
കൊടുങ്ങല്ലൂർ: സ്ത്രീസമൂഹം വിദ്യാഭ്യാസം നേടുകയും സാമൂഹ്യരംഗങ്ങളില്‍ സക്രിയമായി ഇടപെടുകയും ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് അംഗം ഡോ. റുക്‌സാന ലാരി (ലഖ്‌നൗ) അഭിപ്രായപ്പെട്ടു. സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീ മുന്നേറ്റം എന്ന പ്രമേയത്തില്‍ മുസ്‌ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് (എം ജി എം) സംഘടിപ്പിക്കുന്ന സില്‍വര്‍ ജൂബിലി പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.



ക്യാംപസുകളിലും ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ അവരുടെ വേഷവിധാനം മുഖ്യ കാരണമാകുന്നുണ്ടെന്ന് സമ്മേളനം കുറ്റപ്പെടുത്തി. മാന്യമായ വസ്ത്രധാരണ രീതി സ്വീകരിക്കാനും നഗ്നതാപ്രദര്‍ശനം ഒഴിവാക്കാനും സ്ത്രീസമൂഹം ശ്രദ്ധിക്കണം. നിര്‍ദിഷ്ട വനിതാ കോഡ് ബില്ലിലെ സ്ത്രീവിരുദ്ധ നിര്‍ദേശങ്ങള്‍ക്കെതിരെ സ്ത്രീസമൂഹം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ചചെയ്യാന്‍ വനിതാ കമ്മിഷന്‍ അടിയന്തര യോഗം ചേരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വൈവാഹിക രംഗത്തെ ആഡംബരങ്ങള്‍ക്കെതിരെയും സ്ത്രീധനത്തിനെതിരെയും സര്‍ക്കാര്‍ പ്രായോഗിക നടപടി സ്വീകരിക്കണം.



ഇസ്‌ലാഹി പ്രസ്ഥാനം പടികടത്തിയ അന്ധവിശ്വാസങ്ങളെ പുനരവതരിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ല. ജിന്ന്, സിഹ്ര്‍ തുടങ്ങിയ വിഷയങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് ആത്മീയ തട്ടിപ്പിന് കളമൊരുക്കുന്നവര്‍ ആരായാലും അതിനെതിരെ വിശ്വാസികള്‍ പ്രതികരിക്കണം. കേരളത്തിലെ ആത്മീയ കേന്ദ്രങ്ങളിലെ അധാര്‍മിക അനാശ്വാസ്യ പ്രവൃത്തികള്‍ക്കെതിരെ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. ടി എന്‍ പ്രതാപന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. കെ എ അബ്ദുല്‍ഹസീബ് മദനി മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുമ ശിവന്‍, കെ അബ്ദുസ്സലാം മാസ്റ്റര്‍, ഇ ഐ മുജീബ്, പി എം നസീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പഠനസെഷനില്‍ എം ജി എം വൈസ്പ്രസിഡന്റ് കുഞ്ഞീവി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എ ജമീല ടീച്ചര്‍, ശഫീഖ് അസ്‌ലം, നൂറുന്നിസ നജാത്തിയ, സി ടി ആഇശ കണ്ണൂര്‍, പി എം എ ഗഫൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സില്‍വര്‍ ജൂബിലി പ്രഖ്യാപനത്തില്‍ എം ജി എം വൈസ്പ്രസിഡന്റ് ബുശ്‌റ നജാത്തിയ അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളന പ്രഖ്യാപനം നടത്തി. എ അസ്ഗറലി, എന്‍ എം അബ്ദുല്‍ജലീല്‍, വി കെ ആസിഫലി, ശാക്കിറ വാഴക്കാട് പ്രസംഗിച്ചു. എം ജി എം ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ സമാപന പ്രസംഗം നടത്തി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം