Monday, December 26, 2011

ഫോക്കസ് അവയവദാന ബോധവത്കരണം ശ്രദ്ധേയമായി



ദോഹ: ഖത്തറിലെ യുവജന പ്രസ്ഥാനമായ ഫോക്കസ് ഖത്തറും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലുള്ള ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സെന്ററും സംയുക്തമായി നടത്തിയ അവയവ ബോധവത്കരണ പരിപാടിയുടെഒന്നാം ഘട്ടം ശ്രദ്ധേയമായി.അവയവ ദാനത്തിലൂടെ സഹജീവികളുടെ ജീവന്‍ നിലനിര്‍ത്തുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതാണ് വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ബോധവത്കരണ പരിപാടികളുടെ ലക്ഷ്യം. ഹമദ് എജ്യുക്കേഷന്‍ സെന്ററിലുള്ള ഹജര്‍ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്നപരിപാടിയില്‍ അവയവ ദാനത്തെക്കുറിച്ചും അവയവം മാറ്റിവെക്കുന്നതിനെക്കുറിച്ചുമുള്ള പൊതു വിവരണങ്ങളും മതപരമായ കാഴ്ചപ്പാടുകളും അവതരിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്തവരില്‍ മുപ്പത് ശതമാനത്തിലധികം ആള്‍ക്കാര്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിച്ചത് സംഘാടകരില്‍ പ്രതീക്ഷയുണര്‍ത്തി. കണ്‍സള്‍ടന്റ് നെഫ്രോളജിസ്റ്റ് ഡോ.മുഹമ്മദ് ആസിം 'അവയവ ദാനത്തിന്റെ ആവശ്യകത' എന്ന വിഷയം അവതരിപ്പിച്ചു. മാറ്റിവെക്കാന്‍ അവയവത്തിനു വേണ്ടി കാത്തു നില്‍ക്കുന്നവരുടെ ദയനീയ സ്ഥിതിയെക്കുറിച്ചും അവയവം ലഭ്യമായാല്‍ സ്വീകര്‍ത്താവിനെ തെരഞ്ഞെടുക്കുന്ന രീതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ‘2007ല്‍ ദോഹയില്‍ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താവുന്ന രോഗികളുടെ എണ്ണം 45 ആയിരുന്നു. 2011 ആകുമ്പോഴേക്കും ഇത് 114 ആയി ഉയര്‍ന്നു.ഇതില്‍ കിഡ്‌നി മാറ്റി വെച്ചവരുടെ എണ്ണം 2007ല്‍ 5 ഉം 2011 ല്‍ 9 ഉം ആയിരുന്നു. ഇതില്‍ മൂന്നെണ്ണം ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നും ആറെണ്ണം മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്നുമാണ് ലഭിച്ചത്.മസ്തിഷ്‌ക മരണം സംഭവിച്ച ഒരാള്‍ക്ക് എട്ടു പേരെ മരണത്തില്‍ നിന്നും രക്ഷിക്കാനും അന്‍പത് പേരുടെ ജീവിതം മെച്ചപ്പെടുത്താനും സാധിക്കും.അതുകൊണ്ട് തന്നെ മരണശേഷം തന്റെ അവയവങ്ങള്‍ മണ്ണോട് ചേരേണ്ടെന്നും തന്റെ സഹോദരന് പ്രകൃതിയും ജീവനും ആസ്വദിക്കാന്‍ ദാനം ചെയ്യണമെന്നും നമുക്ക് തീരുമാനിക്കാന്‍ സാധിക്കേണ്ടതുണ്ട”. അദ്ദേഹം പറഞ്ഞു. 

കണ്‍സള്‍ട്ടന്റ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ പ്രൊ. മുഹമ്മദ് ചൗധരി 'അവയവദാനം-മിഥ്യാധാരണകള്‍' എന്ന വിഷയം അവതരിപ്പിച്ചു.അവയവ ദാനം തികച്ചും ഒരു 'ദാന'മാണ്. അവയവം വില്‍ക്കുന്നതും പണം കൊടുത്തു വാങ്ങുന്നതും ഖത്തറടക്കം ലോകത്തിലെ മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. അവയവ ദാനം നടത്തിയാല്‍ ദാതാവിന്റെ കുടുംബത്തിന് പണം ലഭിക്കില്ല. പ്രായം, ആരോഗ്യം എന്നിവ കണക്കിലെടുക്കാതെ ആര്‍ക്കും ദാതാവാകാന്‍ മുന്നോട്ടു വരാം.തന്റെ മരണ ശേഷം അവയവം ദാനം ചെയ്യാമെന്ന് അനുമതി പത്രം നല്‍കിയ ഒരാളുടെ മരണ സമയത്താണ് അവയവങ്ങള്‍ മാറ്റിവക്കാന്‍ യോഗ്യമാണോ എന്ന് തീരുമാനിക്കുന്നത്. അവയവങ്ങള്‍ ആവശ്യമായ രോഗികളുടെ ലിസ്റ്റില്‍ നിന്നും ഏറ്റവും അനുയോജ്യവും യോഗ്യവുമായ ആള്‍ക്ക് ഇതു വെച്ചു പിടിപ്പിക്കും.സ്വീകര്‍ത്താവിന്റെ ദേശം, വര്‍ണ്ണം, സമ്പത്ത്, പ്രസിദ്ധി തുടങ്ങിയവ അവയവ മാറ്റ ശസ്ത്രക്രിയയില്‍ പരിഗണിക്കപ്പെടുന്ന വിഷയങ്ങളല്ല. അദ്ദേഹം പറഞ്ഞു. 

ഖുര്‍ ആന്‍ ലേണിംഗ് സ്‌കൂള്‍ ദോഹയുടെ ഡയറക്ടര്‍ ഡോ. അബ്ദുല്‍ അഹദ് മദനി 'അവയവ ദാനത്തിന്റെ ദാര്‍ശനിക മാനം' എന്ന വിഷയം അവതരിപ്പിച്ചു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അങ്ങേയറ്റമാണ് അവയവ ദാനത്തിനുള്ള സന്നദ്ധതയിലൂടെ ഒരാള്‍ പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ ഡയറക്ടര്‍ഡോ. യൂസഫ് അല്‍ മസ്‌ലമാനി, ഡോ. ആസിം, പ്രൊഫ. ചൗധരി, ഡോ. അബ്ദുല്‍ അഹദ് മദനി, ഡോ. റിയാദ് എന്നിവര്‍ മറുപടി നല്‍കി.ഫോക്കസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് അംഗം ഡോ. ബിജു ഗഫൂര്‍ മോഡറേറ്ററായിരുന്നു. ഫോക്കസ് ഖത്തര്‍ സി.ഇ.ഒ. ഷമീര്‍ വലിയവീട്ടില്‍ സ്വാഗതവും ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്‌മെന്റ് മാനേജര്‍ ഡോ. നിഷാന്‍ പുരയില്‍ നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...