Showing posts with label വാർത്ത. Show all posts
Showing posts with label വാർത്ത. Show all posts

Tuesday, March 22, 2016

സൂഫിസത്തിന്റെ മറപിടിച്ച് കാന്തപുരം ബി ജെ പി യുടെ ചട്ടുകമാവരുത്: കെ എന്‍ എം



കോഴിക്കോട്: സൂഫിസത്തിന്റെ മേല്‍വിലാസത്തില്‍ ബി ജെ പിയുമായി കൂട്ടുകൂടി കേരളത്തില്‍ താമര വിരിയിപ്പിക്കാനുള്ള ബി ജെ പിയുടെ ഓപ്പറേഷന്‍ ലോട്ടസ് ഗൂഢപദ്ധതിക്ക് ചട്ടുകമായി വര്‍ത്തിക്കുകയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. മുസ്‌ലിം വോട്ട് ബാങ്കില്‍ കണ്ണുംനട്ട് മോദീ സര്‍ക്കാറിന്റെ സഹായത്തോടെ ദില്ലിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ നിറസാന്നിദ്ധ്യം ഏറെ ദുരൂഹമാണ്.

സംഘ്പരിവാറിന്റെ ലക്ഷ്യസാധ്യത്തിനായി മുസ്‌ലിം സമുദായത്തെ ഒറ്റുകൊടുക്കാന്‍ സൂഫിസത്തെ മറയാക്കുകയാണ്. മുസ്‌ലിം സംഘടനകള്‍ക്ക് നേരെ ഭീകരബന്ധം ആരോപിക്കുക വഴി ദില്ലി സൂഫി സമ്മേളനം സംഘ്പരിവാറിന്റെ അജണ്ട നടപ്പിലാക്കുകയാണ് ചെയ്തത്.

മോദീ സര്‍ക്കാറില്‍നിന്ന് പരമാവധി ആനുകൂല്യം നേടിയെടുക്കുന്നതിന് മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് ബി ജെ പി സര്‍ക്കാറിനെ സുഖിപ്പിക്കാന്‍ ശ്രമിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ ദുഷ്ടലാക്കിനെ പൊതുസമൂഹം തിരിച്ചറിയണം.

ആരാധനാ കര്‍മ്മങ്ങളേക്കാളുപരി കലയിലൂടെയും സാഹിത്യത്തിലൂടെയുമാണ് ദൈവസാമീപ്യം നേടാനാവുകയെന്നും മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമല്ലെന്നുമുള്ള ദില്ലി സൂഫീ സമ്മേളനത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ നിലപാട് വ്യക്തമാക്കണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ ഇ കെ അഹ്മദ്കുട്ടി, പ്രൊഫ.എന്‍ വി അബ്ദുറഹ്മാന്‍, ഡോ പി പി അബ്ദുല്‍ ഹഖ്,  കെ അബൂബക്കര്‍ മൗലവി, ഡോ.പി മുസ്തഫ ഫാറൂഖി, സി മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍, ഡോ സലിം ചെര്‍പ്പുളശ്ശേരി, കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ ഐ പി അബ്ദുസ്സലാം,  ബി പി എ ഗഫൂര്‍, മുഹമ്മദ് ഹാഷിം ആലപ്പുഴ, പി പി ഖാലിദ്, ഫൈസല്‍ നന്മണ്ട, ജാസിര്‍ രണ്ടത്താണി പ്രസംഗിച്ചു.
Read More

Tuesday, June 16, 2015

ലളിത് മോഡി: ആര്‍ എസ് എസ് നിലപാട് ഇരട്ടത്താപ്പ് -കെ എന്‍ എം


കോഴിക്കോട്: രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റവാളിയെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് വഴിവിട്ട് സഹായിച്ചതിനെ ദേശീയ വികാരമായി ന്യായീകരിച്ച ആര്‍ എസ് എസ്സിന്റെ നടപടി ലജ്ജാകരമാണെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജാതിയും മതവും നോക്കി ദേശീയ വികാരം നിര്‍ണയിക്കുന്ന ഇരട്ടത്താപ്പാണ് ലളിത് മോഡി വിഷയത്തില്‍ ആര്‍ എസ് എസ്സിന്റേതെന്ന് കെ എന്‍ എം കുറ്റപ്പെടുത്തി.



ദാവൂദ് ഇബ്‌റാഹിം ആയാലും ലളിത് മോഡിയായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നാണ് യഥാര്‍ത്ഥ ദേശീയ വാദികളുടെ നിലപാട്. അതിനൊപ്പം നില്കാന്‍ ആര്‍ എസ് എസ്സിന് ചങ്കൂറ്റമുണ്ടെങ്കില്‍ സുഷമ സ്വരാജിനെ മന്ത്രി സഭയില്‍നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കുകയാണ് ആര്‍ എസ് എസ്സ് ചെയ്യേണ്ടത്.

സംഘ്പരിവാറിന്റെ ലൗ ജീഹാദെന്ന വ്യാജപ്രചാരണം ബിഷപ്പ് മാര്‍ മാത്യു ആനകുഴിക്കാട്ടില്‍ ഏറ്റുപിടിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കുന്നതായില്ല. സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന ദുഷ്പ്രചാരണങ്ങളില്‍ ബിഷപ്പുമാര്‍ പങ്കാളികളാവുന്നത് ഒട്ടും ശരിയല്ലെന്ന് കെ എന്‍ എം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ വൈസ് പ്രസിഡണ്ട് പ്രൊഫ.എന്‍ വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി കെ ഇബ്‌റാഹിം ഹാജി, എ അസ്ഗറലി, എ ഹമീദ് മദീനി, സി മുഹമ്മദ് സലിം സുല്ലമി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍,  അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഡോ പി പി അബ്ദുല്‍ഹഖ്, പി ടി വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, മമ്മു കോട്ടക്കല്‍, സലിം ചെര്‍പ്പുളശ്ശേരി, ബി പി എ ഗഫൂര്‍, കെ പി അബ്ദുറഹീം പ്രസംഗിച്ചു.

Read More

Wednesday, March 25, 2015

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം അനുസരിച്ച് പരിഷ്‌കരിക്കണം -കെ എന്‍ എം


കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യാനുപാതം അനുസരിച്ചുള്ള വീതം വെപ്പ് അവസാനിപ്പിച്ച്, മുന്‍വര്‍ഷങ്ങളിലെ അപേക്ഷകരുടെ എണ്ണത്തിനാനുപാതമായി സംസ്ഥാനങ്ങള്‍ക്ക് ഹജ്ജ് കോട്ട നിശ്ചയിക്കണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി, ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, ട്രഷറര്‍ എ അസ്ഗറലി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

ഓരോ വര്‍ഷവും ലഭിക്കുന്ന അപേക്ഷകരുടെ 10% പേര്‍ക്ക് പോലും കേരളത്തില്‍ നിന്നും ഹജ്ജിന് അനുമതി ലഭിക്കുന്നില്ല എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പല സംസ്ഥനങ്ങളിലും ജനസംഖ്യാനുപാതികമായി ലഭിക്കുന്ന കോട്ടയുടെ പകുതി പോലും അപേക്ഷകര്‍ ഇല്ല എന്ന വസ്തുത കേന്ദ്ര ഹജ്ജ് കമ്മിറ്റി തിരിച്ചറിയണമെന്നും ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജിന് അവസരമൊരുക്കുവാന്‍ സര്‍ക്കാര്‍ രാജ്യാന്തര തലത്തിലും ശ്രമിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Read More

Thursday, March 12, 2015

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച്ച് 15ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍

മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം: 
ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ 
മാര്‍ച്ച് 15ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ 

കോഴിക്കോട്: ഐ എസ് എം സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വിവരണം: 'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' എന്ന വിഷയത്തിലുള്ള സംസ്ഥാനതല സെമിനാര്‍ മാര്‍ച്ച് 15ന് ഞായറാഴ്ച രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30വരെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഫസര്‍ പി മുഹമ്മദ് കുട്ടശ്ശേരി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം ഡോ. വി പി അബ്ദുല്‍ഹമീദ്, ഡോ. എ ഐ റഹ്മത്തുള്ള എന്നിവര്‍ പ്രസംഗിക്കും.

10.30ന് തുടങ്ങുന്ന പഠനസെഷനില്‍ പ്രഫ. കെ പി സകരിയ്യ (വിശുദ്ധ ഖുര്‍ആന്‍ വിവരണം: ദൗത്യവും സ്വാധീനവും), ഡോ. ജമാലുദ്ദീന്‍ ഫാറൂഖി (വിശുദ്ധ ഖുര്‍ആന്‍ വിവരണം: വ്യതിരിക്തതയും പരിമിതികളും) അലി മദനി മൊറയൂര്‍ (മുഹമ്മദ് അമാനി മൗലവി: വിമര്‍ശനങ്ങള്‍ വസ്തുതകള്‍), ജാബിര്‍ അമാനി (മുഹമ്മദ് അമാനി മൗലവി: കാലവും കാഴ്ചപ്പാടും) പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അമാനി  മൗലവിയും കേരള നവോത്ഥാവും എന്ന വിഷയത്തിലുള്ള ചര്‍ച്ചാ വേദിയില്‍ സി പി ഉമര്‍ സുല്ലമി, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അബ്ദുല്‍മജീദ് വാരണാക്കര, പ്രഫ. എന്‍ വി സകരിയ്യ, അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി, ഡോ. ബഹാവുദ്ദീന്‍ നദ്‌വി എന്നിവര്‍ പ്രസംഗിക്കും.
 
സമാപന സമ്മേളനം കേരള യൂനിേവഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് കാക്കവയല്‍, പ്രഫ. യു പി യഹ്‌യാഖാന്‍, ഇസ്മാഈല്‍ കരിയാട്, സി പി മുഹമ്മദ്കുട്ടി അന്‍സാരി പ്രസംഗിക്കും. കേരള നവോത്ഥാനത്തിന്റെ ചാലക ശക്തിയായ മുഹമ്മദ് അമാനി മൗലവിയുടെ സമഗ്രസംഭാവനകളെ അനാവരണം ചെയ്യുന്ന സെമിനാറില്‍ അഞ്ഞൂറിലധികം പ്രതിനിധികള്‍ സംബന്ധിക്കും. സെമിനാറിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി അറിയിച്ചു.
 
Read More

Tuesday, March 03, 2015

മോദി സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിച്ച് കോര്‍പ്പറേറ്റുകളെ വളര്‍ത്തുന്നു : കെ എന്‍ എം

കോഴിക്കോട്: വിലക്കയറ്റംകൊണ്ട് പൊറുതി മുട്ടിയ രാജ്യത്തെ സാധാരണക്കാര്‍ക്ക് മേല്‍ ജനദ്രോഹനയങ്ങള്‍ വീണ്ടും വീണ്ടും അടിച്ചേല്‍പ്പിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാറെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ഇന്ധനവില കുത്തനെ ഉയര്‍ത്തിയും സേവന നികുതി വര്‍ദ്ധിപ്പിച്ചും സാധാരണക്കാരെ കൊള്ളയടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. റെയില്‍ ചരക്കുകൂലി വര്‍ദ്ധനയിലൂടെ വിലക്കയറ്റത്തിന്റെ വാതായനം തുറന്നുകൊടുത്തിരിക്കുകയാണ്.

സാധാരണക്കാര്‍ക്ക് ഗുണകരമായിരുന്ന ഭക്ഷ്യ, വളം, ഇന്ധന സബ്‌സിഡികള്‍ വെട്ടിക്കുറച്ച് പാവങ്ങളെ ചതിക്കുകയും കോര്‍പ്പറേറ്റ് നികുതി കുറക്കുകയും സ്വത്ത് നികുതി ഒഴിവാക്കുകയും ചെയ്തുകൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് തഴച്ചു വളരാന്‍ അവസരം ഒരുക്കുകയും ചെയ്യുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനവഞ്ചനക്കെതിരെ ശക്തമായ പ്രക്ഷോപം ഉയര്‍ന്നുവരണമെന്ന് കെ.എന്‍.എം. അഭിപ്രായപ്പെട്ടു.

ഇടത്തരക്കാര്‍ക്ക് ഗുണകരമാവും വിധം ആദായ നികുതി പരിധി വര്‍ദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പരിധിയിളവിനെക്കുറിച്ച് വഞ്ചനാപരമായ നിലപാട് ആവര്‍ത്തിക്കുകയാണ്.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിന്റെ പേര് പറഞ്ഞ് പാവപ്പെട്ട വിഭാഗങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന നരേന്ദമോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ സമയമായിരിക്കുന്നു എന്നും കെ.എന്‍.എം വിലയിരുത്തി.

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, പി കെ ഇബ്‌റാഹീം ഹാജി, ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദിന്‍ മദനി, എ അസ്ഗറലി, ഡോ. ഇ കെ അഹ്മദ്കുട്ടി, പി ടി വീരാന്‍കുട്ടി സുല്ലമി, എ അബ്ദുല്‍ ഹമീദ് മദീനി, കെ അബൂബക്കര്‍ മൗലവി, പ്രൊഫ. എന്‍ വി അബ്ദുറഹ്മാന്‍, ഡോ പി പി അബ്ദുല്‍ ഹഖ്, സി  മുഹമ്മദ് സലിം സുല്ലമി, അഡ്വ. എം മൊയ്തീന്‍കുട്ടി, ഡോ. പി മുസ്തഫ ഫാറൂഖി, ഡോ. കെ അബ്ദുറസാഖ് സുല്ലമി, സി അബ്ദുലത്തീഫ്, സി അബ്ദുല്‍ ജബ്ബാര്‍, ഡോ. ഐ പി അബ്ദുസ്സലാം, മമ്മു കോട്ടക്കല്‍, അബ്ദുലത്തീഫ് കരുമ്പുലാക്കല്‍, ശംസുദ്ദീന്‍ പാലക്കോട്, ഉബൈദുല്ല താനാളൂര്‍, ഡോ. സലീം ചെര്‍പ്പുളശ്ശേരി, കെ പി അബ്ദുറഹ്മാന്‍, ബി പി എ ഗഫൂര്‍, ഹാഷീം ആലപ്പുഴ, ഹാഫിസുര്‍റഹ്മാന്‍ പ്രസംഗിച്ചു.

Read More

Sunday, December 14, 2014

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവില്‍കോഡിനെ ചെറുക്കണം: കെ എന്‍ എം •



കോഴിക്കോട്: രാജ്യത്തിന്റെ മതേതര അടിത്തറ തകര്‍ക്കുംവിധം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഏക സിവില്‍കോഡിനെ ശക്തമായി ചെറുക്കണമെന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്ത വിശ്വാസ-അനുഷ്ഠാന സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ക്കെതിരെ മതേതര മുന്നേറ്റത്തിന് ദേശീയ കക്ഷികള്‍ മുന്നോട്ട് വരണം, നിര്‍ബന്ധ മതപരിവര്‍ത്തനപ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്നും കെ എന്‍ എം വ്യക്തമാക്കി.

വാഗ്ദാനങ്ങള്‍ നല്‍കിയും നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവര്‍ത്തനം നടപ്പിലാക്കുന്നത് ഭരണഘടനാപരമായ അവകാശലംഘനമാണ്. സാമുദായിക ഐക്യവും മതസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന ഇത്തരം നീക്കങ്ങളില്‍ നിന്നും ബി ജെ പി സര്‍ക്കാര്‍ പിന്‍തിരിയണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് ഡോ.ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി, എം.സ്വലാഹുദ്ദീന്‍ മദനി, പി.കെ.ഇബ്‌റാഹീം ഹാജി, പ്രൊഫ.എന്‍.വി.അബ്ദുറഹ്മാന്‍, എ അസ്ഗറലി, ഡോ. എം അബ്ദുറസാഖ് സുല്ലമി, ഡോ.പി.മുസ്തഫ ഫാറൂഖി, ഡോ. പി പി അബ്ദുല്‍ ഹഖ്, കെ.അബൂബക്കര്‍ മൗലവി, ഉബൈദുല്ല താനാളൂര്‍, കെ പി സകരിയ്യ, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, ഡോ.ഐ.പി.അബ്ദുസ്സലാം, അഡ്വ.എം.മൊയ്തീന്‍കുട്ടി, ഇസ്മായീല്‍ കരിയാട്, കെ.പി.അബ്ദുറഹീം, സി. മമ്മു കോട്ടക്കല്‍, ഹാഫിസ് റഹ്മാന്‍ പ്രസംഗിച്ചു.

Read More

Sunday, March 11, 2012

എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനം 2013 ഡിസംബറില്‍

കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എൻ എം പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനം 2013 ഡിസംബറില്‍ നടത്താന്‍ കെ.എന്‍.എം. സംസ്ഥാന പ്രതിനിധി സമ്മേളനം തീരുമാനിച്ചു.

സമ്മേളനത്തോടനുബന്ധിച്ചും സമ്മേളനത്തിന്റെ മുന്നോടിയായും  യുവജന സമ്മേളനം, നാഷണല്‍ സ്റ്റുഡന്‍സ് മീറ്റ്, വിമണ്‍സ് കോണ്‍ഫ്രന്‍സ്, പണ്ഡിതസമ്മേളനം, പഠന സെമിനാര്‍ എന്നിവ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ.കെ.അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.             ഡോ. പി.പി. അബ്ദുല്‍ഹഖ്, കെ.പി.സക്കരിയ, സലാഹുദ്ദീന്‍ മദനി, ഉബൈദുല്ല താനാളൂര്‍ പ്രവര്‍ത്തനരൂപരേഖ അവതരിപ്പിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി, സെക്രട്ടറി എ അസ്ഗറലി, പി.ടി വീരാന്‍കുട്ടി സുല്ലമി, ഡോ. കെ. അബ്ദുറഹിമാന്‍, ഡോ.മുസ്തഫ ഫാറൂഖി, എന്‍.എം.അബ്ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, പി.കെ.ഇബ്രാഹിംഹാജി, പി.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.അബൂബക്കര്‍ മൗലവി, ഖദീജ നര്‍ഗീസ്, അലി പത്തനാപുരം, ടി.പി.മൊയ്തു വടകര, അബൂബക്കര്‍ ന•ണ്ട, ഷംസുദ്ദീന്‍ പാലക്കോട്, എം.ഐ.മുഹമ്മദലി സുല്ലമി, സി.മരക്കാരുട്ടി, ടി.പി.ഹുസൈന്‍ കോയ, പി.പി.ഖാലിദ്, എന്‍.കെ.എം.സക്കരിയ്യ, ഖയ്യൂം സുല്ലമി, അബൂബക്കര്‍ മദനി മരുത, അനസ് കടലുണ്ടി എന്നിവര്‍ പ്രസംഗിച്ചു.
Read More

Saturday, November 12, 2011

സൗമ്യ വധം: കോടതി വിധി സ്വാഗതാർ‍ഹം - എം എസ് എം

കോഴിക്കോട്: കേരള മനസ്സാക്ഷിയെ പോറലേല്പിച്ച സൗമ്യവധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമിക്കെതിരെ തൃശൂർ‍ അതിവേഗ കോടതി പുറപ്പെടുവിച്ച വിധി സ്വാഗതാർ‍ഹമാണെന്ന് എം  എസ് എം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം അഭിപ്രായപ്പെട്ടു. നിരവധി ആക്രമണങ്ങളില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയ ഗോവിന്ദച്ചാമിക്കനുകൂലമായി നിയമസംവിധാനം ഉപയോഗപ്പെടുത്തിയ ഉദ്യോഗവൃന്ദമാണ് സമൂഹ മനസ്സാക്ഷിയെ കൂടുതൽ‍ ഞെട്ടിച്ചതെന്നും സാംസ്‌കാരിക പ്രബുദ്ധമായ സംസ്ഥാനത്ത് പോലും സ്ത്രീ സമൂഹങ്ങൾ‍ക്കു നേരെ അരങ്ങേറുന്ന അതിക്രമങ്ങൾ‍ക്കെതിരെ ഉണർ‍ന്ന് പ്രവർ‍ത്തിക്കാനും നിയമനിർ‍മാണം നടത്താനും ഉദ്യോഗ വൃന്ദം ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സമാധാനപരമായ ഭരണ സംവിധാനങ്ങൾ‍ യൂണിവേഴ്‌സിറ്റി തലങ്ങളിൽ നടത്തുന്നതിനെതിരെ ഒരു വിഭാഗം ജോലിക്കാർ‍ നടത്തുന്ന ഏകപക്ഷീയ സമരങ്ങൾ‍ സർ‍വകലാശാലകളുടെ അക്കാദമിക് തലങ്ങളെപോലും താളംതെറ്റിക്കുന്നതാണെന്നും ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകൾ‍ പ്രവർ‍ത്തിക്കണമെന്നും യോഗം ഉണർ‍ത്തി.

എം എസ് എം സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ എൻ‍ എം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു. മുജീബുർ‍റഹ്മാൻ‍ കിനാലൂര്‍, മന്‍സൂറലി ചെമ്മാട്, ഹർ‍ഷിദ് മാത്തോട്ടം, ഖമറുദ്ദീൻ‍ എളേറ്റിൽ‍, ജാസിർ‍ രണ്ടത്താണി എന്നിവർ‍ സംസാരിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഷഫീഖ് മമ്പറം (കണ്ണൂര്‍), സജീര്‍ (വയനാട്), ഹാഫിള് റഹ്മാൻ‍ (കോഴിക്കോട് സൗത്ത്), ഷൗക്കത്ത് വാണിമേൽ‍ (കോഴിക്കോട് നോർ‍ത്ത്), സഗീറലി ടി പി (മലപ്പുറം വെസ്റ്റ്), അഷ്‌ക്കർ നിലമ്പൂർ‍ (മലപ്പുറം ഈസ്റ്റ്), സാജിദ്
(പാലക്കാട്), ഉമ്മർ‍കുട്ടി (എറണാകുളം), ഷഹബാസ് (കോട്ടയം) സംസാരിച്ചു.
Read More

Thursday, October 20, 2011

രണ്ടാമത് ദേശീയ ബധിര ഇസ്‌ലാമിക സമ്മേളനം 22, 23 ന് കരുനാഗപ്പള്ളിയില്‍


കൊല്ലം: 'മതം ധാര്‍മികത, നവോത്ഥാനം' ക്യാംപയിന്റെ ഭാഗമായി ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ബധിര ഇസ്‌ലാമിക സമ്മേളനം 22, 23 തിയ്യതികളില്‍ കരുനാഗപ്പള്ളിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 ബധിരരുടെ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ മുന്നേറ്റം ലക്ഷ്യമാക്കി ഐ എസ് എം രൂപീകരിച്ച 'എബിലിറ്റി ഫൗണ്ടേഷ'ന്റെ കീഴില്‍ നിരവധി പദ്ധതികള്‍ സംസ്ഥാനമൊട്ടുക്കും നടന്നുവരുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. അന്ധര്‍ക്കും ബധിരര്‍ക്കുമായി ധാര്‍മിക ബോധവത്കരണ ക്ലാസുകള്‍, തൊഴില്‍ പരിശീലനത്തിനായി ഫിനിഷിംഗ് സ്‌കൂളുകള്‍, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. ബധിരരുടെ സാമൂഹ്യമുന്നേറ്റത്തിനും പുനരധിവാസത്തിനുമുള്ള സമഗ്രപാക്കേജ് ദേശീയ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനം കരുനാഗപ്പള്ളി വവ്വക്കാവ് നവരത്‌ന ഓഡിറ്റോറിയത്തല്‍ കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റ് ഉദ്ഘാടനം മുന്‍ മന്ത്രി സി ദിവകരന്‍ എം എല്‍ എ നിര്‍വഹിക്കും.  കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, ഐ എസ് എം ജനറല്‍സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി സെവന്തകുമാരി, കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എം അന്‍സാര്‍, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് അബ്ദുസ്സലീം, നജീബ് മണ്ണേല്‍, സി കെ അബ്ദുസ്സലാം, എന്‍ കെ എം സകരിയ്യ, കെ അഹ്മദ്കുട്ടി, എസ് അബ്ദുസ്സലാം തുടങ്ങിയവര്‍ പ്രസംഗിക്കും. എസ് ഇര്‍ശാദ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തും.

ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലു വരെ നടക്കുന്ന പഠനസെഷനില്‍ എ എ ബെയ്ഗ് വിശാഖപട്ടണം, പ്രഫ. അബ്ദുല്‍മജീദ്, സയ്യിദ് അഹ്മദ് കഫീല്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 4.30 മുതല്‍ ആറു വരെ നടക്കുന്ന നാഷണല്‍ ഡഫ് ലീഡേഴ്‌സ് മീറ്റില്‍ മുഹമ്മദുര്‍റഹ്മാന്‍ അസീസ് ഹൈദരാബാദ്, ഇദ്‌രീസ് അത്താനിയ്യ മുംബൈ, ശരീഫ് ബാംഗ്ലൂര്‍, രാജു റാഞ്ചി, ഗുലാം നസറുദ്ദീന്‍ അഹമ്മദാബാദ്, സയ്യിദ് അഹ്മദ് കഫീല്‍ കോഴിക്കോട്, സഹദ് പാലക്കാട്, ഫൈസത്ത് കോയമ്പത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 6.30 മുതല്‍ 8.30വരെ നടക്കുന്ന പ്രബോധക സംഗമത്തില്‍ നാസര്‍ മുണ്ടക്കയം മുഖ്യപ്രഭാഷണം നടത്തും. 8.30ന് കുടുംബസംഗമത്തിന് മന്‍സൂര്‍ ഒതായി നേതൃത്വം നല്‍കും.

ഞായറാഴ്ച രാവിലെ ഒന്‍പതിന് തുടങ്ങുന്ന പ്രമേയ സമ്മേളനത്തില്‍ അബ്ദുസ്സലാം മദനി മുഖ്യപ്രഭാഷണം നടത്തും. ഹാഫിദുര്‍റഹ്മാന്‍ പുത്തൂര്‍, ശരീഫ് ബാംഗ്ലൂര്‍ പഠനക്ലാസുകള്‍ നയിക്കും. 11.30 മുതല്‍ 1.30വരെ നടക്കുന്ന വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.സന്ധ്യാറാണി ഉദ്ഘാടനം ചെയ്യും. മിനിമോള്‍ നിസാം, ശമീര്‍ ഫലാഹി, മുഹമ്മദ് സ്വലാഹി പ്രസംഗിക്കും. ഉച്ചയ്ക്ക് 2.30ന് മതം വേദം മനുഷ്യന്‍ എന്ന വിഷയത്തില്‍ നടക്കുന്ന പഠനസംഗമത്തില്‍ ബശീര്‍ പട്ടേല്‍ത്താഴം, സഹദ് പാലക്കാട്, ഫൈസല്‍ നിലമ്പൂര്‍ നേതൃത്വംനല്‍കും.

വൈകീട്ട് പൊതുസമ്മേളനം ജില്ലാ കലക്ടര്‍ പി ജെ തോമസ് ഉദ്ഘാടനം ചെയ്യും. കേരള ഹൗസ് ഫെഡ് ചെയര്‍മാന്‍ അഡ്വ. ഇബ്‌റാഹീംകുട്ടി, അബ്ദുല്‍ഗനി സ്വലാഹി, ഷറഫുദ്ദീന്‍ നിബ്രാസ്, ഇബ്‌റാഹീം മാസ്റ്റര്‍, ഐ എസ് എം സെക്രട്ടറി സുഹൈല്‍ സാബിര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ വൈ സാദിഖ്, ജന.കണ്‍വീനര്‍ എസ് ഇര്‍ശാദ് സ്വലാഹി, ശറഫുദ്ദീന്‍ നിബ്രാസ്, എസ് അബ്ദുസ്സലാം, ശഫീഖ്, അബ്ദുസ്സലാം പൂയപ്പള്ളി പങ്കെടുത്തു.
Read More

Thursday, September 29, 2011

വനിതാ ക്ഷേമ ബിൽ: വിവാദ നിര്‍ദ്ദേശങ്ങള്‍ തളളിക്കളയണം: ഡോ.ഹുസൈന്‍ മടവൂര്‍



തിരുവനന്തപുരം: ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ‍ അധ്യക്ഷനായുളള സമിതി സമര്‍പ്പിച്ച വനിതാ-ബാല ക്ഷേമ ബില്ലിലെ വിവാദ നിർ‍ദ്ദേങ്ങൾ‍ മാനുഷിക മൂല്യങ്ങൾ‍ക്ക് നിരക്കാത്തതായതിനാൽ‍ തളളിക്കളയണമെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷനൽ‍കിയതായി ഇന്ത്യൻ‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറൽ‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോർ‍ഡ് അംഗവുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. തിരുവന്തപുരം പ്രസ് ക്ലബിൽ‍ പത്രസമ്മേളനത്തിൽ‍ വിവാദ നിർ‍ദ്ദേശങ്ങൾ പരാമർ‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര കുട്ടികൾ വേണമെന്ന് തീരുമാനിക്കാനുളള അവകാശം ദമ്പതികളിൽ‍ നിന്നും എടുത്തുകളയുകയും കുട്ടികളുടെ എണ്ണം സർ‍ക്കാർ‍ നിർ‍ണ്ണയിക്കുകയും ചെയ്യുകയെന്നത് അശാസ്ത്രീയവും അപ്രായോഗികവും മനുഷ്യത്വരഹിതവുമാണ്. രണ്ടിൽ കൂടുതൽ‍ കുട്ടികൾ‍ പിറക്കുന്ന ദമ്പതിമാർ‍ക്ക്  പിഴ ചുമത്താനും അവരെ ശിക്ഷിക്കാനുമുളള നിർദ്ദേശം അതിക്രൂരവും സർവമനുഷ്യസ്‌നേഹികളെയും ഞെട്ടിപ്പിക്കുന്നതുമാണ്. ഇത് തീർ‍ത്തും മനുഷ്യാവകാശലംഘനവും മനുഷ്യരാശിയുടെ ഭാവി അപകടപ്പെടുത്തുന്നതുമാണ്.  കുഞ്ഞുങ്ങൾ‍ ദൈവത്തിന്റെ ദാനമാണെന്ന് വിശ്വസിക്കുന്ന ദൈവവിശ്വാസികളും മനുഷ്യവിഭവശേഷി വളർ‍ത്തിയെടുക്കണമെന്നു വിശ്വസിക്കുന്ന ഭൗതികവാദികളും ഒറ്റക്കെട്ടായി ഈ നിർ‍ദ്ദേശങ്ങളെ എതിർ‍ത്ത് തോല്‍പ്പിക്കണം.

മനുഷ്യവിഭവശേഷിയാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. മനുഷ്യര്‍ പെരുകുന്ന വേഗത്തില്‍ വിഭവങ്ങള്‍ വര്‍ദ്ധിക്കുകയില്ലന്നും അതിനാല്‍ ജനനം തടയണമെന്നുമുളള കാലഹരണപ്പെട്ട മാല്‍തൂസിയന്‍ സിദ്ധാന്തം വാസ്തവവിരുദ്ധമാണ്. ദുര്‍ബലരുടെ എണ്ണം കുറച്ച് ഉന്നതര്‍ക്ക് മാത്രം ജീവിതം നല്കുകയെന്ന യുജെനിക് നിഗമനം നടപ്പിലാക്കിയത് നാസിസത്തിന്റെയും ഫാസിസത്തിന്റെയും വക്താക്കളാണ്. ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപംകൊണ്ട മേല്‍ സിദ്ധാന്തങ്ങള്‍ അബദ്ധങ്ങളായിരുന്നുവെന്ന് ലോകം തെളിയിച്ചുകഴിഞ്ഞു. സാമ്പത്തിക ശാസ്ത്രജ്ഞന്മാരും നരവംശ ഗവേഷകരും അംഗീകരിക്കാത്തതാണീ സിദ്ധാന്തങ്ങള്‍.  ലോകത്ത് ഇന്നത്തെതിനെക്കാളും ജനസംഖ്യവളരെ കുറവായിരുന്ന കാലത്ത് കൊടും ദാരിദ്ര്യവും പട്ടിണിയുമുണ്ടായിട്ടുണ്ട്. കേരളത്തിലും ഇത് തന്നെയാണവസ്ഥ.  ജനസംഖ്യ വര്‍ദ്ധിച്ച ഇക്കാലത്തെ ജനങ്ങളാണ് മുമ്പത്തെതിലും കൂടുതല്‍ ക്ഷേമവും സുഭിക്ഷതയും അനുഭവിക്കുന്നത്.

