടയുടെ മനശാസ്‌ത്ര വശം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഫോക്കസ്‌ ജിദ്‌ദ സി.ഇ.ഒ പ്രിന്‍സാദ്‌, ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ വളളിക്കുന്ന്‌ എന്നിവര്‍ സംസാരിച്ചു.

സമാനമായ വര്‍ക്ക്‌ഷോപ്പുകളും യുവാക്കള്‍ക്ക്‌ വേണ്ടിയുളള വിജ്‌ഞാന പരിശീലന പരിപാടികളും ഫോക്കസ്‌ ജിദ്‌ദയുടെ ബാനറില്‍ ആസുത്രണം ചെയ്‌തു വരുന്നുണ്ടെന്നും സഹകരിക്കാന്‍ താത്‌പര്യമുളളവര്‍ 0507163883, 0556519374 എന്നീ നമ്പറുകളില്‍ ബന്‌ധപ്പെടണമെന്നും ഭാരവാഹികള്‍ പറഞ്ഞു. കെ. സി. മുബശിര്‍ സ്വാഗതവും മുബാറക്‌ അരീക്കാട്‌ നന്‌ദിയും പറഞ്ഞു.


ജോബ്‌ ഇന്റര്‍വ്യൂ ടിപ്പ്സ്‌ ആന്‍ഡ്‌ ട്രിക്ക്‌സ്‌ എന്ന വിഷയത്തെ ആസ്‌പദമാക്കി ഫോക്കസ്‌ ജിദ്‌ദ നടത്തിയ ശില്‍പ്പശാലയില്‍ സലാഹ്‌ കാരാടന്‍, ആദര്‍ശ്‌ തലപ്പൊറ്റ, അഷ്‌റഫ്‌ ഉണ്ണീന്‍ എന്നിവര്‍ ക്ലാസെടുക്കുന്നു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...