കോഴിക്കോട്: ആത്മീയ വാണിഭ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് കെ എന്‍ എം. മഠങ്ങളും ധ്യാനകേന്ദ്രങ്ങളും മര്‍കസുകളും ശവകുടീരങ്ങളും ആത്മീയ ചികിത്സാ കേന്ദ്രങ്ങളും നിയമം മൂലം നിരോധിക്കണമെന്ന് 'വിശ്വാസം വിശുദ്ധി നവോത്ഥാനം' കാമ്പയ്‌ന്റെ തുടക്കം കുറിച്ച് കെ എന്‍ എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച പൊതു സമ്മേളനം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു. ആത്മീയ വാണിഭക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. ആള്‍ദൈവങ്ങളുടെയും സിദ്ധന്മാരുടെയും മന്ത്രവാദികളുടെയും ശവകുടീര തീര്‍ഥാടന കേന്ദ്രങ്ങളുടെയും സാമ്പത്തിക വിനിമയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ആത്മീയ വാണിഭകേന്ദ്രങ്ങള്‍ അഴിമതിയുടെയും കള്ളപ്പണത്തിന്റെയും കൂത്തരങ്ങായി മാറിയിട്ടും രാഷ്ട്രീയ -ഭരണ നേതൃത്വങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കെ എന്‍ എം കുറ്റപ്പെടുത്തി.
രാജ്യത്തെ പൗരന്മാരെ ചൂഷണം ചെയ്ത് തട്ടിയെടുക്കുന്ന കോടികളില്‍ നിന്ന് ഒരുഭാഗം സാമൂഹ്യ സേവനത്തിന് മാറ്റിവെക്കുന്നതുകൊണ്ട് മാത്രം അവര്‍ക്ക് നികുതിയിളവുകളും വിദേശ വിനിമയ യാത്രാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് നീതീകരിക്കാവതല്ല. സാമൂഹ്യ സേവനത്തിന്റെ മറപിടിച്ച് കോടികളുടെ വെട്ടിപ്പു നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഭരണനേതൃത്വം ചങ്കൂറ്റം കാണിക്കണം. കോഴിക്കോട് കേന്ദ്രമായി തിരുകേശത്തിന്റെ പേരില്‍ നടക്കുന്ന കോടികളുടെ തട്ടിപ്പിന് അരു നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. തിരുകേശ തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുംവിധം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് തിരുകേശ വാണിഭത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരളീയ മുസ്‌ലിംകളെ അന്ധവിശ്വാസ അനാചാരങ്ങളില്‍നിന്നും മോചിപ്പിച്ചെടുക്കാന്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിന് നേതൃത്വം നല്കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു സംഘടന ജിന്ന് ബാധയുടെയും പിശാച് ചികിത്സയുടെയും പേരില്‍ പിളരേണ്ടിവന്നത് ലജ്ജാകരമാണ്. ജിന്ന് ബാധയുടെ പേരില്‍ ഒരു വിഭാഗത്തെ പുറത്താക്കി എന്ന് പറയുന്നവര്‍ തന്നെ മാരണമെന്ന അന്ധവിശ്വാസം ഇപ്പോഴും പേറി നടക്കുന്നുണ്ടെന്നിരിക്കെ എ പി വിഭാഗം കെ എന്‍ എമ്മില്‍ ഇപ്പോഴുണ്ടായ പിളര്‍പ്പ് അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പിന്റെ പേരിലല്ലെന്ന് വ്യക്തമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നന്മയാഗ്രഹിച്ച് അന്ധവിശ്വാസങ്ങളോടും ആത്മീയ ചൂഷകരോടും പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന നവോത്ഥാന പ്രസ്ഥാനങ്ങളോടൊപ്പം നില്ക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക നായകരും തയ്യാറാവണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ആള്‍ദൈവങ്ങളും സിദ്ധന്മാരും മന്ത്രവാദികളും ശവകുടീര തീര്‍ഥാടന കേന്ദ്രങ്ങളും ആത്മീയ തട്ടിപ്പുകേന്ദ്രങ്ങളാണെന്ന് പറഞ്ഞ ഹുസൈന്‍ മടവൂര് ഇക്കാര്യത്തില്‍ ജാതി മത ഭേദമന്യേ പരസ്യ സംവാദത്തിന് തയ്യാറാണെന്നും പ്രഖ്യാപിച്ചു.
കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദനി, ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജന.സെക്രട്ടറി ജാസിര്‍ രണ്ടത്താണി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍, ടി അബൂബക്കര്‍ നന്മണ്ട, ഡോ. മുസ്തഫ ഫാറൂഖി പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം