Thursday, April 18, 2013
വീട്ടിലെ ഉദ്യോഗ വേഷം കുട്ടികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നു : PMA ഗഫൂര്‍
ജിദ്ദ : വീട്ടിലെത്തിയാല്‍ ഉദ്യോഗ വേഷങ്ങള്‍ അഴിക്കുന്നതോടൊപ്പം ഉദ്യോഗ മനോഭാവം കൂടെ അഴിച്ചുവെക്കണമെന്നും കുട്ടികളുടെ കളി തമാശകളില്‍ ചേരാന്‍ അവരുടെ നിറങ്ങളുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണമെന്നും ചിന്തകനും വാഗ്മിയുമായ പി എം എ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ജോലി സ്ഥലവും വീടും രണ്ടു ചുറ്റുപാടുകളാണെന്നും അതിനെ രണ്ടായി കാണാന്‍ കഴിയാത്തതാണ് പല കുടുംബ പ്രശനങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പട്ടാളച്ചിട്ടയില്‍ കുട്ടികളോട് പെരുമാറുന്ന പിതാക്കളെ പുരോഗമന യുഗത്തിലും കാണുന്നത് സങ്കടകരമാണെന്നും സംഘര്‍ഷ മനസ്‌കരായ അത്തരം കുട്ടികളില്‍നിന്നും ക്രിയാത്മകമായതൊന്നും സമൂഹത്തിന് പ്രതീക്ഷിക്കാനില്ലെന്നും പി എം എ ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അല്‍ഹുദ മദ്‌റസാ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാപ്പ വരുമ്പോള്‍ ശബ്ദം നിലച്ചിരുന്ന പഴയ വീട്ടുസംസ്‌കാരത്തില്‍ നിന്നും ഉപ്പയെ കാണുമ്പോള്‍ ഒരായിരം ചോദ്യങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന പുതിയ തലമുറ നമുക്കേറെ പ്രതീക്ഷ നല്കുന്നു. കുട്ടികളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശാന്തമായി ഉത്തരം പറയാത്ത രക്ഷിതാക്കള്‍ കുട്ടികളുടെ അന്വേഷണ തൃഷ്ണയെ തച്ചുടക്കുകയാണെന്നും കുട്ടിയുടെ അവകാശമായ സ്‌നേഹം നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകം എന്നും ബഹുമാനിക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബി ഒരു സമൂഹത്തിന്റെ നേതാവും പടനായകനുമായിരുന്നപ്പോഴും വീട്ടില്‍ കുട്ടികളോത്ത് ആനക്കളി നടത്തിയതും ഇണയോടൊത്ത് ഓട്ടമത്സരം നടത്തിയതും ഏട്ടില്‍ എഴുതിവെക്കാനുള്ളതല്ലെന്നും വിശ്വാസിയുടെ ജീവിതത്തിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അഹമദ് കുട്ടി മദനി, ഹംസ നിലമ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :
IICJ
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം