Wednesday, January 30, 2013

ഒമ്പത് ശതമാനം മാത്രമുള്ള എന്‍.എസ്.എസ്. എങ്ങനെ ഭൂരിപക്ഷമാകും: ഡോ. ഹുസൈന്‍ മടവൂര്‍


റിയാദ്: കേരളത്തിലെ ജനസംഖ്യയുടെ ആകെ ഒന്‍പതു ശതമാനത്തിനുതാഴെ വരുന്ന എന്‍.എസ്.എസ് എങ്ങനെയാണ് ഭൂരിപക്ഷ സമുദായമാകുന്നതെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ പുനഃസംഘടനയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവുമെല്ലാം ജാതിയും സമുദായവും നോക്കി കളംതിരിക്കുന്ന പ്രവണത ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെ താക്കോല്‍സ്ഥാനം ഏല്‍പിക്കണമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തെ സാമുദായിക കളത്തില്‍ ഒതുക്കി നേട്ടം കൊയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

 ജനസംഖ്യ നോക്കുകയാണെങ്കില്‍ ഈഴവരും പട്ടികജാതിക്കാരുമാണ് കേരളത്തില്‍ ഭൂരിപക്ഷം. ഭൂരിപക്ഷം എന്നു പറഞ്ഞാല്‍ അവരെയാണ് പരിഗണിക്കേണ്ടി വരിക. എന്‍.എസ്.എസ് മുന്നാക്ക ന്യൂനപക്ഷമാണ്. ഭൂരിപക്ഷത്തിനുവേണ്ടി മൊത്തം സംസാരിക്കുകയും എന്‍.എസ്.എസിനു വേണ്ടതു മാത്രം നേടിയെടുക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. എണ്ണത്തിനനുസരിച്ച് ആളില്ലെന്ന് പരാതി പറയുമ്പോള്‍ രാഷ്ട്രീയ തീരുമാനങ്ങളെ സാമുദായികമാക്കാന്‍ ശ്രമിക്കുകയാണ്. മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയകാര്യം ആവശ്യപ്പെടുമ്പോള്‍ അതിനെ സാമുദായികമായി കാണുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതില്‍ പരാതിപ്പെടുന്നതു കാണുന്നില്ല. രാഷ്ട്രീയത്തിലെയും ഭരണത്തിലെയും നിര്‍ണായക വിഷയങ്ങളില്‍ സാമുദായിക സംഘടനകള്‍ക്ക് അത്രത്തോളം സ്വാധീനം ഉണ്ടാക്കുന്ന സമീപനം രാഷ്ട്രീയക്കാരില്‍ നിന്നുണ്ടാകുന്നതു തന്നെയാണ് ഇത്തരം സമീപനം ശക്തി പ്രാപിക്കുന്നതിനു കാരണം. 

രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ നില്‍ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാ ജനവിഭാഗങ്ങളുടെയും പ്രതിനിധികളാണ്. അവരെ ജാതിയുടെയും സമുദായത്തിന്റെയും കളം മാറ്റി നിര്‍ത്തി വിചാരണ ചെയ്യുന്ന രീതി വന്നാല്‍ ഭരണം നടത്താന്‍ സാധിക്കില്ല. 33 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാനുള്ള തീരുമാനത്തെയും മലപ്പുറത്താണ് എന്നു പറഞ്ഞ് സാമുദായികമാക്കാനാണ് ശ്രമിക്കുന്നത്. അതുമായി ബന്ധപ്പെട്ട വസ്തുതകള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ടുള്ള സമീപനമാണ് ചില സംഘടനകള്‍ സ്വീകരിക്കുന്നത്. ജനസംഖ്യാനുപാതികമായതിനെക്കാള്‍ വലിയ പ്രാധാന്യം ഭരണതലത്തില്‍ അവര്‍ക്ക് നേടാന്‍ കഴിയുന്നത് അത് കാലങ്ങളായി സംഭവിക്കുന്നതാണ്. ഏത് മന്ത്രിസഭ വന്നാലും ഉന്നത സ്ഥാനങ്ങളില്‍ അത്തരക്കാരാണുണ്ടാകുക. 

സിവില്‍ സര്‍വീസിലും അഡ്മിനിസ്‌ട്രേഷനിലും എത്തിപ്പെടാനുള്ള സമുദായത്തിന്റെ എത്രയോ കാലത്തെ പരിശ്രമത്തിന്റെ ഫലമാണത്. മന്നത്ത് പത്മനാഭന്റെ കാലത്ത് വിദ്യാഭ്യാസം കച്ചവടമാക്കുന്നു എന്ന ആരോപണത്തെ അദ്ദേഹം നേരിട്ടത് വിദ്യാഭ്യാസം കച്ചവടം നടത്തി സമുദായത്തെ രക്ഷിക്കണമെന്ന സമീപനം കൊണ്ടാണ്. ഇപ്പോള്‍ നായര്‍, ക്രിസ്ത്യന്‍ സമുദായ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നോക്കൂ. പല സ്ഥാപനങ്ങളിലും മറ്റൊരു സമുദായക്കാര്‍ക്കും നിയമനം നല്‍കാത്തവരുണ്ട്. മുസ്‌ലിം സ്ഥാപനങ്ങളിലാകട്ടെ, പലതിലും മുസ്‌ലിംകളായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോകുന്നുവെന്ന പരാതി പോലും കേള്‍ക്കാറുണ്ട്. മറ്റു സമുദായക്കാര്‍ക്ക് നിയമനവും ഇടവും നല്‍കുന്നതിനെ ഒരു വിശാലതയായും വര്‍ഗീയതയില്ലാത്ത സമീപനമായും ആരും കാണുന്നില്ലെന്നതും യാഥാര്‍ഥ്യമാണ്.
Read More

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുന്നു: ISM


കോഴിക്കോട്: കേരള ഭരണത്തിന്റെ അടിയാധാരം തങ്ങളുടെ കൈയിലാണെന്ന മട്ടില്‍ നിരന്തരം പ്രസ്താവനകളിറക്കുന്ന സുകുമാരന്‍ നായര്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുകയാണെന്ന് ഐ എസ് എം സംസ്ഥാന യുവസംഗമം അഭിപ്രായപ്പെട്ടു. 

 എന്‍ എസ് എസ് പിന്തുണയോടുകൂടിയാണ് യു ഡി എഫ് അധികാരത്തിലെത്തിയതെന്ന സുകുമാരന്‍ നനായരുടെ പ്രസ്താവന വിടുവായിത്തം മാത്രമാണ്. സമദൂരം പറഞ്ഞ് രണ്ട് മുന്നണികളില്‍ നിന്നും അകലം പാലിച്ചവരുടെ പുതിയ വാദം എട്ടുകാലി മമ്മൂഞ്ഞിന്റേതാണ്. വായില്‍ കൊള്ളാത്ത വാദങ്ങള്‍ നിരത്തും മുമ്പ് ഏതൊക്കെ മണ്ഡലത്തില്‍ ആരെയൊക്കെ തോല്‍പിക്കാനും ജയിപ്പിക്കാനും ആകുമെന്ന പട്ടിക പരസ്യപ്പെടുത്താന്‍ സുകുമാരന്‍ നായര്‍ തയ്യാറാവണം. വോട്ടെണ്ണിക്കഴിഞ്ഞ് തങ്ങളുടെ സ്വാധീനം മൂലമാണ് വിജയപരാജയങ്ങള്‍ ഉണ്ടായതെന്ന അല്പത്തം നിറഞ്ഞ പ്രസ്താവന എ ന്‍ എസ് എസ് ഉപേക്ഷിക്കണം. തങ്ങള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ലെന്ന് നിരന്തരം പറയുന്ന എന്‍ എസ് എസ് നേതൃത്വം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാറില്‍ നിന്നും നേടിയെടുത്ത ആനുകൂല്യങ്ങളുടെ ധവളപത്രം പുറത്തിറക്കണം. സുകുമാരന്‍ നായര്‍ മീശ പിരിക്കുമ്പോള്‍ നട്ടെല്ല് വളയ്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണ്. സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ടുവരണമെന്നും ഐ എസ് എം യുവസംഗമം ആവശ്യപ്പെട്ടു. 

കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി യുവസംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഖാദര്‍ കടവനാട് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ഹംസ സുല്ലമി മൂത്തേടം, നജ്മുദ്ദീന്‍ ഒതായി പ്രസംഗിച്ചു.
Read More

Monday, January 28, 2013

വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കണം : KNM


മലപ്പുറം: സ്ത്രീ സുരക്ഷക്കായി ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി രാജ്യവ്യാപകമായ ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ഇതര സമൂഹ്യ സംഘടനകളുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം സ്ത്രീ സുരക്ഷക്കുള്ള നടപടികള്‍ക്ക് നിയമപ്രാബല്യം നല്‍കേണ്ടതെന്നും മലപ്പുറത്ത് ചേര്‍ന്ന മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സൈന്യത്തിന്റെയും പോലീസിന്റെയും ലൈംഗികകുറ്റ കൃത്യങ്ങള്‍ സാധാരണ ക്രിമിനല്‍ കുറ്റനിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നും സംഘര്‍ഷമേഖലകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക അധികാരമുള്ള സ്‌പെഷല്‍ കമ്മിഷണര്‍മാരെ നിയോഗിക്കണമെന്നുമുള്ള വര്‍മ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അടിയന്തിര നിയമനിര്‍മ്മാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

നിയമ നിര്‍മ്മാണത്തോടൊപ്പം ധാര്‍മ്മിക സദാചാരമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു യുവതലമുറയെ സൃഷ്ടിക്കുന്നതിന് സ്‌കൂള്‍ കോളേജ് പാഠ്യപദ്ധതിയില്‍ ഇത്തരം പ്രശ്‌നങ്ങളെകൂടി ഉള്‍പ്പെടുത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വങ്ങളില്‍ ജാതീവിഷം കുത്തിവെച്ച് തമ്മിലടിപ്പിക്കുന്ന ഏര്‍പ്പാട് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അവസാനിപ്പിക്കണമെന്നും പെരുന്നയില്‍നിന്നുള്ള ഇത്തരം ഉത്തരവുകള്‍ നടപ്പിലാക്കാനുള്ള അടിയാന്‍മാരാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളെന്ന എന്‍ എസ് എസിന്റെ ധിക്കാരം പൂര്‍വ്വ നിലപാടിനെ തിരുത്തിക്കാന്‍ മുഖ്യകക്ഷി രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ജ്ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ് കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. എ അസ്ഗറലി, കെ അബൂബക്കര്‍ മൗലവി, ഡോ.പി പി അബ്ദുല്‍ ഹഖ്, കെ പി സകരിയ്യ, ഡോ.ജമാലുദ്ദീന്‍ ഫാറൂഖി, സി മമ്മു, പി ഹംസ സുല്ലമി, അബൂബക്കര്‍ മദനി, പി ടി ബീരാന്‍കുട്ടി സുല്ലമി, ഡോ. മുസ്തഫ ഫാറൂഖി, പ്രഫ. എന്‍ വി അബ്ദുറഹിമാന്‍, ഈസ മദനി, ഡോ. മുബശ്ശിര്‍ പാലത്ത്, ഏലാങ്കോട് ഇബ്രാഹീം ഹാജി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് യു പി യഹ്‌യാഖാന്‍. എം എസ് എം ജനറല്‍ സെക്രട്ടറി ജാസില്‍ രണ്ടത്താണി, എം ജി എം ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ, ഖദീജ നര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More

Monday, January 21, 2013

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM പ്രചാരണത്തിന് 23ന് കോഴിക്കോട്ട് തുടക്കം


കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 'ധാര്‍മിക യുവത സുരക്ഷിത സമൂഹം' എന്ന പേരില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. ലൈംഗികാതിക്രമങ്ങള്‍, മദ്യം, ചൂതാട്ടം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീപീഡനങ്ങള്‍ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവയ്‌ക്കെതിരെ സമൂഹത്തെ ബോധവല്ക്കരിക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും ടീനേജ് മീറ്റുകള്‍, ഗൃഹാങ്കണ കുടുംബ സംഗമങ്ങള്‍, യുവജന കൂട്ടായ്മ, പഠനക്യാമ്പ്, പദയാത്രകള്‍, ഗൃഹസമ്പര്‍ക്കം, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. എം എസ് എം, എം ജി എം കമ്മറ്റികളുടെ സഹകരണത്തോടെ ക്യാമ്പസുകളിലും സ്ത്രീകള്‍ക്കിടയിലും ബോധവല്ക്കരണ പരിപാടികള്‍ നടത്തും. 

പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23 ന് (ബുധന്‍) വൈകു. 4 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിക്കും. കെ പി സി സി ജന.സെക്രട്ടറി അഡ്വ. ടി സിദ്ദീഖ്, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യ കണ്‍വീനര്‍ അഡ്വ. പി കെ ഫിറോസ്, ഡി വൈ എഫ് ഐ നേതാവ് കെ കെ ഹനീഫ, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സക്കരിയ്യ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഫയാസ് ആലപ്പുഴ, ഐ എസ് എം വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍ എന്നിവര്‍ സംസാരിക്കും. 


Read More

Saturday, January 19, 2013

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് : ISM



കോഴിക്കോട്: ഡീസല്‍വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ക്രൂരവും രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതുമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. തീരുമാനം എത്രയും പെട്ടെന്ന് പുനപ്പരിശോധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പുതിയ തീരുമാനം പണപ്പെരുപ്പം കൂട്ടാനും വിലകള്‍ കുതിച്ചുയരാനും ഇടയാക്കുമെന്നുറപ്പാണ്. സര്‍ക്കാറുകളുടെ കൊള്ളരുതായ്ക മൂലമുണ്ടാകുന്ന സാമ്പത്തിക കമ്മി പരിഹരിക്കാന്‍ സാധാരണ ജനങ്ങളുടെ നടുവൊടിക്കുന്ന തീരുമാനങ്ങളെടുക്കുന്നത് ശരിയല്ല. കുത്തകകള്‍ക്ക് സൗജന്യങ്ങളും ഇളവുകളും വാരിക്കോരി നല്കുകയും പൊതുജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന സമീപനമാണ് മന്‍മോഹന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരുന്നത്. മാസത്തില്‍ രണ്ടുതവണ വിലനിലവാരം പുനപ്പരിശോധിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കുക വഴി ചൂഷണത്തിനുള്ള വാതിലാണ് കേന്ദ്രം തുറന്നിട്ടിരിക്കുന്നത്. പൗരന്മാരുടെ ക്ഷമ പരിശോധിക്കാതെ പുതിയ തീരുമാനത്തില്‍ നിന്ന് കേന്ദ്രം ഉടന്‍ പിന്‍തിരിയണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. 

 സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ജാബിര്‍ അമാനി, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്, ഫൈസല്‍ നന്മണ്ട, മമ്മൂട്ടി മുസ്‌ല്യാര്‍, ഡോ. ലബീദ് അരീക്കോട്, ഡോ.ഫുക്കാറലി, ഹിജാസ് സിറ്റി, അബ്ദുല്‍ ജലീല്‍ പാനൂര്‍, അബ്ദുല്‍ ഖാദര്‍ കടവനാട്, നൗഷാദ് കുറ്റിയാടി, വീരാപ്പു അനന്‍സാരി, സമീര്‍ കായംകുളം പ്രസംഗിച്ചു.
Read More

KNM ദ്വിദിന യുവപ്രബോധക ക്യാമ്പ് ഇന്ന് തുടങ്ങും


കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(കെ എന്‍ എം) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട യുവപ്രബോധകര്‍ക്കായുളള ദ്വിദിന ദഅ്‌വ വര്‍ക് ഷോപ്പ് ഇന്ന് കോഴിക്കോട് ആരംഭിക്കും. കല്ലായ് ഖുബാ എഡ്യുഹോമില്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ ജമാലുദ്ദീന്‍ ഫാറൂഖി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 

8 സെഷനുകളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ സി മുഹമ്മദ് സലിം സുല്ലമി, അബൂബക്കര്‍ നന്മണ്ട, സി എ സഈദ് ഫാറൂഖി, അബൂബക്കര്‍ മദനി മരുത, കെ പി സകരിയ്യ, മമ്മുട്ടി മുസ്‌ലിയാര്‍ വയനാട്, അബ്ദുറസാഖ് കിനാലൂര്‍ ക്ലാസെടുക്കും. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സംഗമം കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടം ചെയ്യും. സി മരക്കാരുട്ടി, പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിക്കും.
Read More

