കോട്ടക്കല്‍: മുസ്‌ലിം നവോത്ഥാന സംരംഭമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശമുളള മുഴുവന്‍ പേരും ആദര്‍ശത്തനിമ ഉള്‍ക്കൊണ്ട് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരണമെന്നും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുണ്ടായിട്ടുളളതെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. 'നവയാഥാസ്ഥിതികതയയുടെ ഒരു പതിറ്റാണ്ട്' എന്ന പ്രമേയത്തില്‍ കെ എന്‍ എം ജില്ലാ കമ്മിറ്റി കോട്ടക്കലില്‍ നടത്തിയ മുജാഹിദ് ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമുഖ മുജാഹിദ് പണ്ഡിതന്‍മാര്‍ക്കെതിരെ ആദര്‍ശ വ്യതിയാനം ആരോപിച്ച് സംഘടന പിളര്‍ത്താന്‍ ശ്രമിച്ച വ്യക്തികള്‍ ഏറ്റവും ഗുരുതരമായ ആദര്‍ശ പ്രശ്‌നത്തിന്റെ പേരില്‍ സംഘടനയില്‍നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. അന്ധവിശ്വാസാചാരങ്ങള്‍ക്കെതിരില്‍ സന്ധിയില്ലാ സമരം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരിലേക്ക് ജിന്നു സേവ, പിശാചു പൂജ, മാരണം, മന്ത്രവാദം, കൂടോത്രം തുടങ്ങിയവ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുത്ത എ പി വിഭാഗം മുജാഹിദ് സംഘടനയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്താക്കപ്പെട്ട തീവ്രവാദ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തി സംഘടന പിളര്‍ത്താന്‍ കൂട്ടുനിന്ന മറുപക്ഷത്തെ നേതാക്കള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് നിഷ്പക്ഷ മതികള്‍ മനസ്സിലാക്കണമെന്നും മടവൂര്‍ പറഞ്ഞു. എ വി അബ്ദുറഹ്മാന്‍ ഹാജി യുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കളളക്കേസും വാടകക്കാരോട് ശതമാനം നിശ്ചയിച്ചു പലിശ ആവിശ്യപ്പെട്ട ചെര്‍പ്പുളശ്ശേരി കേസും മറുവിഭാഗം പിന്‍വലിക്കണം. ജിന്ന്, സിഹ്ര്‍ വിഷയത്തില്‍ താന്‍ ഹദീസ് നിഷേധിയും സഊദി പണ്ഡിതന്‍മാരെ അവഹേളിക്കുന്നവനുമാണെന്ന് വിദേശത്തേക്ക് എഴുതിഅയച്ചവര്‍ പുതിയ സാഹചര്യത്തില്‍ പ്രസ്ഥാനത്തോട് മാപ്പ് പറയണമെന്നും ഹൂസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.
തൗഹീദിന് പ്രാമുഖ്യം നല്കിക്കൊണ്ടുളള ആദര്‍ശ പ്രയാണമാണ് മുജാഹിദുകള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പുതിയ സലഫി മന്‍ഹജ് കടന്നുകൂടിയതാണ് പുതിയ പ്രശ്‌നമെന്നും മുഖ്യ പ്രഭാഷനം നടത്തിയ കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആദര്‍ശ പ്രകാരം എന്നതിനു പകരം സലഫി മന്‍ഹജ് പ്രകാരമുളള അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസം എന്ന രീതിയിലേക്ക് മാറിയതുമുതലാണ് കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്റെ ഭിന്നിപ്പ് ആരംഭിച്ചെതെന്നും അദ്ദേഹം പറഞ്ഞു.
യു പി അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. എന്‍ ബാപ്പുട്ടി, ഉബൈദുല്ല താനാളൂര്‍, കെ അബ്ദുല്‍ കരീം എജിനീയര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, പി മൂസ സലാഹി, പി എം എ ഗഫൂര്‍, മന്‍സൂറലി ചെമ്മാട്, സി മമ്മു കോട്ടക്കല്‍, ജാസിര്‍ രണ്ടത്താണി, കെ അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. പി എം മുഹമ്മദ് കുട്ടി, പി കെ മൊയ്തീന്‍ സുല്ലമി, എ ഹൈദ്രോസ് സുല്ലമി, ഇ ഒ അബ്ദുല്‍ അസീസ്, എന്‍ പി കുഞ്ഞിമുഹമ്മദ്, പി സുഹൈല്‍ സാബിര്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ടി പി ഹുസൈന്‍ മൗലവി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം