Showing posts with label കുവൈത്ത് ഇസ്‌ലാഹി സെന്റര്‍. Show all posts
Showing posts with label കുവൈത്ത് ഇസ്‌ലാഹി സെന്റര്‍. Show all posts

Sunday, December 30, 2012

IIC അബ്ബാസിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു


കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അബ്ബാസിയ യൂണിറ്റ് 2013 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അയ്യൂബ് ഖാന്‍ (പ്രസിഡന്റ്), എഫ്. അബൂബക്കര്‍ (വൈസ് പ്രസിഡന്റ്), നഹാസ് മങ്കട (ജനറല്‍ സെക്രട്ടറി), എഞ്ചി. ജംഷിദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ബദറുദ്ധീന്‍ പുളിക്കല്‍ (ട്രഷറര്‍), സിദ്ധീഖ് മദനി, അബ്ദുറസ്സാഖ് ചെമ്മണൂര്‍, വി.എ മൊയ്തുണ്ണി, പി.വി.അബ്ദുല്‍ വഹാബ്, എന്‍.കെ.മുഹമ്മദ്, എന്‍.കെ.റഹീം, ഒ.ആലിക്കോയ (കേന്ദ്ര കൗണ്‍സിലന്മാര്‍) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍. മറ്റ് വകുപ്പ് 

സെക്രട്ടറിമാര്‍- : സകരിയ്യ കണ്ണൂര്‍ (പബ്ലിക്കേഷന്‍, ലൈബ്രറി), അബ്ദുല്‍ നാസര്‍ മുട്ടില്‍ (ദഅ്‌വ), അഫ്‌സല്‍ മാറഞ്ചേരി (ഖ്യു.എല്‍.എസ്), പി.എ.ഹംസ (ഹജ്ജ്, ഉംറ). ഷംസുദ്ദീന്‍ ഖാസിമി, ടി.എം അബ്ദുറഷീദ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Read More

Sunday, June 03, 2012

നവയാഥാസ്ഥിതികര്‍ കേരള മുസ്ലിം നവോത്ഥാനത്തിന് അപമാനം: IIC കുവൈറ്റ്

കുവൈറ്റ്: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഒരു നൂറ്റാണ്ടു കാലം പട നയിച്ച ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പേരില്‍ സമൂഹം കൈയൊഴിഞ്ഞ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൊടി തട്ടിയെടുത്ത് പുനരാനയിക്കാന്‍ ചില തല്പര കക്ഷികള്‍ നടത്തി കൊണ്ടിരിക്കുന്ന ഗൂഢശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സമാന മനസ്കരായ ഇസ്ലാഹി പ്രവര്‍ത്തകരുടെ കൂട്ടായ്മയും യോജിപ്പും സാധ്യമാകേണ്ടതുണ്ടെന്ന് ഐ ഐ സി കേന്ദ്ര സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു. 


അടിസ്ഥാന ആദര്‍ശങ്ങളെപ്പോലും പരിരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഒരു വിഭാഗം ജിന്ന് സേവയിലേക്കും പ്രമാണ വിരുദ്ധമായ അത്യാചരങ്ങളിലേക്കും കൂപ്പുകുത്തിയിരിക്കുകയാണ്. ഒരു നൂറ്റാണ്ടിന്റെ നവോത്ഥാന പൈതൃകം അവകാശപ്പെട്ടു കൊണ്ട് സംസ്ഥാന സമ്മേളനത്തിനൊരുങ്ങുന്നവര്‍ കടുത്ത യാഥാസ്ഥിതിക നിലപാടുകളിലേക്ക് തങ്ങളിലെ പ്രബല വിഭാഗം പിന്‍വാങ്ങുന്നതിനെ നിസ്സഹായതോടെ നോക്കിയിരിക്കുകയാണ്. നേരത്തെ ആദര്‍ശ വ്യതിയാനമെന്ന പുകമറ സൃഷ്‌ടിച്ച് മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ തന്നെയാണ് ഈ ആദര്‍ശ അട്ടിമറിക്ക് പിന്നിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സംഘടനയുടെ നിലവിലുള്ള പ്രതിസന്ധിഘട്ടത്തെ കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അകാലചരമത്തിനുള്ള രോഗാവസ്ഥയായി നിരീക്ഷിക്കുന്നവര്‍ക്ക് മറുപടി നല്കാന്‍ ഇസ്ലാഹി പ്രവര്‍ത്തകര്‍ക്ക് സാധിക്കേണ്ടതുണ്ട്. 


സമുദായത്തിന് പ്രകാശഗോപുരമായി നിന്ന പ്രസ്ഥാനത്തെ പൊതുസമൂഹത്തില്‍ പരിഹാസ്യമാക്കുന്ന യാഥാസ്ഥിതിക മുസ്ലിം നവോത്ഥാനത്തിന് അപമാനമാണ്. അറബ് സഹായങ്ങളുടെ മറവില്‍ സംഘടനയില്‍ ആധിപത്യവും സ്വാ‍ധീനവും സ്ഥാപിക്കാന്‍ ചില തല്പര കക്ഷികള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തണലേകിയ നേതൃത്വം നവോത്ഥാന പാരവശ്യങ്ങള്‍ക്ക് നിരക്കാത്ത അതിവാദങ്ങളുമായുള്ള ഇക്കൂട്ടരുടെ തേരോട്ടത്തിന് മുന്നില്‍ സ്തംഭിച്ചിരിക്കുകയാണ്. സംഘടന വാശിയുടെ പേരില്‍ ആദര്‍ശ രംഗത്ത് നടക്കുന്ന അട്ടിമറിയെ കണ്ടില്ല എന്ന് നടിക്കുന്നത് ഇസ്ലാഹി കേരളത്തോടുള്ള അവഹേളനമാണെന്നും കേരള മുസ്ലിം നവോത്ഥാനത്തിന് അപമാനമായ നവയാഥാസ്ഥിതികര്‍ പുറത്തു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Read More

Monday, January 09, 2012

IIC കുവൈറ്റ് വെളിച്ചം സമ്പൂര്‍ണ ഖുര്‍ആന്‍ പരീക്ഷ :പതിനേഴാംഘട്ട വിജയികളെ തെരെഞ്ഞെടുത്തു

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ നടത്തിവരുന്ന വെളിച്ചം സമ്പൂര്‍ണ ഖുര്‍ആന്‍ പരീക്ഷയിലെ പതിനേഴാം ഘട്ടത്തിലെ വിജയികളെ തെരെഞ്ഞെടുത്തു. പരീക്ഷയില്‍ അമ്പതോളം പേര്‍ മുഴുവന്‍ മാര്‍ക്ക് നേടിയവരാണ്. നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരെഞ്ഞെടുത്തത്.ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ യഥാക്രമം. സെക്കീന അബ്ദു റസാഖ് (കുവൈത്ത് സിറ്റി), എം.ടി മുഹമ്മദ് (ജലീബ്), റസിയ അഷ്‌റഫ് പുതിയപ്പറമ്പ് (സിറ്റി)ഇവര്‍ക്ക് കാഷ് അവാര്‍ഡുകളും സമ്മാനങ്ങളും ലഭിക്കും.

മുഹമ്മദ് അന്‍വര്‍ (ജലീബ്), മൊയ്തുണ്ണി (അബ്ബാസിയ), ഡോ. ഫാസില്‍ (ഹസ്സാവിയ), എസ്.എം. സാബിറ (ഫര്‍വാനിയ), ജുമാന പുതുശ്ശേരി എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. ഐ.ഐ.സിയുടെ അടുത്ത പൊതുപരിപാടിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് വെളിച്ചം സെക്രട്ടറി ടി.എം അബ്ദുറഷീദ് അറിയിച്ചു.
Read More

Friday, December 30, 2011

IIC കുവൈറ്റ് സംഘടിപ്പിക്കുന്ന പഠന ക്ലാസ് നാളെ

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന പഠന ക്ലാസ് ഡിസംബര്‍ 31 ന് ശനിയാഴ്ച വൈകുന്നേരം 7.30 മുതല്‍ 9.30 വരെ ജലീബിലെ ഇസ്‌ലാഹി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. 'സലഫു സ്വാലിഹുകള്‍' എന്ന വിഷയത്തില്‍ അബ്ദുള്ളക്കോയ തങ്ങളും, 'ഡൊമെസ്റ്റിക് മാനേജ്‌മെന്റ് ടിപ്‌സ്' എന്ന വിഷയത്തില്‍ നൗഷാദ് ചങ്ങനാശ്ശേരിയും ക്ലാസുകളെടുക്കും. പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷനായിരിക്കും. വിശദ വിവരങ്ങള്‍ക്ക് 24318471, 66171195 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Read More

Wednesday, December 28, 2011

കേരള വഖഫ് ബോര്‍ഡ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്: ഡോ. ഹുസൈന്‍ മടവൂര്‍



കുവൈത്ത് സിറ്റി: വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും മുസ്‌ലീം സമുദായത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക പുരോഗതിയിലും കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനത്താണെന്ന് വഖഫ് ബോര്‍ഡ് അംഗവും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിമായ ഡോ. ഹുസൈന്‍ മടവൂര്‍.. 

ഇത് ഒന്നിലധികം കേന്ദ്ര പാര്‍ലിമെന്റ് കമ്മറ്റികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജലീബിലെ ഇസ്‌ലാഹി ഓഡിറ്റോറിയത്തില്‍ കുവൈത്തിലെ വിവിധ മുസ്‌ലീം സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ സംഘടകളുടെയും മഹല്ല് കമ്മറ്റികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പതിനായിരത്തോളം വഖഫുകളാണ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വഖഫ് സ്വത്തുക്കള്‍ സമൂഹത്തിന് ഗുണപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ വഖഫ് ബോര്‍ഡ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്‍. വഖഫ് മുതവല്ലിമാരുടെ സംഗമങ്ങള്‍, വഖഫ് അദാലത്തുകള്‍, ബോധവല്‍കരണ ക്ലാസുകള്‍ എന്നിവ പ്രധാനമാണ്. വര്‍ഷത്തില്‍ 50 ലക്ഷം രൂപ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെ ലവഴിക്കുന്നു. ചികിത്സ, വിവാഹ സഹായം, പെന്‍ഷന്‍ പദ്ധതികള്‍, ലോണ്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്നീ പദ്ധതികളിലൂടെ വഖഫ് ബോര്‍ഡ് വലിയ സേവനം ചെയ്യുന്നു. മുസ്‌ലീം സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ എല്ലാ സംഘടകളും സ്ഥാപനങ്ങളും മഹല്ല് കമ്മറ്റികളും മുന്നോട്ട് വണം.-അദ്ദേഹം ആവശ്യപ്പെട്ടു. 

സംഗമത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടകളെ പ്രതിനിധീകരിച്ച് നാസര്‍ ഗാലിബ് മശ്ഹൂര്‍ (ചെയര്‍മാന്‍, കെ.കെ.എം.സി.സി), മുഹമ്മദ് റാഫി നന്ദി (പ്രസിഡന്റ്, എം.ഇ.എസ്സ്), മന്‍സൂര്‍ (പ്രസിഡന്റ്, ഫ്രൈഡെ ഫോറം), ഫത്താഹ് തയ്യില്‍ (പ്രസിഡന്റ്, കെ.കെ.എം.എ), ബഷീര്‍ ബാത്ത (കള്‍ച്ചറര്‍ സെന്റര്‍), നൂറുദ്ധീന്‍ (മൂവാറ്റുപ്പുഴ), ലബ്ബ, ഹുസൈന്‍ അത്തോളി, അഫ്‌സല്‍ (ഫ്രന്റ് ലൈന്‍), അലിമാത്ര, നൗഷാദ് ചങ്ങനാശ്ശേരി, മുസ്തഫ കാരി, ഇബ്രാഹിം ചൊവ്വല്ലൂര്‍, അസീസ് തിക്കോടി, അബ്ദുല്‍ അസീസ് തിക്കോടി, അബ്ദുല്‍ കലാം കോഴിക്കോട്, കുഞ്ഞഹമ്മദ് പേരാമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ വഹാബ് സ്വാഗതവും സിദ്ധീഖ് മദനി നന്ദിയും പറഞ്ഞു.
Read More

Monday, December 26, 2011

തൊഗാഡിയമാര്‍ ഇന്ത്യയെ നശിപ്പിക്കും: ഡോ. ഹുസൈന്‍ മടവൂര്‍



കുവൈത്ത് സിറ്റി: ഇന്ത്യനേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ക്രിസ്ത്യന്‍, മുസ്‌ലീം വോട്ട് ബാങ്കുകളാണെന്നും അവ ഇല്ലായ്മ ചെയ്യാന്‍ ഹിന്ദു സമൂഹം മുന്നോട്ട് വരണമെന്ന് വിശ്വഹിന്ദ് പരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ നടത്തിയ പ്രസ്താവന ഇന്ത്യയെ നശിപ്പിക്കുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മതം ധാര്‍മ്മികത നവോത്ഥാനം എന്ന പ്രമേയവുമായി ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ. എസ്സ്. എം) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ചുവരുന്ന കാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയയിലെ മിനിസ്ട്രി ഓഫ് എജ്യുക്കേഷണല്‍ ഹാളില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം ശാന്തിയും സമാധാനവുമാണെന്ന സത്യം മറന്നുകൊണ്ടാണ് മതത്തിന്റെ പേരില്‍ തൊഗാഡിയമാര്‍ സംസാരിക്കുന്നത്. വര്‍ഗ്ഗീയതക്കും വിഭാഗീയതയ്ക്കും മൂര്‍ച്ച കൂട്ടാന്‍ പരമത വിദ്വേഷം പരത്തുകയാണ് അവര്‍. ഇന്ത്യയില്‍ ഭാരതീയ സനാതന ധര്‍മ്മങ്ങള്‍ അനുഷ്ടിച്ച് പോന്ന നിരവധി മുനിമാരും മഹര്‍ഷിമാരും ജീവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ബുദ്ധമതവും ചൈന മതവും ജന്മമെടുത്തു. പിന്നീട് ജൂത•ന്‍മാരും ക്രിസ്ത്യാനികളും മുസ്‌ലീകളും ഇന്ത്യയിലെത്തി. അവരെയൊക്കെ മനസ്സറിഞ്ഞ് സ്‌നേഹിക്കുകയും അവര്‍ക്കെല്ലാം ആവശ്യമായത് ചെയ്തുകൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ഉണ്ടായിരുന്നത് എന്ന് അഭിനവ ഹിന്ദുത്വം അവകാശപ്പെടുന്ന തൊഗാഡിയമാര്‍ അറിയണം . 