Tuesday, January 15, 2013

AP വിഭാഗം പോഷക സംഘടനകളെ പിരിച്ചുവിട്ട നടപടി ചരിത്രത്തിന്റെ ആവര്‍ത്തനം

കോഴിക്കോട്: പോഷക സംഘടനകളെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിയിലൂടെ മുജാഹിദ് എ.പി പക്ഷം നേരടുന്നത് ചരിത്രത്തിന്റെ പുനരാവര്‍ത്തനം. ആദര്‍ശ വ്യതിയാനമെന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് 2002 ല്‍ മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ക്കുള്ള കാലത്തിന്റെ മധുര പ്രതികാരം കൂടിയാണ് ഇപ്പോള്‍ മുജാഹിദ് എ.പി വിഭാഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. 2002 ആഗസ്റ്റില്‍ ഐ.എസ്.എമ്മിനെ പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി ഉണ്ടാക്കിയ അതേ കെ.എന്‍.എം നേതൃത്വത്തിന് തന്നെ ഒരു പതിറ്റാണ്ടിനിപ്പുറം തങ്ങളുടെ യുവജന വിഭാഗത്തെ പിരിച്ചുവിട്ട് വീണ്ടുമൊരു അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കേണ്ട ഗതികേടുണ്ടായി. അന്ന് ഐ.എസ്.എമ്മിനെ മാത്രമാണ് പിരിച്ചുവിട്ടതെങ്കില്‍ കാലം പത്ത് വര്‍ഷം പിന്നിട്ടതോടെ വിദ്യാര്‍ത്ഥി വിഭാഗം കൂടി നേതൃത്വത്തിന് അനഭിമതരാകുന്ന സ്ഥിതിയുണ്ടായി.അബൂബക്കര്‍ കാരക്കുന്ന് പ്രസിഡന്റും മുസ്തഫ ഫാറൂഖി ജനറല്‍ സെക്രട്ടറിയും, എന്‍.എം അബ്ദുള്‍ ജലീല്‍ ട്രഷററുമായ അന്നത്തെ ഐ.എസ്.എമ്മിന്റെ സംസ്ഥാന നേതൃത്വത്തെ പിരിച്ച് വിട്ട് മുജാഹിദ് പിളര്‍പ്പിന് വഴിമരുന്നിട്ടവര്‍ അതേ ദുര്‍ഗതിയുടെ പുനരാവര്‍ത്തനമാണ് മുന്നില്‍ കാണുന്നത്. 

ഐ.എസ്.എമ്മിന്റെ സംസ്ഥാന സമിതിക്കെതിരെ അച്ചടക്ക നടപടി എടുക്കാതിരിക്കണമെങ്കില്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് 2002 ജൂലൈയില്‍ കെ.എന്‍.എം സംസ്ഥാന നേതൃത്വം നല്‍കിയ കുറ്റപത്രം ഐ.എസ്.എം കുറേയേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതിന്റെ പേരിലായിരുന്നു. ഐ.എസ്.എമ്മിന്റെ കീഴിലെ ഫാമിലി സെല്‍, അല്‍മനാര്‍ ഹജ്ജ് സെല്‍, ഫറോക്കില്‍ 2002 മെയ് 19 ന് നടത്തിയ പ്രതിനിധി സമ്മേളനം അത്തൗഹീദ് ദൈ്വമാസിക എന്നിവ സമാന്തര പ്രവര്‍ത്തനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. നടപടിയെടുക്കാതിരിക്കണമെങ്കില്‍ വിശദീകരണം നല്‍കണമെന്ന് കെ.എന്‍.എം നേതൃത്വം ആവശ്യപ്പെട്ടത്. ഇവയൊന്നും കെ.എന്‍.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബദലോ, സമാന്തരമോ അല്ലെന്നും യുവജന പ്രസ്ഥാനമെന്ന നിലയിലുള്ള ബാധ്യത നിര്‍വ്വഹണത്തിനുള്ള പ്രവര്‍ത്തനങ്ങളാണെന്നും ചൂണ്ടിക്കാട്ടി ഐ.എസ്.എം വിശദമായ മറുപടി നല്‍കിയിരുന്നെങ്കിലും തൃപ്തികരമല്ലെന്ന് വിധിയെഴുതി കേരളത്തിലെ ഏറ്റവും ശക്തമായ ഇസ് ലാമിക യുവജന പ്രസ്ഥാനത്തെ പിരിച്ചുവിടുകയായിരുന്നു. കെ.എന്‍.എമ്മിന്റെ അന്നത്തെ നടപടി ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നുവെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ നേതൃത്വം തയ്യാറായില്ല. 

തിരിച്ചുവിടപ്പെട്ട 35 അംഗ സംസ്ഥാന പ്രവര്‍ത്തക സമിതിക്ക് പകരം തങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന അനുസരണയുള്ള യുവാക്കളെന്ന അവകാശ വാദത്തോടെ പുതിയ 35 പേരെ അണി നിരത്തി അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി. മുജാഹിദ് പിളര്‍പ്പിന് ശേഷം എ.പി പക്ഷത്തിന്റെ സംസ്ഥാന സമ്മേളനങ്ങള്‍ എറണാംകുളത്തും, ചങ്ങരംകുളത്തും പൂര്‍ത്തിയായപ്പോള്‍ സംഘടനയില്‍ അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. 2002 മുജാഹിദ് പിളര്‍പ്പിന് വഴിയൊരുക്കിക്കൊണ്ട് നേതൃത്വം പ്രചരിപ്പിച്ച ആദര്‍ശ വ്യതിയാനം പുകമറ മാത്രമായിരുന്നുവെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുന്നതായിരുന്നു എ.പി പക്ഷത്തെ ആഭ്യന്തര ഏറ്റുമുട്ടല്‍. അന്ന് ഐ.എസ്.എമ്മിനെ പിരിച്ചുവിടാന്‍ സംഘടനാപരമായ അച്ചടക്കലംഘനങ്ങളായിരുന്നു കാരണമായി ഉന്നയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ യുവജനവിഭാഗത്തെയും, വിദ്യാര്‍ത്ഥി വിഭാഗത്തെയും പിരിച്ചു വിടുന്നതിന് ആദര്‍ശപരമായ കാരണങ്ങളാണ് ഉയര്‍ത്തുന്നത്.2002 ല്‍ പിരിച്ചുവിടപ്പെട്ട ഐ.എസ്.എം സംസ്ഥാന കമ്മിറ്റിക്കു ബദലായി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയിലെ അനുസരണയുള്ള യുവത്വത്തില്‍ മരുന്നിനുപോലും എണ്ണം നേതൃത്വത്തിനൊപ്പമില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. മുജാഹിദ് എ.പി പക്ഷത്ത് ആസന്നമായ പിളര്‍പ്പിന് സമയമായെന്ന് വിളിച്ചറിയിക്കുന്ന തരത്തിലായിരുന്നു കോഴിക്കോട് അഴിഞ്ഞിലത്ത് നടന്ന സംസ്ഥാന സമ്മേളനം. യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതൃ നിരയെയും പഴയ അഡ്‌ഹോക്മാരെയും പൂര്‍ണ്ണമായും വെട്ടിനിരത്തി തയ്യാറാക്കിയ സമ്മേളന പ്രോഗ്രാം സംസ്ഥാന സമ്മേളനത്തിന് ശേഷം പൊട്ടിപ്പുറപ്പെടാനിരിക്കുന്ന കലാപത്തിന്റെ അവസാനസൂചനകളായിരുന്നു.

