Monday, August 26, 2013

അമിതാബ്കുന്ദു കമ്മിഷന്‍: രാജ്യത്തെ മുസ്‌ലിംകളെ വഞ്ചിതരാക്കുന്നു: KNM


കോഴിക്കോട് :  സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നത് പരിശോധിക്കാന്‍ അമിതാബ്കുന്ദു കമ്മിഷനെ നിശ്ചയിക്കുകവഴി യു പി എ സര്‍ക്കാര്‍ രാജ്യത്തെ മുസ്‌ലിംകളെ വഞ്ചിക്കുകയാണെന്ന് കേരള നദ്‌വത്തുല്‍മുജാഹിദീന്‍ (കെ എന്‍ എം). രാജ്യത്തെ മുസ്‌ലിംകളെ വാഗ്ദാനങ്ങളില്‍ മയക്കിക്കിടത്തി വോട്ടുബാങ്കാക്കി ചൂഷണം ചെയ്യുന്നത് യു പി എ നേതൃത്വം അവസാനിപ്പിക്കണമെന്ന് കോഴിക്കോട് നടന്ന കെ എന്‍ എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍സമ്മേളനം ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെയും രംഗനാഥന്‍ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിലെയും ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേന്ദ്രഭരണത്തില്‍ രണ്ട് തവണകളിലായി ഒട്ടേറെ അവസരം ലഭിച്ചിട്ടും കാര്യമായി ഒന്നും ചെയ്യാതെ ഇപ്പോള്‍ പരിശോധനാ കമ്മിഷനെ നിശ്ചയിക്കുന്നത് കടുത്ത വഞ്ചനയാണ്. ആറുമാസങ്ങള്‍ക്ക് ശേഷം കമ്മിഷന്‍ റിപ്പോര്‍ട്ട് കിട്ടി അതിന്മേല്‍ ചര്‍ച്ചയും ശേഷം പ്രഖ്യാപനങ്ങളും നടത്തി മുസ്‌ലിം സമുദായത്തെ വീണ്ടും വീണ്ടും വിഡ്ഢികളാക്കുന്നത് പൊറുപ്പിക്കാവതല്ല. കമ്മിഷന്റെ കാലവധിയും തുടര്‍നടപടികളും പരിഗണിക്കുമ്പോള്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചട്ടങ്ങള്‍ക്ക് തടസ്സമായി വരുമെന്നിരിക്കെ അമിതാബ്കുന്ദു കമ്മിഷനെ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള നടപടി മാത്രമായേ കാണാനൊക്കൂ. കമ്മിഷനുകളല്ല നടപടികളാണ് രാജ്യത്തെ മുസ്‌ലിംകള്‍ക്കാവശ്യമെന്ന് കെ എന്‍ എം വ്യക്തമാക്കി. മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യ ഉന്നമനം ആത്മാര്‍ത്ഥമായി ലക്ഷ്യം വെക്കുന്നുണ്ടെങ്കില്‍ സച്ചാര്‍ കമ്മിഷന്‍, രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടുകളിലെ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ മുന്നോട്ട് വരികയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. 

മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ അട്ടിമറിക്കാന്‍ സംഘടിത ഗൂഢാലോചന നടക്കുന്നതായി കെ എന്‍ എം കൗണ്‍സില്‍ ആരോപിച്ചു. മലബാറില്‍ പുതിയ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിക്കാനുള്ള നീക്കം തടസ്സപ്പെടുത്തുന്നതില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ നേതൃത്വങ്ങളും ചില മീഡിയകളും സംഘടിതമായി ശ്രമിക്കുകയാണ്. ഹയര്‍ സെക്കന്ററി പ്രവേശനം കിട്ടാതെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ മലബാറില്‍ വഴിയാധാരമായി നില്‌ക്കെ തെക്കന്‍ കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വണ്‍ സീറ്റുകള്‍ ഉയര്‍ത്തിക്കാണിച്ച് ഇനി ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിക്കേണ്ടതില്ലെന്ന് വാദിക്കുന്നവരുടെ മനോഗതി ദുരൂഹമാണെന്ന് കെ എന്‍ എം കുറ്റപ്പെടുത്തി. മലബാറില്‍ ജനസംഖ്യാനുപാതികമായി ഹയര്‍ സെക്കന്ററി സ്‌കൂളുകളും കോളെജുകളും സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ അനുവദിക്കണമെന്ന് കെ എന്‍ എം ആവശ്യപ്പെട്ടു. 

സിറിയന്‍ ജനതയെ കിരാതമായി കൊന്നൊടുക്കുന്ന ബശാറുല്‍അസദിന്റെ ഭരണകൂട ഭീകരതക്ക് അറുതി വരുത്താന്‍ അറബ് രാഷ്ട്രങ്ങള്‍ സംഘടിത നയതന്ത്രത്തിന് മുന്നിട്ടിറങ്ങണമെന്ന് കെ എന്‍ എം അഭ്യര്‍ഥിച്ചു. സിറിയയിലെ അമേരിക്കന്‍ സൈനിക ഇടപെടല്‍ സ്ഥായിയായ പരിഹാരമല്ലെന്നിരിക്കെ ജനാധിപത്യ പുനസ്ഥാപനത്തിനുള്ള ശ്രമങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുക്കണം. സിറിയയെ സൈനിക താവളമാക്കി നിലനിര്‍ത്തി സിറിയയിലെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഇടപെടലെന്നതിന് അനുഭവം സാക്ഷിയാണെന്നിരിക്കെ അറബ് വസന്തത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി സിറിയയില്‍ ജനാധിപത്യം പുനസ്ഥാപന പ്രസ്ഥാനങ്ങള്‍ക്ക് ശക്തിപകരാന്‍ ആഗോള സമൂഹം മുന്നോട്ടു വരണം. 

ഈജിപ്തിലെ മനുഷ്യക്കുരുതിക്കെതിരെ നേരിട്ടിടപെടാന്‍ അറബ് രാഷ്ട്രങ്ങള്‍ തയ്യാറാവണം. ജനാധിപത്യപുനസ്ഥാപന പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന കാവല്‍ മന്ത്രിസഭയെ ഒറ്റപ്പെടുത്താന്‍ അറബ് രാഷ്ട്രഐക്യസമിതിക്ക് കഴിയേണ്ടതുണ്ട്. ഈജിപ്തില്‍ ജനാധിപത്യപരമായി അധികാരത്തിലേറിയ മുഹമ്മദ് മുര്‍സി മന്ത്രിസഭയെ പുനസ്ഥാപിക്കാന്‍ ഐക്യ രാഷ്ട്രസഭക്ക് ബാധ്യതയുണ്ടെന്നും കെ എന്‍ എം അഭിപ്രായപ്പെട്ടു. 

ഇശ്‌റത്ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളെ രക്ഷപ്പെടുത്തുംവിധമുള്ള അന്വേഷണ ഏജന്‍സികളുടെ ഒത്തുകളി അപലപനീയമാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഇരകളെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നത് ഐ ബി പോലുള്ള അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ്. അബ്ദുല്‍നാസര്‍ മഅ്ദനിയെ തടങ്കിലിലിട്ട് ഇഞ്ചിഞ്ചായി നശിപ്പിക്കുന്ന ഭരണകൂടഭീകരതക്ക് കൂട്ടുനില്ക്കുന്നത് അന്വേഷണ ഏജന്‍സികളുടെയും ഫാസിസ്റ്റുകളുടെയും നിയമവ്യവസ്ഥയുടെയും ഫാസിസ്റ്റ്‌വല്‍ക്കരണമാണ് വ്യക്തമാകുന്നതെന്നും അബ്ദുല്‍നാസര്‍ മഅ്ദനിക്ക് ജാമ്യം നിഷേധിക്കാന്‍ നിയമത്തിന്റെ പിന്‍ബലമില്ലെന്നിരിക്കെ ജുഡീഷ്യറി ഭരണകൂട ഭീകരതക്ക് അടിപ്പെട്ടത് നീതീകരിക്കതല്ല. 

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ആദര്‍ശ പ്രബോധന രംഗം സജീവമാക്കി സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. വഖഫ് ഫണ്ട് വിജയിപ്പിച്ച ജില്ലാകമ്മിറ്റികളെ കൗണ്‍സില്‍ അഭിനന്ദിച്ചു. 

ഉന്നതസ്ഥാനങ്ങള്‍ ലഭിച്ച ഡോ. പി പി മുഹമ്മദ് (ഇഫഌ സ്‌പെഷല്‍ ഓഫിസര്‍, മലപ്പുറം), ഡോ. കെ മുഹമ്മത് ബശീര്‍ (കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍), പ്രൊഫ. എം ഹാറൂണ്‍ (പ്രിന്‍സിപ്പള്‍, തിരൂരങ്ങാടി പി എസ് എം ഒ കോളെജ്), കെ അബ്ദുല്‍ ഖയ്യും പുന്നശ്ശേരി (പ്രിന്‍സിപ്പാള്‍, പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളെജ്), ഡോ. പി മുസ്തഫ ഫാറൂഖി (പ്രിന്‍സിപ്പാള്‍, ഫറോക്ക് റൗഉത്തുല്‍ ഉലൂം അറബിക് കോളെജ്), എ കെ ഈസാഅബൂബക്കര്‍ മദനി (തിരൂരങ്ങാടി കെഎം എം അറബിക്ക് കോളെജ് പ്രിന്‍സിപ്പാള്‍) എന്നിവരെ കൗണ്‍സില്‍ അനുമോദിച്ചു. 

2014 ഫിബ്രവരി ആറ്, ഏഴ്, എട്ട്, ഒന്‍പത് തിയ്യതികളില്‍ കോട്ടക്കലില്‍ നടക്കുന്ന എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളന പരിപാടികള്‍ക്ക് രൂപം നല്കി. knm02ഒരു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും വാര്‍ഷിക വരവ് ചെലവ് കണക്കും വരുന്ന രൂപരേഖയും അവതരിപ്പിച്ചു. 

കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എം സ്വലാഹൂദ്ദീന്‍ മദനി, എ അബ്ദുല്‍ ഹമീദ് മദീനി, ഡോ. മുസ്തഫ ഫാറൂഖി, കെ ജമാലൂദ്ദീന്‍ ഫാറൂഖി, പ്രഫ. എന്‍ വി അബ്ദുറഹിമാന്‍, പി കെ ഇബ്രാഹീം ഹാജി, എ അസ്ഗറലി, ഡോ. പി പി അബ്ദുല്‍ഹഖ്, പി ടി വീരാന്‍കുട്ടി സുല്ലമി, കെ അബൂബക്കര്‍ മൗലവി, കെ പി സകരിയ്യ, ഉബൈദുല്ല താനാളൂര്‍, സി മമ്മു കോട്ടക്കല്‍, ഇസ്മായില്‍ കരിയാട്, ജാസിര്‍ രണ്ടത്താണി, ബി പി എ ഗഫൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, ടി അബൂബക്കര്‍ നന്മണ്ട, അഡ്വ. എം മൊയ്തീന്‍കുട്ടി, സി അബ്ദുലത്തീഫ് മാസ്റ്റര്‍, ശമീമ ഇസ്‌ലാഹിയ്യ, അബ്ദുറൂഫ് മദനി കാസര്‍കോട്, ഷംസുദ്ദീന്‍ പാലക്കോട്, സലീം ഒളവണ്ണ, ഡോ. വി കുഞ്ഞാലി, ഇബ്രാഹിം പുനത്തില്‍, അബ്ദുറഹിമാന്‍ സുല്ലമി, ഹംസ സുല്ലമി കാരക്കുന്ന്, പി മൂസകൂട്ടി മദനി, പി മുഹമ്മദാലി മാസ്റ്റര്‍, സലാം മാസ്റ്റര്‍ തൃശൂര്‍, അബ്ദുല്‍ കരീം എറണാകുളം, പി മുഹമ്മദലി അന്‍സാരി, സജീദ്ഖാന്‍ കൊല്ലം, ബശീര്‍ ഫാറൂഖി ഇടുക്കി, എന്‍ എസ് എം റഷീദ്, കെ എസ് സുബൈര്‍, ഹമീദ് കുനിയില്‍, മുഹമ്മദ് ഉള്ള്യേരി പ്രസംഗിച്ചു.
Read More

Tuesday, July 30, 2013

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ശ്രദ്ധേയമായി


കോഴിക്കോട്: ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം റമദാന്‍ കാമ്പയിന്റെ ഭാഗമായി എം എസ് എം സംഘടിപ്പിച്ച 17ാമത് മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സ്വദേശത്തും വിദേശത്തുമായി വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെ 550 സെന്ററുകളിലായി ആയിരങ്ങള്‍ പങ്കെടുത്തു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് ഖുര്‍ആനിന്റെ ആശയങ്ങളിലേക്ക് വെളിച്ചം പകരാന്‍ പരീക്ഷക്ക് സാധിച്ചു. ഒ എം ആര്‍ ആന്‍സര്‍ ഷീറ്റ്കളുപയോഗിച്ചാണ് വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയത്ത് പരീക്ഷ നടത്തപ്പെട്ടത്. പരീക്ഷയുടെ പ്രൊഫഷണല്‍ സമീപനം രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഏറെ പ്രകീര്‍ത്തിച്ചു. 

പരീക്ഷക്ക് ശേഷം മുഖ്യ പരീക്ഷാ കണ്‍ട്രോളര്‍ ഹാഫിസ് റഹ്മാന്‍ പുത്തൂര്‍ പരീക്ഷാര്‍ഥികളോട് സംവദിച്ചു. സൃഷ്ടാവിന്റെ കാരുണ്യത്തെക്കുറിച്ചും അത് തിരിച്ചറിഞ്ഞ് നന്ദി ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം ഉദ്‌ഘോഷിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സജീവമായി മിസ്ബാഹിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത് അറിയിച്ചു. കേരളത്തിനു പുറമെ ജി സി സി രാഷ്ട്രങ്ങളിലും വിവിധ സെന്ററുകളിലായി പരീക്ഷ നടന്നതായി സംഘാടക സമിതി അറിയിച്ചു. ഖമറുദ്ദീന്‍ എളേറ്റില്‍, സൈദ് മുഹമ്മദ്, മുഹ്‌സിന്‍ തൃപ്പനച്ചി, അദീപ് പുത്തൂര്‍, നസീഫ് അത്താണിക്കല്‍, നബീല്‍ പാലത്ത്, മുഹാവിന്‍ മുബാറക്, മുസ്‌ലിഹ്, മന്‍സൂര്‍ കൊടിയത്തൂര്‍, അബൂബക്കര്‍, മുസ്ഫര്‍, ഫവാസ് കുണ്ടുങ്ങല്‍ തുടങ്ങിയവര്‍ പരീക്ഷക്ക് നേതൃത്വം നല്കി. റിസള്‍ട്ട്, ഉത്തര സൂചിക പോലെയുള്ള പരീക്ഷയുമായി ബന്ധപ്പെട്ട www.msmkerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരസൂചികയുടെ വിശദീകരണവും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭിക്കും. പരീക്ഷാ സംബന്ധമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും hello@msmkerala.org എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കണമെന്നും കണ്‍ട്രോളര്‍ അറിയിച്ചു. 