 മഹാത്മാ ഗാന്ധിയുടെ വധം മുതല്‍ അജ്മീര്‍, മാലേഗാവ്, ഹൈദരാബാദ്, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്‌ലീംകള്‍ക്കെതിരെ ഭീകരാക്രമണങ്ങള്‍ വരെ ആസൂത്രണം ചെയ്തത് പുതിയ ഹിന്ദുത്വ വാദികളാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. തീവ്രവാദം ഏത് വിഭാഗത്തില്‍ നിന്ന് ഉണ്ടായാലും ആക്ഷേപിക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയതവും ഭൂരിപക്ഷ വര്‍ഗ്ഗീയതയും എന്ന് പറഞ്ഞ് അതിലേതെങ്കിലുമൊന്ന് വെള്ളപൂശാനുള്ള ശ്രമം അനുവദിക്കാന്‍ പാടില്ലാത്തതാണ്. എല്ലാ മത വിഭാഗങ്ങളും വളരെ ഐക്യത്തോടുകൂടി ജീവിച്ചു പോരുന്ന കേരളത്തിന്റെ മണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യമുഴുവനും വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ മാത്രം രൂക്ഷതയുള്ള തൊഗാഡിയതയുടെ പ്രസ്താവനക്കെതിരെ എല്ലാ മതേതര ജനാതിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. വിവിധ മതത്തില്‍പ്പെട്ട ആളുകള്‍ക്കിടയിലും ഒരേ മതത്തില്‍പ്പെട്ട വിവിധ വിഭാഗങ്ങള്‍ക്കിടയിലും അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന സഘര്‍ഷങ്ങള്‍ പുതിയ തലമുറയെ മതത്തില്‍ നിന്ന് അകറ്റാനേ ഉപകരിക്കൂ. ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള ശുപാര്‍ശകരും ഇടയാളന്‍മാരുമായി രംഗത്തുവരുന്ന പുരോഹിതന്‍മാരും ആത്മീയ നേതാക്കളും ആള്‍ ദൈവങ്ങളും ചൂഷകരാണെന്ന് എല്ലാ മത വിഭാഗങ്ങളും മനസ്സിലാക്കണം. മതം നിലനിന്നാലെ ധാര്‍മ്മികത പുലരുകയുള്ളൂ. മതത്തിന്റെയും ധാര്‍മ്മികയുടെയും വീണ്ടെടുപ്പിനായി എല്ലാ സമൂഹങ്ങളും നവോത്ഥാന സംരഭങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

 സംഗമത്തില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷയായ വെളിച്ചം പതിനാറാം ഘട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ നഷീദാ റഷീദ് പെരുമ്പിലാവ്, മുര്‍ഷിദ് മുഹമ്മദ് അരീക്കാട്, റുബീന അബ്ദുറഹിമാന്‍ അരീക്കോട് നവംബര്‍ മാസത്തെ ഓണ്‍ ലൈന്‍ ഹദീസ് മത്സര വിജയി എം.ടി സുഹറ മുഹമ്മദ് എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അരിപ്ര പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ്, വെളിച്ചം വിജ്ഞാന പരീക്ഷ സെക്രട്ടറി ടി.എം അബ്ദുല്‍ റഷീദ്, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു. സംഗമം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
Read More

Thursday, December 22, 2011

ISM കാമ്പയിന്‍ പ്രഭാഷണവും വെളിച്ചം സംഗമവും നാളെ


Read More

Thursday, November 17, 2011

കുഞ്ഞുങ്ങളിലെ പരിവര്‍ത്തനം രക്ഷിതാക്കളുടെ ലാളനാ തോതിനനുസരിച്ച് : ഖലീല്‍ അടൂര്‍



കുവൈറ്റ് : നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ചു രക്ഷിതാക്കളില്‍ നിന്നുള്ള ലാളനാ തോതനുസരിച്ചായിരിക്കും അവരിലെ കര്‍മ്മങ്ങളെന്നു  ഖലീല്‍ അടൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ അബ്ബാസിയ റിഥം ഓടിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ 'പാരന്റിംഗ് ടിപ്സ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മനാ ഓരോ വ്യക്തികളിലുള്ള കഴിവുകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കണം. കുട്ടികളുടെ ആവശ്യാനുസരണം പൂര്‍ണ്ണമായി കീഴൊതുങ്ങാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുതേണ്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു. 

സമാധാനത്തിന്‍റെ ഇടമായ വീടുകളില്‍ അത് അന്വര്‍ത്ഥമാകുന്നത് വിശുദ്ധ വചനങ്ങളുടെ തനിപ്പകര്‍പ്പായ ജീവിതത്തിലൂടെയാണെന്നും ഭാര്യാഭര്‍തൃ സ്നേഹബന്ധം വിള്ളലുകളില്ലാതെ മുന്നോട്ടു പോകാന്‍ തുറന്ന മനസ്സുകള്‍ക്കെ സാധ്യമാവൂ എന്നും 'സൌഭാഗ്യ കുടുംബം, ഇസ്ലാമിക സംഭാവനകള്‍' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത സയ്യിദ് അബ്ദുല്‍റഹ്മാന്‍ സൂചിപ്പിച്ചു. ഐ ഐ സി കേന്ദ്ര പ്രസിഡന്റ്‌ എം ടി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് സ്വാഗതം പറഞ്ഞു. 

Read More

Tuesday, September 20, 2011

തഹ്ഫീദുല്‍ ഖുര്‍ആന്‍ ആരംഭിച്ചു


കുവൈത്ത്: ഐഐസി കുവൈത്ത് അബൂഹലീഫ യൂണിറ്റിന് കീഴില്‍ ഖുര്‍ആന്‍ മന:പാഠ കേന്ദ്രം ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ പത്തര വരെ റിഖയില്‍ വെച്ചാണ് ക്ലാസ്സുകള്‍ നടക്കുക. നഴ്‌സറി തലം തൊട്ട് ഏത് പ്രായക്കാരായ കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാകും. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി ഹൃദ്യസ്ഥമാക്കുന്നതിനുള്ള പാഠ്യപദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 

ഓണ്‍ലൈന്‍ റജിസ്രേറ്റ്ഷന് ബന്ധപ്പെടുക www.iickuwait.org/hifdh
Read More

Wednesday, August 31, 2011

ആറ് വയസ്സുകാരിക്ക് ഖുര്‍ആന്‍ മന:പാഠ മത്സരത്തില്‍ ഒന്നാം സ്ഥാനം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ മന:പാഠ വകുപ്പായ അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ മന:പാഠ മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ ഒന്നാം സ്ഥാനം ആറ് വയസ്സുകാരി സുന്‍ദുസ് ഹാരിസും (കോഴിക്കോട്), ജനിഫര്‍ ജമാലും (തൃശൂര്‍) സ്വന്തമാക്കി. രണ്ടു മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം മുഹ്‌സിന ബീഗം മൊയ്തുണ്ണി (കടവല്ലൂര്‍), ഷഹര്‍ബാന്‍ മുഹമദ് ബേബി (കുന്ദംകുളം) എന്നിവരും അര്‍ഹരായി. 

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഖലീലുറഹ്മാന്‍ സുബൈര്‍ (മാഹി), മുഹമ്മദ് മിഷാല്‍ (ചെമ്മനാട്), എം.ടി മുഹമ്മദ് താനൂര്‍ എന്നിവരും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എം.ഇ.എസ് ജനര്‍ല്‍ സെക്രട്ടറി അഷ്‌റഫ് അയ്യൂര്‍ , ഡോ. അബ്ദുറഹിമാന്‍, അഡ്വ. അബ്ദുറസാഖ് പയ്യോളി, നൗഷാദ് ചങ്ങനാശേരി എന്നിവര്‍ വിതരണം ചെയ്തു. അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഫറോക്ക്, മനാഫ് മാത്തോട്ടം എന്നിവര്‍ പരിപാടികര്‍ക്ക് നേതൃത്വം നല്‍കി.
Read More

MSM ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടത്തി



കുവൈത്ത് : മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് നാട്ടിലും വിദേശങ്ങളിലുമായി റമദാനില്‍ നടത്തിവരുന്ന ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയുടെ 15-മത് പരീക്ഷ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ കുവൈത്തിലും സംഘടിപ്പിച്ചു. മാഇദ, ദുഖാന്‍, ജാസിയ എീ സൂറത്തുകളായിരുന്നു പരീക്ഷ ഭാഗം. പ്രായ ഭേദമന്യേ നിരവധി പേരാണ് പരീക്ഷയില്‍ പങ്കെടുത്തത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് എം.എസ്.എം കോര്‍ഡിനേറ്റര്‍ എന്‍.കെ റഹീം മാറഞ്ചേരി, മനാഫ് മാത്തോട്ടം എിവര്‍ നേതൃത്വം നല്‍കി.
Read More

ഇഫ്താര്‍ വിരുന്നും പ്രഭാഷണവും നടത്തി



കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയയിലെ മിനിസ്ട്രി ഓഫ് പ്രൈവറ്റ് എജ്യൂക്കേഷണല്‍ ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മുഹമ്മദ് അരിപ്ര മുഖ്യപ്രഭാഷണം നടത്തി. മാസ്റ്റര്‍ ഇര്‍ഷാദ് മുഹമ്മദ്, ഐ.ഐ.സി. പ്രസിഡന്റ് എം.ടി.മുഹമ്മദ്, മനാഫ് മാത്തോട്ടം, സാല്‍മിയ ശാഖ ജനറല്‍ സെക്രട്ടറി ഫൈസല്‍ വടകര എന്നിവര്‍ സംസാരിച്ചു.
Read More

Thursday, August 25, 2011

പവിത്രമായ മാസത്തില്‍ പുണ്യം നുകരാന്‍ മത്സരിക്കുക : മുഹമ്മദ് അലി (സുഡാന്‍)


കുവൈത്ത്: പുണ്യപൂക്കാലങ്ങളുടെ ഈ പവിത്ര മാസത്തില്‍ പുണ്യം നുകരുന്നതിന് ആത്മാര്‍ത്ഥമായി മത്സരിക്കാന്‍ ഓരോ വ്യക്തിയും മുന്നോട്ട് വരണമെന്ന് കുവൈത്ത് ഔക്കാഫ് ജാലിയാത്ത് അഡ്മിനിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അലി (സുഡാന്‍) പറഞ്ഞു. മസ്ജിദുല്‍ കബീറില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ വിരുന്നില്‍ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണ്. വിശുദ്ധ ഖുര്‍ആന്‍ വരച്ച് കാണിച്ച പാതയിലൂടെയുള്ള നമ്മുടെ പ്രയാണത്തിന് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും. സംഘടനാ പ്രവര്‍ത്തനം നമുക്ക് ഊര്‍ജ്ജവും ആശ്വാസവും ഉണ്ടാക്കിതരും. മുഹമ്മദ് അലി വിശദീകരിച്ചു. 

സംഗമത്തില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷയായ വെളിച്ചം പതിനാലാമതില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ സാബിറ കോഴിക്കോട്, റംല ഉമ്മര്‍ കുട്ടി വടക്കേക്കാട്, നസ്‌റി കുഞ്ഞഹമ്മദ് എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡുകളും സമ്മാനങ്ങളും മുഹമ്മദ് അലി, റാഫി നന്തി, ഹിലാല്‍ ടയോട്ട എന്നിവര്‍ വിതരണം ചെയ്തു. ദി ട്രൂത്ത് കുവൈത്ത് ചാപ്റ്റര്‍ ഡയറക്ടര്‍ സയ്യിദ് അബ്ദുറഹിമാന്‍, അബ്ദുല്‍ നാസര്‍ മുട്ടില്‍ എന്നിവര്‍ സംസാരിച്ചു. ഐ.ഐ.സി പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.എ മൊയ്തുണി, മൊയ്തീന്‍ മൗലവി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. വെളിച്ചം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് സലഫി, ടി.എം അബ്ദുറഷീദ്, മനാഫ് മാത്തോട്ടം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


Read More

Monday, August 08, 2011

വിവേചനരഹിതമായ സാമൂഹ്യ സാഹചര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കും: സതീഷ് സി. മേത്ത, ഇന്ത്യന്‍ അംബാസഡര്‍


കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമവും സ്‌നേഹ വിരുന്നും ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി. മേത്ത ഉദ്ഘാടനം ചെയ്തു. കുവൈത്തില്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായി ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. ഇസ്‌ലാഹി സെന്ററുകള്‍ പോലുള്ള സംഘടനകള്‍ പ്രവാസികള്‍ക്കിടയില്‍ നിര്‍വ്വഹിച്ചുവരുന്ന സേവനങ്ങള്‍ പ്രശംസനീയമാണ്. ഇഫ്ത്വാര്‍ മീറ്റുകള്‍ക്കും മറ്റും സമൂഹത്തില്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാനും, വിവേചന രഹിതമായ സാമൂഹ്യ സാഹചര്യങ്ങള്‍ ഒരുക്കാനും സാധിക്കും. ഇന്ത്യന്‍ സമൂഹം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന സാംസ്‌കാരികവും ധാര്‍മികവും ജീവകാരുണ്യപരവുമായ എല്ലാ സേവനങ്ങളേയും അദ്ദേഹം പ്രശംസിച്ചു. 