ഇനിയും തെളിയിക്കപ്പെടാത്ത ആദര്‍ശ വ്യതിയാനമായിരുന്നു 2002 ലെ പിളര്‍പ്പിന് നേതൃത്വം ഉപയോഗിച്ച വജ്രായുധമെങ്കില്‍ 10 വര്‍ഷത്തിലിപ്പുറം എ.പി പക്ഷം മുജാഹിദുകള്‍ നേരിടുന്ന സംഘടനാപരവും ആദര്‍ശപരവുമായ പ്രതിസന്ധിക്ക് അതേ കാരണം തന്നെ നിമിത്തമായെന്നത് കാലത്തിന്റെ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. സി.പി ഉമര്‍ സുല്ലമിയും, ഡോ: ഹുസൈന്‍ മടവൂരും നേതൃത്വം നല്‍കുന്ന മുജാഹിദ് പ്രസ്ഥാനത്തിനും ഐ.എസ്.എമ്മിനും ആദര്‍ശവ്യതിയാനം ആരോപിക്കാന്‍ നാടു ചുറ്റിയവരില്‍ പ്രമുഖ സ്ഥാനീയരായ കെ.കെ. സക്കരിയ സ്വലാഹിക്കും, മുജാഹിദ് ബാലുശ്ശേരിക്കും ആദര്‍ശത്തിന്റെ പേരില്‍ തന്നെ സംഘടനയില്‍ നിന്നും പുറത്ത് പോകേണ്ടി വന്നു എന്നതും ചരിത്രത്തിന്റെ തിരിച്ചടിയായി കണക്കാക്കാം.
Read More

ഇസ്‌ലാമിക വസ്ത്രധാരണത്തെ അവഹേളിച്ചവര്‍ക്ക് തിരുത്തേണ്ടി വന്നു: ഖമറുന്നീസ അന്‍വര്‍

തിരൂര്‍: ഇസ്ലാമിക വസ്ത്രധാരണത്തെ പഴഞ്ചനായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ സ്ത്രീകളുടെ സുരക്ഷക്ക് ഇസ്ലാം പ്രാമുഖ്യം നല്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്നും ഇസ്ലാമിക നിയമങ്ങള്‍ ശരിയെന്ന് കാലം തെളിയിച്ചുവെന്നും സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍ പറഞ്ഞു. എം ജി എം ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.. 

കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഉബൈദുല്ല താനാളൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി റസിയാബി അധ്യക്ഷത വഹിച്ചു. കുഞ്ഞിബീവി ടീച്ചര്‍ രണ്ടത്താണി, സൈനബ ടീച്ചര്‍, ഫാത്തിമ ടീച്ചര്‍ ചേന്നര, ഫാ്ത്തിമ കുട്ടി ടീച്ചര്‍ കോട്ടക്കല്‍, റംല അഷ്‌റഫ് തിരൂര്‍, സി എം അസ്മ ടീച്ചര്‍ പ്രസംഗിച്ചു. കൊളംബോ നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഖമറുന്നീസ അന്‍വറിന് എം ജി എം ഉപഹാരം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് സമ്മാനിച്ചു. സലീം ബുസ്താനി, സി പി മുഹമ്മദ് കുട്ടി അന്‍സാരി, സാബിക് പുല്ലൂര്‍, കെ കെ ഫൗസിയ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍, കെ സഫിയ ടീച്ചര്‍, ഷാന കോട്ടക്കല്‍ പ്രസംഗിച്ചു.
Read More

വിദ്യാര്‍ഥി-യുവജന സംഘടനകളെ പിരിച്ചുവിട്ടത് അനിവാര്യമായ തിരിച്ചടി : ISM


കോഴിക്കോട്: ആദര്‍ശ വ്യതിയാനം ആരോപിച്ച് 2002 ല്‍ ഐ എസ് എമ്മിനെ പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ക്കുള്ള ചരിത്രപരമായ തിരിച്ചടിയാണ് അതേ കാരണത്തിന്റെ പേരില്‍ തങ്ങളുടെ വിദ്യാര്‍ഥി യുവജന സംഘടനകളെ പിരിച്ചുവിട്ട് വീണ്ടും അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കേണ്ടിവന്നതിലൂടെ എ പി വിഭാഗം മുജാഹിദുകള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നതെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാനും ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാടും പ്രസ്താവനയില്‍ പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ദൗത്യനിര്‍വഹണവുമായി കേരളത്തില്‍ നാലരപ്പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഐ എസ് എമ്മിന് ഒരു ബദല്‍ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ആവശ്യമില്ലെന്നും ഐ എസ് എം നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

എന്തിന്റെ പേരിലാണ് തങ്ങളുടെ വിദ്യാര്‍ഥി-യുവജന സംഘടനകളെ പിരിച്ചുവിട്ടതെന്ന് എ പി വിഭാഗം കെ എന്‍ എം നേതൃത്വം വ്യക്തമാക്കണം. ജിന്ന്, സിഹ്‌റ് വിവാദത്തില്‍ പിരിച്ചുവിട്ടവരും പിരിച്ചുവിടപ്പെട്ടവരും മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ആദര്‍ശത്തിന്നെതിരായി പ്രവര്‍ത്തിച്ചവരാണ്. ജിന്ന് ചികിത്സയും പിശാചിനെ അടിച്ചിറക്കലും മാരണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസ പ്രചരണത്തില്‍ എ പി വിഭാഗം മുജാഹിദുകളിലെ ഇരുവിഭാഗവും പങ്കാളികളാണെന്നിരിക്കെ വിദ്യാര്‍ഥി-യുവജന സംഘടനകളെ മാത്രം പിരിച്ചുവിട്ടതുകൊണ്ട് മുഖം രക്ഷിക്കാനാവില്ല. അന്ധ വിശ്വാസ പ്രചരണത്തിന് ആളും അര്‍ഥവും നല്‍കി പ്രോത്സാഹിപ്പിച്ചവരാണ് എ പി വിഭാഗം കെ എന്‍ എം നേതൃത്വമെന്നത് അനിഷേധ്യമായ വസ്തുതയാണ്. മാരണം സംബന്ധിച്ച് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് ഇപ്പോഴും എ പി വിഭാഗം നേതൃത്വമെന്നത് നിഷേധിക്കാനാവില്ല. ഭിന്ന മതക്കാരോടും ആശയക്കാരോടും അസഹിഷ്ണുതയും തീവ്രതയും വെച്ചുപലുര്‍ത്തുന്ന ചില പ്രബോധകരാണ് പ്രസ്ഥാനത്തിന് അപകീര്‍ത്തികരമായ വാദങ്ങള്‍ അവതരിപ്പിച്ചത്. ഇവര്‍ക്ക് വശംവദരായാണ് ആദ്യതവണ പ്രസ്ഥാനത്തെ പിരിച്ചുവിട്ടതെന്ന് മറക്കരുത്. 

 മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ അന്ധവിശ്വാസ പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ കുറ്റം ഏറ്റുപറഞ്ഞ് സംഘടന പിരിച്ചുവിട്ട് ഡോ ഹുസൈന്‍ മടവൂരിന്റെയും ഡോ ഇ കെ അഹ്മദ്കുട്ടിയുടെയും സി പി ഉമര്‍ സുല്ലമിയുടെയും നേതൃത്വത്തിലുള്ള യഥാര്‍ഥ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരാന്‍ എ പി വിഭാഗം കെ എന്‍ എം തയ്യാറാവണമെന്നും ഐ എസ് എം നേതാക്കള്‍ പറഞ്ഞു.
Read More

Monday, January 14, 2013

ഗൗസിയാ മസ്ജിദ് സര്‍ക്കാര്‍ പുനര്‍നിര്‍മിക്കണം: AIIM


ന്യൂഡല്‍ഹി: രാജ്യത്തെ പുരാതന പള്ളികളിലൊന്നായ ഡല്‍ഹി മെഹ്‌റോളിയിലെ ഗൗസിയാ ജുമാ മസ്ജിദ് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി (ഡി ഡി എ) ഇടിച്ചു തകര്‍ത്ത നടപടി അത്യന്തം അപലപനീയമാണെന്നും എത്രയും പെട്ടെന്ന് സര്‍ക്കാര്‍ തന്നെ അത് പുനര്‍നിര്‍മിക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച ആള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ഡിസംബര്‍ 12നാണ് പളളി തകര്‍ക്കപ്പെട്ടത്. മുസ്‌ലിംകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പള്ളി പുനര്‍നിര്‍മിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉറപ്പു നല്കിയിരുന്നുവെങ്കിലും ഒരു മാസമായിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. നാല് ഏക്കറോളം വരുന്ന വഖ്ഫ് ഭൂമിയില്‍ പള്ളിയും ഖബറിസ്ഥാനുമാണുള്ളത്. ഈ പള്ളി വളരെ പഴക്കം ചെന്നതാണെന്ന് അവശേഷിക്കുന്ന ഭാഗങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. ലോദി ഭരണകാലഘട്ടത്തില്‍ സ്ഥാപിച്ചതാണ് ഈ ചരിത്രസ്മാരകം എന്ന് വ്യക്തമാക്കുന്ന ഡല്‍ഹി ടൂറിസം വകുപ്പിന്റെ ഫലകം ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഡി ഡി എയുടെ ഇടിച്ചു നിരത്തലില്‍ 100 കണക്കിന് വീടുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹി ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായി മുഹമ്മദ് ഹലീം, അന്‍വര്‍ സാദത്ത്, റഫീഖലി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Read More

Friday, January 11, 2013

അഖിലേന്ത്യാ ഇസ്‌ലാഹീ സമ്മേളനം 2013 ഏപ്രില്‍ 10,11 തിയ്യതികളില്‍ ദല്‍ഹിയില്‍

ന്യൂദല്‍ഹി: മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ സമ്മേളനം 2013 ഏപ്രില്‍ 10,11 തിയ്യതികളില്‍ ദല്‍ഹിയില്‍ നടക്കുമെന്ന് ആള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അറിയിച്ചു. 

വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ആത്മീയതയുടെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ മത സമൂഹങ്ങളെ ബോധവത്കരിക്കുക, ഭീകരതയും തീവ്രവാദവും ഇല്ലായ്മ ചെയ്യാന്‍ സൗഹാര്‍ദ കൂട്ടായ്മകള്‍ രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സമ്മേളനത്തിന്റെ മുന്നോടിയായി നടക്കും. പണ്ഡിത സമ്മേളനം, വിദ്യാര്‍ഥി സമ്മേളനം, വനിതാ സമ്മേളനം, ബാല സമ്മേളനം തുടങ്ങിയ പരിപാടികളാണ് സമ്മേളനത്തില്‍ ഉണ്ടാവുക. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, അംബാസിഡര്‍മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ഇസ്‌ലാമിക പണ്ഡിതര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

 ദേശസ്‌നേഹം, വിശ്വാസ ശുദ്ധീകരണം, മത സൗഹാര്‍ദം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തി വരുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖരായ ശാഹ് വലിയുള്ളാ ദഹ്‌ലവി, ഇസ്മാഈല്‍ ശഹീദ്, അഹ്മദ് ബിന്‍ ഇര്‍ഫാന്‍, മൗലാനാ ഇനായത്ത് അലി, മൗലാനാ വിലായത്ത് അലി എന്നിവരുടെ പ്രവര്‍ത്തനങ്ങളെ കാലികമായി ചര്‍ച്ച ചെയ്യുന്ന പഠന സെമിനാര്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 

ദല്‍ഹി കേന്ദ്രീകരിച്ച് ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സനാഉള്ള അമൃതസരി, അബ്ദുല്ല ഗാസിയാപൂരി, മൗലാനാ അബ്ദുല്‍ കലാം ആസാദ് തുടങ്ങിയവരുടെയും സനാഉള്ള മക്തി തങ്ങള്‍, വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, കെ എം മൗലവി, മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ്, കെ എം സീതി സാഹിബ് മുതലായവരുടെ കേരള മാതൃകയും പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിച്ച വ്യത്യസ്തമായ വഴികളും സമ്മേളനം ചര്‍ച്ച ചെയ്യും. 

 ഇന്ത്യയിലെ സംഘടിതമായ മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ വരും കാലങ്ങളിലേക്കുള്ള അജണ്ടകള്‍ തീരുമാനിക്കാന്‍ സമ്മേളനം വഴിയൊരുക്കുമെന്നും ഒറ്റപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി നടത്തുമെന്നും ഹുസൈന്‍ മടവൂര്‍ കൂട്ടിച്ചേര്‍ത്തു.
Read More

Saturday, January 05, 2013

കര്‍ശനമായ ശിക്ഷാവിധികള്‍ കൊണ്ട് മാത്രം സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റം അവസാനിപ്പിക്കാനാവില്ല : ISM


വൈലത്തൂര്‍ : കര്‍ശനമായ ശിക്ഷാവിധികള്‍ കൊണ്ട് മാത്രം സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റം അവസാനിപ്പിക്കാനാവില്ലെന്നും,പാഠപുസ്തകങ്ങളിലടക്കം ധാര്‍മിക സദാചാര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ചെറുപ്പത്തിലെ കുട്ടികളില്‍ നിന്ന് തന്നെ ശിക്ഷണം തുടങ്ങുമ്പോള്‍ മാത്രമേ സ്ത്രീകളുടെ വ്യക്തിത്വത്തെ ആദരിക്കുന്ന സമൂഹം ഉണ്ടാകൂ എന്നും "സ്ത്രീ സുരക്ഷ സമൂഹ രക്ഷ" കാമ്പയിന്റെ ഭാഗമായി ISM താനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ കൂട്ടായ്മ അഭിപ്രായപ്പെട്ടു.ദൃശ്യ മാധ്യമങ്ങളും,വിവര സാങ്കേതിക ഉപാധികളും,സിനിമകളും പുറത്തു വിടുന്ന സദാചാര വിരുദ്ധമായ കാഴ്ചകളെ നിയന്ത്രിക്കാന്‍ കൂടി അധികാരികള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

 കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഉബൈദുള്ള താനാളൂര്‍ ഉദ്ഘാടനം ചെയ്തു.എം എസ് എം സംസ്ഥാന ജന:സെക്രടറി ജാസിര്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ഹൈദ്രോസ് മാസ്റ്റര്‍ , എം ജി എം ജില്ലാ സെക്രട്ടറി അസ്മ ടീച്ചര്‍ ,മദ്യനിരോധനസമിതി താനൂര്‍ ഏരിയ സെക്രട്ടറി സഹീര്‍ ബി പി , കെ ടി ഇസ്മായില്‍,ഹാരിസ് ഓലപ്പീടിക,ടി കെ എന്‍ നാസര്‍,കരീം കെ പുരം,കെ കെ മുഹമ്മദ്‌ ഹസ്സന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More

Thursday, January 03, 2013

നന്മയുടെ സനേഹ തുരുത്തുകള്‍ വീണ്ടെടുക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങുക.- ഫോക്കസ് ജിദ്ദ ഓപ്പണ്‍ ഫോറം


