തിരുവനന്തപുരം: അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ആവേശകരമായി. കോരിച്ചൊരിയുന്ന മഴയിലും ആവേശം അണയാതെ ആയിരങ്ങളാണ് മാര്‍ച്ചിന് എത്തിയത്. മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത് നിന്നാരംഭിച്ച റാലിക്ക് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, സൗത്ത് സോണ്‍ പ്രസിഡന്റ് നാസര്‍ മുണ്ടക്കയം, ഭാരവാഹികളായ അബ്ദുസ്സലാം മുട്ടില്‍, ജഅ്ഫര്‍ വാണിമേല്‍, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ നന്മണ്ട, മന്‍സൂറലി ചെമ്മാട്, ഡോ. ലബീദ് അരീക്കോട്, ഡോ. ഫുക്കാറലി, അബ്ദുല്‍ജലീല്‍ ഒതായി, നൗഷാദ് കുറ്റ്യാടി, വീരാപ്പു അന്‍സാരി, ശമീര്‍ ഫലാഹി നേതൃത്വം നല്‍കി.
അന്ധവിശ്വാസ ചൂഷണങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കേരളത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിരമായി മുന്നോട്ട് വരണമെന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ സദസ്സ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മന്ത്രവാദ കൊലപാതകങ്ങളും അന്ധവിശ്വാസത്തിന്റെ പേരിലുള്ള സാമ്പത്തിക ലൈംഗിക ചൂഷണങ്ങളും തുടരുന്ന സാഹചര്യത്തില്‍ ശക്തമായ വകുപ്പുകളോടെ നിയമത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് സംഗമം ചൂണ്ടിക്കാട്ടി.
സാംസ്‌കാരിക രംഗത്ത് കേരളത്തെ വികൃതമാക്കിയ എല്ലാ നവോത്ഥാന മൂല്യങ്ങളും കീഴ്‌മേല്‍ മറിയുന്ന കാഴ്ച അത്യന്തം ഖേദകരമാണെന്നും സദസ്സ് അഭിപ്രായപ്പെട്ടു.
ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസ പ്രചാരകരുമായുള്ള അവിശുദ്ധ ബാന്ധവം അവസാനിപ്പിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജഅ്ഫര്‍ വാണിമേല്‍ അധ്യക്ഷനായിരുന്നു. മാധ്യമങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ജനകീയ സദസ്സില്‍ സംസാരിച്ച പാളയം ഇമാം ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി ആവശ്യപ്പെട്ടു.
കേരളീയ പൊതുബോധത്തെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ കൊണ്ടുവരാന്‍ ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് വി ടി ബെല്‍റാം എം എല്‍ എ പറഞ്ഞു. അന്ധവിശ്വാസ ചൂഷണങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള നിയമനിര്‍മാണത്തിന് മാനവികതയില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അഭിപ്രായപ്പെട്ടു.
വിശ്വാസ സ്വാതന്ത്ര്യം അന്ധവിശ്വാസ പ്രചരണത്തിന് ഒരിക്കലും ദുരുപയോഗപ്പെട്ടുകൂട എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. അന്ധവിശ്വാസ പ്രചരണത്തിനു പിന്നിലുള്ള മുതലാളിത്ത ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് പറഞ്ഞു. കെ എന്‍ എം സംസ്ഥാന ട്രഷര്‍ എം സ്വലാഹുദ്ദീന്‍ മദനി, ഐ എസ് എം ജന.സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജനറല്‍ സെക്രട്ടറി ഹാഫിളുറഹ്മാന്‍ പുത്തൂര്‍, നാസര്‍ മുണ്ടക്കയം, മന്‍സൂറലി ചെമ്മാട് എന്നിവരും സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം