Showing posts with label KNM. Show all posts
Showing posts with label KNM. Show all posts

Tuesday, March 22, 2016

സൂഫിസത്തിന്റെ മറപിടിച്ച് കാന്തപുരം ബി ജെ പി യുടെ ചട്ടുകമാവരുത്: കെ എന്‍ എം



കോഴിക്കോട്: സൂഫിസത്തിന്റെ മേല്‍വിലാസത്തില്‍ ബി ജെ പിയുമായി കൂട്ടുകൂടി കേരളത്തില്‍ താമര വിരിയിപ്പിക്കാനുള്ള ബി ജെ പിയുടെ ഓപ്പറേഷന്‍ ലോട്ടസ് ഗൂഢപദ്ധതിക്ക് ചട്ടുകമായി വര്‍ത്തിക്കുകയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. മുസ്‌ലിം വോട്ട് ബാങ്കില്‍ കണ്ണുംനട്ട് മോദീ സര്‍ക്കാറിന്റെ സഹായത്തോടെ ദില്ലിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ നിറസാന്നിദ്ധ്യം ഏറെ ദുരൂഹമാണ്.

സംഘ്പരിവാറിന്റെ ലക്ഷ്യസാധ്യത്തിനായി മുസ്‌ലിം സമുദായത്തെ ഒറ്റുകൊടുക്കാന്‍ സൂഫിസത്തെ മറയാക്കുകയാണ്. മുസ്‌ലിം സംഘടനകള്‍ക്ക് നേരെ ഭീകരബന്ധം ആരോപിക്കുക വഴി ദില്ലി സൂഫി സമ്മേളനം സംഘ്പരിവാറിന്റെ അജണ്ട നടപ്പിലാക്കുകയാണ് ചെയ്തത്.

മോദീ സര്‍ക്കാറില്‍നിന്ന് പരമാവധി ആനുകൂല്യം നേടിയെടുക്കുന്നതിന് മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് ബി ജെ പി സര്‍ക്കാറിനെ സുഖിപ്പിക്കാന്‍ ശ്രമിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ ദുഷ്ടലാക്കിനെ പൊതുസമൂഹം തിരിച്ചറിയണം.

ആരാധനാ കര്‍മ്മങ്ങളേക്കാളുപരി കലയിലൂടെയും സാഹിത്യത്തിലൂടെയുമാണ് ദൈവസാമീപ്യം നേടാനാവുകയെന്നും മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമല്ലെന്നുമുള്ള ദില്ലി സൂഫീ സമ്മേളനത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ നിലപാട് വ്യക്തമാക്കണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ ഇ കെ അഹ്മദ്കുട്ടി, പ്രൊഫ.എന്‍ വി അബ്ദുറഹ്മാന്‍, ഡോ പി പി അബ്ദുല്‍ ഹഖ്,  കെ അബൂബക്കര്‍ മൗലവി, ഡോ.പി മുസ്തഫ ഫാറൂഖി, സി മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍, ഡോ സലിം ചെര്‍പ്പുളശ്ശേരി, കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ ഐ പി അബ്ദുസ്സലാം,  ബി പി എ ഗഫൂര്‍, മുഹമ്മദ് ഹാഷിം ആലപ്പുഴ, പി പി ഖാലിദ്, ഫൈസല്‍ നന്മണ്ട, ജാസിര്‍ രണ്ടത്താണി പ്രസംഗിച്ചു.
Read More

Tuesday, October 13, 2015

ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന്‍ എം ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു



 

കോഴിക്കോട്: ജീവിക്കുവാനും ചിന്തിക്കുവാനും പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി കൈകോര്‍ക്കുകയെന്ന ആഹ്വാനവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലായി 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ ജനകീയ കൂട്ടായ്മകള്‍' സംഘടിപ്പിക്കും. ഒരു കുറ്റവും ചെയ്യാത്തവരെ അതിക്രൂരമായി കൊന്നൊടുക്കുന്ന ഭീകരതയും വര്‍ഗീയതയും ആഗോള തലത്തിലും രാജ്യത്തിനകത്തും അതിന്റെ പാരമ്യതയിലെത്തിരിയിക്കുന്ന സാഹചര്യത്തിലാണ് 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന്‍ എം ജനകീയ കൂട്ടായ്മകള്‍' സംഘടിപ്പിക്കുന്നത്.

  
സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ ജനകീയ കൂട്ടായ്മകള്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും സംഘടിപ്പിക്കും. 23ാം തിയ്യതി വെള്ളിയാഴ്ച കണ്ണൂരില്‍ തുടക്കം കുറിക്കും. 


ജില്ലാ-മണ്ഡലം തലങ്ങളില്‍ ചര്‍ച്ചാ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. ശാഖാ-പഞ്ചായത്ത് തലങ്ങളില്‍ ടേബിള്‍ ടോക്കുകളും റസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മകളും ഗൃഹ സമ്പര്‍ക്ക പരിപാടികളും ലഘുലേഖാ വിതരണവും സംഘടിപ്പിക്കും.
  
വിശ്വമാനവിക സന്ദേശം ലോകത്തിന് നല്‍കിയ ഇസ്‌ലാമിനെ മത രാഷ്ട്രവാദത്തിന്റെ ചട്ടുകമാക്കി പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും മനുഷ്യക്കുരുതികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അല്‍ഖ്വയ്ദ, ബൊക്കൊ ഹറാം, ഐ എസ് പോലുള്ള ഭീകര പ്രസ്ഥാനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തിനകത്ത് ആശയപരമായി വേരുറപ്പിക്കാന്‍ ശ്രമം നടത്തുന്നത് ജാഗ്രതയോടെ കാണണം. ഹിന്ദുത്വ ഫാസിസം ഇന്ത്യയിലും മതരാഷ്ട്ര വാദത്തിന്റെ ഭീകര മുഖം പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
  
ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തടയിടാനുള്ള സാമ്രാജത്വ അജണ്ടയുടെ സൃഷ്ടിയാണ്  ഐ എസ് പോലുള്ള ഭീകര സംഘടനകളെന്ന് മുസ്‌ലിം ചെറുപ്പക്കാരെ ബോധവല്‍ക്കരിക്കാന്‍ പ്രചാരണ കാലയളവില്‍ കെ എന്‍ എം പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്.
  
വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാനും അവിശ്വസിക്കുന്നവര്‍ക്ക് അവിശ്വസിക്കാനും അവകാശം വകവെച്ചുകൊടുത്ത ഇസ്‌ലാമിന്റെ പേര് പറഞ്ഞ് ഇതര മതസ്ഥരെ ആട്ടിയോടിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നവര്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടേയും മുഴവന്‍ മനുഷ്യരുടേയും ശത്രുക്കളാണെന്ന യാഥാര്‍ത്ഥ്യം ജനങ്ങളിലേക്കെത്തിച്ച് വിശ്വാസികള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സൗഹാര്‍ദ്ദവും സഹവര്‍ത്തിത്തവും വളര്‍ത്തിയെടുക്കുകയെന്നതും 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ ജനകീയ കൂട്ടായ്മ'യിലൂടെ കെ എന്‍ എം ലക്ഷ്യം വെക്കുന്നു.
  
ഇന്ത്യ ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീതിത സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവിക്കാനും ചിന്തിക്കാനും പ്രകടിപ്പിക്കാനുമുള്ള ജനാധിപത്യാവകാശവും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സര്‍ഗാത്മ രാഷ്ട്രീയ പ്രവര്‍ത്തനമായ സാഹിത്യ സാംസ്‌കാരിക മേഖല നിശ്ചലമാക്കപ്പെട്ടുകൊണ്ടിരിക്ുന്നു. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്ദസാരെ, പ്രൊഫ എം എം കുല്‍ബര്‍ഹി തുടങ്ങി ഈ പട്ടിക നീളുകയാണ്. ദാദ്രി സംഭവത്തിലൂടെ ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളെ കൊന്നുകൊലവിളി നടത്തിയിരിക്കുന്നു. ടീസ്റ്റ സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍, സന്ത്ജയ്ഭട്ട് തുടങ്ങി നീതിക്കു വേണ്ടിയുള്ള പോരാട്ട ശബ്ദങ്ങളെ ഫാസിസ്റ്റ് ഭരണകൂടഭീകരത അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. വിഭജനത്തിന്റെ വൈറസിനെ തുറന്ന് വിട്ട് ഹിന്ദുത്വഫാസിസം ജനങ്ങളെ തമ്മില്‍ തല്ലി കൊല്ലിക്കുന്നതില്‍ ആനന്ദം കൊള്ളുന്നു.
  
പ്രബുദ്ധ ചിന്തക്കും പുരോഗമന രാഷ്ട്രിയത്തിനും മത സൗഹാര്‍ദ്ദത്തിനും സഹവര്‍ത്തത്തിനും പേരുകേട്ട കേരളത്തില്‍പോലും അസഹിഷ്ണുതയുടെ വിഷബീജം ആഴത്തില്‍ വേരിറക്കാനുള്ള ശ്രമത്തിലാണ് സങ്കുചിത ജാതി വര്‍ഗീയ സംഘടനകള്‍.
  
സ്‌നേഹവും സൗഹാര്‍ദ്ദവും പങ്കുവെക്കാനും ഒന്നിച്ചിരുന്ന് മനസ്സ് തുറക്കാനുമുള്ള അസുലഭ സന്ദര്‍ഭങ്ങളായ പൊതു ആഘോഷ വേളകള്‍ പോലും വിഭാഗീയതയുടെ വേലികെട്ടുകളില്‍ തളച്ചിടുന്ന മത തീവ്രവാദ ശക്തികള്‍ കേരളത്തിലും വളര്‍ന്നുവരുന്നു.

താലിബാനും ഐ എസും പറയുന്നതല്ല ഇസ്‌ലാം എന്ന് തുറന്നു പറയാന്‍ മുജാഹിദുകള്‍ക്ക് യാതൊരു മടിയുമില്ല. മതത്തിന്റെ പേരില്‍ രംഗപ്രവേശം ചെയ്യുന്ന ഭീകര വര്‍ഗീയ സംഘടനകളെ അതത് മത നേതൃത്വങ്ങള്‍ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞാല്‍ വിഭാഗീയ ശക്തികള്‍ക്ക് മുന്നേറ്റം സാധ്യമാവില്ല.
  
വിദ്വേഷത്തിന്റെ കൂരിരുട്ടിലും പ്രത്യാശക്കു വക നല്കുന്ന പ്രതികരണങ്ങളുണ്ടെന്ന് കെ എന്‍ എം വിശ്വസിക്കുന്നു. സച്ചിതാനന്ദന്‍, സാറാ ജോസഫ്, നയന്‍താര സെഗ്‌വാള്‍, അശോക് വാജ്‌പൈ, രവികുമാര്‍, പി കെ പാറക്കടവ്, അബ്ബാസ്, ഗണേഷ് ദേവ്യസ്യ തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രതിഭകള്‍ ഈയ്യിടെ കാണിച്ച ധീരമായ ചെറുത്ത് നില്പ് ഭീകരതക്കും വര്‍ഗീയതക്കുമെതിരായ പോരാട്ടത്തിന് കുതിരശക്തി പകരുന്നു എന്നത് ഏറെ ആശാവഹമാണ്.
  
ഈ മാസം 25ന് കോഴിക്കോട് ചേരുന്ന കെ എന്‍ എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം സംസ്ഥാനത്ത് മതേതര സഹവര്‍ത്തിത്തവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കും.

Read More

Wednesday, September 30, 2015

പട്ടിണി മാറ്റാന്‍ നടപടിയില്ലാതെ ഡിജിറ്റല്‍ ഇന്ത്യയെന്ന് മേനി നടിക്കുന്നത് കാപട്യം: കെ എന്‍ എം



കോഴിക്കോട്: ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിന്റെ മാന്യതയും അംഗീകാരവും കാത്തുസൂക്ഷിക്കാന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിക്ക് ബാധ്യതയുണ്ടെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹീദിന്‍ (കെ എന്‍ എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദേശ രാഷ്ട്രങ്ങളില്‍ ചെന്ന് രാഷ്ട്രീയ പ്രസംഗം നടത്തുകയും ഇന്ത്യന്‍ രാഷ്ട്ര-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ ആക്ഷേപങ്ങളുന്നയിക്കുന്നതും പ്രധാനമന്ത്രിയുടെ പദവിക്ക് നിരക്കുന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയെന്ന നിലയില്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് സാക്ഷ്യപത്രം വാങ്ങേണ്ടത് വിദേശങ്ങളില്‍ കഴിയുന്ന പ്രവാസികളില്‍നിന്നല്ല. വാഗ്ദാനം പാലിച്ചിട്ടുണ്ടെന്ന ആത്മ വിശ്വാസമുണ്ടെങ്കില്‍ ഇന്ത്യയില്‍ വന്ന് ഇന്ത്യയില്‍ താമസിക്കുന്ന രാജ്യത്തെ പൗരന്മാരെ വിളിച്ച് കൂട്ടി ചോദ്യമുന്നയിക്കാനുള്ള ചങ്കൂറ്റമാണ് പ്രധാനമന്ത്രി കാണിക്കേണ്ടത്.

ഉണ്ണാനും ഉറങ്ങാനുമിടമില്ലാതെ പട്ടിണിയും ദാരിദ്ര്യവുമായി കഴിഞ്ഞു കൂടുന്ന കോടിക്കണക്കിനാളുകള്‍ക്ക് അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാന്‍ ശ്രമിക്കാതെ ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് മോദി മേനി നടിക്കുന്നത് ശുദ്ധ അസംബന്ധമാണ്. രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്ന് അമേരിക്കയിലെ വിമാനകമ്പനികള്‍ക്ക് പതിനെട്ടായിരം കോടി രൂപ കൊണ്ടുപോയി കൊടുത്തിട്ട് ആയിരം കോടിയുടെ ഡിജിറ്റല്‍ സഹായത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നത് വിരോധാഭാസമാണ്.

സംസ്ഥാനത്തെ ആള്‍ദൈവങ്ങളെയും ജാതി സംഘടനകളേയും കൂട്ടുപിടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കി നിയമസഭാ പ്രവേശം നേടാനുള്ള ഓപ്പറേഷന്‍ ലോട്ടസ് എന്ന ബീ ജെ പിയുടെ ഗൂഢ പദ്ധതിക്കെതിരെ മതേതര കക്ഷികള്‍ ജാഗ്രവത്താവണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ പി പി അബ്ദുല്‍ ഹഖ്, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ പി സകരിയ്യ, മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, ബി പി എ ഗഫൂര്‍, സി മുഹമ്മദ് സലിം സുല്ലമി, പി പി ഖാലിദ്, ഡോ സലീം ചെര്‍പ്പുളശ്ശേരി, യു പി യഹ്‌യാഖാന്‍, ഹാഫിസുര്‍ റഹ്മാന്‍, ശംസുദ്ദീന്‍ പാലക്കോട്, ജലീല്‍ മാമാങ്കര, കെ പി അബ്ദുറഹീം പ്രസംഗിച്ചു.
Read More

Tuesday, June 16, 2015

ലളിത് മോഡി: ആര്‍ എസ് എസ് നിലപാട് ഇരട്ടത്താപ്പ് -കെ എന്‍ എം


കോഴിക്കോട്: രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റവാളിയെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് വഴിവിട്ട് സഹായിച്ചതിനെ ദേശീയ വികാരമായി ന്യായീകരിച്ച ആര്‍ എസ് എസ്സിന്റെ നടപടി ലജ്ജാകരമാണെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജാതിയും മതവും നോക്കി ദേശീയ വികാരം നിര്‍ണയിക്കുന്ന ഇരട്ടത്താപ്പാണ് ലളിത് മോഡി വിഷയത്തില്‍ ആര്‍ എസ് എസ്സിന്റേതെന്ന് കെ എന്‍ എം കുറ്റപ്പെടുത്തി.



ദാവൂദ് ഇബ്‌റാഹിം ആയാലും ലളിത് മോഡിയായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നാണ് യഥാര്‍ത്ഥ ദേശീയ വാദികളുടെ നിലപാട്. അതിനൊപ്പം നില്കാന്‍ ആര്‍ എസ് എസ്സിന് ചങ്കൂറ്റമുണ്ടെങ്കില്‍ സുഷമ സ്വരാജിനെ മന്ത്രി സഭയില്‍നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കുകയാണ് ആര്‍ എസ് എസ്സ് ചെയ്യേണ്ടത്.

സംഘ്പരിവാറിന്റെ ലൗ ജീഹാദെന്ന വ്യാജപ്രചാരണം ബിഷപ്പ് മാര്‍ മാത്യു ആനകുഴിക്കാട്ടില്‍ ഏറ്റുപിടിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കുന്നതായില്ല. സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന ദുഷ്പ്രചാരണങ്ങളില്‍ ബിഷപ്പുമാര്‍ പങ്കാളികളാവുന്നത് ഒട്ടും ശരിയല്ലെന്ന് കെ എന്‍ എം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ വൈസ് പ്രസിഡണ്ട് പ്രൊഫ.എന്‍ വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി കെ ഇബ്‌റാഹിം ഹാജി, എ അസ്ഗറലി, എ ഹമീദ് മദീനി, സി മുഹമ്മദ് സലിം സുല്ലമി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍,  അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഡോ പി പി അബ്ദുല്‍ഹഖ്, പി ടി വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, മമ്മു കോട്ടക്കല്‍, സലിം ചെര്‍പ്പുളശ്ശേരി, ബി പി എ ഗഫൂര്‍, കെ പി അബ്ദുറഹീം പ്രസംഗിച്ചു.

Read More

Friday, April 17, 2015

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കും -കെ എന്‍ എം

കോഴിക്കോട്: മുസ്‌ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കുനേരെ ശിവസേനയും സംഘ് പരിവാറും നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപരപരമായ പ്രസ്താവനകള്‍ രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ബഹുസ്വരതയുടെ അടിസ്ഥാന ഘടകമായ ജനാധിപത്യത്തെ തകര്‍ക്കുംവിധമുള്ള പ്രസ്താവനകളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും കെ എന്‍ എം സംസ്ഥാന സമ്പൂര്‍ണ്ണ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. 
മുസ്‌ലിം വോട്ടവകാശം റദ്ദാക്കണമെന്നും ജനസംഖ്യ കുറയ്ക്കുന്നതിനായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍ നിര്‍ബന്ധിത വന്ദീകരണം നടത്തണമെന്നുമുള്ള ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് താദ്ധിദേവിന്റെ പ്രസ്താവന വര്‍ഗീയ വിഷം പരത്തുന്നതാണെന്നും ഇന്ത്യയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും വെല്ലുവിളിക്കുന്ന പ്രസ്താവനകളിലെ അപകടം തിരിച്ചറിയണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിന്റെ പ്രതിരോധ വകുപ്പ് മന്ത്രിയേയും പ്രതിരോധ വകുപ്പിന്റെ നെഗോസിയേഷന്‍ കമ്മിറ്റിയെയും നോക്കുകുത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നടത്തിയ റാഹേല്‍ ഫോര്‍ വിമാനകരാറിന്റെ നിഗൂഢതകള്‍ അന്വേഷിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മേപ്പയ്യൂര്‍ സലഫി ക്യാമ്പസില്‍ നടന്ന ദ്വിദിന കൗണ്‍സില്‍ ആള്‍ ഇന്ത്യ ഇസ്വ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക വിശ്വാസം വളര്‍ത്തിയെടുക്കാനും മതപ്രബോധന മേഖല സജീവമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സി പി ഉമര്‍സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ.കെ ജമാലുദ്ദീന്‍ ഫാറൂഖി, പി കെ ഇബ്രാഹിം ഹാജി, എ വി അബ്ദുല്ല, ഡോ.പി പി അബ്ദുല്‍ ഹഖ്, ഹാഷിം ആലപ്പുഴ, ഡോ.പി മുസ്തഫ ഫാറൂഖി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി പ്രവര്‍ത്തന രൂപരേഖയും ട്രഷറര്‍ എ അസ്ഗര്‍ അലി വാര്‍ഷിക വരവ് ചെലവ് കണക്കുകളും സെക്രട്ടറി സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ഹസ്സന്‍ മദനിയുടെ പാരത്രിക മോക്ഷത്തിനായി പ്രാര്‍ഥിച്ചു. ടി പി അസീല്‍ അസ്‌ലം, അബ്ദുല്‍ ഗഫൂര്‍ തിക്കോടി, കെ പി സകരിയ്യ എന്നിവര്‍ ക്ലാസെടുത്തു.

രണ്ടാം ദിവസം പി മൂസ സ്വലാഹിയുട ക്വുര്‍ആന്‍ പഠന ക്ലാസോടെ ആരംഭിച്ചു. സെക്രട്ടറി ഉബൈദുല്ല താനാളൂര്‍ പ്രമേയാവതരണം നടത്തി. ബിപിഎ ഗഫൂര്‍, ഡോ.എം അബ്ദു റസാഖ് സുല്ലമി, ഷുക്കൂര്‍ കോണിക്കല്‍, ഹാഫിസ് റഹ്മാന്‍ മദനി പുത്തൂര്‍, ഐ പി അബ്ദുസ്സലാം, ഷംസുദ്ദീന്‍ പാലക്കോട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ.സലീം ചെര്‍പ്പുളശ്ശേരി, സി മമ്മു കോട്ടക്കല്‍ പ്രസംഗിച്ചു.

ചര്‍ച്ചയില്‍ ഡോ.വി കുഞ്ഞാലി, അബ്ദുല്‍ കരീം വല്ലാഞ്ചിറ, ഇ ഒ അബ്ദുല്‍ അസീസ്, പി പി ഖാസിം ഹാജി, ഹംസ സുല്ലമി മൂത്തേടം, ഹമീദ് കുനിയില്‍, അബ്ദുസ്സലാം കൊടുവള്ളി, മുഹമ്മദ് ഇഖ്ബാല്‍ വെട്ടം, സഈദ് തളിയില്‍, നസീര്‍ വടകര, വി പി മൊയ്തു, മുജീബ് കോക്കൂര്‍, അഷ്‌റഫ് ചെട്ടിപ്പടി, എം ഐ മുഹമ്മദലി സുല്ലമി, എന്‍ എം അബ്ദുല്‍ ജലീല്‍, കെ അബ്ദുസലാം സുല്ലമി, ഹമീദലി അരൂര്‍, അസ്‌ലം സലീം എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

Read More

Thursday, March 26, 2015

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന്‍ സമാപന സമ്മേളനം ഹറം ഇമാം ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: 'അന്ധവിശ്വാസങ്ങള്‍ക്കും ഭീകരതക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ജനകീയ ജാഗരണം' എന്ന സന്ദേശവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഏപ്രില്‍ 12ന് ഞായറാഴ്ച വൈകീട്ട് കോഴിക്കോട് (കടപ്പുറം) നടക്കും. 2 ലക്ഷത്തില്‍പരം പേര്‍ പങ്കെടുക്കുന്ന  സമാപന സമ്മേളനം  ലോക മുസ്‌ലീംകളുടെ സുപ്രധാന പുണ്യഗേഹമായ മദീനയിലെ മസ്ജിദുന്നബവി ഗ്രാന്റ് ഇമാം ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ ഉദ്ഘാടനം ചെയ്യും. ആഗോള ഭീകരതക്കെതിരെ ഇസ്‌ലാമിക മുന്നേറ്റ പ്രഖ്യാപനം സമ്മേളനത്തില്‍ നടത്തും.

1988ലെ വിശുദ്ധ മക്കയിലെ ഇമാം ശൈഖ് മുഹമ്മദ്  അബ്ദുല്ല സുബൈയിലിന്റെ കേരള സന്ദര്‍ശനത്തിന് ശേഷം ഒരു ഹറം ഇമാമിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും മസ്ജിദുന്നബവിയില്‍ സമ്മേളിക്കുന്ന 5 ലക്ഷത്തില്‍പരം വിശ്വാസികള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും വെള്ളിയാഴ്ച പ്രഭാഷണം (ഖ്വുതുബ) നടത്തുകയും ചെയ്യുന്ന ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ ലോകത്തില്‍ അറിയപ്പെടുന്ന പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമാണ്. ദീര്‍ഘകാലമായി മദീന ഹൈകോടതി ജഡ്ജി കൂടിയായി അദ്ദേഹം സേവനം ചെയ്തുവരുന്നു. ഇന്ത്യയില്‍ ഡല്‍ഹി, ഹൈദരബാദ്, പാറ്റ്‌ന എന്നിവിടങ്ങളില്‍ ജനാവലിയെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം മൂന്ന് ദിവസം കേരളത്തിലുണ്ടായിരിക്കും. കേരളത്തിലെ ഇമാമിന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ക്ക് സഊദി അംബാസിഡറും സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂരും ചേര്‍ന്ന് അന്തിമ രൂപം നല്‍കി.
 
സമാപന സമ്മേളന ദിവസം (ഞായറാഴ്ച) ലക്ഷങ്ങള്‍ പങ്കെടുക്കുന്ന മഗ്‌രിബ് നമസ്‌കാരത്തിന് ഇമാം ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ നേതൃത്വം നല്‍കും.
 
വിവിധ അറബ് രാഷ്ട്ര അംബാസിഡര്‍മാരും മത പണ്ഡിതന്മാരും മന്ത്രിമാരും ജനപ്രതിനിധികളും കാമ്പയിന്‍ സാമപന സമ്മേളനത്തില്‍ സംബന്ധിക്കും. കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രത്തിലെ അവിസ്മരണീയമായ സന്ദര്‍ഭമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന കാമ്പയിന്‍ സമാപന സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
 
കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സമാപന സമ്മേളനത്തിന് അന്തിമരൂപം നല്‍കി.  ഡോ  ഹുസൈന്‍ മടവൂര്‍, ജനറല്‍ സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, പി കെ ഇബ്രാഹീം ഹാജി, ഹാഷിം ആലപ്പുഴ, എ അബ്ദുല്‍ ഹമീദ് മദീനി, സി.അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അഡ്വ പി മൊയ്തീന്‍കുട്ടി, ഡോ സലിം സുല്ലമി, പി.പി. ഖാലിദ്, അബ്ദുല്‍ റസാഖ് സുല്ലമി, ഡോ പി.പി. അബ്ദുല്‍ ഹഖ്, ഡോ സലിം ചേര്‍പ്പുളശ്ശേരി, കെ പി സകരിയ്യ, മമ്മു കോട്ടക്കല്‍, ഡോ.ഐ പി അബ്ദുസ്സലാം,  അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഉബൈദുല്ല താനാളൂര്‍, ഷംസുദ്ദീന്‍ പാലക്കോട്, ബി.പി.എ ഗഫൂര്‍, അനസ് കടലുണ്ടി, ഇസ്മാഈല്‍ കരിയാട്, ജലീല്‍ മാമാങ്കര, ഹാഫിസുറഹ്മാന്‍ മദനി പ്രസംഗിച്ചു.
Read More

Wednesday, March 25, 2015

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം അനുസരിച്ച് പരിഷ്‌കരിക്കണം -കെ എന്‍ എം


കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യാനുപാതം അനുസരിച്ചുള്ള വീതം വെപ്പ് അവസാനിപ്പിച്ച്, മുന്‍വര്‍ഷങ്ങളിലെ അപേക്ഷകരുടെ എണ്ണത്തിനാനുപാതമായി സംസ്ഥാനങ്ങള്‍ക്ക് ഹജ്ജ് കോട്ട നിശ്ചയിക്കണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി, ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, ട്രഷറര്‍ എ അസ്ഗറലി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

ഓരോ വര്‍ഷവും ലഭിക്കുന്ന അപേക്ഷകരുടെ 10% പേര്‍ക്ക് പോലും കേരളത്തില്‍ നിന്നും ഹജ്ജിന് അനുമതി ലഭിക്കുന്നില്ല എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പല സംസ്ഥനങ്ങളിലും ജനസംഖ്യാനുപാതികമായി ലഭിക്കുന്ന കോട്ടയുടെ പകുതി പോലും അപേക്ഷകര്‍ ഇല്ല എന്ന വസ്തുത കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരിച്ചറിയണമെന്നും ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജിന് അവസരമൊരുക്കുവാന്‍ സര്‍ക്കാര്‍ രാജ്യാന്തര തലത്തിലും ശ്രമിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Read More

Monday, December 29, 2014

കേരള നദ്‌വത്തുല്‍ മുജാഹിദീന് പുതിയ നേതൃത്വം •

സി.പി.ഉമര്‍ സുല്ലമി പ്രസിഡണ്ട്, 
എം. സ്വലാഹുദ്ദീന്‍ മദനി ജനറല്‍ സെക്രട്ടറി, 
എ. അസ്ഗറലി ട്രഷറര്‍





കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന പ്രസിഡണ്ടായി സി.പി.ഉമര്‍ സുല്ലമിയും (മലപ്പുറം), ജനറല്‍ സെക്രട്ടറിയായി എം. സ്വലാഹുദ്ദീന്‍ മദനിയും (എറണാകുളം), ട്രഷററായി എ അസ്ഗറലിയും (കോഴിക്കോട്) തെരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് നടന്ന കെ.എന്‍.എം. സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം മറ്റ് ഭാരവാഹികളായി അഡ്വ.പി.എം. മുഹമ്മദ് കുട്ടി, കെ.കെ.ഹസ്സന്‍ മദീനി ആലുവ, എസ്.എ.എം. ഇബ്‌റാഹിം, ഡോ.ഇ.കെ.അഹ്മദ്കുട്ടി, ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ.എന്‍.വി.അബ്ദുറഹിമാന്‍, പി.കെ.ഇബ്‌റാഹിം ഹാജി ഏലാങ്കോട്, കെ. അബൂബക്കര്‍ മൗലവി, അഡ്വ.എം.മൊയ്തീന്‍കുട്ടി,  മുഹമ്മദ് ഹാഷീം ആലപ്പുഴ (വൈസ് പ്രസിഡണ്ടുമാര്‍), പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.പി.പി.അബ്ദുല്‍ ഹഖ്, ഡോ.പി.മുസ്തഫ ഫാറൂഖി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ.പി.സകരിയ്യ, ഉബൈദുല്ല താനാളൂര്‍, സി മമ്മു കോട്ടക്കല്‍, ഡോ സലിം ചെര്‍പ്പുളശ്ശേരി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ (സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.


കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ.കെ.ജമാലുദ്ദീന്‍ ഫാറൂഖി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.പി.ഉമര്‍ സുല്ലമി, ഡോ.കെ.അബ്ദുറസാഖ് സുല്ലമി, എഞ്ചിനീയര്‍ മുഹമ്മദ് കോയ. എന്‍.എം. അബ്ദുല്‍ജലീല്‍, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.ഇ.കെ.അഹ്മ്മദ്കുട്ടി, എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, അബ്ദുല്‍ ഹസീബ് മദനി, ഇസ്മാഈല്‍ കരിയാട്, ജാസിര്‍ രണ്ടത്താണി സംസാരിച്ചു.


Read More

Sunday, December 28, 2014

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു : കെ.എന്‍.എം.


കോഴിക്കോട്: നല്ല നാളെയെ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണെന്ന് കെ.എന്‍.എം. സംസ്ഥാന സമാപന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി അടിസ്ഥാനപ്രശ്‌നങ്ങള്‍ അവഗണിച്ച് കോര്‍പ്പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും അനുകൂലമായ നിയമനിര്‍മ്മാണവും ഓര്‍ഡിനന്‍സും നടപടിക്രമങ്ങളുമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ആഗോളവിപണിയില്‍ ക്രൂഡോയിലിന് പകുതിയിലധികം വിലയിടിവ് ഉണ്ടായിട്ടും അതിന്റെ ഗുണഫലം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ സംഘ്പരിവാറിന്റെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിച്ച് അധികാരം ഉറപ്പിക്കുക എന്ന ഗുജറാത്ത് മാതൃക രാജ്യത്തൊട്ടാകെ നടപ്പിലാക്കുന്ന മോഡി സര്‍ക്കാറിന്റെ പ്രഖ്യാപിത നയങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ മതേതര ജനാധിപത്യവിശ്വാസികള്‍ മുന്നോട്ട് വരണം. പണം നല്‍കിയും പ്രലോഭിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള വി.എച്ച്.പിയുടെ കുത്സിത ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല. മത സ്വാതന്ത്യത്തിന് നേരെയുള്ള ഈ കടന്നാക്രമണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം. ഇന്ത്യ വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് കോട്ടം തട്ടിക്കുന്ന ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിര്‍ക്കപ്പെടണം.

മദ്യനയത്തില്‍നിന്നും പിറകോട്ടുപോയ കേരള സര്‍ക്കാര്‍ വിശ്വാസ വഞ്ചനയാണ് നടത്തിയത്. പൂര്‍ണ്ണമദ്യനിരോധനം പ്രതീക്ഷച്ചവരെ തീര്‍ത്തും നിരാശയിലാക്കി കേരള സര്‍ക്കാറിന്റെ മദ്യനയത്തില്‍ ശക്തിയായി പ്രതിഷേധിക്കണം.

അന്ധവിശ്വാസങ്ങള്‍ പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിസ്സംഗത കാണിക്കുന്നത് അവസാനിപ്പിക്കണം.

കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട്, ഡോ.ഇ.കെ.അഹ്മ്മദ് കുട്ടി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കേരള വഖഫ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട എം.ജി.എം. ജനറല്‍ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ വി മുഹമ്മദ് മൗലവി അലനല്ലൂര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ ജനകീയ ജാഗരണം എന്ന ക്യാമ്പയിന്‍ മാര്‍ച്ച് മാസം വരെ തുടരാന്‍ തീരുമാനിച്ചു. ട്രഷറര്‍ എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ ജമാലുദ്ദീന്‍ ഫാറൂഖി, ഡോ.എന്‍.വി. അബ്ദുറഹിമാന്‍, അഡ്വ പി.എം മുഹമ്മദ്കുട്ടി, കെ. അബൂബക്കര്‍ മൗലവി, സി മുഹമ്മദ് സലീം സുല്ലമി, എം.എസ്.എസ് ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഹമ്മദ് കോയ, അബ്ദുറസാഖ് സുല്ലമി, ഡോ.പി.പി.അബ്ദുല്‍ഹഖ്, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, ഡോ.മുസ്തഫ ഫാറൂഖി, സി അബ്ദുലത്തീഫ് മാസ്റ്റര്‍, സി. മമ്മു കോട്ടക്കല്‍, ഹസീബ് മദനി, കെ.പി.സകരിയ്യ, എന്‍.എം. അബ്ദുല്‍ ജലീല്‍, ഡോ കുഞ്ഞാലി, അബൂബക്കര്‍ കോയ കണ്ണൂര്‍, ഈസ മദനി, അബ്ദുല്‍കരീം എഞ്ചിനീയര്‍, സെയ്തു മുഹമ്മദ് കരുവട്ടൂര്‍,  ഇസ്മാഈല്‍ കരിയാട് പ്രസംഗിച്ചു.
Read More

Sunday, December 14, 2014

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവില്‍കോഡിനെ ചെറുക്കണം: കെ എന്‍ എം •



കോഴിക്കോട്: രാജ്യത്തിന്റെ മതേതര അടിത്തറ തകര്‍ക്കുംവിധം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഏക സിവില്‍കോഡിനെ ശക്തമായി ചെറുക്കണമെന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്ത വിശ്വാസ-അനുഷ്ഠാന സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ക്കെതിരെ മതേതര മുന്നേറ്റത്തിന് ദേശീയ കക്ഷികള്‍ മുന്നോട്ട് വരണം, നിര്‍ബന്ധ മതപരിവര്‍ത്തനപ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്നും കെ എന്‍ എം വ്യക്തമാക്കി.

വാഗ്ദാനങ്ങള്‍ നല്‍കിയും നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവര്‍ത്തനം നടപ്പിലാക്കുന്നത് ഭരണഘടനാപരമായ അവകാശലംഘനമാണ്. സാമുദായിക ഐക്യവും മതസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന ഇത്തരം നീക്കങ്ങളില്‍ നിന്നും ബി ജെ പി സര്‍ക്കാര്‍ പിന്‍തിരിയണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് ഡോ.ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി, എം.സ്വലാഹുദ്ദീന്‍ മദനി, പി.കെ.ഇബ്‌റാഹീം ഹാജി, പ്രൊഫ.എന്‍.വി.അബ്ദുറഹ്മാന്‍, എ അസ്ഗറലി, ഡോ. എം അബ്ദുറസാഖ് സുല്ലമി, ഡോ.പി.മുസ്തഫ ഫാറൂഖി, ഡോ. പി പി അബ്ദുല്‍ ഹഖ്, കെ.അബൂബക്കര്‍ മൗലവി, ഉബൈദുല്ല താനാളൂര്‍, കെ പി സകരിയ്യ, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, ഡോ.ഐ.പി.അബ്ദുസ്സലാം, അഡ്വ.എം.മൊയ്തീന്‍കുട്ടി, ഇസ്മായീല്‍ കരിയാട്, കെ.പി.അബ്ദുറഹീം, സി. മമ്മു കോട്ടക്കല്‍, ഹാഫിസ് റഹ്മാന്‍ പ്രസംഗിച്ചു.

Read More

Monday, August 26, 2013

അമിതാബ്കുന്ദു കമ്മിഷന്‍: രാജ്യത്തെ മുസ്‌ലിംകളെ വഞ്ചിതരാക്കുന്നു: KNM


കോഴിക്കോട് :  സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നത് പരിശോധിക്കാന്‍ അമിതാബ്കുന്ദു കമ്മിഷനെ നിശ്ചയിക്കുകവഴി യു പി എ സര്‍ക്കാര്‍ രാജ്യത്തെ മുസ്‌ലിംകളെ വഞ്ചിക്കുകയാണെന്ന് കേരള നദ്‌വത്തുല്‍മുജാഹിദീന്‍ (കെ എന്‍ എം). രാജ്യത്തെ മുസ്‌ലിംകളെ വാഗ്ദാനങ്ങളില്‍ മയക്കിക്കിടത്തി വോട്ടുബാങ്കാക്കി ചൂഷണം ചെയ്യുന്നത് യു പി എ നേതൃത്വം അവസാനിപ്പിക്കണമെന്ന് കോഴിക്കോട് നടന്ന കെ എന്‍ എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍സമ്മേളനം ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെയും രംഗനാഥന്‍ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിലെയും ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേന്ദ്രഭരണത്തില്‍ രണ്ട് തവണകളിലായി ഒട്ടേറെ അവസരം ലഭിച്ചിട്ടും കാര്യമായി ഒന്നും ചെയ്യാതെ ഇപ്പോള്‍ പരിശോധനാ കമ്മിഷനെ നിശ്ചയിക്കുന്നത് കടുത്ത വഞ്ചനയാണ്. ആറുമാസങ്ങള്‍ക്ക് ശേഷം കമ്മിഷന്‍ റിപ്പോര്‍ട്ട് കിട്ടി അതിന്മേല്‍ ചര്‍ച്ചയും ശേഷം പ്രഖ്യാപനങ്ങളും നടത്തി മുസ്‌ലിം സമുദായത്തെ വീണ്ടും വീണ്ടും വിഡ്ഢികളാക്കുന്നത് പൊറുപ്പിക്കാവതല്ല. കമ്മിഷന്റെ കാലവധിയും തുടര്‍നടപടികളും പരിഗണിക്കുമ്പോള്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചട്ടങ്ങള്‍ക്ക് തടസ്സമായി വരുമെന്നിരിക്കെ അമിതാബ്കുന്ദു കമ്മിഷനെ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള നടപടി മാത്രമായേ കാണാനൊക്കൂ. കമ്മിഷനുകളല്ല നടപടികളാണ് രാജ്യത്തെ മുസ്‌ലിംകള്‍ക്കാവശ്യമെന്ന് കെ എന്‍ എം വ്യക്തമാക്കി. മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യ ഉന്നമനം ആത്മാര്‍ത്ഥമായി ലക്ഷ്യം വെക്കുന്നുണ്ടെങ്കില്‍ സച്ചാര്‍ കമ്മിഷന്‍, രംഗനാഥമിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടുകളിലെ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ മുന്നോട്ട് വരികയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. 

മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ അട്ടിമറിക്കാന്‍ സംഘടിത ഗൂഢാലോചന നടക്കുന്നതായി കെ എന്‍ എം കൗണ്‍സില്‍ ആരോപിച്ചു. മലബാറില്‍ പുതിയ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിക്കാനുള്ള നീക്കം തടസ്സപ്പെടുത്തുന്നതില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ നേതൃത്വങ്ങളും ചില മീഡിയകളും സംഘടിതമായി ശ്രമിക്കുകയാണ്. ഹയര്‍ സെക്കന്ററി പ്രവേശനം കിട്ടാതെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ മലബാറില്‍ വഴിയാധാരമായി നില്‌ക്കെ തെക്കന്‍ കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലസ് വണ്‍ സീറ്റുകള്‍ ഉയര്‍ത്തിക്കാണിച്ച് ഇനി ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിക്കേണ്ടതില്ലെന്ന് വാദിക്കുന്നവരുടെ മനോഗതി ദുരൂഹമാണെന്ന് കെ എന്‍ എം കുറ്റപ്പെടുത്തി. മലബാറില്‍ ജനസംഖ്യാനുപാതികമായി ഹയര്‍ സെക്കന്ററി സ്‌കൂളുകളും കോളെജുകളും സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ അനുവദിക്കണമെന്ന് കെ എന്‍ എം ആവശ്യപ്പെട്ടു. 

സിറിയന്‍ ജനതയെ കിരാതമായി കൊന്നൊടുക്കുന്ന ബശാറുല്‍അസദിന്റെ ഭരണകൂട ഭീകരതക്ക് അറുതി വരുത്താന്‍ അറബ് രാഷ്ട്രങ്ങള്‍ സംഘടിത നയതന്ത്രത്തിന് മുന്നിട്ടിറങ്ങണമെന്ന് കെ എന്‍ എം അഭ്യര്‍ഥിച്ചു. സിറിയയിലെ അമേരിക്കന്‍ സൈനിക ഇടപെടല്‍ സ്ഥായിയായ പരിഹാരമല്ലെന്നിരിക്കെ ജനാധിപത്യ പുനസ്ഥാപനത്തിനുള്ള ശ്രമങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുക്കണം. സിറിയയെ സൈനിക താവളമാക്കി നിലനിര്‍ത്തി സിറിയയിലെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഇടപെടലെന്നതിന് അനുഭവം സാക്ഷിയാണെന്നിരിക്കെ അറബ് വസന്തത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി സിറിയയില്‍ ജനാധിപത്യം പുനസ്ഥാപന പ്രസ്ഥാനങ്ങള്‍ക്ക് ശക്തിപകരാന്‍ ആഗോള സമൂഹം മുന്നോട്ടു വരണം. 

ഈജിപ്തിലെ മനുഷ്യക്കുരുതിക്കെതിരെ നേരിട്ടിടപെടാന്‍ അറബ് രാഷ്ട്രങ്ങള്‍ തയ്യാറാവണം. ജനാധിപത്യപുനസ്ഥാപന പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന കാവല്‍ മന്ത്രിസഭയെ ഒറ്റപ്പെടുത്താന്‍ അറബ് രാഷ്ട്രഐക്യസമിതിക്ക് കഴിയേണ്ടതുണ്ട്. ഈജിപ്തില്‍ ജനാധിപത്യപരമായി അധികാരത്തിലേറിയ മുഹമ്മദ് മുര്‍സി മന്ത്രിസഭയെ പുനസ്ഥാപിക്കാന്‍ ഐക്യ രാഷ്ട്രസഭക്ക് ബാധ്യതയുണ്ടെന്നും കെ എന്‍ എം അഭിപ്രായപ്പെട്ടു. 

ഇശ്‌റത്ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളെ രക്ഷപ്പെടുത്തുംവിധമുള്ള അന്വേഷണ ഏജന്‍സികളുടെ ഒത്തുകളി അപലപനീയമാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഇരകളെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നത് ഐ ബി പോലുള്ള അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ്. അബ്ദുല്‍നാസര്‍ മഅ്ദനിയെ തടങ്കിലിലിട്ട് ഇഞ്ചിഞ്ചായി നശിപ്പിക്കുന്ന ഭരണകൂടഭീകരതക്ക് കൂട്ടുനില്ക്കുന്നത് അന്വേഷണ ഏജന്‍സികളുടെയും ഫാസിസ്റ്റുകളുടെയും നിയമവ്യവസ്ഥയുടെയും ഫാസിസ്റ്റ്‌വല്‍ക്കരണമാണ് വ്യക്തമാകുന്നതെന്നും അബ്ദുല്‍നാസര്‍ മഅ്ദനിക്ക് ജാമ്യം നിഷേധിക്കാന്‍ നിയമത്തിന്റെ പിന്‍ബലമില്ലെന്നിരിക്കെ ജുഡീഷ്യറി ഭരണകൂട ഭീകരതക്ക് അടിപ്പെട്ടത് നീതീകരിക്കതല്ല. 

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ആദര്‍ശ പ്രബോധന രംഗം സജീവമാക്കി സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. വഖഫ് ഫണ്ട് വിജയിപ്പിച്ച ജില്ലാകമ്മിറ്റികളെ കൗണ്‍സില്‍ അഭിനന്ദിച്ചു. 

ഉന്നതസ്ഥാനങ്ങള്‍ ലഭിച്ച ഡോ. പി പി മുഹമ്മദ് (ഇഫഌ സ്‌പെഷല്‍ ഓഫിസര്‍, മലപ്പുറം), ഡോ. കെ മുഹമ്മത് ബശീര്‍ (കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍), പ്രൊഫ. എം ഹാറൂണ്‍ (പ്രിന്‍സിപ്പള്‍, തിരൂരങ്ങാടി പി എസ് എം ഒ കോളെജ്), കെ അബ്ദുല്‍ ഖയ്യും പുന്നശ്ശേരി (പ്രിന്‍സിപ്പാള്‍, പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളെജ്), ഡോ. പി മുസ്തഫ ഫാറൂഖി (പ്രിന്‍സിപ്പാള്‍, ഫറോക്ക് റൗഉത്തുല്‍ ഉലൂം അറബിക് കോളെജ്), എ കെ ഈസാഅബൂബക്കര്‍ മദനി (തിരൂരങ്ങാടി കെഎം എം അറബിക്ക് കോളെജ് പ്രിന്‍സിപ്പാള്‍) എന്നിവരെ കൗണ്‍സില്‍ അനുമോദിച്ചു. 

2014 ഫിബ്രവരി ആറ്, ഏഴ്, എട്ട്, ഒന്‍പത് തിയ്യതികളില്‍ കോട്ടക്കലില്‍ നടക്കുന്ന എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളന പരിപാടികള്‍ക്ക് രൂപം നല്കി. knm02ഒരു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും വാര്‍ഷിക വരവ് ചെലവ് കണക്കും വരുന്ന രൂപരേഖയും അവതരിപ്പിച്ചു. 

കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എം സ്വലാഹൂദ്ദീന്‍ മദനി, എ അബ്ദുല്‍ ഹമീദ് മദീനി, ഡോ. മുസ്തഫ ഫാറൂഖി, കെ ജമാലൂദ്ദീന്‍ ഫാറൂഖി, പ്രഫ. എന്‍ വി അബ്ദുറഹിമാന്‍, പി കെ ഇബ്രാഹീം ഹാജി, എ അസ്ഗറലി, ഡോ. പി പി അബ്ദുല്‍ഹഖ്, പി ടി വീരാന്‍കുട്ടി സുല്ലമി, കെ അബൂബക്കര്‍ മൗലവി, കെ പി സകരിയ്യ, ഉബൈദുല്ല താനാളൂര്‍, സി മമ്മു കോട്ടക്കല്‍, ഇസ്മായില്‍ കരിയാട്, ജാസിര്‍ രണ്ടത്താണി, ബി പി എ ഗഫൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, ടി അബൂബക്കര്‍ നന്മണ്ട, അഡ്വ. എം മൊയ്തീന്‍കുട്ടി, സി അബ്ദുലത്തീഫ് മാസ്റ്റര്‍, ശമീമ ഇസ്‌ലാഹിയ്യ, അബ്ദുറൂഫ് മദനി കാസര്‍കോട്, ഷംസുദ്ദീന്‍ പാലക്കോട്, സലീം ഒളവണ്ണ, ഡോ. വി കുഞ്ഞാലി, ഇബ്രാഹിം പുനത്തില്‍, അബ്ദുറഹിമാന്‍ സുല്ലമി, ഹംസ സുല്ലമി കാരക്കുന്ന്, പി മൂസകൂട്ടി മദനി, പി മുഹമ്മദാലി മാസ്റ്റര്‍, സലാം മാസ്റ്റര്‍ തൃശൂര്‍, അബ്ദുല്‍ കരീം എറണാകുളം, പി മുഹമ്മദലി അന്‍സാരി, സജീദ്ഖാന്‍ കൊല്ലം, ബശീര്‍ ഫാറൂഖി ഇടുക്കി, എന്‍ എസ് എം റഷീദ്, കെ എസ് സുബൈര്‍, ഹമീദ് കുനിയില്‍, മുഹമ്മദ് ഉള്ള്യേരി പ്രസംഗിച്ചു.
Read More

Sunday, June 30, 2013

ഉത്തരാഖണ്ഡ്; സഹായം നല്കണം : KNM


കോഴിക്കോട് : ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇകെ അഹ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ ആഹ്വാനം ചെയ്തു. 

മഴയും പ്രളയവും സംഹാരതാണ്ഡവം നടത്തിയ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം പോലും തടസപ്പെട്ട അവസ്ഥയാണുള്ളത്. നിരവധി പേര്‍ ഭവനരഹിതരാവുകയും ഒട്ടേറെ പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഭക്ഷണം, മരുന്ന് തുടങ്ങിയവയുടെ ദൗര്‍ലഭ്യത കാരണം പലരും പ്രയാസപ്പെടുകയാണ്. മരണത്തോട് മുഖാമുഖം നില്‍ക്കുന്ന ദയനീയ രംഗമാണുള്ളത്. കുടുംബാംഗങ്ങളെ കാണാതെ പ്രയാസപ്പെടുന്നവരും ഒട്ടേറെയുണ്ട്. പ്രളയബാധിതരെ പരമാവധി സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Read More

Saturday, February 09, 2013

എന്‍ എസ് എസ് വാദങ്ങള്‍ ദോഷം ചെയ്യും: KNM


കണ്ണൂര്‍: എന്‍ എസ് എസിന്റെ വര്‍ഗ്ഗീയവാദത്തിന്റെ മറവില്‍ മൊത്തം സാമുദായിക നേതാക്കളെയും സാമുദായിക സംഘടനകളെയും അടച്ചാക്ഷേപിക്കുന്ന ചിലരുടെ നിലപാട് ഗുണകരമല്ലായെന്നും ഭാവിയില്‍ ഇത് ദോഷം ചെയ്യുമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍- മര്‍ക്കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം സങ്കുചിത സാമുദായിക വാദമാണ് എന്‍ എസ് എസ് ഉയര്‍ത്തിയതെന്നും രാജ്യം ഉയര്‍ത്തിപ്പിടിക്കേണ്ട മതേതര മൂല്യങ്ങളെ നശിപ്പിക്കുന്ന ഇത്തരം സാമുദായിക വര്‍ഗ്ഗീയ വാദങ്ങളെയും അവരുടെ ആവശ്യങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ ബന്ധപ്പെട്ടവര്‍ തള്ളിക്കളയണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

ജില്ലാ പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, വി മൊയ്തു സുല്ലമി, കെ അബ്ദുല്‍ മജീദ്, പി ടി പി മുസ്തഫ, ടി മുഹമ്മദ് നജീബ്, വി പി കെ അബ്ദുറഹിമാന്‍, അഷ്‌റഫ് മമ്പറം എന്നിവര്‍ പ്രസംഗിച്ചു.
Read More

ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം: KNM


കോഴിക്കോട്: ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് കെ എന്‍ എം. മഠങ്ങളും ധ്യാനകേന്ദ്രങ്ങളും മര്‍കസുകളും ശവകുടീരങ്ങളും ആത്മീയ ചികിത്സാ കേന്ദ്രങ്ങളും നിയമം മൂലം നിരോധിക്കണമെന്ന് 'വിശ്വാസം വിശുദ്ധി നവോത്ഥാനം' കാമ്പയ്‌ന്റെ തുടക്കം കുറിച്ച് കെ എന്‍ എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച പൊതു സമ്മേളനം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു. ആത്മീയ വാണിഭക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. ആള്‍ദൈവങ്ങളുടെയും സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും ശവകുടീര തീര്‍ഥാടന കേന്ദ്രങ്ങളുടെയും സാമ്പത്തിക വിനിമയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ആത്മീയ വാണിഭകേന്ദ്രങ്ങള്‍ അഴിമതിയുടെയും കള്ളപ്പണത്തിന്റെയും കൂത്തരങ്ങായി മാറിയിട്ടും രാഷ്ട്രീയ -ഭരണ നേതൃത്വങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കെ എന്‍ എം കുറ്റപ്പെടുത്തി. 

രാജ്യത്തെ പൗരന്മാരെ ചൂഷണം ചെയ്ത് തട്ടിയെടുക്കുന്ന കോടികളില്‍ നിന്ന് ഒരുഭാഗം സാമൂഹ്യ സേവനത്തിന് മാറ്റിവെക്കുന്നതുകൊണ്ട് മാത്രം അവര്‍ക്ക് നികുതിയിളവുകളും വിദേശ വിനിമയ യാത്രാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് നീതീകരിക്കാവതല്ല. സാമൂഹ്യ സേവനത്തിന്റെ മറപിടിച്ച് കോടികളുടെ വെട്ടിപ്പു നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഭരണനേതൃത്വം ചങ്കൂറ്റം കാണിക്കണം. കോഴിക്കോട് കേന്ദ്രമായി തിരുകേശത്തിന്റെ പേരില്‍ നടക്കുന്ന കോടികളുടെ തട്ടിപ്പിന് അരു നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. തിരുകേശ തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുംവിധം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് തിരുകേശ വാണിഭത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

കേരളീയ മുസ്‌ലിംകളെ അന്ധവിശ്വാസ അനാചാരങ്ങളില്‍നിന്നും മോചിപ്പിച്ചെടുക്കാന്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിന് നേതൃത്വം നല്കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു സംഘടന ജിന്ന് ബാധയുടെയും പിശാച് ചികിത്സയുടെയും പേരില്‍ പിളരേണ്ടിവന്നത് ലജ്ജാകരമാണ്. ജിന്ന് ബാധയുടെ പേരില്‍ ഒരു വിഭാഗത്തെ പുറത്താക്കി എന്ന് പറയുന്നവര്‍ തന്നെ മാരണമെന്ന അന്ധവിശ്വാസം ഇപ്പോഴും പേറി നടക്കുന്നുണ്ടെന്നിരിക്കെ എ പി വിഭാഗം കെ എന്‍ എമ്മില്‍ ഇപ്പോഴുണ്ടായ പിളര്‍പ്പ് അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പിന്റെ പേരിലല്ലെന്ന് വ്യക്തമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. 

ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നന്മയാഗ്രഹിച്ച് അന്ധവിശ്വാസങ്ങളോടും ആത്മീയ ചൂഷകരോടും പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങളോടൊപ്പം നില്ക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക നായകരും തയ്യാറാവണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ആള്‍ദൈവങ്ങളും സിദ്ധന്മാരും മന്ത്രവാദികളും ശവകുടീര തീര്‍ഥാടന കേന്ദ്രങ്ങളും ആത്മീയ തട്ടിപ്പുകേന്ദ്രങ്ങളാണെന്ന് പറഞ്ഞ ഹുസൈന്‍ മടവൂര് ഇക്കാര്യത്തില്‍ ജാതി മത ഭേദമന്യേ പരസ്യ സംവാദത്തിന് തയ്യാറാണെന്നും പ്രഖ്യാപിച്ചു. 

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദനി, ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജന.സെക്രട്ടറി ജാസിര്‍ രണ്ടത്താണി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍, ടി അബൂബക്കര്‍ നന്മണ്ട, ഡോ. മുസ്തഫ ഫാറൂഖി പ്രസംഗിച്ചു.
Read More

Thursday, February 07, 2013

അന്ധവിശ്വാസങ്ങളെ തുറന്നു വെല്ലുവിളിച്ച് KNM കാമ്പയിന് നാളെ തുടക്കം


കോഴിക്കോട്: വിശ്വാസം വിശുദ്ധി നവോത്ഥാനം സന്ദേശമുയര്‍ത്തി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കസുദ്ദഅ്‌വ) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന്‍ നാളെ കോഴിക്കോട്ട് ആരംഭം കുറിക്കും. ലോകത്ത് പ്രചാരത്തിലുള്ള മുഴുവന്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പരസ്യമായ വെല്ലുവിളിയുമായാണ് കെ എന്‍ എം കാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും നവോത്ഥാനത്തിന്റെ തിരിച്ചുനടപ്പിനുമെതിരെ സാമൂഹ്യബോധവത്കരണം ലക്ഷ്യം വെച്ച് നടക്കുന്ന കാമ്പയിന്‍ നാല് മാസം നീണ്ടുനില്‍ക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

അന്ധവിശ്വാസങ്ങളുടെ ഭാഗമായി വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന മന്ത്രവാദം, കൂടോത്രം, മാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയുള്ളതാണെന്ന് ഭൂരിപക്ഷ മതവിശ്വാസികള്‍ വിശ്വസിക്കുന്നതിനാലാണ് അവയെല്ലാം വ്യാപിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു നൂറ്റാണ്ട് പ്രവര്‍ത്തിച്ച നവോത്ഥാന പ്രസ്ഥാനത്തിന്റെ പേരില്‍പോലും ഇത്തരം വികല വിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും ഫലപ്രാപ്തി അവകാശപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള എല്ലാ വിഭാഗത്തിലുംപെട്ട മന്ത്രവാദികളെയും നാളെ നടക്കുന്ന കാമ്പയിന്‍ ഉദ്ഘാടന വേദിയില്‍ വെച്ച് പരസ്യമായി വെല്ലുവിളിക്കുവാന്‍ തീരുമാനിച്ചതായി കെ എന്‍ എം സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

കേളത്തിലെ മുസ്‌ലിം സമൂഹത്തില്‍ കഴിഞ്ഞ ഒമ്പത് ദശകകാലത്തെ ഉജ്വല പോരാട്ടങ്ങളിലൂടെ ഇസ്‌ലാഹീ പ്രസ്ഥാനം പടുത്തുയര്‍ത്തിയ നവോത്ഥാന മുന്നേറ്റത്തെ തകര്‍ത്തെറിഞ്ഞ് അന്ധവിശ്വാസങ്ങളുടെ പുന:സ്ഥാപനത്തിന്ന് നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്നവര്‍ തന്നെ രംഗത്ത് വരുന്നത് ഖേദകരമാണ്. പിശാച് ബാധ, ജിന്ന് കൂടല്‍, സിഹിര്‍, മന്ത്രവാദം, തിരുകേശ വാണീഭം തുടങ്ങിയ അന്ധവിശ്വാസങ്ങളുടെ ഭാഗമാണ്. ജിന്ന് വാദത്തിന്റെ പേരില്‍ രണ്ടായി പിളര്‍ന്ന എ പി വിഭാഗം കെ എന്‍ എമ്മിന്റെ ഇരു വിഭാഗവും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അന്ധവിശ്വാസത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ജിന്ന് കൂടലും പിശാച് ബാധയും പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരു വിഭാഗത്തെ പിരിച്ചുവിട്ടു എന്ന് അവകാശപ്പെടുന്നവര്‍ മാരണമെന്ന അന്ധവിശ്വാസത്തെ ഇപ്പോഴും മുറുകെ പിടിക്കുന്നു എന്നത് ഇതിന്റെ വ്യക്തമായ തെളിവാണ്. തങ്ങള്‍ക്കെതിരെ മാ രണം നടത്താന്‍ ലോകത്തുള്ള എല്ലാ മന്ത്രവാദികളെയും വെല്ലുവിളിക്കുന്നതായി കെ എന്‍ എം നേതാക്കള്‍ വ്യക്തമാക്കി. 

പ്രവാചക സ്‌നേഹത്തിന്റെ മറപിടിച്ച് തിരുകേശ വാണിഭത്തിലൂടെ കോടികളുടെ ആത്മീയ തട്ടിപ്പാണ് മറ്റൊരു കേന്ദ്രത്തില്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ കെ എന്‍ എം നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജാതി മത ഭേദമന്യേ നടക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും ആത്മീയ ചൂഷണകേന്ദ്രങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണവും വെല്ലുവിളിയും സൃഷ്ടിച്ച് നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കുകയാണ് വിശ്വാസം വിശുദ്ധി നവോത്ഥാനം കാമ്പയിന്‍ കൊണ്ട് കെ എന്‍ എം ലക്ഷ്യം വെക്കുന്നത്. കാമ്പയിന്‍ കാലത്ത് സംസ്ഥാനത്തെ ആത്മീയ വാണിഭ കേന്ദ്രങ്ങളെ തുറന്ന് കാണിച്ച് വിപുലമായ പ്രചാരണവും ആത്മീയ ചൂഷകരെയും അന്ധവിശ്വാസ പ്രചാരകരെയും സമൂഹത്തില്‍ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങളും സെമിനാറുകളും ചര്‍ച്ചാ സമ്മേളനങ്ങളും ഗൃഹസമ്പര്‍ക്ക പരിപാടികളും കാമ്പയിന്‍ കാലത്ത് സംഘടിപ്പിക്കും. ആത്മീയ തട്ടിപ്പുകാര്‍ക്ക് അവസരമൊരുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെയും അധികാര ദല്ലാളുമാരെയും പരസ്യമായി വിചാരണ ചെയ്യുമെന്നും കെ എന്‍ എം ന്താക്കള്‍ വ്യക്തമാക്കി. 

നാളെ നടക്കുന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 4.30ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ്കുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ ജെ യു പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി, ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍ പ്രസംഗിക്കും.
Read More

Monday, February 04, 2013

മുജാഹിദ് തര്‍ക്കം വാര്‍ത്ത വസ്തുതാവിരുദ്ധം: KNM


കോഴിക്കോട്: കേരള ഹൈക്കോടതി വിധിക്കെതിരെ ഡോ. ഹുസൈന്‍ മടവൂരും മറ്റും സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയെ സംബന്ധിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെ എന്‍ എം സംസ്ഥാന നേതാക്കള്‍ അറിയിച്ചു. സുപ്രീം കോടതി ഇരുവിഭാഗങ്ങളെയും അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. 2003ല്‍ എ പി പക്ഷം നടത്തി എന്ന് പറയപ്പെടുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവിധ കോടതികള്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഇത്രയും കാലത്തെ ഇടവേള ഉണ്ടായതിനാല്‍ അതില്‍ ഇടപെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരു വിഭാഗം സംഘടനകളും ഒരേ പേരില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഇടപെട്ടില്ല. 

ഇതിന് വിരുദ്ധമായി പല പത്രങ്ങളിലും എ പി വിഭാഗത്തിന് വേണ്ടി കൊടുത്ത റിപ്പോര്‍ട്ടുകള്‍ വ്യാജവും സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതുമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്രങ്ങളുടെ പ്രതിനിധികള്‍ ആരും തന്നെ കേസ് വാദം നടക്കുന്ന സമയത്ത് മൂന്നാം നമ്പര്‍ മുറിയില്‍ ഹാജറുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കളവായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും കോടതി നടപടികള്‍ ദുര്‍വ്യാഖ്യാനിച്ചതിനുമെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഇ കെ അഹ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Read More

Monday, January 28, 2013

വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കണം : KNM


മലപ്പുറം: സ്ത്രീ സുരക്ഷക്കായി ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി രാജ്യവ്യാപകമായ ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ഇതര സമൂഹ്യ സംഘടനകളുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം സ്ത്രീ സുരക്ഷക്കുള്ള നടപടികള്‍ക്ക് നിയമപ്രാബല്യം നല്‍കേണ്ടതെന്നും മലപ്പുറത്ത് ചേര്‍ന്ന മുജാഹിദ് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സൈന്യത്തിന്റെയും പോലീസിന്റെയും ലൈംഗികകുറ്റ കൃത്യങ്ങള്‍ സാധാരണ ക്രിമിനല്‍ കുറ്റനിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നും സംഘര്‍ഷമേഖലകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക അധികാരമുള്ള സ്‌പെഷല്‍ കമ്മിഷണര്‍മാരെ നിയോഗിക്കണമെന്നുമുള്ള വര്‍മ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അടിയന്തിര നിയമനിര്‍മ്മാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 

നിയമ നിര്‍മ്മാണത്തോടൊപ്പം ധാര്‍മ്മിക സദാചാരമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു യുവതലമുറയെ സൃഷ്ടിക്കുന്നതിന് സ്‌കൂള്‍ കോളേജ് പാഠ്യപദ്ധതിയില്‍ ഇത്തരം പ്രശ്‌നങ്ങളെകൂടി ഉള്‍പ്പെടുത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വങ്ങളില്‍ ജാതീവിഷം കുത്തിവെച്ച് തമ്മിലടിപ്പിക്കുന്ന ഏര്‍പ്പാട് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അവസാനിപ്പിക്കണമെന്നും പെരുന്നയില്‍നിന്നുള്ള ഇത്തരം ഉത്തരവുകള്‍ നടപ്പിലാക്കാനുള്ള അടിയാന്‍മാരാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളെന്ന എന്‍ എസ് എസിന്റെ ധിക്കാരം പൂര്‍വ്വ നിലപാടിനെ തിരുത്തിക്കാന്‍ മുഖ്യകക്ഷി രാഷ്ട്രീയപാര്‍ട്ടികള്‍ ആര്‍ജ്ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ് കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. എ അസ്ഗറലി, കെ അബൂബക്കര്‍ മൗലവി, ഡോ.പി പി അബ്ദുല്‍ ഹഖ്, കെ പി സകരിയ്യ, ഡോ.ജമാലുദ്ദീന്‍ ഫാറൂഖി, സി മമ്മു, പി ഹംസ സുല്ലമി, അബൂബക്കര്‍ മദനി, പി ടി ബീരാന്‍കുട്ടി സുല്ലമി, ഡോ. മുസ്തഫ ഫാറൂഖി, പ്രഫ. എന്‍ വി അബ്ദുറഹിമാന്‍, ഈസ മദനി, ഡോ. മുബശ്ശിര്‍ പാലത്ത്, ഏലാങ്കോട് ഇബ്രാഹീം ഹാജി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് യു പി യഹ്‌യാഖാന്‍. എം എസ് എം ജനറല്‍ സെക്രട്ടറി ജാസില്‍ രണ്ടത്താണി, എം ജി എം ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ, ഖദീജ നര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More