അതിനൂതനമായ ഒ എം ആര്‍ കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് ശേഷം ഈദുല്‍ ഫിത്ത്വര്‍ ദിനത്തിലും പ്രത്യേകം തയ്യാറാക്കിയ സപ്ലിമെന്റിലും www.msmkerala.org വെബ്‌സൈറ്റിലും ഫലം പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം ഘട്ട മത്സര വിജയികളെ ഉള്‍പ്പെടുത്തി നടത്തുന്ന 'മിസ്ബാഹ്' മെഗാ റൗണ്ടില്‍ എത്തിപ്പെടുന്ന 20 പേരില്‍ നിന്നാണ് ആദ്യ മൂന്നു സ്ഥാനക്കാരെ നിര്‍ണയിക്കുക. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 30,003, 20,002, 10,001 രൂപയും പ്രശസ്തി പത്രവും മറ്റുള്ളവര്‍ക്ക് റിസര്‍ച്ച് പുസ്തകങ്ങളും പ്രോത്സാഹന സമ്മാനങ്ങളുമാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടുതര്‍വിവരങ്ങള്‍ക്ക്: 0495.4020375, 9946369376, 9847353752
Read More

Friday, July 26, 2013

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്രദ്ധേയമായി


മടവൂർ: ISM മടവൂർ ശാഖാ കമ്മിറ്റി അന്യ സംസ്ഥാന തൊഴിലാളികൾക്ക്‌ വേണ്ടി സംഘടിപ്പിച്ച റംസാൻ സംഗമത്തിൽ യു.പി, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെക്കൊണ്ട് ശ്രദ്ധേയമായി. മൗലാന ഹാഫിദ് മഹമൂദ് ആലം മസ്ഹരി (ബീഹാർ) ഉദ്ബോധന പ്രസംഗം നടത്തി. ദേശ ഭാഷ വ്യത്യാസങ്ങൾക്കതീതമായി ഇസ്ലാമിക സമൂഹം പരസ്പര സൗഹാർദത്തോടെ ജീവിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. 

തുടർന്ന് നടന്ന സമൂഹ നോമ്പുതുറയിൽ നിരവധി പേർ പങ്കെടുത്തു. അബ്ദുല്ല ഹുസൈൻ,അനീസ്‌ ബാബു,ആരിഫ് പി.കെ,നബീൽ മണങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.
Read More

Thursday, July 25, 2013

മുസ്ലിം സംഘടനകള്‍ ജാഗ്രത പാലിക്കണം: ജാസിര്‍ രണ്ടത്താണി


ദുബൈ: കേരളത്തിലെ കേമ്പസുകളെ പിടിമുറുക്കുന്ന അധാര്‍മിക പ്രവണതകള്‍ മുസ്ലിം സംഘടനകള്‍ കണ്ടില്ലെന്നു നടിക്കെരുതെന്ന് മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (എം എസ് എം) സംസ്ഥാന ജ. സെക്രട്ടറി ജാസിര്‍ രണ്ടത്താണി പറഞ്ഞു. 

 മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ക്യാമ്പസുകള്‍പോലും ജീര്‍ണ്ണതകളില്‍നിന്ന് മുക്തമല്ല. മുസ്ലിം സംഘടനകള്‍ കേരളത്തില്‍ എമ്പാടുമുണ്ടെങ്കിലും അവയിലൊന്നും താല്‍പര്യമില്ലാത്ത ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട്. ഭാവി തലമുറയുടെ വ്യക്തിത്വം രൂപപ്പെടുന്ന പാഠശാലകള്‍ മൂല്യച്ചുതിയില്‍ ആപതിക്കുന്നത് സംഘടനകളുടെ അജണ്ടയില്‍ വരണമെന്ന് കോഴിക്കോട് കോളേജ് ഓഫ് എഞ്ചിനേറിങ്ങിലെ അധ്യാപകന്‍ കൂടിയായ ജാസിര്‍ അഭിപ്രായപ്പെട്ടു. ദുബൈ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More

Thursday, July 11, 2013

MSM ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ റമദാന്‍ ക്യാംപയിന് തുടക്കമായി


തിരുവനന്തപുരം : ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) നടത്തുന്ന ക്യാംപയിനിന്റെ ഉദ്ഘാടനം ‘ഹൃദയപൂര്‍വ്വം ചിന്തക്കും സമര്‍പ്പണത്തിനും’ കിറ്റ് സ്വീകരിച്ചു കൊണ്ട് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന പരിപാടികളാണ് ക്യാംപയിനിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. 

പതിനേഴാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, മിസ്ബാഹ് മദ്‌റസ തല ജില്ല റൗണ്ട് എന്നിവ റമദാനില്‍ നടക്കും. സന്ദേശ കൈമാറ്റം, ക്യാംപസ് ഇഫ്താര്‍, റയ്യാന്‍ ക്യാംപസ് മെഗാ ക്വിസ്, റമദാന്‍ സൗഹൃദ സായാഹ്നം, ഖുര്‍ആന്‍ ക്ലസ്റ്റര്‍ തുടങ്ങിയ ഖുര്‍ആന്‍ വിജ്ഞാനങ്ങളുമായി ബന്ധപെട്ട പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാന ഭാരവാഹികളായ ഹാഫിസ് റഹ്മാന്‍ മദനി, ഫൈസല്‍ പാലത്ത്, ഉമ്മര്‍ കുട്ടി കൊച്ചി എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
Read More

Saturday, July 06, 2013

മുജാഹിദ് ഐക്യം സ്വാഗതാര്‍ഹം -കെ എന്‍ എം

കോഴിക്കോട്: മുജാഹിദുകള്‍ക്കിടയില്‍ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും 2001 ജൂണ്‍ 4ന് കേരള ജം ഇയ്യത്തുല്‍ ഉലമ നിര്‍വ്വാഹക സമിതി എടുത്ത നിലപാട് ഇതിന് അടിസ്ഥാനമാക്കാമെന്നും ഐക്യശ്രമങ്ങള്‍ക്ക് വേണ്ടി ഏത് ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ശ്രമങ്ങളേയും പിന്തുണയ്ക്കുമെന്നും കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ.എന്‍.എം. സംസ്ഥാന പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു.

യോഗത്തില്‍ കെ.എന്‍.എം.സംസ്ഥാന പ്രസിഡണ്ട് ഡോ.ഇ.കെ.അഹ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. 2014 ഫിബ്രവരിയില്‍ കോട്ടക്കലില്‍ നടക്കുന്ന മുജാഹിദ് 8ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പ്രകാശനം ചെയ്തു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, എ.അബ്ദുല്‍ ഹമീദ് മദീനി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പി.കെ.ഇബ്രാഹീം ഹാജി, എ.അസ്ഗറലി, എം.സ്വലാഹുദ്ദീന്‍ മദനി, പ്രൊഫ.എന്‍.വി.അബ്ദുറഹിമാന്‍, ഡോ. മുസ്തഫ ഫാറൂഖി, പി.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഡോ.പി.പി.അബ്ദുല്‍ഹഖ്, കെ.പി.സകരിയ്യ, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, കെ.അബൂബക്കര്‍ മൗലവി, സി.മമ്മു, ഇസ്മാഈല്‍ കരിയാട്. അബ്ദുല്‍ വാഹിദ് മയ്യേരി, ജാസിര്‍ രണ്ടത്താണി, സലീം കരുനാഗപ്പള്ളി, ഡോ.പി.പി.മുഹമ്മദ്, സലീം ചെര്‍പ്പുളശ്ശേരി, ബഷീര്‍ അന്‍സാരി, ഷംസുദ്ദീന്‍ പാലക്കോട്, കെ.അബ്ദുല്‍കരീം എഞ്ചീനീയര്‍, എന്‍.എസ്.എം.റഷീദ് കോട്ടയം, അലിമദനി മൊറയൂര്‍, അബ്ദുല്‍ലത്തീഫ് കരിമ്പുലാക്കല്‍, ഹാഫീസുല്ല പാലക്കാട്, കെ.എ.സുബൈര്‍ ആലപ്പുഴ, അബ്ദുല്‍ഗനി സ്വലാഹി, പ്രൊഫ.സൈനുദ്ദീന്‍ തിരുവനന്തപുരം, ഈസാ അബൂബക്കര്‍ മദനി, എന്‍.എം.അബ്ദുല്‍ ജലീല്‍, കെ.അബ്ദുല്‍ ഖയ്യും സുല്ലമി, ടി.പി. മൊയ്തു വടകര, എം.ഐ.മുഹമ്മദലി സുല്ലമി, മുഹമ്മദ് തയ്യിബ് സുല്ലമി, സി.മരക്കാരുട്ടി, വി.പി.അഹമ്മദ് കുട്ടി മദനി പ്രസംഗിച്ചു.
Read More

Friday, July 05, 2013

ഹജ്ജ് കര്‍മം മുസ്‌ലിം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം : ഡോ. ഹുസൈന്‍ മടവൂര്‍


കൊണ്ടോട്ടി : പരിശുദ്ധ ഹജ്ജ് കര്‍മം മുസ്‌ലിം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറൽ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയുടെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ കേരള ഹജ്ജ് ഹൗസില്‍ സംഘടിപ്പിച്ച മലബാര്‍ ഹജ്ജ് പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഭക്തിയും ത്യാഗസന്നദ്ധതയും ഹജ്ജിന്റെ അവിഭാജ്യഘടകമാണ്. സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ലെന്ന നബിവചനം ഹാജികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇബ്രാഹിം നബിയുടെ ത്യാഗപൂര്‍ണമായ ജീവിതം അയവിറക്കാനവസരം ലഭിക്കുന്ന ഹജ്ജ് കര്‍മം വിശ്വാസികള്‍ക്ക് ഒട്ടേറെ അനുഭൂതികള്‍ ഉളവാക്കാനിടവരും. ഹജ്ജിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും ഖുര്‍ആനും സുന്നത്തുമനുസരിച്ചുള്ള ഹജ്ജ് കര്‍മം നിര്‍വഹിക്കാനും ഹജ്ജാജികള്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

കേരള ഹജ്ജ് കമ്മിറ്റിയംഗം ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ട്രഷറര്‍ എം മനാഫ്, മൗലവി ഷഫീഖ് അസ്‌ലം, അബ്്ദുലത്തീഫ് കരിമ്പുലാക്കല്‍ എന്നിവര്‍ ക്ലാസെടുത്തു. കെ അബൂബക്കര്‍ മൗലവി, എ അബ്്ദുല്‍ ഹമീദ് മദീനി, ഉബൈദുല്ല താനാളൂര്‍, യൂനുസ് നരിക്കുനി, പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ , അബൂബക്കര്‍ തൃപ്പനച്ചി എന്നിവര്‍ പ്രസംഗിച്ചു.
Read More

Tuesday, July 02, 2013

ജനപ്രതിനിധികളുടെ പെരുമാറ്റം നാടിനു വെല്ലുവിളിയാകുന്നു : UAE ഇസ്`ലാഹി സെന്റര്‍


ദുബൈ : നാടും നഗരവും പ്രളയക്കെടുതിയില്‍ പൊറുതിമുട്ടുന്ന സന്ദര്‍ഭത്തില്‍ ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ ജനാധിപത്യത്തിന്റെ സിരാകേന്ദ്രമായ നിയമസഭയില്‍ പെരുമാറുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നികുതിപ്പണത്തിലൂടെ സ്വരൂപിക്കുന്ന വന്‍തുക ചെലവിട്ടു നടത്തുന്ന നിയമസഭാ സമ്മേളനങ്ങള്‍ പ്രഹസനമാക്കുന്നത് ഖേദകരമാണെന്ന് ദുബൈ ഇസ്്‌ലാഹി സെന്ററില്‍ ചേര്‍ന്ന യു എ ഇ ഇസ്്‌ലാഹി സെന്റര്‍ കേന്ദ്രകൗണ്‍സില്‍ അഭിപ്രായപ്പെട്ടു. 

ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ആഭ്യന്തരവും വൈദേശികവുമായ സാമ്പത്തിക ഭദ്രതയെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് ഉള്ളത്. ജനങ്ങളുടെ ജീവിത നിലവാരം കുത്തനെ ഉയരുകയും ദൈനം ദിന ജീവിതം ദുസ്സഹമായിത്തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെടേണ്ടിയിരിക്കുന്നു. സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന പ്രവണത നിര്‍ത്തണമെന്ന കേന്ദ്ര ധനകാര്യ മന്ത്രിയുടെ പ്രസ്താവന സമൂഹത്തില്‍ വേണ്ടത്ര പ്രതികരണം ഉണ്ടാക്കിയിട്ടില്ല. ആയതുകൊണ്ട് സ്വര്‍ണ്ണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. 

സാമൂഹിക പരിസരങ്ങളുടെ ചുവരെഴുത്ത് വായിച്ച് മുസ്്‌ലിം സംഘടനകള്‍ സഹകരണത്തിന്റെ മാര്‍ഗ്ഗം തേടേണ്ടതാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ പതിനൊന്നു വര്‍ഷത്തെ പിളര്‍പ്പുകാലം പുരോഗമന സംരംഭങ്ങളെ പിറകോട്ടു തള്ളിയിട്ടുണ്ട്. മുജാഹിദ് നേതാക്കളുമായി വേദിപങ്കിട്ടതിന്റെ പേരില്‍ സമസ്തയെ പിളര്‍ത്തി വേറിട്ടുപോയ മതപുരോഹിതന്‍ സലഫി നാടുമായി പുതിയ ബന്ധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഖബറാരാധനയുടെ കാര്യത്തില്‍ കര്‍ശന നിലപാടുള്ള നാടുകളില്‍ നേട്ടത്തിനു ശ്രമിക്കുന്ന ഈ രൂപപരിണാമം ഗള്‍ഫില്‍ മാത്രമൊതുങ്ങുന്ന താല്‍ക്കാലിക അജണ്ടയാക്കരുത്. സൗദി അറേബ്യയിലുള്ള ഈ വിശാല സമീപനം സ്വന്തം പ്രസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ യാഥാസ്ഥിതിക പ്രസ്ഥാനങ്ങള്‍ക്കിടയിലും വേര്‍പിരിയലിന്റെ അകലം കുറയുമെന്ന് കൗണ്‍സില്‍ പ്രത്യാശിച്ചു. 

 കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. അടുത്ത ആറു മാസത്തേക്കുള്ള രൂപരേഖ ഷഹീന്‍ അലി അവതരിപ്പിച്ചു. യൂസുഫ് താനാളൂര്‍, മുജീബ് എക്‌സല്‍, ഷംസീര്‍ മൊയ്തു, എന്‍ കെ ഫൈസല്‍, അബ്ദുല്‍ അസീസ് ഫാറൂഖി, താജുദ്ധീന്‍, മന്‍സൂര്‍ അബുദാബി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. വി പി അഹ്മദുകുട്ടി മദനി, കെ എ ജാഫര്‍ സാദിക്ക്, മുജീബ് റഹ്മാന്‍ എടവണ്ണ, റസാഖ്. പി, മുഹമ്മദ് ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.
Read More

MSM മിസ്ബാഹ് ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ 28ന്


കോഴിക്കോട് : ഖുര്‍ആന്‍ അനുയായികളെ അത്മാഭമാനത്തിലേക്കും പൊതുജനങ്ങളെ ആഴത്തിലേക്കുള്ള ആലോചനയിലേക്കും വഴി നടത്തുക എന്ന ലക്ഷ്യത്തോടെ എം എസ് എം ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മിസ്ബാഹ് 17-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ കേരളത്തിനകത്തും പുറത്തുമായി 650 സെന്ററുകളില്‍ നടക്കും. 28 ന് രാവിലെ 10 മണി മുതല്‍ 12 വരെയാണ് പരീക്ഷ സംഘടിപ്പിക്കുക. കെ എന്‍ എം പ്രസിദ്ധീകരിച്ച മര്‍ഹൂം അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ 18, 19 അധ്യായങ്ങളെ ആസ്പദമാക്കിയായിരിക്കും പരീക്ഷ. 

ഒന്നാം ഘട്ട മത്സര വിജയികളെ ഉള്‍പ്പെടുത്തി നടത്തുന്ന മിസബാഹ് മെഗാറൗണ്ടിലെ 20 പേരില്‍ നിന്നാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ നിര്‍ണയിക്കുക. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 30003, 20002, 10001 രൂപയും പ്രശസ്തിപത്രവും മറ്റുള്ളവര്‍ക്ക് റിസര്‍ച്ച് പുസ്തകങ്ങളും പ്രോത്സാഹന സമ്മാനങ്ങളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഒ എം ആര്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ശേഷം ആഗസ്ത് ഒന്‍പതിന് പ്രത്യേകം തയ്യാറാക്കിയ സപ്ലിമെന്റിലും www.msmkerala.org വെബ്‌സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും. 

പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ 50 രൂപ ഫീസടച്ച് 18ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഒന്നിലധികം പേര്‍ ഒരു വീട്ടില്‍ നിന്നും പരീക്ഷയെഴുതുന്നുണ്ടെങ്കില്‍ 40 രൂപയായിരിക്കും ഫീസ്. ക്യൂ എല്‍ എസ് പഠിതാക്കള്‍ക്കും 40 രൂപയാണ്. സെന്ററുകളുടെ വിവരങ്ങളും അപേക്ഷാഫോറവും വൈബ്‌സൈറ്റില്‍ ലഭ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ എം എസ് എം പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത്, ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സെക്രട്ടറി അദീബ് പുത്തൂര്‍, ആഷിദ് ഷാ, നബീല്‍ പാലത്ത്, ഫവാസ് എളേറ്റില്‍ എന്നിവര്‍ പങ്കെടുത്തു.
Read More

Monday, July 01, 2013

അഖില കേരള മദ്‌റസ ഖുര്‍ആന്‍ വിജ്ഞാനമത്സരം ശ്രദ്ധേയമായി


കോഴിക്കോട് : MSM കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചു(CIER)മായി സഹകരിച്ച് നടത്തുന്ന നാലാമത് ഖുര്‍ആന്‍ വിജ്ഞാന മത്സരം ‘മിസ്ബാഹ്’ന്റെ പ്രാഥമിക റൗണ്ട് കേരളത്തിലെ 500ല്‍ പരം കേന്ദ്രങ്ങളില്‍ നടന്നു. കെ എന്‍ എം പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണം അടിസ്ഥാനമാക്കിയായിരുന്നു മത്സരം ക്രമീകരിച്ചത്. പ്രാഥമിക റൗണ്ട് വിജയികളെ ജൂലായ് അഞ്ചിന് പ്രഖ്യാപിക്കുമെന്ന് എക്‌സാമിനേഷന്‍ ബോര്‍ഡ് കണ്‍ട്രോളര്‍ ഹാഫിസ് റഹ്മാന്‍ അറിയിച്ചു. 

പ്രസ്തുത വിദ്യാര്‍ഥികളുടെ രണ്ടാം റൗണ്ട് ജൂലായ് 13ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ടീമുകള്‍ ‘മിസ്ബാഹ് മെഗാ റൗണ്ടില്‍’ വെച്ച് മാറ്റുരക്കും. ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍  www.msmkerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. 

വിജ്ഞാന മത്സരത്തിന് വിവിധ ജില്ലകളിലായി ആരിഫ് കാസര്‍ക്കോട്, നിഹാല്‍ പുന്നോല്‍, ഇര്‍ഷാദ് മുട്ടില്‍, ഷക്കീബ് അത്തോളി, അന്‍വര്‍ഷാ നൊച്ചാട്, ഷിഹാബ് കാളാട്, നസീഹ് മഞ്ചേരി, ഷഫീക്ക് കാര, അദീബ് കൈപമംഗലം, മുജ്ബീര്‍ പള്ളുരുത്തി, ഷഹീര്‍ ഫാറൂഖി ആലപ്പുഴ, അന്‍വര്‍ ഹുസൈന്‍ കൊല്ലം, ബാദുഷാ ഫൈസല്‍ ഇടുക്കി, ഷഹബാസ് കോട്ടയം, ഫവാസ് അരൂര്‍, നസീഹ് തിരുവനന്തപുരം എന്നിവര്‍ നേതൃത്വം നല്കി.
Read More

Sunday, June 30, 2013

ഉത്തരാഖണ്ഡ്; സഹായം നല്കണം : KNM


കോഴിക്കോട് : ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇകെ അഹ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ ആഹ്വാനം ചെയ്തു. 

മഴയും പ്രളയവും സംഹാരതാണ്ഡവം നടത്തിയ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം പോലും തടസപ്പെട്ട അവസ്ഥയാണുള്ളത്. നിരവധി പേര്‍ ഭവനരഹിതരാവുകയും ഒട്ടേറെ പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഭക്ഷണം, മരുന്ന് തുടങ്ങിയവയുടെ ദൗര്‍ലഭ്യത കാരണം പലരും പ്രയാസപ്പെടുകയാണ്. മരണത്തോട് മുഖാമുഖം നില്‍ക്കുന്ന ദയനീയ രംഗമാണുള്ളത്. കുടുംബാംഗങ്ങളെ കാണാതെ പ്രയാസപ്പെടുന്നവരും ഒട്ടേറെയുണ്ട്. പ്രളയബാധിതരെ പരമാവധി സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Read More

Saturday, June 29, 2013

UAE ഇസ്ലാഹി സെന്റര്‍ ക്യാംപയിന്‍ സമാപിച്ചു


ദുബൈ: 'വിശ്വാസം വിശുദ്ധി നവോത്ഥാനം' എന്ന പ്രമേയത്തില്‍ ഇസ്ലാഹി സെന്റര്‍ യു.എ.ഇ കഴിഞ്ഞ മൂന്നു മാസമായി നടത്തി വന്നിരുന്ന ക്യാംപയിന്‍ സമാപിച്ചു. സമാപന സമ്മേളനം വി പി അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. 

 ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ജിദ്ദയില്‍ നിന്നും വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ സദസ്സിനെ അഭിസംബോധനചെയ്തു. അഷ്‌റഫ് വാരണാക്കര, ഹുസൈന്‍ പി എ, ഹസൈനാര്‍ അന്‍സാരി, ഖാലിദ് മദനി, ജാഫര്‍ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.
Read More

മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നത് ആത്മീയബോധത്തിന്റെ അഭാവത്തില്‍ : നാസര്‍ സ്വലാഹി


ജിദ്ദ: ആധുനിക സമൂഹത്തില്‍ ഏറ്റവുമധികം ഒറ്റപ്പെടലുകളും അവഗണനയും അനുഭവിക്കുന്ന വിഭാഗമായി പ്രായമേറിയ മാതാപിതാക്കള്‍ മാറുകയാണെന്ന് ഐഎസ്എം ദക്ഷിണ കേരള പ്രസിഡണ്ട് നാസര്‍ സ്വലാഹി മുണ്ടക്കയം വിലയിരുത്തി. ശറഫിയ്യയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ 'മാതാപിതാക്കള്‍; കടമകളും കടപ്പാടുകളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

മാതാപിതാക്കളെ അവഗണിച്ച് സമൂഹത്തില്‍ പ്രശസ്തരും നാട്ടുകാര്‍ക്ക് ഉപകാരിയുമായി നടക്കുന്നവര്‍ക്ക് ഇസ്‌ലാം യാതൊരു ഔന്നത്യവും കാണുന്നില്ല. സംഘടനാ പ്രവര്‍ത്തനങ്ങളും ആരാധനകള്‍ പോലും മാതാപിതാക്കളോടുള്ള ബാധ്യതാനിര്‍വഹണത്തില്‍ തടസ്സമാവരുത് എന്നതാണ് ഇസ്‌ലാമിന്റെ താല്പര്യം. ആധുനികതയുടെ അതിപ്രസരത്തില്‍ ഒരു ബൈക്കിന്റെ വില പോലും മാതാപിതാക്കള്‍ക്ക് കല്പിക്കാത്ത മക്കള്‍ വളര്‍ന്നു വരുന്നത് കൂടുതല്‍ ഗൗരവത്തോടെ കണക്കിലെടുത്ത് അനിവാര്യമായ ധാര്‍മ്മിക വിദ്യാഭ്യാസവും ആത്മീയ ബോധവും മക്കള്‍ക്ക് നല്‍കുവാന്‍ രക്ഷിതാക്കള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. 

ഇസ്‌ലാഹി സെന്റര്‍ ദഅവ വിഭാഗം കണ്‍വീനര്‍ യൂസുഫ് ഫാറൂഖി സ്വാഗതവും സെക്രട്ടറി സലീം ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Read More

മൂന്നാമത് KICR അന്താരാഷ്ട്ര ഓണ്‍ലൈന്‍ തജ്‌വീദ് മത്സരം; രജിസ്‌ട്രേഷന്‍ തുടങ്ങി


സലാല : റമദാനില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താ രാഷ്ട്ര തജ് വീദ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്‌ട്രേഷന്‍ തുടങ്ങി. ഓണ്‍ലൈന്‍ വഴി (www.islahiclassroom.com ) അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയും വിധം ബൈലക്‌സ് മെസ്സഞ്ചറിലെ കേരള ഇസ്‌ലാഹി ക്ലാസ് റൂം വഴിയാണ് മത്സരം നടക്കുക. മത്സരത്തിനു പ്രഗല്ഭരായ പണ്ഡിതന്മാര്‍ നേതൃത്വം നല്കും. 

റമദാനിലെ ആദ്യ ശനിയാഴ്ച്ച രാവിലെ സഊദി സമയം 9 മണിക്ക് (ഇന്ത്യന്‍ സമയം 11. 30) ഉദ്ഘാടനം നിര്‍വഹിക്കപ്പെടും. കുട്ടികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെയായിരിക്കും മത്സരങ്ങള്‍ നടക്കുക. വിശദ വിവരങ്ങള്‍ക്ക് ഇന്ത്യ 00919846887883, ഗള്‍ഫ് 00966 501447450 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.
Read More

Wednesday, June 26, 2013

ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ പെരുമാറരുത് - UAE ഇസ്‌ലാഹി സെന്‍റര്‍

ദുബായ്: രാജ്യം പ്രളയക്കെടുതിയില്‍ പൊറുതിമുട്ടുന്ന സന്ദര്‍ഭത്തില്‍ ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ നിയമസഭയില്‍ പെരുമാറുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നിയമസഭാ സമ്മേളനങ്ങള്‍ പ്രഹസനമാക്കുന്നത് ഖേദകരമാണെന്നും യു.എ.ഇ.ഇസ്‌ലാഹി സെന്‍റര്‍ കേന്ദ്ര കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ആഭ്യന്തരവും വൈദേശികവുമായ സാമ്പത്തിക ഭദ്രതയെ ചോദ്യംചെയ്യുന്ന വിധത്തിലാണ് ഉള്ളത്. ജനങ്ങളുടെ ജീവിത നിലവാരം കുത്തനെ ഉയരുകയും ദൈനംദിന ജീവിതം ദുസ്സഹമായിത്തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെടണം. സ്വര്‍ണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 

 പ്രസിഡന്‍റ് അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. ഷഹീന്‍ അലി, യൂസുഫ് താനാളൂര്‍, മുജീബ് എക്‌സല്‍, ഷംസീര്‍ മൊയ്തു, എന്‍.കെ.ഫൈസല്‍, അബ്ദുല്‍ അസീസ് ഫാറൂഖി, താജുദ്ധീന്‍, മന്‍സൂര്‍ അബുദാബി, വി.പി.അഹമ്മദുകുട്ടി മദനി, കെ.എ.ജാഫര്‍ സാദിക്ക്, മുജീബ് റഹ്മാന്‍ എടവണ്ണ, റസാഖ് പി, മുഹമ്മദ് ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.
Read More

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശുദ്ധി മാനിക്കണം: ISM


കോഴിക്കോട് :മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ ഉദ്ദേശശുദ്ധി മാനിക്കാതെ നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിവാഹപ്രായം 16 ആക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പലകാരണങ്ങളാല്‍ 18 വയസ്സ് തികയാതെ നടന്ന വിവാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭ്യമാക്കാനുള്ള നടപടി മാത്രമായി കണ്ടാല്‍ മതി. വിവാഹപ്രായം ഇപ്പോള്‍ നിലവിലുള്ളതുപോലെ 18 തന്നെയായി നിജപ്പെടുത്തണം. പെണ്‍കുട്ടികള്‍ക്ക് മാനസിക ശാരീരിക പക്വത നേടാനും പഠനാവസരങ്ങള്‍ക്കും കൂടുതല്‍ നല്ലത് പ്രായപരിധി 18 വയസ്സാക്കുന്നതാണ്. വിഷയം വൈകാരികമായി കാണാതെ സര്‍ക്കാരും സംഘടനകളും പക്വവും അവധാനതയോടെയുമുള്ള സമീപനം സ്വീകരിക്കണമെന്നും തദ്ദേശസ്വയംഭരണ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഈസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം മുട്ടില്‍, ജാബിര്‍ അമാനി, ശുക്കൂര്‍ കോണിക്കല്‍, ഡോ. ഫുക്കാറലി, അബ്ദുല്‍ ജലീല്‍ പാനൂര്‍, വീരാപ്പു അന്‍സാരി, സമീര്‍ കായംകുളം, കാദര്‍ കടവനാട് പ്രസംഗിച്ചു.
Read More

Sunday, June 23, 2013

മുജാഹിദ് ഐക്യം: സമുദായനേതാക്കള്‍ മുന്‍കയ്യെടുക്കണം-കെ ജെ യു

കോഴിക്കോട്: മുജാഹിദ് ഐക്യം പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും താല്‍പര്യമാണെന്നും ഇതിനായി സമുദായ നേതാക്കള്‍ രംഗത്തിറങ്ങണമെന്നും മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ ജെ യു സംസ്ഥാന നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. 2002-ലെ ഭിന്നതയ്ക്ക് മുമ്പ് കേരള ജംഇയ്യത്തുല്‍ ഉലമയും കെ എന്‍ എമ്മും എടുത്ത ആദര്‍ശപരവും സംഘടനാപരവുമായ തീരുമാനങ്ങള്‍ ആത്മാര്‍ത്ഥമായി അംഗീകരിച്ചാല്‍ ഐക്യം സാധ്യമാവും. മുജാഹിദുകള്‍ക്കിടയിലെ ഐക്യത്തിനും മുസ്‌ലിം സംഘടനകളുടെ പൊതു സൗഹാര്‍ദത്തിനും സമുദായ നേതാക്കള്‍ നേതൃത്വം നല്‍കണം.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വ്യക്തികേന്ദ്രീകൃതമോ ഗള്‍ഫ് നാടുകളിലെ ചില വിഭാഗങ്ങളെ അന്ധമായി അനുകരിക്കുന്നതോ അല്ല. ബഹുമത സമൂഹങ്ങള്‍ വസിക്കുന്ന ഇന്ത്യയിലെ സാഹചര്യത്തിനനുസരിച്ച് സമീപനം സ്വീകരിച്ച സ്വതന്ത്ര പ്രസ്ഥാനമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വാണിജ്യവത്കരിച്ച് വിശ്വാസ കര്‍മ്മരംഗങ്ങളില്‍ നിന്നും ഖുര്‍ആനില്‍ നിന്നും അകലുകയും വാണിജ്യ താല്‍പര്യങ്ങള്‍ക്ക് നിയമസംരക്ഷണത്തിന് ശ്രമിക്കുകയും ചെയ്യുന്നവര്‍ മാറിചിന്തിച്ച് കാണുന്നത് സന്തോഷകരമാണ്. മത ധാര്‍മ്മിക മൂല്യങ്ങള്‍ അവമതിച്ച് സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രത്തെയും ഭരണകൂടത്തെയും വഴിതെറ്റിക്കുന്നവര്‍ വ്യാപകമായി വരുന്ന സാഹചര്യത്തില്‍ സമൂഹത്തിന് നേര്‍വഴി കാണിച്ചുകൊടുക്കാനും മാതൃകയായി വര്‍ത്തിക്കാനും മതനവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. പരസ്പര ഭിന്നതയും വഴക്കും ഇതിന് ദോഷകരമാണ്.

ഒരേ ആശയക്കാര്‍ ഐക്യപ്പെടുകയും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. മുന്‍വിധിയില്ലാതെ നിരുപാധിക ഐക്യത്തിന് മര്‍കസുദ്ദഅ്‌വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ് വിഭാഗം എന്നും സന്നദ്ധമായിരുന്നു. അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും യോഗം വ്യക്തമാക്കി. എന്നാല്‍ നിസ്സാര പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഐക്യാഹ്വാനം തെറ്റായി വ്യാഖ്യാനിച്ചും സംഘടനാപ്രവര്‍ത്തനങ്ങളെയും പ്രബോധന പ്രവര്‍ത്തനങ്ങളെയും നിരുത്സാഹപ്പെടുത്തുന്നത് കരുതിയിരിക്കണമെന്ന് യോഗം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. റമദാനിന്റെ മുന്നോടിയായി ആത്മീയമായും സംഘടനാപരമായും ഉണര്‍വ് കരസ്ഥമാക്കാന്‍ ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടണമെന്നും യോഗം ആഹ്വാനം ചെയ്തു.

യോഗത്തില്‍ കെ ജെ യു പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ സി പി ഉമര്‍ സുല്ലമി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി, അബ്ദുല്‍അലി മദനി, അബൂബക്കര്‍ മദനി മരുത, ഡോ. അബ്ദുറസ്സാഖ് സുല്ലമി തുടങ്ങിയവര്‍ പങ്കെടുത്തു.
Read More

Saturday, April 27, 2013

അടുക്കളത്തോട്ടത്തില്‍ ‘ഹരിത വിപ്ലവ’വുമായി MGM രംഗത്ത്

ദോഹ : കീടനാശിനികളില്ലാത്ത ഭക്ഷണം സ്വപ്‌നം കാണുന്ന തലമുറയ്ക്ക് പച്ചക്കറിയുടേയും കൃഷിയുടേയും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ എം ജി എം കേരള സംസ്ഥാന കമ്മിറ്റി ‘ഹരിത വിപ്ലവ’വുമായി രംഗത്ത്. വിശുദ്ധ വിശ്വാസം വിശുദ്ധ ഭക്ഷണം പദ്ധതിയുമായി കേരളത്തിലെ വീടുകളില്‍ അടുക്കളത്തോട്ടം പദ്ധതിയുമായാണ് എം ജി എം കടന്നുവരുന്നത്. മെയ് 30ന് ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ തുടങ്ങി ശാഖാതലം വരെ പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുകയെന്ന് എം ജി എം കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയയും വൈസ് പ്രസിഡന്റ് സല്‍മ അന്‍വാരിയയും പറഞ്ഞു. 

കാര്‍ഷിക മേഖലയിലെ പ്രമുഖര്‍ നടത്തുന്ന ക്ലാസുകളാണ് ഒന്നാംഘട്ടത്തില്‍ നല്കുക. എം ജി എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും എം ജി എം ഉദ്യോഗസ്ഥ വേദി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കുമാണ് ആദ്യം പരിശീലനം നല്കുക. തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും പച്ചക്കറി കൃഷി പരിശീലനം നടത്തും. ആഗസ്ത്, സെപ്തംബര്‍ മാസത്തോടെയാണ് അടുക്കളത്തോട്ടങ്ങളില്‍ വിത്തുപാകുക. 2014 ഫെബ്രുവരിയില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ കേരളത്തിലെ വിവിധ വീടുകളിലെ അടുക്കളത്തോട്ടങ്ങളില്‍ കൃഷി ചെയ്തുണ്ടാക്കിയതായിരിക്കുമെന്നും അവര്‍ അറിയിച്ചു. പതിനയ്യായിരത്തിലേറെ അംഗങ്ങളുള്ള എം ജി എമ്മിലെ മുഴുവന്‍ അംഗങ്ങളും ഓരോ മാസവും പണം നീക്കിവെച്ച് സമ്മേളനത്തിനുള്ള അരി വാങ്ങാന്‍ വിഹിതമുണ്ടാക്കുമെന്നും സംസ്ഥാന നേതാക്കള്‍ അറിയിച്ചു. 

എം ജി എം പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി എം ജി എം ഉദ്യോഗസ്ഥ വേദിയും ബാലികാവേദിയും പുതുതായി രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനി വിഭാഗം നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിവുള്ള കുട്ടികളെ രംഗത്ത് കൊണ്ടുവരികയാണ് ബാലികാ വേദിയിലൂടെയും വിദ്യാര്‍ഥിനി വിഭാഗത്തിലൂടേയും ശ്രമിക്കുന്നത്. പ്രവര്‍ത്തന രംഗത്തില്ലാത്ത ഉദ്യോഗസ്ഥരേയാണ് ഉദ്യോഗസ്ഥ വേദിയിലൂടെ ശ്രമിക്കുന്നതെന്നും ശമീമ ഇസ്‌ലാഹിയയും സല്‍മ അന്‍വാരിയയും പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ഉദ്യോഗസ്ഥകള്‍ക്കു വേണ്ടി മാത്രമായി സംഘടന രൂപീകരിക്കപ്പെട്ടത്.
Read More

Thursday, April 25, 2013

ആത്മാര്‍ത്ഥതയുള്ളവര്‍ ആദര്‍ശപ്രസ്ഥാനത്തിലേക്ക് മടങ്ങുക : ഇസ്മായില്‍ കരിയാട്

മക്ക : മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ അന്ധവിശ്വാസങ്ങളും പുത്തനാശയങ്ങളും പ്രചരിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന രീതിയില്‍ പുതിയ പ്രസ്താവനകളും പ്രചാരണങ്ങളുമായി ഇപ്പോള്‍ രംഗത്തു വരുന്നവര്‍ പത്തു വര്‍ഷം മുമ്പ് പറയേണ്ട കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത് എന്നും ഈ അപകടം നേരത്തെ തിരിച്ചറിഞ്ഞ് ഇക്കാര്യം ഉന്നയിച്ചവരെ അന്ന് ആദര്‍ശ വ്യതിയാനം ആരോപിച്ച് പുറത്താക്കുകയും പിരിച്ചുവിടുകയുമാണ് ചെയ്തതെന്നും ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കരിയാട് പ്രസ്താവിച്ചു. ബാഹ്യ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ഇസ’ലാഹീ ആദര്‍ശത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നത് പത്തുവര്‍ഷം മുമ്പ് തന്നെ പലരും ചൂണ്ടിക്കാണിച്ചതായിരുന്നു. വാദിയെ പ്രതിയാക്കി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചവരെ പുറത്തു നിര്‍ത്താന്‍ കരുക്കള്‍ നീക്കിയവരാണ് ഇപ്പോള്‍ വന രോദനം പോലുള്ള പ്രസ്താവനകള്‍ തട്ടി വിടുന്നത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ ആദര്‍ശം അംഗീകരിക്കുന്നവര്‍ ഇപ്പോഴും കോഴിക്കോട് മര്‍ക്കസുദ്ദഅവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട് . 

പുത്തനാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പത്തു വര്‍ഷത്തിലധികക്കാലം സൌകര്യങ്ങള്‍ ചെയ്തുകൊടുത്തവര്‍ക്ക് പ്രസ്ഥാനത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ധ്രുവീകരണങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. 
സാത്വികരായ പണ്ഡിതന്മാര്‍ക്കു നേരെ ആദര്‍ശ വ്യതിയാനം ആരോപിക്കുകയും കള്ളക്കേസുകള്‍ കൊടുക്കുകയും ചെയ്തവര്‍ അവ തിരുത്താതെ പുതിയ പ്രചാരണങ്ങളുമായി വരുന്നത് പരിഹാസ്യമാണ്. ഇപ്പോഴത്തെ പ്രസ്താവനകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ അവര്‍ സി പി ഉമര്‍ സുല്ലമിയും, ഡോ. ഇകെ അഹ്മദ് കുട്ടിയും നേതൃത്വം നല്‍കുന്ന യഥാര്‍ത്ഥ ആദര്‍ശപ്രസ്ഥാനത്തിലേക്ക് മടങ്ങി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More

Wednesday, April 24, 2013

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്തിന് കളങ്കം: ISM

കോഴിക്കോട് : വംശീയ വിദ്വേഷത്തിന്റെയും കൂട്ട നരഹത്യയുടെയും സൂത്രധാരനായ നരേന്ദ്രമോദിയെ വെള്ളപൂശാന്‍ മതേതര ചേരിയില്‍ നിന്നുതന്നെ പലരും മുന്നോട്ട് വരുന്നത് ആശങ്കാജനകമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ്. മതേതര ഇന്ത്യക്ക് തീരാകളങ്കം ഉണ്ടാക്കിയ നരേന്ദ്രമോദിയെ കേരളത്തിലേക്ക് ചുവപ്പ് പരവതാനി വിരിച്ച് ആനയിക്കാനുള്ള ചിലരുടെ നീക്കം ഇന്ത്യയുടെ മതേതര പാരമ്പര്യത്തോടുള്ള കൊഞ്ഞനം കുത്തലാണ്. ബി ജെ പി സഖ്യത്തിലെ പ്രധാന കക്ഷിയായ ജെ ഡി യു പോലും മോദിയെ ഉയര്‍ത്തിക്കാട്ടുന്നതിനെതിരെ ശക്തിയായി പ്രതിഷേധമുയര്‍ത്തിയപ്പോള്‍ യു ഡി എഫ് ഭരണത്തിലെ ഒരു മന്ത്രി ഗുജറാത്തില്‍ ചെന്ന് മോദിയെ സന്ദര്‍ശിച്ചതും മറ്റു ചിലര്‍ അദ്ദേഹത്തെ ശ്രീനാരായണ ഗുരുവിന്റെ ആസ്ഥാനത്തേക്ക് ക്ഷണിച്ചതും ആത്മഹത്യാപരമായിപ്പോയി. 

രാഷ്ട്രത്തിന്റെ സവിശേഷമായ മതേതര പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്നവര്‍ക്ക് മാന്യതയുടെ പരിവേഷം നല്കാനുള്ള ഏത് നീക്കത്തെയും ഗൗരവമായി കാണണമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം മുട്ടില്‍, ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, ശുക്കൂര്‍ കോണിക്കല്‍, ഡോ. ഫുക്കാറലി, ഡോ. ലബീദ് അരീക്കോട്, അബ്ദുല്‍ ഖാദര്‍ കടവനാട് എന്നിവര്‍ പ്രസംഗിച്ചു.
Read More

Thursday, April 18, 2013

വീട്ടിലെ ഉദ്യോഗ വേഷം കുട്ടികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നു : PMA ഗഫൂര്‍


ജിദ്ദ : വീട്ടിലെത്തിയാല്‍ ഉദ്യോഗ വേഷങ്ങള്‍ അഴിക്കുന്നതോടൊപ്പം ഉദ്യോഗ മനോഭാവം കൂടെ അഴിച്ചുവെക്കണമെന്നും കുട്ടികളുടെ കളി തമാശകളില്‍ ചേരാന്‍ അവരുടെ നിറങ്ങളുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണമെന്നും ചിന്തകനും വാഗ്മിയുമായ പി എം എ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ജോലി സ്ഥലവും വീടും രണ്ടു ചുറ്റുപാടുകളാണെന്നും അതിനെ രണ്ടായി കാണാന്‍ കഴിയാത്തതാണ് പല കുടുംബ പ്രശനങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പട്ടാളച്ചിട്ടയില്‍ കുട്ടികളോട് പെരുമാറുന്ന പിതാക്കളെ പുരോഗമന യുഗത്തിലും കാണുന്നത് സങ്കടകരമാണെന്നും സംഘര്‍ഷ മനസ്‌കരായ അത്തരം കുട്ടികളില്‍നിന്നും ക്രിയാത്മകമായതൊന്നും സമൂഹത്തിന് പ്രതീക്ഷിക്കാനില്ലെന്നും പി എം എ ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍ഹുദ മദ്‌റസാ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബാപ്പ വരുമ്പോള്‍ ശബ്ദം നിലച്ചിരുന്ന പഴയ വീട്ടുസംസ്‌കാരത്തില്‍ നിന്നും ഉപ്പയെ കാണുമ്പോള്‍ ഒരായിരം ചോദ്യങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന പുതിയ തലമുറ നമുക്കേറെ പ്രതീക്ഷ നല്കുന്നു. കുട്ടികളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശാന്തമായി ഉത്തരം പറയാത്ത രക്ഷിതാക്കള്‍ കുട്ടികളുടെ അന്വേഷണ തൃഷ്ണയെ തച്ചുടക്കുകയാണെന്നും കുട്ടിയുടെ അവകാശമായ സ്‌നേഹം നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകം എന്നും ബഹുമാനിക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബി ഒരു സമൂഹത്തിന്റെ നേതാവും പടനായകനുമായിരുന്നപ്പോഴും വീട്ടില്‍ കുട്ടികളോത്ത് ആനക്കളി നടത്തിയതും ഇണയോടൊത്ത് ഓട്ടമത്സരം നടത്തിയതും ഏട്ടില്‍ എഴുതിവെക്കാനുള്ളതല്ലെന്നും വിശ്വാസിയുടെ ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അഹമദ് കുട്ടി മദനി, ഹംസ നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Sunday, April 14, 2013

മോറല്‍ സ്‌കൂള്‍ ആരംഭിച്ചു

തിരുത്തിയാട്: വിദ്യാര്‍ത്ഥിനികളില്‍ മതബോധം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് വേനല്‍ക്കാല അവധിയില്‍ മതപഠനക്യാമ്പുകള്‍ക്ക് തുടക്കമായി. എം ജി എം തിരുത്തിയാട് യൂണിറ്റ് സംഘടിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ മോഡല്‍ സ്‌കൂള്‍ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ വാണിമേല്‍ ഉദ്ഘാടനം ചെയ്തു. പാത്തൈക്കുട്ടി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സമീറ, എം കെ സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Sunday, April 07, 2013

ഇസ്‌ലാഹി സമ്മേളനം നാളെ ഡല്‍ഹിയില്‍


കോഴിക്കോട്: ഇസ്‌ലാഹി മൂവ്‌മെന്റിന്റെ അഖിലേന്ത്യ സമ്മേളനം ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി കെ. റഹ്മാന്‍ഖാന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കാരം, മതസൗഹാര്‍ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര മന്ത്രിമാരായ ശശി തരൂര്‍, ഇ. അഹമ്മദ്, കെ.വി. തോമസ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും. 

 കേരളത്തില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ പ്രത്യേക സമ്മേളനവും ഡല്‍ഹി മലയാളി വിദ്യാര്‍ഥി സമ്മേളനവും നടക്കും. പത്രസമ്മേളനത്തില്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കെ.എന്‍.എം. പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി, പ്രോഗ്രാം കണ്‍വീനര്‍ ഡോ. പി.പി. അബ്ദുള്‍ ഹഖ് എന്നിവര്‍ പങ്കെടുത്തു.
Read More

Tuesday, February 26, 2013

പൗരന്‍മാര്‍ക്ക് തുല്യനീതി ഉറപ്പാക്കണം- ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍


ദോഹ: ഭാരതത്തിലെ എല്ലാ പൗരന്‍മാന്‍മാര്‍ക്കും തുല്യനീതി ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്ത നടപ്പില്‍ വരുത്താന്‍ ഭരണകൂടം ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഭാരതത്തിന്റെ അഖണ്ഡതയും ഫെഡറല്‍ സ്വഭാവവും കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വര്‍ധിച്ചു വരുന്ന പൗരാവകാശധ്വംസനങ്ങള്‍ തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സ്വീകാര്യത ലഭിക്കാന്‍ കാരണമാകുമെന്ന് കണ്‍വെന്‍ഷന്‍ നിരീക്ഷിച്ചു. സാമുദായിക സംഘടനകളും മതസംഘടനകളും സമ്മര്‍ദശക്തികളാകാന്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തിന്റെ സാമൂഹികരംഗം മലീമസമാകാന്‍ കാരണമാകുന്നുണ്ട്. വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്ന അത്തരം ശക്തികളെ പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍ക്കാറും ശ്രദ്ധിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 

 കെ.എന്‍.എം. സംസ്ഥാനട്രഷറര്‍ എം. സ്വലാഹുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തി. ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹീ സെന്റര്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ വിജയികളായ യൂണിറ്റുകള്‍ക്ക് വൈസ് പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് യു. സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡോ. അബ്ദുല്‍അഹദ് മദനി, മുനീര്‍ സലഫി, ബശീര്‍ അന്‍വാരി, അബ്ദുല്‍ലത്തീഫ് നല്ലളം, സന്‍ജബീല്‍ മിസ്‌രി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അലി ചാലിക്കര സ്വാഗതവും എം.എ റസാഖ് നന്ദിയും പറഞ്ഞു.
Read More

Sunday, February 24, 2013

ധാര്‍മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കണo: ഡോ: ഖമറുന്നിസ അന്‍വര്‍.


മസ്കത്: ധാര്‍മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ദ പതിപ്പിക്കണമെന്ന് കേരള സംസ്ഥാന സോഷ്യല്‍ വെല്‍ഫയര്‍ കോര്‍പറേഷന്‍ ചെയര്‍ പേര്‍സണ്‍ ഡോ: ഖമറുന്നിസ അന്‍വര്‍ അഭിപ്രായപ്പെട്ടു. മസ്കത് ഇസ്ലാഹി വിമണ്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കു ന്ന ധാര്‍മിക യുവത സുരക്ഷിത സമൂഹം എന്ന ദൈമാസ കാമ്പയിന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അവര്‍. നമ്മുടെ നാടുകളില്‍ കാണുന്ന ആക്രമണങ്ങള്‍ ക്കും ആരാജകത്വത്തിനും കാരണം ധാര്‍മികച്ചുതിയാണ്. സ്ത്രീകളോടുള്ള അതിക്രമം കൂടിവരുന്നത് അവരോടുള്ള സ്നേഹവും മര്യാദയും ഇല്ലാതാവുന്നത് കൊണ്ടാണ്. അവരുടെ ചിന്തയേയും വികാര വിചാരങ്ങളെയും അംഗീകരിക്കാത്തടുത്തോളം സമൂഹത്തില്‍ സന്തോഷവും ഐശ്ര്യവുമുണ്ടാകുകയില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

പ്രമേയ വിശദീകരണം കാലിഡോണിയന്‍ കോളേജ് ലക്ചറര്‍ സഊദ് അരീക്കോട് നിര്‍വഹിച്ചു.റിയാലിറ്റി ഷോകളും സിനിമ പ്രദര്‍ശനനങ്ങളും സ്ത്രീ സമൂഹത്തിന്‍റെ മാന്യത കളങ്കപ്പെടുത്തുന്നതിനു യുവതലമുറയില്‍ ഉണ്ടാകുന്ന സ്വാദീനം വളരെ വലുതാന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവികാവബോദത്താല്‍ ധാര്‍മിക ജീവിതം കെട്ടിപ്പടുത്താനുതാകുന്ന പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് സമാപന ഭാഷണം നിര്‍വഹിച്ചു അബ്ദുല്‍ ഗഫൂര്‍ പാലത്ത് ഓര്‍മ്മപ്പെടുത്തി . 

സ്വാഗത സംഘം ചെയര്‍ പെര്‍സണ്‍ റംല ഷാഫി അധ്യക്ഷത വഹിച്ചു. കാംപയിനോടനുബന്ദിച്ചു ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്. സുഹ്റ സലിം സ്വാഗതവും സുമേഹ സമീര്‍ നന്ദിയും പറഞ്ഞു
Read More

Saturday, February 09, 2013

സ്ത്രീ സുരക്ഷ: ഇസ്‌ലാമിക ശിക്ഷാവിധിയുടെ അനിവാര്യതയേറുന്നു: ഡോ. ഹുസൈന്‍ മടവൂര്‍


മംഗലാപുരം: സ്ത്രീസുരക്ഷയ്ക്ക് ഇസ്‌ലാമിക ശിക്ഷാ വിധി അനിവാര്യമാണെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം എത്തിച്ചേര്‍ന്നുവെന്ന് ഡോ. ഹുസൈന്‍ മടവുര്‍ പറഞ്ഞു. മംഗലാപുരം ഇസ്‌ലാമിക് കോണ്‍ഫറന്‍സ് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മരം വെച്ചുപിടിപ്പിച്ചതിന്റെ പേരിലുള്ള ആദര്‍ശ വ്യതിയാന ആരോപണം മരം മുറിച്ചു മാറ്റിയാല്‍ തീരുന്നതാണെന്നും മടവൂര്‍ പറഞ്ഞു. പരിസര മലിനീകരണത്തിനെതിരേ ഇസ്‌ലാം പ്രതികരിക്കുന്നുണ്ടെന്നും പരിസ്ഥിതി സംരക്ഷണവും പ്രപഞ്ച നിലനില്‍പ്പും ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍മ്മകാര്യങ്ങളില്‍ സത്യസന്ധത വേണമെന്ന് ശഠിക്കുന്നവര്‍ കള്ളക്കേസുണ്ടാക്കി വാദിക്കാനും ജയിക്കാനുമാണ് ശ്രമിക്കുന്നത്. ഇസ്‌ലാമിനെതിരേ ആരോപണ തെറ്റിദ്ധാരണ നീക്കിയതും അടിമത്വ വ്യവസ്ഥ ഇല്ലാതാക്കിയതും ഇസ്‌ലാമിക പ്രസ്ഥാനമാണെന്നും മടവൂര്‍ പറഞ്ഞു. 

തൗഹീദിന്റെ വക്താക്കളും പ്രയോക്താക്കളും മുജാഹിദുകള്‍ മാത്രമാണെന്നും സമര്‍പ്പണം അല്ലാഹുവിന് മാത്രമായിരിക്കണമെന്നും കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബ ജീവിതത്തിലും സമൂഹത്തിലും ധര്‍മ്മനിഷ്ഠയുള്ളവരാകണമെന്നും സദാചാര മൂല്യം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

തൗഹീദ് പ്രചാരണത്തിന് കര്‍മ്മോത്സുകരായില്ലെങ്കില്‍ മറ്റു സമുദായത്തെ അല്ലാഹു കൊണ്ടു വരുമെന്നും അതിനിടയാക്കരുതെന്നും കെ എന്‍ എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട് പറഞ്ഞു. പി ടി അബ്ദുല്‍ അസീസ്, മമ്മൂട്ടി മുസ്‌ലിയാര്‍. ശംസുദ്ദീന്‍ ഫാറൂഖി, അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

എന്‍ എസ് എസ് വാദങ്ങള്‍ ദോഷം ചെയ്യും: KNM


കണ്ണൂര്‍: എന്‍ എസ് എസിന്റെ വര്‍ഗ്ഗീയവാദത്തിന്റെ മറവില്‍ മൊത്തം സാമുദായിക നേതാക്കളെയും സാമുദായിക സംഘടനകളെയും അടച്ചാക്ഷേപിക്കുന്ന ചിലരുടെ നിലപാട് ഗുണകരമല്ലായെന്നും ഭാവിയില്‍ ഇത് ദോഷം ചെയ്യുമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍- മര്‍ക്കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം സങ്കുചിത സാമുദായിക വാദമാണ് എന്‍ എസ് എസ് ഉയര്‍ത്തിയതെന്നും രാജ്യം ഉയര്‍ത്തിപ്പിടിക്കേണ്ട മതേതര മൂല്യങ്ങളെ നശിപ്പിക്കുന്ന ഇത്തരം സാമുദായിക വര്‍ഗ്ഗീയ വാദങ്ങളെയും അവരുടെ ആവശ്യങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ ബന്ധപ്പെട്ടവര്‍ തള്ളിക്കളയണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, വി മൊയ്തു സുല്ലമി, കെ അബ്ദുല്‍ മജീദ്, പി ടി പി മുസ്തഫ, ടി മുഹമ്മദ് നജീബ്, വി പി കെ അബ്ദുറഹിമാന്‍, അഷ്‌റഫ് മമ്പറം എന്നിവര്‍ പ്രസംഗിച്ചു.
Read More

നന്മ ചെയ്യുന്നതാണ് ഇസ്‌ലാമിന്റെ ചൈതന്യം -ഡോ. ഇ.കെ.അഹമ്മദ്കുട്ടി


കല്പറ്റ: നന്മ ചെയ്യുന്നതാണ് ഇസ്‌ലാം മതത്തിന്റെ ചൈതന്യമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ.അഹമ്മദ്കുട്ടി പറഞ്ഞു. മേപ്പാടിയില്‍ റൗളത്തുല്‍ ഉലൂം മദ്രസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നന്മകളെ വളര്‍ത്തിയെടുക്കുകയെന്നതാണ് മദ്രസകളുടെ ലക്ഷ്യം. അതിന് മദ്രസകള്‍ മികച്ച ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ കരിക്കുലവും നൂതന ബോധനരീതികളും ഉള്‍ക്കൊള്ളുന്ന ശിശുസൗഹൃദ കേന്ദ്രങ്ങളാകണം. കേരള മുസ്‌ലിം നവോത്ഥാനത്തില്‍ മദ്രസകളുടെ പങ്ക് നിര്‍ണായകമാണ്. സമുദായത്തില്‍ തീവ്രവാദ ചിന്തകള്‍ക്ക് വേരോട്ടം ലഭിക്കാത്തതിന്റെ പ്രധാന കാരണം മദ്രസകളില്‍നിന്ന് ബാല്യത്തില്‍ നേടുന്ന യഥാര്‍ഥ മതാധ്യാപനമാണ്. 

ഡോ. ജമാലുദീന്‍ ഫാറൂഖ് അധ്യക്ഷതവഹിച്ചു. കെ.എം.സൈതലവി, ഡോ. മുസ്തഫ ഫാറൂഖി, ബീരാന്‍, ഫാ. കെ.കെ.വര്‍ഗീസ്, പി.കെ.സുധാകരന്‍, ടി.ഹംസ, പി.എ.ഹംസ, സയ്യിദ് അലി സ്വലാഹി, എ.പി.സാലിഹ്, ഫാസില്‍ കുട്ടമംഗലം, കെ.മൊയ്തീന്‍, അബ്ദുസലാം മുട്ടില്‍, എസ്.അബ്ദുസലീം, ബഷീര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.
Read More

ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം: KNM


കോഴിക്കോട്: ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് കെ എന്‍ എം. മഠങ്ങളും ധ്യാനകേന്ദ്രങ്ങളും മര്‍കസുകളും ശവകുടീരങ്ങളും ആത്മീയ ചികിത്സാ കേന്ദ്രങ്ങളും നിയമം മൂലം നിരോധിക്കണമെന്ന് 'വിശ്വാസം വിശുദ്ധി നവോത്ഥാനം' കാമ്പയ്‌ന്റെ തുടക്കം കുറിച്ച് കെ എന്‍ എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച പൊതു സമ്മേളനം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു. ആത്മീയ വാണിഭക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. ആള്‍ദൈവങ്ങളുടെയും സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും ശവകുടീര തീര്‍ഥാടന കേന്ദ്രങ്ങളുടെയും സാമ്പത്തിക വിനിമയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ആത്മീയ വാണിഭകേന്ദ്രങ്ങള്‍ അഴിമതിയുടെയും കള്ളപ്പണത്തിന്റെയും കൂത്തരങ്ങായി മാറിയിട്ടും രാഷ്ട്രീയ -ഭരണ നേതൃത്വങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കെ എന്‍ എം കുറ്റപ്പെടുത്തി. 

രാജ്യത്തെ പൗരന്മാരെ ചൂഷണം ചെയ്ത് തട്ടിയെടുക്കുന്ന കോടികളില്‍ നിന്ന് ഒരുഭാഗം സാമൂഹ്യ സേവനത്തിന് മാറ്റിവെക്കുന്നതുകൊണ്ട് മാത്രം അവര്‍ക്ക് നികുതിയിളവുകളും വിദേശ വിനിമയ യാത്രാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് നീതീകരിക്കാവതല്ല. സാമൂഹ്യ സേവനത്തിന്റെ മറപിടിച്ച് കോടികളുടെ വെട്ടിപ്പു നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഭരണനേതൃത്വം ചങ്കൂറ്റം കാണിക്കണം. കോഴിക്കോട് കേന്ദ്രമായി തിരുകേശത്തിന്റെ പേരില്‍ നടക്കുന്ന കോടികളുടെ തട്ടിപ്പിന് അരു നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. തിരുകേശ തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുംവിധം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് തിരുകേശ വാണിഭത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

കേരളീയ മുസ്‌ലിംകളെ അന്ധവിശ്വാസ അനാചാരങ്ങളില്‍നിന്നും മോചിപ്പിച്ചെടുക്കാന്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിന് നേതൃത്വം നല്കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു സംഘടന ജിന്ന് ബാധയുടെയും പിശാച് ചികിത്സയുടെയും പേരില്‍ പിളരേണ്ടിവന്നത് ലജ്ജാകരമാണ്. ജിന്ന് ബാധയുടെ പേരില്‍ ഒരു വിഭാഗത്തെ പുറത്താക്കി എന്ന് പറയുന്നവര്‍ തന്നെ മാരണമെന്ന അന്ധവിശ്വാസം ഇപ്പോഴും പേറി നടക്കുന്നുണ്ടെന്നിരിക്കെ എ പി വിഭാഗം കെ എന്‍ എമ്മില്‍ ഇപ്പോഴുണ്ടായ പിളര്‍പ്പ് അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പിന്റെ പേരിലല്ലെന്ന് വ്യക്തമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. 

ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നന്മയാഗ്രഹിച്ച് അന്ധവിശ്വാസങ്ങളോടും ആത്മീയ ചൂഷകരോടും പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങളോടൊപ്പം നില്ക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക നായകരും തയ്യാറാവണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ആള്‍ദൈവങ്ങളും സിദ്ധന്മാരും മന്ത്രവാദികളും ശവകുടീര തീര്‍ഥാടന കേന്ദ്രങ്ങളും ആത്മീയ തട്ടിപ്പുകേന്ദ്രങ്ങളാണെന്ന് പറഞ്ഞ ഹുസൈന്‍ മടവൂര് ഇക്കാര്യത്തില്‍ ജാതി മത ഭേദമന്യേ പരസ്യ സംവാദത്തിന് തയ്യാറാണെന്നും പ്രഖ്യാപിച്ചു. 

