Showing posts with label UAE Islahi Center. Show all posts
Showing posts with label UAE Islahi Center. Show all posts

Thursday, July 25, 2013

മുസ്ലിം സംഘടനകള്‍ ജാഗ്രത പാലിക്കണം: ജാസിര്‍ രണ്ടത്താണി


ദുബൈ: കേരളത്തിലെ കേമ്പസുകളെ പിടിമുറുക്കുന്ന അധാര്‍മിക പ്രവണതകള്‍ മുസ്ലിം സംഘടനകള്‍ കണ്ടില്ലെന്നു നടിക്കെരുതെന്ന് മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (എം എസ് എം) സംസ്ഥാന ജ. സെക്രട്ടറി ജാസിര്‍ രണ്ടത്താണി പറഞ്ഞു. 

 മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ക്യാമ്പസുകള്‍പോലും ജീര്‍ണ്ണതകളില്‍നിന്ന് മുക്തമല്ല. മുസ്ലിം സംഘടനകള്‍ കേരളത്തില്‍ എമ്പാടുമുണ്ടെങ്കിലും അവയിലൊന്നും താല്‍പര്യമില്ലാത്ത ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട്. ഭാവി തലമുറയുടെ വ്യക്തിത്വം രൂപപ്പെടുന്ന പാഠശാലകള്‍ മൂല്യച്ചുതിയില്‍ ആപതിക്കുന്നത് സംഘടനകളുടെ അജണ്ടയില്‍ വരണമെന്ന് കോഴിക്കോട് കോളേജ് ഓഫ് എഞ്ചിനേറിങ്ങിലെ അധ്യാപകന്‍ കൂടിയായ ജാസിര്‍ അഭിപ്രായപ്പെട്ടു. ദുബൈ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More

Tuesday, July 02, 2013

ജനപ്രതിനിധികളുടെ പെരുമാറ്റം നാടിനു വെല്ലുവിളിയാകുന്നു : UAE ഇസ്`ലാഹി സെന്റര്‍


ദുബൈ : നാടും നഗരവും പ്രളയക്കെടുതിയില്‍ പൊറുതിമുട്ടുന്ന സന്ദര്‍ഭത്തില്‍ ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ ജനാധിപത്യത്തിന്റെ സിരാകേന്ദ്രമായ നിയമസഭയില്‍ പെരുമാറുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നികുതിപ്പണത്തിലൂടെ സ്വരൂപിക്കുന്ന വന്‍തുക ചെലവിട്ടു നടത്തുന്ന നിയമസഭാ സമ്മേളനങ്ങള്‍ പ്രഹസനമാക്കുന്നത് ഖേദകരമാണെന്ന് ദുബൈ ഇസ്്‌ലാഹി സെന്ററില്‍ ചേര്‍ന്ന യു എ ഇ ഇസ്്‌ലാഹി സെന്റര്‍ കേന്ദ്രകൗണ്‍സില്‍ അഭിപ്രായപ്പെട്ടു. 

ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ആഭ്യന്തരവും വൈദേശികവുമായ സാമ്പത്തിക ഭദ്രതയെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് ഉള്ളത്. ജനങ്ങളുടെ ജീവിത നിലവാരം കുത്തനെ ഉയരുകയും ദൈനം ദിന ജീവിതം ദുസ്സഹമായിത്തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെടേണ്ടിയിരിക്കുന്നു. സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന പ്രവണത നിര്‍ത്തണമെന്ന കേന്ദ്ര ധനകാര്യ മന്ത്രിയുടെ പ്രസ്താവന സമൂഹത്തില്‍ വേണ്ടത്ര പ്രതികരണം ഉണ്ടാക്കിയിട്ടില്ല. ആയതുകൊണ്ട് സ്വര്‍ണ്ണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. 

സാമൂഹിക പരിസരങ്ങളുടെ ചുവരെഴുത്ത് വായിച്ച് മുസ്്‌ലിം സംഘടനകള്‍ സഹകരണത്തിന്റെ മാര്‍ഗ്ഗം തേടേണ്ടതാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെ പതിനൊന്നു വര്‍ഷത്തെ പിളര്‍പ്പുകാലം പുരോഗമന സംരംഭങ്ങളെ പിറകോട്ടു തള്ളിയിട്ടുണ്ട്. മുജാഹിദ് നേതാക്കളുമായി വേദിപങ്കിട്ടതിന്റെ പേരില്‍ സമസ്തയെ പിളര്‍ത്തി വേറിട്ടുപോയ മതപുരോഹിതന്‍ സലഫി നാടുമായി പുതിയ ബന്ധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഖബറാരാധനയുടെ കാര്യത്തില്‍ കര്‍ശന നിലപാടുള്ള നാടുകളില്‍ നേട്ടത്തിനു ശ്രമിക്കുന്ന ഈ രൂപപരിണാമം ഗള്‍ഫില്‍ മാത്രമൊതുങ്ങുന്ന താല്‍ക്കാലിക അജണ്ടയാക്കരുത്. സൗദി അറേബ്യയിലുള്ള ഈ വിശാല സമീപനം സ്വന്തം പ്രസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ യാഥാസ്ഥിതിക പ്രസ്ഥാനങ്ങള്‍ക്കിടയിലും വേര്‍പിരിയലിന്റെ അകലം കുറയുമെന്ന് കൗണ്‍സില്‍ പ്രത്യാശിച്ചു. 

 കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. അടുത്ത ആറു മാസത്തേക്കുള്ള രൂപരേഖ ഷഹീന്‍ അലി അവതരിപ്പിച്ചു. യൂസുഫ് താനാളൂര്‍, മുജീബ് എക്‌സല്‍, ഷംസീര്‍ മൊയ്തു, എന്‍ കെ ഫൈസല്‍, അബ്ദുല്‍ അസീസ് ഫാറൂഖി, താജുദ്ധീന്‍, മന്‍സൂര്‍ അബുദാബി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. വി പി അഹ്മദുകുട്ടി മദനി, കെ എ ജാഫര്‍ സാദിക്ക്, മുജീബ് റഹ്മാന്‍ എടവണ്ണ, റസാഖ്. പി, മുഹമ്മദ് ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Saturday, June 29, 2013

UAE ഇസ്ലാഹി സെന്റര്‍ ക്യാംപയിന്‍ സമാപിച്ചു


ദുബൈ: 'വിശ്വാസം വിശുദ്ധി നവോത്ഥാനം' എന്ന പ്രമേയത്തില്‍ ഇസ്ലാഹി സെന്റര്‍ യു.എ.ഇ കഴിഞ്ഞ മൂന്നു മാസമായി നടത്തി വന്നിരുന്ന ക്യാംപയിന്‍ സമാപിച്ചു. സമാപന സമ്മേളനം വി പി അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. 

 ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ജിദ്ദയില്‍ നിന്നും വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ സദസ്സിനെ അഭിസംബോധനചെയ്തു. അഷ്‌റഫ് വാരണാക്കര, ഹുസൈന്‍ പി എ, ഹസൈനാര്‍ അന്‍സാരി, ഖാലിദ് മദനി, ജാഫര്‍ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Wednesday, June 26, 2013

ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ പെരുമാറരുത് - UAE ഇസ്‌ലാഹി സെന്‍റര്‍

ദുബായ്: രാജ്യം പ്രളയക്കെടുതിയില്‍ പൊറുതിമുട്ടുന്ന സന്ദര്‍ഭത്തില്‍ ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ നിയമസഭയില്‍ പെരുമാറുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നിയമസഭാ സമ്മേളനങ്ങള്‍ പ്രഹസനമാക്കുന്നത് ഖേദകരമാണെന്നും യു.എ.ഇ.ഇസ്‌ലാഹി സെന്‍റര്‍ കേന്ദ്ര കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ആഭ്യന്തരവും വൈദേശികവുമായ സാമ്പത്തിക ഭദ്രതയെ ചോദ്യംചെയ്യുന്ന വിധത്തിലാണ് ഉള്ളത്. ജനങ്ങളുടെ ജീവിത നിലവാരം കുത്തനെ ഉയരുകയും ദൈനംദിന ജീവിതം ദുസ്സഹമായിത്തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെടണം. സ്വര്‍ണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 

 പ്രസിഡന്‍റ് അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു. ഷഹീന്‍ അലി, യൂസുഫ് താനാളൂര്‍, മുജീബ് എക്‌സല്‍, ഷംസീര്‍ മൊയ്തു, എന്‍.കെ.ഫൈസല്‍, അബ്ദുല്‍ അസീസ് ഫാറൂഖി, താജുദ്ധീന്‍, മന്‍സൂര്‍ അബുദാബി, വി.പി.അഹമ്മദുകുട്ടി മദനി, കെ.എ.ജാഫര്‍ സാദിക്ക്, മുജീബ് റഹ്മാന്‍ എടവണ്ണ, റസാഖ് പി, മുഹമ്മദ് ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, October 08, 2012

പ്രവാസികള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച് ഖുര്‍ആന്‍ പരീക്ഷ


ദുബൈ: ഒരു വീട്ടില്‍ നിന്നും ഒന്നിലേറെ അംഗങ്ങള്‍ ഒന്നിച്ചിരുന്നെഴുതിയ ഖുര്‍ആന്‍ പരീക്ഷ പ്രവാസികള്‍ക്ക് പുതിയ പരീക്ഷാനുഭവം സമ്മാനിച്ചു. യു എ ഇ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പതിനൊന്നാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയാണ് വിവിധ എമിറേറ്റുകളില്‍ ഉമ്മയും ഉപ്പയും മക്കളും ഒന്നിച്ചെത്തിയത്. യു എ ഇയിലെ പത്ത് പരീക്ഷാ കേന്ദ്രങ്ങളിലായി നടന്ന വിജ്ഞാന പരീക്ഷയില്‍ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷ സംഘടിപ്പിച്ചത്. 

ഐ എസ് എം മുഖപത്രമായ ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രത്യേക സിലബസ് അനുസരിച്ചായിരുന്നു ഇത്തവണ പരീക്ഷ. ഖുര്‍ആനിലെ പ്രഥമ അധ്യായമായ സൂറത്തുല്‍ ഫാത്വിഹയും രണ്ടാം അധ്യായമായ അല്‍ ബഖറയിലെ ഇരുപത് സൂക്തങ്ങളും ഉള്‍പ്പെടുത്തിയാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. റമദാന് മുമ്പ് സിലബസ് പഠിതാക്കള്‍ക്ക് വിതരണം ചെയ്തിരുന്നു. ദുബൈയില്‍ അല്‍ഹംരിയ്യ, അല്‍മുഹൈസിന, കറാമ, ദേര എന്നിവിടങ്ങളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് യു എ ഇയിലെ പൊതുപരിപാടിയില്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Read More

Monday, September 24, 2012

മുസ്‌ലിങ്ങള്‍ വിചാരതലത്തില്‍ വിശകലനം ചെയ്യണം - NP ഹാഫിസ് മുഹമ്മദ്


അബുദാബി: വിചാരതലത്തില്‍ വിശകലനം ചെയ്തശേഷമേ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കാവൂ എന്ന് എഴുത്തുകാരനും സാമൂഹികശാസ്ത്രജ്ഞനുമായ എന്‍.പി. ഹാഫിസ് മുഹമ്മദ്. വികാരപ്രകടനങ്ങളും ആവേശവും മുസ്‌ലിങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ നാശം മാത്രമാണ് നല്‍കിയത്. കേരളീയ മുസ്‌ലിങ്ങള്‍ മാത്രമാണ് പക്വമായ നിലപാടുകളില്‍നിന്ന് വിവാദങ്ങളെ സമീപിച്ചത്. സിനിമയിലൂടെയും സാഹിത്യങ്ങളിലൂടെയും മുസ്‌ലിങ്ങള്‍ക്ക് വേദനയുണ്ടാക്കി തെരുവുകളിലിറക്കാന്‍ ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യം തിരിച്ചറിയണം-അദ്ദേഹം അഭിപ്രായപ്പെട്ടു. 

 യു.എ.ഇ. ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന തീം സെന്റേര്‍ഡ് ഇന്റര്‍നാഷണല്‍ (ടി.സി.ഐ.) രണ്ടാംഘട്ട പരിശീലനപരിപാടിക്ക് നേതൃത്വം നല്‍കാന്‍ ദുബായിലെത്തിയതായിരുന്നു അദ്ദേഹം. ഹാഫിസിന് ദുബായ് ഇസ്‌ലാഹി സെന്റര്‍ സ്വീകരണം നല്‍കി. സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍വാഹിദ് അധ്യക്ഷത വഹിച്ചു. 'വിവാദ സിനിമ: വിശ്വാസികള്‍ അറിയേണ്ടത്' എന്ന വിഷയം മുജീബുര്‍ റഹ്മാന്‍ പാലത്തിങ്ങല്‍ അവതരിപ്പിച്ചു. ഫൈസല്‍ മാഹി പ്രസംഗിച്ചു.
Read More

Saturday, March 31, 2012

ആശ്രിതബോധം നഷ്ടപ്പെട്ടത് ആത്മഹത്യയ്ക്ക് കാരണമായി: UAE സെമിനാര്‍


റാസല്‍ഖൈമ: ആശ്രയിക്കാന്‍ ആളില്ലെന്ന ആശങ്കയാണ് പ്രവാസികളിലെ ആത്മഹത്യയ്ക്ക് കാരണമെന്ന് യു എ ഇ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ സെമിനാര്‍ അഭിപ്രായപ്പെട്ടു. വിപണിയിലെത്തുന്ന വസ്തുക്കള്‍ വരുമാനം നോക്കാതെ വാങ്ങിക്കൂട്ടുന്ന കമ്പോള സംസ്‌ക്കാരം സമൂഹത്തെ പിടിമുറുക്കിയിട്ടുണ്ട്. പരസ്പര സഹായത്തിലൂടെ കാരുണ്യത്തിന്റെ കണികകളായിരുന്നവര്‍ അത്യാഗ്രഹത്തില്‍ അഭിരമിക്കുന്നവരായി മാറി. സാഹചര്യങ്ങളോട് പൊരുതി ജീവിക്കാന്‍ സാധിക്കാതെ ഭീരുവായി മരിക്കുന്നതോടെ ശാന്തി ലഭിക്കുമെന്ന മിഥ്യാ ധാരണ മാറണം. കുടുംബങ്ങള്‍ സാന്ത്വനത്തിന്റെ തെളിനീരുറവ ലഭിക്കുന്ന ശാന്തിഗേഹങ്ങളാകണമെന്നും അനശ്വര ശാന്തിക്ക് ആദര്‍ശകുടുംബം സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചവര്‍ അഭിപ്രായപ്പെട്ടു.


റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന ക്യാംപയിന്‍ സമാപന സംഗമം വര്‍ത്തമാനം സി ഇ ഒ ഹര്‍ഷിദ് മാത്തോട്ടം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഇസ്മാഈല്‍ കരിയാട്, റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റര്‍ ഹിശാം അബ്ദുല്‍ സലാം, കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട് എന്നിവര്‍ പങ്കെടുത്തു. യു എ ഇ ഇസ്‌ലാഹി സെന്റര്‍ ശാഖകള്‍ ഒരുക്കിയ കയ്യെഴുത്ത് മാഗസിന് മത്സരത്തില്‍ മികച്ച സൃഷ്ടിക്കുള്ള സമ്മാനദാനം യുവകലാസാഹിതി രഘുനന്ദനന്‍ നിര്‍വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് വി പി അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിച്ചു. മുജീബുര്‍റഹ്മാന്‍ പാലത്തിങ്ങല്‍, ജാഫര്‍ സാദിഖ്, ഫൈസല്‍ മാഹി, അബ്ദുല്‍ വാഹിദ് മയ്യേരി, നൂറുദ്ദീന്‍, കെ വി ബക്കര്‍, പി കെ അബ്ദുല്‍ കരീം, ഫൈസല്‍ അന്‍സാരി, ഹാറൂന്‍ കക്കാട്, വീരാന്‍ സലഫി, ഇല്യാസ് പൂളപ്പൊയില്‍, അബ്ദുറഹ്മാന്‍ കുനിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, February 27, 2012

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നിരാകരിച്ചാല്‍ സാമൂഹ്യ നിരക്ഷരത: ബഷീര്‍ വള്ളിക്കുന്ന്




ദുബൈ: സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ആശയ പ്രകാശനത്തിന് മടിച്ച് നില്‍ക്കുന്നത് സാമൂഹ്യ നിരക്ഷരതയിലേക്ക് നയിക്കുമെന്ന് ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്യു എ ഇ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച നാലാംഘട്ട രചനാ ശില്‍പശാലയ്ക്ക് നേതൃത്വം നല്കുകയായിരുന്നു അദ്ദേഹം. ചൈനയും ഇന്ത്യയും കഴിഞ്ഞാല്‍ മൂന്നാം 'ലോകരാജ്യ'മായി വളര്‍ന്നുകഴിഞ്ഞ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ അതിര്‍ത്തികളില്ലാത്ത മനുഷ്യ കൂട്ടായ്മകളുടെ സൗഹൃദ ഭാവങ്ങളാണ്. ലോകത്തിന്റെ ചലനങ്ങള്‍ ആദ്യം അലയടിക്കുന്നത് സൈബര്‍ സ്‌ക്രീനിലാണ്. വായനക്കാരുമായി നിരന്തര സമ്പര്‍ക്കവും സംവേദനവും സാധ്യമാകുന്ന ബ്ലോഗുകള്‍ അച്ചടി മാധ്യമങ്ങളും അംഗീകരിച്ച് കഴിഞ്ഞെന്ന് ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. 

യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 നവാഗത എഴുത്തുകാരും ബ്ലോഗര്‍മാരുമാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. ദുബൈ ഹംരിയ്യ സെന്ററില്‍ നടന്ന പരിപായില്‍ മുജീബുര്‍റഹ്മാന്‍ എടവണ്ണ. ഹാറൂന്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു.
Read More

Sunday, January 22, 2012

UAE ഇസ്ലാഹി സെന്റെര്‍ 'അനശ്വര ശാന്തിക്ക് ആദര്‍ശ കുടുംബം' ക്യാംപൈന്‍ ഉദ്ഘാടനം ചെയ്തു

ദുബായ് : 'അനശ്വര ശാന്തിക്ക് ആദര്‍ശ കുടുംബം' എന്ന പ്രമേയത്തില്‍ UAE ഇസ്ലാഹി സെന്റെറിന്റെ ആഭിമുക്യത്തില്‍ രണ്ടു മാസക്കാലം നീണ്ടുനില്‍ക്കുന്ന ക്യാംപൈന്‍ ഉദ്ഘാടനം ചെയ്തു. ഉത്ഘാടനത്തോടനുബന്ധിച്ചു വിവിധ വിഷയങ്ങളില്‍ ക്ലാസുകളുണ്ടായിരുന്നു. "നമ്മുടെ ആദര്‍ശം" എന്ന വിഷയത്തില്‍ മുജീബ് മൌലവി പാലത്തിങ്ങല്‍, "പ്രമാണങ്ങളിലൂടെ" എന്ന വിഷയത്തില്‍ അഷ്‌റഫ്‌ വാരണാക്കര, "ആദര്‍ശ കുടുംബം" എന്ന വിഷയത്തില്‍ ഖാലിദ്‌ മദനി, "സംഘടന ഇന്ന്" എന്ന വിഷയത്തില്‍ ജമാല്‍,  "സൈബര്‍ മേഖലയിലെ ചതിക്കുഴികള്‍" എന്ന വിഷയത്തില്‍ മുസ്തഫ  എന്നിവര്‍ ക്ലാസെടുത്തു. UAE യില്‍ തൊഴിലന്വേഷിക്കുന്നവരേയും തൊഴിലാളികളെ അന്വേഷിക്കുന്നവരേയും സഹായിക്കുന്നതിനു ഇസ്ലാഹി സെന്ററിന്റെ കീഴില്‍ http://joblinkuae.com/ എന്ന വെബ്‌ സൈറ്റ് ലോഞ്ചിംഗ് ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട്‌ VP അഹമ്മദ് കുട്ടി മദനി നിര്‍വഹിച്ചു. 
Read More

Wednesday, November 23, 2011

UAE ഇസ്‌ലാഹി സെന്റര്‍ സ്‌പോര്‍ട്‌സ് മീറ്റ് ഡിസംബര്‍ 2 ന്

ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചു യുഎഇ ഇസ്‌ലാഹി സെന്റര്‍ കായിക മത്‌സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ രണ്ടിനു ഷാര്‍ജ ദൈദ് സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബ് ഗ്രൗണ്ടിലാണു പരിപാടി. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, വെറ്ററന്‍ വിഭാഗങ്ങളിലായി വിവിധ എമിറേറ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 611 പേര്‍ 35 ഇനങ്ങളില്‍ മത്‌സരിക്കും. പരിപാടിയുടെ വിജയത്തിനായി വി.പി. അഹ്മദ് കുട്ടി ചെയര്‍മാനും ഹാറൂണ്‍ കക്കാട് കണ്‍വീനറും ജാഫര്‍ സാദിഖ് കോ-ഓര്‍ഡിനേറ്റുറുമായി സ്വാഗത സംഘം രൂപീകരിച്ചു.
Read More

Thursday, November 03, 2011

ക്ലീന്‍ അപ് ദ വേള്‍ഡ്: ജബല്‍അലി ഇവന്റ് സമാപിച്ചു

ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഇസ്‌ലാഹി സെന്റര്‍ പോഷകവിഭാഗമായ എമിറേറ്റ്‌സ് ഇന്ത്യ എന്‍വയണ്‍മെന്റ് ഫോറം ക്ലീന്‍ അപ് ദ വേള്‍ഡ് ജബല്‍അലി ഇവന്റ് സംഘടിപ്പിച്ചു.

ദുബായ് മുനിസിപ്പാലിറ്റി പ്രതിനിധി മുഹമ്മദ് കമാല്‍ ഇവന്റ് ഉദ്ഘാടനം ചെയ്തു. ജബല്‍അലി ഖലീജ് അല്‍മദീന സൂപ്പര്‍മാര്‍ക്കറ്റിന് സമീപം നടന്ന പരിപാടിയില്‍ ശൈഖ് സഫറുല്ല ക്ലീന്‍ അപ് ദിന സന്ദേശം നല്‍കി. ക്ലീനിംഗ്, ഗെയിംസ്, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവ സംഘടിപ്പിച്ചു. മത്സരപരിപാടികളില്‍ ദുബായ് മുനിസിപ്പാലിറ്റി പ്രതിനിധികളും പങ്കാളികളായത് ശ്രദ്ധേയമായി.

വിജയികള്‍ക്ക് ഖലീജ് അല്‍മദീന സൂപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ റിയാസ് അഹ്മദ് മാഹി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശഹീന്‍ അലി, ഖാലിദ് യൂസുഫ്, മുഹമ്മദ് കോട്ടക്കല്‍, ഫൈസല്‍ മാഹി, സി വി ഉസ്മാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Read More

Friday, October 21, 2011

മുസാബഖ 11 : ഫലം പ്രഖ്യാപിച്ചു



ദുബായ്യു.എ.ഇ ഇസ്‌ലാഹി സെന്റര്‍ റംസാനില്‍ നടത്തിയ ഒമ്പതാമത് ഖുര്‍ആന്‍ വിശേഷ മത്സരമായ 'മുസാബഖ 11' യുടെ വിജയികളെ പ്രഖ്യാപിച്ചു. അജ്മാനില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത മലപ്പുറം ജില്ലയിലെ കുഴിപ്പുറം സ്വദേശി അബ്ദുല്‍ നാസറിനാണ് ഒന്നാം റാങ്ക്. അബുദാബിയില്‍ നിന്ന് മുസാബഖയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയ പി.ശാസിയ രണ്ടാം റാങ്ക് നേടി. 

ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനിയും കുഞ്ഞി മുഹമ്മദ് പറപ്പൂരും തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ അടിസ്ഥാനമാക്കിയുള്ള ചോദ്യവലികളാണ് മുസാബഖയിലൂടെ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്. http://musaabaqa.tk എന്ന വെബ്‌സൈറ്റ് മുഖേനയും മുസാബഖയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു. 

ഒന്നാം സ്ഥാനം നേടിയ നാസര്‍ ഷാര്‍ജ അല്‍ഖാസിം ആസ്പത്രിയിലെ ജീവനക്കാരനും അജ്മാന്‍ ഖുര്‍ആന്‍ ലേണിങ്ങ് സ്‌ക്കൂള്‍ പഠിതാവുമാണ്. രണ്ടാം റാങ്ക് നേടിയ ശാസിയ കണ്ണൂര്‍ ജില്ലയിലെ കരിമ്പില്‍ സ്വദേശിനിയാണ്. കേരളത്തിലേക്ക് ടുവേ വിമാന ടിക്കറ്റാണ് നാസറിന് സമ്മാനം. രണ്ടാംസ്ഥാനം നേടിയ ശാസിയക്ക് വണ്‍വേ ടിക്കറ്റും ലഭിക്കും. പൊതുചടങ്ങില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനവും പ്രശംസാപത്രവും വിതരണം ചെയ്യും.
Read More

Tuesday, June 21, 2011

പ്രകൃതിസ്നേഹ സംഗമം



ദുബൈ: പരിസ്ഥിതിയുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള വികസനപാതയിലൂടെയാണ് ദുബൈ മുന്നേറുതെന്ന് ദുബൈ മുനിസിപ്പാലിറ്റി നഴ്സറീസ് ഡിപാർട്ടുമെന്റ് മേധാവി ഹന അമീൻ അൽസറൂനി പ്രസ്താവിച്ചു. ദുബൈ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ എമിറേറ്റ്സ്  ഇന്ത്യ എൻ‌വയർമെന്റ്  ഫോറം സംഘടിപ്പിച്ച പ്രകൃതി സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ഹരിതശോഭ കാത്തുസൂക്ഷിക്കാൻ ദുബൈ പ്രതിജ്ഞാബദ്ധമാണെന്നും ഭൂഗോളത്തിന്റെ നിലനിൽപിനെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്ന വനനശീകരണത്തിനെതിരെ മനുഷ്യസമൂഹം ഉണർന്നുപ്രവർത്തിക്കണമെന്നു ഹന അമീൻ  ആവശ്യപ്പെട്ടു. മരം നടുക, ഒരിലയെ തലോടുക എന്ന പ്രമേയത്തിൽ മുനിസിപ്പാലിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വി പി അഹ്മദ്കുട്ടി മദനി അധ്യക്ഷത വഹിച്ചു.
ജീവന്റെ നിലനില്പിന് അടിസ്ഥാനഘടകങ്ങളായ വായു, ശൂദ്ധജലം, മണ്ണ് എന്നിവയെ ആരോഗ്യകരമായി നിലനിർത്തുന്നത് മരങ്ങളാണെന്ന് സമ്മേളനത്തിൽ പ്രബന്ധമവതരിപ്പിച്ചവർ ചൂണ്ടിക്കാട്ടി. അന്തരീക്ഷത്തിൽ ഓക്സിജൻ നിലനിർത്തുന്നതും പ്രകൃതിയിലെ ജലചംക്രമണം നിയന്ത്രിക്കുന്നതും മണ്ണിനെ പ്രത്യുല്പാദനപരമാക്കുന്നതും മരങ്ങളാണ്. എന്നാൽ ലോകത്തെ സംരക്ഷിതവനങ്ങളും മഴക്കാടുകളും പ്രതിവർഷം 16 മില്യൻ ഹെക്ടർ എന്ന തോതിൽ നശിച്ചുകൊണ്ടിരിക്കുന്നു. മഴക്കാടുകളുടെ നാശം ജൈവ വൈവിത്തെയും അന്തരീക്ഷത്തിലെ ഓക്‌സിജൻ സാന്നിധ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ആധുനികലോകം നേരിടുന്ന ശുദ്ധജല ക്ഷാമത്തിന്റെ പ്രഥമ കാരണം മരുവത്കരണമാണെുന്നും നാടിന്റെ വന-ജല സമ്പത്തുകൾ സംരക്ഷിക്കാൻ പ്രവാസി സമൂഹം ക്രിയാത്മക പങ്കുവഹിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ദുബൈ മുനിസിപ്പാലിറ്റി എൺ‌വയർമെന്റ് ഡിപ്പാർട്ടുമെന്റ് ഓഫീസർ ഖാലിദ് സലീം സിലൈത്വീൻ, ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസുൽ ബി എൻ തോമസ്, ഐ എസ് എം പ്രസിഡന്റ് മുജീബുർറഹ്മാൻ കിനാലൂർ, ഫൈസൽ ബാവ, ശഹീൻ അലി, ഹാറൂൺ കക്കാട്  പ്രസംഗിച്ചു.

