Thursday, October 27, 2011

സ്ത്രീകള്‍ സാമൂഹ്യരംഗങ്ങളില്‍ ഇടപെടണം: ഡോ. റുക്‌സാന


കൊടുങ്ങല്ലൂർ: സ്ത്രീസമൂഹം വിദ്യാഭ്യാസം നേടുകയും സാമൂഹ്യരംഗങ്ങളില്‍ സക്രിയമായി ഇടപെടുകയും ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് അംഗം ഡോ. റുക്‌സാന ലാരി (ലഖ്‌നൗ) അഭിപ്രായപ്പെട്ടു. സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീ മുന്നേറ്റം എന്ന പ്രമേയത്തില്‍ മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് (എം ജി എം) സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.


നവസാങ്കേതിക ലോകം തീര്‍ക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ അരക്ഷിതാവസ്ഥ ഉന്മൂലനംചെയ്യാന്‍ സ്ത്രീകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പെരുകുന്ന അരാജകവാദത്തിനും അധാര്‍മികതകള്‍ക്കുമെതിരെ സംഘടനാ മുന്നേറ്റം അനിവാര്യമാണ്. മുസ്‌ലിം സമൂഹത്തെ തീവ്രവാദത്തിന്റെ നിര്‍മിത അച്ചുകളില്‍ തളച്ചിടാനുള്ള കുത്സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്നും മുസ്‌ലിം സ്ത്രീകള്‍ സ്വത്വബോധത്തോടെ പൊതുരംഗത്ത് ഇടപെടുന്നതിന് ആര്‍ജവം കാണിക്കണമെന്നും മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡിലെ ഏക വനിതാ അംഗം കൂടിയായ ഡോ. റുക്‌സാന ലാരി ആവശ്യപ്പെട്ടു. എം ജി എം സംസ്ഥാന പ്രസിഡന്റ്് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്ത്രീസമൂഹത്തെ അന്ധവിശ്വാസങ്ങളിലേക്കും അധാര്‍മികതയിലേക്കും നയിക്കുന്ന സമൂഹ്യ ചുറ്റുപാടുകള്‍ക്കെതിരെ സ്ത്രീകളില്‍ നിന്നുതന്നെ ക്രിയാത്മക ചെറുത്തുനില്പ് ഉയര്‍ന്നുവരണം. സ്ത്രീ പീഡനങ്ങളും അനാശാസ്യങ്ങളും സമൂഹത്തില്‍ വ്യാപിക്കുന്നതിനെതിരെ സ്ത്രീസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സിനിമ, സീരിയല്‍, ആല്‍ബനിര്‍മാണം എന്നിവയിലൂടെ സ്ത്രീകളെ ചതിക്കുഴിയില്‍പ്പെടുത്തി ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിക്കുകയാണ്. പ്രലോഭനങ്ങളില്‍ കുടുങ്ങി ജീര്‍ണ സംസ്‌കാരങ്ങളെ പുണരുന്ന അപകടകരമായ പ്രവണതകള്‍ക്കെതിരെ സ്ത്രീ സംഘടനകളും വനിതാ കമ്മീഷനുകളും ബോധവത്കരണം ശക്തിപ്പെടുത്തണമെന്നും ഖദീജ നര്‍ഗീസ് ആവശ്യപ്പെട്ടു.



ക്യാംപസുകളിലും ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ അവരുടെ വേഷവിധാനം മുഖ്യ കാരണമാകുന്നുണ്ടെന്ന് സമ്മേളനം കുറ്റപ്പെടുത്തി. മാന്യമായ വസ്ത്രധാരണ രീതി സ്വീകരിക്കാനും നഗ്നതാപ്രദര്‍ശനം ഒഴിവാക്കാനും സ്ത്രീസമൂഹം ശ്രദ്ധിക്കണം. നിര്‍ദിഷ്ട വനിതാ കോഡ് ബില്ലിലെ സ്ത്രീവിരുദ്ധ നിര്‍ദേശങ്ങള്‍ക്കെതിരെ സ്ത്രീസമൂഹം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ചചെയ്യാന്‍ വനിതാ കമ്മിഷന്‍ അടിയന്തര യോഗം ചേരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വൈവാഹിക രംഗത്തെ ആഡംബരങ്ങള്‍ക്കെതിരെയും സ്ത്രീധനത്തിനെതിരെയും സര്‍ക്കാര്‍ പ്രായോഗിക നടപടി സ്വീകരിക്കണം.


ഇസ്‌ലാഹി പ്രസ്ഥാനം പടികടത്തിയ അന്ധവിശ്വാസങ്ങളെ പുനരവതരിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല. ജിന്ന്, സിഹ്ര്‍ തുടങ്ങിയ വിഷയങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് ആത്മീയ തട്ടിപ്പിന് കളമൊരുക്കുന്നവര്‍ ആരായാലും അതിനെതിരെ വിശ്വാസികള്‍ പ്രതികരിക്കണം. കേരളത്തിലെ ആത്മീയ കേന്ദ്രങ്ങളിലെ അധാര്‍മിക അനാശ്വാസ്യ പ്രവൃത്തികള്‍ക്കെതിരെ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. ടി എന്‍ പ്രതാപന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. കെ എ അബ്ദുല്‍ഹസീബ് മദനി മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുമ ശിവന്‍, കെ അബ്ദുസ്സലാം മാസ്റ്റര്‍, ഇ ഐ മുജീബ്, പി എം നസീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പഠനസെഷനില്‍ എം ജി എം വൈസ്പ്രസിഡന്റ് കുഞ്ഞീവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എ ജമീല ടീച്ചര്‍, ശഫീഖ് അസ്‌ലം, നൂറുന്നിസ നജാത്തിയ, സി ടി ആഇശ കണ്ണൂര്‍, പി എം എ ഗഫൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സില്‍വര്‍ ജൂബിലി പ്രഖ്യാപനത്തില്‍ എം ജി എം വൈസ്പ്രസിഡന്റ് ബുശ്‌റ നജാത്തിയ അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളന പ്രഖ്യാപനം നടത്തി. എ അസ്ഗറലി, എന്‍ എം അബ്ദുല്‍ജലീല്‍, വി കെ ആസിഫലി, ശാക്കിറ വാഴക്കാട് പ്രസംഗിച്ചു. എം ജി എം ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ സമാപന പ്രസംഗം നടത്തി.

Read More

ആരോഗ്യ ബോധവല്‍ക്കരണം അനിവാര്യം: ഡോ. ബിജുഗഫൂര്‍



ദോഹ: രോഗങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് പ്രവാസികള്‍ക്കിടയില്‍ പല രോഗങ്ങളും വ്യാപകമാവാന്‍ കാരണമെന്ന് ഫോക്കസ് ഖത്തര്‍ ഉപദേശകസമിതി അംഗം ഡോ. ബിജുഗഫൂര്‍ അഭിപ്രായപ്പെട്ടു. നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി QIIC മദീനഖലീഫ സോണ്‍ സംഘടിപ്പിച്ച ആരോഗ്യസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജീവിതത്തില്‍ പാലിക്കേണ്ട ചിട്ടകളും ഭക്ഷമരീതികളും കൃത്യമായി പാലിക്കപ്പെടുമ്പോള്‍ മിക്ക രോഗങ്ങളില്‍ നിന്നും രക്ഷനേടാനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കാനും സാധിക്കും ഡോ. ബിജു ചൂണ്ടിക്കാട്ടി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ഡോ.ബിജു, ഡോ. നിഷാന്‍ എന്നിവര്‍ മറുപടി നല്‍കി. ''ധാര്‍മികതയിലൂടെ അനശ്വരശാന്തി'' എന്ന സമ്മേളനപ്രമേയം വിശദീകരിച്ചുകൊണ്ട് പ്രമുഖ യുവ പ്രഭാഷകന്‍ സിറാജ് ഇരിട്ടി പ്രഭാഷണം നടത്തി.ഫാരിസ് മൊയ്തു സ്വാഗതവും മുഹമ്മദ് ശൗലി നന്ദിയും പറഞ്ഞു.
Read More

Wednesday, October 26, 2011

സൗദി മലയാളി ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ; സമ്മാനദാനം നവംമ്പര്‍ 25ന്



റിയാദ് : സൗദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സൊസൈറ്റി ഓഫ് മെമ്മൊറൈസിംഗ് ദി ഹോളി ക്വുര്‍ആന്‍' റിയാദ് ഘടകത്തിന്റെ മേല്‍ നോട്ടത്തില്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദിയിലെ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന ആറാമത് സൗദി മലയാളി ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫൈനല്‍ ടെസ്റ്റിലെ വിജയികള്‍ക്കുള്ളദേശീയതലസമ്മാനവിതരണം നവംമ്പര്‍ 25ന്, റിയാദില്‍ വെച്ച് നടക്കുന്നതായിരിക്കും. പരീക്ഷാബോര്‍ഡംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. 26 സെന്ററുകള്‍ക്ക് കീഴിലാണ് ഈ വര്‍ഷം പരീക്ഷ സംഘടിപ്പിച്ചത്. നേരത്തെ നടന്ന ആദ്യ പരീക്ഷയില്‍ 2,032 പേര്‍(91 അമുസ്‌ലിംകളും, 1,941 മുസ്‌ലിംകളും) പങ്കെടുത്തിരുന്നു. അതില്‍ (50 അമുസ്‌ലിംഗളടക്കം) 1121 പേര്‍ ഫൈനല്‍ പരീക്ഷ ക്ക്യോഗ്യതനേടുകയും, ഇവര്‍ക്ക് നടത്തിയ പരീക്ഷയില്‍ നിന്ന് ദേശീയതലത്തിലുള്ള സമ്മാനാര്‍ഹരെ കണ്ടെത്തുകയുമായിരുന്നു. ഫര്‍സാനസാക്കിര്‍(ജിദ്ദ), സുഹ്‌റ മോള്‍കെ.പി(കോബാര്‍), നജ്മുന്നീസ(ദമാം), ഹസീന റൗഫ്(ജുബൈല്‍), റൂബീനറഹ്മത്തുള്ള (ഖമീഷ് മുഷൈത്,) എന്നിവര്‍ക്ക് ഒന്നാം സമ്മാന മായ ലാപ്‌ടോപ്പ്കംമ്പ്യൂട്ടറും, ഫാതിമഹിബയ്ക്ക് (റിയാദ്)രണ്ടാം സമ്മാനമായ സ്വര്‍ണ്ണ നാണയവും, ഡോ.പ്രിന്‍സ് (ദമാം,) വര്‍ഗീസ് എന്‍.പി.(അല്‍ഗാത്), റഹീന സാദത്ത് (ബുറൈദ), ഷറീനഉസ്മാന്‍(ജിദ്ദ), സജ്‌ന സലീം (ദമാം), തസ്‌നിം അബ്ദുള്ള(അല്‍ഹസ), ലായ്യിന നാലകത്ത്(റിയാദ്), വഹീദുദ്ധീന്‍ (ജുബൈല്‍്) എന്നിവര്‍ക്ക് മൂന്നാം സമ്മാനമായ മൊബൈല്‍ ഫോണുകളും, കൂടാതെ ഫൈനല്‍ ടെസ്റ്റില്‍ പങ്കെടുത്ത പുരുഷോത്തമന്‍ (റിയാദ്), മണികണ്ഡന്‍(ഉനൈസ), അന്നാമ തോമസ് (ജിദ്ദ), ഷൈല തോമസ്(ജിദ്ദ),മിസ്സിറോയ് (കോബാര്‍),ശ്രീജ കുമാരി. കെ(അല്‍ഹസ), സുനില്‍കൃഷ്ണന്‍(അല്‍ഹസ),റോസി തോമസ് (ജിദ്ദ), സൂസന്‍വര്‍ഗീസ്(ജിദ്ദ), ഉഷബേബി (ജിദ്ദ), അനിതഷാജി(നജ്‌റാന്‍), സുരേഷ് കുമാര്‍(ബുറൈദ) എന്നിവര്‍ പ്രോല്‍സാഹന സമ്മാനങ്ങളുംനല്‍കും. 

