Tuesday, August 28, 2012

MSM സംസ്ഥാന കൗണ്‍സില്‍ മീറ്റ് നാളെ


കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മുവ്‌മെന്റ് (എം എസ് എം) സംസ്ഥാന കൗണ്‍സില്‍ മീറ്റ് 29.8.2012 ന് കല്ലായ് മിഷ്‌കാത്തുല്‍ ഉലൂം കോളേജില്‍ വെച്ച് നടക്കും. 9.30 ന് തുടങ്ങുന്ന കൗണ്‍സില്‍ കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്യും. ഐ എസ് എം വൈസ് പ്രസിഡന്റ് ഐ പി അബ്ദുസ്സലാം, സെക്രട്ടറി ഹര്‍ഷിദ് മാത്തോട്ടം എന്നിവര്‍ പങ്കെടുക്കും. 

നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ ഭാഗമായി കാമ്പസ് യാത്ര, സൗത്ത് സോണ്‍ പര്യടനം തുടങ്ങി വിവിധ കര്‍മ പരിപാടികള്‍ക്ക് പ്രായോഗിക രൂപം നല്‍കുകയും സമ്മേളന ഒരുക്കങ്ങള്‍ കൗണ്‍സില്‍ വിലയിരുത്തുകയും ചെയ്യും. അടുത്ത 6 മാസക്കാലത്തേക്കുള്ള പ്രവര്‍ത്തനരൂപരേഖ കൗണ്‍സില്‍ തയ്യാറാക്കും. മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളും 9 മണിക്ക് എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.
Read More

സത്‌നം സിംഗിന്റെ ദുരൂഹ മരണം: സമഗ്രമായ അന്വേഷണം വേണം : ISM


കോഴിക്കോട് : അമൃതാനന്ദമയി ആശ്രമത്തില്‍ പിടിക്കപ്പെട്ട സത്‌നാം സിംഗിന്റെ ദുരൂഹ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മാനസിക രോഗിയായ യുവാവിനെ മരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരണം. ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നും സത്‌നാം സിംഗിന് പീഡനമേല്‍ക്കേണ്ടി വന്നതായ ആരോപണത്തിന്റെ നിജസ്ഥിതി അറിയണം. സ്‌നേഹവും സാന്ത്വനവും മാത്രം വഴിഞ്ഞൊഴുകുന്നു എന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന അമൃതാനന്ദമയീ മഠത്തില്‍ നടന്ന ഈ അനിഷ്ട സംഭവം കേരളത്തിന്റെ സാംസ്‌കാരിക പൊതുബോധത്തിനേറ്റ ക്ഷതമാണ്. ഭൂലോകത്ത് എന്ത്് സംഭവിച്ചാലും തീവ്രവാദത്തിന്റെ നിഴല്‍ കാണുന്നവരുടെ ഈ വിഷയത്തിലുള്ള പ്രതികരണം അറിയാന്‍ താല്‍പര്യമുണ്ടെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു. 

അസമില്‍ വീണ്ടും കൊലപാതകവും അക്രമവും തുടരുന്നതില്‍ ഐ എസ് എം സെക്രട്ടറിയേറ്റ് ആശങ്ക രേഖപ്പെടുത്തി. അക്രമം അമര്‍ച്ച ചെയ്യാന്‍ ഭരണകൂടം അമാന്തം കാണിക്കരുതെന്നും അസമിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്നും ഐ എസ് എം അഭി്രപായപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടികളുണ്ടാവണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, സുഹൈല്‍ സാബിര്‍, ഇ ഒ ഫൈസല്‍, മന്‍സൂറലി ചെമ്മാട്, ഇസ്മാഈല്‍ കരിയാട്, ശുക്കൂര്‍ കോണിക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Read More

Friday, August 24, 2012

MSM പബ്ലിക്ക് എക്‌സാമിനേഷന്‍ ഓണ്‍ ഖുര്‍ആനിക് സ്റ്റഡീസ് ആദ്യ റാങ്കുകള്‍ വനിതകള്‍ക്ക്


കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി 'ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം' റമദാന്‍ കാമ്പയിനോടനുബന്ധിച്ച് നടത്തിയ 16ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ആദ്യ മൂന്നു റാങ്കുകളും വനിതകള്‍ക്ക്. പ്രായഭേദമന്യെ ആയിരങ്ങള്‍ പങ്കെടുത്ത പരീക്ഷയില്‍ ഡോ. സുഹ്‌റ കാസര്‍ഗോഡ് ഒന്നാം റാങ്കിനര്‍ഹയായി. റൈഹാന കമാല്‍ പുളിക്കല്‍, സൈനബ സി വാഴക്കാട് എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടപ്പോള്‍ ഷാഹിദ അലി കൊടുവള്ളി മൂന്നാം റാങ്ക് കരസ്ഥമാക്കി. 

ഒന്നാം റാങ്ക് ജേതാവ് ഡോ. സുഹ്‌റ കാലിക്കറ്റ് മെഡിക്കല്‍ കോളേജ് മുന്‍ അസിസ്റ്റന്റ് പ്രൊഫസറും കാസര്‍ഗോഡ് കെയര്‍ വെല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരില്‍ ഒരാളുമാണ്. കാസര്‍കോട് നുള്ളിപ്പാടി സ്വദേശി ഡോ. അബ്ദുല്‍ ഹമീദിന്റെ ഭാര്യയാണ്. രണ്ടാം റാങ്ക് ജേതാവായ സൈനബ സി വാഴക്കാട് ചൂരപ്പട്ട സ്വദേശി മുഹമ്മദിന്റെ ഭാര്യയും ആക്കോട് ജി എല്‍ പി സ്‌കൂള്‍ അധ്യാപികയുമാണ്. റൈഹാന കമാല്‍ പുളിക്കല്‍ എ എം എം എച്ച് എസ് എസ് അധ്യാപകന്‍ മുസ്തഫ കമാലിന്റെ ഭാര്യയാണ്. മൂന്നാം റാങ്ക് ജേതാവ് ഷാഹിദ അലി കൊടുവള്ളി സ്വദേശിനിയും അലിഹാജിയുടെ ഭാര്യയുമാണ്. തബസ്സും എസ് എം (നാല്), ഷിയാസ് ടി പി (അഞ്ച്), റംല എ (ആറ്), ഡോ. സുലൈമാന്‍ (ഏഴ്), മുഹമ്മദ് ഇസ്ഹാഖ്് (എട്ട്), ഹസന്‍ സി പി (ഒന്‍പത്), തസ്‌ലീന, മുഹമ്മദ് ഇര്‍ഫാന്‍ അലി, സബിത ഷുഹൈബ് എന്നിവര്‍ പത്താം റാങ്കും കരസ്ഥമാക്കി. 

മുഴുവന്‍ പരീക്ഷാ ഫലങ്ങളും എം എസ് എം വെബ്‌സൈറ്റില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും 28 മുതല്‍ ലഭ്യമാകും. ഒന്നാം റാങ്ക് ജേതാവിന് മക്ക, മദീന സന്ദര്‍ശനവും ഉംറ നിര്‍വഹിക്കാനുള്ള അവസരവുമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ പത്ത് റാങ്കുകാര്‍ക്ക് സാക്ഷ്യപത്രവും ഗ്രന്ഥോപഹാരവും എം എസ് എം സെപ്തംബര്‍ 7,8,9ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസില്‍ വിതരണം ചെയ്യും. ഫലപ്രഖ്യാപന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത് അധ്യക്ഷത വഹിച്ചു. പരീക്ഷ കണ്‍ട്രോളര്‍ ഹാഫിസ് റഹ്മാന്‍ പുത്തൂര്‍ ഫലം പ്രഖ്യാപിച്ചു. ജന. സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സൈദ് മുഹമ്മദ്, ജൗഹര്‍ അയനിക്കോട്, ആഷിദ് ഷാ, ഫൈസല്‍ പാലത്ത്, യൂനുസ് ചേങ്ങര എന്നിവര്‍ സംസാരിച്ചു.
Read More

Wednesday, August 22, 2012

ഒളിംപ്യന്‍ ഇര്‍ഫാന് ഐ എസ് എമ്മിന്റെ ആദരം


അരീക്കോട്: ലണ്ടന്‍ ഒളിംപിക്‌സില്‍ ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ പത്താംസ്ഥാനം നേടി ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ച കുനിയില്‍ സ്വദേശി കെ ടി ഇര്‍ഫാനെ ഐ എസ് എം ആദരിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ ഉപഹാരം സമര്‍പ്പിച്ചു. യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും മാര്‍ഗ നിര്‍ദ്ദേശം നല്കാനും സാമൂഹിക സംഘടനകള്‍ മുന്നോട്ടുവരണമെന്നും ഒളിംപിക്‌സ് പോലുള്ള ദേശാന്തര മത്സരങ്ങളില്‍ മാറ്റുരക്കാന്‍ കഴിവുറ്റ നിരവധി പ്രതിഭകള്‍ കണ്ടെടുക്കപ്പെടാതെ പോകുന്നത് ദേശീയ നഷ്്ടമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

 ഇര്‍ഫാനെ പോലുള്ള സ്വന്തം അധ്വാനത്തിലൂടെ മുന്‍ നിരയിലേക്ക് വന്ന യുവ പ്രതിഭകളെ ആദരിക്കാനും ഇനിയും ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത താരങ്ങളെക്കുറിച്ച് ആലോചിക്കാനും ഗ്രാമീണ മേഖലകളില്‍ പ്രതിഭാ നിര്‍ണയത്തിന് സ്ഥിര സംവിധാനമൊരുക്കാനും സര്‍ക്കാരും സാമൂഹിക പ്രസ്ഥാനങ്ങളും മുന്നോട്ടുവരണമെന്നും കിനാലൂര്‍ ആവശ്യപ്പെട്ടു. ദൈവാനുഗ്രഹവും കഠിനാധ്വാനവും നാടിന്റെ പ്രാര്‍ഥനയും വിജയത്തിലേക്കെത്താന്‍ സഹായിച്ചു എന്ന് ഇര്‍ഫാന്‍ അനുസ്മരിച്ചു. പരിപാടിയില്‍ ഐ എസ് എം മണ്ഡലം ട്രഷറര്‍ അബ്്ദുല്‍ ഗഫൂര്‍ കുറുമാടന്‍, ജില്ലാ സെക്രട്ടറി ശാക്കിര്‍ബാബു കുനിയില്‍, പഞ്ചായത്ത് സെക്രട്ടറിയേറ്റംഗം കെ പി അബ്്ദുല്‍ ഹലീം തങ്ങള്‍ സംബന്ധിച്ചു.
Read More

Tuesday, August 21, 2012

സമത്വ സന്ദേശമാണ് ലോകം തേടുന്നത്: ഹുസൈന്‍ മടവൂര്‍


പൊന്നാനി: മനുഷ്യര്‍ക്കിടയിലെ സമത്വത്തിന്റെ സന്ദേശമാണ് ലോകത്തിന്റെ ആവശ്യമെന്ന് ഓള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പൊന്നാനി ഫിഷിംഗ് ഹാര്‍ബറില്‍ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ഒരു പിതാവില്‍ നിന്നും മാതാവില്‍ നിന്നുമുള്ളവരാണെന്ന വസ്തുത ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ സമത്വം സാധ്യമാവൂ. വര്‍ഗീയതയും വിഭാഗീയതയും വംശഹത്യയും മനുഷ്യര്‍ തുല്യരും സമന്മാരുമല്ല എന്ന ചിന്തയില്‍ നിന്നുണ്ടാവുന്നതാണ്. മതം വിഭാവനം ചെയ്യുന്ന സാഹോദര്യവും സ്‌നേഹവും തിരിച്ചു വരേണ്ടതുണ്ട്. മതപ്രഭാഷണ വേദികളില്‍ പോലും പൊലീസ് വണ്ടിയുടെ കാവല്‍ അനിവാര്യമാകുന്ന തരത്തില്‍ മതത്തിന്റെ അന്തസ്സത്ത തകര്‍ന്നിരിക്കുന്നു. മതത്തിന്റെ വിശാലത ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. 

 ജീവിതം സമൃദ്ധമാക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യന്‍ യഥാര്‍ത്ഥ ഐശ്വര്യം മനസിന്റെ ഐശ്വര്യമാണെന്ന് തിരിച്ചറിയണം. ഉത്കണ്ഠ നിറഞ്ഞ മനസ്സുകളെ ശാന്തമാക്കാന്‍ ദൈവവിശ്വാസത്തിലൂടെ മാത്രമേ സാധിക്കൂ. മനശാസ്ത്രജ്ഞര്‍ സാങ്കേതികമായി പ്രയോഗിക്കുന്ന പോസിറ്റീവ് തിങ്കിംഗ് ഈ വിശ്വാസത്തിന്റെ പരിഛേദമാണ്. മനുഷ്യരുടെ ഐക്യം അനിവാര്യമായ കാലഘട്ടമാണിത്. അഭിപ്രായ വ്യത്യാസങ്ങളെ വ്യക്തിപരം എന്ന നിലയിലാണ് സമീപിക്കേണ്ടത്. സമൂഹത്തില്‍ ഐക്യബോധം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണയുണ്ടാകണം. യോജിക്കാവുന്ന മുഴുവന്‍ മേഖലകളിലും കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. പൊതുകാര്യങ്ങളിലും സാമൂഹ്യ പ്രശ്‌നങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സമൂഹം ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Read More

Sunday, August 19, 2012

മനുഷ്യസ്‌നേഹത്തിന്റെ പ്രചാരകരാവുക : AIIM, KNM, ISM, MSM


കോഴിക്കോട്: വിശുദ്ധറമദാനിന് പരിസമാപ്തികുറിച്ച് ഈദുല്‍ഫിത്വ്ര്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് മുജാഹിദ് നേതാക്കള്‍ ഈദ് ആശംസകള്‍ നേര്‍ന്നു. വ്രതവിശുദ്ധി നല്കിയ ആത്മീയാവേശം വരുംകാലങ്ങളിലും നിലനിര്‍ത്താന്‍ വിശ്വാസിസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ആഹ്ലാദത്തിന്റെ ഈ വേള സ്‌നേഹവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നും ഓള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ എന്‍ എം പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, ജന. സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, എം എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത്, ജന. സെക്രട്ടറി ജാസിര്‍ രണ്ടത്താണി എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. 

 വിശുദ്ധ റമദാനില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മവിശുദ്ധിയും സഹന സന്നദ്ധതയും കൈമുതലാക്കി സര്‍വത്ര തിന്മകള്‍ക്കുമെതിരെ പോരാടാനും മാനവികത ഉയര്‍ത്തിപ്പിടിക്കാനും വിശ്വാസികള്‍ പരിശ്രമിക്കണം. വര്‍ഗീയവും വംശീയവും രാഷ്ട്രീയവുമായ പകയും വിദ്വേഷവും വളര്‍ന്ന് അക്രമങ്ങളും കൂട്ടകുരുതികളും ആശങ്കാജനകമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മനുഷ്യനെ ഒന്നിപ്പിക്കാനും ഐക്യപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്ക് ഈദ് ആഘോഷം നിമിത്തമാകണം. വര്‍ഗീയ-തീവ്രവാദ പ്രവണതകള്‍ നാട്ടില്‍ തലപൊക്കുമ്പോള്‍ ഇസ്‌ലാമിന്റെ സമാധാന സന്ദേശം പ്രചരിപ്പിക്കാന്‍ വിശ്വാസികള്‍ മുന്‍കൈയെടുക്കണം. അസ്സമില്‍ വര്‍ഗീയാക്രമണം നേരിട്ട് ദുരിതമനുഭവിക്കുന്ന വിശ്വാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മുജാഹിദ് നേതാക്കള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
Read More

Thursday, August 16, 2012

സൗഹാര്‍ദ കൂട്ടായ്‌മയായി MSM ഇഫ്‌താര്‍


കോഴിക്കോട്‌: എം എസ്‌ എം സംസ്ഥാന സമിതി സംഘടിപ്പിച്ച ഇഫ്‌താര്‍ മീറ്റ്‌ സൗദാര്‍ദ കൂട്ടായ്‌മയുടെ വേദിയായി. വിവിധ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഇഫ്‌താറില്‍ പങ്കെടുത്തു. സമീപനങ്ങള്‍ വ്യത്യസ്‌തമാവുമ്പോഴും സമരസപ്പെടേണ്ടിടത്ത്‌ അത്‌ സാധിക്കേണ്ടതുണ്ടെന്ന്‌ നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

ഐ എസ്‌ എം സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ റമദാന്‍ സന്ദേശം നല്‍കി. സുമേഷ്‌ (കെ എസ്‌ യു), ആഷിഖ്‌ ചെലവൂര്‍ (എ എസ്‌ എഫ്‌), കെ പി അബ്‌ദുസ്സലാം (എസ്‌ ഐ ഒ), നിബ്‌റാസ്‌ (കാമ്പസ്‌ ഫ്രണ്ട്‌), ആസിഫലി കണ്ണൂര്‍ (എം എസ്‌ എം), ഡോ. മുബശ്ശിര്‍, ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌ പ്രസംഗിച്ചു.
Read More

MSM പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു


കോഴിക്കോട്‌: സപ്‌തംബര്‍ 7,8,9 തിയ്യതികളില്‍ നടക്കുന്ന എം എസ്‌ എം സംസ്ഥാന കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംഘാടക സമിതി ഹൈസ്‌കൂള്‍, പ്ലസ്‌ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക്‌ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. "കാലം തേടുന്ന വിദ്യാര്‍ഥി' എന്നതാണ്‌ വിഷയം. അഞ്ച്‌ ഫുള്‍സ്‌കാപ്പ്‌ പേജില്‍ കവിയാത്ത രചനകള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം ആഗസ്‌ത്‌ 30നകം അപേക്ഷിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന്‌ പ്രബന്ധങ്ങള്‍ക്ക്‌ സമ്മേളന വേദിയില്‍ വെച്ച്‌ ഉപഹാരം നല്‍കും. 

വിലാസം: കണ്‍വീനര്‍, പ്രബന്ധരചനാ മത്സരം, എം എസ്‌ എം ഓഫീസ്‌, മര്‍കസുദ്ദഅ്‌വ, ആര്‍ എം റോഡ്‌ കോഴിക്കോട്‌-2. 

for more visit: http://www.msmkerala.org/events/essay-writing-competition
Read More

Wednesday, August 15, 2012

MSM പബ്ലിക് എക്‌സാമിനേഷന്‍ ഓണ്‍ ഖുര്‍ആനിക് സ്റ്റഡീസ്: ആയിരങ്ങള്‍ പങ്കെടുത്തു


കോഴിക്കോട്: 'ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം' റമദാന്‍ കാമ്പെയിനിന്റെ ഭാഗമായി പെക്‌സ് (പബ്ലിക് എക്‌സാമിനേഷന്‍ ഓണ്‍ ഖുര്‍ആനിക് സ്റ്റഡീസ്) ഖുര്‍ആന്‍വിജ്ഞാന പരീക്ഷയില്‍ കേരളത്തിനകത്തും പുറത്തുമായി മുന്നൂറ്റി ഇരുപത്തിയഞ്ച് (325) കേന്ദ്രങ്ങളില്‍ മത, പ്രായ ഭേതമന്യെ ആയിരങ്ങള്‍ പങ്കെടുത്തു. കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ വിജ്ഞാന മത്സരമാണ് എം എസ് എം ഖുര്‍ആന്‍ പരീക്ഷ. 

മര്‍ഹൂം അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ സൂറഃ ഹൂദ്, സൂറഃ മുഹമ്മദ് എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. സൂറഃ ജുമുഅഃ സൂറഃ അബസ എന്നിവയെ ആസ്പദമാക്കി ജൂനിയര്‍ തലത്തിലും പരീക്ഷ നടന്നു. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍, ന്യൂഡല്‍ഹി ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളില്‍ പരീക്ഷ നടന്നു. സീനിയര്‍ തലത്തില്‍ ഒന്നാം റാങ്ക് നേടുന്ന വ്യക്തിക്ക് മക്ക, മദീന സന്ദര്‍ശനവും ഉംറ നിര്‍വഹണത്തിനുള്ള അവസരവും ജൂനിയര്‍ തലത്തില്‍ ക്യാഷ് പ്രൈസുമാണ് സംഘാടകര്‍ ഒരുക്കുന്നത്. ആദ്യ പത്തു റാങ്കുകാര്‍ക്ക് സാക്ഷ്യപത്രവും ഗ്രന്ഥോപഹാരവും നല്‍കുന്നതാണ്. ജില്ലകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരുള്‍പ്പടെ മറ്റ് 50 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. പരീക്ഷാഫലം പെരുന്നാള്‍ ദിവസം പ്രസിദ്ധീകരിക്കുന്നതാണ്. 

 ലുഖ്മാന്‍ (കാസര്‍ഗോഡ്), ഫൈറൂസ് (കണ്ണൂര്‍), സജ്ജാദ് (വയനാട്), ആഷിക് (കോഴിക്കോട് നോര്‍ത്ത്), നസീഫ് അത്താണിക്കല്‍ (കോഴിക്കോട് സൗത്ത്), ഷഹീര്‍ വെട്ടം (മലപ്പുറം വെസ്റ്റ്), ഫിറോസ് (മലപ്പുറം ഈസ്റ്റ്), റഹീഫ് (പാലക്കാട്), നബീല്‍ (തൃശൂര്‍), ഷഫീക് (എറണാകുളം), അസീല്‍ (ആലപ്പുഴ), ഷഹബാസ് (കോട്ടയം), ബിലാല്‍ സമദ് (ഇടുക്കി), സാദിക്ക് (കൊല്ലം), ഫൈസല്‍ (തിരുവനന്തപുരം), അന്‍വര്‍ സാദത്ത് (ഡല്‍ഹി), ഹുസാം അഹ്മദ് (തമിഴ്‌നാട്), ഹുസൈന്‍ (കര്‍ണാടക), ഉമര്‍ യാസിഫ് (പശ്ചിമ ബംഗാള്‍)എന്നിവര്‍ നേതൃത്വം നല്‍കി.
Read More

Tuesday, August 14, 2012

QIIC ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു


ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മത്താര്‍ ഖദീം ഓഫീസില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഖത്തറിലെ സംഘടനാ നേതാക്കളും സാമൂഹ്യ,സാംസ്‌കാരിക,വാണിജ്യ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. അഡ്വ ഇസ്മായില്‍ നന്മണ്ട പരിപാടിയില്‍ റമദാന്‍ സന്ദേശം നല്‍കി. റമദാന്‍ വിശ്വാസികളെ കൂടുതല്‍ ഭയഭക്തിയും സൂക്ഷ്മതയും ഉള്ളവരാക്കി തീര്‍ക്കണം, അദ്ദേഹം പറഞ്ഞു. 

തിന്മകളിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്ന സാഹചര്യമാണ് വര്‍ത്തമാന കാലത്ത് നമുക്ക് ചുറ്റും നടക്കുന്നത്. വാര്‍ത്താ പരിപാടികള്‍ പോലും കുടുംബത്തോടൊപ്പം കാണുകയോ കേള്‍ക്കുകയോ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് . തെറ്റുകളില്‍ നിന്നും വിശ്വാസിയെ തടയുന്ന പരിചയാണ് റമദാന്‍, ആത്മീയമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ വ്രതം വെറും പട്ടിണി കിടക്കല്‍ മാത്രമായി മാറിപ്പോകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

 ഇന്ത്യന്‍ എംബസ്സിയിലെ ചാര്‍ജ് ഡി അഫയെഴ്‌സു പി. എസ. ശശികുമാര്‍ പരിപാടിയില്‍ മുഖ്യാഥിതി ആയിരുന്നു. ഖത്തറിലെ ഇന്ത്യന്‍ സംഘടനകള്‍ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ. എന്‍. സുലൈമാന്‍ മദനി പരിപാടിയില്‍ സംസാരിച്ചു.
Read More

QLS പരീക്ഷാഫലം പ്രഖ്യാപിച്ചു: 95% വിജയം


കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠനസംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളുടെ വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 95% പേര്‍ വിജയിച്ചു. ഒന്നു മുതല്‍ ഏഴു വരെ വര്‍ഷങ്ങളിലെ റാങ്ക് ജേതാക്കള്‍: 

 ഒന്നാം വര്‍ഷം: ജുമാന കെ വി ചെറുമുക്ക് (ഒന്നാം റാങ്ക്), മന്‍സൂറ ടി പി പുത്തനത്താണി (രണ്ടാം റാങ്ക്), ഫര്‍സാന ഫൈസല്‍ കണ്ണൂര്‍ (മൂന്നാം റാങ്ക്) 

രണ്ടാം വര്‍ഷം: പി എന്‍ ഖദീജ കുഴിപ്പുറം (ഒന്നാം റാങ്ക്), നസീറ ടി കെ തവനൂര്‍ (രണ്ടാം റാങ്ക്), മെഹനാസ് അണിയാരം (മൂന്നാം റാങ്ക്) 

മൂന്നാം വര്‍ഷം: സൈനബ പി മങ്കട (ഒന്നാം റാങ്ക്), ബുഷ്‌റ എ മങ്കട (രണ്ടാം റാങ്ക്), ഇബ്‌റാഹീം കുട്ടി ആരാമ്പ്രം, സീനത്ത് എ പി കൊഴക്കോട്ടൂര്‍ (മൂന്നാം റാങ്ക്) 

 നാലാം വര്‍ഷം: ഹഫ്‌സത്ത് കെ അരീക്കോട് (ഒന്നാം റാങ്ക്), അജിത എച്ച് ബി ഈസ്റ്റ് പനയപ്പിള്ളി (രണ്ടാം റാങ്ക്), അബ്ദുല്ലത്തീഫ് അരീക്കോട് (മൂന്നാം റാങ്ക്) 

അഞ്ചാം വര്‍ഷം: ഉമൈബ പി എം ഈസ്റ്റ് പനയപ്പിള്ളി (ഒന്നാം റാങ്ക്), ജമീല അസീസ് കണ്ണൂര്‍ (രണ്ടാം റാങ്ക്), ടി പി അബ്ദുസ്സത്താര്‍ (മൂന്നാം റാങ്ക്) 

ആറാം വര്‍ഷം: സുലൈഖ ബീവി വി ടി രണ്ടത്താണി (ഒന്നാം റാങ്ക്), ജസീറ പി കെ കല്ലായ് (രണ്ടാം റാങ്ക്), സഫൂറ കെ ടി തിരുവണ്ണൂര്‍(മൂന്നാം റാങ്ക്) 

 ഏഴാം വര്‍ഷം: മുജീബ കെ താണ (ഒന്നാം റാങ്ക്), സൗദ കെ പി തിരുവണ്ണൂര്‍ (രണ്ടാം റാങ്ക്), മെഹ്താബ് നിഷാദ് ഈസ്റ്റ് പനയപ്പിള്ളി (മൂന്നാം റാങ്ക്) 

റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ ക്യു എല്‍ എസ് സംസ്ഥാന സംഗമത്തില്‍ വിതരണം ചെയ്യും. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്‌ലിസ്റ്റും അതാത് ക്യു എല്‍ എസ് സെന്ററുകളില്‍ എത്തിക്കുന്നതാണെന്ന് കണ്‍വീനര്‍ അബ്ദുസ്സലാം മുട്ടില്‍ അറിയിച്ചു. പരീക്ഷാ ഫലം അറിയുന്നതിന് 0495 2701812, 2700172, 4060111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Read More

Monday, August 13, 2012

നിയമസഭകളില്‍ അന്ധ-ബധിരര്‍ക്ക് സംവരണം വേണം: ISM


മലപ്പുറം: നിയമനിര്‍മാണ സഭകളില്‍ അന്ധ ബധിര വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഐ എസ് എം സംസ്ഥാന ബധിര സംഗമം ആവശ്യപ്പെട്ടു. ഈ വിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ നിയമസഭകളിലും പാര്‍ലമെന്റിലും അവരുടെ സാന്നിധ്യം ഗുണം ചെയ്യും. അന്ധ-ബധിരരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരെ സാമൂഹ്യ മുഖ്യധാരയിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. സംസ്ഥാനത്ത് അന്ധ ബധിര ഡയറക്ടറേറ്റ് രൂപീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. 

പാര്‍ശ്വ വത്കൃതരായ ഈ വിഭാഗത്തിന്റെ തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് ജില്ലാതലത്തില്‍ മോണിറ്ററിംഗ് സമിതികള്‍ രൂപീകരിക്കുകയും വേണം.ബധിരര്‍ക്കായി ഐ എസ് എം സംസ്ഥാന സമിതിക്കു കീഴിലുള്ള എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ഡിസേബിള്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് അഞ്ച് മേഖലകളിലായി ഓറിയന്റേഷന്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. മലപ്പുറത്ത് നടന്ന സംഗമം പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മണ്ഡലം പ്രസിഡന്റ് അബു തറയില്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി എ നൂറുദ്ദീന്‍, ദുബൈ ഗോള്‍ഡ് സൂഖ് എം ഡി പി പി മുഹമ്മദലി ഹാജി, അഡ്വ. കോനാരി യൂനുസ് സലീം, ബഷീര്‍ അഹമ്മദ്, സയ്യിദ് മുഹമ്മദ് കഫീല്‍, ഫൈസല്‍ പ്രസംഗിച്ചു. 

കോഴിക്കോട് ജയ ഓഡിറ്റോറിയത്തില്‍ നടന്ന ഡഫ് സംഗമം ഐ എസ് എം സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. സഈദ്, ജംഷീര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കൊല്ലം കൊട്ടിയത്ത് നടന്ന ഡഫ് ഓറിയന്റേഷന്‍ ക്യാംപ് ഐ എസ് എം സൗത്ത് സോണ്‍ പ്രസിഡന്റ് ഇര്‍ഷാദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. വി കെ ഷാഹുല്‍ ഹമീദ്, ഹാഷിം എന്നിവര്‍ നേതൃത്വം നല്കി. കല്പറ്റയില്‍ നടന്ന ഡഫ് ക്യാംപ് ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ കോയ, ഷക്കീര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. തൃശൂരില്‍ നടന്ന ബ്ലൈന്റ് സംഗമം ഡി വൈ എസ് പി വാഹിദ് ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് സ്വലാഹി, കെ അബ്ദുസ്സലാം മാസ്റ്റര്‍, മുജീബ്, അബ്ദുല്ല എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. സംഗമങ്ങള്‍ ഇഫ്താറോടെയാണ് സമാപിച്ചത്.
Read More

ഫോക്കസ് ജിദ്ദ തര്‍ബിയ ക്യാമ്പ് സംഘടിപ്പിച്ചു


ജിദ്ദ : പ്രതികൂല സാഹചര്യങ്ങളില്‍ നിന്നെല്ലാം അകന്ന് ഒറ്റക്ക് ജീവിക്കുന്നതിലല്ല, ബഹുമുഖ സമൂഹത്തിനിടയില്‍ കര്‍മ്മനിരതനാവുന്നതോടൊപ്പം തെറ്റുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് മനുഷ്യനെ മഹത്വപ്പെടുത്തുന്നതെന്ന് പണ്ഡിതനും ഇസ്ലാഹി സെന്റര്‍ ജിദ്ദ മുഖ്യപ്രബോധകനുമായ എം അഹ്മദ് കുട്ടി മദനി അഭിപ്രായപ്പെട്ടു. ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച ‘തര്‍ബിയ 1433’ നിശാക്യാമ്പില്‍ ആത്മപരിചരണത്തിന്റെ പ്രവാചക മാതൃകകള്‍‘ എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ആത്മ വിചാരണയും സ്വയം തിരുത്തലുമാണ് ആത്മ ശുദ്ധീകരണത്തിന്റെ പ്രഥമ വശം. യഥാര്‍ത്ഥ ദൈവവിശ്വാസിയില്‍ നിന്നും സമൂഹത്തിന് ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളേ ഉണ്ടാകാവൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മനുഷ്യ സൃഷ്‌ടിപ്പ് തെറ്റുകളിലേക്ക് പ്രേരണ നല്‍കും വിധമാണെന്നും സംഭവിക്കുന്ന പാപങ്ങളില്‍ നിന്ന് പിന്മാറുകയും, പശ്ചാതപിക്കുകയും, തെറ്റ് ആവര്‍ത്തിക്കാതിരിക്കുന്നതിലൂടെയുമാണ് മനുഷ്യന്‍ വിശുദ്ധനാവുന്നതെന്ന് ‘തൌബ - പാപങ്ങള്‍ക്ക് പരിഹാരം’ എന്ന വിഷയത്തില്‍ ക്ലാസെടുത്ത ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ മുജീബ്‌റഹ്‌മാന്‍ സ്വലാഹി വിശദീകരിച്ചു. ധാര്‍മ്മിക മൂല്യങ്ങളേക്കാള്‍ ഭൌതിക താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ബന്ധങ്ങളാണ് പ്രതികൂല കാലാവസ്ഥയില്‍ ബന്ധനങ്ങളായി മാറുന്നതെന്ന് ‘ബന്ധങ്ങളുടെ സൌരഭ്യം’ എന്ന വിഷയത്തില്‍ ക്ലാസെടുത്ത അബ്‌ദുസ്സലാം ഉഗ്രപുരം നിരീക്ഷിച്ചു. ചരിത്രം വായിച്ചു തള്ളാനുള്ളതല്ല, പാഠങ്ങളുള്‍ക്കൊണ്ട് പകര്‍ത്താനുള്ളത് കൂടിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  

ഫുആദുസ്സമാന്‍, ആദിശ എന്നിവര്‍ ഖുര്‍ആന്‍ പ്രശ്‌നോത്തരിയില്‍ സമ്മാനാര്‍ഹരായി. ഇസ്‌ഹാഖ് ടിസി, മൊയ്‌തു വെള്ളിയഞ്ചേരി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. സിവി അബൂബക്കര്‍ കോയ സംബന്ധിച്ചു. 

ശറഫിയയിലെ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ ഫോക്കസ് ജിദ്ദ സിഒഒ ഷക്കീല്‍ ബാബു, എച്ച് ആര്‍ മാനേജര്‍ മുബഷിര്‍ കുനിയില്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. മുജീബ്‌റഹ്‌മാന്‍ ചെങ്ങര ആമുഖ ഭാഷണവും ജരീര്‍ വേങ്ങര സമാപന ഭാഷണവും നട
Read More

Saturday, August 11, 2012

ബോഡോ തീവ്രവാദികളുടെ നരവേട്ട അവസാനിപ്പിക്കണം: ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്


ഗുവാഹത്തി: അസ്സമില്‍ ബോഡോ തീവ്രവാദികള്‍ തുടരുന്ന നരമേധത്തിന് അറുതി വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ബോഡോലാന്റ് തീവ്രവാദികള്‍ നടത്തുന്ന വര്‍ഗീയ കലാപം വെറും കുടിയേറ്റ പ്രശ്‌നമായി അവതരിപ്പിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ സങ്കുചിത സമീപനം മാറ്റണമെന്നും ഐ ഐ എം ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കലാപ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം ഗുവാഹത്തിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ദശാബ്ദങ്ങളായി കഴിയുന്ന മുസ്‌ലിംകളെ കുടിയേറ്റ മുസ്‌ലിംകള്‍ എന്നു മുദ്ര കുത്തി പുറത്താക്കാനുള്ള ബോഡോ തീവ്രവാദികളുടെ നീക്കത്തിന് ഭരണകൂട പിന്തുണ കൂടി ലഭിക്കുമ്പോള്‍ അസ്സം മറ്റൊരു ഗുജറാത്ത് ആയി മാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 

തീവ്രവാദ വഴിയില്‍ നിന്ന് തിരിച്ചുവന്നതിന്റെ പേരില്‍ ബോഡോകള്‍ക്ക് പ്രത്യേകാവകാശങ്ങള്‍ അനുവദിച്ചു രൂപീകരിച്ച ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ പിരിച്ചുവിട്ടാണെങ്കിലും രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പുവരുത്തണം. വീടും ജീവനോപാധികളുമെല്ലാം നഷ്ടപ്പെട്ട് നിരാലംബരായി നാലു ലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇവരെ സഹായിക്കാന്‍ എല്ലാവരും രംഗത്തു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചിരാങ്ങിലെ കാജല്‍ഗാവ് സ്‌കൂളിലെ ബോഡോ ക്യാംപും ഡോ. ഹുസൈന്‍ മടവൂരിന്റൈ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നെത്തിയ സംഘം സന്ദര്‍ശിച്ചു. 1400 പേര്‍ താമസിക്കുന്ന ഭൊങ്കൈഗാവിലെ ഹപാസര സ്‌കൂള്‍ ക്യാംപില്‍ ആകെയുള്ളത് രണ്ടു ശൗച്യാലയങ്ങളാണ്. ക്യാംപുകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ അസുഖങ്ങള്‍ പടരുകയാണ്. ഈ ക്യാംപിലെത്തിയ ശേഷം അുസുഖം ബാധിച്ച് ഒരാള്‍ മരിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളാരും ഇതുവരെ എത്തി നോക്കിയിട്ടില്ലെന്ന് 3000 പേര്‍ താമസിക്കുന്ന ചിരാങ് ജില്ലയിലെ മൗജാബാഡി എം ഇ മദ്രസാ സ്‌കൂള്‍ ക്യാംപിലുള്ളവര്‍ പരാതിപ്പെട്ടു. 

