Thursday, March 26, 2015

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന്‍ സമാപന സമ്മേളനം ഹറം ഇമാം ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: 'അന്ധവിശ്വാസങ്ങള്‍ക്കും ഭീകരതക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ജനകീയ ജാഗരണം' എന്ന സന്ദേശവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഏപ്രില്‍ 12ന് ഞായറാഴ്ച വൈകീട്ട് കോഴിക്കോട് (കടപ്പുറം) നടക്കും. 2 ലക്ഷത്തില്‍പരം പേര്‍ പങ്കെടുക്കുന്ന  സമാപന സമ്മേളനം  ലോക മുസ്‌ലീംകളുടെ സുപ്രധാന പുണ്യഗേഹമായ മദീനയിലെ മസ്ജിദുന്നബവി ഗ്രാന്റ് ഇമാം ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ ഉദ്ഘാടനം ചെയ്യും. ആഗോള ഭീകരതക്കെതിരെ ഇസ്‌ലാമിക മുന്നേറ്റ പ്രഖ്യാപനം സമ്മേളനത്തില്‍ നടത്തും.

1988ലെ വിശുദ്ധ മക്കയിലെ ഇമാം ശൈഖ് മുഹമ്മദ്  അബ്ദുല്ല സുബൈയിലിന്റെ കേരള സന്ദര്‍ശനത്തിന് ശേഷം ഒരു ഹറം ഇമാമിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും മസ്ജിദുന്നബവിയില്‍ സമ്മേളിക്കുന്ന 5 ലക്ഷത്തില്‍പരം വിശ്വാസികള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും വെള്ളിയാഴ്ച പ്രഭാഷണം (ഖ്വുതുബ) നടത്തുകയും ചെയ്യുന്ന ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ ലോകത്തില്‍ അറിയപ്പെടുന്ന പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമാണ്. ദീര്‍ഘകാലമായി മദീന ഹൈകോടതി ജഡ്ജി കൂടിയായി അദ്ദേഹം സേവനം ചെയ്തുവരുന്നു. ഇന്ത്യയില്‍ ഡല്‍ഹി, ഹൈദരബാദ്, പാറ്റ്‌ന എന്നിവിടങ്ങളില്‍ ജനാവലിയെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം മൂന്ന് ദിവസം കേരളത്തിലുണ്ടായിരിക്കും. കേരളത്തിലെ ഇമാമിന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ക്ക് സഊദി അംബാസിഡറും സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂരും ചേര്‍ന്ന് അന്തിമ രൂപം നല്‍കി.
 
സമാപന സമ്മേളന ദിവസം (ഞായറാഴ്ച) ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഗ്‌രിബ് നമസ്‌കാരത്തിന് ഇമാം ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ നേതൃത്വം നല്‍കും.
 
വിവിധ അറബ് രാഷ്ട്ര അംബാസിഡര്‍മാരും മത പണ്ഡിതന്മാരും മന്ത്രിമാരും ജനപ്രതിനിധികളും കാമ്പയിന്‍ സാമപന സമ്മേളനത്തില്‍ സംബന്ധിക്കും. കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തിലെ അവിസ്മരണീയമായ സന്ദര്‍ഭമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന കാമ്പയിന്‍ സമാപന സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
 
കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സമാപന സമ്മേളനത്തിന് അന്തിമരൂപം നല്‍കി.  ഡോ  ഹുസൈന്‍ മടവൂര്‍, ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, പി കെ ഇബ്രാഹീം ഹാജി, ഹാഷിം ആലപ്പുഴ, എ അബ്ദുല്‍ ഹമീദ് മദീനി, സി.അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അഡ്വ പി മൊയ്തീന്‍കുട്ടി, ഡോ സലിം സുല്ലമി, പി.പി. ഖാലിദ്, അബ്ദുല്‍ റസാഖ് സുല്ലമി, ഡോ പി.പി. അബ്ദുല്‍ ഹഖ്, ഡോ സലിം ചേര്‍പ്പുളശ്ശേരി, കെ പി സകരിയ്യ, മമ്മു കോട്ടക്കല്‍, ഡോ.ഐ പി അബ്ദുസ്സലാം,  അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഉബൈദുല്ല താനാളൂര്‍, ഷംസുദ്ദീന്‍ പാലക്കോട്, ബി.പി.എ ഗഫൂര്‍, അനസ് കടലുണ്ടി, ഇസ്മാഈല്‍ കരിയാട്, ജലീല്‍ മാമാങ്കര, ഹാഫിസുറഹ്മാന്‍ മദനി പ്രസംഗിച്ചു.
Read More