ഇഫ്ത്വാര്‍ മീറ്റില്‍ ആശംസകള്‍ അര്‍പിച്ചുകൊണ്ട് പ്രമുഖ ചിന്തകന്‍ ഡോ. മൂസ അല്‍ മസീദി സംസാരിച്ചു. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസത്തെ വൃതം കൊണ്ട് അലങ്കാരപ്പെടുത്തിയ ദൈവം തമ്പുരാന്‍ ശാശ്വതമായ സമാധാനവും ശാന്തിയുമാണ് ഇതിലൂടെ പ്രധാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ദൈവികമെന്നതിന് അതിന്റെ ഓരോ വചനത്തിലൂടെയും കണ്ടെത്താവുന്നതാണ്. നാമാണ് നിങ്ങളെ സൃഷ്ടിച്ചത് ആരാധനകള്‍ എന്നോട് മാത്രമേ പാടുള്ളൂ എന്ന അല്ലാഹുവിന്റെ വചനത്തെപ്പോലെ ഒരു വചനം മറ്റു ദൈവമെന്ന് അവകാശപ്പെടുന്നവര്‍ക്ക് കാണിക്കാന്‍ സാധ്യമല്ല. സംഗമത്തില്‍ ക്ലാസെടുത്ത ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ഉപാധ്യക്ഷ്യന്‍ മുനീര്‍ സലഫി വിശദീകരിച്ചു. വൃതം മനുഷ്യ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിക്കുകയും ഏകദൈവാരാധന കൂട്ടിയുറപ്പിക്കുകയും ചെയ്യുന്നുവെന്ന് ക്ലാസെടുത്ത അബ്ദുല്‍ നാസര്‍ മുട്ടില്‍ സൂചിപ്പിച്ചു. 

സിദ്ധീഖ് വലിയകത്ത്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഡോ. അമീര്‍, എഞ്ചി. മന്‍സൂര്‍, അലിമാത്ര, റിയാസ് അയനം എന്നിവര്‍ സംബന്ധിച്ചു. ഐ.ഐ.സി പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സലഫി, അബ്ദുല്‍ വഹാബ്, സയ്യിദ് അബ്ദുറഹിമാന്‍, അബ്ദു റഹീം, മുഹമ്മദ് അരിപ്ര സംസാരിച്ചു. സമൂഹ നോമ്പു തുറയില്‍ സമൂഹത്തിലെ വിവിധ തുറയിലുള്ളവര്‍ പങ്കെടുത്തു.
Read More

Monday, August 01, 2011

അഹ്‌ലന്‍ റമദാന്‍ പഠന ക്യാമ്പ് സംഘടിപ്പിച്ചു



കുവൈത്ത് : മുസ്‌ലീം സമൂഹം റമളാന്‍ മുന്നോട്ട് വെക്കുന്ന ആത്മീയവും സാംസ്‌കാരികവുമായ സവിശേഷതകളെ ഉള്‍കൊള്ളാന്‍ മുന്നോട്ട് വരേണ്ടതുണ്ടെന്ന് മൗലവി അബ്ദുല്‍ നാസര്‍ മുട്ടില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച അഹ്‌ലന്‍ റമദാന്‍ പഠന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയത ആഘോഷമാകുന്ന ലോകത്ത് അര്‍ത്ഥവത്തായ മാതൃക സൃഷ്ടിക്കാന്‍ റമളാനിന് സാധിക്കും. ജീവിതത്തെ ഭൗതികമായി മാത്രം സമീപിച്ചതിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന ലോകത്തിന് വഴിയും ആശ്വാസവും നല്‍കാന്‍ സാധിക്കുന്ന രീതിയില്‍ റമളാനിനെ സമീപിക്കാന്‍ മുസ്‌ലീം ലോകത്തിന് സാധിക്കേണ്ടതുണ്ടെന്നും അബ്ദുല്‍ നാസര്‍ വിശദീകരിച്ചു. 