സമ്മാനദാനപരിപാടിയുടെവിജയത്തിനായിടി.പി. മുഹമ്മദ്,(മാനേജര്‍ അല്‍ ഹുദഗ്രൂപ് ഓഫ്സ്‌കൂള്‍)മുഖ്യരക്ഷാധികാരിയായി മുഹമ്മദ് ഹാഷിം ചെയര്‍മാന്‍, കുഞ്ഞി മുഹമ്മദ് കോയ (ഹായില്‍) ജനറല്‍കണ്‍വീനറുമായ സ്വാഗതസംഘ കമ്മിറ്റിരൂപീകരിച്ചു. രക്ഷാധികാരികളായി മന്‍സൂര്‍, ഡോ. എ.കെ.യൂസഫ്, സൈനുല്‍ ആബിദീന്‍, അഷ്‌റഫ്വേങ്ങാട്, സി.പി .മുസ്തഫ ഫസല്‍റഹ്മാന്‍, അഷ്‌റഫ്, മൊയ്തീന്‍ കോയ(റിയാദ്), സത്താര്‍ കായംകുളം (റിയാദ്), ബഷീര്‍ പാങ്ങോട്(റിയാദ്), ഹബീബു റഹ്മാന്‍ (റിയാദ്), മൂസക്കോയപുളിക്കല്‍ (ജിദ്ദ) എന്നിവരെയും, വൈസ് ചെയര്‍മാന്‍മാരായി കുഞ്ഞി മുഹമ്മദ് മദനി(ദമാം), മുഹമ്മദലിചുണ്ടക്കാടന്‍(ജിദ്ദ), എം.ടി. മനാഫ്മാസ്റ്റര്‍ (യാബു), അഷ്‌റഫ് മൈലാ ടി (മക്ക), ഹബീബു റഹ്മാന്‍ (ജുബൈല്‍), ഹുസൈന്‍ ആലുവ(ബുറൈദ), അഷ് റഫ്ഓമാനൂര്‍(ഖമീസ്) എന്നിവരെയും തെരഞ്ഞെടുത്തു. വിവിധവകുപ്പ് കണ്‍വീ നര്‍മാരായിഅഷ്‌റഫ് മരുത റിയാദ് (പ്രോഗ്രാം), ഷാനിഫ് വാഴക്കാട് (കോഡിനേറ്റര്‍) ഇബ്‌റാഹിം വാബില്‍ ദമാം (ഫൈനാന്‍സ്), സൈനുല്‍ ആബിദീന്‍ ദമാം (സമ്മാനം), അബ്ദുല്‍ കരീംസുല്ലമി (ജിദ്ദ) / അബ്ദു റസാക്മദനി റിയാദ് (ഹിഫ്‌ള്വ്മല്‍സരം), സലീം കരുനാഗപള്ളി ദമാം (പ്രസ്സ് & ഇന്‍ ഫോര്‍മേഷന്‍), ഷരീഫ്പാലത്ത് / അബ്ദു ല്‍സലീംമച്ചിങ്ങര റിയാദ് (പബ്ലിസിറ്റി), ഷറഫുദ്ധീന്‍ എ.കെ./ അഷ്‌റഫ്അലി റിയാദ് (ഡക്കറേഷന്‍ ഓഡിറ്റോറിയം & സ്റ്റേജ്), മുനീര്‍ അരീക്കോട് റിയാദ് (ലൈറ്റ്& സൗ ണ്ട്), ശിഹാബ്കടലുണ്ടി/ സൈഫുദ്ധീന്‍ (റിക്കോര്‍ഡിംഗ്), റഷീദ് വടക്കന്‍ (വളണ്ടി യര്‍), മുജീബ് തൊടികപുലം (റിസപ്ഷന്‍), സാജിദ്കൊച്ചി / ഷംസുദ്ധീന്‍ (റജിസ് ട്രേഷന്‍), ഡോ.അഷ്‌റഫ് (മെഡിക്കല്‍), അബദു റഹീംപന്നൂര്‍ (അക്കമഡേഷന്‍), ഇംതിയാസ്മാഹി / ബശീര്‍ഒളവണ്ണ (ഭക്ഷണം), ഷബീര്‍ വയനാട് / ഷാഫി തയ്യില്‍ (സ്റ്റാള്‍), നസറീന വേങ്ങാട്ട് / ഷാഹിനകെ. (വനിത വിംഗ്), സിറാജ് തയ്യില്‍/ ഫയാസ് (വാട്ടര്‍& ടീ സപ്ലൈ),അഹമ്മദ്ചാലിശ്ശേരി / മുഹമ്മദ് പുത്തൂര്‍ (ട്രാന്‍സ്‌പേര്‍ട്ടേഷന്‍), ഷബീര്‍ദമാം / സിറാജുദ്ധീന്‍ റിയാദ് (സര്‍ഗമേള), ശിഹാബ്അരീക്കോട് / സുബൈര്‍ (ഗൈഡന്‍സ്). എന്നിവരെയും തെരഞ്ഞെടുത്തു. 

സൊസൈറ്റി ഓഫ് മെമ്മൊറൈസിംഗ് ദി ഹോളി ക്വുര്‍ആന്‍ ഡയരക്ടര്‍ ഓഫ് അക്കാദമിക് അഫേയ്‌സ് ശൈഖ്ഇബ്‌റാഹീംബിന്‍അബ്ദുല്ല അല്‍ഈദ്, ഹെഡ് ഓഫ് സൂപര്‍വിഷന്‍ ഫൈസല്‍ അബ്ദുല്ല അല്‍ ഹമയ്ക്കാന്‍, പരീക്ഷ ബോര്‍ഡ് അംഗ ങ്ങളായമുഹമ്മദ് ഹാഷിം, ഷാനിഫ് വാഴക്കാട്, ഷറഫുദ്ധീന്‍ എ.കെ, ഷരീഫ് പാലത്ത്, മുജീബ് തൊടികപുലം എന്നിവര്‍പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

യാഥാസ്ഥിതിക തീവ്രവാദവിഭാഗത്തെ തിരിച്ചറിയണം -കെ.എന്‍.എം.



കോഴിക്കോട്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന മതതീവ്രവാദത്തെ ചൂണ്ടിക്കാട്ടി കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ അവമതിക്കാനുള്ള യാഥാസ്ഥിതിക വിഭാഗത്തിന്റെ നീക്കം അപലപനീയമാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും ആഗോള പ്രസ്ഥാനത്തിന്റെ കീഴ്ഘടകമല്ല. മതതീവ്രവാദത്തെ ശക്തിയുക്തം തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് മുജാഹിദ് പ്രസ്ഥാനത്തിന്‍റെതെന്ന് യോഗം പ്രസ്താവിച്ചു. 

യോഗത്തില്‍ പ്രസിഡന്റ് ഡോ.ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി. ഉമര്‍ സുല്ലമി, എ. അബ്ദുല്‍ഹമീദ് മദീനി, കെ. അബൂബക്കര്‍ മൗലവി, എ. അസ്ഗര്‍ അലി, പി.ടി. വീരാന്‍കുട്ടി സുല്ലമി, ഡോ. മുസ്തഫ ഫാറൂഖി, ഡോ. പി.പി. അബ്ദുള്‍ഹഖ്. എം.ഐ. മുഹമ്മദലി സുല്ലമി, കെ.പി. സകരിയ്യ, പി.കെ. ഇബ്രാഹിം ഹാജി ഏലങ്കോട്, ഐ.പി. അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു.
Read More

Tuesday, October 25, 2011

മലയാള പ്രതിഭാ മല്‍സരം: നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി



ദോഹ: നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടന്ന 'മലയാളപ്രതിഭാ' മല്‍സരത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. മലയാളഭാഷ യോടും കേരളസംസ്‌കാരത്തോടും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മല്‍സരത്തിന്റെ ഒന്നാംഘട്ടമാണ് ഇന്നലെ നടന്നത്. ഇതില്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 11ന് നടക്കുന്ന ഫൈനല്‍ മല്‍സരത്തിലേക്ക് യോഗ്യത നേടും. വിജയികള്‍ക്ക് ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ആറാം ഖത്തര്‍ മലയാളി സമ്മേളനവേദിയില്‍ വെച്ച് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

എം.ഇ.എസ്, ഐഡിയല്‍, ബിര്‍ല, ഡി.എം.ഐ.എസ്, ഡി.പി.എസ്. എം.ഐ.എസ്, ശാന്തിനികേതന്‍ തുടങ്ങിയ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടന്ന പരീക്ഷയ്ക്ക് മന്മഥന്‍ മമ്പള്ളി, നാസര്‍ കക്കട്ടില്‍, സിന്ദു, സുമിത ജൂലിയറ്റ്, ടാന്‍സി ജേക്കബ്, സാജിദ അബു, ഫാരിസ് മൊയ്തു, അബ്ദുല്‍ അലി, ലത്വീഫ് മാട്ടൂല്‍, നിസാര്‍ എന്‍.പി, മുഹമ്മദ് സ്വാലിഹ്, ശാഹുല്‍ ഹമീദ്, മഹ്‌റൂഫ് കോഴിക്കോട്, നൗശാദ് പയ്യോളി, സലീം കണ്ണൂര്‍, അബ്ദുല്‍വഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.
Read More

അന്ധവിശ്വാസങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള നീക്കം ചെറുക്കണം : കെ എന്‍ എം



മനാമ : മുജാഹിദ് പ്രസ്ഥാനത്തിന്‍റെ അനുയായികളെ ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു നടത്താനുള്ള ശ്രമം തിരിച്ചറിയണമെന്നു കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്റെരും ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും സംഘടിപ്പിച്ച ആദര്‍ശ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും നല്‍കി അന്ധവിശ്വാസങ്ങളെ പുനരവതരിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കണം. ആദര്‍ശ പൊരുത്തമുള്ളവര്‍ ഇതിനായി ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 

Read More

എം ജി എം സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനം നാളെ കൊടുങ്ങല്ലൂരില്‍



കൊടുങ്ങല്ലൂര്‍ : സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീ മുന്നേറ്റം എന്ന പ്രമേയവുമായി എം ജി എം നടത്തുന്ന സില്‍വര്‍ ജൂബിലി പരിപാടികളുടെ പ്രഖ്യാപന സമ്മേളനം നാളെ 2011 ഒക്ടോബര്‍ 26നു കൊടുങ്ങല്ലൂര്‍ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9.30ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ഡോ. റുക്‌സാന ലാരി ലക്‌നൗ ഉദ്ഘാടനം ചെയ്യും. എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിക്കും. ടി എന്‍ പ്രതാപന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. കെ എ അബ്ദുല്‍ ഹസീബ് മദനി മുഖ്യപ്രഭാഷണം നടത്തും. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുമ ശിവന്‍, കെ അബ്ദുസ്സലാം മാസ്റ്റര്‍, ഇ ഐ മുജീബ്, പി എം നസീഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. 11.30ന് നടക്കുന്ന പഠന സെഷനില്‍ എം ജി എം വൈസ് പ്രസിഡന്റ് കുഞ്ഞീവി ടീച്ചര്‍ അധ്യക്ഷത വഹിക്കും. 'അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്ത്രീജാഗ്രത' എന്ന വിഷയത്തില്‍ എ ജമീല ടീച്ചര്‍, 'ഉത്തമ സ്ത്രീ ഉത്കൃഷ്ട സമൂഹം' എന്ന വിഷയത്തില്‍ ഷഫീഖ് അസ്‌ലം എന്നിവര്‍ ക്ലാസ്സെടുക്കും. 

രണ്ട് മണിക്ക് നടക്കുന്ന പഠന സെഷനില്‍ എം ജി എം വൈസ് പ്രസിഡന്റ് സൈനബ ശറഫിയ്യ അധ്യയായിരിക്കും. തുടര്‍ന്ന് 'വനിതാ വിമോചനം: ഇസ്‌ലാമിക സമീപനം' എന്ന വിഷയത്തില്‍ നൂറുന്നീസ നജാത്തിയ, 'എം ജി എം: പെണ്‍ ഉണര്‍വിന്റെ കാല്‍ നൂറ്റാണ്ട്' എന്ന വിഷയത്തില്‍ സി ടി ആഇശ കണ്ണൂര്‍, 'കേരള നവോത്ഥാനവും മുസ്‌ലിം സ്ത്രീകളും' എന്ന വിഷയത്തില്‍ പി എം എ ഗഫൂര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. സില്‍വര്‍ ജൂബിലി പ്രഖ്യാപനത്തില്‍ എം ജി എം വൈസ് പ്രസിഡന്റ് ബുഷ്‌റ നജാത്തിയ അധ്യക്ഷത വഹിക്കും. കെ എന്‍ എം ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളന പ്രഖ്യാപനം നടത്തും. എ അസ്ഗറലി, എന്‍ എം അബ്ദുല്‍ ജലീല്‍, വി കെ ആസിഫലി, ശാക്കിറ വാഴക്കാട് എന്നിവര്‍ പ്രസംഗിക്കും. എം ജി എം ജനറല്‍ സെക്രട്ടറി ഷമീമ ഇസ്വ്‌ലാഹിയ്യ സമാപന പ്രസംഗം നടത്തും. അയല്‍ കൂട്ടം, സ്ത്രീ സുരക്ഷാ സംഗമങ്ങള്‍, പഞ്ചായത്ത്-മണ്ഡലം പഠനക്യാംപ്, സെമിനാറുകള്‍, ഗൃഹസമ്പര്‍ക്കം തുടങ്ങി നിരവധി പരിപാടികള്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എം ജി എം സംസ്ഥാനത്തെങ്ങും സംഘടിപ്പിക്കുന്നുണ്ട്.

സമ്മേളനം തത്സമയം കാണാൻ www.islahiclassroom.com എന്ന സൈറ്റ് സന്ദർശിക്കുക...
Read More

Monday, October 24, 2011

ഖുര്‍ആന്‍ സാമൂഹ്യ മാറ്റത്തിന്റെ ഉറവിടം -മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍



കൊയിലാണ്ടി: ഖുര്‍ആന്‍ വ്യക്തി സംസ്‌കരണത്തിന്റെയും സാമൂഹ്യ മാറ്റത്തിന്റെയും പ്രഭവ കേന്ദ്രമാണെന്ന്‌ ഐ എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ മുജീബ്‌റഹ്‌മാന്‍ കിനാലൂര്‍ അഭിപ്രായപ്പെട്ടു. ഐ എസ്‌ എം കോഴിക്കോട്‌ നോര്‍ത്ത്‌ ജില്ലാകമ്മറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പഠനമെന്നത്‌ ജീവിതത്തിനുള്ള പരിശീലനമാണ്‌. ഖുര്‍ആന്‍ പഠനവേദികളും മത്സരങ്ങളും കേവലം പരിപാടികളല്ല, മറിച്ച്‌ ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ഉപാധികളാണ്‌. ഖുര്‍ആനിക നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ജീവിതം നയിക്കുന്നവര്‍ക്ക്‌ സാമൂഹ്യതിന്മകളെയും ദുരാചാരങ്ങളെയും വര്‍ജിക്കാന്‍ കരുത്ത്‌ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പി എം എ ഗഫൂര്‍ഇ വി അബ്ബാസ്‌ സുല്ലമി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ഐ എസ്‌ എം ജില്ലാ പ്രസിഡണ്ട്‌ നൗഷാദ്‌ കുറ്റിയാടി അധ്യക്ഷത വഹിച്ചു. ടി പി മൊയ്‌തു, ടി വി മുഹമ്മദ്‌ നജീബ്‌, നൂറുദ്ദീന്‍ കൊയിലാണ്ടി പ്രസംഗിച്ചു.
Read More

സാമൂഹ്യസേവന രംഗത്ത്‌ സ്‌ത്രീകളുടെ മുന്നേറ്റം സ്വാഗതാര്‍ഹം -റിട്ട. ജസ്റ്റിസ്‌ വി ഖാലിദ്‌



കണ്ണൂര്‍: സാമൂഹ്യസേവന രംഗത്ത്‌ സ്‌ത്രീകളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നത്‌ പ്രതീക്ഷയ്‌ക്കു വക നല്‍കുന്നതാണെന്ന്‌ ജസ്റ്റിസ്‌ വി ഖാലിദ്‌ പറഞ്ഞു. ആശ്രയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സലഫി ദഅ്‌വ സെന്ററില്‍ ആരംഭിച്ച പി എസ്‌ സി ക്ലാസ്സിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ്‌ ചെയര്‍പേഴ്‌സണ്‍ ഇ സറീന അധ്യക്ഷതവഹിച്ചു. അഡ്വ. പി മുസ്‌തഫ, ശംസുദ്ദീന്‍ പാലക്കോട്‌, സി സി ശക്കീര്‍ ഫാറൂഖി, സി സീനത്ത്‌, സി ടി ആയിശ, കെ പി ഹസീന, എ പി ഹംസക്കുട്ടി, ബിനോയ്‌ മാത്യു പ്രസംഗിച്ചു.
Read More

സലാല ഇസ്ലാഹി സെന്‍റെര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു




സലാല : ഇസ്ലാഹി നേതാക്കളുടെ ഇടപെടലുകളാണ് സമുദായത്തെ സാംസ്കാരികമായി ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചതെന്ന് പ്രമുഖ ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ എം സി വടകര പറഞ്ഞു. പ്രവര്‍ത്തന സൌകര്യത്തിനായി പുതിയ കെട്ടിടത്തിലേക്ക് മാറിയ സലാല ഇസ്ലാഹി സെന്‍റെര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുട്ടില്‍ ചടഞ്ഞിരുന്ന ഒരു സമുദായത്തെ ഇന്ന് കാണുന്ന പുരോഗതിയിലെത്തിച്ചതിനു നാം മുജാഹിദ് പണ്ഡിതന്മാരോട് കടപ്പെട്ടിരിക്കുന്നു. തൌഹീദില്‍ ഉറച്ചുനിന്ന് ജീര്‍ണതകള്‍ക്കെതിരെ ഇനിയും പോരാടേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. പ്രസിടന്റ്റ് നാസര്‍ പെരിങ്ങത്തൂര്‍ അധ്യക്ഷത വഹിച്ചു. 

കെ എം സി സി പ്രസിടന്റ്റ് വി എ അബ്ദുല്‍ അസീസ്‌ ഹാജി, ഡോ: നിസാര്‍, ഹുസൈന്‍ കാച്ചിലോടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കെ ടി അബ്ദുല്‍സലാം സ്വലാഹി ഉല്ബോധനം നടത്തി. അസ്ലം കീഴൂര്‍ സ്വാഗതവും എം പി ഷാജഹാന്‍ നന്ദിയും പറഞ്ഞു. 
Read More

ISM കുടുംബ സംഗമം നടത്തി


താനൂര്‍ : ഐ എസ് എം  താനൂര്‍ മണ്ഡലം പ്രവര്ത്തകരുടെ കുടുംബ സംഗമം താനൂര്‍ ടീവീസ് ഹാളില്‍ വെച്ച് നടന്നു . KNM സംസ്ഥാന സെക്രട്ടറി സി . മമ്മു കോട്ടക്കല്‍ 'സംഘടനയും ആദര്‍ശവും' എന്ന വിഷയത്തിലും ISM തിരൂര്‍ മണ്ഡലം സെക്രട്ടറി  ശരീഫ് തിരൂര്‍ 'എഫ്ഫെക്ടീവ് പാരെന്റിംഗ്' എന്ന വിഷയത്തിലും ക്ലാസ്സെടുത്തു. സംഗമത്തില്‍ കരീം കെ പുരം, നാസര്‍ TKN , വഹാബ് കെ പി ,സലാം വൈലത്തൂര്‍ സംസാരിച്ചു .
Read More

ബധിരരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന: കെ സി വേണുഗോപാല്‍



കരുനാഗപ്പള്ളിഐ എസ് എം സംസ്ഥാന കമ്മിറ്റിയുടെ ബധിര വിഭാഗമായ ദി ട്രൂത്ത് ഡെഫ് വിംഗിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസം നീളുന്ന രണ്ടാമത് ദേശീയ ബധിര സമ്മേളനത്തിന് ഉജ്വല തുടക്കം. കേരളത്തിന് പുറമേ ഹൈദരാബാദ്, ബോംബെ, മൈസൂര്‍, ഗുജറാത്ത്, അഹമ്മദാബാദ്, വിശാഖപട്ടണം, റാഞ്ചി, ലക്ഷദീപ്, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തോളം പ്രതിനിധികള്‍ ഇന്നലെ ഉച്ച മുതല്‍ സമ്മേളന നഗരിയില്‍ എത്തിചേര്‍ന്നു. രാജ്യത്തെ ബധിരരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞു. ദേശീയ ബധിര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബധിരരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഐ എസ് എം പോലുളള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. സംസാര-കേള്‍വി ശേഷിയില്ലാത്ത സഹോദരങ്ങള്‍ക്ക് വേണ്ടത് അനുകമ്പയും ഔദാര്യവുമല്ല, അവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി വിട്ടുകൊടുക്കലാണ്. വൈകല്യമുളളവര്‍ക്ക് പ്രതേ്യക സ്‌കൂളുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ വകകൊളളിച്ചതായി അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. 

ദി ട്രൂത്ത് ഡഫ് വിഭാഗം വെബ് സൈറ്റിന്റെ ഉദ്ഘാടനം സി ദിവാകരന്‍ എം എല്‍ എ നിര്‍വഹിച്ചു. സംഘടന ഉളളവര്‍ക്കും ശബ്ദമുണ്ടാക്കുന്നവര്‍ക്കും മാത്രം കാര്യങ്ങള്‍ നേടാന്‍ കഴിയൂ എന്ന രീതി ബധിരരുടെ കാര്യത്തില്‍ എങ്കിലും ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേള്‍വി ശക്തിയില്ലാത്തവരെ അവഗണിക്കുന്ന സമൂഹമായി നമ്മള്‍ മാറിയിരിക്കുകയാണെന്നും സാമൂഹ്യനീതിയുടെ പ്രശ്‌നമായി കണ്ട് ബധിരരുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ എസ് എം സൗത്ത് സോണ്‍ പ്രസിഡന്റ് എസ് ഇര്‍ഷാദ് മുഖ്യപ്രഭാഷണം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ബി സെവന്തകുമാരി, നജീബ് മണ്ണേല്‍, സി കെ അബ്ദുസ്സലാം, എന്‍ കെ എം സകരിയ്യ, എസ് അബ്ദുല്‍ സലാം, എം കെ അബ്ദുറസാഖ്, പി എന്‍ ബഷീര്‍ അഹമ്മദ് പ്രസംഗിച്ചു. പ്രഭാഷണങ്ങള്‍ അബ്ദുല്‍ റസാഖ് എം കെ, ബഷീര്‍ അഹമ്മദ് എന്നിവര്‍ ആംഗ്യഭാഷയിലൂടെ പ്രതിനിധികള്‍ക്ക് പകര്‍ന്ന് നല്‍കി. പഠന സംഗമത്തില്‍ സിറാജ് കൊല്ലം അദ്ധ്യക്ഷത വഹിച്ചു. 
Read More

Sunday, October 23, 2011

മനുഷ്യസ്‌നേഹിയായ ഭരണാധികാരിയെ നഷ്ടപ്പെട്ടു: ഹുസൈന്‍ മടവൂര്‍



ബഹ്‌റൈന്‍: സൗദി കീരീടവകാശിയായിരുന്ന സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ മരണത്തോടെ മനുഷ്യ സ്‌നേഹിയായ ഒരു ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് ഇന്ത്യന്‍ ഇലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയും, കേരള സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫില്‍ പര്യടനം നടത്തവേ സൗദി ഭരണാധികാരിയായ അബ്ദുള്ള രാജാവിനയച്ച അനുസ്മരണ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ലോകമെമ്പാടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, സൗദിയില്‍ കഴിയുന്ന വിദേശികളുടെ അവകാശങ്ങള്‍  സംരക്ഷിക്കുന്നതിനും അദ്ദേഹം മുന്‍കൈ എടുത്തിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശനം വന്‍ വിജയമാക്കിത്തീര്‍ത്തതിനു പിന്നിലും അദ്ദേഹമായിരുന്നെന്ന് ഹുസൈന്‍ മടവൂര്‍ അനുസ്മരിച്ചു.
Read More

വിമന്‍സ് കോഡ് ബില്‍ മാതൃത്വത്തെ അപമാനിക്കുന്നത് : എം.ജി.എം

റിയാദ് : വനിത ക്ഷേമത്തിന്റെ പേരില്‍ സ്ത്രീത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതും മാതൃത്വത്തെ അപമാനിക്കുന്നതുമാണ് വിമന്‍സ് കോഡ് ബില്‍ എന്ന് എം.ജി.എം റിയാദ് പ്രവര്‍ത്തകസമിതി പറഞ്ഞു. ജനസംഖ്യ കുറവുള്ള രാജ്യങ്ങള്‍ സാമ്പത്തികമായി അസ്ഥിരപ്പെടുകയും, ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ സാമ്പത്തിക ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്ന വര്‍ത്തമാന കാലത്തെ സംഭവങ്ങള്‍ കൃഷ്ണയ്യരെപോലെയുള്ളവര്‍ അറിയാതിരിക്കാനിടയില്ല., ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധമുയരുമ്പോഴും എതിര്‍ക്കുന്നവര്‍ ന്യൂനപക്ഷമാണെന്ന കൃഷ്ണയ്യരുടെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതാണെന്നും എം ജി എം സൂചിപ്പിച്ചു. 

ബില്ലിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളും ഉദ്‌ബോധനക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കാന്‍ എം ജി എം തീരുമാനിച്ചു. നസ്‌റീന വേങ്ങാട്ടിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെ.എന്‍.എം വയനാട് ജില്ലാ സെക്രട്ടറി സയ്യിദ് അലി സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. ഷബ്‌ന വാഴക്കാട് പ്രമേയം അവതരിപ്പിച്ചു. ഷമീന അരീക്കോട്, ഖമറുന്നിസ ചെറുമുക്ക്, അസ്മ അരീക്കോട്, ഷാഹിന തൊടികപുലം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Read More

ഫോക്കസ് ജിദ്ദ മെഡിക്കല്‍ ക്യാപെയിന്‍ ഉദ്ഘാടനം ചെയ്തു



ജിദ്ദഫോക്കസ് ജിദ്ദയും അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്‌നി ബോധവല്‍ക്കരണ ക്ലാസും, രോഗം തുടക്കത്തില്‍ കണ്ടെത്തി ചികില്‍സ നല്‍കുന്ന പദ്ധതിയും രാജ്യം മുഴുവന്‍ വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ജിദ്ദ കോണ്‍സല്‍ ജനറല്‍ ഫായിസ് അഹമ്മദ് അഭിപ്രായപ്പെട്ടു. ഫോക്കസ് ജിദ്ദയും, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സഹകരിച്ചുകൊണ്ടു നടത്തുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മെഡിക്കല്‍ ക്യാപെയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭാരിച്ച ചെലവും, ജീവിത കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചികില്‍സയും, കുറഞ്ഞ വിജയ സാധ്യതയും രോഗം വരുന്നതിനു മുമ്പെ തടയേണ്ടത് അത്യാവശ്യമാക്കുന്നുവെന്ന് കോണ്‍സല്‍ ചൂണ്ടിക്കാട്ടി. 

അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എം ഡി മുഹമ്മദ് ആലുങ്കല്‍ ചടങ്ങില്‍ വെബ്‌സൈറ്റ് ഉദ്ഘാടനം നടത്തി. ഫോക്കസ് ജിദ്ദ ഉപദേശകസമിതി അംഗമായ ഡോ: ഇസ്മയില്‍ മരുതേരി ഫേസ് ബുക്ക് പേജും, സലാഹ് കാരാടന്‍ ബ്രോഷറും പ്രകാശിപ്പിച്ചു. ഫോക്കസ് ജിദ്ദ സി ഇ ഒ പ്രിന്‍സാദ് പയ്യാനക്കല്‍ കിഡ്‌നി രോഗത്തെക്കുറിച്ച് ചടങ്ങില്‍ പ്രഭാഷണം നടത്തി. ഫോക്കസ് ജിദ്ദ അഡ്മിന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ മുബശിര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹമ്മദ് കുട്ടി മാസ്റ്റര്‍( കെ എം സി സി),സക്കീര്‍ ഹുസൈന്‍(ഒ ഐ സി സി), അബ്ദുള്‍ റഹ്മാന്‍ വണ്ടൂര്‍(നവോദയ), ഉസ്മാന്‍ ഇരുമ്പുഴി(എം ഇ എസ് ആന്റ് മീഡിയ ഫോറം), അമീര്‍ അലി( എം എസ് എസ്), മുഹമ്മദലി ചുണ്ടക്കാടന്‍ (ഇസ്ലാഹി സെന്റര്‍), ഇമ്രാന്‍( അല്‍ അബീര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫോക്കസ് ജിദ്ദ ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ വള്ളിക്കുന്ന് സമാപന പ്രസംഗവും നടത്തി. അബ്ദുള്‍ വാഹിദ് സ്വാഗവും, ജലീല്‍ സി എച്ച് നന്ദിയും പറഞ്ഞു.
Read More

Friday, October 21, 2011

ഖത്തര്‍ മലയാളി സമ്മേളനം: മലയാള പ്രതിഭാ മത്സരം 24 ന്



ദോഹ: നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'മലയാളപ്രതിഭ' മല്‍സരത്തിന്റെ പ്രാഥമികറൗണ്ട് ഒക്‌ടോബര്‍ 24ന് വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടക്കും. കേരളസംസ്‌കാരം, പൈതൃകം, മലയാളഭാഷ, സാഹിത്യം തുടങ്ങിയവയോട് വിദ്യാര്‍ത്ഥികളില്‍ ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ 7ാം തരം മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മല്‍സരത്തിന്റെ വിശദവിവരങ്ങള്‍ക്ക് 55449723 എന്ന നമ്പറിലോ info@malayaliconference.cominfo@islahiqatar.org എന്നീ ഇ മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെട്ടാല്‍ ലഭ്യമാവും.
Read More

മുസാബഖ 11 : ഫലം പ്രഖ്യാപിച്ചു



ദുബായ്യു.എ.ഇ ഇസ്‌ലാഹി സെന്റര്‍ റംസാനില്‍ നടത്തിയ ഒമ്പതാമത് ഖുര്‍ആന്‍ വിശേഷ മത്സരമായ 'മുസാബഖ 11' യുടെ വിജയികളെ പ്രഖ്യാപിച്ചു. അജ്മാനില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത മലപ്പുറം ജില്ലയിലെ കുഴിപ്പുറം സ്വദേശി അബ്ദുല്‍ നാസറിനാണ് ഒന്നാം റാങ്ക്. അബുദാബിയില്‍ നിന്ന് മുസാബഖയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയ പി.ശാസിയ രണ്ടാം റാങ്ക് നേടി. 

ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനിയും കുഞ്ഞി മുഹമ്മദ് പറപ്പൂരും തയ്യാറാക്കിയ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ അടിസ്ഥാനമാക്കിയുള്ള ചോദ്യവലികളാണ് മുസാബഖയിലൂടെ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്. http://musaabaqa.tk എന്ന വെബ്‌സൈറ്റ് മുഖേനയും മുസാബഖയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു. 

ഒന്നാം സ്ഥാനം നേടിയ നാസര്‍ ഷാര്‍ജ അല്‍ഖാസിം ആസ്പത്രിയിലെ ജീവനക്കാരനും അജ്മാന്‍ ഖുര്‍ആന്‍ ലേണിങ്ങ് സ്‌ക്കൂള്‍ പഠിതാവുമാണ്. രണ്ടാം റാങ്ക് നേടിയ ശാസിയ കണ്ണൂര്‍ ജില്ലയിലെ കരിമ്പില്‍ സ്വദേശിനിയാണ്. കേരളത്തിലേക്ക് ടുവേ വിമാന ടിക്കറ്റാണ് നാസറിന് സമ്മാനം. രണ്ടാംസ്ഥാനം നേടിയ ശാസിയക്ക് വണ്‍വേ ടിക്കറ്റും ലഭിക്കും. പൊതുചടങ്ങില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനവും പ്രശംസാപത്രവും വിതരണം ചെയ്യും.
Read More

Thursday, October 20, 2011

രണ്ടാമത് ദേശീയ ബധിര ഇസ്‌ലാമിക സമ്മേളനം 22, 23 ന് കരുനാഗപ്പള്ളിയില്‍


കൊല്ലം: 'മതം ധാര്‍മികത, നവോത്ഥാനം' ക്യാംപയിന്റെ ഭാഗമായി ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ബധിര ഇസ്‌ലാമിക സമ്മേളനം 22, 23 തിയ്യതികളില്‍ കരുനാഗപ്പള്ളിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 ബധിരരുടെ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ മുന്നേറ്റം ലക്ഷ്യമാക്കി ഐ എസ് എം രൂപീകരിച്ച 'എബിലിറ്റി ഫൗണ്ടേഷ'ന്റെ കീഴില്‍ നിരവധി പദ്ധതികള്‍ സംസ്ഥാനമൊട്ടുക്കും നടന്നുവരുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. അന്ധര്‍ക്കും ബധിരര്‍ക്കുമായി ധാര്‍മിക ബോധവത്കരണ ക്ലാസുകള്‍, തൊഴില്‍ പരിശീലനത്തിനായി ഫിനിഷിംഗ് സ്‌കൂളുകള്‍, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. ബധിരരുടെ സാമൂഹ്യമുന്നേറ്റത്തിനും പുനരധിവാസത്തിനുമുള്ള സമഗ്രപാക്കേജ് ദേശീയ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനം കരുനാഗപ്പള്ളി വവ്വക്കാവ് നവരത്‌ന ഓഡിറ്റോറിയത്തല്‍ കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റ് ഉദ്ഘാടനം മുന്‍ മന്ത്രി സി ദിവകരന്‍ എം എല്‍ എ നിര്‍വഹിക്കും.  കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, ഐ എസ് എം ജനറല്‍സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി സെവന്തകുമാരി, കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എം അന്‍സാര്‍, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് അബ്ദുസ്സലീം, നജീബ് മണ്ണേല്‍, സി കെ അബ്ദുസ്സലാം, എന്‍ കെ എം സകരിയ്യ, കെ അഹ്മദ്കുട്ടി, എസ് അബ്ദുസ്സലാം തുടങ്ങിയവര്‍ പ്രസംഗിക്കും. എസ് ഇര്‍ശാദ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തും.

ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലു വരെ നടക്കുന്ന പഠനസെഷനില്‍ എ എ ബെയ്ഗ് വിശാഖപട്ടണം, പ്രഫ. അബ്ദുല്‍മജീദ്, സയ്യിദ് അഹ്മദ് കഫീല്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 4.30 മുതല്‍ ആറു വരെ നടക്കുന്ന നാഷണല്‍ ഡഫ് ലീഡേഴ്‌സ് മീറ്റില്‍ മുഹമ്മദുര്‍റഹ്മാന്‍ അസീസ് ഹൈദരാബാദ്, ഇദ്‌രീസ് അത്താനിയ്യ മുംബൈ, ശരീഫ് ബാംഗ്ലൂര്‍, രാജു റാഞ്ചി, ഗുലാം നസറുദ്ദീന്‍ അഹമ്മദാബാദ്, സയ്യിദ് അഹ്മദ് കഫീല്‍ കോഴിക്കോട്, സഹദ് പാലക്കാട്, ഫൈസത്ത് കോയമ്പത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 6.30 മുതല്‍ 8.30വരെ നടക്കുന്ന പ്രബോധക സംഗമത്തില്‍ നാസര്‍ മുണ്ടക്കയം മുഖ്യപ്രഭാഷണം നടത്തും. 8.30ന് കുടുംബസംഗമത്തിന് മന്‍സൂര്‍ ഒതായി നേതൃത്വം നല്‍കും.

ഞായറാഴ്ച രാവിലെ ഒന്‍പതിന് തുടങ്ങുന്ന പ്രമേയ സമ്മേളനത്തില്‍ അബ്ദുസ്സലാം മദനി മുഖ്യപ്രഭാഷണം നടത്തും. ഹാഫിദുര്‍റഹ്മാന്‍ പുത്തൂര്‍, ശരീഫ് ബാംഗ്ലൂര്‍ പഠനക്ലാസുകള്‍ നയിക്കും. 11.30 മുതല്‍ 1.30വരെ നടക്കുന്ന വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.സന്ധ്യാറാണി ഉദ്ഘാടനം ചെയ്യും. മിനിമോള്‍ നിസാം, ശമീര്‍ ഫലാഹി, മുഹമ്മദ് സ്വലാഹി പ്രസംഗിക്കും. ഉച്ചയ്ക്ക് 2.30ന് മതം വേദം മനുഷ്യന്‍ എന്ന വിഷയത്തില്‍ നടക്കുന്ന പഠനസംഗമത്തില്‍ ബശീര്‍ പട്ടേല്‍ത്താഴം, സഹദ് പാലക്കാട്, ഫൈസല്‍ നിലമ്പൂര്‍ നേതൃത്വംനല്‍കും.

വൈകീട്ട് പൊതുസമ്മേളനം ജില്ലാ കലക്ടര്‍ പി ജെ തോമസ് ഉദ്ഘാടനം ചെയ്യും. കേരള ഹൗസ് ഫെഡ് ചെയര്‍മാന്‍ അഡ്വ. ഇബ്‌റാഹീംകുട്ടി, അബ്ദുല്‍ഗനി സ്വലാഹി, ഷറഫുദ്ദീന്‍ നിബ്രാസ്, ഇബ്‌റാഹീം മാസ്റ്റര്‍, ഐ എസ് എം സെക്രട്ടറി സുഹൈല്‍ സാബിര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ വൈ സാദിഖ്, ജന.കണ്‍വീനര്‍ എസ് ഇര്‍ശാദ് സ്വലാഹി, ശറഫുദ്ദീന്‍ നിബ്രാസ്, എസ് അബ്ദുസ്സലാം, ശഫീഖ്, അബ്ദുസ്സലാം പൂയപ്പള്ളി പങ്കെടുത്തു.
Read More

സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ റിവ്യൂ പ്രകാശനം ചെയ്തു



റിയാദ് : സൗദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സൊസൈറ്റി ഓഫ് മെമ്മൊറൈസിംഗ് ദി ഹോളി ഖുര്‍ആന്‍' റിയാദ് ഘടകത്തിന്റെ മേല്‍നോട്ടത്തില്‍, സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച അഞ്ചാമത് സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ പൂര്‍ണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ചിത്രങ്ങള്‍ അടങ്ങുന്ന പുസ്തകവും സമ്മാനദാന സമ്മേളനത്തിന്റെ വീഡിയോ സി.ഡിയും ക്ലാസിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക പരിപാടിയില്‍ പുറത്തിറക്കിയിട്ടുണ്ട്. സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുറഹീമിന് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാഷിം റിവ്യൂ പുസ്തകം നല്‍കിയും ശിഫ അല്‍ജസീറ റിയാദ് മാനേജര്‍ അഷ്‌റഫ് വേങ്ങാടിന് റിയാദ് സെന്റര്‍ വൈസ് പ്രസിഡന്റ് ശരീഫ് പാലത്ത് വീഡിയോ സി.ഡി. നല്‍കിയുമാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ആറാംഘട്ട ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ സമ്മാനദാനപരിപാടിയെക്കുറിച്ച് അഷ്‌റഫ് മരുതവിശദീകരിച്ചു. അഷ്‌റഫ് സഫാമക്ക, പി.വി.അബ്ദുറഹ്മാന്‍ അല്‍ഹുദ ഗ്രൂപ്പ്, ഫസല്‍ സിറ്റി ഫ്‌ളവര്‍, സി.പി.മുഹമ്മദ്, ഷാജി ആല പ്പുഴ, മൊയ്തീന്‍കോയ, കുന്നുമ്മല്‍ കോയ, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍, സൈനുല്‍ ആബിദ് ടി.എസ്, ഗഫൂര്‍ മാവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു, സൈദലവി സ്വലാഹി വയനാട്, ഷാനിഫ് വാഴക്കാട്, ഷറഫുദ്ദീന്‍ എ.കെ എന്നിവര്‍ സംസാരിച്ചു.
Read More

സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ന്യു സനഇയ്യ ഏരിയാ കമ്മിറ്റി രൂപീകരിച്ചു



റിയാദ് : 'അനശ്വര ശാന്തിയുടെ ആദര്‍ശപാത' എന്ന പ്രമേയത്തെ ആസ്പദിച്ച് സൗദിയിലുടനീളം നടന്നുവരുന്ന അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായി സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴില്‍ ന്യു- സനഇയ്യ ഏരിയാ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡണ്ടായി അബ്ദു റസാഖും ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ സലീമും ട്രഷറര്‍ ആയി അഹ്മദ് ചാലിശേരിയും ചുമതലയേറ്റു. വൈസ് പ്രസിഡണ്ടായി എം.കെ. അബ്ദുറഹ്മാനേയും, ജോ. സെക്രട്ടറിയായി ഷാഹുല്‍ ഹമീദിനെയും തിരഞ്ഞെടുത്തു. 

അബ്ദു സമദ്, ഹബീബ് മുഹമ്മദ് , ഉമര്‍ കണ്ണൂര്‍, നസീര്‍ കോഴിക്കോട്, അബ്ദു റസാഖ് , മുഹമ്മദ് ഖാന്‍ ജമാലുദ്ദീന്‍, നിഷാദ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരെഞ്ഞെടുത്തു. ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ശാനിഫ് വാഴക്കാട്, ശറഫുദ്ദീന്‍ കടലുണ്ടി എന്നിവര്‍ യോഗം നിയന്ത്രച്ചു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റിയാദ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് മരുത സനഇയ്യ ഏരിയാ കമ്മിറ്റിക്ക് ആശംസകള്‍ അറിയിച്ചു. യോഗത്തില്‍ കെ.എന്‍.എം. വയനാട് ജില്ലാ സെക്രട്ടറി സയ്യിദ് അലി സ്വലാഹി ഉദ്‌ബോധന പ്രസംഗം നടത്തി.
Read More

ഖുര്‍ആന്‍ ഗ്ലോബല്‍ തജ്‌വീദ് മത്സരം: സമ്മാനങ്ങള്‍ വിതരണം ചെയ്തു





കുവൈത്ത് സിറ്റി: അന്തര്‍ദേശീയാടിസ്ഥാനത്തില്‍ കേരള ഇസ്‌ലാഹി ക്ലാസ്‌റൂം നടത്തിയ ഖുര്‍ആന്‍ ഗ്ലോബല്‍ തജ്‌വീദ് മത്സരത്തില്‍ കുവൈത്തില്‍ നിന്ന് വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ സാല്‍മിയ പ്രൈവറ്റ് എജുക്കേഷണല്‍ ഹാളില്‍ സംഘടിപ്പിച്ച സംഗമത്തില്‍ വെച്ച് ശംസുദ്ധീന്‍ ഖാസിമി വിതരണം ചെയ്തു. കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ദീനാ മുഹമ്മദ് ഷരീഫ്, മൂന്നാം സ്ഥാനം നേടിയ ബിഷാറ ബഷീര്‍, മുതിര്‍ന്നവരില്‍ രണ്ടാം സ്ഥാനം നേടിയ നഷീദ റഷീദ് എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. മത്സരത്തില്‍ കുവൈത്തില്‍ നിന്ന് മൂന്ന് പേരാണ് വിജയികളായത്. പരിപാടിയില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി ക്ലാസ്‌റൂം കുവൈത്ത് അഡ്മിന്‍ ടി.എം അബ്ദുറഷീദ്, മുര്‍ഷിദ് മുഹമ്മദ് അരീക്കാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Read More

Wednesday, October 19, 2011

മദ്രസ കെട്ടിടത്തിന് തറക്കല്ലിട്ടു

കൊടുവള്ളി: ഓമശ്ശേരിയില്‍ പുതുതായി നിര്‍മിക്കുന്ന മുജാഹിദ് മദ്രസ കെട്ടിടത്തിന് IIM ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ തറക്കല്ലിട്ടു. ഇ.കെ. ഉണ്ണിമോയി അധ്യക്ഷത വഹിച്ചു. അബ്ദുള്‍സത്താര്‍ കൂളിമാട് മുഖ്യപ്രഭാഷണം നടത്തി. സി.പി. അബ്ദുല്‍അസീസ് സ്വലാഹി, പി. അബ്ദുല്‍ മജീദ് മദനി, എ.കെ. മൂസ, വി.കെ. കോയാലി, കെ.കെ. മുഹമ്മദ്, പി.എം. അബ്ദുറഷീദ് എന്നിവര്‍ പ്രസംഗിച്ചു. ഇ.കെ. ഷൗക്കത്ത് സ്വാഗതവും കെ.കെ. റഫീഖ് നന്ദിയും പറഞ്ഞു.
Read More

Tuesday, October 18, 2011

'ദ മെസേജ്' മെഡിക്കല്‍ എക്‌സിബിഷന്‍ ആരംഭിച്ചു




ഫറോക്ക്: എം.എസ്.എം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോണ്‍ ഫാറൂഖ് കോളേജില്‍ നടത്തുന്ന 'ദ മെസേജ്' ഇസ്‌ലാമിക് മെഡിക്കല്‍ എക്‌സിബിഷന്‍ തുടങ്ങി. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഡോ. എം.പി. മുസ്തഫ അധ്യക്ഷതവഹിച്ചു. ബാംഗ്ലൂരിലെ ഡിസ്‌കവര്‍ ഇയാം പ്രസിഡന്റ് ഒമര്‍ഷെരീഫ് മുഖ്യാതിഥിയായിരുന്നു. രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുള്‍ അസീസ്, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഇ.പി. ഇമ്പിച്ചിക്കോയ, കെ. ഹര്‍ഷിത്, സി. മരക്കാരുട്ടി, മാനു, കെ.എല്‍. അബൂബക്കര്‍, നൂറുദ്ദീന്‍ കുട്ടി, ബദറുദ്ദീന്‍, സസീര്‍ചാലിയം, ഷാജഹാന്‍, ഡോ. മുബശീര്‍, അസ്‌ലം കുനിയില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രദര്‍ശനം 20-ന് സമാപിക്കും.
Read More

Monday, October 17, 2011

മലയാളി സമ്മേളനം : പ്രചരണ പൊതുയോഗം സംഘടിപ്പിച്ചു



ദോഹ: ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പൊതുയോഗം സംഘടിപ്പിച്ചു. 'ഖത്തറിലെ തൊഴില്‍ നിയമങ്ങള്‍' എന്ന വിഷയത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് അഡ്വ. നിസാര്‍ കൊച്ചേരി മറുപടി നല്‍കി. നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയിലാണ് സമ്മേളനം. തൊഴിലുടമയും തൊഴിലാളികളും നിയമങ്ങളെയും കരാറുകളെയും ധാര്‍മികകോണിലൂടെ വീക്ഷിച്ചാല്‍ മാത്യകാപരമായ ഒരു തൊഴില്‍സംസ്‌കാരം നിലനില്‍ക്കുമെന്ന് നിസാര്‍ കൊച്ചേരി പറഞ്ഞു. ധാരാളം ചൂഷണങ്ങള്‍ നിലനില്‍ക്കുന്ന ഒരു മേഖല എന്ന നിലയില്‍ രേഖകളില്‍ ഒപ്പ് വെക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ അവയുടെ ഉളളടക്കം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍ഫസ് നന്‍മണ്ട പ്രഭാഷണം നടത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന്‍സിന്റെ പ്രസിഡണ്ട് എ.കെ. മണികണ്ഠന്‍ ആശംസകള്‍ അര്‍പ്പിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. പി.സെഡ് അബ്ദുല്‍വഹാബ് സ്വാഗതവും അബ്ദുസലാം മുണ്ടോളി നന്ദിയും പറഞ്ഞു.
Read More

ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം പരസ്പര വിശ്വാസമില്ലായ്മ: സി.എം. മൗലവി

ജിദ്ദ: വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന വിശ്വാസവഞ്ചന അധികരിച്ചത് മാനുഷികബന്ധങ്ങള്‍ തകരാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് പ്രശസ്ത പണ്ഡിതനും കേരള ജംഇയ്യത്തുല്‍ഉലമ വൈസ് പ്രസിഡണ്ടുമായ സി.എം. മൗലവി ആലുവ അഭിപ്രായപ്പെട്ടു. വിശ്വാസിയെ കുറിച്ച് ഒരാള്‍ക്ക് വിശ്വാസവും പ്രതീക്ഷയും പ്രത്യാശയും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഇസ്‌ലാം ആദരിക്കപ്പെടുകയും ജനങ്ങളിലേക്ക് വളരെവേഗം പ്രവേശിക്കുകയും ചെയ്യുമെന്നതിന് ചരിത്രം സാക്ഷിയാണ്. എന്നാല്‍ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. അല്‍ഹുസാം ഹജ്ഗ്രൂപിന്റെ അമീറായി എത്തിയ അദ്ദേഹം ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു. ദാരിദ്ര്യമല്ല മറിച്ച് വഴിവിട്ട ബന്ധങ്ങളും വിശ്വാസ്യതയില്ലായ്മയുമാണ്‌ഐ.ടി ഉള്‍പ്പടെയുള്ള സമൂഹത്തിലെ ഉന്നതശ്രേണിയില്‍ ഉള്ളവരില്‍ പ്രകടമായ ദാമ്പത്യതകര്‍ച്ച വ്യക്തമാക്കുന്നത്. ഇണയുടെ ഉയര്‍ന്ന യോഗ്യതയും ശമ്പളവും വരെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടത്രെ. മാതാപിതാക്കളുടെ സ്വത്തിന്റെ സംരക്ഷകരാവേണ്ടവരാണ് മക്കള്‍. ഇവിടെ സമ്പാദിക്കുന്നത് പല ഗള്‍ഫ്കുടുംബങ്ങളും ആര്‍ഭാടകരമായി കളഞ്ഞുകുളിക്കുന്നത് പല പ്രവാസികളെയും ഇവിടെ നിത്യവാസികളാക്കിയിരിക്കുന്നു. കളവ് നിര്‍ലോഭം പറയുന്നത് കൊണ്ടാണ് ഇടക്ക് സത്യം പറയുമ്പോള്‍ ദൈവത്തെ പിടിച്ചു സത്യം ചെയ്യേണ്ടിവരുന്നത്. അതോടെ അത് വരെ പറഞ്ഞത് സത്യമല്ലാതാവുന്നു. വിശ്വസ്തയുടെ ഈ പുണ്യനാട്ടില്‍ പോലും കരിഞ്ചന്തയും വഞ്ചനയും വളരുന്നു. വിശ്വസ്യത ഇല്ലാത്ത മുഖം നഷ്ടപ്പെട്ടരായി സമൂഹം മാറിയിരിക്കുന്നു. ഖുര്‍ആന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ട പോലെ ഓരോ വിശ്വാസിയും ജീവിതത്തില്‍ വിശ്വാസ്യത നിലനിര്‍ത്താനും ഇടപാടുകളില്‍ വിശ്വസ്തത പുലര്‍ത്താനും ശ്രദ്ധിക്കണമെന്നും സി.എം ആഹ്വാനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധ്യക്ഷനായിരുന്നു. നൗഷാദ് കരിങ്ങനാട് സ്വാഗതവും അബ്ദുല്‍ കരീം സുല്ലമി നന്ദിയും പറഞ്ഞു.
Read More

ഫോക്കസ് ജിദ്ദ വൃക്കരോഗ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു



ജിദ്ദ: വൃക്ക രോഗത്തെ തുടക്കത്തിലേ കണ്ടെത്തി നിയന്ത്രിക്കുന്നതിന് ഫോക്കസ് ജിദ്ദയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ കാമ്പയിനും സൗജന്യ വൃക്കരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അല്‍ അബീറ് മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് കിഡ്‌നി ഏര്‍ളി ഇവാല്യവേഷന്‍ (Kidney Early Evaluation - KEE) എന്ന കര്‍മ്മപദ്ധതി സംഘടിപ്പിക്കുക. കാമ്പയിനിന്റെ ഔപചാരിക ഉദ്ഘാടനം 2011 ഒക്ടോബര്‍  21 ന് വെള്ളിയാഴ്ച വൈകുന്നേരം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടക്കും. പ്രാരംഭ ഘട്ടത്തിലേ തിരിച്ചറിഞ്ഞാല്‍ വൃക്കരോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാം. കുറഞ്ഞ ചെലവില്‍ ഇത് സാധ്യവുമാണ്. വൃക്കരോഗത്തെ തുടക്കത്തിലേ തിരിച്ചറിയാന്‍ ശരിയായ ബോധവത്കരണത്തിലൂടെ സാധിക്കും. ഫോക്കസ് ഒരുക്കുന്ന കാമ്പയിനില്‍ ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികളും ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ സൗജന്യ വൃക്കരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പുകളും നടത്തും. കൂടാതെ, ലഘുലേഖ വിതരണം, വീഡിയോ പ്രദര്‍ശനം തുടങ്ങിയവയും സഘടിപ്പിക്കും. ജിദ്ദയിലെ മുഴുവന്‍ പ്രവാസികളെയും ഈ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ പരിശോധനക്ക് വിധേയമാക്കുകയാണ് ലക്ഷ്യം. വൃക്കരോഗത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിന് www.saveyourkidney.org എന്ന വെബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ saveyourkidney എന്ന പേരില്‍ ഫേസ്ബുക്ക് പേജും തയ്യാറാക്കും. ജിദ്ദയിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് അല്‍ അബീര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ആറ് മാസ കാലയളവിനുള്ളില്‍ സൗജന്യമായി വൃക്കരോഗ സ്‌ക്രീനിങ്ങ് നടത്താനുള്ള സംവിധാനം ഒരുക്കും. തുടര്‍ വിദ്യാഭ്യാസ ബോധവല്ക്കരണ പരിപടികളും സംഘടിപ്പിക്കും.ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും സഹായഹസ്തം നീട്ടാന്‍ അല്‍ -അബീര്‍ പോളിക്ലിനിക്കുകള്‍ തയ്യാറാണെന്ന് അല്‍ -അബീര്‍ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് ആലുങ്കല്‍ അറിയിച്ചു. 2030 ആവുമ്പോഴേക്കും ഇന്ത്യ ഡയബറ്റിക് ക്യാപിറ്റല്‍ ആയി മാറുമെന്നും 75% വൃക്കരോഗങ്ങള്‍ക്കും അടിസ്ഥാനകാരണമാവുന്നത് പ്രമേഹവും രക്തസമ്മര്‍ദ്ദവുമാണെന്നും ഫോക്കസ് ജിദ്ദ സി.ഇ.ഒ പ്രിന്‍സാദ് പയ്യാനക്കല്‍ പറഞ്ഞു. 


ഖത്തര്‍, യു എ ഇ, റിയാദ് എന്നിവിടങ്ങളിലും ഫോക്കസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ക്യാമ്പയിന്‍ ആരംഭിക്കും. കേരളത്തില്‍ പത്തോളം ജില്ലാ കേന്ദ്രങ്ങളെ കൂട്ടിയിണക്കി കൊണ്ട് മൊബൈല്‍ ഡയഗനോസ്റ്റിക് ലാബുകള്‍ ഉള്‍ക്കൊള്ളുന്ന ഐ.എസ്.എം മെഡിക്കല്‍ കെയറിന്റെ ആഭിമുഖ്യത്തില്‍ സ്‌പോട്ട് കിഡ്‌നി പ്രോഗ്രാം എന്ന പദ്ധതിയുടെ പൈലറ്റ് ക്യാമ്പുകള്‍ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നടന്നു കഴിഞ്ഞു. ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ എറ്റെടുക്കുന്നതിന് കൂടുതല്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ 21നു നടക്കുന്ന സൌജന്യ വൃക്കരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0556519374, 0553914145, 0564413527, 0507163883 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. അല്‍ അബീര്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ മുഹമ്മദ് ആലുങ്കല്‍, മാര്‍ക്കറ്റിങ്ങ് മാനേജര് ഇമ്രാന്‍, തുടങ്ങിയവരും ഫോക്കസ് ജിദ്ദയെ പ്രതിനിധീകരിച്ച് സി.ഇ.ഒ പ്രിന്‍സാദ് പയ്യാനക്കല്‍, മറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍മാരായ മുബഷിര്‍, സി.എച്ച് ജലീല്‍. ഷക്കീല്‍ ബാബു, മുബാറക്ക്, ഷിനൂണ്‍ ബക്കര്‍ എന്നിവരും ഫോക്കസ് ജിദ്ദയുടെ ഉപദേശക സമിതി അംഗങ്ങളായ ബഷീര്‍ വള്ളിക്കുന്ന്, സലാഹ് കാരാടന്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Sunday, October 16, 2011

എം.എസ്.എം. മെഡിക്കല്‍ എക്സിബിഷന്‍ നാളെ മുതല്‍



കോഴിക്കോട്: എം.എസ്.എം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോണ്‍ സംഘടിപ്പിക്കുന്ന 'ദ മെസേജ്' മെഡിക്കല്‍ പ്രദര്‍ശനം ഒക്ടോബര്‍ 17 മുതല്‍ 20 വരെ ഫാറൂഖ് കോളേജില്‍ നടക്കും. ആന്തരാവയവവ്യവസ്ഥ പ്രദര്‍ശിപ്പിക്കും. 17-ന് വൈകിട്ട് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. IIM ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിക്കും. ഡോ. അബ്ദു സലാം (vc കാലികറ്റ് യുനിയ്സിറ്റി) മുഖാഥിതി ആയിരിക്കും. ഉമര്‍ ശരീഫ് ബാഗ്ലൂര്‍ (പ്രസി:ഡിസ്കവര്‍ ഇസ്ലാം ബാംഗ്ലൂര്‍) പ്രഭാഷണം നടത്തും. 
Read More

ബഹ്‌റൈന്‍ ഇസ്‌ലാഹി സെന്റര്‍ ആദര്‍ശ സംഗമം 21 ന്



മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആദര്‍ശ സംഗമവും അവാര്‍ഡ് ദാന സമ്മേളനവും ഒക്‌ടോബര്‍ 21 ന് മനാമ പാക്കിസ്താന്‍ ക്ലബില്‍ നടക്കും. വൈകീട്ട് 5.30ന് നടക്കുന്ന പരിപാടിയില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി, ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂര്‍കെ.എം. ജാബിര്‍ എന്നിവര്‍ പങ്കെടുക്കും. റമദാനില്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലും ക്വിസ് മത്സരത്തിലും വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും പരിപാടിയില്‍ വിതരണം ചെയ്യും.
Read More

ഫോക്കസ് റിയാദ് നിലവില്‍ വന്നു



റിയാദ്: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്കസ് ഇന്റര്‍നാഷണലിന്റെ സൗദിയിലെ രണ്ടാമത്തെ ബ്രാഞ്ച് 'ഫോക്കസ് റിയാദ്' നിലവില്‍ വന്നു. അധാര്‍മികതയുടെ അധിനിവേശത്തിന്റെ അടിമകളായി മാറുന്ന യുവതയെ ധര്‍മ്മത്തിന്റെ പാതയിലേക്ക് പ്രയാണം ചെയ്യിക്കേണ്ടദൗത്യമാണ് ഫോക്കസ് റിയാദ് ഏറ്റെടുത്തിരിക്കുന്നത്. സാഹോദര്യം, സ്രഷ്ടാവിനോടുള്ള അനുസരണം, സമൂഹത്തോടുള്ള ബൗദ്ധികവും വൈകാരികവുമായ കടപ്പാട്, ഐക്യം, സേവനം, എന്നിവയാണ് 'ഫോക്കസ് റിയാദ്' ഉയര്‍ത്തിപ്പിക്കുന്ന മുദ്രാവാക്യം. യുവ തലമുറയെ ക്രിയാത്മക പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുക, സമൂഹ നന്മക്ക് യുവാക്കളെ പ്രാപ്തരാക്കുക, ജന സേവന രംഗത്ത് സാന്നിധ്യമറിയിക്കുക, വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ മാര്‍ഗനിര്‍ദേശം നല്‍കുക ആരോഗ്യ പരിരക്ഷണ രംഗത്ത് സജീവ പങ്കാളിത്തം ഉറപ്പുവരുത്തുക, കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുക, തുടങ്ങിയവയാണ് ഫോക്കസ് റിയാദിന്റെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. 

ഫോക്കസ് റിയാദിന്റെ സി.ഇ.ഒ. ആയി സിറാജുദ്ദീന്‍ കാസര്‍കോടിനെയും അഡ്മിനിസ്‌ട്രേറ്റീവ് മാനേജറായി റഷീദ് വടക്കനെയും തെരഞ്ഞെടുത്തു. ഡപ്യൂട്ടി സി.ഇ.ഒ. ആയി ഷംസുദ്ദീന്‍ ശ്രീകണ്ഠപുരം,അഡ്മിനിസ്‌ട്രേറ്റീവ് കോഓര്‍ഡിനേറ്റര്‍മാരായി അശ്‌റഫലി തൊടികപുലം, ശംസുദ്ദീന്‍ മദനി എന്നിവരെയും വിവിധ വകുപ്പ് മാനേജര്‍മാരായി അബ്ദുല്‍ റസാക്ക് മദനി, സലീം ചാലിയം, ബഷീര്‍ ഒളവണ്ണ, എന്‍.വി. മുഹമ്മദ് തെയ്‌സീര്‍ അരീക്കോട്, ബഷീര്‍ ആലുവ, സൈഫുദ്ദീന്‍ എടവണ്ണ, ഫയാസ് താനൂര്‍, അബ്ദുസ്സമദ് പളിക്കല്‍, ബദറുദ്ദീന്‍ പുളിക്കല്‍, ശംസീര്‍ ചെറു വാടി എന്നിവരെയും തെരഞ്ഞെടുത്തു.
Read More

Saturday, October 15, 2011

വിമന്‍സ്‌ കോഡ്‌ ബില്‍: സ്‌ത്രീവിരുദ്ധ നിര്‍ദേശങ്ങള്‍ തള്ളിക്കളയണം -ഐ എസ്‌ എം ബധിര വനിതാ സമ്മേളനം



മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദിഷ്‌ട വിമന്‍സ്‌ കോഡ്‌ ബില്ലിലെ നിര്‍ദേശങ്ങള്‍ മനുഷ്യന്റെ ജൈവിക അസ്‌തിത്വം ചോദ്യം ചെയ്യുന്നതാകയാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ ഐ എസ്‌ എം സംസ്ഥാന സമിതിക്കു കീഴിലുള്ള ദ ട്രൂത്ത്‌ സംഘടിപ്പിച്ച `ഡഫ്‌ വിമന്‍സ്‌ കോണ്‍ഫറന്‍സ്‌' അഭിപ്രായപ്പെട്ടു. 

ഒന്നും രണ്ടും കുട്ടികളില്‍ കൂടുതലുള്ളവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള നീക്കം നടക്കുന്നുണ്ട്‌. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അധികാര കേന്ദ്രങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള ഗൂഢലക്ഷ്യം ഇതിന്റെ പിന്നിലുണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. റിപ്പോര്‍ട്ടിലെ സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സത്രീകള്‍ ഒന്നടങ്കം തള്ളിക്കളയണം. ബധിര വനിതകളുടെ വിദ്യാഭ്യാസ-തൊഴില്‍ പുരോഗതിക്കായി സമഗ്ര പാക്കേജ്‌ നടപ്പിലാക്കണമെന്നും പൊതു-സ്വകാര്യ മേഖലകളില്‍ അന്ധ-ബധിര വിഭാഗങ്ങള്‍ക്ക്‌ തൊഴില്‍ സംവരണത്തിന്‌ നടപടികളുണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

മുന്‍ മന്ത്രിയും കോഴിക്കോട്‌ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവുമായ എം ടി പത്മ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എം ജി എം സംസ്ഥാന സെക്രട്ടറി മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷതവഹിച്ചു. ഐ എസ്‌ എം സംസ്ഥാന ഭാരവാഹികളായ ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ ഇയ്യക്കാട്‌, ദ ട്രൂത്ത്‌ ഡഫ്‌ വിംഗ്‌ കണ്‍വീനര്‍ എസ്‌ എ കഫീല്‍, ഹംസ മൗലവി പട്ടേല്‍താഴം, ശാഹിദ്‌ മുസ്‌ലിം, ബഷീര്‍ അഹ്‌മദ്‌, അബ്‌ദുറസാഖ്‌ പ്രസംഗിച്ചു. 
Read More

ഐ എസ്‌ എം പ്രവര്‍ത്തകര്‍ ആശുപത്രി പരിസരം ശുചീകരിച്ചു



തളിപ്പറമ്പ്‌: ഗാന്ധിജയന്തി ദിനത്തില്‍ ഐ എസ്‌ എം പ്രവര്‍ത്തകര്‍ താലൂക്ക്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ ആശുപത്രി പരിസരം ശുചീകരിച്ചു. ആശുപത്രി പി ആര്‍ ഒ സ്‌മിത ആശംസ നേര്‍ന്നു. ഐ എസ്‌ എം ജില്ലാ പ്രസിഡന്റ്‌ അശ്‌റഫ്‌ മമ്പറം അധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ജലീല്‍ ഒതായി, ശഫീഖ്‌ മമ്പറം, കെ എന്‍ എം മണ്ഡലം സെക്രട്ടറി പി ടി പി മുസ്‌തഫ, വി സുലൈമാന്‍, അബ്‌ദുല്ലക്കുട്ടി മടക്കര, എം പി നിസാമുദ്ദീന്‍ പ്രസംഗിച്ചു. 
Read More

സംഘടനകള്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളണം -ഡോ. എം അബ്‌ദുസ്സലാം



മഞ്ചേരി: വര്‍ത്തമാനകാല ആശയപ്രചാരണത്തിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ എല്ലാ സംഘടനകളും ഉള്‍ക്കൊള്ളണമെന്നും കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കണമെന്നും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. എം അബ്‌ദുസ്സലാം പ്രസ്‌താവിച്ചു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കമ്മിറ്റി മഞ്ചേരി എയ്‌സ്‌ പബ്ലിക്‌ സ്‌കൂളില്‍ സംഘടിപ്പിച്ച സംസ്ഥാന ദ്വിദിന നേതൃശില്‍പശാലയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള എല്ലാ ആധുനിക രീതികളും സ്വീകരിച്ച്‌ ശാസ്‌ത്രീയമായ സംഘടന പ്രവര്‍ത്തനമാണ്‌ കാലം തേടുന്നത്‌. നിരന്തരമായ പഠനങ്ങളും സുവിശക്തമായ കാഴ്‌ചപ്പാടുകളും ഇതിന്‌ ആവശ്യമാണ്‌. മുജാഹിദ്‌ പ്രസ്ഥാനം ഇക്കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധ മാതൃകാപരമാണ്‌. 

ശില്‍പശാലയില്‍ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ.കെ അഹമ്മദ്‌കുട്ടി അധ്യക്ഷതവഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ ദേശീയ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രഭാഷണം നടത്തി. ക്യാമ്പ്‌ ഡയറക്‌ടര്‍ ഡോ. പി.പി അബ്‌ദുല്‍ഹഖ്‌, പ്രൊഫ. എന്‍.വി അബ്‌ദുറഹിമാന്‍, എയ്‌സ്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുനീറ എം കുട്ടി പ്രസംഗിച്ചു. 

വിവിധ സെഷനുകളില്‍ എ അസ്‌ഗറലി, ടി അബൂബക്കര്‍ നന്മണ്ട, ഐ.എസ്‌.എം പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍, സി.എ സഈദ്‌ ഫാറൂഖി, പി.ടി വീരാന്‍കുട്ടി സുല്ലമി, ഡോ. കെ അബ്‌ദുറഹിമാന്‍, ഡോ. കെ മുഹമ്മദ്‌ ബഷീര്‍, കെ.പി സക്കരിയ്യ, പ്രൊഫ. എം മുഹമ്മദ്‌ ത്വയ്യിബ്‌ സുല്ലമി, നൗഷാദ്‌ അരീക്കോട്‌, പി ലുഖ്‌മാന്‍, ബി.പി.എ ബഷീര്‍, അന്‍വര്‍ ബഷീര്‍ മങ്കട പ്രബന്ധങ്ങളവതരിപ്പിച്ചു. അനസ്‌ കടലുണ്ടി, പ്രൊഫ. എം ഹാറൂന്‍, ഡോ. പി മുസ്‌തഫ ഫാറൂഖി, ഡോ. ഫുഖാര്‍ അലി, അബൂബക്കര്‍ മദനി മരുത, ഡോ. വി കുഞ്ഞാലി, ജാബിര്‍ അമാനി, ഡോ. അബ്‌ദുല്‍മജീദ്‌, അബ്‌ദുല്‍ജലീല്‍ വയനാട്‌, ഇ.ടി ഫിറോസ്‌ ചര്‍ച്ചയില്‍ പങ്കെടുത്തു. 
Read More

ഡോ. ഹുസൈന്‍ മടവൂരിന്റെ മാതാവ് അന്തരിച്ചു

മടവൂര്‍: ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരിന്റെ മാതാവ് അലീമ ഹജ്ജുമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മനത്താംകണ്ടി അബൂബക്കര്‍കോയ. മറ്റ് മക്കള്‍: പി.കെ. സുലൈമാന്‍ (മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്), കുഞ്ഞിപ്പാത്തുമ്മ, ഖദീജ. മരുമക്കള്‍: കെ. അഹമ്മദ്കുട്ടി (പൈമ്പാലശ്ശേരി), വി.ടി. കോയിസ്സന്‍ (മുട്ടാഞ്ചേരി), പി. സല്‍മ, പരേതനായ മൈമൂന. പിതാവ്: പരേതനായ മുക്കത്ത് ഹുസൈന്‍ഹാജി.പരേതയെയും നമ്മെയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറകട്ടെ (ആമീന്‍).
Read More

Friday, October 14, 2011

സലാല ഇസ്ലാഹി സെന്റര്‍ പുതിയ ഓഫിസ് ഉദ്ഘാടനം ഒക്ടോബര്‍ 17 നു

സലാല: പ്രവര്‍ത്തന സൌകര്യത്തിനായി പുതിയ കെട്ടിടത്തിലേക്ക് മാറുന്ന സലാല ഇസ്ലാഹി സെന്റര്‍ ഓഫിസിന്ടെ ഉദ്ഘാടനം ഒക്ടോബര്‍ 17  നു തിങ്കളാഴ്ച രാത്രി 8 മണിക്ക് പ്രമുഖ ചരിത്രകാരന്‍ എം.സി. വടകര നിര്‍വ്വഹിക്കും. ടൌണിലുള്ള സോണിക് കമ്പ്യുട്ടറിനു മുന്‍വശം അല്‍ ബാക്കര്‍ കൊമേഴ്സ്യല്‍ മാര്‍ക്കടിനു മുകളിലാണ് പുതിയ ആസ്ഥാനം. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിടന്റ്റ് നാസര്‍ പെരിങ്ങത്തൂര്‍ ജന.സെക്രട്ടറി അസ്ലം കിഴൂര്‍ എന്നിവര്‍ അറിയിച്ചു.  
Read More

ഖത്തര്‍ മലയാളിസമ്മേളനം: ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി



ദോഹ:നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് മെഡിക്കല്‍കോളേജിന് കീഴിലുള്ള മെഡിക്കല്‍ എയ്ഡ് സെന്ററിനുള്ള മൊബൈല്‍ ഡയഗ്‌നോസിസ് യൂണിറ്റിലേക്കുള്ള ആദ്യഗഡു ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ബിന്‍മഹ്മൂദ് യൂണിറ്റ് പ്രതിനിധി എം.എ. റസാഖില്‍ നിന്ന് റിലീഫ് വിങ് ചെയര്‍മാന്‍ ജി.പി. കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങി. 

രക്തപരിശോധനയിലൂടെ വൃക്കരോഗം മുന്‍കൂട്ടി കണ്ടെത്താവുന്ന മൊബൈല്‍ ഡയഗ്‌നോസിസ് യൂണിറ്റിന്റെ സേവനം കേരളത്തിലുടനീളം ലഭ്യമാവും. സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ 44358739 എന്ന നമ്പറിലോ ,info@malayaliconference.com,info@islahiqatar.org എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടേണ്ടതാണ്. മുന്‍ മലയാളി സമ്മേളനങ്ങളുടെ ഭാഗമായി കേരളത്തിലെ പാലിയേറ്റീവ് ക്ലിനിക്കുകള്‍ക്ക് നൂറിലേറെ വാട്ടര്‍ബെഡുകള്‍, 1000 രോഗികള്‍ക്ക് മരുന്നും ഭക്ഷണവും, പാവപ്പെട്ടവര്‍ക്ക് വീട് തുടങ്ങിയ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയിരുന്നു.
Read More

Thursday, October 13, 2011

ആറാം ഖത്തര്‍ മലയാളി സമ്മേളനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു



ദോഹ: നവംബര്‍ 17, 18 തീയതികളില്‍ മുന്‍തസ അബൂബക്കര്‍ സിദ്ദിഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ 18ന് രാവിലെ ആരംഭിക്കുന്ന പഠനക്യാമ്പിലേക്കാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. ബിന്‍മഹ്മൂദ് ഇസ്‌ലാഹി സെന്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സമ്മേളന സ്വാഗതസംഘം രക്ഷാധികാരി എ.കെ.ഉസ്മാന്‍, വൈസ് ചെയര്‍മാന്‍ കെ.കെ.സുധാകരന് കൂപ്പണ്‍ നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. 

'ധാര്‍മികതയിലൂടെ അനശ്വരശാന്തി' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി നിരവധി കലാകായിക മല്‍സരങ്ങള്‍ക്ക് സംഘാടകസമിതി രൂപം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കായി കഥാരചന, മലയാള പ്രതിഭാ മത്സരം, 16 വയസ്സിന് മുകളിലുള്ള ലോകത്തിന്റെ ഏതു ഭാഗത്തുള്ള മലയാളികള്‍ക്കും പങ്കെടുക്കാവുന്ന പ്രബന്ധ രചനാ മല്‍സരം, ഫുട്‌ബോള്‍, വോളിബോള്‍, കമ്പവലി തുടങ്ങിയ ഇനങ്ങളിലായി കായിക മല്‍സരങ്ങള്‍ അടുത്ത ദിവസങ്ങളിലായി നടക്കും. 

മത്സരങ്ങളെക്കുറിച്ചും സമ്മേളനത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് 44416422/33572989 എന്നീ ഫോണ്‍ നമ്പറുകളിലും info@malayaliconference.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടുക.
Read More

Tuesday, October 11, 2011

വനിതാ കോഡ് ബില്‍ : വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം : ചര്‍ച്ചാ സമ്മേളനം



കൊച്ചി : മനുഷ്യപ്പറ്റില്ലാത്തതും അശാസ്ത്രീയവും അനീതി നിറഞ്ഞതും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ് ഗവണ്‍മെന്റിന് സമര്‍പ്പിക്കപ്പെട്ട വിമന്‍സ് കോഡ് ബില്ലെന്നും വിവാദ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തരുതെന്നും ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ആവശ്യപ്പെട്ടു. വിഭവ ദൗര്‍ബല്യത്തിന്റെ പേര് പറഞ്ഞ് കുട്ടികളുടെ ജനിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ജനങ്ങള്‍ ഭാരമാണെന്നും ആളുകള്‍ കുറയുന്നതാണ് വികസനത്തിനും പുരോഗതിക്കും നല്ലതെന്ന മാല്‍തൂസിയന്‍ തിയറിയെ അംഗീകരിക്കുന്ന രണ്ട് കുട്ടികളില്‍ കൂടുതല്‍ ജനിച്ചാല്‍ പിഴയൊടുക്കണമെന്നും അവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കവകാശമില്ലെന്നും അയോഗ്യത കല്‍പിക്കുമെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ശിക്ഷിക്കണമെന്നുമുള്ള പ്രതിലോമ നിര്‍ദേശങ്ങളുള്‍ക്കൊള്ളുന്ന ബില്‍ പിന്‍വലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഫ്രൈഡേ ക്ലബ്ബ് ഹാളില്‍ നടന്ന ചര്‍ച്ചാസമ്മേളനം ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള വിഭവങ്ങള്‍ മെച്ചപ്പെടുത്താതെ വിഭവ ശേഖരണ വിനിമയ വിതരണരംഗം നീതിയിലധിഷ്ഠിതവും കുറ്റമറ്റതുമാക്കാതെ ദാരിദ്രത്തിന്റെ പേര് പറഞ്ഞ് കുട്ടികളുടെ ജനിക്കാനുള്ള അവകാശത്തെ നിയന്ത്രിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ വിഭവശേഷിയായ മനുഷ്യവിഭവശേഷിയെ ഇല്ലാതാക്കി രാജ്യത്തെ നാശത്തിലേക്ക് നയിക്കാന്‍ മാത്രമേ വഴിയൊരുക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.   ഈ ബില്ല് കുട്ടികളുടെയും സ്ത്രീകളുടെയും രക്ഷക്കല്ല, ശിക്ഷക്കാണെന്നും തലമുറയെ കൊന്നൊടുക്കി വൃദ്ധന്മാരുടെ രാജ്യം സൃഷ്ടിക്കാനുള്ളതാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്ന ഇതിലെ നിര്‍ദേശങ്ങളെ അംഗീകരിക്കാനാവില്ലെന്നും ഫാദര്‍ പോള്‍ തേലക്കാട്ടില്‍ പറഞ്ഞു.


ഇസ്‌ലാഹി സെന്റര്‍ ചെയര്‍മാന്‍ എം. സലാഹുദ്ദീന്‍ മദനി അദ്ധ്യക്ഷത വഹിച്ചു. ഫോറം ഫോര്‍ ഫ്രറ്റേര്‍നിറ്റി സെക്രട്ടറി ഡോ. കെ.കെ. ഉസ്മാന്‍, എം.എം. ബഷീര്‍ മദനി, അബ്ദുല്‍ ഗനി സ്വലാഹി, എം.കെ. ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു. 
Read More

മാധ്യമ മേഖലയിലെ ജനപക്ഷ ബദലുകള്‍ സജീവമാക്കുക: യുവത‌ യൂത്ത് പാര്‍ലമെന്റ്



അല്‍കോബാര്‍: സാമൂഹ്യ ബാധ്യതകളില്‍ നിന്നും ഒഴിഞു മാറി കമ്പോളത്തിലെ വെറും ഉല്പന്നങ്ങള്‍ മാത്രമായി മുഖ്യധാരാ മാധ്യമങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍, പ്രധിരോധത്തിന്റെ ഇടപെടലുകളായി മാറാന്‍ പുതിയ ബദലുകള്‍ വളര്‍ന്നു വരേണ്ടതുണ്ടെന്ന് യുവത അല്‍കോബാര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് ആഹ്വാനം ചെയ്തു. ആനുകാലികവും സാമൂഹിക പ്രസക്തങ്ങളുമായ വിഷയങ്ങളില്‍ വ്യതസ്ത മുഖ്യധാര സംഘടനകളുടെ നയ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് അവരുടെ പ്രതി നിധികള്‍ വിഷയങ്ങള്‍വതരിപ്പിച്ച് ചര്‍ച്ച ചെയ്യുകയും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുകയും ചെയ്യുന്ന സം‌വാദ വേദികളായാണ്‌ യൂത്ത് പാര്‍ലമെന്റുകള്‍ നടത്തപ്പെടുന്നത്. 

അല്‍കോബാര്‍ റഫ ക്ലിനിക് ആഡിറ്റോറിയത്തില്‍ നടന്ന യൂത്ത് പാര്‍ലമെന്റില്‍ ഫാറൂഖ് സ്വലാഹി (ഇസ്‌ലാഹി സെന്റര്‍), കുഞ്ഞി മുഹമ്മദ് കടവനാട് (കെ എം സി സി), അഷ്‌റഫ് സലഫി കാരക്കാട്(യൂത്ത് ഇന്ത്യ), സഫറുള്ള (തേജസ്) എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമ്മാം ഘടകം വൈസ് പ്രസിഡന്റ് ഷൈജു എം.സൈനുദ്ദീന്‍ സ്പീക്കറായിരുന്നു. സര്‍ക്കുലേഷന്റെ വേലിക്കെട്ടുകള്‍ക്കപ്പുറത്തേയ്ക്ക് വ്യാപിക്കാന്‍ കഴിയുന്ന ബ്ലോഗുകള്‍, സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവയുടെ സാധ്യതകള്‍ ഗുണകരമായി ഉപയോഗപ്പെടുത്തിക്കൊണ്ടും, ജനപക്ഷ മാധ്യമങ്ങള്‍ സജീവമാക്കിയും കുത്തകകളായ പാശ്ചാത്യ സംസ്കാരത്തിന്റെ കുഴലൂത്തുകാരും പ്രചാരകരുമായ മാധ്യമങ്ങള്‍ക്ക് ബദലുകള്‍ തീര്‍ക്കാന്‍ സാധിക്കും. അത് ഒരു സാമൂഹ്യ ബാധ്യതയായി ഏറ്റെടുക്കാന്‍ നാം തയ്യാറാകണമെന്നും യൂത്ത് പാര്‍ലമെന്റ് പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിഷയവതരണങ്ങള്‍ക്ക് ശേഷമുള്ള സീറോ അവറില്‍ പ്രേക്ഷകര്‍ വിവിധ സംഘടനാ സാരഥികളോട് നേരിട്ട് സം‌വദിച്ചു.യുവത അല്‍കോബാര്‍ ഘടകം പ്രസിഡന്റ് ഷംസുദീന്‍ ഉളിയില്‍ ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് റാഫി, ഷബീര്‍ വെള്ളാടത്ത്, മുഹമ്മദ് യൂസുഫ് കൊടിഞ്ഞി എന്നിവര്‍ നേത്യത്വം നല്‍കി.
Read More

ഹജ്ജ്‌ സമര്‍പ്പണത്തിന്‍റെ സന്ദേശം : ശംസുദ്ധീന്‍ പാലക്കോട്

കണ്ണൂര്‍: ദൈവിക നിയമങ്ങള്‍ക്ക്‌ വിധേയപ്പെട്ട്‌ ജീവിക്കാമെന്ന സമര്‍പ്പണത്തിന്റ സന്ദേശമാണ്‌ ഹജ്ജിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്ന്‌ കെ എന്‍ എം കണ്ണൂര്‍ ജില്ല സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട്‌ പറഞ്ഞു. കണ്ണൂര്‍ സലഫി ദഅ്‌വ സെന്ററില്‍ നടന്ന ഹജ്ജ്‌ പഠനക്ലാസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരെല്ലാം ഒന്നാണ്‌ എന്ന സമഭാവന സൃഷ്‌ടിച്ചെടുക്കാന്‍ ഹജ്ജിലൂടെ സാധിക്കുന്നു. മനുഷ്യബന്ധങ്ങള്‍ നന്നാക്കാനും സാമ്പത്തിക വിശുദ്ധി കൈവരിക്കാനും ഹജ്ജ്‌ അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. പി ഹംസ മൗലവി ക്ലാസ്സെടുത്തു. 
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...