Wednesday, March 25, 2015

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം അനുസരിച്ച് പരിഷ്‌കരിക്കണം -കെ എന്‍ എം


കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യാനുപാതം അനുസരിച്ചുള്ള വീതം വെപ്പ് അവസാനിപ്പിച്ച്, മുന്‍വര്‍ഷങ്ങളിലെ അപേക്ഷകരുടെ എണ്ണത്തിനാനുപാതമായി സംസ്ഥാനങ്ങള്‍ക്ക് ഹജ്ജ് കോട്ട നിശ്ചയിക്കണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി, ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, ട്രഷറര്‍ എ അസ്ഗറലി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

ഓരോ വര്‍ഷവും ലഭിക്കുന്ന അപേക്ഷകരുടെ 10% പേര്‍ക്ക് പോലും കേരളത്തില്‍ നിന്നും ഹജ്ജിന് അനുമതി ലഭിക്കുന്നില്ല എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പല സംസ്ഥനങ്ങളിലും ജനസംഖ്യാനുപാതികമായി ലഭിക്കുന്ന കോട്ടയുടെ പകുതി പോലും അപേക്ഷകര്‍ ഇല്ല എന്ന വസ്തുത കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരിച്ചറിയണമെന്നും ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജിന് അവസരമൊരുക്കുവാന്‍ സര്‍ക്കാര്‍ രാജ്യാന്തര തലത്തിലും ശ്രമിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Read More

Tuesday, March 17, 2015

'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ഐ എസ് എം ഇസ്‌ലാമിക് സെമിനാര്‍ സമാപിച്ചു

'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയറില്‍ ഐ എസ് എം സംഘടിപ്പിച്ച സെമിനാര്‍ പി മുഹമ്മദ് കുട്ടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം: ഖുര്‍ആനിക വ്യാഖ്യാന രംഗത്ത് വിസ്മയം സൃഷ്ടിച്ച അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം കേരളത്തിന് എക്കാലവും മുതല്‍ക്കൂട്ടാണെന്നും മൗലവി ചര്‍ച്ച ചെയ്യപ്പെടാത്തത് യുവകേരളത്തോട് ചെയ്യുന്ന അനീതിയാണെന്നും പി മുഹമ്മദ് കുട്ടശ്ശേരി അഭിപ്രായപ്പെട്ടു. ഐ എസ് എം സംഘടിപ്പിച്ച ഇസ്‌ലാമിക് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആനില്‍ നിന്ന് സമൂഹത്തിന് വെളിച്ചമേകിയ അമാനി മൗലവിയെ കേരളക്കരയില്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം സമൂഹം തയ്യാറാവണം. തങ്ങളുടെ ആശയത്തിന് എതിരായ ആശയങ്ങളെ വെച്ച് പുലര്‍ത്തുന്നവരിലെ നന്മകളെ കാണാതെ വിമര്‍ശിക്കുന്നവര്‍ക്ക് മാതൃകയാവേണ്ട വിമര്‍ശനരീതിയാണ് അമാനി മൗലവി ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. 'വിശുദ്ധ ഖുര്‍ആന്‍ വിവരണം: ദൗത്യവും സ്വാധീനവും' വിഷയത്തില്‍ പ്രൊഫ. കെ പി സകരിയ്യ പ്രബന്ധം അവതരിപ്പിച്ചു. ഡോ. എ ഐ റഹ്മത്തുല്ല, അഡ്വ. പി എം മുഹമ്മദ് കുട്ടി, ഇസ്മാഈല്‍ കരിയാട്, സഹീറലി പന്താവൂര്‍, നൗഷാദ് കുറ്റ്യാടി പ്രസംഗിച്ചു.


'മുഹമ്മദ് അമാനി മൗലവിയും കേരള മുസ്‌ലിം നവോത്ഥാനവും' ചര്‍ച്ചാവേദി കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഒരു പുരുഷായുസ്സ് കൊണ്ട് ഒരു വ്യക്തിക്ക് ചെയ്തു തീര്‍ക്കാവുന്ന ദൗത്യത്തെ അടയാളപ്പെടുത്തുന്ന ജീവിതമായിരുന്നു അമാനി മൗലവിയുടേത് എന്ന് ചര്‍ച്ചാവേദി അഭിപ്രായപ്പെട്ടു. ചെറിയമുണ്ടം അബ്ദുല്‍ഹമീദ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, പ്രൊഫ. എന്‍ വി സകരിയ്യ ചര്‍ച്ചയില്‍ പങ്കെടുത്തു.


