Saturday, September 22, 2012

നവോത്ഥാനത്തെ പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല : മുജാഹിദ് ആദര്‍ശസമ്മേളനം


കോഴിക്കോട്: മുജാഹിദ് പ്രസ്ഥാനത്തെ യാഥാസ്ഥിതികതയിലേക്ക് തിരിച്ചു തെളിക്കുന്നവരെ തോല്പിച്ച് പ്രസ്ഥാനത്തെ പ്രഖ്യാപിത ആദര്‍ശത്തിലടുപ്പിച്ചു നിര്‍ത്തി ശക്തമായ മുന്നേറ്റം നടത്തുമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ (കെ എന്‍ എം) സംസ്ഥാന മുജാഹിദ് ആദര്‍ശ സമ്മേളനം പ്രഖ്യാപിച്ചു. മുജാഹിദ് പ്രസ്ഥാനം മുന്നോട്ട് വെച്ച നവോത്ഥാനത്തിന്റെ കാലടിപ്പാടുകളെ പിന്നോട്ട് വലിക്കുന്നവരെ ഒറ്റപ്പെടുത്തി അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പോരാട്ടം ശക്തമാക്കുമെന്ന് സമ്മേളനം വ്യക്തമാക്കി. അന്ധവിശ്വാസപ്രചാരണം നടത്തിയതിന്റെ കുറ്റബോധം ഉള്‍ക്കൊണ്ട് തെറ്റുതിരുത്താന്‍ സന്നദ്ധമായ ആദര്‍ശപ്പൊരുത്തമുള്ളവര്‍ തിരിച്ചുവന്നാല്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ മുജാഹിദ് പ്രസ്ഥാനം തയ്യാറാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. 

മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ക്കെതിരെ പുരോഗമന നിലപാടുള്ളവരുടെ ഐക്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവിക്കുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളെ അവഗണിച്ച് അദൃശ്യ ജീവികളുടെ കാര്യത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി മതപ്രബോധന മേഖലയെ കലുഷിതമാക്കുന്നവര്‍ക്ക് മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശമോ, പൈതൃകമോ അവകാശപ്പെടാവതല്ല. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ ആഗോളതലത്തില്‍ നടക്കുന്ന ദുഷ്പ്രചാരണങ്ങളെയും അതിക്രമങ്ങളെയും അവഗണിച്ച് ജിന്ന്‌സേവയും പിശാച് ബാധയും ചര്‍ച്ച ചെയ്ത് പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് മുജാഹിദ് പ്രസ്ഥാനത്തില്‍ സ്ഥാനമില്ല. മതത്തിന്റെ പേരിലുള്ള ചൂഷണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. സിദ്ധന്മാരും പുരോഹിതന്മാരും ആള്‍ദൈവങ്ങളും വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരിക്കെ ദൈവത്തിലേക്കടുക്കാന്‍ ഇടയാളന്മാരുടേയും കാണിക്കയുടേയും ആവശ്യമില്ലെന്ന് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ മത നേതൃത്വങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. 

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിനെയും പ്രവാചകചര്യയെയും അവഗണിച്ച് മറ്റ് പല മന്‍ഹജുകളെയും ഉയര്‍ത്തിക്കൊണ്ടുവന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ അന്ധവിശ്വാസങ്ങളും യാഥാസ്ഥിതികതയും പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കികൊടുക്കുന്നവര്‍ക്ക് ഇപ്പോള്‍ നേരിടുന്ന തിരിച്ചടി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. അധികാരവും സ്വാധീനവും ലക്ഷ്യമാക്കി സംഘടനയെ ദുരുപയോഗം ചെയ്തവരാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പിന് വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി, അലിമദനി മൊറയൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എന്‍ എം അബ്ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, അബൂബക്കര്‍ നസാഫ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. പി എം മുഹമ്മദ്കുട്ടി, കെ അബൂബക്കര്‍ മൗലവി, പ്രഫ. എന്‍ വി അബ്ദുറഹ്മാന്‍, ഡോ.പി പി അബ്ദുല്‍ഹഖ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, ഏലാങ്കോട് ഇബ്‌റാഹീം ഹാജി, ഹംസ മൗലവി പട്ടേല്‍ത്താഴം, ഉബൈദുല്ല താനാളൂര്‍ പ്രസീഡിയം നിയന്ത്രിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...