ജിദ്ദ: ഇന്ത്യൻ മുസ്‌ലിംകൾക്ക് അൽ ഖാഇദയുടെയോ മറ്റേതെങ്കിലും തീവ്രവാദ
സംഘടനകളുടെയോ സഹായത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ
മന്ത്രാലത്തിന്റെ കേരള കോർഡിനേറ്ററും അഖിലേന്ത്യാ ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് ദേശീയ ജനറൽ
സെക്രട്ടറിയുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. സഊദി ഭരണാധികാരി അബ്ദുള്ള
രാജാവിന്റെ അതിഥിയായി ഹജ്ജ് കർമത്തിനെത്തിയ അദ്ദേഹം ജിദ്ദ വിമാനത്താവളത്തിൽ
മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യൻ മുസ്‌ലിംകൾ സമാധാനം
ആഗ്രഹിക്കുന്നവരാണ്. ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന മഹത്തായ ആദർശമാണ്
സമാധാനം. അതുകൊണ്ട് തന്നെ മതത്തിന്റെ പേരിലുള്ള തീവ്രവാദങ്ങളെയും
ഭീകരതയെയും ചെറുത്തു തോല്പിക്കേണ്ടത് മതപരമായ ആവശ്യമാണ്. അൽഖാഇദ നേതാവ്
അയ്മൻ സവാഹിരി ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുമെന്നും മുസ്‌ലിംകളുടെ സഹായം ഉണ്ടാകുമെന്നും പ്രസ്താവന നടത്തിയ പാശ്ചാത്തലത്തിൽ
ഇത്തരം ശക്തികൾക്കെതിരെ ഇന്ത്യൻ മുസ്‌ലിംകൾ കൂടുതൽ ജാഗ്രത പുലർത്തണം.
സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലുമുള്ള എല്ലാ മുസ്‌ലിം സംഘടനകളും
അൽഖാഇദക്കെതിരെ രംഗത്ത് വന്നത് ഇന്ത്യൻ മുസ്‌ലിംകൾ സമാധാന
പ്രിയരാണെന്നതിന്റെ തെളിവാണ്.
ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരിൽ ഇറാഖിൽ രൂപം
കൊണ്ട സമാന്തര ഭരണത്തിന് ലോക മുസ്‌ലിം സമൂഹത്തിന്റെ പിന്തുണയില്ല. സഊദി
ഗ്രാന്റ് മുഫ്തി അബ്ദുൾ അസീസ് ആൽ ശൈഖ് അടക്കമുള്ള അന്താരാഷ്‌ട്ര മുസ്‌ലിം
പണ്ഡിതന്മാർ ഇവരുടെ പ്രവർത്തനങ്ങളെ അതിശക്തമായ ഭാഷയിൽ
തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭരണം അടിച്ചേല്പിക്കലോ ബലപ്രയോഗത്തിലൂടെ അധികാരം
കയ്യാളലോ അല്ല ഇസ്‌ലാമിന്റെ രീതി. ലോക സമാധാനം കാത്തു സൂക്ഷിച്ച്
ധർമനിഷ്ഠയോടെ ജീവിക്കുവാൻ മനുഷ്യരെ പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാമെന്നും
ഡോ. മടവൂർ വിശദീകരിച്ചു.
ഹജ്ജിനോട് അനുബന്ധിച്ച് മക്കയിൽ 27
October ശനിയാഴ്ച ചേരുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക സമ്മേളനത്തിലും ഡോ.
മടവൂർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറ് പ്രമുഖ
വ്യക്തികളാണ് സഊദി രാജാവിന്റെ അതിഥികളായി ഈ വർഷം ഹജ്ജിനെത്തുന്നത്.
ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ഡോ. സഈദ് അൽ അഅസമിയാണ്
ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന മറ്റൊരു വിശിഷ്ടാതിഥി. പ്രമുഖ വേദികളിൽ
ഇന്ത്യയുടെ യശസ്സ് ഉയർത്തുവാൻ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് ഡോ. മടവൂർ
പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം