Showing posts with label കെ എന്‍ എം. Show all posts
Showing posts with label കെ എന്‍ എം. Show all posts

Tuesday, March 22, 2016

സൂഫിസത്തിന്റെ മറപിടിച്ച് കാന്തപുരം ബി ജെ പി യുടെ ചട്ടുകമാവരുത്: കെ എന്‍ എം



കോഴിക്കോട്: സൂഫിസത്തിന്റെ മേല്‍വിലാസത്തില്‍ ബി ജെ പിയുമായി കൂട്ടുകൂടി കേരളത്തില്‍ താമര വിരിയിപ്പിക്കാനുള്ള ബി ജെ പിയുടെ ഓപ്പറേഷന്‍ ലോട്ടസ് ഗൂഢപദ്ധതിക്ക് ചട്ടുകമായി വര്‍ത്തിക്കുകയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. മുസ്‌ലിം വോട്ട് ബാങ്കില്‍ കണ്ണുംനട്ട് മോദീ സര്‍ക്കാറിന്റെ സഹായത്തോടെ ദില്ലിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ നിറസാന്നിദ്ധ്യം ഏറെ ദുരൂഹമാണ്.

സംഘ്പരിവാറിന്റെ ലക്ഷ്യസാധ്യത്തിനായി മുസ്‌ലിം സമുദായത്തെ ഒറ്റുകൊടുക്കാന്‍ സൂഫിസത്തെ മറയാക്കുകയാണ്. മുസ്‌ലിം സംഘടനകള്‍ക്ക് നേരെ ഭീകരബന്ധം ആരോപിക്കുക വഴി ദില്ലി സൂഫി സമ്മേളനം സംഘ്പരിവാറിന്റെ അജണ്ട നടപ്പിലാക്കുകയാണ് ചെയ്തത്.

മോദീ സര്‍ക്കാറില്‍നിന്ന് പരമാവധി ആനുകൂല്യം നേടിയെടുക്കുന്നതിന് മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് ബി ജെ പി സര്‍ക്കാറിനെ സുഖിപ്പിക്കാന്‍ ശ്രമിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ ദുഷ്ടലാക്കിനെ പൊതുസമൂഹം തിരിച്ചറിയണം.

ആരാധനാ കര്‍മ്മങ്ങളേക്കാളുപരി കലയിലൂടെയും സാഹിത്യത്തിലൂടെയുമാണ് ദൈവസാമീപ്യം നേടാനാവുകയെന്നും മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമല്ലെന്നുമുള്ള ദില്ലി സൂഫീ സമ്മേളനത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ നിലപാട് വ്യക്തമാക്കണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ ഇ കെ അഹ്മദ്കുട്ടി, പ്രൊഫ.എന്‍ വി അബ്ദുറഹ്മാന്‍, ഡോ പി പി അബ്ദുല്‍ ഹഖ്,  കെ അബൂബക്കര്‍ മൗലവി, ഡോ.പി മുസ്തഫ ഫാറൂഖി, സി മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍, ഡോ സലിം ചെര്‍പ്പുളശ്ശേരി, കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ ഐ പി അബ്ദുസ്സലാം,  ബി പി എ ഗഫൂര്‍, മുഹമ്മദ് ഹാഷിം ആലപ്പുഴ, പി പി ഖാലിദ്, ഫൈസല്‍ നന്മണ്ട, ജാസിര്‍ രണ്ടത്താണി പ്രസംഗിച്ചു.
Read More

Wednesday, September 30, 2015

പട്ടിണി മാറ്റാന്‍ നടപടിയില്ലാതെ ഡിജിറ്റല്‍ ഇന്ത്യയെന്ന് മേനി നടിക്കുന്നത് കാപട്യം: കെ എന്‍ എം



കോഴിക്കോട്: ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിന്റെ മാന്യതയും അംഗീകാരവും കാത്തുസൂക്ഷിക്കാന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിക്ക് ബാധ്യതയുണ്ടെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹീദിന്‍ (കെ എന്‍ എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദേശ രാഷ്ട്രങ്ങളില്‍ ചെന്ന് രാഷ്ട്രീയ പ്രസംഗം നടത്തുകയും ഇന്ത്യന്‍ രാഷ്ട്ര-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ ആക്ഷേപങ്ങളുന്നയിക്കുന്നതും പ്രധാനമന്ത്രിയുടെ പദവിക്ക് നിരക്കുന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയെന്ന നിലയില്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് സാക്ഷ്യപത്രം വാങ്ങേണ്ടത് വിദേശങ്ങളില്‍ കഴിയുന്ന പ്രവാസികളില്‍നിന്നല്ല. വാഗ്ദാനം പാലിച്ചിട്ടുണ്ടെന്ന ആത്മ വിശ്വാസമുണ്ടെങ്കില്‍ ഇന്ത്യയില്‍ വന്ന് ഇന്ത്യയില്‍ താമസിക്കുന്ന രാജ്യത്തെ പൗരന്മാരെ വിളിച്ച് കൂട്ടി ചോദ്യമുന്നയിക്കാനുള്ള ചങ്കൂറ്റമാണ് പ്രധാനമന്ത്രി കാണിക്കേണ്ടത്.

ഉണ്ണാനും ഉറങ്ങാനുമിടമില്ലാതെ പട്ടിണിയും ദാരിദ്ര്യവുമായി കഴിഞ്ഞു കൂടുന്ന കോടിക്കണക്കിനാളുകള്‍ക്ക് അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാന്‍ ശ്രമിക്കാതെ ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് മോദി മേനി നടിക്കുന്നത് ശുദ്ധ അസംബന്ധമാണ്. രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്ന് അമേരിക്കയിലെ വിമാനകമ്പനികള്‍ക്ക് പതിനെട്ടായിരം കോടി രൂപ കൊണ്ടുപോയി കൊടുത്തിട്ട് ആയിരം കോടിയുടെ ഡിജിറ്റല്‍ സഹായത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നത് വിരോധാഭാസമാണ്.

സംസ്ഥാനത്തെ ആള്‍ദൈവങ്ങളെയും ജാതി സംഘടനകളേയും കൂട്ടുപിടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കി നിയമസഭാ പ്രവേശം നേടാനുള്ള ഓപ്പറേഷന്‍ ലോട്ടസ് എന്ന ബീ ജെ പിയുടെ ഗൂഢ പദ്ധതിക്കെതിരെ മതേതര കക്ഷികള്‍ ജാഗ്രവത്താവണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ പി പി അബ്ദുല്‍ ഹഖ്, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ പി സകരിയ്യ, മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, ബി പി എ ഗഫൂര്‍, സി മുഹമ്മദ് സലിം സുല്ലമി, പി പി ഖാലിദ്, ഡോ സലീം ചെര്‍പ്പുളശ്ശേരി, യു പി യഹ്‌യാഖാന്‍, ഹാഫിസുര്‍ റഹ്മാന്‍, ശംസുദ്ദീന്‍ പാലക്കോട്, ജലീല്‍ മാമാങ്കര, കെ പി അബ്ദുറഹീം പ്രസംഗിച്ചു.
Read More

Tuesday, June 16, 2015

ലളിത് മോഡി: ആര്‍ എസ് എസ് നിലപാട് ഇരട്ടത്താപ്പ് -കെ എന്‍ എം


കോഴിക്കോട്: രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റവാളിയെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് വഴിവിട്ട് സഹായിച്ചതിനെ ദേശീയ വികാരമായി ന്യായീകരിച്ച ആര്‍ എസ് എസ്സിന്റെ നടപടി ലജ്ജാകരമാണെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജാതിയും മതവും നോക്കി ദേശീയ വികാരം നിര്‍ണയിക്കുന്ന ഇരട്ടത്താപ്പാണ് ലളിത് മോഡി വിഷയത്തില്‍ ആര്‍ എസ് എസ്സിന്റേതെന്ന് കെ എന്‍ എം കുറ്റപ്പെടുത്തി.