പ്രബന്ധാവതരണ സെഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
പ്രബന്ധാവതരണ സെഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. 'വിശുദ്ധ ഖുര്‍ആന്‍ വിവരണങ്ങള്‍: വ്യതിരിക്തതയും പരിമിതികളും' വിഷയത്തില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും 'മുഹമ്മദ് അമാനി മൗലവി കാലവും കാഴ്ചപ്പാടുകളും' വിഷയത്തില്‍ ജാബിര്‍ അമാനിയും 'മുഹമ്മദ് അമാനി മൗലവി: വിമര്‍ശനങ്ങള്‍ വസ്തുതകള്‍' വിഷയത്തില്‍ പ്രൊഫ. അലി മദനി മൊറയൂരും പ്രബന്ധങ്ങളവതരിപ്പിച്ചു. മന്‍സൂറലി ചെമ്മാട് അധ്യക്ഷത വഹിച്ചു.  സമാപന സമ്മേളനം കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍; പഠനം, പാരായണം എന്ന വിഷയത്തില്‍ നൗഷാദ് കാക്കവയല്‍ സംസാരിച്ചു. അബ്ദുര്‍റഷീദ് ഉഗ്രപുരം അധ്യക്ഷത വഹിച്ചു. ഡോ. ഫുഖാറലി, ഹിജാസ് അഹമ്മദ്, സി പി മുഹമ്മദ് കുട്ടി അന്‍സാരി, വീരാപ്പു അന്‍സാരി ഫൈസല്‍ നന്മണ്ട, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, ലബീദ് അരീക്കോട് പ്രസംഗിച്ചു.




Read More

Thursday, March 12, 2015

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച്ച് 15ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍

മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം: 
ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ 
മാര്‍ച്ച് 15ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ 

കോഴിക്കോട്: ഐ എസ് എം സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വിവരണം: 'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' എന്ന വിഷയത്തിലുള്ള സംസ്ഥാനതല സെമിനാര്‍ മാര്‍ച്ച് 15ന് ഞായറാഴ്ച രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30വരെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഫസര്‍ പി മുഹമ്മദ് കുട്ടശ്ശേരി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം ഡോ. വി പി അബ്ദുല്‍ഹമീദ്, ഡോ. എ ഐ റഹ്മത്തുള്ള എന്നിവര്‍ പ്രസംഗിക്കും.

10.30ന് തുടങ്ങുന്ന പഠനസെഷനില്‍ പ്രഫ. കെ പി സകരിയ്യ (വിശുദ്ധ ഖുര്‍ആന്‍ വിവരണം: ദൗത്യവും സ്വാധീനവും), ഡോ. ജമാലുദ്ദീന്‍ ഫാറൂഖി (വിശുദ്ധ ഖുര്‍ആന്‍ വിവരണം: വ്യതിരിക്തതയും പരിമിതികളും) അലി മദനി മൊറയൂര്‍ (മുഹമ്മദ് അമാനി മൗലവി: വിമര്‍ശനങ്ങള്‍ വസ്തുതകള്‍), ജാബിര്‍ അമാനി (മുഹമ്മദ് അമാനി മൗലവി: കാലവും കാഴ്ചപ്പാടും) പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അമാനി  മൗലവിയും കേരള നവോത്ഥാവും എന്ന വിഷയത്തിലുള്ള ചര്‍ച്ചാ വേദിയില്‍ സി പി ഉമര്‍ സുല്ലമി, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അബ്ദുല്‍മജീദ് വാരണാക്കര, പ്രഫ. എന്‍ വി സകരിയ്യ, അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി, ഡോ. ബഹാവുദ്ദീന്‍ നദ്‌വി എന്നിവര്‍ പ്രസംഗിക്കും.
 
സമാപന സമ്മേളനം കേരള യൂനിേവഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് കാക്കവയല്‍, പ്രഫ. യു പി യഹ്‌യാഖാന്‍, ഇസ്മാഈല്‍ കരിയാട്, സി പി മുഹമ്മദ്കുട്ടി അന്‍സാരി പ്രസംഗിക്കും. കേരള നവോത്ഥാനത്തിന്റെ ചാലക ശക്തിയായ മുഹമ്മദ് അമാനി മൗലവിയുടെ സമഗ്രസംഭാവനകളെ അനാവരണം ചെയ്യുന്ന സെമിനാറില്‍ അഞ്ഞൂറിലധികം പ്രതിനിധികള്‍ സംബന്ധിക്കും. സെമിനാറിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി അറിയിച്ചു.
 
Read More

Tuesday, March 03, 2015

മോദി സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളെ വളര്‍ത്തുന്നു : കെ എന്‍ എം

കോഴിക്കോട്: വിലക്കയറ്റംകൊണ്ട് പൊറുതി മുട്ടിയ രാജ്യത്തെ സാധാരണക്കാര്‍ക്ക് മേല്‍ ജനദ്രോഹനയങ്ങള്‍ വീണ്ടും വീണ്ടും അടിച്ചേല്‍പ്പിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാറെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഇന്ധനവില കുത്തനെ ഉയര്‍ത്തിയും സേവന നികുതി വര്‍ദ്ധിപ്പിച്ചും സാധാരണക്കാരെ കൊള്ളയടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. റെയില്‍ ചരക്കുകൂലി വര്‍ദ്ധനയിലൂടെ വിലക്കയറ്റത്തിന്റെ വാതായനം തുറന്നുകൊടുത്തിരിക്കുകയാണ്.

സാധാരണക്കാര്‍ക്ക് ഗുണകരമായിരുന്ന ഭക്ഷ്യ, വളം, ഇന്ധന സബ്‌സിഡികള്‍ വെട്ടിക്കുറച്ച് പാവങ്ങളെ ചതിക്കുകയും കോര്‍പ്പറേറ്റ് നികുതി കുറക്കുകയും സ്വത്ത് നികുതി ഒഴിവാക്കുകയും ചെയ്തുകൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് തഴച്ചു വളരാന്‍ അവസരം ഒരുക്കുകയും ചെയ്യുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനവഞ്ചനക്കെതിരെ ശക്തമായ പ്രക്ഷോപം ഉയര്‍ന്നുവരണമെന്ന് കെ.എന്‍.എം. അഭിപ്രായപ്പെട്ടു.

ഇടത്തരക്കാര്‍ക്ക് ഗുണകരമാവും വിധം ആദായ നികുതി പരിധി വര്‍ദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പരിധിയിളവിനെക്കുറിച്ച് വഞ്ചനാപരമായ നിലപാട് ആവര്‍ത്തിക്കുകയാണ്.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിന്റെ പേര് പറഞ്ഞ് പാവപ്പെട്ട വിഭാഗങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന നരേന്ദമോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ സമയമായിരിക്കുന്നു എന്നും കെ.എന്‍.എം വിലയിരുത്തി.

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, പി കെ ഇബ്‌റാഹീം ഹാജി, ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദിന്‍ മദനി, എ അസ്ഗറലി, ഡോ. ഇ കെ അഹ്മദ്കുട്ടി, പി ടി വീരാന്‍കുട്ടി സുല്ലമി, എ അബ്ദുല്‍ ഹമീദ് മദീനി, കെ അബൂബക്കര്‍ മൗലവി, പ്രൊഫ. എന്‍ വി അബ്ദുറഹ്മാന്‍, ഡോ പി പി അബ്ദുല്‍ ഹഖ്, സി  മുഹമ്മദ് സലിം സുല്ലമി, അഡ്വ. എം മൊയ്തീന്‍കുട്ടി, ഡോ. പി മുസ്തഫ ഫാറൂഖി, ഡോ. കെ അബ്ദുറസാഖ് സുല്ലമി, സി അബ്ദുലത്തീഫ്, സി അബ്ദുല്‍ ജബ്ബാര്‍, ഡോ. ഐ പി അബ്ദുസ്സലാം, മമ്മു കോട്ടക്കല്‍, അബ്ദുലത്തീഫ് കരുമ്പുലാക്കല്‍, ശംസുദ്ദീന്‍ പാലക്കോട്, ഉബൈദുല്ല താനാളൂര്‍, ഡോ. സലീം ചെര്‍പ്പുളശ്ശേരി, കെ പി അബ്ദുറഹ്മാന്‍, ബി പി എ ഗഫൂര്‍, ഹാഷീം ആലപ്പുഴ, ഹാഫിസുര്‍റഹ്മാന്‍ പ്രസംഗിച്ചു.

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...