പരിശുദ്ധ റമളാനിലൂടെ മലീമസമായ ജീവിത രീതികളെയും ആധുനികയുടെ അവിശുദ്ധ കൂട്ടുകെട്ടുകളെയും കയ്യൊഴിഞ്ഞ് ഹൃദയ വിശുദ്ധി നേടുന്നതിനായി ഇനിയുള്ള കാലം വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങളിലൂടെ പോരാടുവാന്‍ സമൂഹം തയ്യാറാകണമെന്ന് സയ്യിദ് അബ്ദുറഹിമാന്‍ സൂചിപ്പിച്ചു. ഐ.ഐ.സി പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.എ മൊയ്തുണ്ണി, പി.വി അബ്ദുല്‍ വഹാബ് സംസാരിച്ചു.
Read More

Wednesday, July 27, 2011

ഇസ്‌ലാഹി സെന്റര്‍ ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമം ആഗസ്റ്റ് 5 ന് അബ്ബാസിയ കമ്മൂണിറ്റി ഹാളില്‍

കുവൈത്ത് : ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമം ആഗസ്റ്റ് 5 ന് വെള്ളിയാഴ്ച അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി എം.ടി മുഹമ്മദ്  ചെയര്‍മാനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ടി.എം.എ റഷീദ്, പി.വി അബ്ദുല്‍ വഹാബ്, സയ്യിദ് അബ്ദുറഹിമാന്‍, അയ്യൂബ് ഖാന്‍, സിദ്ധീഖ് മദനി എന്നിവരാണ് മറ്റു അംഗങ്ങള്‍. ഇഫ്ത്വാര്‍ സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. യോഗത്തില്‍ പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Read More

Thursday, July 21, 2011

ദി ട്രൂത്ത് ഇംഗ്ലീഷ് പ്രഭാഷണം

കുവൈത്ത് : ഇസ്‌ലാഹി സെന്ററിന്റെ കീഴിലുള്ള ദി ട്രൂത്ത് കുവൈത്ത് ചാപ്റ്റര്‍ ബെനിഫിറ്റ്‌സ് ഓഫ് ഈമാൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് പ്രഭാഷണം നാളെ  (21/07/2011. വ്യാഴം)   7 മണിക്ക് സാല്‍മിയ മലയാളം ഖുതുബ നടക്കുന്ന അബ്ദുല്ല അൽ ഉവൈബ് മസ്ജിദിൽ നടക്കും. സയ്യിദ് അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തും. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 65829673, 24337484
Read More

യാത്രയയപ്പ് നല്‍കി

കുവൈത്ത്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകനായ നസീര്‍ നന്മണ്ടയ്ക്ക് ഹസ്സാവിയ യൂണിറ്റ് യാത്രയയപ്പ് നല്‍കി. ഇസ്‌ലാഹി സെന്ററിന്റെ തുടക്കം മുതലേ സജ്ജീവ സാന്നിദ്ധ്യവും വിവിധ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട് നസീര്‍.
   നസീർ നന്മണ്ടയ്ക്ക് ഇസ്‌ലാഹി സെന്റര്‍ നല്‍കിയ യാത്രയയപ്പ്   

പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ചന്ദനക്കാവ്, റിയാസ് പുന്നശ്ശേരി, യൂ.പി മുഹമ്മദ് ആമിര്‍ സംസാരിച്ചു.
Read More

Friday, July 01, 2011

മുഹമ്മദ്‌ അരിപ്രയുടെ പ്രഭാഷണം ഇന്ന് 7നു കുവൈറ്റില്‍

കുവൈത്ത്: മലയാളിയുടെ കപട ആത്മീയതയെയും പെരുകുന്ന അന്ധവിശ്വാസങ്ങളെയും കുറിച്ച് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പൊതുപ്രഭാഷണം സംഘടിപ്പിക്കും. ജൂലായ് ഒന്നിന് വൈകീട്ട് ഏഴ് മണിയ്ക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ മുഹമ്മദ് അരിപ്ര മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തും.
Read More

Tuesday, May 17, 2011

മങ്കഫ് കുടുംബസംഗമം മെയ് 18 ന്

കുവൈത്ത്: മങ്കഫ് കുടുംബസംഗമം ഐ.ഐ.സി. കുവൈത്ത് അബൂഹലീഫ യൂനിറ്റ് സംഘടിപ്പിക്കുന്ന കുടുംബ സംഗമം മെയ് 18 ന് ബുധന്‍ വൈകു 7 ന് മങ്കഫ് ഓഡിറ്റോറിയത്തില്‍ നടക്കും. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, പിടി വീരാന്‍കുട്ടി സുല്ലമി എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. സ്തീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 55046236, 99216681
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...