Tuesday, September 18, 2012

പ്രസ്ഥാനത്തെ പിളര്‍ത്തിയതില്‍ കുറ്റബോധമുണ്ടെങ്കില്‍ തെറ്റുതിരുത്തണം: KNM


കോഴിക്കോട്: ഒമ്പത് പതിറ്റാണ്ടിലേറെ കാലത്തെ കഠിന ശ്രമങ്ങളിലൂടെ ശക്തിപ്പെട്ട മുജാഹിദ് സംഘമുന്നേറ്റത്തെ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് കീഴ്‌മേല്‍ മറിച്ച എ പി വിഭാഗം മുജാഹിദുകള്‍ക്ക് കേരള നവോത്ഥാന ചരിത്രമോ, ആദര്‍ശമോ അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്ന് കെ എന്‍ എം സംസ്ഥാനപ്രസിഡണ്ട് ഡോ. ഇ കെ അഹ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ആള്‍ ഇന്ത്യാ ഇസ്ലാഹിമൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

 2002 ല്‍ സംഘടനയിലെ പ്രബലമായ ഒരു വിഭാഗത്തെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് പുറത്താക്കി ആശ്വസിച്ചവര്‍ക്കിടയില്‍ ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുന്ന സംഘട്ടനം ആദര്‍ശപരമല്ല. അന്ധവിശ്വാസ പ്രചരണത്തിന് സംഘടനാപരമായി അവസരം സൃഷ്ടിച്ചതില്‍ ആത്മാര്‍ത്ഥമായ കുറ്റബോധമുണ്ടെങ്കില്‍ തെറ്റ് തിരുത്തുകയാണ് അവര്‍ ചെയ്യേണ്ടത്. മതപരവും ഭൗതികവുമായ വിദ്യാഭ്യാസസം സാര്‍വ്വത്രികമായി നടപ്പിലാക്കി മുസ്ലിം സമുദായത്തെ ഇതര ജനവിഭാഗങ്ങള്‍ക്കൊപ്പം ഉയര്‍ത്തികൊണ്ടുവരാന്‍ മുസ്ലിം ഐക്യസംഘവും അതിനു നേതൃത്വം നല്‍കിയ പരിഷ്‌കര്‍ത്താക്കളും പണ്ഡിതന്മാരും ത്യാഗപൂര്‍ണമായ പരിശ്രമങ്ങളാണ് നടത്തിയത്. മുസ്ലിം സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസം നിഷിദ്ധമാക്കുകയും ആരാധനാലയ സ്വാതന്ത്ര്യം നിഷേധിക്കുകയും നാട്ടുനടപ്പുകളിലും അനാചാരങ്ങളിലും അവരെ തളച്ചിടുകയും ചെയ്യാന്‍ മറുപക്ഷം ശ്രമിച്ചു.യഥാസ്ഥിതികരുടെ പഴഞ്ചന്‍ വാദങ്ങളും ആശയങ്ങളും നവോത്ഥാനത്തിന്റെ മുഖം മൂടിയണിച്ച് അനുകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ എ പി വിഭാഗം കെ എന്‍ എമ്മിലെ ഒന്നോ രണ്ടോ വ്യക്തികള്‍ മാത്രമല്ലെന്നിരിക്കെ കേവലം ചില വ്യക്തികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് കയ്യൊഴിയുന്നത് സമൂഹത്തെ തെറ്റിധരിപ്പിക്കാനാണ്. 

