Showing posts with label ഹുസൈന്‍ മടവൂര്‍. Show all posts
Showing posts with label ഹുസൈന്‍ മടവൂര്‍. Show all posts

Monday, November 10, 2014

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യണം -ഐ എസ് എം

അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വിശ്വാസങ്ങളുടെ മറവില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മനുഷ്യരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സിദ്ധരെയും മന്ത്രവാദികളെയും സാമൂഹിക വിചാരണ ചെയ്യണമെന്ന് അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ആവശ്യപ്പെട്ടു. 

അന്ധവിശ്വാസങ്ങളുടെ മറവില്‍ നാല് മനുഷ്യജീവനുകള്‍ കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ ഹോമിക്കപ്പെട്ടു. സാംസ്‌കാരിക കേരളം തുടരുന്ന നിസ്സംഗത ഭയാനകമാണ്. ശക്തമായ ബോധവല്‍ക്കരണത്തോടൊപ്പം കര്‍ശന വകുപ്പുകളോടെ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം അനിവാര്യമാണെന്നും അടുത്ത നിയമ സഭാസമ്മേളനത്തില്‍ അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ ബില്ല് കൊണ്ടുവരുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും സംഗമം ചൂണ്ടിക്കാട്ടി. 

ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തിരസ്‌കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്  അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. എം അഹ്മദ് കുട്ടി മദനി, ഇസ്മാഈല്‍ കരിയാട്, ശുക്കൂര്‍ കോണിക്കല്‍, നൗഷാദ് കുറ്റ്യാടി, അബ്ദുല്‍ ജലീല്‍ ഒതായി, അബ്ദുസ്സലാം മുട്ടില്‍, ഡോ. ലബീദ് അരീക്കോട്, അഫ്താഷ് ചാലിയം, ശാക്കിര്‍ ബാബു കുനിയില്‍ പ്രസംഗിച്ചു.

Read More

Sunday, October 26, 2014

ഇന്ത്യയിൽ മുസ്‌ലിംകൾക്ക് മതസ്വാതന്ത്ര്യമുണ്ട് : ഡോ. ഹുസൈൻ മടവൂർ

വേൾഡ് അസോസിയേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഓർഗനൈസേഷൻ സാർക്ക് സമിതി ഭാരവാഹികൾ






ഇസ്തംബൂൾ (തുർക്കി): 
പല മുസ്‌ലിം രാഷ്ട്രങ്ങളിലേതിനെക്കാളും ഇന്ത്യയിൽ മു
സ്‌ലിംകൾക്ക് മത സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കോ-ഓഡിനേറ്ററുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഇസ്തംബൂളിൽ നടക്കുന്ന വേൾഡ് അസോസിയേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഓർഗനൈസേഷൻസ് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ക്ഷേമ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഇന്ത്യൻ മുസ്‌ലിംകൾ മറ്റ് സമുദായങ്ങൾക്ക് മാതൃകയാണ്. അവർ സമാധാനപ്രിയരും രാജ്യതാത്പര്യം സംരക്ഷിക്കുന്നവരുമാണ്. അതിനാൽ തന്നെ ഇതരസമൂഹങ്ങൾ മുസ്‌ലിംകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒറ്റപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സർക്കാറും നിയമപാലകരും കോടതികളും മുസ്‌ലിംകളെ സഹായിച്ചിട്ടുണ്ട്. മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടനയാണ് മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നൽകുന്നതെന്നും ഡോ. മടവൂർ വിശദീകരിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിൽ കമ്മറ്റികൾ ഉണ്ടാക്കാൻ അസോസിയേഷൻ തീരുമാനിച്ചു. ഇന്ത്യയുൾപ്പെടുന്ന സാർക്ക് രാഷ്ട്രങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പ്രത്യേക യോഗം ചേർന്ന് പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി ദ്വീപ്‌, അഫ്ഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയവർ സാർക്ക് അസോസിയേഷൻ രൂപീകരണ യോഗത്തിൽ പങ്കെടുത്തു. വേൾഡ് അസോസിയേഷൻ പ്രതിനിധി ഡോ. ഹാശിം അൽ ഹാശിമി യോഗം നിയന്ത്രിച്ചു. സമാപന സമ്മേളനത്തിൽ അസോസിയേഷൻ ചെയർമാൻ അലി സുവൈദി, അത്വിയ അദ്‌ലാൻ (ഈജിപ്ത്) സാലിം റിഫാഈ (ലെബനാൻ) ഡോ. അബ്ദുൽ മുഹ്സിൻ മുതൈരി (കുവൈറ്റ്‌) ഡോ. ജംആൻ സഹറാനി (സഊദി അറേബ്യ) ഡോ. തൗഫീഖ് ശുദരി (മലേഷ്യ) ഡോ. മുഹമ്മദ്‌ ഇൽയാസ് (മാലി) ഷബീർ അഹമ്മദ് (യു. പി) ഡോ. ഹുസൈൻ മടവൂർ എന്നിവർ സംസാരിച്ചു. അന്താരാഷ്‌ട്ര സമിതിയുടെ ജനറൽ കൗണ്‍സിൽ ഡിസംബർ രണ്ടാം വാരത്തിൽ മലേഷ്യയിൽ ചേരാൻ തീരുമാനിച്ചു.  
Read More

Friday, September 26, 2014

ഇന്ത്യൻ മുസ്‌ലിംകൾക്ക് അൽ ഖാഇദയുടെ സഹായം ആവശ്യമില്ല - ഡോ. ഹുസൈൻ മടവൂർ •

ജിദ്ദ: ഇന്ത്യൻ മുസ്‌ലിംകൾക്ക് അൽ ഖാഇദയുടെയോ മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുടെയോ സഹായത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലത്തിന്റെ കേരള കോർഡിനേറ്ററും അഖിലേന്ത്യാ ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. സഊദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അതിഥിയായി ഹജ്ജ് കർമത്തിനെത്തിയ അദ്ദേഹം ജിദ്ദ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ഇന്ത്യൻ മുസ്‌ലിംകൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന മഹത്തായ ആദർശമാണ് സമാധാനം. അതുകൊണ്ട് തന്നെ മതത്തിന്റെ പേരിലുള്ള തീവ്രവാദങ്ങളെയും ഭീകരതയെയും ചെറുത്തു തോല്പിക്കേണ്ടത് മതപരമായ ആവശ്യമാണ്‌. അൽഖാഇദ നേതാവ് അയ്മൻ സവാഹിരി ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുമെന്നും മുസ്‌ലിംകളുടെ സഹായം ഉണ്ടാകുമെന്നും പ്രസ്താവന നടത്തിയ പാശ്ചാത്തലത്തിൽ ഇത്തരം ശക്തികൾക്കെതിരെ ഇന്ത്യൻ മുസ്‌ലിംകൾ കൂടുതൽ ജാഗ്രത പുലർത്തണം. സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലുമുള്ള എല്ലാ മുസ്‌ലിം സംഘടനകളും അൽഖാഇദക്കെതിരെ രംഗത്ത് വന്നത് ഇന്ത്യൻ മുസ്‌ലിംകൾ സമാധാന പ്രിയരാണെന്നതിന്റെ തെളിവാണ്.

ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരിൽ ഇറാഖിൽ രൂപം കൊണ്ട സമാന്തര ഭരണത്തിന് ലോക മുസ്‌ലിം സമൂഹത്തിന്റെ പിന്തുണയില്ല. സഊദി ഗ്രാന്റ് മുഫ്തി അബ്ദുൾ അസീസ്‌ ആൽ ശൈഖ് അടക്കമുള്ള അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിതന്മാർ ഇവരുടെ പ്രവർത്തനങ്ങളെ അതിശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭരണം അടിച്ചേല്പിക്കലോ ബലപ്രയോഗത്തിലൂടെ അധികാരം കയ്യാളലോ അല്ല ഇസ്‌ലാമിന്റെ രീതി. ലോക സമാധാനം കാത്തു സൂക്ഷിച്ച് ധർമനിഷ്ഠയോടെ ജീവിക്കുവാൻ മനുഷ്യരെ പഠിപ്പിക്കുന്ന മതമാണ്‌ ഇസ്‌ലാമെന്നും ഡോ. മടവൂർ വിശദീകരിച്ചു.

ഹജ്ജിനോട് അനുബന്ധിച്ച് മക്കയിൽ 27 October ശനിയാഴ്ച ചേരുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക സമ്മേളനത്തിലും ഡോ. മടവൂർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള  നൂറ് പ്രമുഖ വ്യക്തികളാണ് സഊദി രാജാവിന്റെ അതിഥികളായി ഈ വർഷം ഹജ്ജിനെത്തുന്നത്. ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ഡോ. സഈദ് അൽ അഅസമിയാണ് ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന മറ്റൊരു വിശിഷ്ടാതിഥി. പ്രമുഖ വേദികളിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുവാൻ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് ഡോ. മടവൂർ പറഞ്ഞു. 
Read More

Tuesday, September 23, 2014

ഡോ.ഹുസൈന്‍ മടവൂരിന് സഊദി രാജാവിന്റെ ക്ഷണം

കോഴിക്കോട് : സഊദി ഭരണാധികാരി അബ്ദുള്ളാ രാജാവിന്റെ വിശിഷ്ടാതിഥിയായി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോ ഓര്‍ഡിനേറ്ററും അഖിലേന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോ. ഹുസൈന്‍ മടവൂരിന് ക്ഷണം ലഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് പേരെയാണ് സഊദി രാജാവ് ക്ഷണിച്ചിട്ടുള്ളത്. സഊദി വിദേശ കാര്യ മന്ത്രാലയം വഴിയാണ് അതിഥികളെ തിരഞ്ഞെടുത്തത്. ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും നദ്‌വാ ദാറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. സഈദ് അല്‍ അഅ്‌സമിയാണ് ഇന്ത്യയില്‍ നിന്നും ക്ഷണം ലഭിച്ച മറ്റൊരു പണ്ഡിതന്‍. സപ്തംബര്‍ 27,28 തിയ്യതികളില്‍ മക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിലും ഇവര്‍ പങ്കെടുക്കും. ഒക്ടോബര്‍ ഒന്നിന് അതിഥികള്‍ക്കായി മക്കാ പാലസില്‍ അബ്ദുള്ളാ രാജാവ് പ്രത്യേക വിരുന്നേര്‍പ്പെടുത്തിയിട്ടുണ്ട്. രാജാവിന് പുറമെ ഹജ്ജ് വകുപ്പ് മന്ത്രി ഡോ. ബന്‍ദര്‍ മുഹമ്മദ് ഹജ്ജാര്‍, മതകാര്യ വകുപ്പ് മന്ത്രി ഡോ. സാലിഹ് ആലുശൈഖ്, ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്,  മക്ക ചീഫ് ഇമാം ഡോ.അബ്ദുറഹ്മാന്‍ അല്‍ സുദൈസ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. മക്ക ഉമ്മുല്‍ ഖുറ യൂനിവേഴ്‌സിറ്റി, മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, മുസ്‌ലിം വേള്‍ഡ് ലീഗ് ആസ്ഥാനം എന്നിവിടങ്ങളില്‍ സംഘത്തിന് സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്. സപ്തംബര്‍ 26 ന് യാത്ര പുറപ്പെടുന്ന അതിഥികള്‍ ഒക്ടോബര്‍ 12 ന് തിരിച്ചെത്തും.
Read More

Saturday, July 06, 2013

മുജാഹിദ് ഐക്യം സ്വാഗതാര്‍ഹം -കെ എന്‍ എം

കോഴിക്കോട്: മുജാഹിദുകള്‍ക്കിടയില്‍ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും 2001 ജൂണ്‍ 4ന് കേരള ജം ഇയ്യത്തുല്‍ ഉലമ നിര്‍വ്വാഹക സമിതി എടുത്ത നിലപാട് ഇതിന് അടിസ്ഥാനമാക്കാമെന്നും ഐക്യശ്രമങ്ങള്‍ക്ക് വേണ്ടി ഏത് ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ശ്രമങ്ങളേയും പിന്തുണയ്ക്കുമെന്നും കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ.എന്‍.എം. സംസ്ഥാന പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു.

യോഗത്തില്‍ കെ.എന്‍.എം.സംസ്ഥാന പ്രസിഡണ്ട് ഡോ.ഇ.കെ.അഹ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. 2014 ഫിബ്രവരിയില്‍ കോട്ടക്കലില്‍ നടക്കുന്ന മുജാഹിദ് 8ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പ്രകാശനം ചെയ്തു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, എ.അബ്ദുല്‍ ഹമീദ് മദീനി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പി.കെ.ഇബ്രാഹീം ഹാജി, എ.അസ്ഗറലി, എം.സ്വലാഹുദ്ദീന്‍ മദനി, പ്രൊഫ.എന്‍.വി.അബ്ദുറഹിമാന്‍, ഡോ. മുസ്തഫ ഫാറൂഖി, പി.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഡോ.പി.പി.അബ്ദുല്‍ഹഖ്, കെ.പി.സകരിയ്യ, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, കെ.അബൂബക്കര്‍ മൗലവി, സി.മമ്മു, ഇസ്മാഈല്‍ കരിയാട്. അബ്ദുല്‍ വാഹിദ് മയ്യേരി, ജാസിര്‍ രണ്ടത്താണി, സലീം കരുനാഗപ്പള്ളി, ഡോ.പി.പി.മുഹമ്മദ്, സലീം ചെര്‍പ്പുളശ്ശേരി, ബഷീര്‍ അന്‍സാരി, ഷംസുദ്ദീന്‍ പാലക്കോട്, കെ.അബ്ദുല്‍കരീം എഞ്ചീനീയര്‍, എന്‍.എസ്.എം.റഷീദ് കോട്ടയം, അലിമദനി മൊറയൂര്‍, അബ്ദുല്‍ലത്തീഫ് കരിമ്പുലാക്കല്‍, ഹാഫീസുല്ല പാലക്കാട്, കെ.എ.സുബൈര്‍ ആലപ്പുഴ, അബ്ദുല്‍ഗനി സ്വലാഹി, പ്രൊഫ.സൈനുദ്ദീന്‍ തിരുവനന്തപുരം, ഈസാ അബൂബക്കര്‍ മദനി, എന്‍.എം.അബ്ദുല്‍ ജലീല്‍, കെ.അബ്ദുല്‍ ഖയ്യും സുല്ലമി, ടി.പി. മൊയ്തു വടകര, എം.ഐ.മുഹമ്മദലി സുല്ലമി, മുഹമ്മദ് തയ്യിബ് സുല്ലമി, സി.മരക്കാരുട്ടി, വി.പി.അഹമ്മദ് കുട്ടി മദനി പ്രസംഗിച്ചു.
Read More

Friday, July 05, 2013

ഹജ്ജ് കര്‍മം മുസ്‌ലിം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം : ഡോ. ഹുസൈന്‍ മടവൂര്‍


കൊണ്ടോട്ടി : പരിശുദ്ധ ഹജ്ജ് കര്‍മം മുസ്‌ലിം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറൽ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയുടെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ കേരള ഹജ്ജ് ഹൗസില്‍ സംഘടിപ്പിച്ച മലബാര്‍ ഹജ്ജ് പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഭക്തിയും ത്യാഗസന്നദ്ധതയും ഹജ്ജിന്റെ അവിഭാജ്യഘടകമാണ്. സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ലെന്ന നബിവചനം ഹാജികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇബ്രാഹിം നബിയുടെ ത്യാഗപൂര്‍ണമായ ജീവിതം അയവിറക്കാനവസരം ലഭിക്കുന്ന ഹജ്ജ് കര്‍മം വിശ്വാസികള്‍ക്ക് ഒട്ടേറെ അനുഭൂതികള്‍ ഉളവാക്കാനിടവരും. ഹജ്ജിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും ഖുര്‍ആനും സുന്നത്തുമനുസരിച്ചുള്ള ഹജ്ജ് കര്‍മം നിര്‍വഹിക്കാനും ഹജ്ജാജികള്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

കേരള ഹജ്ജ് കമ്മിറ്റിയംഗം ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ട്രഷറര്‍ എം മനാഫ്, മൗലവി ഷഫീഖ് അസ്‌ലം, അബ്്ദുലത്തീഫ് കരിമ്പുലാക്കല്‍ എന്നിവര്‍ ക്ലാസെടുത്തു. കെ അബൂബക്കര്‍ മൗലവി, എ അബ്്ദുല്‍ ഹമീദ് മദീനി, ഉബൈദുല്ല താനാളൂര്‍, യൂനുസ് നരിക്കുനി, പി വി കുഞ്ഞിക്കോയ മാസ്റ്റര്‍ , അബൂബക്കര്‍ തൃപ്പനച്ചി എന്നിവര്‍ പ്രസംഗിച്ചു.
Read More

Wednesday, January 30, 2013

ഒമ്പത് ശതമാനം മാത്രമുള്ള എന്‍.എസ്.എസ്. എങ്ങനെ ഭൂരിപക്ഷമാകും: ഡോ. ഹുസൈന്‍ മടവൂര്‍


റിയാദ്: കേരളത്തിലെ ജനസംഖ്യയുടെ ആകെ ഒന്‍പതു ശതമാനത്തിനുതാഴെ വരുന്ന എന്‍.എസ്.എസ് എങ്ങനെയാണ് ഭൂരിപക്ഷ സമുദായമാകുന്നതെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ പുനഃസംഘടനയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവുമെല്ലാം ജാതിയും സമുദായവും നോക്കി കളംതിരിക്കുന്ന പ്രവണത ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെ താക്കോല്‍സ്ഥാനം ഏല്‍പിക്കണമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തെ സാമുദായിക കളത്തില്‍ ഒതുക്കി നേട്ടം കൊയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

 ജനസംഖ്യ നോക്കുകയാണെങ്കില്‍ ഈഴവരും പട്ടികജാതിക്കാരുമാണ് കേരളത്തില്‍ ഭൂരിപക്ഷം. ഭൂരിപക്ഷം എന്നു പറഞ്ഞാല്‍ അവരെയാണ് പരിഗണിക്കേണ്ടി വരിക. എന്‍.എസ്.എസ് മുന്നാക്ക ന്യൂനപക്ഷമാണ്. ഭൂരിപക്ഷത്തിനുവേണ്ടി മൊത്തം സംസാരിക്കുകയും എന്‍.എസ്.എസിനു വേണ്ടതു മാത്രം നേടിയെടുക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. എണ്ണത്തിനനുസരിച്ച് ആളില്ലെന്ന് പരാതി പറയുമ്പോള്‍ രാഷ്ട്രീയ തീരുമാനങ്ങളെ സാമുദായികമാക്കാന്‍ ശ്രമിക്കുകയാണ്. മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയകാര്യം ആവശ്യപ്പെടുമ്പോള്‍ അതിനെ സാമുദായികമായി കാണുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതില്‍ പരാതിപ്പെടുന്നതു കാണുന്നില്ല. രാഷ്ട്രീയത്തിലെയും ഭരണത്തിലെയും നിര്‍ണായക വിഷയങ്ങളില്‍ സാമുദായിക സംഘടനകള്‍ക്ക് അത്രത്തോളം സ്വാധീനം ഉണ്ടാക്കുന്ന സമീപനം രാഷ്ട്രീയക്കാരില്‍ നിന്നുണ്ടാകുന്നതു തന്നെയാണ് ഇത്തരം സമീപനം ശക്തി പ്രാപിക്കുന്നതിനു കാരണം. 

രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ നില്‍ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാ ജനവിഭാഗങ്ങളുടെയും പ്രതിനിധികളാണ്. അവരെ ജാതിയുടെയും സമുദായത്തിന്റെയും കളം മാറ്റി നിര്‍ത്തി വിചാരണ ചെയ്യുന്ന രീതി വന്നാല്‍ ഭരണം നടത്താന്‍ സാധിക്കില്ല. 33 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാനുള്ള തീരുമാനത്തെയും മലപ്പുറത്താണ് എന്നു പറഞ്ഞ് സാമുദായികമാക്കാനാണ് ശ്രമിക്കുന്നത്. അതുമായി ബന്ധപ്പെട്ട വസ്തുതകള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ടുള്ള സമീപനമാണ് ചില സംഘടനകള്‍ സ്വീകരിക്കുന്നത്. ജനസംഖ്യാനുപാതികമായതിനെക്കാള്‍ വലിയ പ്രാധാന്യം ഭരണതലത്തില്‍ അവര്‍ക്ക് നേടാന്‍ കഴിയുന്നത് അത് കാലങ്ങളായി സംഭവിക്കുന്നതാണ്. ഏത് മന്ത്രിസഭ വന്നാലും ഉന്നത സ്ഥാനങ്ങളില്‍ അത്തരക്കാരാണുണ്ടാകുക. 

സിവില്‍ സര്‍വീസിലും അഡ്മിനിസ്‌ട്രേഷനിലും എത്തിപ്പെടാനുള്ള സമുദായത്തിന്റെ എത്രയോ കാലത്തെ പരിശ്രമത്തിന്റെ ഫലമാണത്. മന്നത്ത് പത്മനാഭന്റെ കാലത്ത് വിദ്യാഭ്യാസം കച്ചവടമാക്കുന്നു എന്ന ആരോപണത്തെ അദ്ദേഹം നേരിട്ടത് വിദ്യാഭ്യാസം കച്ചവടം നടത്തി സമുദായത്തെ രക്ഷിക്കണമെന്ന സമീപനം കൊണ്ടാണ്. ഇപ്പോള്‍ നായര്‍, ക്രിസ്ത്യന്‍ സമുദായ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നോക്കൂ. പല സ്ഥാപനങ്ങളിലും മറ്റൊരു സമുദായക്കാര്‍ക്കും നിയമനം നല്‍കാത്തവരുണ്ട്. മുസ്‌ലിം സ്ഥാപനങ്ങളിലാകട്ടെ, പലതിലും മുസ്‌ലിംകളായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോകുന്നുവെന്ന പരാതി പോലും കേള്‍ക്കാറുണ്ട്. മറ്റു സമുദായക്കാര്‍ക്ക് നിയമനവും ഇടവും നല്‍കുന്നതിനെ ഒരു വിശാലതയായും വര്‍ഗീയതയില്ലാത്ത സമീപനമായും ആരും കാണുന്നില്ലെന്നതും യാഥാര്‍ഥ്യമാണ്.
Read More

Monday, September 03, 2012

അപകടങ്ങള്‍ക്ക് ശേഷം കണ്ണുതുറക്കുന്ന അവസ്ഥ മാറണം: ഡോ. ഹുസൈന്‍ മടവൂര്‍


കണ്ണൂര്‍: അപകടങ്ങളും ദുരന്തങ്ങളും ഉണ്ടായതിനു ശേഷം കണ്‍തുറക്കുന്ന അവസ്ഥയില്‍ മാറ്റമുണ്ടാവണണെന്ന് ഇന്ത്യ ന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. ചാലയിലെ ദുരന്തബാധിത പ്രദേശവും മരണവീടുകളും സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. അപകടങ്ങള്‍ ഇല്ലാതാക്കാന്‍ നിയമങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായി പാലിക്കപ്പെടുന്ന അവസ്ഥയും അതു പരിശോധിക്കുവാനുള്ള കുറ്റമറ്റ സംവിധാനങ്ങളും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 കെ എന്‍ എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറിമാരായ സി സി ശക്കീര്‍ ഫാറൂഖി, മുഹമ്മദ് നജീബ്, ഐ എസ് എം ജില്ലാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഒതായി, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മമ്പറം, ഹാരിസ് വാരം, ശുക്കൂര്‍ പൂതപ്പാറ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read More

Thursday, July 19, 2012

മസ്ജിദുകൾ സാംസ്കാരിക കേന്ദ്രങ്ങളാകണം -ഡോ. ഹുസൈൻ മടവൂർ



പട്ടാമ്പി: ആരാധനാകേന്ദ്രങ്ങളോടൊപ്പം സമൂഹത്തിന്റെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരവും, എല്ലാവരെയും ഒന്നിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളുമാകാൻ മസ്ജിദുകൾക്ക് കഴിയണമെന്ന് ഓൾ ഇന്ത്യ ഇസ്‌ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.

ഇസ്‌ലാഹി ചാരിറ്റബ്‌ൾ ട്രസ്റ്റിനു കീഴിൽ പട്ടാമ്പി, നടുവട്ടം കൂർക്കപ്പറമ്പിൽ നിർമിച്ച മസ്ജിദുൽ ഇസ്‌ലാഹ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡോ. സലീം ചെർപ്പുളശ്ശേരി അധ്യക്ഷനായിരുന്നു. കെ എൻ എം ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി അസർ നമസ്കാരത്തിനു നേതൃത്വം നൽകി. ഈസ മദനി, സി ജെ മാസ്റ്റർ, പ്രദീപ്കുമാർ, ഡോ. പി എം ഹബീബ്‌റഹ്‌മാൻ, എം ടി ഹംസ മാസ്റ്റർ, അബ്ദുൽ അലി മദനി, പി എം എ ഗഫൂർ, പി കെ അബ്ദുല്ല പ്രസംഗിച്ചു.
Read More

Saturday, January 21, 2012

ഡോ.ഹുസൈന്‍ മടവൂര്‍ ദേശീയ ഉറുദു പ്രചാരക സമിതി അംഗം



ദില്ലി: ദേശീയ തലത്തില്‍ ഉറുദു, അറബി, പേര്‍ഷ്യന്‍ ഭാഷകളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഉറുദു ലാംഗ്വേജ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി പ്രമുഖ അറബി ഭാഷാ പണ്ഡിതനും ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളെജ് പ്രിന്‍സിപ്പലുമായ ഡോ. ഹുസൈന്‍ മടവൂരിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ് മന്ത്രി കപില്‍ സിബല്‍ ചെയര്‍മാനായുള്ള കൗണ്‍സിലില്‍ ഭാഷാപണ്ഡിതന്മാരും വിദഗ്ധരും ആണ് ഉള്ളത്. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ കോഴ്‌സുകളും വര്‍ക്ക് ഷോപ്പുകളും നടത്തുക, ആധുനിക ഭാഷാ ബോധന രീതികള്‍ പരിചയപ്പെടുത്തുക, വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ഭാഷകളെ പോഷിപ്പിക്കുക തുടങ്ങിയവയാണ് കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 

പുതുതായി നോമിനേറ്റ് ചെയ്യപ്പെട്ട ഡോ. ഹുസൈന്‍ മടവൂര്‍ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്. മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും അലിഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എ യും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മഹാത്മാഗാന്ധി യണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് (അറബിക്), കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അറബിക് പരീക്ഷാ ബോര്‍ഡ്, സംസ്ഥാന സാക്ഷരതാ സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍, സംസ്ഥാന വഖഫ് ബോര്‍ഡ് അംഗമാണ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും 15 വിദേശ രാഷ്ട്രങ്ങളിലും അറബിഭാഷയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Read More

Wednesday, December 28, 2011

കേരള വഖഫ് ബോര്‍ഡ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്: ഡോ. ഹുസൈന്‍ മടവൂര്‍



കുവൈത്ത് സിറ്റി: വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും മുസ്‌ലീം സമുദായത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക പുരോഗതിയിലും കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനത്താണെന്ന് വഖഫ് ബോര്‍ഡ് അംഗവും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിമായ ഡോ. ഹുസൈന്‍ മടവൂര്‍.. 

ഇത് ഒന്നിലധികം കേന്ദ്ര പാര്‍ലിമെന്റ് കമ്മറ്റികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജലീബിലെ ഇസ്‌ലാഹി ഓഡിറ്റോറിയത്തില്‍ കുവൈത്തിലെ വിവിധ മുസ്‌ലീം സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ സംഘടകളുടെയും മഹല്ല് കമ്മറ്റികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പതിനായിരത്തോളം വഖഫുകളാണ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വഖഫ് സ്വത്തുക്കള്‍ സമൂഹത്തിന് ഗുണപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ വഖഫ് ബോര്‍ഡ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്‍. വഖഫ് മുതവല്ലിമാരുടെ സംഗമങ്ങള്‍, വഖഫ് അദാലത്തുകള്‍, ബോധവല്‍കരണ ക്ലാസുകള്‍ എന്നിവ പ്രധാനമാണ്. വര്‍ഷത്തില്‍ 50 ലക്ഷം രൂപ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെ ലവഴിക്കുന്നു. ചികിത്സ, വിവാഹ സഹായം, പെന്‍ഷന്‍ പദ്ധതികള്‍, ലോണ്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്നീ പദ്ധതികളിലൂടെ വഖഫ് ബോര്‍ഡ് വലിയ സേവനം ചെയ്യുന്നു. മുസ്‌ലീം സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ എല്ലാ സംഘടകളും സ്ഥാപനങ്ങളും മഹല്ല് കമ്മറ്റികളും മുന്നോട്ട് വണം.-അദ്ദേഹം ആവശ്യപ്പെട്ടു. 

സംഗമത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടകളെ പ്രതിനിധീകരിച്ച് നാസര്‍ ഗാലിബ് മശ്ഹൂര്‍ (ചെയര്‍മാന്‍, കെ.കെ.എം.സി.സി), മുഹമ്മദ് റാഫി നന്ദി (പ്രസിഡന്റ്, എം.ഇ.എസ്സ്), മന്‍സൂര്‍ (പ്രസിഡന്റ്, ഫ്രൈഡെ ഫോറം), ഫത്താഹ് തയ്യില്‍ (പ്രസിഡന്റ്, കെ.കെ.എം.എ), ബഷീര്‍ ബാത്ത (കള്‍ച്ചറര്‍ സെന്റര്‍), നൂറുദ്ധീന്‍ (മൂവാറ്റുപ്പുഴ), ലബ്ബ, ഹുസൈന്‍ അത്തോളി, അഫ്‌സല്‍ (ഫ്രന്റ് ലൈന്‍), അലിമാത്ര, നൗഷാദ് ചങ്ങനാശ്ശേരി, മുസ്തഫ കാരി, ഇബ്രാഹിം ചൊവ്വല്ലൂര്‍, അസീസ് തിക്കോടി, അബ്ദുല്‍ അസീസ് തിക്കോടി, അബ്ദുല്‍ കലാം കോഴിക്കോട്, കുഞ്ഞഹമ്മദ് പേരാമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ വഹാബ് സ്വാഗതവും സിദ്ധീഖ് മദനി നന്ദിയും പറഞ്ഞു.
Read More

Monday, December 26, 2011

തൊഗാഡിയമാര്‍ ഇന്ത്യയെ നശിപ്പിക്കും: ഡോ. ഹുസൈന്‍ മടവൂര്‍



കുവൈത്ത് സിറ്റി: ഇന്ത്യനേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ക്രിസ്ത്യന്‍, മുസ്‌ലീം വോട്ട് ബാങ്കുകളാണെന്നും അവ ഇല്ലായ്മ ചെയ്യാന്‍ ഹിന്ദു സമൂഹം മുന്നോട്ട് വരണമെന്ന് വിശ്വഹിന്ദ് പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസ്താവന ഇന്ത്യയെ നശിപ്പിക്കുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മതം ധാര്‍മ്മികത നവോത്ഥാനം എന്ന പ്രമേയവുമായി ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ. എസ്സ്. എം) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ചുവരുന്ന കാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയയിലെ മിനിസ്ട്രി ഓഫ് എജ്യുക്കേഷണല്‍ ഹാളില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം ശാന്തിയും സമാധാനവുമാണെന്ന സത്യം മറന്നുകൊണ്ടാണ് മതത്തിന്റെ പേരില്‍ തൊഗാഡിയമാര്‍ സംസാരിക്കുന്നത്. വര്‍ഗ്ഗീയതക്കും വിഭാഗീയതയ്ക്കും മൂര്‍ച്ച കൂട്ടാന്‍ പരമത വിദ്വേഷം പരത്തുകയാണ് അവര്‍. ഇന്ത്യയില്‍ ഭാരതീയ സനാതന ധര്‍മ്മങ്ങള്‍ അനുഷ്ടിച്ച് പോന്ന നിരവധി മുനിമാരും മഹര്‍ഷിമാരും ജീവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ബുദ്ധമതവും ചൈന മതവും ജന്മമെടുത്തു. പിന്നീട് ജൂത•ന്‍മാരും ക്രിസ്ത്യാനികളും മുസ്‌ലീകളും ഇന്ത്യയിലെത്തി. അവരെയൊക്കെ മനസ്സറിഞ്ഞ് സ്‌നേഹിക്കുകയും അവര്‍ക്കെല്ലാം ആവശ്യമായത് ചെയ്തുകൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടായിരുന്നത് എന്ന് അഭിനവ ഹിന്ദുത്വം അവകാശപ്പെടുന്ന തൊഗാഡിയമാര്‍ അറിയണം . 

 മഹാത്മാ ഗാന്ധിയുടെ വധം മുതല്‍ അജ്മീര്‍, മാലേഗാവ്, ഹൈദരാബാദ്, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്‌ലീംകള്‍ക്കെതിരെ ഭീകരാക്രമണങ്ങള്‍ വരെ ആസൂത്രണം ചെയ്തത് പുതിയ ഹിന്ദുത്വ വാദികളാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. തീവ്രവാദം ഏത് വിഭാഗത്തില്‍ നിന്ന് ഉണ്ടായാലും ആക്ഷേപിക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയതവും ഭൂരിപക്ഷ വര്‍ഗ്ഗീയതയും എന്ന് പറഞ്ഞ് അതിലേതെങ്കിലുമൊന്ന് വെള്ളപൂശാനുള്ള ശ്രമം അനുവദിക്കാന്‍ പാടില്ലാത്തതാണ്. എല്ലാ മത വിഭാഗങ്ങളും വളരെ ഐക്യത്തോടുകൂടി ജീവിച്ചു പോരുന്ന കേരളത്തിന്റെ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യമുഴുവനും വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ മാത്രം രൂക്ഷതയുള്ള തൊഗാഡിയതയുടെ പ്രസ്താവനക്കെതിരെ എല്ലാ മതേതര ജനാതിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. വിവിധ മതത്തില്‍പ്പെട്ട ആളുകള്‍ക്കിടയിലും ഒരേ മതത്തില്‍പ്പെട്ട വിവിധ വിഭാഗങ്ങള്‍ക്കിടയിലും അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന സഘര്‍ഷങ്ങള്‍ പുതിയ തലമുറയെ മതത്തില്‍ നിന്ന് അകറ്റാനേ ഉപകരിക്കൂ. ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള ശുപാര്‍ശകരും ഇടയാളന്‍മാരുമായി രംഗത്തുവരുന്ന പുരോഹിതന്‍മാരും ആത്മീയ നേതാക്കളും ആള്‍ ദൈവങ്ങളും ചൂഷകരാണെന്ന് എല്ലാ മത വിഭാഗങ്ങളും മനസ്സിലാക്കണം. മതം നിലനിന്നാലെ ധാര്‍മ്മികത പുലരുകയുള്ളൂ. മതത്തിന്റെയും ധാര്‍മ്മികയുടെയും വീണ്ടെടുപ്പിനായി എല്ലാ സമൂഹങ്ങളും നവോത്ഥാന സംരഭങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

 സംഗമത്തില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷയായ വെളിച്ചം പതിനാറാം ഘട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ നഷീദാ റഷീദ് പെരുമ്പിലാവ്, മുര്‍ഷിദ് മുഹമ്മദ് അരീക്കാട്, റുബീന അബ്ദുറഹിമാന്‍ അരീക്കോട് നവംബര്‍ മാസത്തെ ഓണ്‍ ലൈന്‍ ഹദീസ് മത്സര വിജയി എം.ടി സുഹറ മുഹമ്മദ് എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അരിപ്ര പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ്, വെളിച്ചം വിജ്ഞാന പരീക്ഷ സെക്രട്ടറി ടി.എം അബ്ദുല്‍ റഷീദ്, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു. സംഗമം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
Read More

Saturday, December 24, 2011

ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം: ഡോ. ഹുസൈന്‍ മടവൂര്‍



കുവൈത്ത് സിറ്റി: ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കുവൈത്തില്‍ നടന്ന നാലാമത് ഇസ്‌ലാമിക് ബാങ്കിംഗ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 

പലിശ രഹിത ബാങ്കിംഗ് വ്യവസ്ഥ ലോകത്ത് അതിവേഗം പ്രചരിക്കുകയാണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, മലേഷ്യ, ശ്രീലങ്ക, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ മാത്രം ഇനിയും ഒരു ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. റിസര്‍വ്വ് ബാങ്കിന്റെ റഗുലേഷനില്‍ ആവശ്യമായ മാറ്റം വരുത്തി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സഹായകമായേക്കാവുന്ന ഇസ്‌ലാമിക് ബാങ്കിംഗ് സിസ്റ്റം ഇന്ത്യയില്‍ എത്രയും വേഗം നടപ്പിലാക്കേണ്ടതാണ്. ചൂഷണത്തിന്റെ മൂര്‍ത്ത രൂപമായ പലിശയില്ലാത്തതും മനുഷ്യത്വപരമായ സമീപനം വെച്ചുപുലര്‍ത്തുന്നതുമായ ഒരു സാമ്പത്തിക ക്രമത്തോട് പ്രതികൂല സമീപനം ക്രൂരവും അപലപനീയവുമാണ്. അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടും വളര്‍ന്നു വരുന്ന ഇസ്‌ലാമിക് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങള്‍ പഠനങ്ങള്‍ക്ക് വിധേയമാക്കി, ഇസ്‌ലാമിക സാമ്പത്തിക സമ്മേളനം സമാപിച്ചു. ഉദ്ഘാടന സെഷന് പുറമെ നാല് സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അവസാന ദിവസം ബാങ്കുകളുടെ പണ നിക്ഷേപം, ഷെയര്‍, ലോണ്‍ വ്യവസ്ഥകള്‍ എന്നിവ ചര്‍ച്ചക്ക് വിഷയമായി. ശൈഖ് അബ്ദുല്ല ബിന്‍ മനീഅ് (മക്ക), ഡോ. സാമീ സുലൈം (ജിദ്ദ), ഡോ. അബ്ദുറഹിമാന്‍ അല്‍ അത്‌റം (റിയാദ്), ഡോ. നസീഹ് ഹമ്മദ് (കാനഡ), ഡോ. ഇസ്‌ലാം അല്‍ അനസി (കുവൈത്ത്), ഡോ. അലി ഖുറദാഗീ (ഖത്തര്‍) തുടങ്ങിയവര്‍ സംസാരിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള രാഷ്ട്രങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച രീതിയാണ് പലിശ രഹിത ബാങ്കിംഗ് സിദ്ധാന്തമെന്ന് ഈ രീതി എല്ലാ രാഷ്ട്രങ്ങളിലും നടപ്പിലാക്കണമെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
Read More

Tuesday, December 20, 2011

അന്താരാഷ്ട്രാ ഇസ്ലാമിക സാമ്പത്തിക സമ്മേളനം നാളെ തുടങ്ങും; ഡോ: ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും


Read More

Thursday, September 29, 2011

വനിതാ ക്ഷേമ ബിൽ: വിവാദ നിര്‍ദ്ദേശങ്ങള്‍ തളളിക്കളയണം: ഡോ.ഹുസൈന്‍ മടവൂര്‍



തിരുവനന്തപുരം: ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ‍ അധ്യക്ഷനായുളള സമിതി സമര്‍പ്പിച്ച വനിതാ-ബാല ക്ഷേമ ബില്ലിലെ വിവാദ നിർ‍ദ്ദേങ്ങൾ‍ മാനുഷിക മൂല്യങ്ങൾ‍ക്ക് നിരക്കാത്തതായതിനാൽ‍ തളളിക്കളയണമെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷനൽ‍കിയതായി ഇന്ത്യൻ‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറൽ‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോർ‍ഡ് അംഗവുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. തിരുവന്തപുരം പ്രസ് ക്ലബിൽ‍ പത്രസമ്മേളനത്തിൽ‍ വിവാദ നിർ‍ദ്ദേശങ്ങൾ പരാമർ‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര കുട്ടികൾ വേണമെന്ന് തീരുമാനിക്കാനുളള അവകാശം ദമ്പതികളിൽ‍ നിന്നും എടുത്തുകളയുകയും കുട്ടികളുടെ എണ്ണം സർ‍ക്കാർ‍ നിർ‍ണ്ണയിക്കുകയും ചെയ്യുകയെന്നത് അശാസ്ത്രീയവും അപ്രായോഗികവും മനുഷ്യത്വരഹിതവുമാണ്. രണ്ടിൽ കൂടുതൽ‍ കുട്ടികൾ‍ പിറക്കുന്ന ദമ്പതിമാർ‍ക്ക്  പിഴ ചുമത്താനും അവരെ ശിക്ഷിക്കാനുമുളള നിർദ്ദേശം അതിക്രൂരവും സർവമനുഷ്യസ്‌നേഹികളെയും ഞെട്ടിപ്പിക്കുന്നതുമാണ്. ഇത് തീർ‍ത്തും മനുഷ്യാവകാശലംഘനവും മനുഷ്യരാശിയുടെ ഭാവി അപകടപ്പെടുത്തുന്നതുമാണ്.  കുഞ്ഞുങ്ങൾ‍ ദൈവത്തിന്റെ ദാനമാണെന്ന് വിശ്വസിക്കുന്ന ദൈവവിശ്വാസികളും മനുഷ്യവിഭവശേഷി വളർ‍ത്തിയെടുക്കണമെന്നു വിശ്വസിക്കുന്ന ഭൗതികവാദികളും ഒറ്റക്കെട്ടായി ഈ നിർ‍ദ്ദേശങ്ങളെ എതിർ‍ത്ത് തോല്‍പ്പിക്കണം.

മനുഷ്യവിഭവശേഷിയാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. മനുഷ്യര്‍ പെരുകുന്ന വേഗത്തില്‍ വിഭവങ്ങള്‍ വര്‍ദ്ധിക്കുകയില്ലന്നും അതിനാല്‍ ജനനം തടയണമെന്നുമുളള കാലഹരണപ്പെട്ട മാല്‍തൂസിയന്‍ സിദ്ധാന്തം വാസ്തവവിരുദ്ധമാണ്. ദുര്‍ബലരുടെ എണ്ണം കുറച്ച് ഉന്നതര്‍ക്ക് മാത്രം ജീവിതം നല്കുകയെന്ന യുജെനിക് നിഗമനം നടപ്പിലാക്കിയത് നാസിസത്തിന്റെയും ഫാസിസത്തിന്റെയും വക്താക്കളാണ്. ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപംകൊണ്ട മേല്‍ സിദ്ധാന്തങ്ങള്‍ അബദ്ധങ്ങളായിരുന്നുവെന്ന് ലോകം തെളിയിച്ചുകഴിഞ്ഞു. സാമ്പത്തിക ശാസ്ത്രജ്ഞന്മാരും നരവംശ ഗവേഷകരും അംഗീകരിക്കാത്തതാണീ സിദ്ധാന്തങ്ങള്‍.  ലോകത്ത് ഇന്നത്തെതിനെക്കാളും ജനസംഖ്യവളരെ കുറവായിരുന്ന കാലത്ത് കൊടും ദാരിദ്ര്യവും പട്ടിണിയുമുണ്ടായിട്ടുണ്ട്. കേരളത്തിലും ഇത് തന്നെയാണവസ്ഥ.  ജനസംഖ്യ വര്‍ദ്ധിച്ച ഇക്കാലത്തെ ജനങ്ങളാണ് മുമ്പത്തെതിലും കൂടുതല്‍ ക്ഷേമവും സുഭിക്ഷതയും അനുഭവിക്കുന്നത്.

ശക്തമായ നിലക്കുളള ജനസംഖ്യാനിയന്ത്രണം മൂലം മനുഷ്യരുടെ എണ്ണം കുറഞ്ഞുപോയ പല രാഷ്ട്രങ്ങളിലും ജനസംഖ്യാ വർ‍ദ്ധനവിനായി ബോധവല്‍ക്കരണവും പ്രോത്സാഹനവും ആരംഭിച്ചത് നമ്മുടെ കണ്ണുതുറപ്പിക്കണം. കേരളത്തില്‍പോലും ചില പ്രദേശങ്ങളില്‍ വൃദ്ധന്മാരുടെ എണ്ണം വർ‍ദ്ധിക്കുകയും യുവാക്കള്‍ വളരെ കുറവാവുകയും ചെയ്തത് നമ്മെ ഭയപ്പെടുത്തുന്നുണ്ട്. ഇങ്ങനെ പോയാല്‍ രാഷ്ട്രവികസനം മാത്രമല്ല മുതിർ‍ന്ന പൗരന്മാരുടെ സംരക്ഷണംകൂടി പ്രതിസന്ധിയിലാകുമെന്നുറപ്പാണ്. ഗർ‍ഭഛിദ്രസംവിധാനം ഉദാരമാക്കണമെന്ന നിർദ്ദേശവും കൂടി നടപ്പിലാക്കിയാല്‍ കേരളം പിശാചിന്റെ സ്വന്തം ഭൂമിയായി മാറും. ഒറ്റക്കുഞ്ഞു നയം നടപ്പിലാക്കിയ ചൈനയിൽ‍പോലും പെൺ‍ഭ്രൂണഹത്യ അതിശീഘ്രം വർ‍ദ്ധിക്കുകയാണ്. നൂറു സ്ത്രീകൾ‍ക്ക് നൂറ്റിപ്പതിനേഴ് പുരുഷ‍ന്മാർ‍ എന്ന അവസ്ഥയിൽ‍ ബുദ്ധിമുട്ടുകയാണവർ‍. ഗർ‍ഭഛിദ്രത്തിനു കർശന നിയന്ത്രണങ്ങളുണ്ടായിട്ടും കഴിഞ്ഞ 25 കൊല്ലം കൊണ്ട് ലോകത്ത് 1.5 മില്യൻ‍ ഗർഭസ്ഥശിശുക്കളെയാണു കൊന്നു കളഞ്ഞത്. ഇതിൽ അധികവും പെൺ‍കുഞ്ഞുങ്ങളായിരുന്നു.
 
ജനസംഖ്യയുടെ ആധിക്യമല്ല യഥാര്‍ത്ഥ പ്രശനം. മറിച്ച് പുതിയ തലമുറയില്‍ വളര്‍ന്നു വരുന്ന സുഖലോലുപതയും ആർഭാടവും ആലസ്യവുമാണു പ്രശ്‌നം. ഉല്പാദനമാർ‍ഗ്ഗങ്ങൾ ശാസ്ത്രീയവും ആധുനികവുമായ രീതിയില്‍ വികസിപ്പിക്കുകയും വിഭവവിതരണം നീതിപൂര്‍വ്വമാക്കുകയുമാണ് പ്രായോഗികം. ഈ പ്രപഞ്ചം മനുഷ്യര്‍ ജനിക്കുന്നതിനു മുമ്പേ ദൈവം സൃഷ്ടിച്ച് വെച്ചതാണ്. ഭൂമിയില്‍ വിഭവങ്ങളുണ്ട്. മനുഷ്യനു വായയും വയറും മാത്രമല്ല ചിന്തിക്കാന്‍ ബുദ്ധിയും തൊഴിലെടുക്കാന്‍ കരങ്ങളും ദൈവം നല്‍കിയിട്ടുണ്ട്.

വനിതകൾ‍ക്കും കുട്ടികൾക്കും ക്ഷേമമല്ല പ്രയാസങ്ങളും കഷ്ടപ്പാടുകളുമാണു മേൽ‍ നിർ‍ദ്ദേശങ്ങൾ‍കൊണ്ടുണ്ടാവുക. അതിനാൽ‍ തന്നെ അവ തളളപ്പെടണം. മറ്റു നിർ‍ദ്ദേശങ്ങൾ‍ വിശദമായ ചർ‍ച്ചക്ക് വിധേയമാക്കി ഉപകാരപ്രദമായ തീരുമാനമെടുക്കാവുന്നതാണ്. അദ്ദേഹം വിശദീകരിച്ചു.

പത്രസമ്മേളനത്തിൽ‍ എം എസ് എം സംസ്ഥാന പ്രസിഡന്റ് ആസിഫ് അലി കണ്ണൂർ‍ കെ എൻ എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രൊഫസർ‍ സൈനുദ്ദീൻ‍, സെക്രട്ടറി നാസിറുദ്ദീൻ‍ ഫാറൂഖി, ട്രഷറർ‍ എ. അബ്ബാസ് തുടങ്ങിയവരും സംബന്ധിച്ചു.
Read More

Monday, September 26, 2011

ഡിജിറ്റൽ ദ‌അ്‌വ പാകേജ്: ആദ്യഘട്ട സീഡികൾ പ്രകാശനം ചെയ്തു


പരപ്പനങ്ങാടി: കേരള ഇസ്‌ലാഹി ക്ലാസ് റൂമിന്റെ കീഴിൽ ഇസ്‌ലാമിക സന്ദേശം മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുവാൻ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന സീഡികൾ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുർ‌റബ്ബ് ഉബൈദുല്ല താനാളൂരിനു നൽകി പ്രകാശനം ചെയ്തു.

പ്രകാശന സമ്മേളനം ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.

കേരള ഇസ്‌ലാഹി ക്ലാസ് റൂം കഴിഞ്ഞ റമദാനിൽ നടത്തിയ അന്താരാഷ്ട്ര ഖുർ‌ആൻ പാരായണ മത്സരത്തിലെ വനിതാ വിഭാ‍ഗം ഒന്നാം സമ്മാനാർഹയായ മാജിദ മഹ്മൂദിനുള്ള പുരസ്കാരം നാൽകി ആദരിച്ചു.

ഐ എസ് എം സംസ്ഥാന സെക്രട്ടറി ഇ ഒ ഫൈസൽ, അബ്ദുൽ കലാം തിരുന്നാവായ (ഒറ്റത്താണി), അബൂബക്കർ നസ്സാഫ് മൌലവി, ഉബൈദുല്ല താനാളൂർ, അബൂ അബ്ദുൽ ബാസിത് പ്രസംഗിച്ചു.
Read More

Sunday, July 24, 2011

റാബിത്വ സമ്മേളനം ആരംഭിച്ചു. ഇന്ത്യയില്‍ നിന്ന് മൂന്നു പ്രതിനിധികള്‍

ഡോ. ഹുസൈൻ മടവൂർ
മക്ക: ആനുകാലിക മുസ്‌ലിം സമൂഹത്തിന്റെ മതപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി) സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്‌ട്ര സമ്മേളനം മക്കയില്‍ ആരംഭിച്ചു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത സമ്മേളനം മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ്‌ അല്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. റാബിത്വയുടെ ദക്ഷിണേന്ത്യന്‍ കോര്‍ഡിനേറ്ററും ഓള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൌലാന ജലാലുദ്ദീന്‍  ഉമരി, ലഖ്നോ നദ്‌വത്തുല്‍ ഉലമ ശരീഅ വിഭാഗം തലവന്‍ മൗലാന സല്‍മാന്‍ നദ്‌വി എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികള്‍.  ഓരോ രാജ്യത്തിന്റെയും സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കി മുസ്‌ലിം സമൂഹത്തെ മാതൃക സമൂഹമാക്കി പരിവര്‍ത്തിപ്പിക്കാന്‍ വേണ്ട കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാമുദായിക നേതൃത്വത്തിന് സാധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അമീര്‍ ഖാലിദ്‌ അല്‍ ഫൈസല്‍ പറഞ്ഞു.

മൌലാന സൽമാൻ നദ്‌വി
1962 ല്‍ സ്ഥാപിതമായ റാബിത്വയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി വിളിച്ചു കൂട്ടിയിട്ടുള്ള ഈ സമ്മേളനത്തില്‍  മുസ്ലിം ലോകത്തെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് പന്ത്രണ്ടു പ്രബന്ധങ്ങളും അനുബന്ധ ചര്‍ച്ചകളും നടക്കും. അറബ് ലോകത്ത് ഉയര്‍ന്നു വരുന്ന രാഷ്ട്രീയ പരിഷ്കരണ സംരംഭങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. ഭരണാധികാരികളുടെയും പ്രജകളുടെയും അവകാശങ്ങള്‍ , ഇസ്ലാമിക ശരീഅത്തിന്റെ കാലിക പ്രസക്തി, സൗദി അറേബ്യന്‍ ഭരണ ഘടനയുടെ ഇസ്ലാമിക വായന എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പ്രബന്ധങ്ങളും അവതരിക്കപ്പെടും.

സയ്യിദ് ജലാലുദ്ദീൻ ഉമരി
കുവൈത്ത്, അബുദാബി മതകാര്യ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പണ്ഡിതരായ മൗലാന ബദര്‍ അല്‍ കാസിമി, തകിയുദ്ദീന്‍  നദ് വി എന്നിവര്‍ അതാതു മതവകുപ്പുകളെ പ്രതിനിധീകരിച്ചു സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.   റാബിത്വ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഡോ. അബ്ദുള്ള തുര്‍കി അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള രാജാവിന്റെ സന്ദേശം മക്ക ഗവര്‍ണര്‍ വായിച്ചു. സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ്, ഡോ. അഹമദ് കമാല്‍ അബൂ മജ്ദ് , ഡോ അബ്ദുള്ള ബസ്ഫാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍  സംസാരിച്ചു.
Read More

Friday, June 24, 2011

ഡോ. ഹുസൈന്‍ മടവൂര്‍ റാബിത്വ കോ-ഓര്‍ഡിനേറ്റര്‍

മക്ക: ലോക മുസ്‌ലിം സംഘടനയായ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ് ലീഗ്) വിദ്യാഭ്യാസ സമിതിയുടെ മേഖലാ കോ-ഓര്‍ഡിനേറ്ററായി ഡോ. ഹുസൈന്‍ മടവൂര്‍ നിയമിതനായി. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മഹാരാഷ്ട്ര, മദ്ധൃപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രവര്‍ത്തന മേഖല. വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, തൊഴില്‍ പരിശീലന രംഗത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയവയാണ് പ്രധാന ചുമതല. മൂന്നു വര്‍ഷമാണ് കാലാവധി. വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങിയ കാര്യങ്ങളില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ കൂട്ടിയോജിപ്പിച്ച് കൂടുതല്‍ ഫലപ്രദമാക്കാനാണ് റാബിത്വ ലോക രാഷ്ട്രങ്ങളില്‍ കോ-ഓഡിനേറ്റര്‍മാരെ നിശ്ചയിക്കുന്നത്.
അര നൂറ്റാണ്ട് മുമ്പ് സഊദി അറേബൃന്‍ ഭരണാധികാരി ഫൈസല്‍ രാജാവിന്റെ ആഹ്വാനപ്രകാരം മക്കയില്‍ ചേര്‍ന്ന ലോക മുസ്‌ലിം പണ്ഡിത സമ്മേളനമാണ് റാബിത്വ രൂപീകരിച്ചത്. ഐകൃ രാഷ്ട്രസഭയിലും മറ്റ് നിരവധി അന്താരാഷ്ട്ര സമിതികളിലും അംഗത്വമുള്ള റാബിത്വ ലോകമെങ്ങും മനുഷേൃാപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കന്‍, യൂറോപൃന്‍ രാജൃങ്ങളില്‍ റാബിത്വ നടത്തിയ മത സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. തീവ്രവാദത്തിനും ഭീകരതക്കുമെതിരില്‍ ആഗോളതലത്തില്‍ റാബിത്വ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മതേതര സമൂഹങ്ങളുടെ പ്രശംസക്ക് വിധേയമായിട്ടുണ്ട്. ലോകമെങ്ങും പ്രവര്‍ത്തിക്കുന്ന ഒരു റിലീഫ് വിംഗും റാബിത്വക്ക് കീഴിലുണ്ട്. ഇന്തൃയില്‍ ആയിരക്കണക്കിനു അനാഥ വിദൃാര്‍ത്ഥികള്‍ക്ക് റാബിത്വയുടെ സാമ്പത്തിക സഹായത്താല്‍ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്.

മേഖലാ കോ-ഓഡിനേറ്ററായി നിയമിക്കപ്പെട്ട ഡോ. ഹുസൈന്‍ മടവൂര്‍ മക്കയിലെ ഉമ്മുല്‍ ഖുറാ സര്‍വ്വകലാശാലയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദവും അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബി ഭാഷയില്‍ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഫറൂഖ് റൗസത്തുല്‍ ഉലൂം അറബിക്കോളേജ് പ്രിന്‍സിപ്പാള്‍, കേരള സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം, ഇന്തൃന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്തൃാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. റാബിത്വ വിദൃാഭൃാസ സമിതി ചെയര്‍മാന്‍ ഡോ. ഫവാസ് അല്‍ സുലമി ഡോ. ഹുസൈന്‍ മടവൂരിന്നു നിയമന ഉത്തരവ് നല്‍കി. റാബിത്വ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് നാസിര്‍ അല്‍ അബൂദിയുമായി മടവൂര്‍ കൂടിക്കാഴ്ച നടത്തി. ആതുര ശുശ്രൂഷാ രംഗത്തും മത സൗഹാര്‍ദ്ദ പ്രചാരണ രംഗത്തും ഇന്തൃയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ പുതിയ നിയമനം കൊണ്ട് കഴിയുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
Read More

Wednesday, November 24, 2010

അഭിപ്രായ വൈവിധ്യങ്ങള്‍ മനുഷ്യരെ തമ്മിലകറ്റരുത്: ഡോ. ഹുസൈന്‍ മടവൂര്‍

മക്ക: പ്രക്യതിപരമായ ശാരീരിക വൈവിധ്യങ്ങളെയും വ്യത്യസ്ത ചിന്താഗതികളെയും ഉള്‍കൊളളുവാന്‍ മുസ്‌ലിം ലോകത്തിന് സാധിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഹജ് എന്നും അത്തരം വൈവിധ്യങ്ങള്‍ മനുഷ്യരെ തമ്മിലകറ്റാനുളള കാരണങ്ങളായിക്കൂടെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്‍് ദേശീയ ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) മക്കയില്‍ സംഘടിപ്പിച്ച പതിനൊന്നാമത് അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശഭാഷാവര്‍ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സഹോദരങ്ങളായി കാണുന്ന അപൂര്‍വ്വ സംഗമമായ ഹജ് ആഗോള മനുഷ്യസാഹോദര്യത്തിന്റെ വിളംബരമാണ് നിര്‍വ്വഹിക്കുന്നത്. ഈ ഐക്യഭാവം എല്ലാ രംഗങ്ങളിലും നിലനിര്‍ത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. 

മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ ഉദ്ഘാടനം ചെയ്ത ഒരാഴ്ച നീണ്ടുനിന്ന സമ്മേളനത്തില്‍ വിവിധ
രാഷ്ട്രങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. ആഗോളവത്കരണയുഗത്തിലെ മാധ്യമ
വെല്ലുവിളി എന്നതായിരുന്നു സമ്മേളനം ചര്‍ച്ച ചെയ്ത വിഷയം. ഇരുപത്തിമൂന്ന് പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുളള ചര്‍ച്ചകളും സമ്മേളനവേദിയില്‍ നടന്നു. ഡോ. ഹുസെന്‍ മടവൂര്‍ അടക്കം ഇന്ത്യയില്‍ നിന്ന് മൂന്ന് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സൗദി ഭരണാധികരി അബ്ദുളള രാജാവിന്റൈ പ്രത്യേക ക്ഷണപ്രകാരം എത്തിയ അതിഥികളെ മിന ഗസ്റ്റ് ഹൗസില്‍ സൗദി അഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ നായിഫ് രാജകുമാരന്‍ സ്വീകരിച്ചു. സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്, റാബിത്വ ജന. സെക്രട്ടറി ഡോ. അബ്ദുളള തുര്‍ക്കി, കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി മുന്‍വൈസ് ചാന്‍സലര്‍ ഡോ. അബ്ദുളള നസീഫ്, മുന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അബ്ദുളള അല്‍ഉബൈദ്, ഉമ്മുല്‍ഖുറ യൂണിവേഴ്‌സിറ്റി ദഅ്‌വ കോളേജ് പ്രിന്‍സി)ല്‍ ഡോ. അബ്ദുല്‍ അസീസ് ഹുമൈദി, ഖസീം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാലിദ് ഹുമൂദി, ഖൂര്‍ആന്‍ സയന്‍സ് ഡയറക്ടറേറ്റ് ചെയര്‍മാന്‍ ഡോ. അബ്ദുളള മുസ്‌ലിഹ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേത്യത്വം നല്‍കി.
റുവാണ്ട ആഭ്യന്തരമന്ത്രി ഹരീര്‍ മൂസ ഫാസില്‍, സെനഗല്‍ പാര്‍ലമെന്‍് ഡെപ്യൂട്ടി സ്പീക്കര്‍ യഹ്‌യ അബ്ദുളള, അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റി പ്രോ. വൈസ് ചാന്‍സലര്‍ ഡോ. ഇസ്മാഈല്‍ ഷഹീന്‍, ഡോ. അബ്ദുല്ലത്തീഫ് മുഹല്‍ഹല്‍ (ട്രിപ്പോളി യൂണിവേഴ്‌സിറ്റി) ഡോ. അബ്ദുസ്സത്താര്‍ ഹിത്മി (ബഹറൈന്‍ യൂണിവേഴ്‌സിറ്റി) ഡോ. അബ്ദുറഹിമാന്‍ അല്‍ ഹാജ് (ഫലസ്തീന്‍) പ്രൊഫ. അബ്ദുളള ആലിം (അള്‍ജീരിയ) പ്രൊഫ. മഅ്‌റൂഫ് അബ്ദുല്‍ ഖാദര്‍ (ഇറാഖ്), ഇബ്രാഹിം ഹുസെന്‍ മലൈബാരി (കാനഡ), ഡോ. അബ്ദുറഹിമാന്‍ റിഫാഇ(ലബനാന്‍), ഡോ. അഹമദ് ഇയാദി (ജോര്‍ഡാന്‍), റാസി മുഹമ്മദ് മത്ഗാനി (ടുണീഷ്യ) ,ശൈഖ് മുസ്തഫ കദന്‍(ചെയര്‍മാന്‍ വഖഫ് ബോര്‍ഡ് ഈജിപ്ത്), അബ്ദുല്‍ ആത്വി ഷാഫി (ഈജിപ്ത് സുപ്രിംകോടതി ജഡ്ജി), ഡോ.മുഹമ്മദ് മുഖ്താര്‍ (മൗറിത്താനിയ), ഡോ. മുബാറക് അല്‍മജ്ദൂബ് (സുഡാന്‍), ഡോ. സാദിഖ് ഫഖീഹ് (ഖത്തര്‍),ഹാമിദ് അന്‍സാരി (നേപ്പാള്‍), അബള്‍ദുല്‍ ഗഫൂര്‍ ഗുലാം (ഇറാന്‍) തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
Read More

Tuesday, October 19, 2010

ബാബറി പ്രശ്നം സമവായത്തിലൂടെ പരിഹരിക്കണം : മടവൂര്‍

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...