ജിദ്ദ: സൌഹൃദവും നന്മയും കളിയാടിയ ഇന്നലെകള്‍ വീണ്ടെടുക്കാന്‍ മാധ്യമങ്ങള്ക്കും മത സാമൂഹിക രാഷ്ട്രീയ സംഘടനകള്ക്കും ഒരേപോലെ ബാധ്യതയുന്ണ്ടെന്നും, അധികാരത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും തിരത്തള്ളലില്‍ മുരടിച്ചു പോയ കേരളീയ പൊതു മനസ്സിന്റെ പരസ്പര വിശ്വാസം വീണ്ടെടുക്കാന്‍ വേണ്ട പ്രവര്ത്തനങ്ങള്‍ തങ്ങളുടെ അജണ്ടയുടെ ഭാഗമാക്കി സ്വീകരിക്കുവാനും ഫോക്കസ് ജിദ്ദ “കേരളം: നഷ്ടപെടുന്ന സൗഹൃദ തുരുത്തുകള്‍“ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ആഹ്വാനം ചെയ്തു. വ്യക്തി, കുടുബം, സമൂഹം എന്ന സംവിധാനത്തിന്റെ കരുത്ത് നിലകൊള്ളുന്നത് വ്യക്തി സംസ്കരത്തിലാണെന്നും ധര്മികമൂല്യങ്ങളിലേക്കുള്ള ഒരു തിരിച്ചു പോക്ക് സമൂഹത്തില്‍ ആവശ്യമായി വന്നിരിക്കുകയാണെ പരിപാടിയില്‍ന്നും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍ നാഷണല്‍ കമ്മിറ്റിയുടെ ത്രൈമാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി, മാധ്യമ, സാംസ്‌കാരിക മേഖലികളിലെ പ്രമുഖരുടെയും യുവജനങ്ങളുടെയും സക്രിയമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ധ ശരഫിയയിലെ ഓഡിറ്റോറിയമായിരുന്നു വേദി. 

 യോജിപ്പിന്റെ മേഖകള്‍ കണ്ടെത്തി അവാന്തര വിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ട് മുസ്ലീകള്‍ തങ്ങളില്‍ നിന്നു തന്നെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്ക്കേണ്ടതുണ്ടതുണ്ടെന്നു അറബ് ന്യൂസ് സബ് എഡിറ്റര്‍ പി.കെ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. കേരളത്തിലെ അണുകുടുബ സംസ്ക്കാരം സൗഹൃദങ്ങളേ ഏറെ പ്രതികൂലമായി ബാധിച്ചുവെന്നും വ്യക്തിബന്ധങ്ങള്‍ വെര്‍ച്ചല്‍ മീഡിയയിലെ ആയിരങ്ങളുടെ നിരര്‍ത്ഥക സൌഹൃദങ്ങളിലേക്ക് ചുരുങ്ങിയെന്നും ഒ.ഐ.സി.സി പ്രതിനിധി സക്കീര്‍ ഹുസൈന്‍ നിരീക്ഷിച്ചു. കേരളീയ സമൂഹത്തില്‍ ഇടംനേടിയ ഇടതുപക്ഷ പൊതുമനസ്സിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അടുത്തക്കാലത്തുണ്ടായ ഒറ്റപെട്ട സംഭവ വികാസങ്ങള്‍ ഉയര്‍ത്തികാട്ടി പ്രാചാരണങ്ങള്‍ നടത്തുന്നത് എന്ന് നവോദയ പ്രതിനിധി റഫീഖ് പത്തനാപുരം പറഞ്ഞു. 

 മലപ്പുറം ജില്ല രൂപീകരണം മുതല്‍ മലബാറിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രത്യേക കോണില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ യാദൃഷ്ച്ചികമലല്ലെന്നും പ്രത്യേക അജണ്ഡയുടെ ഭാഗമാണെന്നും പറഞ്ഞു വെച്ച തേജസ് പ്രതിനിധി ഹസ്സന്‍ മങ്കട, രാഷ്ട്രീയ സംഘടനാ സങ്കുചിതത്വങ്ങള്‍ മാറ്റിവെച്ച് സത്യത്തോടൊപ്പം നില്‍ക്കാന്‍ സദസ്സിനോട് അഭ്യര്‍ഥിച്ചു. സ്വന്തം മത വിശ്വാസം ശരിയായി ഉള്‍ക്കൊള്ളുന്നതോടൊപ്പം തന്നെ മറ്റുള്ളവരെ കൂടി ഉള്‍ക്കൊള്ളുവാന്‍ തയ്യാറാവണമെന്നും ചന്ദ്രിക ദിനപത്രത്തിലെ സി.കെ.ശാക്കിര്‍ പറഞ്ഞു. ആധുനികവതകരിക്കപ്പെടുന്ന കേരളീയ സമൂഹത്തില്‍ നിന്ന് വിവേകത്തിന്റെയും സഭ്യതയുടെയും അദൃശ്യമായ മറ നഷ്ടപെട്ടു കൊണ്ടിരിക്കുകയാണെന്ന്‍ മാധ്യമം എഡിറ്റര്‍ വി.എം.ഇബ്രാഹീം നിരീക്ഷിച്ചു. സാമൂഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ ആധുനിക മാധ്യമങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നു സമ്മതിച്ച മലയാളം ന്യൂസ് സബ് എഡിറ്റര്‍ ഹസ്സന്‍ കോയ, വ്യക്തി സംസ്ക്കരണത്തില്‍ ഊന്നിയുള്ള പരിവര്‍ത്തനത്തിനു മാത്രമേ സമൂഹത്തെ മുന്നോട്ടു നടത്താനാകൂ എന്നും കൂടുതല്‍ സംസാരിക്കുന്നതിന് പകരം കുറച്ചെങ്കിലും പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. 

 സദസ്സുകളില്‍ നിന്ന് ഉയര്‍ന്നുവന്ന ചോദ്യങ്ങളും പ്രതിനിധികളുടെ മറുപടികളും മറുചോദ്യങ്ങളുമായി ചുടേറിയ രംഗങ്ങള്‍ സൃഷ്ടിച്ച ഓപ്പണ്‍ ഫോറം വേറിട്ട അനുഭവമായി. അബ്ദുല്‍ ജലീല്‍ സി എച്ച് വിഷയം അവതരിപ്പിച്ച് സംസാരിച്ചു, ഫോക്കസ് സി.ഇ.ഒ പ്രിന്‍സാദ് പയ്യാനക്കല്‍ മോഡറേറ്ററായിരുന്നു. ഫോക്കസ് ജിദ്ദ സി.ഒ.ഒ ഷക്കില്‍ ബാബു സ്വാഗതം ഈവന്റ് മാനേജര്‍ ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...