കോഴിക്കോട്: വിശ്വാസം വിശുദ്ധി നവോത്ഥാനം സന്ദേശമുയര്‍ത്തി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കസുദ്ദഅ്‌വ) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന്‍ നാളെ കോഴിക്കോട്ട് ആരംഭം കുറിക്കും. ലോകത്ത് പ്രചാരത്തിലുള്ള മുഴുവന്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പരസ്യമായ വെല്ലുവിളിയുമായാണ് കെ എന്‍ എം കാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും നവോത്ഥാനത്തിന്റെ തിരിച്ചുനടപ്പിനുമെതിരെ സാമൂഹ്യബോധവത്കരണം ലക്ഷ്യം വെച്ച് നടക്കുന്ന കാമ്പയിന്‍ നാല് മാസം നീണ്ടുനില്‍ക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അന്ധവിശ്വാസങ്ങളുടെ ഭാഗമായി വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന മന്ത്രവാദം, കൂടോത്രം, മാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയുള്ളതാണെന്ന് ഭൂരിപക്ഷ മതവിശ്വാസികള്‍ വിശ്വസിക്കുന്നതിനാലാണ് അവയെല്ലാം വ്യാപിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു നൂറ്റാണ്ട് പ്രവര്‍ത്തിച്ച നവോത്ഥാന പ്രസ്ഥാനത്തിന്റെ പേരില്‍പോലും ഇത്തരം വികല വിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയും ഫലപ്രാപ്തി അവകാശപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള എല്ലാ വിഭാഗത്തിലുംപെട്ട മന്ത്രവാദികളെയും നാളെ നടക്കുന്ന കാമ്പയിന്‍ ഉദ്ഘാടന വേദിയില്‍ വെച്ച് പരസ്യമായി വെല്ലുവിളിക്കുവാന്‍ തീരുമാനിച്ചതായി കെ എന്‍ എം സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേളത്തിലെ മുസ്‌ലിം സമൂഹത്തില്‍ കഴിഞ്ഞ ഒമ്പത് ദശകകാലത്തെ ഉജ്വല പോരാട്ടങ്ങളിലൂടെ ഇസ്‌ലാഹീ പ്രസ്ഥാനം പടുത്തുയര്‍ത്തിയ നവോത്ഥാന മുന്നേറ്റത്തെ തകര്‍ത്തെറിഞ്ഞ് അന്ധവിശ്വാസങ്ങളുടെ പുന:സ്ഥാപനത്തിന്ന് നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്നവര്‍ തന്നെ രംഗത്ത് വരുന്നത് ഖേദകരമാണ്. പിശാച് ബാധ, ജിന്ന് കൂടല്‍, സിഹിര്‍, മന്ത്രവാദം, തിരുകേശ വാണീഭം തുടങ്ങിയ അന്ധവിശ്വാസങ്ങളുടെ ഭാഗമാണ്. ജിന്ന് വാദത്തിന്റെ പേരില്‍ രണ്ടായി പിളര്‍ന്ന എ പി വിഭാഗം കെ എന്‍ എമ്മിന്റെ ഇരു വിഭാഗവും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അന്ധവിശ്വാസത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ജിന്ന് കൂടലും പിശാച് ബാധയും പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരു വിഭാഗത്തെ പിരിച്ചുവിട്ടു എന്ന് അവകാശപ്പെടുന്നവര്‍ മാരണമെന്ന അന്ധവിശ്വാസത്തെ ഇപ്പോഴും മുറുകെ പിടിക്കുന്നു എന്നത് ഇതിന്റെ വ്യക്തമായ തെളിവാണ്. തങ്ങള്‍ക്കെതിരെ മാ രണം നടത്താന്‍ ലോകത്തുള്ള എല്ലാ മന്ത്രവാദികളെയും വെല്ലുവിളിക്കുന്നതായി കെ എന്‍ എം നേതാക്കള്‍ വ്യക്തമാക്കി.
പ്രവാചക സ്‌നേഹത്തിന്റെ മറപിടിച്ച് തിരുകേശ വാണിഭത്തിലൂടെ കോടികളുടെ ആത്മീയ തട്ടിപ്പാണ് മറ്റൊരു കേന്ദ്രത്തില്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ കെ എന്‍ എം നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജാതി മത ഭേദമന്യേ നടക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ വാണിഭങ്ങള്‍ക്കും ആത്മീയ ചൂഷണകേന്ദ്രങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണവും വെല്ലുവിളിയും സൃഷ്ടിച്ച് നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് സാധ്യമാക്കുകയാണ് വിശ്വാസം വിശുദ്ധി നവോത്ഥാനം കാമ്പയിന്‍ കൊണ്ട് കെ എന്‍ എം ലക്ഷ്യം വെക്കുന്നത്. കാമ്പയിന്‍ കാലത്ത് സംസ്ഥാനത്തെ ആത്മീയ വാണിഭ കേന്ദ്രങ്ങളെ തുറന്ന് കാണിച്ച് വിപുലമായ പ്രചാരണവും ആത്മീയ ചൂഷകരെയും അന്ധവിശ്വാസ പ്രചാരകരെയും സമൂഹത്തില്‍ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങളും സെമിനാറുകളും ചര്‍ച്ചാ സമ്മേളനങ്ങളും ഗൃഹസമ്പര്‍ക്ക പരിപാടികളും കാമ്പയിന്‍ കാലത്ത് സംഘടിപ്പിക്കും. ആത്മീയ തട്ടിപ്പുകാര്‍ക്ക് അവസരമൊരുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെയും അധികാര ദല്ലാളുമാരെയും പരസ്യമായി വിചാരണ ചെയ്യുമെന്നും കെ എന്‍ എം ന്താക്കള്‍ വ്യക്തമാക്കി.
നാളെ നടക്കുന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 4.30ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ്കുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ ജെ യു പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി, ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍ പ്രസംഗിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം