Showing posts with label I S M. Show all posts
Showing posts with label I S M. Show all posts

Wednesday, December 17, 2014

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍ നീക്കം രാജ്യത്തെ പൗരന്മാര്‍ ഒന്നിച്ച് ചെറുക്കണം: - ഐ എസ് എം



കോഴിക്കോട്: രാമക്ഷേത്ര നിര്‍മാണം, നിര്‍ബന്ധ മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളിലൂടെ രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത ചില കേന്ദ്രമന്ത്രിമാരും, എം പിമാരും നടത്തിക്കൊണ്ടിരിക്കുന്ന വിഷം ചീറ്റുന്ന പ്രസ്താവനകള്‍ രാഷ്ട്രത്തിന്റെ മതേതര മുഖം ദുര്‍ബലപ്പെടുത്തുകയാണ്.

സ്വന്തം പ്രതിച്ഛായ നിര്‍മാണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന നരേന്ദ്രമോദി രാജ്യത്ത് അപകടകരമാംവിധം തിരിച്ചുവരുന്ന ഫാസിസ്റ്റ് ഭീകരതയെക്കുറിച്ച് മൗനം പാലിക്കുകയാണ്. കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന ആര്‍ എസ് എസിന്റെ ഒളിയജണ്ടകള്‍ നടപ്പാക്കുന്ന പാവസര്‍ക്കാറായി മോദി സര്‍ക്കാര്‍ അധ:പതിച്ചിരിക്കുകയാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. മതേതര ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിനും കെട്ടുറപ്പിനും രാജ്യത്തെ മുഴുവന്‍ പൗരന്മാരും വിശാലാര്‍ഥത്തില്‍ ഒന്നിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മാനുഷികതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പാക്കിസ്ഥാനിലെ പെഷവാറില്‍ സ്‌കൂള്‍ കൂട്ടികളെ കൊന്നൊടുക്കിയ നടപടിയെ ഐ എസ് എം സെക്രട്ടറിയേറ്റ് അപലപിച്ചു. സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, ഫൈസല്‍ നന്മണ്ട, മന്‍സൂറലി ചെമ്മാട്, ഡോ. ഫുക്കാറലി, വീരാപ്പു അന്‍സാരി, ഡോ. ലബീദ് അരീക്കോട്, അബ്ദുസ്സലാം മുട്ടില്‍, ഹിജാസ് സിറ്റി, ശുക്കൂര്‍ കോണിക്കല്‍, ജാബിര്‍ അമാനി, അബ്ദുല്‍ഖാദര്‍ കടവനാട്, നൗഷാദ് കുറ്റ്യാടി പങ്കെടുത്തു.
Read More

Monday, November 10, 2014

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യണം -ഐ എസ് എം

അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വിശ്വാസങ്ങളുടെ മറവില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മനുഷ്യരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സിദ്ധരെയും മന്ത്രവാദികളെയും സാമൂഹിക വിചാരണ ചെയ്യണമെന്ന് അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ആവശ്യപ്പെട്ടു. 

അന്ധവിശ്വാസങ്ങളുടെ മറവില്‍ നാല് മനുഷ്യജീവനുകള്‍ കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ ഹോമിക്കപ്പെട്ടു. സാംസ്‌കാരിക കേരളം തുടരുന്ന നിസ്സംഗത ഭയാനകമാണ്. ശക്തമായ ബോധവല്‍ക്കരണത്തോടൊപ്പം കര്‍ശന വകുപ്പുകളോടെ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം അനിവാര്യമാണെന്നും അടുത്ത നിയമ സഭാസമ്മേളനത്തില്‍ അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ ബില്ല് കൊണ്ടുവരുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും സംഗമം ചൂണ്ടിക്കാട്ടി. 

ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തിരസ്‌കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്  അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. എം അഹ്മദ് കുട്ടി മദനി, ഇസ്മാഈല്‍ കരിയാട്, ശുക്കൂര്‍ കോണിക്കല്‍, നൗഷാദ് കുറ്റ്യാടി, അബ്ദുല്‍ ജലീല്‍ ഒതായി, അബ്ദുസ്സലാം മുട്ടില്‍, ഡോ. ലബീദ് അരീക്കോട്, അഫ്താഷ് ചാലിയം, ശാക്കിര്‍ ബാബു കുനിയില്‍ പ്രസംഗിച്ചു.

Read More

Thursday, October 23, 2014

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുന്നോട്ട് വരണം: ഐ എസ് എം

തിരുവനന്തപുരം: അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ആവേശകരമായി. കോരിച്ചൊരിയുന്ന മഴയിലും ആവേശം അണയാതെ ആയിരങ്ങളാണ് മാര്‍ച്ചിന് എത്തിയത്. മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത് നിന്നാരംഭിച്ച റാലിക്ക് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, സൗത്ത് സോണ്‍ പ്രസിഡന്റ് നാസര്‍ മുണ്ടക്കയം, ഭാരവാഹികളായ അബ്ദുസ്സലാം മുട്ടില്‍, ജഅ്ഫര്‍ വാണിമേല്‍, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ നന്മണ്ട, മന്‍സൂറലി ചെമ്മാട്, ഡോ. ലബീദ് അരീക്കോട്, ഡോ. ഫുക്കാറലി, അബ്ദുല്‍ജലീല്‍ ഒതായി, നൗഷാദ് കുറ്റ്യാടി, വീരാപ്പു അന്‍സാരി, ശമീര്‍ ഫലാഹി നേതൃത്വം നല്‍കി.