ഹ്രസ്വ സിനിമാ-ചിത്രപ്രദർശനം, ഫോട്ടോ സെഷൻ എന്നിവ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
Read More

Friday, June 17, 2011

പ്രകൃതിസ്നേഹ സംഗമം ഇന്ന് വൈകുന്നേരം ദുബൈയില്‍

ദുബായ് : ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ എമിരേറ്റ്സ് ഇന്ത്യ എന്‍വയര്‍മെന്റ് ഫോറം 2011 ജൂണ്‍ 17നു വൈകിട്ട് നാലിന് പ്രകൃതി സ്നേഹസംഗമം നടത്തും. ലോക വനവല്കരണ ദിനത്തോടനുബന്ധിച്ചു 'മരം നടുക, ഒരിലയെ തലോടുക' എന്ന പ്രമേയത്തില്‍ ദുബായ് മുനിസിപ്പാലിറ്റി ഓടിറ്റൊറിയത്തിലാണ് (മെയിന്‍ ബില്‍ടിംഗ്, ദേര) സംഗമത്തിന് വേദിയൊരുങ്ങുന്നത്.

വിചാര സദസ്സ്, ശില്പശാല, ഹൃസ സിനിമ-ചിത്ര പ്രദര്‍ശനം, ഫോട്ടോ സെഷന്‍ എന്നിവ സംഗമത്തിന്‍റെ ഭാഗമായി നടക്കും. ഐ എസ്‌ എം കേരള പ്രസിടന്റ്റ് മുജീബുറഹ്മാന്‍ കിനാലൂര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കും.
Read More

Friday, May 20, 2011

നിയമോപദേശ വേദി ഇന്ന്

അബൂദാബി : യു എ ഇയിലെ ജീവിത വ്യവഹാരവുമായി ബന്ധപ്പെട്ടു പ്രവാസികള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ട തുമായ സുപ്രധാന നടപടി ക്രമങ്ങളും അവയുടെ നിയമ വശങ്ങളും പഠിക്കുന്നതിനായി അബൂദാബി ഇസ്ലാഹി സെന്റെര്‍ ഒരുക്കുന്ന 'നിയമോപദേശ വേദി' 2011 മെയ്‌ 20 വെള്ളിയാഴ്ച വൈകുന്നേരം 5 .30 മുതല്‍ രാത്രി 8 .൩൦ വരെ നജ്ദ സ്ട്രീറ്റിലെ ഇസ്ലാഹി സെന്റെര്‍ ഓടിറ്റൊരിയത്തില്‍ നടക്കും.

ഹുസൈന്‍ ആദ്യശ്ശേരി, അബ്ദുല്‍ റസാക്ക് അന്‍സാരി, നസീര്‍ ഫാറൂഖി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 -6743233, 055 6552386 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Read More

Wednesday, May 18, 2011

ഇസ്‌ലാമിക് സെമിനാര്‍: ഇന്‍ഡോ-അറബ് പരിസ്ഥിതി ഗവേഷകര്‍ പങ്കെടുക്കും

ദുബായ്: 'അതിജീവനത്തിനു പ്രകൃതിയിലേക്ക്' എന്ന സന്ദേശത്തില്‍ ജൂണ്‍ മൂന്നിനു ദുബായില്‍ നടക്കുന്ന കേരള ഇസ്‌ലാമിക് സെമിനാറില്‍ ഇന്ത്യയിലും ഗള്‍ഫ് മേഖലയിലുമുള്ള പരിസ്ഥിതി ഗവേഷക പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ദുബായ് ഖിസ്സൈ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള അല്‍ഹസന്‍ സ്‌കൂളില്‍ രാവിലെ ഒന്‍പതിനു പരിപാടി ആരംഭിക്കും. ഉദ്ഘാടന സെക്ഷന്‍, കുടുംബ സദസ്സ്, പഠനസെക്ഷന്‍, സമാപന സമ്മേളനം എന്നിങ്ങനെ നാല് സെക്ഷനുകളായാണ് സെമിനാര്‍ ഒരുക്കിയത്.

വിദ്യാര്‍ഥികളില്‍ പ്രകൃതി സൗഹൃദ സമീപനം വളര്‍ത്തി കൊണ്ടു വരാനായി സെമിനാറിനോട് അനുബന്ധിച്ച് ചിത്രരചനാ മത്‌സരം സംഘടിപ്പിക്കും. പ്രകൃതിക്കു പരുക്കേല്‍പ്പിക്കുന്നത് തടയാനുള്ള ബോധവല്‍ക്കരണ പരിപാടികളും സെമിനാറിന്റെ പ്രചാരണ ഭാഗമയി വിവിധ എമിറേറ്റുകളിലുണ്ടാകും. ലോക പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാര്‍ തലങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രവര്‍ത്തക പങ്കാളിത്തം ഉറപ്പാക്കും.

പരിപാടികളുടെ പുരോഗതി വിലയിരുത്താനായി ഖിസ്സൈ് ഈറ്റ് ആന്‍്‌റ ഡ്രിങ്ക് ഓഡിറ്റോറിയത്തില്‍ സ്വാഗതസംഘം യോഗം ചേര്‍ന്നു. വി.എ. ഹസന്‍ (ഫ്ലോാറ ഗ്രൂപ്പ്), വി.പി. അഹ്മദ് കുട്ടി മദനി, മുഹമ്മദ് സാബിര്‍, അഡ്വ. കെ.എസ്.എ. ബഷീര്‍ (എയിം), കെ.എ. ജമാലുദ്ദീന്‍, പി.ഐ. മുജീബ്, മുഹമ്മദ് കുട്ടി ഹാജി, അഡ്വ.സാജിദ്, നാസര്‍ മാഹി, അബ്ദുല്‍ വാഹിദ് മയേച്ചരി, മുജീബ് എടവണ്ണ, മഹ്മൂദ് ഹാജി, ഷഹീന്‍ അലി, ഹാറൂണ്‍ കക്കാട്, ഫൈസല്‍ മാഹി പ്രസംഗിച്ചു.

Read More

Sunday, May 08, 2011

ശാസ്ത്രപുരോഗതിയില്‍ കുടുംബ ഭദ്രത തകരരുത്- എം.ജി.എം. സംഗമം




ദുബായ്: ശാസ്ത്ര, സാങ്കേതിക പുരോഗതി ഗതിവേഗം പ്രാപിക്കുദ്ധോള്‍ കുടുംബ ഭദ്രതയും ധാര്‍മിതകയും പിറകോട്ടു പോകുന്നതു കാണാതിരിക്കരുതെന്നു കേരള മുസ്‌ലിം ഗേള്‍സ് ആന്‍റ് വിമന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ പറഞ്ഞു. 'കുടുംബം ധാര്‍മികതയുടെ വിളഭൂമി'' എന്ന സന്ദേശത്തില്‍ ദുബായ് എം.ജ.ിഎം സംഘടിപ്പിച്ച സായാഹ്ന സംഗമത്തില്‍ മുഖൃ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഉദാത്തമായ സമൂഹത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസം ആരംഭിക്കുന്നത് മാതൃത്വത്തിന്റെ മടിതട്ടില്‍ നിന്നാണ്. കുടംബമാണു കുട്ടികള്‍ക്കു ദിശാബോധം നല്‍കേണ്ട ആദൃസദനം. ധാര്‍മിക സദാചാര മൂല്യങ്ങളോടു പുറംതിരിയുന്ന മാതാപിതാക്കള്‍ക്കു കുട്ടികളെുടെ വഴിവിട്ടപോക്കില്‍ പരാതിപ്പെടാന്‍ അര്‍ഹതയുണ്ടാവില്ല. സമൂഹത്തിലെ അശരണരും നിരാലംബരുമായവര്‍ക്ക് താങ്ങും തണലുമാകാനുള്ള സേവന സന്നദ്ധ സംരംഭങ്ങളില്‍ സ്ത്രീകള്‍ക്കു അനല്‍പമായ പങ്കുവഹിക്കാനാകുമെന്ന് കണ്ണൂരിലെ കെയര്‍ ആന്‍റ് കെയര്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയായ ശമീമ ഇസ്‌ലാഹിയ്യ അഭിപ്രായപ്പെട്ടു.

ദുബായ് ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുല്‍ വാഹിദ് മയ്യേരി സായാഹ്ന സംഗംമം ഉദ്ഘാടനം ചെയ്തു. എം.ജി.എം. ദുബായ് പ്രസിഡന്റ് ശഫീന ടീച്ചര്‍ അധ്യക്ഷയായി. റാബിയ ഹസന്‍, ഫസല്‍ സലഫി ആലപ്പുഴ, ഫൗസിയ തിക്കോടി, ആയിശ ടീച്ചര്‍ പ്രസംഗിച്ചു.
Read More

Thursday, April 21, 2011

യു എ ഇ ഇസ്‌ലാഹി സെന്റർ ഏരിയാ കൺ‌വൻഷനുകൾ സംഘടിപ്പിക്കുന്നു

ദുബൈ: വര്‍ത്തമാനകാല സാഹചര്യത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാക്കുന്നതിനും വര്‍ധിച്ചുവരുന്ന സാമൂഹ്യതിന്മകളെ പ്രതിരോധിക്കുന്നതിന് പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനുമായി യു എ ഇ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി വിവിധ എമിറേറ്റുകളില്‍ ഏരിയാ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും.

ഈ മാസം 22ന് വെള്ളി രാവിലെ ഒമ്പതിന് അബൂദാബി, 29ന് വെള്ളി ഉച്ചക്ക് 2.00ന് ദുബായ്, അജ്മാന്‍, ഫുജൈറ, അല്‍ഐന്‍, മെയ് ആറിന് വെള്ളി ഉച്ചക്ക് 2.00ന് ഷാര്‍ജ, മെയ് രണ്ടാം വാരത്തില്‍ റാസല്‍ഖൈമ, ദൈദ് എന്നിവിടങ്ങളിലാണ് ഏരിയാ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്. വ്യക്തിത്വ വിമലീകരണം, നവോത്ഥാനത്തിന്റെ സമകാല ദൗത്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തും.

അജ്മാന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേന്ദ്ര ദാഈ സംഗമം ഏരിയാ കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. പ്രസിഡന്റ് വി പി അഹ്മദ്കുട്ടി മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഐ മുജീബ്‌റഹ്മാന്‍, അബ്ദുല്‍വാഹിദ് മയ്യേരി, മുജീബ് എടവണ്ണ, ഫൈസല്‍ അന്‍സാരി, എ കെ അബ്ദുല്‍ഗഫൂര്‍, ഖാലിദ് മദനി, അശ്‌റഫ് വാരണാക്കര, ഫൈസല്‍ മാഹി, പി എ ഹുസൈന്‍, കെ എ ജമാലുദ്ദീന്‍, റഫീഖ് എറവറാംകുന്ന്, നൗഷാദ്, അഹ്മദ്കുട്ടി, ഫഹീം കൊച്ചി, അബൂബക്കര്‍ അന്‍വാരി, ജാബിര്‍ കൊല്ലം, ജാഫര്‍ സാദിഖ്, സുലൈമാന്‍ സബാഹി, ഹാറൂന്‍ കക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Read More

Sunday, March 20, 2011

വിശ്വാസത്തെ വ്യവസായവത്‌കരിക്കാനുള്ള പുത്തന്‍ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കുക: യു എ ഇ ഇസ്‌ലാഹി സെന്റര്‍

ദുബൈ‌: വിശ്വാസത്തെ വ്യവസായവത്‌കരിക്കാനുള്ള പുരോഹിതരുടെ പുത്തന്‍ശ്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രതപാലിക്കണമെന്ന്‌ യു എ ഇ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കൗണ്‍സില്‍മീറ്റ്‌ ആവശ്യപ്പെട്ടു. മുസ്‌ലിം നവോത്ഥാനത്തിന്റെ ഇന്ത്യയിലെ മാത്യകാ സംസ്ഥാനമായ കേരളത്തെ അന്ധവിശ്വാസങ്ങളുടെ ആസ്ഥാനമാക്കാനുള്ള നീക്കം നിരുത്സാഹപ്പെടുത്തണം. യഥാര്‍ത്ഥ തിരുശേഷിപ്പുകള്‍ സമുദായത്തെ ബോധ്യപ്പെടുത്താന്‍ പണ്ഡിതരുടെയും പ്രബോധകരുടെയും സമുദായതല്‍പരുടെയും പോതുവേദികള്‍ രൂപപ്പെടണമെന്നും കൗണ്‍സില്‍മീറ്റ്‌ ആവശ്യപ്പെട്ടു.

കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ വി പി അഹ്‌മദ്‌കുട്ടി മദനി അധ്യക്ഷത വഹിച്ചു. എം എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ ആസിഫലി കണ്ണൂര്‍, ശഫീഖ്‌ അസ്‌ലം, കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പി ഐ മുജീബ്‌റഹ്‌മാന്‍, കെ എ ജമാലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. അശ്‌റഫ്‌ വാരണാക്കര, മുഹമ്മദ്‌ ജാഫര്‍, ഖാലിദ്‌ മദനി, മുഹമ്മദ്‌ ഇല്ല്യാസ്‌, അബൂബക്കര്‍ അന്‍വാരി, മുഹമ്മദ്‌ പള്ളത്ത്‌, മുജീബുറഹ്‌മാന്‍ പാലത്തിങ്ങല്‍, മുജീബ്‌ എടവണ്ണ, റശീദ്‌ സ്വലാഹി, അബ്‌ദുറഹ്‌മാന്‍ കുനിയില്‍, സലാം കാഞ്ഞങ്ങാട്‌, അന്‍വര്‍ സാദത്ത്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ ഹാറൂന്‍ കക്കാട്‌ സ്വാഗതവും ജാഫര്‍ സാദിഖ്‌ നന്ദിയും പറഞ്ഞു.
Read More

Monday, March 07, 2011

ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ ഇസ്‌ലാമിക് ബാങ്കിംഗ് സെമിനാര്‍

ഷാര്‍ജ: ദരിദ്രനില്‍ നിന്ന് ധനികനിലേക്കുള്ള പ്രകൃതി വിരുദ്ധമായ പണത്തിന്റെ ഒഴുക്കായ പലിശക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഇസ്‌ലാമിക സമ്പത് ശാസ്ത്രത്തിന്റെ പ്രയോഗവല്‍കരണമാണ് ഇസ് ലാമിക് ബാങ്കിംഗിലൂടെ നിര്‍വ്വഹിക്കപ്പെടുന്നതെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര പ്രസ്താവിച്ചു. ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ ശബാബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇസ് ലാമിക് ബാങ്കിംഗ് അറിഞ്ഞതും അറിയേണ്ടതും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. വര്‍ത്തമാന കാലത്ത് പ്രവാസികളിലുള്‍പ്പടെ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ക്കുപിന്നില്‍ സാമ്പത്തിക ചൂഷണങ്ങളുടെ വേരുകളാണെന്നും ഇതിനെതിരില്‍ ശക്തമായ ബോധവല്‍കരണം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് സുലൈമാന്‍ സബാഹി അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മറ്റി സെക്രട്ടറി ഹാറൂന്‍ കക്കാട് വിഷയമവതരിപ്പിച്ചു. പ്രസിഡന്റ് വി.പി. അഹമ്മദ് കുട്ടി മദനി, കെ.എം.സി.സി. ജന. സെക്രട്ടറി സഅദ് പുറക്കാട്, സുന്നി ദഅ്‌വാ സെന്റര്‍ സെക്രട്ടറി ഖലീലുറഹ് മാന്‍ കാശിഫി, യൂത്ത് ഇന്ത്യാ സോണല്‍ ട്രഷറര്‍ നബീല്‍ കാട്ടകത്ത്, ഇസ് ലാഹി സെന്റര്‍ പ്രതിനിധി കെ.എ. ജമാലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ഐ. മുജീബുറഹ്മാന്‍  സ്വാഗതവും, മുജീബുറഹ്മാന്‍ വാഴക്കാട് നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...