![]() |
| വേൾഡ് അസോസിയേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഓർഗനൈസേഷൻ സാർക്ക് സമിതി ഭാരവാഹികൾ |
ഇസ്തംബൂൾ (തുർക്കി): പല മുസ്ലിം രാഷ്ട്രങ്ങളിലേതിനെക്കാളും ഇന്ത്യയിൽ മുസ്ലിംകൾക്ക് മത സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ ഇസ്ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കോ-ഓഡിനേറ്ററുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഇസ്തംബൂളിൽ നടക്കുന്ന വേൾഡ് അസോസിയേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഓർഗനൈസേഷൻസ് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ക്ഷേമ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഇന്ത്യൻ മുസ്ലിംകൾ മറ്റ് സമുദായങ്ങൾക്ക് മാതൃകയാണ്. അവർ സമാധാനപ്രിയരും രാജ്യതാത്പര്യം സംരക്ഷിക്കുന്നവരുമാണ്. അതിനാൽ തന്നെ ഇതരസമൂഹങ്ങൾ മുസ്ലിംകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒറ്റപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സർക്കാറും നിയമപാലകരും കോടതികളും മുസ്ലിംകളെ സഹായിച്ചിട്ടുണ്ട്. മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടനയാണ് മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നൽകുന്നതെന്നും ഡോ. മടവൂർ വിശദീകരിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിൽ കമ്മറ്റികൾ ഉണ്ടാക്കാൻ അസോസിയേഷൻ തീരുമാനിച്ചു. ഇന്ത്യയുൾപ്പെടുന്ന സാർക്ക് രാഷ്ട്രങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പ്രത്യേക യോഗം ചേർന്ന് പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി ദ്വീപ്, അഫ്ഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയവർ സാർക്ക് അസോസിയേഷൻ രൂപീകരണ യോഗത്തിൽ പങ്കെടുത്തു. വേൾഡ് അസോസിയേഷൻ പ്രതിനിധി ഡോ. ഹാശിം അൽ ഹാശിമി യോഗം നിയന്ത്രിച്ചു. സമാപന സമ്മേളനത്തിൽ അസോസിയേഷൻ ചെയർമാൻ അലി സുവൈദി, അത്വിയ അദ്ലാൻ (ഈജിപ്ത്) സാലിം റിഫാഈ (ലെബനാൻ) ഡോ. അബ്ദുൽ മുഹ്സിൻ മുതൈരി (കുവൈറ്റ്) ഡോ. ജംആൻ സഹറാനി (സഊദി അറേബ്യ) ഡോ. തൗഫീഖ് ശുദരി (മലേഷ്യ) ഡോ. മുഹമ്മദ് ഇൽയാസ് (മാലി) ഷബീർ അഹമ്മദ് (യു. പി) ഡോ. ഹുസൈൻ മടവൂർ എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര സമിതിയുടെ ജനറൽ കൗണ്സിൽ ഡിസംബർ രണ്ടാം വാരത്തിൽ മലേഷ്യയിൽ ചേരാൻ തീരുമാനിച്ചു.



