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദനി, ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജന.സെക്രട്ടറി ജാസിര്‍ രണ്ടത്താണി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍, ടി അബൂബക്കര്‍ നന്മണ്ട, ഡോ. മുസ്തഫ ഫാറൂഖി പ്രസംഗിച്ചു.
Read More

Thursday, February 07, 2013

അന്ധവിശ്വാസങ്ങളെ തുറന്നു വെല്ലുവിളിച്ച് KNM കാമ്പയിന് നാളെ തുടക്കം


കോഴിക്കോട്: വിശ്വാസം വിശുദ്ധി നവോത്ഥാനം സന്ദേശമുയര്‍ത്തി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കസുദ്ദഅ്‌വ) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന്‍ നാളെ കോഴിക്കോട്ട് ആരംഭം കുറിക്കും. ലോകത്ത് പ്രചാരത്തിലുള്ള മുഴുവന്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പരസ്യമായ വെല്ലുവിളിയുമായാണ് കെ എന്‍ എം കാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും നവോത്ഥാനത്തിന്റെ തിരിച്ചുനടപ്പിനുമെതിരെ സാമൂഹ്യബോധവത്കരണം ലക്ഷ്യം വെച്ച് നടക്കുന്ന കാമ്പയിന്‍ നാല് മാസം നീണ്ടുനില്‍ക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

അന്ധവിശ്വാസങ്ങളുടെ ഭാഗമായി വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന മന്ത്രവാദം, കൂടോത്രം, മാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയുള്ളതാണെന്ന് ഭൂരിപക്ഷ മതവിശ്വാസികള്‍ വിശ്വസിക്കുന്നതിനാലാണ് അവയെല്ലാം വ്യാപിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു നൂറ്റാണ്ട് പ്രവര്‍ത്തിച്ച നവോത്ഥാന പ്രസ്ഥാനത്തിന്റെ പേരില്‍പോലും ഇത്തരം വികല വിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും ഫലപ്രാപ്തി അവകാശപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള എല്ലാ വിഭാഗത്തിലുംപെട്ട മന്ത്രവാദികളെയും നാളെ നടക്കുന്ന കാമ്പയിന്‍ ഉദ്ഘാടന വേദിയില്‍ വെച്ച് പരസ്യമായി വെല്ലുവിളിക്കുവാന്‍ തീരുമാനിച്ചതായി കെ എന്‍ എം സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

കേളത്തിലെ മുസ്‌ലിം സമൂഹത്തില്‍ കഴിഞ്ഞ ഒമ്പത് ദശകകാലത്തെ ഉജ്വല പോരാട്ടങ്ങളിലൂടെ ഇസ്‌ലാഹീ പ്രസ്ഥാനം പടുത്തുയര്‍ത്തിയ നവോത്ഥാന മുന്നേറ്റത്തെ തകര്‍ത്തെറിഞ്ഞ് അന്ധവിശ്വാസങ്ങളുടെ പുന:സ്ഥാപനത്തിന്ന് നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്നവര്‍ തന്നെ രംഗത്ത് വരുന്നത് ഖേദകരമാണ്. പിശാച് ബാധ, ജിന്ന് കൂടല്‍, സിഹിര്‍, മന്ത്രവാദം, തിരുകേശ വാണീഭം തുടങ്ങിയ അന്ധവിശ്വാസങ്ങളുടെ ഭാഗമാണ്. ജിന്ന് വാദത്തിന്റെ പേരില്‍ രണ്ടായി പിളര്‍ന്ന എ പി വിഭാഗം കെ എന്‍ എമ്മിന്റെ ഇരു വിഭാഗവും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അന്ധവിശ്വാസത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ജിന്ന് കൂടലും പിശാച് ബാധയും പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരു വിഭാഗത്തെ പിരിച്ചുവിട്ടു എന്ന് അവകാശപ്പെടുന്നവര്‍ മാരണമെന്ന അന്ധവിശ്വാസത്തെ ഇപ്പോഴും മുറുകെ പിടിക്കുന്നു എന്നത് ഇതിന്റെ വ്യക്തമായ തെളിവാണ്. തങ്ങള്‍ക്കെതിരെ മാ രണം നടത്താന്‍ ലോകത്തുള്ള എല്ലാ മന്ത്രവാദികളെയും വെല്ലുവിളിക്കുന്നതായി കെ എന്‍ എം നേതാക്കള്‍ വ്യക്തമാക്കി. 

പ്രവാചക സ്‌നേഹത്തിന്റെ മറപിടിച്ച് തിരുകേശ വാണിഭത്തിലൂടെ കോടികളുടെ ആത്മീയ തട്ടിപ്പാണ് മറ്റൊരു കേന്ദ്രത്തില്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ കെ എന്‍ എം നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജാതി മത ഭേദമന്യേ നടക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും ആത്മീയ ചൂഷണകേന്ദ്രങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണവും വെല്ലുവിളിയും സൃഷ്ടിച്ച് നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കുകയാണ് വിശ്വാസം വിശുദ്ധി നവോത്ഥാനം കാമ്പയിന്‍ കൊണ്ട് കെ എന്‍ എം ലക്ഷ്യം വെക്കുന്നത്. കാമ്പയിന്‍ കാലത്ത് സംസ്ഥാനത്തെ ആത്മീയ വാണിഭ കേന്ദ്രങ്ങളെ തുറന്ന് കാണിച്ച് വിപുലമായ പ്രചാരണവും ആത്മീയ ചൂഷകരെയും അന്ധവിശ്വാസ പ്രചാരകരെയും സമൂഹത്തില്‍ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങളും സെമിനാറുകളും ചര്‍ച്ചാ സമ്മേളനങ്ങളും ഗൃഹസമ്പര്‍ക്ക പരിപാടികളും കാമ്പയിന്‍ കാലത്ത് സംഘടിപ്പിക്കും. ആത്മീയ തട്ടിപ്പുകാര്‍ക്ക് അവസരമൊരുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെയും അധികാര ദല്ലാളുമാരെയും പരസ്യമായി വിചാരണ ചെയ്യുമെന്നും കെ എന്‍ എം ന്താക്കള്‍ വ്യക്തമാക്കി. 

നാളെ നടക്കുന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 4.30ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ്കുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ ജെ യു പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി, ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍ പ്രസംഗിക്കും.
Read More

Monday, February 04, 2013

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് യുവാക്കള്‍ നേതൃത്വം നല്കണം: UP യഹ് യാഖാന്‍


തിരൂര്‍; സമൂഹത്തിന്റെ സര്‍വരംഗങ്ങളിലും അധാര്‍മിക പ്രവണതകള്‍ വ്യാപകമായ സാഹചര്യത്തില്‍ മാതൃകായോഗ്യരായ യുവജനങ്ങളാണ് നാളെയുടെ പ്രതീക്ഷയെന്നും രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് യുവാക്കള്‍ നേതൃത്വം നല്കണമെന്നും ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്്് യാഖാന്‍ അഭിപ്രായപ്പെട്ടു. ഇത്തിഹാദു ശ്ശുബ്ബാനില്‍ മുജാഹിദീന്‍ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി പി മുഹമ്മദ് കു്ട്ടി അന്‍സാരി അധ്യക്ഷത വഹിച്ചു. 

സ്വീകരണ സമ്മേളനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഉബൈദുല്ല താനാളൂര്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ കെ സഫിയ ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. അധാര്‍മികതകളെ ചെറുത്തു തോല്പിക്കാനും സമൂഹത്തെ ധാര്‍മിക വത്കരിക്കാനും കഴിയുന്ന വിഭാഗമാണ് യുവാക്കള്‍. അതുകൊണ്ട് ധാര്‍മിക യുവതക്ക് സമൂഹത്തിന്റെ സര്‍വ പിന്തുണയും ലഭിക്കേണ്ടതുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട് പ്രസ്താവിച്ചു. 

 സമ്മേളനത്തില്‍ ലബീദ് അരീക്കോട്, അബ്ദുസ്സലാം മുട്ടില്‍, മന്‍സൂറലി ചെമ്മാട്, ഖദീജ നര്‍ഗീസ്, ഡോ. ഫുക്കാര്‍ അലി, ജലീല്‍ ഒതായി, ഷരീഫ് തിരൂര്‍, ഷാനവാസ് പറവന്നൂര്‍, റിഫ ഷെലീസ് എന്നിവര്‍ സംസാരിച്ചു.
Read More

മുജാഹിദ് തര്‍ക്കം വാര്‍ത്ത വസ്തുതാവിരുദ്ധം: KNM


കോഴിക്കോട്: കേരള ഹൈക്കോടതി വിധിക്കെതിരെ ഡോ. ഹുസൈന്‍ മടവൂരും മറ്റും സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയെ സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെ എന്‍ എം സംസ്ഥാന നേതാക്കള്‍ അറിയിച്ചു. സുപ്രീം കോടതി ഇരുവിഭാഗങ്ങളെയും അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. 2003ല്‍ എ പി പക്ഷം നടത്തി എന്ന് പറയപ്പെടുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവിധ കോടതികള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഇത്രയും കാലത്തെ ഇടവേള ഉണ്ടായതിനാല്‍ അതില്‍ ഇടപെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരു വിഭാഗം സംഘടനകളും ഒരേ പേരില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഇടപെട്ടില്ല. 

ഇതിന് വിരുദ്ധമായി പല പത്രങ്ങളിലും എ പി വിഭാഗത്തിന് വേണ്ടി കൊടുത്ത റിപ്പോര്‍ട്ടുകള്‍ വ്യാജവും സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതുമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്രങ്ങളുടെ പ്രതിനിധികള്‍ ആരും തന്നെ കേസ് വാദം നടക്കുന്ന സമയത്ത് മൂന്നാം നമ്പര്‍ മുറിയില്‍ ഹാജറുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കളവായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും കോടതി നടപടികള്‍ ദുര്‍വ്യാഖ്യാനിച്ചതിനുമെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഇ കെ അഹ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Read More

Wednesday, January 30, 2013

ഒമ്പത് ശതമാനം മാത്രമുള്ള എന്‍.എസ്.എസ്. എങ്ങനെ ഭൂരിപക്ഷമാകും: ഡോ. ഹുസൈന്‍ മടവൂര്‍


റിയാദ്: കേരളത്തിലെ ജനസംഖ്യയുടെ ആകെ ഒന്‍പതു ശതമാനത്തിനുതാഴെ വരുന്ന എന്‍.എസ്.എസ് എങ്ങനെയാണ് ഭൂരിപക്ഷ സമുദായമാകുന്നതെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ പുനഃസംഘടനയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവുമെല്ലാം ജാതിയും സമുദായവും നോക്കി കളംതിരിക്കുന്ന പ്രവണത ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെ താക്കോല്‍സ്ഥാനം ഏല്‍പിക്കണമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തെ സാമുദായിക കളത്തില്‍ ഒതുക്കി നേട്ടം കൊയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

 ജനസംഖ്യ നോക്കുകയാണെങ്കില്‍ ഈഴവരും പട്ടികജാതിക്കാരുമാണ് കേരളത്തില്‍ ഭൂരിപക്ഷം. ഭൂരിപക്ഷം എന്നു പറഞ്ഞാല്‍ അവരെയാണ് പരിഗണിക്കേണ്ടി വരിക. എന്‍.എസ്.എസ് മുന്നാക്ക ന്യൂനപക്ഷമാണ്. ഭൂരിപക്ഷത്തിനുവേണ്ടി മൊത്തം സംസാരിക്കുകയും എന്‍.എസ്.എസിനു വേണ്ടതു മാത്രം നേടിയെടുക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. എണ്ണത്തിനനുസരിച്ച് ആളില്ലെന്ന് പരാതി പറയുമ്പോള്‍ രാഷ്ട്രീയ തീരുമാനങ്ങളെ സാമുദായികമാക്കാന്‍ ശ്രമിക്കുകയാണ്. മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയകാര്യം ആവശ്യപ്പെടുമ്പോള്‍ അതിനെ സാമുദായികമായി കാണുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതില്‍ പരാതിപ്പെടുന്നതു കാണുന്നില്ല. രാഷ്ട്രീയത്തിലെയും ഭരണത്തിലെയും നിര്‍ണായക വിഷയങ്ങളില്‍ സാമുദായിക സംഘടനകള്‍ക്ക് അത്രത്തോളം സ്വാധീനം ഉണ്ടാക്കുന്ന സമീപനം രാഷ്ട്രീയക്കാരില്‍ നിന്നുണ്ടാകുന്നതു തന്നെയാണ് ഇത്തരം സമീപനം ശക്തി പ്രാപിക്കുന്നതിനു കാരണം. 

രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ നില്‍ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാ ജനവിഭാഗങ്ങളുടെയും പ്രതിനിധികളാണ്. അവരെ ജാതിയുടെയും സമുദായത്തിന്റെയും കളം മാറ്റി നിര്‍ത്തി വിചാരണ ചെയ്യുന്ന രീതി വന്നാല്‍ ഭരണം നടത്താന്‍ സാധിക്കില്ല. 33 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാനുള്ള തീരുമാനത്തെയും മലപ്പുറത്താണ് എന്നു പറഞ്ഞ് സാമുദായികമാക്കാനാണ് ശ്രമിക്കുന്നത്. അതുമായി ബന്ധപ്പെട്ട വസ്തുതകള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ടുള്ള സമീപനമാണ് ചില സംഘടനകള്‍ സ്വീകരിക്കുന്നത്. ജനസംഖ്യാനുപാതികമായതിനെക്കാള്‍ വലിയ പ്രാധാന്യം ഭരണതലത്തില്‍ അവര്‍ക്ക് നേടാന്‍ കഴിയുന്നത് അത് കാലങ്ങളായി സംഭവിക്കുന്നതാണ്. ഏത് മന്ത്രിസഭ വന്നാലും ഉന്നത സ്ഥാനങ്ങളില്‍ അത്തരക്കാരാണുണ്ടാകുക. 

സിവില്‍ സര്‍വീസിലും അഡ്മിനിസ്‌ട്രേഷനിലും എത്തിപ്പെടാനുള്ള സമുദായത്തിന്റെ എത്രയോ കാലത്തെ പരിശ്രമത്തിന്റെ ഫലമാണത്. മന്നത്ത് പത്മനാഭന്റെ കാലത്ത് വിദ്യാഭ്യാസം കച്ചവടമാക്കുന്നു എന്ന ആരോപണത്തെ അദ്ദേഹം നേരിട്ടത് വിദ്യാഭ്യാസം കച്ചവടം നടത്തി സമുദായത്തെ രക്ഷിക്കണമെന്ന സമീപനം കൊണ്ടാണ്. ഇപ്പോള്‍ നായര്‍, ക്രിസ്ത്യന്‍ സമുദായ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നോക്കൂ. പല സ്ഥാപനങ്ങളിലും മറ്റൊരു സമുദായക്കാര്‍ക്കും നിയമനം നല്‍കാത്തവരുണ്ട്. മുസ്‌ലിം സ്ഥാപനങ്ങളിലാകട്ടെ, പലതിലും മുസ്‌ലിംകളായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോകുന്നുവെന്ന പരാതി പോലും കേള്‍ക്കാറുണ്ട്. മറ്റു സമുദായക്കാര്‍ക്ക് നിയമനവും ഇടവും നല്‍കുന്നതിനെ ഒരു വിശാലതയായും വര്‍ഗീയതയില്ലാത്ത സമീപനമായും ആരും കാണുന്നില്ലെന്നതും യാഥാര്‍ഥ്യമാണ്.
Read More

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുന്നു: ISM


കോഴിക്കോട്: കേരള ഭരണത്തിന്റെ അടിയാധാരം തങ്ങളുടെ കൈയിലാണെന്ന മട്ടില്‍ നിരന്തരം പ്രസ്താവനകളിറക്കുന്ന സുകുമാരന്‍ നായര്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുകയാണെന്ന് ഐ എസ് എം സംസ്ഥാന യുവസംഗമം അഭിപ്രായപ്പെട്ടു. 

 എന്‍ എസ് എസ് പിന്തുണയോടുകൂടിയാണ് യു ഡി എഫ് അധികാരത്തിലെത്തിയതെന്ന സുകുമാരന്‍ നനായരുടെ പ്രസ്താവന വിടുവായിത്തം മാത്രമാണ്. സമദൂരം പറഞ്ഞ് രണ്ട് മുന്നണികളില്‍ നിന്നും അകലം പാലിച്ചവരുടെ പുതിയ വാദം എട്ടുകാലി മമ്മൂഞ്ഞിന്റേതാണ്. വായില്‍ കൊള്ളാത്ത വാദങ്ങള്‍ നിരത്തും മുമ്പ് ഏതൊക്കെ മണ്ഡലത്തില്‍ ആരെയൊക്കെ തോല്‍പിക്കാനും ജയിപ്പിക്കാനും ആകുമെന്ന പട്ടിക പരസ്യപ്പെടുത്താന്‍ സുകുമാരന്‍ നായര്‍ തയ്യാറാവണം. വോട്ടെണ്ണിക്കഴിഞ്ഞ് തങ്ങളുടെ സ്വാധീനം മൂലമാണ് വിജയപരാജയങ്ങള്‍ ഉണ്ടായതെന്ന അല്പത്തം നിറഞ്ഞ പ്രസ്താവന എ ന്‍ എസ് എസ് ഉപേക്ഷിക്കണം. തങ്ങള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ലെന്ന് നിരന്തരം പറയുന്ന എന്‍ എസ് എസ് നേതൃത്വം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാറില്‍ നിന്നും നേടിയെടുത്ത ആനുകൂല്യങ്ങളുടെ ധവളപത്രം പുറത്തിറക്കണം. സുകുമാരന്‍ നായര്‍ മീശ പിരിക്കുമ്പോള്‍ നട്ടെല്ല് വളയ്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണ്. സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ടുവരണമെന്നും ഐ എസ് എം യുവസംഗമം ആവശ്യപ്പെട്ടു. 

കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി യുവസംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഖാദര്‍ കടവനാട് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ഹംസ സുല്ലമി മൂത്തേടം, നജ്മുദ്ദീന്‍ ഒതായി പ്രസംഗിച്ചു.
Read More

Monday, January 28, 2013

വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കണം : KNM


മലപ്പുറം: സ്ത്രീ സുരക്ഷക്കായി ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി രാജ്യവ്യാപകമായ ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ഇതര സമൂഹ്യ സംഘടനകളുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം സ്ത്രീ സുരക്ഷക്കുള്ള നടപടികള്‍ക്ക് നിയമപ്രാബല്യം നല്‍കേണ്ടതെന്നും മലപ്പുറത്ത് ചേര്‍ന്ന മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സൈന്യത്തിന്റെയും പോലീസിന്റെയും ലൈംഗികകുറ്റ കൃത്യങ്ങള്‍ സാധാരണ ക്രിമിനല്‍ കുറ്റനിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നും സംഘര്‍ഷമേഖലകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക അധികാരമുള്ള സ്‌പെഷല്‍ കമ്മിഷണര്‍മാരെ നിയോഗിക്കണമെന്നുമുള്ള വര്‍മ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അടിയന്തിര നിയമനിര്‍മ്മാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

നിയമ നിര്‍മ്മാണത്തോടൊപ്പം ധാര്‍മ്മിക സദാചാരമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു യുവതലമുറയെ സൃഷ്ടിക്കുന്നതിന് സ്‌കൂള്‍ കോളേജ് പാഠ്യപദ്ധതിയില്‍ ഇത്തരം പ്രശ്‌നങ്ങളെകൂടി ഉള്‍പ്പെടുത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വങ്ങളില്‍ ജാതീവിഷം കുത്തിവെച്ച് തമ്മിലടിപ്പിക്കുന്ന ഏര്‍പ്പാട് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അവസാനിപ്പിക്കണമെന്നും പെരുന്നയില്‍നിന്നുള്ള ഇത്തരം ഉത്തരവുകള്‍ നടപ്പിലാക്കാനുള്ള അടിയാന്‍മാരാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളെന്ന എന്‍ എസ് എസിന്റെ ധിക്കാരം പൂര്‍വ്വ നിലപാടിനെ തിരുത്തിക്കാന്‍ മുഖ്യകക്ഷി രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ജ്ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ് കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. എ അസ്ഗറലി, കെ അബൂബക്കര്‍ മൗലവി, ഡോ.പി പി അബ്ദുല്‍ ഹഖ്, കെ പി സകരിയ്യ, ഡോ.ജമാലുദ്ദീന്‍ ഫാറൂഖി, സി മമ്മു, പി ഹംസ സുല്ലമി, അബൂബക്കര്‍ മദനി, പി ടി ബീരാന്‍കുട്ടി സുല്ലമി, ഡോ. മുസ്തഫ ഫാറൂഖി, പ്രഫ. എന്‍ വി അബ്ദുറഹിമാന്‍, ഈസ മദനി, ഡോ. മുബശ്ശിര്‍ പാലത്ത്, ഏലാങ്കോട് ഇബ്രാഹീം ഹാജി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് യു പി യഹ്‌യാഖാന്‍. എം എസ് എം ജനറല്‍ സെക്രട്ടറി ജാസില്‍ രണ്ടത്താണി, എം ജി എം ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ, ഖദീജ നര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More

Monday, January 21, 2013

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM പ്രചാരണത്തിന് 23ന് കോഴിക്കോട്ട് തുടക്കം


കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 'ധാര്‍മിക യുവത സുരക്ഷിത സമൂഹം' എന്ന പേരില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. ലൈംഗികാതിക്രമങ്ങള്‍, മദ്യം, ചൂതാട്ടം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീപീഡനങ്ങള്‍ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവയ്‌ക്കെതിരെ സമൂഹത്തെ ബോധവല്ക്കരിക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും ടീനേജ് മീറ്റുകള്‍, ഗൃഹാങ്കണ കുടുംബ സംഗമങ്ങള്‍, യുവജന കൂട്ടായ്മ, പഠനക്യാമ്പ്, പദയാത്രകള്‍, ഗൃഹസമ്പര്‍ക്കം, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. എം എസ് എം, എം ജി എം കമ്മറ്റികളുടെ സഹകരണത്തോടെ ക്യാമ്പസുകളിലും സ്ത്രീകള്‍ക്കിടയിലും ബോധവല്ക്കരണ പരിപാടികള്‍ നടത്തും. 

പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23 ന് (ബുധന്‍) വൈകു. 4 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിക്കും. കെ പി സി സി ജന.സെക്രട്ടറി അഡ്വ. ടി സിദ്ദീഖ്, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യ കണ്‍വീനര്‍ അഡ്വ. പി കെ ഫിറോസ്, ഡി വൈ എഫ് ഐ നേതാവ് കെ കെ ഹനീഫ, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സക്കരിയ്യ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഫയാസ് ആലപ്പുഴ, ഐ എസ് എം വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍ എന്നിവര്‍ സംസാരിക്കും. 


Read More

Saturday, January 19, 2013

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് : ISM



കോഴിക്കോട്: ഡീസല്‍വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ക്രൂരവും രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതുമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. തീരുമാനം എത്രയും പെട്ടെന്ന് പുനപ്പരിശോധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പുതിയ തീരുമാനം പണപ്പെരുപ്പം കൂട്ടാനും വിലകള്‍ കുതിച്ചുയരാനും ഇടയാക്കുമെന്നുറപ്പാണ്. സര്‍ക്കാറുകളുടെ കൊള്ളരുതായ്ക മൂലമുണ്ടാകുന്ന സാമ്പത്തിക കമ്മി പരിഹരിക്കാന്‍ സാധാരണ ജനങ്ങളുടെ നടുവൊടിക്കുന്ന തീരുമാനങ്ങളെടുക്കുന്നത് ശരിയല്ല. കുത്തകകള്‍ക്ക് സൗജന്യങ്ങളും ഇളവുകളും വാരിക്കോരി നല്കുകയും പൊതുജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന സമീപനമാണ് മന്‍മോഹന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരുന്നത്. മാസത്തില്‍ രണ്ടുതവണ വിലനിലവാരം പുനപ്പരിശോധിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കുക വഴി ചൂഷണത്തിനുള്ള വാതിലാണ് കേന്ദ്രം തുറന്നിട്ടിരിക്കുന്നത്. പൗരന്മാരുടെ ക്ഷമ പരിശോധിക്കാതെ പുതിയ തീരുമാനത്തില്‍ നിന്ന് കേന്ദ്രം ഉടന്‍ പിന്‍തിരിയണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. 

 സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ജാബിര്‍ അമാനി, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്, ഫൈസല്‍ നന്മണ്ട, മമ്മൂട്ടി മുസ്‌ല്യാര്‍, ഡോ. ലബീദ് അരീക്കോട്, ഡോ.ഫുക്കാറലി, ഹിജാസ് സിറ്റി, അബ്ദുല്‍ ജലീല്‍ പാനൂര്‍, അബ്ദുല്‍ ഖാദര്‍ കടവനാട്, നൗഷാദ് കുറ്റിയാടി, വീരാപ്പു അനന്‍സാരി, സമീര്‍ കായംകുളം പ്രസംഗിച്ചു.
Read More

KNM ദ്വിദിന യുവപ്രബോധക ക്യാമ്പ് ഇന്ന് തുടങ്ങും


കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(കെ എന്‍ എം) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട യുവപ്രബോധകര്‍ക്കായുളള ദ്വിദിന ദഅ്‌വ വര്‍ക് ഷോപ്പ് ഇന്ന് കോഴിക്കോട് ആരംഭിക്കും. കല്ലായ് ഖുബാ എഡ്യുഹോമില്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ ജമാലുദ്ദീന്‍ ഫാറൂഖി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 

8 സെഷനുകളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ സി മുഹമ്മദ് സലിം സുല്ലമി, അബൂബക്കര്‍ നന്മണ്ട, സി എ സഈദ് ഫാറൂഖി, അബൂബക്കര്‍ മദനി മരുത, കെ പി സകരിയ്യ, മമ്മുട്ടി മുസ്‌ലിയാര്‍ വയനാട്, അബ്ദുറസാഖ് കിനാലൂര്‍ ക്ലാസെടുക്കും. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സംഗമം കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടം ചെയ്യും. സി മരക്കാരുട്ടി, പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിക്കും.
Read More

Tuesday, January 15, 2013

AP വിഭാഗം പോഷക സംഘടനകളെ പിരിച്ചുവിട്ട നടപടി ചരിത്രത്തിന്റെ ആവര്‍ത്തനം

കോഴിക്കോട്: പോഷക സംഘടനകളെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിയിലൂടെ മുജാഹിദ് എ.പി പക്ഷം നേരടുന്നത് ചരിത്രത്തിന്റെ പുനരാവര്‍ത്തനം. ആദര്‍ശ വ്യതിയാനമെന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് 2002 ല്‍ മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ക്കുള്ള കാലത്തിന്റെ മധുര പ്രതികാരം കൂടിയാണ് ഇപ്പോള്‍ മുജാഹിദ് എ.പി വിഭാഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. 2002 ആഗസ്റ്റില്‍ ഐ.എസ്.എമ്മിനെ പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി ഉണ്ടാക്കിയ അതേ കെ.എന്‍.എം നേതൃത്വത്തിന് തന്നെ ഒരു പതിറ്റാണ്ടിനിപ്പുറം തങ്ങളുടെ യുവജന വിഭാഗത്തെ പിരിച്ചുവിട്ട് വീണ്ടുമൊരു അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കേണ്ട ഗതികേടുണ്ടായി. അന്ന് ഐ.എസ്.എമ്മിനെ മാത്രമാണ് പിരിച്ചുവിട്ടതെങ്കില്‍ കാലം പത്ത് വര്‍ഷം പിന്നിട്ടതോടെ വിദ്യാര്‍ത്ഥി വിഭാഗം കൂടി നേതൃത്വത്തിന് അനഭിമതരാകുന്ന സ്ഥിതിയുണ്ടായി.അബൂബക്കര്‍ കാരക്കുന്ന് പ്രസിഡന്റും മുസ്തഫ ഫാറൂഖി ജനറല്‍ സെക്രട്ടറിയും, എന്‍.എം അബ്ദുള്‍ ജലീല്‍ ട്രഷററുമായ അന്നത്തെ ഐ.എസ്.എമ്മിന്റെ സംസ്ഥാന നേതൃത്വത്തെ പിരിച്ച് വിട്ട് മുജാഹിദ് പിളര്‍പ്പിന് വഴിമരുന്നിട്ടവര്‍ അതേ ദുര്‍ഗതിയുടെ പുനരാവര്‍ത്തനമാണ് മുന്നില്‍ കാണുന്നത്. 

ഐ.എസ്.എമ്മിന്റെ സംസ്ഥാന സമിതിക്കെതിരെ അച്ചടക്ക നടപടി എടുക്കാതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് 2002 ജൂലൈയില്‍ കെ.എന്‍.എം സംസ്ഥാന നേതൃത്വം നല്‍കിയ കുറ്റപത്രം ഐ.എസ്.എം കുറേയേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതിന്റെ പേരിലായിരുന്നു. ഐ.എസ്.എമ്മിന്റെ കീഴിലെ ഫാമിലി സെല്‍, അല്‍മനാര്‍ ഹജ്ജ് സെല്‍, ഫറോക്കില്‍ 2002 മെയ് 19 ന് നടത്തിയ പ്രതിനിധി സമ്മേളനം അത്തൗഹീദ് ദൈ്വമാസിക എന്നിവ സമാന്തര പ്രവര്‍ത്തനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. നടപടിയെടുക്കാതിരിക്കണമെങ്കില്‍ വിശദീകരണം നല്‍കണമെന്ന് കെ.എന്‍.എം നേതൃത്വം ആവശ്യപ്പെട്ടത്. ഇവയൊന്നും കെ.എന്‍.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബദലോ, സമാന്തരമോ അല്ലെന്നും യുവജന പ്രസ്ഥാനമെന്ന നിലയിലുള്ള ബാധ്യത നിര്‍വ്വഹണത്തിനുള്ള പ്രവര്‍ത്തനങ്ങളാണെന്നും ചൂണ്ടിക്കാട്ടി ഐ.എസ്.എം വിശദമായ മറുപടി നല്‍കിയിരുന്നെങ്കിലും തൃപ്തികരമല്ലെന്ന് വിധിയെഴുതി കേരളത്തിലെ ഏറ്റവും ശക്തമായ ഇസ് ലാമിക യുവജന പ്രസ്ഥാനത്തെ പിരിച്ചുവിടുകയായിരുന്നു. കെ.എന്‍.എമ്മിന്റെ അന്നത്തെ നടപടി ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നുവെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ നേതൃത്വം തയ്യാറായില്ല. 

തിരിച്ചുവിടപ്പെട്ട 35 അംഗ സംസ്ഥാന പ്രവര്‍ത്തക സമിതിക്ക് പകരം തങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന അനുസരണയുള്ള യുവാക്കളെന്ന അവകാശ വാദത്തോടെ പുതിയ 35 പേരെ അണി നിരത്തി അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി. മുജാഹിദ് പിളര്‍പ്പിന് ശേഷം എ.പി പക്ഷത്തിന്റെ സംസ്ഥാന സമ്മേളനങ്ങള്‍ എറണാംകുളത്തും, ചങ്ങരംകുളത്തും പൂര്‍ത്തിയായപ്പോള്‍ സംഘടനയില്‍ അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. 2002 മുജാഹിദ് പിളര്‍പ്പിന് വഴിയൊരുക്കിക്കൊണ്ട് നേതൃത്വം പ്രചരിപ്പിച്ച ആദര്‍ശ വ്യതിയാനം പുകമറ മാത്രമായിരുന്നുവെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുന്നതായിരുന്നു എ.പി പക്ഷത്തെ ആഭ്യന്തര ഏറ്റുമുട്ടല്‍. അന്ന് ഐ.എസ്.എമ്മിനെ പിരിച്ചുവിടാന്‍ സംഘടനാപരമായ അച്ചടക്കലംഘനങ്ങളായിരുന്നു കാരണമായി ഉന്നയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ യുവജനവിഭാഗത്തെയും, വിദ്യാര്‍ത്ഥി വിഭാഗത്തെയും പിരിച്ചു വിടുന്നതിന് ആദര്‍ശപരമായ കാരണങ്ങളാണ് ഉയര്‍ത്തുന്നത്.2002 ല്‍ പിരിച്ചുവിടപ്പെട്ട ഐ.എസ്.എം സംസ്ഥാന കമ്മിറ്റിക്കു ബദലായി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയിലെ അനുസരണയുള്ള യുവത്വത്തില്‍ മരുന്നിനുപോലും എണ്ണം നേതൃത്വത്തിനൊപ്പമില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. മുജാഹിദ് എ.പി പക്ഷത്ത് ആസന്നമായ പിളര്‍പ്പിന് സമയമായെന്ന് വിളിച്ചറിയിക്കുന്ന തരത്തിലായിരുന്നു കോഴിക്കോട് അഴിഞ്ഞിലത്ത് നടന്ന സംസ്ഥാന സമ്മേളനം. യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതൃ നിരയെയും പഴയ അഡ്‌ഹോക്മാരെയും പൂര്‍ണ്ണമായും വെട്ടിനിരത്തി തയ്യാറാക്കിയ സമ്മേളന പ്രോഗ്രാം സംസ്ഥാന സമ്മേളനത്തിന് ശേഷം പൊട്ടിപ്പുറപ്പെടാനിരിക്കുന്ന കലാപത്തിന്റെ അവസാനസൂചനകളായിരുന്നു.

ഇനിയും തെളിയിക്കപ്പെടാത്ത ആദര്‍ശ വ്യതിയാനമായിരുന്നു 2002 ലെ പിളര്‍പ്പിന് നേതൃത്വം ഉപയോഗിച്ച വജ്രായുധമെങ്കില്‍ 10 വര്‍ഷത്തിലിപ്പുറം എ.പി പക്ഷം മുജാഹിദുകള്‍ നേരിടുന്ന സംഘടനാപരവും ആദര്‍ശപരവുമായ പ്രതിസന്ധിക്ക് അതേ കാരണം തന്നെ നിമിത്തമായെന്നത് കാലത്തിന്റെ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. സി.പി ഉമര്‍ സുല്ലമിയും, ഡോ: ഹുസൈന്‍ മടവൂരും നേതൃത്വം നല്‍കുന്ന മുജാഹിദ് പ്രസ്ഥാനത്തിനും ഐ.എസ്.എമ്മിനും ആദര്‍ശവ്യതിയാനം ആരോപിക്കാന്‍ നാടു ചുറ്റിയവരില്‍ പ്രമുഖ സ്ഥാനീയരായ കെ.കെ. സക്കരിയ സ്വലാഹിക്കും, മുജാഹിദ് ബാലുശ്ശേരിക്കും ആദര്‍ശത്തിന്റെ പേരില്‍ തന്നെ സംഘടനയില്‍ നിന്നും പുറത്ത് പോകേണ്ടി വന്നു എന്നതും ചരിത്രത്തിന്റെ തിരിച്ചടിയായി കണക്കാക്കാം.
Read More

ഇസ്‌ലാമിക വസ്ത്രധാരണത്തെ അവഹേളിച്ചവര്‍ക്ക് തിരുത്തേണ്ടി വന്നു: ഖമറുന്നീസ അന്‍വര്‍

തിരൂര്‍: ഇസ്ലാമിക വസ്ത്രധാരണത്തെ പഴഞ്ചനായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ സ്ത്രീകളുടെ സുരക്ഷക്ക് ഇസ്ലാം പ്രാമുഖ്യം നല്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്നും ഇസ്ലാമിക നിയമങ്ങള്‍ ശരിയെന്ന് കാലം തെളിയിച്ചുവെന്നും സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍ പറഞ്ഞു. എം ജി എം ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.. 

കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഉബൈദുല്ല താനാളൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി റസിയാബി അധ്യക്ഷത വഹിച്ചു. കുഞ്ഞിബീവി ടീച്ചര്‍ രണ്ടത്താണി, സൈനബ ടീച്ചര്‍, ഫാത്തിമ ടീച്ചര്‍ ചേന്നര, ഫാ്ത്തിമ കുട്ടി ടീച്ചര്‍ കോട്ടക്കല്‍, റംല അഷ്‌റഫ് തിരൂര്‍, സി എം അസ്മ ടീച്ചര്‍ പ്രസംഗിച്ചു. കൊളംബോ നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഖമറുന്നീസ അന്‍വറിന് എം ജി എം ഉപഹാരം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് സമ്മാനിച്ചു. സലീം ബുസ്താനി, സി പി മുഹമ്മദ് കുട്ടി അന്‍സാരി, സാബിക് പുല്ലൂര്‍, കെ കെ ഫൗസിയ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍, കെ സഫിയ ടീച്ചര്‍, ഷാന കോട്ടക്കല്‍ പ്രസംഗിച്ചു.
Read More

വിദ്യാര്‍ഥി-യുവജന സംഘടനകളെ പിരിച്ചുവിട്ടത് അനിവാര്യമായ തിരിച്ചടി : ISM


കോഴിക്കോട്: ആദര്‍ശ വ്യതിയാനം ആരോപിച്ച് 2002 ല്‍ ഐ എസ് എമ്മിനെ പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ക്കുള്ള ചരിത്രപരമായ തിരിച്ചടിയാണ് അതേ കാരണത്തിന്റെ പേരില്‍ തങ്ങളുടെ വിദ്യാര്‍ഥി യുവജന സംഘടനകളെ പിരിച്ചുവിട്ട് വീണ്ടും അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കേണ്ടിവന്നതിലൂടെ എ പി വിഭാഗം മുജാഹിദുകള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നതെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാനും ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാടും പ്രസ്താവനയില്‍ പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ദൗത്യനിര്‍വഹണവുമായി കേരളത്തില്‍ നാലരപ്പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഐ എസ് എമ്മിന് ഒരു ബദല്‍ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ആവശ്യമില്ലെന്നും ഐ എസ് എം നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

എന്തിന്റെ പേരിലാണ് തങ്ങളുടെ വിദ്യാര്‍ഥി-യുവജന സംഘടനകളെ പിരിച്ചുവിട്ടതെന്ന് എ പി വിഭാഗം കെ എന്‍ എം നേതൃത്വം വ്യക്തമാക്കണം. ജിന്ന്, സിഹ്‌റ് വിവാദത്തില്‍ പിരിച്ചുവിട്ടവരും പിരിച്ചുവിടപ്പെട്ടവരും മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ആദര്‍ശത്തിന്നെതിരായി പ്രവര്‍ത്തിച്ചവരാണ്. ജിന്ന് ചികിത്സയും പിശാചിനെ അടിച്ചിറക്കലും മാരണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസ പ്രചരണത്തില്‍ എ പി വിഭാഗം മുജാഹിദുകളിലെ ഇരുവിഭാഗവും പങ്കാളികളാണെന്നിരിക്കെ വിദ്യാര്‍ഥി-യുവജന സംഘടനകളെ മാത്രം പിരിച്ചുവിട്ടതുകൊണ്ട് മുഖം രക്ഷിക്കാനാവില്ല. അന്ധ വിശ്വാസ പ്രചരണത്തിന് ആളും അര്‍ഥവും നല്‍കി പ്രോത്സാഹിപ്പിച്ചവരാണ് എ പി വിഭാഗം കെ എന്‍ എം നേതൃത്വമെന്നത് അനിഷേധ്യമായ വസ്തുതയാണ്. മാരണം സംബന്ധിച്ച് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് ഇപ്പോഴും എ പി വിഭാഗം നേതൃത്വമെന്നത് നിഷേധിക്കാനാവില്ല. ഭിന്ന മതക്കാരോടും ആശയക്കാരോടും അസഹിഷ്ണുതയും തീവ്രതയും വെച്ചുപലുര്‍ത്തുന്ന ചില പ്രബോധകരാണ് പ്രസ്ഥാനത്തിന് അപകീര്‍ത്തികരമായ വാദങ്ങള്‍ അവതരിപ്പിച്ചത്. ഇവര്‍ക്ക് വശംവദരായാണ് ആദ്യതവണ പ്രസ്ഥാനത്തെ പിരിച്ചുവിട്ടതെന്ന് മറക്കരുത്. 

 മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ അന്ധവിശ്വാസ പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ കുറ്റം ഏറ്റുപറഞ്ഞ് സംഘടന പിരിച്ചുവിട്ട് ഡോ ഹുസൈന്‍ മടവൂരിന്റെയും ഡോ ഇ കെ അഹ്മദ്കുട്ടിയുടെയും സി പി ഉമര്‍ സുല്ലമിയുടെയും നേതൃത്വത്തിലുള്ള യഥാര്‍ഥ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരാന്‍ എ പി വിഭാഗം കെ എന്‍ എം തയ്യാറാവണമെന്നും ഐ എസ് എം നേതാക്കള്‍ പറഞ്ഞു.
Read More

Monday, January 14, 2013

ഗൗസിയാ മസ്ജിദ് സര്‍ക്കാര്‍ പുനര്‍നിര്‍മിക്കണം: AIIM


ന്യൂഡല്‍ഹി: രാജ്യത്തെ പുരാതന പള്ളികളിലൊന്നായ ഡല്‍ഹി മെഹ്‌റോളിയിലെ ഗൗസിയാ ജുമാ മസ്ജിദ് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി (ഡി ഡി എ) ഇടിച്ചു തകര്‍ത്ത നടപടി അത്യന്തം അപലപനീയമാണെന്നും എത്രയും പെട്ടെന്ന് സര്‍ക്കാര്‍ തന്നെ അത് പുനര്‍നിര്‍മിക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച ആള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ഡിസംബര്‍ 12നാണ് പളളി തകര്‍ക്കപ്പെട്ടത്. മുസ്‌ലിംകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പള്ളി പുനര്‍നിര്‍മിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉറപ്പു നല്കിയിരുന്നുവെങ്കിലും ഒരു മാസമായിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. നാല് ഏക്കറോളം വരുന്ന വഖ്ഫ് ഭൂമിയില്‍ പള്ളിയും ഖബറിസ്ഥാനുമാണുള്ളത്. ഈ പള്ളി വളരെ പഴക്കം ചെന്നതാണെന്ന് അവശേഷിക്കുന്ന ഭാഗങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. ലോദി ഭരണകാലഘട്ടത്തില്‍ സ്ഥാപിച്ചതാണ് ഈ ചരിത്രസ്മാരകം എന്ന് വ്യക്തമാക്കുന്ന ഡല്‍ഹി ടൂറിസം വകുപ്പിന്റെ ഫലകം ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഡി ഡി എയുടെ ഇടിച്ചു നിരത്തലില്‍ 100 കണക്കിന് വീടുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹി ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായി മുഹമ്മദ് ഹലീം, അന്‍വര്‍ സാദത്ത്, റഫീഖലി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Read More

Friday, January 11, 2013

അഖിലേന്ത്യാ ഇസ്‌ലാഹീ സമ്മേളനം 2013 ഏപ്രില്‍ 10,11 തിയ്യതികളില്‍ ദല്‍ഹിയില്‍

ന്യൂദല്‍ഹി: മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ സമ്മേളനം 2013 ഏപ്രില്‍ 10,11 തിയ്യതികളില്‍ ദല്‍ഹിയില്‍ നടക്കുമെന്ന് ആള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അറിയിച്ചു. 

വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ആത്മീയതയുടെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ മത സമൂഹങ്ങളെ ബോധവത്കരിക്കുക, ഭീകരതയും തീവ്രവാദവും ഇല്ലായ്മ ചെയ്യാന്‍ സൗഹാര്‍ദ കൂട്ടായ്മകള്‍ രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സമ്മേളനത്തിന്റെ മുന്നോടിയായി നടക്കും. പണ്ഡിത സമ്മേളനം, വിദ്യാര്‍ഥി സമ്മേളനം, വനിതാ സമ്മേളനം, ബാല സമ്മേളനം തുടങ്ങിയ പരിപാടികളാണ് സമ്മേളനത്തില്‍ ഉണ്ടാവുക. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, അംബാസിഡര്‍മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ഇസ്‌ലാമിക പണ്ഡിതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

 ദേശസ്‌നേഹം, വിശ്വാസ ശുദ്ധീകരണം, മത സൗഹാര്‍ദം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തി വരുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖരായ ശാഹ് വലിയുള്ളാ ദഹ്‌ലവി, ഇസ്മാഈല്‍ ശഹീദ്, അഹ്മദ് ബിന്‍ ഇര്‍ഫാന്‍, മൗലാനാ ഇനായത്ത് അലി, മൗലാനാ വിലായത്ത് അലി എന്നിവരുടെ പ്രവര്‍ത്തനങ്ങളെ കാലികമായി ചര്‍ച്ച ചെയ്യുന്ന പഠന സെമിനാര്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 

ദല്‍ഹി കേന്ദ്രീകരിച്ച് ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സനാഉള്ള അമൃതസരി, അബ്ദുല്ല ഗാസിയാപൂരി, മൗലാനാ അബ്ദുല്‍ കലാം ആസാദ് തുടങ്ങിയവരുടെയും സനാഉള്ള മക്തി തങ്ങള്‍, വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, കെ എം മൗലവി, മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ്, കെ എം സീതി സാഹിബ് മുതലായവരുടെ കേരള മാതൃകയും പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിച്ച വ്യത്യസ്തമായ വഴികളും സമ്മേളനം ചര്‍ച്ച ചെയ്യും. 

 ഇന്ത്യയിലെ സംഘടിതമായ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ വരും കാലങ്ങളിലേക്കുള്ള അജണ്ടകള്‍ തീരുമാനിക്കാന്‍ സമ്മേളനം വഴിയൊരുക്കുമെന്നും ഒറ്റപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി നടത്തുമെന്നും ഹുസൈന്‍ മടവൂര്‍ കൂട്ടിച്ചേര്‍ത്തു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...