ജുമുഅ ഖുതുബകള്‍ അറബി ഭാഷയില്‍ തന്നെയാകണമെന്നും സ്ത്രീകള്‍ക്ക് പള്ളികളേക്കാള്‍ ഉത്തമം വീടാണെന്നും മുസ്‌ലിം സ്ത്രീകള്‍ സാമൂഹിക രംഗത്ത് വരാന്‍പാടില്ലെന്നും മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദികളിള്‍ ഉയര്‍ന്നുകേട്ടത് ഉന്നതമായൊരു ചരിത്രത്തെ അപകീര്‍ത്തിപ്പെടുത്തലായിരുന്നു. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍ നിന്നും മുസ്‌ലിം കേരളത്തെ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ വേണ്ടി സ്ഥാപിക്കപ്പെട്ട പ്രസ്ഥാനവേദികളും സ്ഥാപനങ്ങളും ജിന്ന് സേവയും പിശാചിനെ അടിച്ചിറക്കലും സിഹ്‌റും മാരണവും മന്ത്രവാദവും തുടങ്ങിയ തനിയാഥാസ്ഥിതികത വളര്‍ത്തിയെടുക്കാന്‍ എ പി വിഭാഗം കെ എന്‍ എം പണ്ഡിതന്മാരും പ്രഭാഷകരും നിര്‍ലോഭം ദുരുപയോഗം ചെയ്തു. മനുഷ്യകഴിവിന് അതീതമായ കാര്യങ്ങളില്‍ അല്ലാഹു അല്ലാത്ത ആരെയും വിളിച്ച് തേടാന്‍ പാടില്ലെന്ന് ഒമ്പത് പതിറ്റാണ്ടുകാലും പഠിപ്പിച്ചവരുടെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നവര്‍ പകല്‍ വെളിച്ചത്തില്‍ വിജനമായ പ്രദേശത്തുവെച്ച് വഴിയറിയാതെ നടന്നുനീങ്ങുന്നവര്‍ ജിന്നിനേയും മലക്കിനേയും വിളിച്ചുതേടിയാല്‍ അത് തൗഹീദിനെതിരല്ലെന്ന് പരസ്യമായി പ്രചരിപ്പിച്ചു. മുജാഹിദ് പ്രസ്ഥാനത്തിന്റെ നിളിതുവരെയുള്ള പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ദുര്‍വ്യാഖ്യാനം ചെയ്ത് മറുപക്ഷത്തെ പണ്ഡിതന്മാരും പ്രഭാഷകരും നാടുനീളെ പ്രചരണം നടത്തിയപ്പോള്‍ കയ്യും കെട്ടി നോക്കിനില്‍ക്കുകയും പരസ്യമായും രഹസ്യമായും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരിപ്പോള്‍ ആദര്‍ശ വ്യതിയാനം പറഞ്ഞ് ഒന്നു രണ്ടു പേര്‍ക്കെതിരെ മാത്രം നടപടിയെടുത്ത് ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണ്. എ പി വിഭാഗം കെ എന്‍ എമ്മില്‍ ഇപ്പോള്‍ നടക്കുന്ന തമ്മിലടിയും പരസ്പരം നടത്തുന്ന ആരോപണപ്രത്യാരോപണങ്ങളും മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്വം പിളര്‍പ്പിലേക്ക് വഹിച്ചവരുടെ മുഖംമൂടികള്‍ വലിച്ചുകീറുന്നതാണ്. പ്രസ്ഥാനത്തെ പിളര്‍ത്തിയതില്‍ കുറ്റബോധമുണ്ടെങ്കില്‍ തെറ്റുതിരുത്താന്‍ തയ്യാറായാല്‍ ആദര്‍ശ പ്രബോധന രംഗത്ത് പങ്കാളികളാക്കാന്‍ മുജാഹിദ് പ്രസ്ഥാനം തയ്യാറാണെന്നും മുജാഹിദ് നേതാക്കള്‍ പറഞ്ഞു. 

പ്രസ്ഥാനത്തിന്റെ ആദര്‍ശ പ്രചാരണത്തിന്റെ ഭാഗമായി നവയാഥാസ്ഥിതികതയുടെ ഒരു പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാംപയിന്റെ ഭാഗമായി 21ന് ഉച്ചക്ക് 2.30ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ മുജാഹിദ് ആദര്‍ശ സമ്മേളനം നടത്തും. സമ്മേളനത്തില്‍ ആള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍, കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ. ഇകെ അഹ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി, എ അബ്ദുസ്സലാം സുല്ലമി, അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍, അലിമദനി മൊറയൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് മുജീബ്‌റഹ്മാന്‍ കിനാലൂര്‍, കെഎന്‍എം സംസ്ഥാന സെക്രട്ടറി ഉബൈദുല്ല താനാളൂര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍ എന്നിവരും പങ്കെടുത്തു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...