ദാവൂദ് ഇബ്‌റാഹിം ആയാലും ലളിത് മോഡിയായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നാണ് യഥാര്‍ത്ഥ ദേശീയ വാദികളുടെ നിലപാട്. അതിനൊപ്പം നില്കാന്‍ ആര്‍ എസ് എസ്സിന് ചങ്കൂറ്റമുണ്ടെങ്കില്‍ സുഷമ സ്വരാജിനെ മന്ത്രി സഭയില്‍നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കുകയാണ് ആര്‍ എസ് എസ്സ് ചെയ്യേണ്ടത്.

സംഘ്പരിവാറിന്റെ ലൗ ജീഹാദെന്ന വ്യാജപ്രചാരണം ബിഷപ്പ് മാര്‍ മാത്യു ആനകുഴിക്കാട്ടില്‍ ഏറ്റുപിടിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കുന്നതായില്ല. സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന ദുഷ്പ്രചാരണങ്ങളില്‍ ബിഷപ്പുമാര്‍ പങ്കാളികളാവുന്നത് ഒട്ടും ശരിയല്ലെന്ന് കെ എന്‍ എം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ വൈസ് പ്രസിഡണ്ട് പ്രൊഫ.എന്‍ വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി കെ ഇബ്‌റാഹിം ഹാജി, എ അസ്ഗറലി, എ ഹമീദ് മദീനി, സി മുഹമ്മദ് സലിം സുല്ലമി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍,  അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഡോ പി പി അബ്ദുല്‍ഹഖ്, പി ടി വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, മമ്മു കോട്ടക്കല്‍, സലിം ചെര്‍പ്പുളശ്ശേരി, ബി പി എ ഗഫൂര്‍, കെ പി അബ്ദുറഹീം പ്രസംഗിച്ചു.

Read More

Thursday, March 26, 2015

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന്‍ സമാപന സമ്മേളനം ഹറം ഇമാം ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: 'അന്ധവിശ്വാസങ്ങള്‍ക്കും ഭീകരതക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ജനകീയ ജാഗരണം' എന്ന സന്ദേശവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഏപ്രില്‍ 12ന് ഞായറാഴ്ച വൈകീട്ട് കോഴിക്കോട് (കടപ്പുറം) നടക്കും. 2 ലക്ഷത്തില്‍പരം പേര്‍ പങ്കെടുക്കുന്ന  സമാപന സമ്മേളനം  ലോക മുസ്‌ലീംകളുടെ സുപ്രധാന പുണ്യഗേഹമായ മദീനയിലെ മസ്ജിദുന്നബവി ഗ്രാന്റ് ഇമാം ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ ഉദ്ഘാടനം ചെയ്യും. ആഗോള ഭീകരതക്കെതിരെ ഇസ്‌ലാമിക മുന്നേറ്റ പ്രഖ്യാപനം സമ്മേളനത്തില്‍ നടത്തും.

1988ലെ വിശുദ്ധ മക്കയിലെ ഇമാം ശൈഖ് മുഹമ്മദ്  അബ്ദുല്ല സുബൈയിലിന്റെ കേരള സന്ദര്‍ശനത്തിന് ശേഷം ഒരു ഹറം ഇമാമിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും മസ്ജിദുന്നബവിയില്‍ സമ്മേളിക്കുന്ന 5 ലക്ഷത്തില്‍പരം വിശ്വാസികള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും വെള്ളിയാഴ്ച പ്രഭാഷണം (ഖ്വുതുബ) നടത്തുകയും ചെയ്യുന്ന ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ ലോകത്തില്‍ അറിയപ്പെടുന്ന പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമാണ്. ദീര്‍ഘകാലമായി മദീന ഹൈകോടതി ജഡ്ജി കൂടിയായി അദ്ദേഹം സേവനം ചെയ്തുവരുന്നു. ഇന്ത്യയില്‍ ഡല്‍ഹി, ഹൈദരബാദ്, പാറ്റ്‌ന എന്നിവിടങ്ങളില്‍ ജനാവലിയെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം മൂന്ന് ദിവസം കേരളത്തിലുണ്ടായിരിക്കും. കേരളത്തിലെ ഇമാമിന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ക്ക് സഊദി അംബാസിഡറും സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂരും ചേര്‍ന്ന് അന്തിമ രൂപം നല്‍കി.
 
സമാപന സമ്മേളന ദിവസം (ഞായറാഴ്ച) ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഗ്‌രിബ് നമസ്‌കാരത്തിന് ഇമാം ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ നേതൃത്വം നല്‍കും.
 
വിവിധ അറബ് രാഷ്ട്ര അംബാസിഡര്‍മാരും മത പണ്ഡിതന്മാരും മന്ത്രിമാരും ജനപ്രതിനിധികളും കാമ്പയിന്‍ സാമപന സമ്മേളനത്തില്‍ സംബന്ധിക്കും. കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തിലെ അവിസ്മരണീയമായ സന്ദര്‍ഭമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന കാമ്പയിന്‍ സമാപന സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
 
കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സമാപന സമ്മേളനത്തിന് അന്തിമരൂപം നല്‍കി.  ഡോ  ഹുസൈന്‍ മടവൂര്‍, ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, പി കെ ഇബ്രാഹീം ഹാജി, ഹാഷിം ആലപ്പുഴ, എ അബ്ദുല്‍ ഹമീദ് മദീനി, സി.അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അഡ്വ പി മൊയ്തീന്‍കുട്ടി, ഡോ സലിം സുല്ലമി, പി.പി. ഖാലിദ്, അബ്ദുല്‍ റസാഖ് സുല്ലമി, ഡോ പി.പി. അബ്ദുല്‍ ഹഖ്, ഡോ സലിം ചേര്‍പ്പുളശ്ശേരി, കെ പി സകരിയ്യ, മമ്മു കോട്ടക്കല്‍, ഡോ.ഐ പി അബ്ദുസ്സലാം,  അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഉബൈദുല്ല താനാളൂര്‍, ഷംസുദ്ദീന്‍ പാലക്കോട്, ബി.പി.എ ഗഫൂര്‍, അനസ് കടലുണ്ടി, ഇസ്മാഈല്‍ കരിയാട്, ജലീല്‍ മാമാങ്കര, ഹാഫിസുറഹ്മാന്‍ മദനി പ്രസംഗിച്ചു.
Read More

Wednesday, March 25, 2015

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം അനുസരിച്ച് പരിഷ്‌കരിക്കണം -കെ എന്‍ എം


കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യാനുപാതം അനുസരിച്ചുള്ള വീതം വെപ്പ് അവസാനിപ്പിച്ച്, മുന്‍വര്‍ഷങ്ങളിലെ അപേക്ഷകരുടെ എണ്ണത്തിനാനുപാതമായി സംസ്ഥാനങ്ങള്‍ക്ക് ഹജ്ജ് കോട്ട നിശ്ചയിക്കണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി, ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, ട്രഷറര്‍ എ അസ്ഗറലി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

ഓരോ വര്‍ഷവും ലഭിക്കുന്ന അപേക്ഷകരുടെ 10% പേര്‍ക്ക് പോലും കേരളത്തില്‍ നിന്നും ഹജ്ജിന് അനുമതി ലഭിക്കുന്നില്ല എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പല സംസ്ഥനങ്ങളിലും ജനസംഖ്യാനുപാതികമായി ലഭിക്കുന്ന കോട്ടയുടെ പകുതി പോലും അപേക്ഷകര്‍ ഇല്ല എന്ന വസ്തുത കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരിച്ചറിയണമെന്നും ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജിന് അവസരമൊരുക്കുവാന്‍ സര്‍ക്കാര്‍ രാജ്യാന്തര തലത്തിലും ശ്രമിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Read More

Tuesday, March 03, 2015

മോദി സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളെ വളര്‍ത്തുന്നു : കെ എന്‍ എം

കോഴിക്കോട്: വിലക്കയറ്റംകൊണ്ട് പൊറുതി മുട്ടിയ രാജ്യത്തെ സാധാരണക്കാര്‍ക്ക് മേല്‍ ജനദ്രോഹനയങ്ങള്‍ വീണ്ടും വീണ്ടും അടിച്ചേല്‍പ്പിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാറെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഇന്ധനവില കുത്തനെ ഉയര്‍ത്തിയും സേവന നികുതി വര്‍ദ്ധിപ്പിച്ചും സാധാരണക്കാരെ കൊള്ളയടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. റെയില്‍ ചരക്കുകൂലി വര്‍ദ്ധനയിലൂടെ വിലക്കയറ്റത്തിന്റെ വാതായനം തുറന്നുകൊടുത്തിരിക്കുകയാണ്.

സാധാരണക്കാര്‍ക്ക് ഗുണകരമായിരുന്ന ഭക്ഷ്യ, വളം, ഇന്ധന സബ്‌സിഡികള്‍ വെട്ടിക്കുറച്ച് പാവങ്ങളെ ചതിക്കുകയും കോര്‍പ്പറേറ്റ് നികുതി കുറക്കുകയും സ്വത്ത് നികുതി ഒഴിവാക്കുകയും ചെയ്തുകൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് തഴച്ചു വളരാന്‍ അവസരം ഒരുക്കുകയും ചെയ്യുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനവഞ്ചനക്കെതിരെ ശക്തമായ പ്രക്ഷോപം ഉയര്‍ന്നുവരണമെന്ന് കെ.എന്‍.എം. അഭിപ്രായപ്പെട്ടു.

ഇടത്തരക്കാര്‍ക്ക് ഗുണകരമാവും വിധം ആദായ നികുതി പരിധി വര്‍ദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പരിധിയിളവിനെക്കുറിച്ച് വഞ്ചനാപരമായ നിലപാട് ആവര്‍ത്തിക്കുകയാണ്.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിന്റെ പേര് പറഞ്ഞ് പാവപ്പെട്ട വിഭാഗങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന നരേന്ദമോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ സമയമായിരിക്കുന്നു എന്നും കെ.എന്‍.എം വിലയിരുത്തി.

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, പി കെ ഇബ്‌റാഹീം ഹാജി, ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദിന്‍ മദനി, എ അസ്ഗറലി, ഡോ. ഇ കെ അഹ്മദ്കുട്ടി, പി ടി വീരാന്‍കുട്ടി സുല്ലമി, എ അബ്ദുല്‍ ഹമീദ് മദീനി, കെ അബൂബക്കര്‍ മൗലവി, പ്രൊഫ. എന്‍ വി അബ്ദുറഹ്മാന്‍, ഡോ പി പി അബ്ദുല്‍ ഹഖ്, സി  മുഹമ്മദ് സലിം സുല്ലമി, അഡ്വ. എം മൊയ്തീന്‍കുട്ടി, ഡോ. പി മുസ്തഫ ഫാറൂഖി, ഡോ. കെ അബ്ദുറസാഖ് സുല്ലമി, സി അബ്ദുലത്തീഫ്, സി അബ്ദുല്‍ ജബ്ബാര്‍, ഡോ. ഐ പി അബ്ദുസ്സലാം, മമ്മു കോട്ടക്കല്‍, അബ്ദുലത്തീഫ് കരുമ്പുലാക്കല്‍, ശംസുദ്ദീന്‍ പാലക്കോട്, ഉബൈദുല്ല താനാളൂര്‍, ഡോ. സലീം ചെര്‍പ്പുളശ്ശേരി, കെ പി അബ്ദുറഹ്മാന്‍, ബി പി എ ഗഫൂര്‍, ഹാഷീം ആലപ്പുഴ, ഹാഫിസുര്‍റഹ്മാന്‍ പ്രസംഗിച്ചു.

Read More

Monday, December 29, 2014

കേരള നദ്‌വത്തുല്‍ മുജാഹിദീന് പുതിയ നേതൃത്വം •

സി.പി.ഉമര്‍ സുല്ലമി പ്രസിഡണ്ട്, 
എം. സ്വലാഹുദ്ദീന്‍ മദനി ജനറല്‍ സെക്രട്ടറി, 
എ. അസ്ഗറലി ട്രഷറര്‍





കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന പ്രസിഡണ്ടായി സി.പി.ഉമര്‍ സുല്ലമിയും (മലപ്പുറം), ജനറല്‍ സെക്രട്ടറിയായി എം. സ്വലാഹുദ്ദീന്‍ മദനിയും (എറണാകുളം), ട്രഷററായി എ അസ്ഗറലിയും (കോഴിക്കോട്) തെരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് നടന്ന കെ.എന്‍.എം. സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം മറ്റ് ഭാരവാഹികളായി അഡ്വ.പി.എം. മുഹമ്മദ് കുട്ടി, കെ.കെ.ഹസ്സന്‍ മദീനി ആലുവ, എസ്.എ.എം. ഇബ്‌റാഹിം, ഡോ.ഇ.കെ.അഹ്മദ്കുട്ടി, ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ.എന്‍.വി.അബ്ദുറഹിമാന്‍, പി.കെ.ഇബ്‌റാഹിം ഹാജി ഏലാങ്കോട്, കെ. അബൂബക്കര്‍ മൗലവി, അഡ്വ.എം.മൊയ്തീന്‍കുട്ടി,  മുഹമ്മദ് ഹാഷീം ആലപ്പുഴ (വൈസ് പ്രസിഡണ്ടുമാര്‍), പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.പി.പി.അബ്ദുല്‍ ഹഖ്, ഡോ.പി.മുസ്തഫ ഫാറൂഖി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ.പി.സകരിയ്യ, ഉബൈദുല്ല താനാളൂര്‍, സി മമ്മു കോട്ടക്കല്‍, ഡോ സലിം ചെര്‍പ്പുളശ്ശേരി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ (സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.


കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ.കെ.ജമാലുദ്ദീന്‍ ഫാറൂഖി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.പി.ഉമര്‍ സുല്ലമി, ഡോ.കെ.അബ്ദുറസാഖ് സുല്ലമി, എഞ്ചിനീയര്‍ മുഹമ്മദ് കോയ. എന്‍.എം. അബ്ദുല്‍ജലീല്‍, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.ഇ.കെ.അഹ്മ്മദ്കുട്ടി, എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, അബ്ദുല്‍ ഹസീബ് മദനി, ഇസ്മാഈല്‍ കരിയാട്, ജാസിര്‍ രണ്ടത്താണി സംസാരിച്ചു.


Read More

Sunday, December 28, 2014

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു : കെ.എന്‍.എം.


കോഴിക്കോട്: നല്ല നാളെയെ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണെന്ന് കെ.എന്‍.എം. സംസ്ഥാന സമാപന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി അടിസ്ഥാനപ്രശ്‌നങ്ങള്‍ അവഗണിച്ച് കോര്‍പ്പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും അനുകൂലമായ നിയമനിര്‍മ്മാണവും ഓര്‍ഡിനന്‍സും നടപടിക്രമങ്ങളുമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ആഗോളവിപണിയില്‍ ക്രൂഡോയിലിന് പകുതിയിലധികം വിലയിടിവ് ഉണ്ടായിട്ടും അതിന്റെ ഗുണഫലം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ സംഘ്പരിവാറിന്റെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിച്ച് അധികാരം ഉറപ്പിക്കുക എന്ന ഗുജറാത്ത് മാതൃക രാജ്യത്തൊട്ടാകെ നടപ്പിലാക്കുന്ന മോഡി സര്‍ക്കാറിന്റെ പ്രഖ്യാപിത നയങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ മതേതര ജനാധിപത്യവിശ്വാസികള്‍ മുന്നോട്ട് വരണം. പണം നല്‍കിയും പ്രലോഭിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള വി.എച്ച്.പിയുടെ കുത്സിത ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല. മത സ്വാതന്ത്യത്തിന് നേരെയുള്ള ഈ കടന്നാക്രമണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം. ഇന്ത്യ വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് കോട്ടം തട്ടിക്കുന്ന ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിര്‍ക്കപ്പെടണം.

മദ്യനയത്തില്‍നിന്നും പിറകോട്ടുപോയ കേരള സര്‍ക്കാര്‍ വിശ്വാസ വഞ്ചനയാണ് നടത്തിയത്. പൂര്‍ണ്ണമദ്യനിരോധനം പ്രതീക്ഷച്ചവരെ തീര്‍ത്തും നിരാശയിലാക്കി കേരള സര്‍ക്കാറിന്റെ മദ്യനയത്തില്‍ ശക്തിയായി പ്രതിഷേധിക്കണം.

അന്ധവിശ്വാസങ്ങള്‍ പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിസ്സംഗത കാണിക്കുന്നത് അവസാനിപ്പിക്കണം.

കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട്, ഡോ.ഇ.കെ.അഹ്മ്മദ് കുട്ടി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കേരള വഖഫ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട എം.ജി.എം. ജനറല്‍ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ വി മുഹമ്മദ് മൗലവി അലനല്ലൂര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ ജനകീയ ജാഗരണം എന്ന ക്യാമ്പയിന്‍ മാര്‍ച്ച് മാസം വരെ തുടരാന്‍ തീരുമാനിച്ചു. ട്രഷറര്‍ എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ ജമാലുദ്ദീന്‍ ഫാറൂഖി, ഡോ.എന്‍.വി. അബ്ദുറഹിമാന്‍, അഡ്വ പി.എം മുഹമ്മദ്കുട്ടി, കെ. അബൂബക്കര്‍ മൗലവി, സി മുഹമ്മദ് സലീം സുല്ലമി, എം.എസ്.എസ് ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഹമ്മദ് കോയ, അബ്ദുറസാഖ് സുല്ലമി, ഡോ.പി.പി.അബ്ദുല്‍ഹഖ്, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, ഡോ.മുസ്തഫ ഫാറൂഖി, സി അബ്ദുലത്തീഫ് മാസ്റ്റര്‍, സി. മമ്മു കോട്ടക്കല്‍, ഹസീബ് മദനി, കെ.പി.സകരിയ്യ, എന്‍.എം. അബ്ദുല്‍ ജലീല്‍, ഡോ കുഞ്ഞാലി, അബൂബക്കര്‍ കോയ കണ്ണൂര്‍, ഈസ മദനി, അബ്ദുല്‍കരീം എഞ്ചിനീയര്‍, സെയ്തു മുഹമ്മദ് കരുവട്ടൂര്‍,  ഇസ്മാഈല്‍ കരിയാട് പ്രസംഗിച്ചു.
Read More

Sunday, December 14, 2014

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവില്‍കോഡിനെ ചെറുക്കണം: കെ എന്‍ എം •



കോഴിക്കോട്: രാജ്യത്തിന്റെ മതേതര അടിത്തറ തകര്‍ക്കുംവിധം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഏക സിവില്‍കോഡിനെ ശക്തമായി ചെറുക്കണമെന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്ത വിശ്വാസ-അനുഷ്ഠാന സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ക്കെതിരെ മതേതര മുന്നേറ്റത്തിന് ദേശീയ കക്ഷികള്‍ മുന്നോട്ട് വരണം, നിര്‍ബന്ധ മതപരിവര്‍ത്തനപ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്നും കെ എന്‍ എം വ്യക്തമാക്കി.

വാഗ്ദാനങ്ങള്‍ നല്‍കിയും നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവര്‍ത്തനം നടപ്പിലാക്കുന്നത് ഭരണഘടനാപരമായ അവകാശലംഘനമാണ്. സാമുദായിക ഐക്യവും മതസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന ഇത്തരം നീക്കങ്ങളില്‍ നിന്നും ബി ജെ പി സര്‍ക്കാര്‍ പിന്‍തിരിയണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് ഡോ.ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി, എം.സ്വലാഹുദ്ദീന്‍ മദനി, പി.കെ.ഇബ്‌റാഹീം ഹാജി, പ്രൊഫ.എന്‍.വി.അബ്ദുറഹ്മാന്‍, എ അസ്ഗറലി, ഡോ. എം അബ്ദുറസാഖ് സുല്ലമി, ഡോ.പി.മുസ്തഫ ഫാറൂഖി, ഡോ. പി പി അബ്ദുല്‍ ഹഖ്, കെ.അബൂബക്കര്‍ മൗലവി, ഉബൈദുല്ല താനാളൂര്‍, കെ പി സകരിയ്യ, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, ഡോ.ഐ.പി.അബ്ദുസ്സലാം, അഡ്വ.എം.മൊയ്തീന്‍കുട്ടി, ഇസ്മായീല്‍ കരിയാട്, കെ.പി.അബ്ദുറഹീം, സി. മമ്മു കോട്ടക്കല്‍, ഹാഫിസ് റഹ്മാന്‍ പ്രസംഗിച്ചു.

Read More

Saturday, July 06, 2013

മുജാഹിദ് ഐക്യം സ്വാഗതാര്‍ഹം -കെ എന്‍ എം

കോഴിക്കോട്: മുജാഹിദുകള്‍ക്കിടയില്‍ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും 2001 ജൂണ്‍ 4ന് കേരള ജം ഇയ്യത്തുല്‍ ഉലമ നിര്‍വ്വാഹക സമിതി എടുത്ത നിലപാട് ഇതിന് അടിസ്ഥാനമാക്കാമെന്നും ഐക്യശ്രമങ്ങള്‍ക്ക് വേണ്ടി ഏത് ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ശ്രമങ്ങളേയും പിന്തുണയ്ക്കുമെന്നും കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ.എന്‍.എം. സംസ്ഥാന പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു.

യോഗത്തില്‍ കെ.എന്‍.എം.സംസ്ഥാന പ്രസിഡണ്ട് ഡോ.ഇ.കെ.അഹ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. 2014 ഫിബ്രവരിയില്‍ കോട്ടക്കലില്‍ നടക്കുന്ന മുജാഹിദ് 8ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പ്രകാശനം ചെയ്തു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, എ.അബ്ദുല്‍ ഹമീദ് മദീനി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പി.കെ.ഇബ്രാഹീം ഹാജി, എ.അസ്ഗറലി, എം.സ്വലാഹുദ്ദീന്‍ മദനി, പ്രൊഫ.എന്‍.വി.അബ്ദുറഹിമാന്‍, ഡോ. മുസ്തഫ ഫാറൂഖി, പി.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഡോ.പി.പി.അബ്ദുല്‍ഹഖ്, കെ.പി.സകരിയ്യ, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, കെ.അബൂബക്കര്‍ മൗലവി, സി.മമ്മു, ഇസ്മാഈല്‍ കരിയാട്. അബ്ദുല്‍ വാഹിദ് മയ്യേരി, ജാസിര്‍ രണ്ടത്താണി, സലീം കരുനാഗപ്പള്ളി, ഡോ.പി.പി.മുഹമ്മദ്, സലീം ചെര്‍പ്പുളശ്ശേരി, ബഷീര്‍ അന്‍സാരി, ഷംസുദ്ദീന്‍ പാലക്കോട്, കെ.അബ്ദുല്‍കരീം എഞ്ചീനീയര്‍, എന്‍.എസ്.എം.റഷീദ് കോട്ടയം, അലിമദനി മൊറയൂര്‍, അബ്ദുല്‍ലത്തീഫ് കരിമ്പുലാക്കല്‍, ഹാഫീസുല്ല പാലക്കാട്, കെ.എ.സുബൈര്‍ ആലപ്പുഴ, അബ്ദുല്‍ഗനി സ്വലാഹി, പ്രൊഫ.സൈനുദ്ദീന്‍ തിരുവനന്തപുരം, ഈസാ അബൂബക്കര്‍ മദനി, എന്‍.എം.അബ്ദുല്‍ ജലീല്‍, കെ.അബ്ദുല്‍ ഖയ്യും സുല്ലമി, ടി.പി. മൊയ്തു വടകര, എം.ഐ.മുഹമ്മദലി സുല്ലമി, മുഹമ്മദ് തയ്യിബ് സുല്ലമി, സി.മരക്കാരുട്ടി, വി.പി.അഹമ്മദ് കുട്ടി മദനി പ്രസംഗിച്ചു.
Read More

Saturday, February 09, 2013

എന്‍ എസ് എസ് വാദങ്ങള്‍ ദോഷം ചെയ്യും: KNM


കണ്ണൂര്‍: എന്‍ എസ് എസിന്റെ വര്‍ഗ്ഗീയവാദത്തിന്റെ മറവില്‍ മൊത്തം സാമുദായിക നേതാക്കളെയും സാമുദായിക സംഘടനകളെയും അടച്ചാക്ഷേപിക്കുന്ന ചിലരുടെ നിലപാട് ഗുണകരമല്ലായെന്നും ഭാവിയില്‍ ഇത് ദോഷം ചെയ്യുമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍- മര്‍ക്കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം സങ്കുചിത സാമുദായിക വാദമാണ് എന്‍ എസ് എസ് ഉയര്‍ത്തിയതെന്നും രാജ്യം ഉയര്‍ത്തിപ്പിടിക്കേണ്ട മതേതര മൂല്യങ്ങളെ നശിപ്പിക്കുന്ന ഇത്തരം സാമുദായിക വര്‍ഗ്ഗീയ വാദങ്ങളെയും അവരുടെ ആവശ്യങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ ബന്ധപ്പെട്ടവര്‍ തള്ളിക്കളയണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, വി മൊയ്തു സുല്ലമി, കെ അബ്ദുല്‍ മജീദ്, പി ടി പി മുസ്തഫ, ടി മുഹമ്മദ് നജീബ്, വി പി കെ അബ്ദുറഹിമാന്‍, അഷ്‌റഫ് മമ്പറം എന്നിവര്‍ പ്രസംഗിച്ചു.
Read More

ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം: KNM


കോഴിക്കോട്: ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് കെ എന്‍ എം. മഠങ്ങളും ധ്യാനകേന്ദ്രങ്ങളും മര്‍കസുകളും ശവകുടീരങ്ങളും ആത്മീയ ചികിത്സാ കേന്ദ്രങ്ങളും നിയമം മൂലം നിരോധിക്കണമെന്ന് 'വിശ്വാസം വിശുദ്ധി നവോത്ഥാനം' കാമ്പയ്‌ന്റെ തുടക്കം കുറിച്ച് കെ എന്‍ എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച പൊതു സമ്മേളനം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു. ആത്മീയ വാണിഭക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. ആള്‍ദൈവങ്ങളുടെയും സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും ശവകുടീര തീര്‍ഥാടന കേന്ദ്രങ്ങളുടെയും സാമ്പത്തിക വിനിമയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ആത്മീയ വാണിഭകേന്ദ്രങ്ങള്‍ അഴിമതിയുടെയും കള്ളപ്പണത്തിന്റെയും കൂത്തരങ്ങായി മാറിയിട്ടും രാഷ്ട്രീയ -ഭരണ നേതൃത്വങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കെ എന്‍ എം കുറ്റപ്പെടുത്തി. 

രാജ്യത്തെ പൗരന്മാരെ ചൂഷണം ചെയ്ത് തട്ടിയെടുക്കുന്ന കോടികളില്‍ നിന്ന് ഒരുഭാഗം സാമൂഹ്യ സേവനത്തിന് മാറ്റിവെക്കുന്നതുകൊണ്ട് മാത്രം അവര്‍ക്ക് നികുതിയിളവുകളും വിദേശ വിനിമയ യാത്രാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് നീതീകരിക്കാവതല്ല. സാമൂഹ്യ സേവനത്തിന്റെ മറപിടിച്ച് കോടികളുടെ വെട്ടിപ്പു നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഭരണനേതൃത്വം ചങ്കൂറ്റം കാണിക്കണം. കോഴിക്കോട് കേന്ദ്രമായി തിരുകേശത്തിന്റെ പേരില്‍ നടക്കുന്ന കോടികളുടെ തട്ടിപ്പിന് അരു നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. തിരുകേശ തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുംവിധം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് തിരുകേശ വാണിഭത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

കേരളീയ മുസ്‌ലിംകളെ അന്ധവിശ്വാസ അനാചാരങ്ങളില്‍നിന്നും മോചിപ്പിച്ചെടുക്കാന്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിന് നേതൃത്വം നല്കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു സംഘടന ജിന്ന് ബാധയുടെയും പിശാച് ചികിത്സയുടെയും പേരില്‍ പിളരേണ്ടിവന്നത് ലജ്ജാകരമാണ്. ജിന്ന് ബാധയുടെ പേരില്‍ ഒരു വിഭാഗത്തെ പുറത്താക്കി എന്ന് പറയുന്നവര്‍ തന്നെ മാരണമെന്ന അന്ധവിശ്വാസം ഇപ്പോഴും പേറി നടക്കുന്നുണ്ടെന്നിരിക്കെ എ പി വിഭാഗം കെ എന്‍ എമ്മില്‍ ഇപ്പോഴുണ്ടായ പിളര്‍പ്പ് അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പിന്റെ പേരിലല്ലെന്ന് വ്യക്തമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. 

ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നന്മയാഗ്രഹിച്ച് അന്ധവിശ്വാസങ്ങളോടും ആത്മീയ ചൂഷകരോടും പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങളോടൊപ്പം നില്ക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക നായകരും തയ്യാറാവണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ആള്‍ദൈവങ്ങളും സിദ്ധന്മാരും മന്ത്രവാദികളും ശവകുടീര തീര്‍ഥാടന കേന്ദ്രങ്ങളും ആത്മീയ തട്ടിപ്പുകേന്ദ്രങ്ങളാണെന്ന് പറഞ്ഞ ഹുസൈന്‍ മടവൂര് ഇക്കാര്യത്തില്‍ ജാതി മത ഭേദമന്യേ പരസ്യ സംവാദത്തിന് തയ്യാറാണെന്നും പ്രഖ്യാപിച്ചു. 

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദനി, ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജന.സെക്രട്ടറി ജാസിര്‍ രണ്ടത്താണി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍, ടി അബൂബക്കര്‍ നന്മണ്ട, ഡോ. മുസ്തഫ ഫാറൂഖി പ്രസംഗിച്ചു.
Read More

Thursday, February 07, 2013

അന്ധവിശ്വാസങ്ങളെ തുറന്നു വെല്ലുവിളിച്ച് KNM കാമ്പയിന് നാളെ തുടക്കം


കോഴിക്കോട്: വിശ്വാസം വിശുദ്ധി നവോത്ഥാനം സന്ദേശമുയര്‍ത്തി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കസുദ്ദഅ്‌വ) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന്‍ നാളെ കോഴിക്കോട്ട് ആരംഭം കുറിക്കും. ലോകത്ത് പ്രചാരത്തിലുള്ള മുഴുവന്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പരസ്യമായ വെല്ലുവിളിയുമായാണ് കെ എന്‍ എം കാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും നവോത്ഥാനത്തിന്റെ തിരിച്ചുനടപ്പിനുമെതിരെ സാമൂഹ്യബോധവത്കരണം ലക്ഷ്യം വെച്ച് നടക്കുന്ന കാമ്പയിന്‍ നാല് മാസം നീണ്ടുനില്‍ക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

അന്ധവിശ്വാസങ്ങളുടെ ഭാഗമായി വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന മന്ത്രവാദം, കൂടോത്രം, മാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയുള്ളതാണെന്ന് ഭൂരിപക്ഷ മതവിശ്വാസികള്‍ വിശ്വസിക്കുന്നതിനാലാണ് അവയെല്ലാം വ്യാപിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു നൂറ്റാണ്ട് പ്രവര്‍ത്തിച്ച നവോത്ഥാന പ്രസ്ഥാനത്തിന്റെ പേരില്‍പോലും ഇത്തരം വികല വിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും ഫലപ്രാപ്തി അവകാശപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള എല്ലാ വിഭാഗത്തിലുംപെട്ട മന്ത്രവാദികളെയും നാളെ നടക്കുന്ന കാമ്പയിന്‍ ഉദ്ഘാടന വേദിയില്‍ വെച്ച് പരസ്യമായി വെല്ലുവിളിക്കുവാന്‍ തീരുമാനിച്ചതായി കെ എന്‍ എം സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

കേളത്തിലെ മുസ്‌ലിം സമൂഹത്തില്‍ കഴിഞ്ഞ ഒമ്പത് ദശകകാലത്തെ ഉജ്വല പോരാട്ടങ്ങളിലൂടെ ഇസ്‌ലാഹീ പ്രസ്ഥാനം പടുത്തുയര്‍ത്തിയ നവോത്ഥാന മുന്നേറ്റത്തെ തകര്‍ത്തെറിഞ്ഞ് അന്ധവിശ്വാസങ്ങളുടെ പുന:സ്ഥാപനത്തിന്ന് നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്നവര്‍ തന്നെ രംഗത്ത് വരുന്നത് ഖേദകരമാണ്. പിശാച് ബാധ, ജിന്ന് കൂടല്‍, സിഹിര്‍, മന്ത്രവാദം, തിരുകേശ വാണീഭം തുടങ്ങിയ അന്ധവിശ്വാസങ്ങളുടെ ഭാഗമാണ്. ജിന്ന് വാദത്തിന്റെ പേരില്‍ രണ്ടായി പിളര്‍ന്ന എ പി വിഭാഗം കെ എന്‍ എമ്മിന്റെ ഇരു വിഭാഗവും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അന്ധവിശ്വാസത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ജിന്ന് കൂടലും പിശാച് ബാധയും പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരു വിഭാഗത്തെ പിരിച്ചുവിട്ടു എന്ന് അവകാശപ്പെടുന്നവര്‍ മാരണമെന്ന അന്ധവിശ്വാസത്തെ ഇപ്പോഴും മുറുകെ പിടിക്കുന്നു എന്നത് ഇതിന്റെ വ്യക്തമായ തെളിവാണ്. തങ്ങള്‍ക്കെതിരെ മാ രണം നടത്താന്‍ ലോകത്തുള്ള എല്ലാ മന്ത്രവാദികളെയും വെല്ലുവിളിക്കുന്നതായി കെ എന്‍ എം നേതാക്കള്‍ വ്യക്തമാക്കി. 

പ്രവാചക സ്‌നേഹത്തിന്റെ മറപിടിച്ച് തിരുകേശ വാണിഭത്തിലൂടെ കോടികളുടെ ആത്മീയ തട്ടിപ്പാണ് മറ്റൊരു കേന്ദ്രത്തില്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ കെ എന്‍ എം നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജാതി മത ഭേദമന്യേ നടക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും ആത്മീയ ചൂഷണകേന്ദ്രങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണവും വെല്ലുവിളിയും സൃഷ്ടിച്ച് നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കുകയാണ് വിശ്വാസം വിശുദ്ധി നവോത്ഥാനം കാമ്പയിന്‍ കൊണ്ട് കെ എന്‍ എം ലക്ഷ്യം വെക്കുന്നത്. കാമ്പയിന്‍ കാലത്ത് സംസ്ഥാനത്തെ ആത്മീയ വാണിഭ കേന്ദ്രങ്ങളെ തുറന്ന് കാണിച്ച് വിപുലമായ പ്രചാരണവും ആത്മീയ ചൂഷകരെയും അന്ധവിശ്വാസ പ്രചാരകരെയും സമൂഹത്തില്‍ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങളും സെമിനാറുകളും ചര്‍ച്ചാ സമ്മേളനങ്ങളും ഗൃഹസമ്പര്‍ക്ക പരിപാടികളും കാമ്പയിന്‍ കാലത്ത് സംഘടിപ്പിക്കും. ആത്മീയ തട്ടിപ്പുകാര്‍ക്ക് അവസരമൊരുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെയും അധികാര ദല്ലാളുമാരെയും പരസ്യമായി വിചാരണ ചെയ്യുമെന്നും കെ എന്‍ എം ന്താക്കള്‍ വ്യക്തമാക്കി. 

നാളെ നടക്കുന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 4.30ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ്കുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ ജെ യു പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി, ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍ പ്രസംഗിക്കും.
Read More

Monday, February 04, 2013

മുജാഹിദ് തര്‍ക്കം വാര്‍ത്ത വസ്തുതാവിരുദ്ധം: KNM


കോഴിക്കോട്: കേരള ഹൈക്കോടതി വിധിക്കെതിരെ ഡോ. ഹുസൈന്‍ മടവൂരും മറ്റും സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയെ സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെ എന്‍ എം സംസ്ഥാന നേതാക്കള്‍ അറിയിച്ചു. സുപ്രീം കോടതി ഇരുവിഭാഗങ്ങളെയും അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. 2003ല്‍ എ പി പക്ഷം നടത്തി എന്ന് പറയപ്പെടുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവിധ കോടതികള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഇത്രയും കാലത്തെ ഇടവേള ഉണ്ടായതിനാല്‍ അതില്‍ ഇടപെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരു വിഭാഗം സംഘടനകളും ഒരേ പേരില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഇടപെട്ടില്ല. 

ഇതിന് വിരുദ്ധമായി പല പത്രങ്ങളിലും എ പി വിഭാഗത്തിന് വേണ്ടി കൊടുത്ത റിപ്പോര്‍ട്ടുകള്‍ വ്യാജവും സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതുമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്രങ്ങളുടെ പ്രതിനിധികള്‍ ആരും തന്നെ കേസ് വാദം നടക്കുന്ന സമയത്ത് മൂന്നാം നമ്പര്‍ മുറിയില്‍ ഹാജറുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കളവായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും കോടതി നടപടികള്‍ ദുര്‍വ്യാഖ്യാനിച്ചതിനുമെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഇ കെ അഹ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Read More

Monday, January 28, 2013

വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കണം : KNM


മലപ്പുറം: സ്ത്രീ സുരക്ഷക്കായി ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി രാജ്യവ്യാപകമായ ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ഇതര സമൂഹ്യ സംഘടനകളുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം സ്ത്രീ സുരക്ഷക്കുള്ള നടപടികള്‍ക്ക് നിയമപ്രാബല്യം നല്‍കേണ്ടതെന്നും മലപ്പുറത്ത് ചേര്‍ന്ന മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സൈന്യത്തിന്റെയും പോലീസിന്റെയും ലൈംഗികകുറ്റ കൃത്യങ്ങള്‍ സാധാരണ ക്രിമിനല്‍ കുറ്റനിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നും സംഘര്‍ഷമേഖലകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക അധികാരമുള്ള സ്‌പെഷല്‍ കമ്മിഷണര്‍മാരെ നിയോഗിക്കണമെന്നുമുള്ള വര്‍മ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അടിയന്തിര നിയമനിര്‍മ്മാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

നിയമ നിര്‍മ്മാണത്തോടൊപ്പം ധാര്‍മ്മിക സദാചാരമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു യുവതലമുറയെ സൃഷ്ടിക്കുന്നതിന് സ്‌കൂള്‍ കോളേജ് പാഠ്യപദ്ധതിയില്‍ ഇത്തരം പ്രശ്‌നങ്ങളെകൂടി ഉള്‍പ്പെടുത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വങ്ങളില്‍ ജാതീവിഷം കുത്തിവെച്ച് തമ്മിലടിപ്പിക്കുന്ന ഏര്‍പ്പാട് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അവസാനിപ്പിക്കണമെന്നും പെരുന്നയില്‍നിന്നുള്ള ഇത്തരം ഉത്തരവുകള്‍ നടപ്പിലാക്കാനുള്ള അടിയാന്‍മാരാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളെന്ന എന്‍ എസ് എസിന്റെ ധിക്കാരം പൂര്‍വ്വ നിലപാടിനെ തിരുത്തിക്കാന്‍ മുഖ്യകക്ഷി രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ജ്ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ് കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. എ അസ്ഗറലി, കെ അബൂബക്കര്‍ മൗലവി, ഡോ.പി പി അബ്ദുല്‍ ഹഖ്, കെ പി സകരിയ്യ, ഡോ.ജമാലുദ്ദീന്‍ ഫാറൂഖി, സി മമ്മു, പി ഹംസ സുല്ലമി, അബൂബക്കര്‍ മദനി, പി ടി ബീരാന്‍കുട്ടി സുല്ലമി, ഡോ. മുസ്തഫ ഫാറൂഖി, പ്രഫ. എന്‍ വി അബ്ദുറഹിമാന്‍, ഈസ മദനി, ഡോ. മുബശ്ശിര്‍ പാലത്ത്, ഏലാങ്കോട് ഇബ്രാഹീം ഹാജി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് യു പി യഹ്‌യാഖാന്‍. എം എസ് എം ജനറല്‍ സെക്രട്ടറി ജാസില്‍ രണ്ടത്താണി, എം ജി എം ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ, ഖദീജ നര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More

Sunday, March 11, 2012

എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനം 2013 ഡിസംബറില്‍

കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എൻ എം പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനം 2013 ഡിസംബറില്‍ നടത്താന്‍ കെ.എന്‍.എം. സംസ്ഥാന പ്രതിനിധി സമ്മേളനം തീരുമാനിച്ചു.

സമ്മേളനത്തോടനുബന്ധിച്ചും സമ്മേളനത്തിന്റെ മുന്നോടിയായും  യുവജന സമ്മേളനം, നാഷണല്‍ സ്റ്റുഡന്‍സ് മീറ്റ്, വിമണ്‍സ് കോണ്‍ഫ്രന്‍സ്, പണ്ഡിതസമ്മേളനം, പഠന സെമിനാര്‍ എന്നിവ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ.കെ.അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.             ഡോ. പി.പി. അബ്ദുല്‍ഹഖ്, കെ.പി.സക്കരിയ, സലാഹുദ്ദീന്‍ മദനി, ഉബൈദുല്ല താനാളൂര്‍ പ്രവര്‍ത്തനരൂപരേഖ അവതരിപ്പിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി, സെക്രട്ടറി എ അസ്ഗറലി, പി.ടി വീരാന്‍കുട്ടി സുല്ലമി, ഡോ. കെ. അബ്ദുറഹിമാന്‍, ഡോ.മുസ്തഫ ഫാറൂഖി, എന്‍.എം.അബ്ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, പി.കെ.ഇബ്രാഹിംഹാജി, പി.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.അബൂബക്കര്‍ മൗലവി, ഖദീജ നര്‍ഗീസ്, അലി പത്തനാപുരം, ടി.പി.മൊയ്തു വടകര, അബൂബക്കര്‍ ന•ണ്ട, ഷംസുദ്ദീന്‍ പാലക്കോട്, എം.ഐ.മുഹമ്മദലി സുല്ലമി, സി.മരക്കാരുട്ടി, ടി.പി.ഹുസൈന്‍ കോയ, പി.പി.ഖാലിദ്, എന്‍.കെ.എം.സക്കരിയ്യ, ഖയ്യൂം സുല്ലമി, അബൂബക്കര്‍ മദനി മരുത, അനസ് കടലുണ്ടി എന്നിവര്‍ പ്രസംഗിച്ചു.
Read More

Tuesday, February 21, 2012

മുടിപ്പള്ളിക്കെതിരെ പൊതുസമൂഹം പ്രതികരിക്കണം : കെ.എന്‍.എം.

കോഴിക്കോട്: മതത്തിന്റെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിന് ആര് തുനിഞ്ഞാലും അതിനെ ചോദ്യം ചെയ്യാന്‍ ഏത് പൗരനും അവകാശമുണ്ടെന്നും,  മുടിപ്പള്ളി തട്ടിപ്പിനെതിരെ ഉയര്‍ന്നുവരുന്ന പ്രസ്താവനകള്‍ അഭിനന്ദനാര്‍ഹമാണെന്നും ആത്മീയതയുടെ പേരിലുള്ള എല്ലാ ചൂഷണങ്ങളെയും എതിര്‍ക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും  കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആത്മീയ വാണിഭത്തെ വര്‍ഗ്ഗിയതയുമായി കൂട്ടിക്കുഴച്ച് യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള കുത്സിത ശ്രമങ്ങളെ ഒറ്റക്കെട്ടായി വിശ്വാസികള്‍ ചെറുത്തുതോല്‍പിക്കണമെന്നും കെ.എന്‍.എം. നേതാക്കള്‍ വ്യക്തമാക്കി.

പ്രവാചകന്റെ പേരില്‍ മുടികച്ചവടം നടത്തുന്ന കാന്തപുരത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരെ എല്ലാ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതൃത്വങ്ങളും സംഘടിതമായി രംഗത്തുവരണം. പ്രവാചകന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചതിന് ചരിത്രപരമായി യാതൊരു തെളിവുമില്ലെന്നിരിക്കെ, തിരുകേശത്തിന്റെ പേരില്‍ പുണ്യം വിറ്റ് കാശാക്കുകയും അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ തെറ്റായ നടപടിക്കെതിരെ രംഗത്തുവരുന്ന ആരുമായും സഹകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും ഇസ്‌ലാമിന്റെ പേരില്‍ ആത്മീയ വാണിഭം നടത്താന്‍ വിശ്വാസികള്‍ സമ്മതിക്കുകയില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

തിരുകേശം കത്തുകയില്ലെന്ന വാദത്തിന് ഇസ്‌ലാമികമായി യാതൊരു അടിത്തറയുമില്ലാത്തതാണ്. കത്തിയാലും ഇല്ലെങ്കിലും തിരുകേശം മുക്കിയ വെള്ളം പുണ്യത്തിന്റെ പേരില്‍ വിറ്റ് കാശാക്കുന്നത് അനിസ്‌ലാമികമാണ്. മാത്രമല്ല, കേശം സൂക്ഷിക്കാനെന്ന പേരില്‍ പളളി പണിയുന്നത് ഇസ്‌ലാമില്‍ ഇക്കാലമത്രയും ഉണ്ടായിട്ടില്ലെന്നും കെ എന്‍ എം നേതാക്കള്‍ അറിയിച്ചു.

ഇസ്‌ലാമിന്റെ പേരില്‍ എന്ത് കച്ചവടവും ആവാമെന്ന കാന്തപുരത്തിന്റെ ധിക്കാരം പൊറുപ്പിക്കാവതല്ലെന്നും കെ എന്‍ എം സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ :
1) ഡോ.ഇ.കെ. അഹ്മദ് കുട്ടി (പ്രസിഡണ്ട്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
2) സി.പി. ഉമര്‍ സുല്ലമി (ജനറല്‍ സെക്രട്ടറി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
3) ഡോ.ഹുസൈന്‍ മടവൂര്‍ (ജനറല്‍ സെക്രട്ടറി, ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ്)
4) സി.അബ്ദുല്ലത്തീഫ് മാസ്റ്റര്‍ (സെക്രട്ടറി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
5) ഉബൈദുല്ല താനാളൂര്‍ (സെക്രട്ടറി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)
6) അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ (കെ.എന്‍.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം)
Read More

Saturday, July 02, 2011

KNM ജില്ലാ പ്രതിനിധി സംഗമവും അവാര്‍ഡ് ദാനവും 3ന് തിരൂരില്‍

തിരൂർ: കെ എൻ എം ജില്ലാ പ്രതിനിധി സംഗമവും അവാര്‍ഡ് ദാനവും ജൂലൈ 3 ഞായർ 2PM മുതല്‍ തിരൂര്‍ JMHSS ല്‍.


ഡോ. ഇ കെ അഹ്മദ് കുട്ടി, സി പി ഉമർ സുല്ലമി, സി മമ്മുട്ടി എം എൽ എ, യു പി അബ്ദു‌ർ‌ഹ്മാൻ മൌലവി മാത്തൂർ തുടങ്ങി പ്രമുഖർ സംബന്ധിക്കും. 


എല്ലാ പ്രതിനിധികളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.
Read More

Sunday, May 01, 2011

അന്ധ വിശ്വാസങ്ങള്‍ക്കും അധാര്‍മ്മികതക്കുമെതിരെ നവോത്ഥാന മുന്നേറ്റം








Read More

Friday, April 22, 2011

പാലക്കാട് ജില്ല മുജാഹിദ് സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി




പാലക്കാട്: ‘അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മ്മികതക്കുമെതിരെ നവോത്ഥാന മുന്നേറ്റം’ എന്ന പ്രമേയവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന വ്യാപകമായി നടത്തി വരുന്ന കാമ്പയ്‌ന്റെ ഭാഗമായി  നാളെയും മറ്റന്നാളും (23, 24) പാലക്കാട് മുജാഹിദ് ജില്ല സമ്മേളനം നടക്കും. പാലക്കാട് സ്റ്റേഡിയം ഗ്രൗഡിലെ തൗഹീദ് നഗറില്‍ നാളെ നടക്കുന്ന പൊതുസമ്മേളനം വൈകീട്ട് 4.30 ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ മദനി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി എം എ ഗഫൂർ, ജാഫര്‍ വാണിമേൽ, ശറഫുദ്ദീന്‍ സലഫി, അബ്ദുള്‍ ലത്തീഫ് കരുമ്പുലാക്കൽ, ഷെഫീഖ് അസ്‌ലം പ്രഭാഷണങ്ങള്‍ നടത്തും. പാലക്കാട് നഗരസഭ അധ്യക്ഷന്‍ അബ്ദുള്‍ ഖുദൂസ് അതിഥിയായിരിക്കും.

തൗഹീദ് നഗർ‍, ശബാബ്, ഐ സി സി ഓഡിറ്റോറിയം എന്നീ മൂന്ന് വേദികളിലായി പ്രവര്‍ത്തക സമ്മേളനം, ദഅവ സമ്മേളനം, ഫെയ്‌സ് ടു ഫെയ്‌സ്, വനിത സമ്മേളനം, ബാലകൗതുകം-വിദ്യാര്‍ത്ഥി യുവജന സമ്മേളനം, സമാപന സമ്മേളനം എന്നീ എട്ടു സെഷനുകളിലായാണ് സമ്മേളനം നടക്കുക.

24ന് രാവിലെ 9.30 ന് ശബാബ് നഗറില്‍ ആരംഭിക്കുന്ന ദഅവ സമ്മേളനം ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ: സലീം ചെര്‍പ്പുളശ്ശേരി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ കെ എ അബ്ദുൽ ഹസീബ് മദനി, അബ്ദുല്‍ ഖാദര്‍ ചളവറ പ്രഭാഷണം നടത്തും. ഐ സി സി ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് ബാലകകൗതുകം പരിപാടിയും ഉച്ചക്ക് 2.30 ന് വിദ്യാര്‍ത്ഥി-യുവജന സമ്മേളനവും നടക്കും. ഇസ്മായില്‍ കരിയാട്, ഹര്‍ഷിദ് മാത്തോട്ടം വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

രാവിലെ 11.30 ന് ശബാബ് നഗറില്‍ ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയും ഉച്ചക്ക് 2.30 ന് വനിത സമ്മേളനത്തില്‍ നൂറുന്നീസ നജാത്തിയ, സൈനബ ശറഫിയ്യ, ഷെമീമ ഇസ്‌ലാഹിയ വിഷയങ്ങളവതരിപ്പിക്കും. വൈകീട്ട് 4.30 ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ അബ്ദുല്‍ അലി മദനി, അലി മദനി മൊറയൂര്‍ സംസാരിക്കും.

www.markazudawa.org എന്ന സൈറ്റിലും, ബൈലക്സ് മെസഞ്ചറിലെ കേരള ഇസ്‌ലാഹി ക്ലാസ് റൂമിലും (www.islahiclassroom.com) സമ്മേളനം ഓണ്‍ലൈനായി വീക്ഷിക്കാന്‍ കഴിയും.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...