Saturday, January 19, 2013

KNM ദ്വിദിന യുവപ്രബോധക ക്യാമ്പ് ഇന്ന് തുടങ്ങും


കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(കെ എന്‍ എം) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട യുവപ്രബോധകര്‍ക്കായുളള ദ്വിദിന ദഅ്‌വ വര്‍ക് ഷോപ്പ് ഇന്ന് കോഴിക്കോട് ആരംഭിക്കും. കല്ലായ് ഖുബാ എഡ്യുഹോമില്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ ജമാലുദ്ദീന്‍ ഫാറൂഖി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 

8 സെഷനുകളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ സി മുഹമ്മദ് സലിം സുല്ലമി, അബൂബക്കര്‍ നന്മണ്ട, സി എ സഈദ് ഫാറൂഖി, അബൂബക്കര്‍ മദനി മരുത, കെ പി സകരിയ്യ, മമ്മുട്ടി മുസ്‌ലിയാര്‍ വയനാട്, അബ്ദുറസാഖ് കിനാലൂര്‍ ക്ലാസെടുക്കും. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സംഗമം കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടം ചെയ്യും. സി മരക്കാരുട്ടി, പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിക്കും.
Read More

Sunday, October 14, 2012

ഐക്യസംഘത്തിന്റെ പൈതൃകമുള്ളവര്‍ ഒന്നിക്കണം : KNM


കൊടുങ്ങല്ലൂര്‍: കേരള മുസ്‌ലിം ഐക്യസംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപമെടുത്ത സംഘടനകളെല്ലാം ഐക്യപ്പെടണമെന്ന് ഐക്യസംഘത്തിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിച്ച പഠന സെമിനാര്‍ ആഹ്വാനം ചെയ്തു. സമുദായ പ്രതിബദ്ധതയുള്ള കേരളത്തിലെ മുസ്‌ലിം സംഘടിത സംരംഭങ്ങളെല്ലാം ഐക്യസംഘത്തിന്റെ നവോത്ഥാന പോരാട്ടങ്ങളുടെ പരിണിത ഫലമാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് ഒന്നിക്കാന്‍ എല്ലാ സംഘടനകളും മുന്നോട്ട് വരണം.അടിസ്ഥാന വിഷയങ്ങളിലുള്ള ആശയ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക സാംസ്‌കാരിക മുന്നേറ്റത്തിന് വേണ്ടി ഒന്നിക്കാന്‍ എല്ലാവരും തയ്യാറാകണം. കേരളീയ സമൂഹത്തിന്റെ മുഖ്യധാരയില്‍ മുസ്‌ലിം സമുദായത്തെ സജ്ജമാക്കാന്‍ ലക്ഷ്യം വെക്കുന്നവര്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

വക്കം മൗലവിയുടേയും കെ എം മൗലവിയുടേയുമെല്ലാം നവോത്ഥാന സംരംഭങ്ങളുടെ പൈതൃകം അവകാശപ്പെടുന്നവര്‍ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ ബാധ്യതപെട്ടിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആജീവനാന്തം പോരാടിയ വക്കം മൗലവിയേയും കെ എം മൗലവിയേയുമെല്ലാം മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നവര്‍ മുജാഹിദ് പ്രസ്ഥാനത്തെ യാഥാസ്ഥിതികയിലേക്ക് തിരിച്ച് തെളിക്കുന്നവരെ തള്ളിപ്പറയാനും ഐക്യസംഘത്തിന്റേയും പരിഷ്‌കര്‍ത്താക്കളുടേയും ആശയം മുറുകെ പിടിച്ച് മുന്നേറുന്ന മുജാഹിദ് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരുവാന്‍ സന്നദ്ധമാകുകയും വേണമെന്ന് സെമിനാര്‍ ആഹ്വാനം ചെയ്തു.
Read More

ഐക്യസംഘത്തിന്റെ തൊണ്ണൂറാം വാര്‍ഷികം ആചരിച്ചു


എറിയാട്: മുസ്‌ലിം നവോത്ഥാന പോരാട്ടങ്ങള്‍ക്ക് അടിത്തറ പാകിയ ഐക്യസംഘത്തിന്റെ തൊണ്ണൂറാം വാര്‍ഷികം ആചരിച്ചു. ഐക്യസംഘത്തിന്റെ നായകനായിരുന്ന എറിയാട് മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഐക്യവിലാസം തറവാട്ട് മുറ്റത്ത് ഒരുക്കിയ ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള .സ്ത്രീകളും പണ്ഡിതരുമടക്കമുള്ള ആയിരങ്ങള്‍ പങ്കെടുത്തു. ഐക്യസംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപം കൊടുത്ത സംഘടനകളെല്ലാം ഐക്യപ്പെടണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംഘടിപ്പിച്ച സമ്മേളനം ആഹ്വാനം ചെയ്തു. മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ സ്മരണകള്‍ ഇരമ്പിയ വേദിയില്‍ അദ്ദേഹത്തിന്റെ മകന്‍ അഡ്വ.പി.കെ.എം. ഹബീബിന്റെ വികാരഭരിതമായ വാക്കുകള്‍ സദസ് ഏറെ ശ്രദ്ധയോടെയാണ് ശ്രവിച്ചത്. തള്ളിക്കളയപ്പെട്ട ഒരു മനുഷ്യനും ആ മനുഷ്യന്‍ രൂപം കൊടുത്ത ഐക്യ സംഘത്തിന്റെയും പുനര്‍ സ്ഥാപനമാണിതെന്നും തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും അതില്‍ സന്തോഷമുണ്ടെന്നും ഹബീബ് പറഞ്ഞു. ഇസ്‌ലാമില്‍ മുന്നേറ്റത്തെ നവോത്ഥാനത്തിലേക്ക് കൈപിടിച്ചുനടത്തിയ ഐക്യസംഘത്തെ വിസ്മരിച്ച് ഒരു നവോത്ഥാനപ്രസ്ഥാനത്തിനും മുന്നോട്ടുപോകാനാവില്ലെന്ന് മുന്‍മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. നവോത്ഥാനത്തിന്റെ 90 വര്‍ഷങ്ങള്‍ പഠനസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മതസൗഹാര്‍ദ്ദത്തിന്റെ പുണ്യഭൂമിയായ കൊടുങ്ങല്ലൂരിലെ എറിയാട് പിറന്നുവീണ ഐക്യസംഘത്തിന്റെ അടിത്തറയില്‍ ചവിട്ടിനിന്നാണ് കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് പ്രയാണം ആരംഭിച്ചത്. എന്നാല്‍, ഈ നവോത്ഥാന നായകന്മാരെ തിരിച്ചറിയുവാനും അംഗീകരിക്കുവാനും ചില ഭാഗങ്ങളില്‍ എന്നും ഉയര്‍ന്ന തടസ്സവാദങ്ങളാണ് മുസ്‌ലിം സമുദായം പുരോഗതിയിലെത്തുവാന്‍ വൈകിയതിന് കാരണം -ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

 കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. പി.കെ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി. ധനപാലന്‍ എം.പി. മുഖ്യാതിഥിയായി. കെ.എന്‍.എം. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, സഫറലി ഇസ്മയിലിന് നല്‍കി പ്രകാശനം ചെയ്തു. ഉസൈബുള്ള താനാളൂര്‍ അഡ്വ. പി.കെ. മുഹമ്മദ്ഹബീബ്, ഇ.വി. രമേശന്‍, പ്രൊഫ. എന്‍.വി. അബ്ദുള്‍റഹ്മാന്‍, പി.കെ. ഇബ്രാഹിംഹാജി, പി.കെ. അബ്ദുള്‍ജബ്ബാര്‍ മണപ്പാട്ട്, പ്രൊഫ. കെ.ഐ. അബ്ദുള്ള, പി.എ. മുഹമ്മദ് മണപ്പാട്ട്, പ്രൊഫ. എം. ഹാറൂണ്‍, കെ. അബ്ദുള്‍സലാം എന്നിവര്‍ പ്രസംഗിച്ചു. ഡോ. എം. ഗംഗാധരന്‍, ഡോ. കുഞ്ഞാലി, ഡോ. അഷറഫ് വാണിമേല്‍, ഡോ. ജമാല്‍ മുഹമ്മദ്, ഡോ. പി.എ. മുഹമ്മദ് സെയ്ദ്, പി.എം.എ. ഗഫൂര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പഠന സെഷനില്‍ കെ.പി. സക്കറിയ, എ. അസ്ഗര്‍ അലി, ഡോ. പി.പി. അബ്ദുള്‍ഹഖ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, കെ. അബൂബക്കര്‍ മൗലവി, അബൂബക്കര്‍ നന്മണ്ട, പി.ടി. ബീരാന്‍കുട്ടി സുല്ലമി, സി. മുഹമ്മദ് സലിം, ഐ.പി. അബ്ദുള്‍സലാം എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. 

സമാപന പൊതുസമ്മേളനം എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. മുഖ്യാതിഥിയായി. എം. സലാഹുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തി. എന്‍.എം. അബ്ദുള്‍ജലീല്‍, അബ്ദുള്‍ലത്തീഫ് കരിമ്പിലാക്കന്‍, ജാസിര്‍ രണ്ടത്താണി, ഷമീല ഇസ്‌ലാഹിയ, ഇ.ഐ. മുജീബ്, കെ.എ. അബ്ദുള്‍ഹബീബ് മദനി എന്നിവര്‍ പ്രസംഗിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...