![]() |
എം എസ് എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച, 'ഖുർആൻ പുതിയ വായനകൾ' സെമിനാർ കേരളാ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വിരചിതമായ വ്യാഖ്യാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഖുര്‍ആനിന്റെ വായനാ പ്രപഞ്ചമെന്ന് ഡോ.ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ്എം) സംസ്ഥാന സമിതി റമദാന്‍ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഏകദിന ഖുര്‍ആന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ കാലാതീതമായ ഗ്രന്ഥമാണ്, അതുകൊണ്ട് കാലത്തിനൊപ്പിച്ചുള്ള വായനയല്ല മറിച്ച് ജീവിക്കുന്ന കാലത്തിന്റെ സാമൂഹിക സാഹചര്യങ്ങളോടുള്ള ഖുര്‍ആനിന്റെ സമീപനത്തെ കുറിച്ചുളള ചര്‍ച്ചയാണ് ലോകം ആവശ്യപ്പെടുന്നത്. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ 'ഖുര്‍ആന്‍ പുതിയ വായനകള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിവിധ വിഷയങ്ങളിലുള്ള ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഖുര്‍ആനിന്റെസൗന്ദര്യശാസ്ത്രം, ഖുര്‍ആനും കമ്മ്യൂണിക്കേഷനും, ഖുര്‍ആനിലെ കഥാഖ്യാനരീതി, ഖുര്‍ആന്‍ സ്വാധീനം മലയാള കവിതകളില്‍, ഖുര്‍ആനും ബോധനശാസ്ത്രവും, ഖുര്‍ആനിന്റെ വികസന നയം, ഭാഷാശാസ്ത്രം വെളിപ്പെടുത്തുന്ന ഖുര്‍ആനിക സത്യങ്ങള്‍, ആമിനാവദൂദിന്റെയും എഡിപ്പ് യുക്‌സേലിന്റെയും ഖുര്‍ആന്‍ വായനയും ശാസ്ത്രപുരോഗതിയും സുതാര്യമാകുന്ന ഖുര്‍ആന്‍ വായനകള്‍, സ്ത്രീ പൂരുഷ ബന്ധം; ഖുര്‍ആനിലെ ലിംഗനീതി എന്നീ വിഷയങ്ങളില്‍ പ്രബന്ധവതരണവും ചര്‍ച്ചയും നടന്നു. എം എസ് എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ്‌യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്ദുൽ മജീദ് മദനി, ഡോ. ജലീല്‍ പൂക്കോട്ടൂര്‍, ഡോ. ഫുക്കാറലി, അബ്ദുല്‍റഹ്മാന്‍ യു പി, മുഖ്താര്‍ ഉദരംപൊയില്‍, റസാഖ് മലോറം, ഉസാമ സി എ, നൗഫല്‍ പി ടി, ശമീര്‍ കെ എസ്, ശബീബ് പി കെ, സഹല്‍ കാളികാവ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എം എസ്എം ജന. സെക്രട്ടറി ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, ട്രഷറര്‍ സൈദ് മുഹമ്മദ് കുരുവട്ടൂര്‍, ഐഎസ്എം സംസ്ഥാന പ്രസിഡണ്ട് യു.പി. യഹ്‌യാഖാന്‍, സഗീറലി പന്താവൂര്‍, ഫൈസല്‍ പാലത്ത്, ജംശീര്‍ ഫാറൂഖി, യൂനുസ് ചെങ്ങര, സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം