Wednesday, October 07, 2015

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ കച്ചവടം, മുസ്‌ലിം സമുദായത്തിന്റെ ചെലവില്‍ വേണ്ട : കെ എന്‍ എം



 
കോഴിക്കോട്: സംസ്ഥാനത്തെ മുസ്‌ലിം സമുദായം അനര്‍ഹമായി എന്ത് നേടിയെന്ന് തെളിയിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറാവണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ ചെലവില്‍ രാഷ്ട്രീയ കച്ചവടം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കെ എന്‍ എം വ്യക്തമാക്കി.

സംസ്ഥാന സര്‍വ്വീസിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളിലോ മുസ്‌ലിം സമുദായത്തിന് സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നാളിതുവരെ ലഭ്യമല്ലെന്നിരിക്കെ ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം സമുദായം അനര്‍ഹമായി നേടിയതെന്ന് വെള്ളാപള്ളി വ്യക്തമാക്കണം. ഈഴവ സമുദായത്തിന് ജനസംഖ്യാനുപാതികമായി മുസ്‌ലിം സമുദായത്തേക്കാള്‍ അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാണെന്നതിന്ന് കണക്കുകള്‍ സാക്ഷിയാണെന്നിരിക്കെ ദുഷ്പ്രചരണത്തിലൂടെ ഈഴവ സമുദായത്തെ മുസ്‌ലിംകള്‍ക്കെതിരില്‍ തിരിച്ചുവിട്ട് രാഷ്ട്രീയ കച്ചവടം നടത്തുന്ന വെള്ളാപ്പള്ളിയുടെ ദുഷ്ടലാക്കിനെ ഈഴവ സമുദായം തിരിച്ചറിയണം. ഈഴവ സമുദായത്തേക്കളുപരി തന്റെ കുടുംബത്തിന്റെ നേട്ടമാണ് വെള്ളാപ്പള്ളി ലക്ഷ്യമിടുന്നത്.

ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ക്രൂരമായി അവഗണിച്ചപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായ മുസ്‌ലിം സമുദായം ഗള്‍ഫ് പണത്തിന്റെ പിന്തുണയില്‍ പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സമുദായം ഇന്ന് നേടിയ വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമെന്നത് അനിഷേധ്യമായ വസ്തുതയാണ്. സര്‍ക്കാര്‍ ഖജനാവ് മുസ്‌ലിം സമുദായത്തിന് നേരെ കൊട്ടിയടച്ചതിന്റെ നേര്‍രേഖയാണ് സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം നേടിയതില്‍ മുക്കാല്‍ ഭാഗവും മലപ്പുറത്തെ കുട്ടികളാണെന്നത് വെള്ളാപ്പള്ളി നടേശന്റെ കള്ളപ്രചാരണത്തിനുള്ള ശക്തമായ മറുപടിയാണ്. എന്നിട്ടും മുസ്‌ലിം ന്യൂനപക്ഷ സമുദായം അനര്‍ഹമായത് നേടിയെന്ന് നിരന്തരം വര്‍ഗീയ വിഷം വമിക്കുന്ന പ്രസ്താവനകളിറക്കി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ പ്രബുദ്ധ കേരളം തിരിച്ചറിയണമെന്നും കെ എന്‍ എം അഭിപ്രായപ്പെട്ടു. 

ജനാധിപത്യ വ്യവസ്ഥയില്‍ രാജ്യത്തെ ഭരണഘടന പൗരന്മാര്‍ക്ക് നല്കിയിട്ടുള്ള എല്ലാവിധ സ്വാതന്ത്ര്യങ്ങളേയും അടിച്ചമര്‍ത്തി സംഘ്പരിവാര്‍ ഫാസിസം രാജ്യത്തുടന്നീളം ഭീകര താണ്ഡവം തുടരുമ്പോഴും സാംസ്‌കാരിക നേത്യത്വം മൗനം പാലിക്കുന്നത് ആശങ്കാജനകമാണെന്ന് കെ എന്‍ എം അഭിപ്രായപ്പെട്ടു.

യു പി യിലെ ദാദ്രി ജില്ലയില്‍ ബീഫ് ഉപയോഗിച്ചു എന്ന് തെറ്റിദ്ധാരണ നടത്തി ഒരു മദ്ധ്യവയസ്‌കനെ തല്ലിക്കൊന്ന സംഭവം ലാഘവത്തോടെ കാണുകയും നിസ്സാരവത്കരിക്കുകയും ചെയ്ത കേന്ദ്രമന്ത്രിയുടെ നിലപാടും ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് സംഘ്പരിവാറിന്ന് മൗനാനുവാദം നല്‍കുന്ന പ്രധാനമന്ത്രിയുടെ നിലപാടും പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബീഫ് നിരോധനം അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കം ഭരണഘടനാവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ നേര്‍ക്കുള്ള കടന്നാക്രമണമാണെന്നും യോഗം വിലയിരുത്തി. ഇത്തരം കാര്യങ്ങളില്‍ മീഡിയകളുടേയും സാംസ്‌കാരിക നായകരുടേയും ഇരട്ടമുഖം വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്. ഇത്തരം മൗനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ദാദ്രി സംഭവത്തിലെ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതോടൊപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യു പിയില്‍ ക്ഷേത്രാരാധനക്ക് ചെന്ന ദളിത് വയോധികനെ കുടുംബത്തിന്ന് മുമ്പില്‍ വെച്ച് നിഷ്‌കരുണം ചുട്ടുകൊന്ന പൈശാചിക വൃത്തിയെയും യോഗം അപലപിച്ചു. 

യോഗത്തില്‍ പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു.  ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ ഹുസൈന്‍ മടവൂര്‍, കെ ജെ യു പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മദീനി, കെ എന്‍ എം ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ പി പി അബ്ദുല്‍ ഹഖ്, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ പി സകരിയ്യ, മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, ഡോ സലിം ചെര്‍പ്പുളശ്ശേരി, ബി പി എ ഗഫൂര്‍, സി മുഹമ്മദ് സലിം സുല്ലമി, പി പി ഖാലിദ്, ഡോ അബ്ദുറസാഖ് സുല്ലമി, ശംസുദ്ദീന്‍ പാലക്കോട്, അനസ് കടലുണ്ടി, കെ പി അബ്ദുറഹിം, ജാസിര്‍ രണ്ടത്താണി, ഹാഫിസ് റഹ്മാന്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...