അന്ധവിശ്വാസ ചൂഷണങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കേരളത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിരമായി മുന്നോട്ട് വരണമെന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ സദസ്സ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മന്ത്രവാദ കൊലപാതകങ്ങളും അന്ധവിശ്വാസത്തിന്റെ പേരിലുള്ള സാമ്പത്തിക ലൈംഗിക ചൂഷണങ്ങളും തുടരുന്ന സാഹചര്യത്തില്‍ ശക്തമായ വകുപ്പുകളോടെ നിയമത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് സംഗമം ചൂണ്ടിക്കാട്ടി. 


സാംസ്‌കാരിക രംഗത്ത് കേരളത്തെ വികൃതമാക്കിയ എല്ലാ നവോത്ഥാന മൂല്യങ്ങളും കീഴ്‌മേല്‍ മറിയുന്ന കാഴ്ച അത്യന്തം ഖേദകരമാണെന്നും സദസ്സ് അഭിപ്രായപ്പെട്ടു.


ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസ പ്രചാരകരുമായുള്ള അവിശുദ്ധ ബാന്ധവം അവസാനിപ്പിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജഅ്ഫര്‍ വാണിമേല്‍ അധ്യക്ഷനായിരുന്നു. മാധ്യമങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ജനകീയ സദസ്സില്‍ സംസാരിച്ച പാളയം ഇമാം ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി ആവശ്യപ്പെട്ടു.
 കേരളീയ പൊതുബോധത്തെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ കൊണ്ടുവരാന്‍ ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് വി ടി ബെല്‍റാം എം എല്‍ എ പറഞ്ഞു. അന്ധവിശ്വാസ ചൂഷണങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള നിയമനിര്‍മാണത്തിന് മാനവികതയില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അഭിപ്രായപ്പെട്ടു. 


വിശ്വാസ സ്വാതന്ത്ര്യം അന്ധവിശ്വാസ പ്രചരണത്തിന് ഒരിക്കലും ദുരുപയോഗപ്പെട്ടുകൂട എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. അന്ധവിശ്വാസ പ്രചരണത്തിനു പിന്നിലുള്ള മുതലാളിത്ത ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് പറഞ്ഞു. കെ എന്‍ എം സംസ്ഥാന ട്രഷര്‍ എം സ്വലാഹുദ്ദീന്‍ മദനി, ഐ എസ് എം ജന.സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജനറല്‍ സെക്രട്ടറി ഹാഫിളുറഹ്മാന്‍ പുത്തൂര്‍, നാസര്‍ മുണ്ടക്കയം, മന്‍സൂറലി ചെമ്മാട് എന്നിവരും സംസാരിച്ചു.


Read More

Friday, July 26, 2013

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്രദ്ധേയമായി


മടവൂർ: ISM മടവൂർ ശാഖാ കമ്മിറ്റി അന്യ സംസ്ഥാന തൊഴിലാളികൾക്ക്‌ വേണ്ടി സംഘടിപ്പിച്ച റംസാൻ സംഗമത്തിൽ യു.പി, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെക്കൊണ്ട് ശ്രദ്ധേയമായി. മൗലാന ഹാഫിദ് മഹമൂദ് ആലം മസ്ഹരി (ബീഹാർ) ഉദ്ബോധന പ്രസംഗം നടത്തി. ദേശ ഭാഷ വ്യത്യാസങ്ങൾക്കതീതമായി ഇസ്ലാമിക സമൂഹം പരസ്പര സൗഹാർദത്തോടെ ജീവിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. 

തുടർന്ന് നടന്ന സമൂഹ നോമ്പുതുറയിൽ നിരവധി പേർ പങ്കെടുത്തു. അബ്ദുല്ല ഹുസൈൻ,അനീസ്‌ ബാബു,ആരിഫ് പി.കെ,നബീൽ മണങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.
Read More

Wednesday, June 26, 2013

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശുദ്ധി മാനിക്കണം: ISM


കോഴിക്കോട് :മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ ഉദ്ദേശശുദ്ധി മാനിക്കാതെ നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിവാഹപ്രായം 16 ആക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പലകാരണങ്ങളാല്‍ 18 വയസ്സ് തികയാതെ നടന്ന വിവാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭ്യമാക്കാനുള്ള നടപടി മാത്രമായി കണ്ടാല്‍ മതി. വിവാഹപ്രായം ഇപ്പോള്‍ നിലവിലുള്ളതുപോലെ 18 തന്നെയായി നിജപ്പെടുത്തണം. പെണ്‍കുട്ടികള്‍ക്ക് മാനസിക ശാരീരിക പക്വത നേടാനും പഠനാവസരങ്ങള്‍ക്കും കൂടുതല്‍ നല്ലത് പ്രായപരിധി 18 വയസ്സാക്കുന്നതാണ്. വിഷയം വൈകാരികമായി കാണാതെ സര്‍ക്കാരും സംഘടനകളും പക്വവും അവധാനതയോടെയുമുള്ള സമീപനം സ്വീകരിക്കണമെന്നും തദ്ദേശസ്വയംഭരണ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഈസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം മുട്ടില്‍, ജാബിര്‍ അമാനി, ശുക്കൂര്‍ കോണിക്കല്‍, ഡോ. ഫുക്കാറലി, അബ്ദുല്‍ ജലീല്‍ പാനൂര്‍, വീരാപ്പു അന്‍സാരി, സമീര്‍ കായംകുളം, കാദര്‍ കടവനാട് പ്രസംഗിച്ചു.
Read More

Wednesday, April 24, 2013

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്തിന് കളങ്കം: ISM

കോഴിക്കോട് : വംശീയ വിദ്വേഷത്തിന്റെയും കൂട്ട നരഹത്യയുടെയും സൂത്രധാരനായ നരേന്ദ്രമോദിയെ വെള്ളപൂശാന്‍ മതേതര ചേരിയില്‍ നിന്നുതന്നെ പലരും മുന്നോട്ട് വരുന്നത് ആശങ്കാജനകമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ്. മതേതര ഇന്ത്യക്ക് തീരാകളങ്കം ഉണ്ടാക്കിയ നരേന്ദ്രമോദിയെ കേരളത്തിലേക്ക് ചുവപ്പ് പരവതാനി വിരിച്ച് ആനയിക്കാനുള്ള ചിലരുടെ നീക്കം ഇന്ത്യയുടെ മതേതര പാരമ്പര്യത്തോടുള്ള കൊഞ്ഞനം കുത്തലാണ്. ബി ജെ പി സഖ്യത്തിലെ പ്രധാന കക്ഷിയായ ജെ ഡി യു പോലും മോദിയെ ഉയര്‍ത്തിക്കാട്ടുന്നതിനെതിരെ ശക്തിയായി പ്രതിഷേധമുയര്‍ത്തിയപ്പോള്‍ യു ഡി എഫ് ഭരണത്തിലെ ഒരു മന്ത്രി ഗുജറാത്തില്‍ ചെന്ന് മോദിയെ സന്ദര്‍ശിച്ചതും മറ്റു ചിലര്‍ അദ്ദേഹത്തെ ശ്രീനാരായണ ഗുരുവിന്റെ ആസ്ഥാനത്തേക്ക് ക്ഷണിച്ചതും ആത്മഹത്യാപരമായിപ്പോയി. 

രാഷ്ട്രത്തിന്റെ സവിശേഷമായ മതേതര പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്നവര്‍ക്ക് മാന്യതയുടെ പരിവേഷം നല്കാനുള്ള ഏത് നീക്കത്തെയും ഗൗരവമായി കാണണമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം മുട്ടില്‍, ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, ശുക്കൂര്‍ കോണിക്കല്‍, ഡോ. ഫുക്കാറലി, ഡോ. ലബീദ് അരീക്കോട്, അബ്ദുല്‍ ഖാദര്‍ കടവനാട് എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, February 04, 2013

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് യുവാക്കള്‍ നേതൃത്വം നല്കണം: UP യഹ് യാഖാന്‍


തിരൂര്‍; സമൂഹത്തിന്റെ സര്‍വരംഗങ്ങളിലും അധാര്‍മിക പ്രവണതകള്‍ വ്യാപകമായ സാഹചര്യത്തില്‍ മാതൃകായോഗ്യരായ യുവജനങ്ങളാണ് നാളെയുടെ പ്രതീക്ഷയെന്നും രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് യുവാക്കള്‍ നേതൃത്വം നല്കണമെന്നും ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്്് യാഖാന്‍ അഭിപ്രായപ്പെട്ടു. ഇത്തിഹാദു ശ്ശുബ്ബാനില്‍ മുജാഹിദീന്‍ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി പി മുഹമ്മദ് കു്ട്ടി അന്‍സാരി അധ്യക്ഷത വഹിച്ചു. 

സ്വീകരണ സമ്മേളനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഉബൈദുല്ല താനാളൂര്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ കെ സഫിയ ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. അധാര്‍മികതകളെ ചെറുത്തു തോല്പിക്കാനും സമൂഹത്തെ ധാര്‍മിക വത്കരിക്കാനും കഴിയുന്ന വിഭാഗമാണ് യുവാക്കള്‍. അതുകൊണ്ട് ധാര്‍മിക യുവതക്ക് സമൂഹത്തിന്റെ സര്‍വ പിന്തുണയും ലഭിക്കേണ്ടതുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട് പ്രസ്താവിച്ചു. 

 സമ്മേളനത്തില്‍ ലബീദ് അരീക്കോട്, അബ്ദുസ്സലാം മുട്ടില്‍, മന്‍സൂറലി ചെമ്മാട്, ഖദീജ നര്‍ഗീസ്, ഡോ. ഫുക്കാര്‍ അലി, ജലീല്‍ ഒതായി, ഷരീഫ് തിരൂര്‍, ഷാനവാസ് പറവന്നൂര്‍, റിഫ ഷെലീസ് എന്നിവര്‍ സംസാരിച്ചു.
Read More

Wednesday, January 30, 2013

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുന്നു: ISM


കോഴിക്കോട്: കേരള ഭരണത്തിന്റെ അടിയാധാരം തങ്ങളുടെ കൈയിലാണെന്ന മട്ടില്‍ നിരന്തരം പ്രസ്താവനകളിറക്കുന്ന സുകുമാരന്‍ നായര്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുകയാണെന്ന് ഐ എസ് എം സംസ്ഥാന യുവസംഗമം അഭിപ്രായപ്പെട്ടു. 

 എന്‍ എസ് എസ് പിന്തുണയോടുകൂടിയാണ് യു ഡി എഫ് അധികാരത്തിലെത്തിയതെന്ന സുകുമാരന്‍ നനായരുടെ പ്രസ്താവന വിടുവായിത്തം മാത്രമാണ്. സമദൂരം പറഞ്ഞ് രണ്ട് മുന്നണികളില്‍ നിന്നും അകലം പാലിച്ചവരുടെ പുതിയ വാദം എട്ടുകാലി മമ്മൂഞ്ഞിന്റേതാണ്. വായില്‍ കൊള്ളാത്ത വാദങ്ങള്‍ നിരത്തും മുമ്പ് ഏതൊക്കെ മണ്ഡലത്തില്‍ ആരെയൊക്കെ തോല്‍പിക്കാനും ജയിപ്പിക്കാനും ആകുമെന്ന പട്ടിക പരസ്യപ്പെടുത്താന്‍ സുകുമാരന്‍ നായര്‍ തയ്യാറാവണം. വോട്ടെണ്ണിക്കഴിഞ്ഞ് തങ്ങളുടെ സ്വാധീനം മൂലമാണ് വിജയപരാജയങ്ങള്‍ ഉണ്ടായതെന്ന അല്പത്തം നിറഞ്ഞ പ്രസ്താവന എ ന്‍ എസ് എസ് ഉപേക്ഷിക്കണം. തങ്ങള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ലെന്ന് നിരന്തരം പറയുന്ന എന്‍ എസ് എസ് നേതൃത്വം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാറില്‍ നിന്നും നേടിയെടുത്ത ആനുകൂല്യങ്ങളുടെ ധവളപത്രം പുറത്തിറക്കണം. സുകുമാരന്‍ നായര്‍ മീശ പിരിക്കുമ്പോള്‍ നട്ടെല്ല് വളയ്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണ്. സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ടുവരണമെന്നും ഐ എസ് എം യുവസംഗമം ആവശ്യപ്പെട്ടു. 

കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി യുവസംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഖാദര്‍ കടവനാട് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ഹംസ സുല്ലമി മൂത്തേടം, നജ്മുദ്ദീന്‍ ഒതായി പ്രസംഗിച്ചു.
Read More

Monday, January 21, 2013

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM പ്രചാരണത്തിന് 23ന് കോഴിക്കോട്ട് തുടക്കം


കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 'ധാര്‍മിക യുവത സുരക്ഷിത സമൂഹം' എന്ന പേരില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. ലൈംഗികാതിക്രമങ്ങള്‍, മദ്യം, ചൂതാട്ടം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീപീഡനങ്ങള്‍ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവയ്‌ക്കെതിരെ സമൂഹത്തെ ബോധവല്ക്കരിക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും ടീനേജ് മീറ്റുകള്‍, ഗൃഹാങ്കണ കുടുംബ സംഗമങ്ങള്‍, യുവജന കൂട്ടായ്മ, പഠനക്യാമ്പ്, പദയാത്രകള്‍, ഗൃഹസമ്പര്‍ക്കം, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. എം എസ് എം, എം ജി എം കമ്മറ്റികളുടെ സഹകരണത്തോടെ ക്യാമ്പസുകളിലും സ്ത്രീകള്‍ക്കിടയിലും ബോധവല്ക്കരണ പരിപാടികള്‍ നടത്തും. 

പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23 ന് (ബുധന്‍) വൈകു. 4 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിക്കും. കെ പി സി സി ജന.സെക്രട്ടറി അഡ്വ. ടി സിദ്ദീഖ്, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യ കണ്‍വീനര്‍ അഡ്വ. പി കെ ഫിറോസ്, ഡി വൈ എഫ് ഐ നേതാവ് കെ കെ ഹനീഫ, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സക്കരിയ്യ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഫയാസ് ആലപ്പുഴ, ഐ എസ് എം വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍ എന്നിവര്‍ സംസാരിക്കും. 


Read More

Saturday, January 19, 2013

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് : ISM



കോഴിക്കോട്: ഡീസല്‍വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ക്രൂരവും രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതുമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. തീരുമാനം എത്രയും പെട്ടെന്ന് പുനപ്പരിശോധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പുതിയ തീരുമാനം പണപ്പെരുപ്പം കൂട്ടാനും വിലകള്‍ കുതിച്ചുയരാനും ഇടയാക്കുമെന്നുറപ്പാണ്. സര്‍ക്കാറുകളുടെ കൊള്ളരുതായ്ക മൂലമുണ്ടാകുന്ന സാമ്പത്തിക കമ്മി പരിഹരിക്കാന്‍ സാധാരണ ജനങ്ങളുടെ നടുവൊടിക്കുന്ന തീരുമാനങ്ങളെടുക്കുന്നത് ശരിയല്ല. കുത്തകകള്‍ക്ക് സൗജന്യങ്ങളും ഇളവുകളും വാരിക്കോരി നല്കുകയും പൊതുജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന സമീപനമാണ് മന്‍മോഹന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരുന്നത്. മാസത്തില്‍ രണ്ടുതവണ വിലനിലവാരം പുനപ്പരിശോധിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കുക വഴി ചൂഷണത്തിനുള്ള വാതിലാണ് കേന്ദ്രം തുറന്നിട്ടിരിക്കുന്നത്. പൗരന്മാരുടെ ക്ഷമ പരിശോധിക്കാതെ പുതിയ തീരുമാനത്തില്‍ നിന്ന് കേന്ദ്രം ഉടന്‍ പിന്‍തിരിയണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. 

 സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ജാബിര്‍ അമാനി, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്, ഫൈസല്‍ നന്മണ്ട, മമ്മൂട്ടി മുസ്‌ല്യാര്‍, ഡോ. ലബീദ് അരീക്കോട്, ഡോ.ഫുക്കാറലി, ഹിജാസ് സിറ്റി, അബ്ദുല്‍ ജലീല്‍ പാനൂര്‍, അബ്ദുല്‍ ഖാദര്‍ കടവനാട്, നൗഷാദ് കുറ്റിയാടി, വീരാപ്പു അനന്‍സാരി, സമീര്‍ കായംകുളം പ്രസംഗിച്ചു.
Read More

Tuesday, January 15, 2013

വിദ്യാര്‍ഥി-യുവജന സംഘടനകളെ പിരിച്ചുവിട്ടത് അനിവാര്യമായ തിരിച്ചടി : ISM


കോഴിക്കോട്: ആദര്‍ശ വ്യതിയാനം ആരോപിച്ച് 2002 ല്‍ ഐ എസ് എമ്മിനെ പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ക്കുള്ള ചരിത്രപരമായ തിരിച്ചടിയാണ് അതേ കാരണത്തിന്റെ പേരില്‍ തങ്ങളുടെ വിദ്യാര്‍ഥി യുവജന സംഘടനകളെ പിരിച്ചുവിട്ട് വീണ്ടും അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കേണ്ടിവന്നതിലൂടെ എ പി വിഭാഗം മുജാഹിദുകള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നതെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാനും ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാടും പ്രസ്താവനയില്‍ പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ദൗത്യനിര്‍വഹണവുമായി കേരളത്തില്‍ നാലരപ്പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഐ എസ് എമ്മിന് ഒരു ബദല്‍ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ആവശ്യമില്ലെന്നും ഐ എസ് എം നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

എന്തിന്റെ പേരിലാണ് തങ്ങളുടെ വിദ്യാര്‍ഥി-യുവജന സംഘടനകളെ പിരിച്ചുവിട്ടതെന്ന് എ പി വിഭാഗം കെ എന്‍ എം നേതൃത്വം വ്യക്തമാക്കണം. ജിന്ന്, സിഹ്‌റ് വിവാദത്തില്‍ പിരിച്ചുവിട്ടവരും പിരിച്ചുവിടപ്പെട്ടവരും മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ആദര്‍ശത്തിന്നെതിരായി പ്രവര്‍ത്തിച്ചവരാണ്. ജിന്ന് ചികിത്സയും പിശാചിനെ അടിച്ചിറക്കലും മാരണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസ പ്രചരണത്തില്‍ എ പി വിഭാഗം മുജാഹിദുകളിലെ ഇരുവിഭാഗവും പങ്കാളികളാണെന്നിരിക്കെ വിദ്യാര്‍ഥി-യുവജന സംഘടനകളെ മാത്രം പിരിച്ചുവിട്ടതുകൊണ്ട് മുഖം രക്ഷിക്കാനാവില്ല. അന്ധ വിശ്വാസ പ്രചരണത്തിന് ആളും അര്‍ഥവും നല്‍കി പ്രോത്സാഹിപ്പിച്ചവരാണ് എ പി വിഭാഗം കെ എന്‍ എം നേതൃത്വമെന്നത് അനിഷേധ്യമായ വസ്തുതയാണ്. മാരണം സംബന്ധിച്ച് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് ഇപ്പോഴും എ പി വിഭാഗം നേതൃത്വമെന്നത് നിഷേധിക്കാനാവില്ല. ഭിന്ന മതക്കാരോടും ആശയക്കാരോടും അസഹിഷ്ണുതയും തീവ്രതയും വെച്ചുപലുര്‍ത്തുന്ന ചില പ്രബോധകരാണ് പ്രസ്ഥാനത്തിന് അപകീര്‍ത്തികരമായ വാദങ്ങള്‍ അവതരിപ്പിച്ചത്. ഇവര്‍ക്ക് വശംവദരായാണ് ആദ്യതവണ പ്രസ്ഥാനത്തെ പിരിച്ചുവിട്ടതെന്ന് മറക്കരുത്. 

 മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ അന്ധവിശ്വാസ പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ കുറ്റം ഏറ്റുപറഞ്ഞ് സംഘടന പിരിച്ചുവിട്ട് ഡോ ഹുസൈന്‍ മടവൂരിന്റെയും ഡോ ഇ കെ അഹ്മദ്കുട്ടിയുടെയും സി പി ഉമര്‍ സുല്ലമിയുടെയും നേതൃത്വത്തിലുള്ള യഥാര്‍ഥ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരാന്‍ എ പി വിഭാഗം കെ എന്‍ എം തയ്യാറാവണമെന്നും ഐ എസ് എം നേതാക്കള്‍ പറഞ്ഞു.
Read More

Thursday, May 31, 2012

ഖുര്‍ആനിക വെളിച്ചം ഉള്‍ക്കൊണ്ട്‌ ജീവിക്കുക - മന്ത്രി അബ്‌ദുര്‍റബ്ബ്‌



കടലുണ്ടി: ആധുനിക സമൂഹത്തിലെ അന്ധകാരത്തിന്‌ പരിഹാരം ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട്‌ ജീവിതം നയിക്കലും ഖുര്‍ആനിക വെളിച്ചത്തിലേക്ക്‌ സമൂഹത്തെ ക്ഷണിക്കലുമാണെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‌ദുര്‍റബ്ബ്‌ പ്രസ്‌താവിച്ചു. കടലുണ്ടി ശാഖാ ഐ എസ്‌ എം സംഘടിപ്പിച്ച `വെളിച്ചം' ഖുര്‍ആന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെളിച്ചം ഖുര്‍ആന്‍ പരീക്ഷാ വിജയികള്‍ക്കും എസ്‌ എസ്‌ എല്‍ എസി ജേതാക്കള്‍ക്കും മന്ത്രി സമ്മാനവിതരണം നടത്തി. 


ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി എ സഈദ്‌ ഫാറൂഖി, ജഅ്‌ഫര്‍ വാണിമേല്‍, ടി കെ ശൈലജ, എന്‍ പി ബാദുഷ, ടി പി ഹുസൈന്‍ കോയ, അനസ്‌ കടലുണ്ടി പ്രസംഗിച്ചു. പഠനസെഷനില്‍ മമ്മുട്ടി മുസ്‌ലിയാര്‍, കെ പി അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി ക്ലാസ്സെടുത്തു. എ കെ റഷീദ്‌ മാസ്റ്റര്‍, ടി പി റഫീഖ്‌ റഹ്‌മാന്‍, ടി മുഹ്‌സിന്‍, പി എ നസീര്‍ പ്രസംഗിച്ചു. വനിതാ സമ്മേളനത്തില്‍ സല്‍മ അന്‍വാരിയ പ്രഭാഷണം നടത്തി. നജീബ അനസ്‌, മറിയംബീവി ടീച്ചര്‍, ദില്‍നാ ഫാത്തിമ, സാബിറ സുബൈര്‍ പ്രസംഗിച്ചു.
Read More

Tuesday, May 22, 2012

പ്രബോധകരുടെ ജീവിതം സമൂഹത്തിന് മാതൃകയാകണം - മൗലാനാ അര്‍ഷാദ് ബഷീര്‍ അല്‍ മദനി

മര്‍കസുദ്ദഅ്‌വയില്‍ നടന്ന സ്‌നേഹസംവാദത്തില്‍
മൗലാനാ അര്‍ഷാദ് ബഷീര്‍ അല്‍ മദനി
സംസാരിക്കുന്നു


കോഴിക്കോട്: ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നവരാണ് തീവ്രവാദത്തിന്റെയും വര്‍ഗീയതയുടെയും വക്താക്കളാകുന്നതെന്ന് പ്രമുഖ പ്രബോധകനും ആസ്‌ക് ഇസ്‌ലാം പീഡിയ ഡയറക്ടറുമായ മൗലാന അര്‍ശാദ് ബഷീര്‍ അല്‍ മദനി ഹൈദരാബാദ് പറഞ്ഞു. മതപരവും ഭാഷാപരവുമായ വൈജാത്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനുമായി എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐ എസ് എം ആസ്ഥാനമായ മര്‍കസുദ്ദഅ്‌വയില്‍ സ്‌നേഹസംവാദത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. പ്രബോധകര്‍ സമൂഹത്തിന് മാതൃകയാവും വിധമുള്ള ജീവിതശൈലി സ്വീകരിക്കണം. ഇസ്‌ലാമിന്റെ സന്ദേശം ആഗോളതലത്തില്‍ പ്രചരിപ്പിക്കാന്‍ പ്രബോധകര്‍ പുതിയ കാലത്തെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണം. യുവജനങ്ങളുടെ കര്‍മശേഷി രാഷ്ട്രത്തിനും സമൂഹത്തിനും മുതല്‍കൂട്ടാക്കി മാറ്റും വിധം യുവജനസംഘടനകള്‍ അജണ്ടകള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ എസ് എം സംസ്ഥാന സെക്രട്ടറി കെ ഹര്‍ഷിദ് അധ്യക്ഷനായിരുന്നു. എം എസ് എം ജന.സെക്രട്ടറി ജാസിര്‍ രണ്ടത്താണി. അഡ്വ. എം മൊയ്തീന്‍കുട്ടി, ശുക്കൂര്‍ കോണിക്കല്‍, ബ്രദര്‍ മന്‍സൂര്‍, നിസാം അലി ഖാന്‍, അഹ്മദ് ഹുസൈന്‍, ഇഫ്തിക്കര്‍ ഇസ്‌ലാം, കെ പി റിഹാസ് പ്രസംഗിച്ചു.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക
 Click here for more Pictures




.
Read More

Wednesday, April 04, 2012

ISM സംസ്ഥാന കൗണ്‍സില്‍ ഏപ്രില്‍ ഏഴ്, എട്ട് തിയ്യതികളില്‍ പാലക്കാട്ട്


പാലക്കാട്: ഐ എസ് എം സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഈ മാസം ഏഴ്, എട്ട് തിയ്യതികളില്‍ പാലക്കാട് ഐ സി സി ഓഡിറ്റോറിയത്തില്‍ നടക്കും. ഏഴിന് രാവിലെ 11ന് ആരംഭിക്കുന്ന കൗണ്‍സില്‍ കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യും. ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. ഐ എസ് എം ജനറല്‍സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഈസ മദനി, മുഹമ്മദലി അന്‍സാരി, പി ഹഫീസുല്ല പ്രസംഗിക്കും. 


ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ നടക്കുന്ന യുവജന സംവാദത്തില്‍ 'നിര്‍ജീവമാകുന്ന യൗവനം - ദൗത്യം മറക്കുന്ന സംഘടനകള്‍' വിഷയത്തില്‍ ജാഫര്‍ വാണിമേല്‍, ജാബിര്‍ അമാനി, ഷാഫി പറമ്പില്‍ എം എല്‍ എ, എം ഐ മനോജ്, പി എം സാദിഖലി എന്നിവര്‍ പങ്കെടുക്കും. 


വൈകീട്ട് 6.30 മുതല്‍ 9.30 വരെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റിയുടെ നേതൃത്വത്തില്‍ മേന്മയുള്ള സംഘടന, മികവാര്‍ന്ന നേതൃത്വം വിഷയത്തില്‍ കൗണ്‍സിലേഴ്‌സ് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടക്കും. 


എട്ടിന് രാവിലെ മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഇര്‍ശാദ് സ്വലാഹി, ടി വി അബ്ദുല്‍ഗഫൂര്‍, അബ്ദുസ്സലാം മുട്ടില്‍, എന്‍ എം അബ്ദുല്‍ജലീല്‍, എന്‍ എന്‍ മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിക്കും. ഡിസംബറില്‍ പാലക്കാട് നടക്കാനിരിക്കുന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണവും നടക്കും.
Read More

Monday, March 26, 2012

ആത്മീയ കേശവാണിഭങ്ങള്‍ക്കെതിരെ ISM ബഹുജനസംഗമം ഏപ്രില്‍ ഒന്നിന് മുക്കത്ത്


കോഴിക്കോട്: ആത്മീയകേശവാണിഭകള്‍ക്കെതിരെ ഐ എസ് എം തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഒന്നിന് മുക്കത്ത് ബഹുജനസംഗമം സംഘടിപ്പിക്കും. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ പി പി അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്യും. ഐ പി ഉമ്മര്‍, അബ്ദുല്‍ലത്തീഫ് കരുമ്പിലാക്കല്‍, ഒ അബ്ദുല്ല, ഇ എന്‍ ഇബ്രാഹീം മൗലവി, തുടങ്ങിയവര്‍ സംസാരിക്കും.


ഇതോട് അനുബന്ധിച്ച് വൈകുന്നേരം നാലിന് മുക്കം അങ്ങാടിയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് പി സി നാസര്‍ ഉദ്ഘാടനം ചെയ്തു.നസീര്‍ ചെറുവാടി അധ്യക്ഷത വഹിച്ചു. വി റഫീഖ്, ഷൗക്കത്തലി തിരുവമ്പാടി, ടി പി അസീസ്, പി എം അബൂക്കര്‍, കെ ലുഖ്മാന്‍, കെ സി എ നിസാര്‍, പി സി അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Wednesday, March 14, 2012

തൊഴിലുറപ്പ് ഉദ്യോഗസ്ഥ നിയമനം: സംസ്ഥാന സര്‍ക്കാര്‍ സംവരണം ഉറപ്പാക്കണം - ISM



കോഴിക്കോട്: തൊഴിലുറപ്പ് പദ്ധതിപ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ എന്നീ തസ്തികകളില്‍ സംവരണതത്വം പാലിക്കപ്പെടുന്നില്ലെന്നും ഇതിന് അടിയന്തര പരിഹാരം ഉണ്ടാവണമെന്നും ഐ എസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിഗണനകള്‍ക്ക് വിധേയമായാണ് മിക്ക പഞ്ചായത്തുകളിലും നിയമനം നടത്തുന്നത്.


അതാത് സംസ്ഥാനങ്ങളിലെ സംവരണ നിയമപ്രകാരമായിരിക്കണം നിയമനമെന്നത് കേന്ദ്ര തൊഴിലുറപ്പ് രേഖയില്‍ എടുത്തുപറയുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്ത് സംവരണ തത്വം കാറ്റില്‍ പറത്തുന്നതുകൊണ്ട് പിന്നാക്കക്കാര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. പ്രസ്തുത തസ്തികകളിലേക്കുള്ള നിയമനം പൊതുറാങ്ക് ലിസ്റ്റ് ഉണ്ടാക്കി സംവരണം പാലിച്ച് നടത്തണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. പിന്നാക്കക്കാര്‍ക്ക് ഒ ബി സി ഉപസംവരണം എന്ന കേന്ദ്രപ്രഖ്യാപനം മുസ്‌ലിംകളുള്‍പ്പെടെയുള്ള പിന്നാക്കക്കാര്‍ക്ക് തിരിച്ചടിയാവരുത്. ജസ്റ്റിസ് രംഗനാഥമിശ്ര കമ്മിഷന്‍ പ്രകാരം പത്ത് ശതമാനം മുസ്‌ലിം സംവരണത്തിന് രാജ്യത്ത് അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.


പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഐ പി അബ്ദുസ്സലാം, ഇ ഒ ഫൈസല്‍, സുഹൈല്‍ സാബിര്‍, മന്‍സൂറലി ചെമ്മാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More

Monday, March 05, 2012

തിരുകേശവും കത്തിച്ചാല്‍ കരിയുന്നതുതന്നെ - സി.പി. ഉമര്‍ സുല്ലമി


തിരൂര്‍: നബിയുടെ തിരുമുടിയാണെങ്കിലും കത്തിച്ചാല്‍ കരിയുന്നതുതന്നെയാണെന്ന് കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി പറഞ്ഞു. ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ, കേശവാണിഭത്തിനെതിരെ എന്ന പ്രമേയത്തില്‍ ഐ.എസ്.എം. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനസംഗമം തിരൂരില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബിയുടെ നഖം, മുടി തുടങ്ങിയ ശരീര അവശിഷ്ടങ്ങള്‍ പുണ്യമെടുക്കുന്നതിന് വേണ്ടി സൂക്ഷിക്കുകയോ അതിനുവേണ്ടി ആരാധനാലയങ്ങള്‍ നിര്‍മിക്കുവാനോ ഇസ്‌ലാം മതത്തില്‍ നിര്‍ദേശിച്ചിട്ടില്ല. പ്രവാചകന്റെ ജന്മനാടായ മെക്കയിലോ കര്‍മമണ്ഡലമായ മദീനയിലോ പ്രവാചകന്റെ തിരുശേഷിപ്പുകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഒ. അബ്ദുള്ള, അഷറഫലി കാളിയത്ത്, പി. കുഞ്ഞാലന്‍കുട്ടി, കെ. മുഹമ്മദ് ഫിറോസ്, പി. സുഹൈല്‍സാബിര്‍, ജാസിര്‍ രണ്ടത്താണി, അബ്ദുല്‍ലത്തീഫ് കരിമ്പുലാക്കല്‍, ഉബൈദുള്ള താനാളൂര്‍, അബ്ദുല്‍കരീം എന്‍ജിനിയര്‍, കെ. ബാപ്പുട്ടി എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തിന് മുന്നോടിയായി നടന്ന പ്രതിഷേധറാലി തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
Read More

Saturday, March 03, 2012

കേശവാണിഭത്തിനും ആത്മീയ ചൂഷണത്തിനുമെതിരെ ISM റാലിയും ബഹുജന സംഗമവും ഇന്ന് തിരൂരില്‍



തിരൂര്‍ :ആത്മീയ ചൂഷണത്തിനും കേശവാണിഭത്തിനുമെതിരെ ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും ബഹുജനസംഗമവും ഇന്ന് [3.3.12 ശനി] തിരൂരില്‍ നടക്കും. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമൂഹ മന:സാക്ഷിയെ ഉണര്‍ത്താനും,പ്രവാചകകേശത്തിന്റെ പേരില്‍ ആത്മീയ വ്യാപാരം നടത്തുന്നവരുടെ കള്ളത്തരം തുറന്നുകാണിക്കാനും,മതത്തിന്റെ മറവില്‍ നടക്കുന്ന സര്‍വ്വവിധ ചൂഷണങ്ങള്‍ക്കെതിരെയുള്ള ബോധവല്കരണം ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്


വൈകിട്ട് നാല് മണിക്ക് തിരൂര്‍ താഴെപാലത്തുനിന്നും ആരംഭിക്കുന്ന റാലിക്ക് പാറയില്‍ ശരീഫ്,വി പി മനാഫ്,ഐ വി അബ്ദുല്‍ ജലീല്‍,കെ പി അബ്ദുല്‍ വഹാബ്,സി അബ്ദുല്‍ ജബ്ബാര്‍,സി പി മുഹമ്മദ്‌ കുട്ടി,അബ്ദുല്‍ നാസര്‍ അന്‍വാരി,എം കുഞ്ഞിപ്പ എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് അഞ്ചു മണിക്ക് ബസ്സ്റ്റാന്റില്‍ സമാപിക്കും.തുടര്‍ന്ന് ബസ്‌സ്റ്റാന്റിനു സമീപം നടക്കുന്ന ബഹുജന സംഗമം കെ എന്‍ എം സംസ്ഥാന ജന:സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും.ഡോ: സി ആര്‍ മുഹമ്മദ്‌അന്‍വര്‍,ഉബൈദുള്ള താനാളൂര്‍,കെ അബ്ദുല്‍കരീം എഞ്ചിനീയര്‍,എം മുഹമ്മദ്‌കുട്ടി എന്ന ബാപ്പുട്ടി എന്നിവര്‍ പ്രസീഡിയം നിയന്ത്രിക്കും.ടി ഇബ്രാഹിം അന്‍സാരി അദ്ധ്യക്ഷം വഹിക്കും.


ഡോ: കെ ടി ജലീല്‍ എം എല്‍ എ, ഒ അബ്ദുള്ള, വെട്ടം ആലിക്കോയ(മുസ്ലിം ലീഗ്),കെ മുഹമ്മദ്‌ ഫിറോസ്‌ (ഡി വൈ എഫ്ഐ)അഷ്‌റഫ്‌ അലി കാളിയത്ത്(എ ഐ വൈ എഫ് ) പി ഫസലുദ്ധീന്‍ (എം എസ് എസ് ) പി കുഞ്ഞാലന്‍കുട്ടി(സോളിഡാരിറ്റി)പി സുഹൈല്‍ സാബിര്‍(ഐ എസ് എം ) ,അബ്ദുല്‍ലത്തീഫ് കരുംബുലാക്കല്‍ എന്നിവര്‍ പ്രസംഗിക്കും
Read More

Thursday, March 01, 2012

ISM പ്രമേയ വിശദീകരണം നടത്തി



മുരിക്കാശ്ശേരി: `മതം-ധര്‍മികത-നവോത്ഥാനം' കാമ്പയിന്റെ ഭാഗമായി ഐ എസ്‌ എം യൂണിറ്റ്‌ പള്ളിക്കവലയില്‍ പ്രമേയ വിശദീകരണം നടത്തി. ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പി ഉസ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. യു പി ബഷീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഐ എസ്‌ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജഅ്‌ഫര്‍ വാണിമേല്‍, മമ്മൂട്ടി മുസ്‌ലിയാര്‍ വയനാട്‌ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ജോയി കൊച്ചുകരോട്ട്‌, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബാബു കുമ്പിളുവേലില്‍, പി എ ഷമീര്‍, പി എ അജാസ്‌ പ്രസംഗിച്ചു.
Read More

സ്വവര്‍ഗ രതി: കേന്ദ്രനിലപാട് പ്രതിഷേധാര്‍ഹം - ISM


കോഴിക്കോട്: സ്വവര്‍ഗരതിക്കനുകൂലമായി സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ് മൂലം ധാര്‍മിക മൂല്യങ്ങളെ പരിഹസിക്കുന്നതാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രകൃതിവിരുദ്ധവും മാരകരോഗങ്ങള്‍ക്ക് ഹേതുവാകുന്നതുമായ ഈ നീചവൃത്തിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കുന്നത് അപലപനീയമാണ്. സ്വവര്‍ഗരതി സമൂഹത്തിന് സമ്മാനിച്ച ദുരന്തങ്ങള്‍ ഇന്നും ചരിത്രത്തില്‍ ദുരന്ത ശേഷിപ്പുകളായി നിലനില്ക്കുന്നുണ്ട്. മൂല്യങ്ങള്‍ ചവിട്ടിമെതിച്ച് പാശ്ചാത്യ സംസ്‌കാരം രാജ്യത്തേക്ക് കടത്തിക്കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് നീതീകരിക്കാനാവില്ലെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു.


പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ഐ പി അബ്ദുസ്സലാം, അബ്ദുസ്സലാം മുട്ടില്‍, ഇ ഒ ഫൈസല്‍, ശുകൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്, കെ ഹര്‍ഷിദ് പ്രസംഗിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...