ശക്തമായ നിലക്കുളള ജനസംഖ്യാനിയന്ത്രണം മൂലം മനുഷ്യരുടെ എണ്ണം കുറഞ്ഞുപോയ പല രാഷ്ട്രങ്ങളിലും ജനസംഖ്യാ വർ‍ദ്ധനവിനായി ബോധവല്‍ക്കരണവും പ്രോത്സാഹനവും ആരംഭിച്ചത് നമ്മുടെ കണ്ണുതുറപ്പിക്കണം. കേരളത്തില്‍പോലും ചില പ്രദേശങ്ങളില്‍ വൃദ്ധന്മാരുടെ എണ്ണം വർ‍ദ്ധിക്കുകയും യുവാക്കള്‍ വളരെ കുറവാവുകയും ചെയ്തത് നമ്മെ ഭയപ്പെടുത്തുന്നുണ്ട്. ഇങ്ങനെ പോയാല്‍ രാഷ്ട്രവികസനം മാത്രമല്ല മുതിർ‍ന്ന പൗരന്മാരുടെ സംരക്ഷണംകൂടി പ്രതിസന്ധിയിലാകുമെന്നുറപ്പാണ്. ഗർ‍ഭഛിദ്രസംവിധാനം ഉദാരമാക്കണമെന്ന നിർദ്ദേശവും കൂടി നടപ്പിലാക്കിയാല്‍ കേരളം പിശാചിന്റെ സ്വന്തം ഭൂമിയായി മാറും. ഒറ്റക്കുഞ്ഞു നയം നടപ്പിലാക്കിയ ചൈനയിൽ‍പോലും പെൺ‍ഭ്രൂണഹത്യ അതിശീഘ്രം വർ‍ദ്ധിക്കുകയാണ്. നൂറു സ്ത്രീകൾ‍ക്ക് നൂറ്റിപ്പതിനേഴ് പുരുഷ‍ന്മാർ‍ എന്ന അവസ്ഥയിൽ‍ ബുദ്ധിമുട്ടുകയാണവർ‍. ഗർ‍ഭഛിദ്രത്തിനു കർശന നിയന്ത്രണങ്ങളുണ്ടായിട്ടും കഴിഞ്ഞ 25 കൊല്ലം കൊണ്ട് ലോകത്ത് 1.5 മില്യൻ‍ ഗർഭസ്ഥശിശുക്കളെയാണു കൊന്നു കളഞ്ഞത്. ഇതിൽ അധികവും പെൺ‍കുഞ്ഞുങ്ങളായിരുന്നു.
 
ജനസംഖ്യയുടെ ആധിക്യമല്ല യഥാര്‍ത്ഥ പ്രശനം. മറിച്ച് പുതിയ തലമുറയില്‍ വളര്‍ന്നു വരുന്ന സുഖലോലുപതയും ആർഭാടവും ആലസ്യവുമാണു പ്രശ്‌നം. ഉല്പാദനമാർ‍ഗ്ഗങ്ങൾ ശാസ്ത്രീയവും ആധുനികവുമായ രീതിയില്‍ വികസിപ്പിക്കുകയും വിഭവവിതരണം നീതിപൂര്‍വ്വമാക്കുകയുമാണ് പ്രായോഗികം. ഈ പ്രപഞ്ചം മനുഷ്യര്‍ ജനിക്കുന്നതിനു മുമ്പേ ദൈവം സൃഷ്ടിച്ച് വെച്ചതാണ്. ഭൂമിയില്‍ വിഭവങ്ങളുണ്ട്. മനുഷ്യനു വായയും വയറും മാത്രമല്ല ചിന്തിക്കാന്‍ ബുദ്ധിയും തൊഴിലെടുക്കാന്‍ കരങ്ങളും ദൈവം നല്‍കിയിട്ടുണ്ട്.

വനിതകൾ‍ക്കും കുട്ടികൾക്കും ക്ഷേമമല്ല പ്രയാസങ്ങളും കഷ്ടപ്പാടുകളുമാണു മേൽ‍ നിർ‍ദ്ദേശങ്ങൾ‍കൊണ്ടുണ്ടാവുക. അതിനാൽ‍ തന്നെ അവ തളളപ്പെടണം. മറ്റു നിർ‍ദ്ദേശങ്ങൾ‍ വിശദമായ ചർ‍ച്ചക്ക് വിധേയമാക്കി ഉപകാരപ്രദമായ തീരുമാനമെടുക്കാവുന്നതാണ്. അദ്ദേഹം വിശദീകരിച്ചു.

പത്രസമ്മേളനത്തിൽ‍ എം എസ് എം സംസ്ഥാന പ്രസിഡന്റ് ആസിഫ് അലി കണ്ണൂർ‍ കെ എൻ എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രൊഫസർ‍ സൈനുദ്ദീൻ‍, സെക്രട്ടറി നാസിറുദ്ദീൻ‍ ഫാറൂഖി, ട്രഷറർ‍ എ. അബ്ബാസ് തുടങ്ങിയവരും സംബന്ധിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...