Tuesday, October 13, 2015

ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന്‍ എം ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു



 

കോഴിക്കോട്: ജീവിക്കുവാനും ചിന്തിക്കുവാനും പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി കൈകോര്‍ക്കുകയെന്ന ആഹ്വാനവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലായി 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ ജനകീയ കൂട്ടായ്മകള്‍' സംഘടിപ്പിക്കും. ഒരു കുറ്റവും ചെയ്യാത്തവരെ അതിക്രൂരമായി കൊന്നൊടുക്കുന്ന ഭീകരതയും വര്‍ഗീയതയും ആഗോള തലത്തിലും രാജ്യത്തിനകത്തും അതിന്റെ പാരമ്യതയിലെത്തിരിയിക്കുന്ന സാഹചര്യത്തിലാണ് 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന്‍ എം ജനകീയ കൂട്ടായ്മകള്‍' സംഘടിപ്പിക്കുന്നത്.

  
സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ ജനകീയ കൂട്ടായ്മകള്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും സംഘടിപ്പിക്കും. 23ാം തിയ്യതി വെള്ളിയാഴ്ച കണ്ണൂരില്‍ തുടക്കം കുറിക്കും. 


ജില്ലാ-മണ്ഡലം തലങ്ങളില്‍ ചര്‍ച്ചാ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. ശാഖാ-പഞ്ചായത്ത് തലങ്ങളില്‍ ടേബിള്‍ ടോക്കുകളും റസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മകളും ഗൃഹ സമ്പര്‍ക്ക പരിപാടികളും ലഘുലേഖാ വിതരണവും സംഘടിപ്പിക്കും.
  
വിശ്വമാനവിക സന്ദേശം ലോകത്തിന് നല്‍കിയ ഇസ്‌ലാമിനെ മത രാഷ്ട്രവാദത്തിന്റെ ചട്ടുകമാക്കി പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും മനുഷ്യക്കുരുതികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അല്‍ഖ്വയ്ദ, ബൊക്കൊ ഹറാം, ഐ എസ് പോലുള്ള ഭീകര പ്രസ്ഥാനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തിനകത്ത് ആശയപരമായി വേരുറപ്പിക്കാന്‍ ശ്രമം നടത്തുന്നത് ജാഗ്രതയോടെ കാണണം. ഹിന്ദുത്വ ഫാസിസം ഇന്ത്യയിലും മതരാഷ്ട്ര വാദത്തിന്റെ ഭീകര മുഖം പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
  
ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തടയിടാനുള്ള സാമ്രാജത്വ അജണ്ടയുടെ സൃഷ്ടിയാണ്  ഐ എസ് പോലുള്ള ഭീകര സംഘടനകളെന്ന് മുസ്‌ലിം ചെറുപ്പക്കാരെ ബോധവല്‍ക്കരിക്കാന്‍ പ്രചാരണ കാലയളവില്‍ കെ എന്‍ എം പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്.
  
വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാനും അവിശ്വസിക്കുന്നവര്‍ക്ക് അവിശ്വസിക്കാനും അവകാശം വകവെച്ചുകൊടുത്ത ഇസ്‌ലാമിന്റെ പേര് പറഞ്ഞ് ഇതര മതസ്ഥരെ ആട്ടിയോടിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നവര്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടേയും മുഴവന്‍ മനുഷ്യരുടേയും ശത്രുക്കളാണെന്ന യാഥാര്‍ത്ഥ്യം ജനങ്ങളിലേക്കെത്തിച്ച് വിശ്വാസികള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സൗഹാര്‍ദ്ദവും സഹവര്‍ത്തിത്തവും വളര്‍ത്തിയെടുക്കുകയെന്നതും 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ ജനകീയ കൂട്ടായ്മ'യിലൂടെ കെ എന്‍ എം ലക്ഷ്യം വെക്കുന്നു.
  
ഇന്ത്യ ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീതിത സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവിക്കാനും ചിന്തിക്കാനും പ്രകടിപ്പിക്കാനുമുള്ള ജനാധിപത്യാവകാശവും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സര്‍ഗാത്മ രാഷ്ട്രീയ പ്രവര്‍ത്തനമായ സാഹിത്യ സാംസ്‌കാരിക മേഖല നിശ്ചലമാക്കപ്പെട്ടുകൊണ്ടിരിക്ുന്നു. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്ദസാരെ, പ്രൊഫ എം എം കുല്‍ബര്‍ഹി തുടങ്ങി ഈ പട്ടിക നീളുകയാണ്. ദാദ്രി സംഭവത്തിലൂടെ ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളെ കൊന്നുകൊലവിളി നടത്തിയിരിക്കുന്നു. ടീസ്റ്റ സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍, സന്ത്ജയ്ഭട്ട് തുടങ്ങി നീതിക്കു വേണ്ടിയുള്ള പോരാട്ട ശബ്ദങ്ങളെ ഫാസിസ്റ്റ് ഭരണകൂടഭീകരത അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. വിഭജനത്തിന്റെ വൈറസിനെ തുറന്ന് വിട്ട് ഹിന്ദുത്വഫാസിസം ജനങ്ങളെ തമ്മില്‍ തല്ലി കൊല്ലിക്കുന്നതില്‍ ആനന്ദം കൊള്ളുന്നു.
  
പ്രബുദ്ധ ചിന്തക്കും പുരോഗമന രാഷ്ട്രിയത്തിനും മത സൗഹാര്‍ദ്ദത്തിനും സഹവര്‍ത്തത്തിനും പേരുകേട്ട കേരളത്തില്‍പോലും അസഹിഷ്ണുതയുടെ വിഷബീജം ആഴത്തില്‍ വേരിറക്കാനുള്ള ശ്രമത്തിലാണ് സങ്കുചിത ജാതി വര്‍ഗീയ സംഘടനകള്‍.
  
സ്‌നേഹവും സൗഹാര്‍ദ്ദവും പങ്കുവെക്കാനും ഒന്നിച്ചിരുന്ന് മനസ്സ് തുറക്കാനുമുള്ള അസുലഭ സന്ദര്‍ഭങ്ങളായ പൊതു ആഘോഷ വേളകള്‍ പോലും വിഭാഗീയതയുടെ വേലികെട്ടുകളില്‍ തളച്ചിടുന്ന മത തീവ്രവാദ ശക്തികള്‍ കേരളത്തിലും വളര്‍ന്നുവരുന്നു.

താലിബാനും ഐ എസും പറയുന്നതല്ല ഇസ്‌ലാം എന്ന് തുറന്നു പറയാന്‍ മുജാഹിദുകള്‍ക്ക് യാതൊരു മടിയുമില്ല. മതത്തിന്റെ പേരില്‍ രംഗപ്രവേശം ചെയ്യുന്ന ഭീകര വര്‍ഗീയ സംഘടനകളെ അതത് മത നേതൃത്വങ്ങള്‍ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞാല്‍ വിഭാഗീയ ശക്തികള്‍ക്ക് മുന്നേറ്റം സാധ്യമാവില്ല.
  
വിദ്വേഷത്തിന്റെ കൂരിരുട്ടിലും പ്രത്യാശക്കു വക നല്കുന്ന പ്രതികരണങ്ങളുണ്ടെന്ന് കെ എന്‍ എം വിശ്വസിക്കുന്നു. സച്ചിതാനന്ദന്‍, സാറാ ജോസഫ്, നയന്‍താര സെഗ്‌വാള്‍, അശോക് വാജ്‌പൈ, രവികുമാര്‍, പി കെ പാറക്കടവ്, അബ്ബാസ്, ഗണേഷ് ദേവ്യസ്യ തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രതിഭകള്‍ ഈയ്യിടെ കാണിച്ച ധീരമായ ചെറുത്ത് നില്പ് ഭീകരതക്കും വര്‍ഗീയതക്കുമെതിരായ പോരാട്ടത്തിന് കുതിരശക്തി പകരുന്നു എന്നത് ഏറെ ആശാവഹമാണ്.
  
ഈ മാസം 25ന് കോഴിക്കോട് ചേരുന്ന കെ എന്‍ എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം സംസ്ഥാനത്ത് മതേതര സഹവര്‍ത്തിത്തവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കും.

Read More

Wednesday, October 07, 2015

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ കച്ചവടം, മുസ്‌ലിം സമുദായത്തിന്റെ ചെലവില്‍ വേണ്ട : കെ എന്‍ എം



 
കോഴിക്കോട്: സംസ്ഥാനത്തെ മുസ്‌ലിം സമുദായം അനര്‍ഹമായി എന്ത് നേടിയെന്ന് തെളിയിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറാവണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ ചെലവില്‍ രാഷ്ട്രീയ കച്ചവടം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കെ എന്‍ എം വ്യക്തമാക്കി.

സംസ്ഥാന സര്‍വ്വീസിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളിലോ മുസ്‌ലിം സമുദായത്തിന് സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നാളിതുവരെ ലഭ്യമല്ലെന്നിരിക്കെ ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം സമുദായം അനര്‍ഹമായി നേടിയതെന്ന് വെള്ളാപള്ളി വ്യക്തമാക്കണം. ഈഴവ സമുദായത്തിന് ജനസംഖ്യാനുപാതികമായി മുസ്‌ലിം സമുദായത്തേക്കാള്‍ അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാണെന്നതിന്ന് കണക്കുകള്‍ സാക്ഷിയാണെന്നിരിക്കെ ദുഷ്പ്രചരണത്തിലൂടെ ഈഴവ സമുദായത്തെ മുസ്‌ലിംകള്‍ക്കെതിരില്‍ തിരിച്ചുവിട്ട് രാഷ്ട്രീയ കച്ചവടം നടത്തുന്ന വെള്ളാപ്പള്ളിയുടെ ദുഷ്ടലാക്കിനെ ഈഴവ സമുദായം തിരിച്ചറിയണം. ഈഴവ സമുദായത്തേക്കളുപരി തന്റെ കുടുംബത്തിന്റെ നേട്ടമാണ് വെള്ളാപ്പള്ളി ലക്ഷ്യമിടുന്നത്.

ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ക്രൂരമായി അവഗണിച്ചപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായ മുസ്‌ലിം സമുദായം ഗള്‍ഫ് പണത്തിന്റെ പിന്തുണയില്‍ പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സമുദായം ഇന്ന് നേടിയ വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമെന്നത് അനിഷേധ്യമായ വസ്തുതയാണ്. സര്‍ക്കാര്‍ ഖജനാവ് മുസ്‌ലിം സമുദായത്തിന് നേരെ കൊട്ടിയടച്ചതിന്റെ നേര്‍രേഖയാണ് സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം നേടിയതില്‍ മുക്കാല്‍ ഭാഗവും മലപ്പുറത്തെ കുട്ടികളാണെന്നത് വെള്ളാപ്പള്ളി നടേശന്റെ കള്ളപ്രചാരണത്തിനുള്ള ശക്തമായ മറുപടിയാണ്. എന്നിട്ടും മുസ്‌ലിം ന്യൂനപക്ഷ സമുദായം അനര്‍ഹമായത് നേടിയെന്ന് നിരന്തരം വര്‍ഗീയ വിഷം വമിക്കുന്ന പ്രസ്താവനകളിറക്കി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ പ്രബുദ്ധ കേരളം തിരിച്ചറിയണമെന്നും കെ എന്‍ എം അഭിപ്രായപ്പെട്ടു. 

ജനാധിപത്യ വ്യവസ്ഥയില്‍ രാജ്യത്തെ ഭരണഘടന പൗരന്മാര്‍ക്ക് നല്കിയിട്ടുള്ള എല്ലാവിധ സ്വാതന്ത്ര്യങ്ങളേയും അടിച്ചമര്‍ത്തി സംഘ്പരിവാര്‍ ഫാസിസം രാജ്യത്തുടന്നീളം ഭീകര താണ്ഡവം തുടരുമ്പോഴും സാംസ്‌കാരിക നേത്യത്വം മൗനം പാലിക്കുന്നത് ആശങ്കാജനകമാണെന്ന് കെ എന്‍ എം അഭിപ്രായപ്പെട്ടു.

യു പി യിലെ ദാദ്രി ജില്ലയില്‍ ബീഫ് ഉപയോഗിച്ചു എന്ന് തെറ്റിദ്ധാരണ നടത്തി ഒരു മദ്ധ്യവയസ്‌കനെ തല്ലിക്കൊന്ന സംഭവം ലാഘവത്തോടെ കാണുകയും നിസ്സാരവത്കരിക്കുകയും ചെയ്ത കേന്ദ്രമന്ത്രിയുടെ നിലപാടും ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് സംഘ്പരിവാറിന്ന് മൗനാനുവാദം നല്‍കുന്ന പ്രധാനമന്ത്രിയുടെ നിലപാടും പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബീഫ് നിരോധനം അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കം ഭരണഘടനാവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ നേര്‍ക്കുള്ള കടന്നാക്രമണമാണെന്നും യോഗം വിലയിരുത്തി. ഇത്തരം കാര്യങ്ങളില്‍ മീഡിയകളുടേയും സാംസ്‌കാരിക നായകരുടേയും ഇരട്ടമുഖം വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്. ഇത്തരം മൗനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ദാദ്രി സംഭവത്തിലെ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതോടൊപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യു പിയില്‍ ക്ഷേത്രാരാധനക്ക് ചെന്ന ദളിത് വയോധികനെ കുടുംബത്തിന്ന് മുമ്പില്‍ വെച്ച് നിഷ്‌കരുണം ചുട്ടുകൊന്ന പൈശാചിക വൃത്തിയെയും യോഗം അപലപിച്ചു. 

യോഗത്തില്‍ പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു.  ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ ഹുസൈന്‍ മടവൂര്‍, കെ ജെ യു പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മദീനി, കെ എന്‍ എം ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ പി പി അബ്ദുല്‍ ഹഖ്, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ പി സകരിയ്യ, മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, ഡോ സലിം ചെര്‍പ്പുളശ്ശേരി, ബി പി എ ഗഫൂര്‍, സി മുഹമ്മദ് സലിം സുല്ലമി, പി പി ഖാലിദ്, ഡോ അബ്ദുറസാഖ് സുല്ലമി, ശംസുദ്ദീന്‍ പാലക്കോട്, അനസ് കടലുണ്ടി, കെ പി അബ്ദുറഹിം, ജാസിര്‍ രണ്ടത്താണി, ഹാഫിസ് റഹ്മാന്‍ പ്രസംഗിച്ചു.

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...