കുടുംബത്തിലുള്ളവരെ കണ്‍മുന്നില്‍ വെട്ടിക്കൊന്നതിന്റെയും വെടിവച്ചു കൊന്നതിന്റെയും കഥകള്‍ ക്യാംപുകളിലുള്ളവര്‍ സംഘത്തോടു വിശദീകരിച്ചു. വസ്ത്രങ്ങളും ദൈനംദിന ഉപയോഗത്തിനുള്ള സാധനങ്ങളുമുള്‍പ്പെടെയുള്ള ദുരിതാശ്വാസ വസ്തുക്കള്‍ ക്യാംപുകളില്‍ വിതരണം ചെയ്തു. ഉള്‍പ്രദേശങ്ങളിലുള്ള ക്യാംപുകളിലേക്കുള്‍പ്പെടെ കൂടുതല്‍ സഹായങ്ങള്‍ എത്തേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘം അസം ഡി ജി പി: ജെ എന്‍ ചൗധരി, എ ഡി ജി പി (അഡ്മിനിസ്‌ട്രേഷന്‍) ആര്‍ ചന്ദ്രനാഥന്‍, ഭൊങ്കൈഗാവ് ഡെപ്യൂട്ടി കമ്മിഷണര്‍ (ജില്ലാ കലക്ടര്‍) എസ് പി നന്തി, എസ് പി നിതുല്‍ ഗൊഗോയ് തുടങ്ങിയ ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എക്‌സ്പ്രസ് ഹൗസിംഗ് എം ഡി മുസ്തഫ മുഹമ്മദ് , വര്‍ത്തമാനം ന്യൂസ് എഡിറ്റര്‍ അബ്ദുല്‍ സുല്‍ത്താന്‍, മുഹമ്മദ് ഇഖ്ബാല്‍ (അസം), കെ ടി അന്‍വര്‍ സാദത്ത്, കാംരൂപ് ഡിസ്ട്രിക്ട് ഫിസിക്കലി ഹാന്റിക്യാപ്ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി അര്‍ഫാന്‍ ഖാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Read More

Wednesday, August 08, 2012

എയ്ഡഡ് വിദ്യാഭ്യാസ നിയമനം പി എസ് സിക്ക് വിടണം: ഐ എസ് എം


കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്നും വിദ്യാഭ്യാസം കച്ചവടമാക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടി വേണമെന്നും ഐ എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. പൊതു ഖജനാവില്‍ നിന്നു ശമ്പളവും ഗ്രാന്റുകളും എം പി, എം എല്‍ എ ഫണ്ടുകളും ഉപയോഗപ്പെടുത്തുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍ മെറിറ്റും സംവരണവും അവഗണിച്ച് തോന്നിയപോലെ നിയമനം നടത്തുകയാണ്. നിയമനങ്ങളില്‍ പണം മാനദണ്ഡമാക്കുന്നത് വിദ്യാഭ്യാസ നിലവാരം താഴാനും അര്‍ഹതയുള്ളവര്‍ പിന്തള്ളപ്പെടാനും കാരണമാകുന്നുണ്ട്. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വിലപേശി സ്ഥാപനങ്ങള്‍ നേടുകയും പാവപ്പെട്ടവരെയും പിന്നാക്കക്കാരെയും കച്ചവട താല്പര്യം മുന്‍നിര്‍ത്തി അവഗണിക്കുകയും ചെയ്യുന്നത് നീതീകരിക്കാവതല്ല. പിന്നാക്ക - ന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസപരമായി ഉയര്‍ത്താന്‍ അനുവദിച്ച എ ഐ ടി വിദ്യാലയങ്ങളുടെ അംഗീകാരം സംബന്ധിച്ച് വിവാദങ്ങളുണ്ടാക്കുന്നവര്‍ അതില്‍ നിന്നു പിന്തിരിയണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

അസമിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ കുടിയേറ്റക്കാരായി ചിത്രീകരിച്ച് വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളെ യോഗം അപലപിച്ചു. അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ നിസ്സംഗത വെടിഞ്ഞ് പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടണം. സംസ്ഥാനത്ത് കൗമാരക്കാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിവരുന്നതില്‍ പ്രവര്‍ത്തക സമിതി ആശങ്ക രേഖപ്പെടുത്തി. ലഹരി ഉപയോഗം, മോഷണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ മുതല്‍ കൊലപാതകത്തില്‍ വരെ ഇളംപ്രായക്കാര്‍ പ്രതികളാകുന്നത് സാമൂഹിക സംഘടനകള്‍ ഗൗരവത്തോടെ കാണണം. കുട്ടികള്‍ക്ക് ശരിയായ ധാര്‍മിക ശിക്ഷണം നല്‍കുകയും കുറ്റകൃത്യങ്ങള്‍ക്ക് കാരണമായ സാമൂഹിക സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എന്‍ വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. മുജീബുര്‍റഹ്മാന്‍ പാലത്തിങ്ങല്‍, സയ്യിദ് മുഹമ്മദ് കുരുവട്ടൂര്‍, അബ്ദുസ്സലാം മുട്ടില്‍, ഇസ്മാഈല്‍ കരിയാട്, നൂറുദ്ദീന്‍ എടവണ്ണ, ശുക്കൂര്‍ കോണിക്കല്‍, ഇ ഒ ഫൈസല്‍, മന്‍സൂറലി ചെമ്മാട് ചര്‍ച്ചയില്‍ പങ്കെടുത്തു.
Read More

Monday, August 06, 2012

കുവൈത്ത് ഇസ്‌ലാഹി ഇഫ്ത്വാര്‍ വിരുന്ന് വ്യാഴാഴ്ച



കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന ഇസ്‌ലാഹി ഇഫ്ത്വാര്‍ വിരുന്ന് ഹസ്സാവിയ മുതൈരി മസ്ജിദില്‍ വ്യാഴാഴ്ച (ആഗസ്റ്റ്. 9 വ്യാഴം) അസര്‍ നസ്‌കാര ശേഷം നടക്കും. കുവൈത്ത് ഔഖാഫിന്റെ അതിഥിയായി എത്തിയ പണ്ഡിതന്‍ അബ്ദുല്‍ അസീസ് സുല്ലമി, അബ്ദുല്‍ അസീസ് സലഫി എന്നിവര്‍ യഥാക്രമം വിശ്വാസിയുടെ ലക്ഷ്യം, ഖുര്‍ആനിക ചിന്തകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. സംഗമത്തില്‍ ഇബ്രാഹിം കുട്ടി സലഫി ആധ്യക്ഷ്യം വഹിക്കും. 


പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക. 24337484/99776124.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...