Tuesday, March 22, 2016

സൂഫിസത്തിന്റെ മറപിടിച്ച് കാന്തപുരം ബി ജെ പി യുടെ ചട്ടുകമാവരുത്: കെ എന്‍ എം



കോഴിക്കോട്: സൂഫിസത്തിന്റെ മേല്‍വിലാസത്തില്‍ ബി ജെ പിയുമായി കൂട്ടുകൂടി കേരളത്തില്‍ താമര വിരിയിപ്പിക്കാനുള്ള ബി ജെ പിയുടെ ഓപ്പറേഷന്‍ ലോട്ടസ് ഗൂഢപദ്ധതിക്ക് ചട്ടുകമായി വര്‍ത്തിക്കുകയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. മുസ്‌ലിം വോട്ട് ബാങ്കില്‍ കണ്ണുംനട്ട് മോദീ സര്‍ക്കാറിന്റെ സഹായത്തോടെ ദില്ലിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ നിറസാന്നിദ്ധ്യം ഏറെ ദുരൂഹമാണ്.

സംഘ്പരിവാറിന്റെ ലക്ഷ്യസാധ്യത്തിനായി മുസ്‌ലിം സമുദായത്തെ ഒറ്റുകൊടുക്കാന്‍ സൂഫിസത്തെ മറയാക്കുകയാണ്. മുസ്‌ലിം സംഘടനകള്‍ക്ക് നേരെ ഭീകരബന്ധം ആരോപിക്കുക വഴി ദില്ലി സൂഫി സമ്മേളനം സംഘ്പരിവാറിന്റെ അജണ്ട നടപ്പിലാക്കുകയാണ് ചെയ്തത്.

മോദീ സര്‍ക്കാറില്‍നിന്ന് പരമാവധി ആനുകൂല്യം നേടിയെടുക്കുന്നതിന് മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് ബി ജെ പി സര്‍ക്കാറിനെ സുഖിപ്പിക്കാന്‍ ശ്രമിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ ദുഷ്ടലാക്കിനെ പൊതുസമൂഹം തിരിച്ചറിയണം.

ആരാധനാ കര്‍മ്മങ്ങളേക്കാളുപരി കലയിലൂടെയും സാഹിത്യത്തിലൂടെയുമാണ് ദൈവസാമീപ്യം നേടാനാവുകയെന്നും മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമല്ലെന്നുമുള്ള ദില്ലി സൂഫീ സമ്മേളനത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ നിലപാട് വ്യക്തമാക്കണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് സി പി ഉമര്‍സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ ഇ കെ അഹ്മദ്കുട്ടി, പ്രൊഫ.എന്‍ വി അബ്ദുറഹ്മാന്‍, ഡോ പി പി അബ്ദുല്‍ ഹഖ്,  കെ അബൂബക്കര്‍ മൗലവി, ഡോ.പി മുസ്തഫ ഫാറൂഖി, സി മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍, ഡോ സലിം ചെര്‍പ്പുളശ്ശേരി, കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ ഐ പി അബ്ദുസ്സലാം,  ബി പി എ ഗഫൂര്‍, മുഹമ്മദ് ഹാഷിം ആലപ്പുഴ, പി പി ഖാലിദ്, ഫൈസല്‍ നന്മണ്ട, ജാസിര്‍ രണ്ടത്താണി പ്രസംഗിച്ചു.
Read More

Thursday, March 10, 2016

എം ജി എം ലീഡേഴ്‌സ് എംപവറിങ്ങ് ക്യാമ്പ്

എം ജി എം ലീഡേഴ്‌സ് എംപവറിങ്ങ് ക്യാമ്പ് കെ എന്‍ എം ജന. സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു

 
മഞ്ചേരി: എം ജി എം സംസ്ഥാന സമിതി മഞ്ചേരിയില്‍ ലീഡേഴ്‌സ് എംപവറിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. 2016-17 വര്‍ഷത്തേക്കുള്ള എം ജി എം കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ജാബിര്‍ അമാനി, കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ മദനി മരുത, എം എസ് എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, മുഹമ്മദ് സലീം സുല്ലമി, സല്‍മ അന്‍വാരിയ്യ, ശമീമ ഇസ്‌ലാഹിയ്യ, ഖദീജ നര്‍ഗീസ്, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.

Read More

Tuesday, October 13, 2015

ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന്‍ എം ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു



 

കോഴിക്കോട്: ജീവിക്കുവാനും ചിന്തിക്കുവാനും പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി കൈകോര്‍ക്കുകയെന്ന ആഹ്വാനവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലായി 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ ജനകീയ കൂട്ടായ്മകള്‍' സംഘടിപ്പിക്കും. ഒരു കുറ്റവും ചെയ്യാത്തവരെ അതിക്രൂരമായി കൊന്നൊടുക്കുന്ന ഭീകരതയും വര്‍ഗീയതയും ആഗോള തലത്തിലും രാജ്യത്തിനകത്തും അതിന്റെ പാരമ്യതയിലെത്തിരിയിക്കുന്ന സാഹചര്യത്തിലാണ് 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന്‍ എം ജനകീയ കൂട്ടായ്മകള്‍' സംഘടിപ്പിക്കുന്നത്.

  
സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ ജനകീയ കൂട്ടായ്മകള്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും സംഘടിപ്പിക്കും. 23ാം തിയ്യതി വെള്ളിയാഴ്ച കണ്ണൂരില്‍ തുടക്കം കുറിക്കും. 


ജില്ലാ-മണ്ഡലം തലങ്ങളില്‍ ചര്‍ച്ചാ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. ശാഖാ-പഞ്ചായത്ത് തലങ്ങളില്‍ ടേബിള്‍ ടോക്കുകളും റസിഡന്‍സ് അസോസിയേഷന്‍ കൂട്ടായ്മകളും ഗൃഹ സമ്പര്‍ക്ക പരിപാടികളും ലഘുലേഖാ വിതരണവും സംഘടിപ്പിക്കും.
  
വിശ്വമാനവിക സന്ദേശം ലോകത്തിന് നല്‍കിയ ഇസ്‌ലാമിനെ മത രാഷ്ട്രവാദത്തിന്റെ ചട്ടുകമാക്കി പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും മനുഷ്യക്കുരുതികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അല്‍ഖ്വയ്ദ, ബൊക്കൊ ഹറാം, ഐ എസ് പോലുള്ള ഭീകര പ്രസ്ഥാനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തിനകത്ത് ആശയപരമായി വേരുറപ്പിക്കാന്‍ ശ്രമം നടത്തുന്നത് ജാഗ്രതയോടെ കാണണം. ഹിന്ദുത്വ ഫാസിസം ഇന്ത്യയിലും മതരാഷ്ട്ര വാദത്തിന്റെ ഭീകര മുഖം പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
  
ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തടയിടാനുള്ള സാമ്രാജത്വ അജണ്ടയുടെ സൃഷ്ടിയാണ്  ഐ എസ് പോലുള്ള ഭീകര സംഘടനകളെന്ന് മുസ്‌ലിം ചെറുപ്പക്കാരെ ബോധവല്‍ക്കരിക്കാന്‍ പ്രചാരണ കാലയളവില്‍ കെ എന്‍ എം പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്.
  
വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാനും അവിശ്വസിക്കുന്നവര്‍ക്ക് അവിശ്വസിക്കാനും അവകാശം വകവെച്ചുകൊടുത്ത ഇസ്‌ലാമിന്റെ പേര് പറഞ്ഞ് ഇതര മതസ്ഥരെ ആട്ടിയോടിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നവര്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടേയും മുഴവന്‍ മനുഷ്യരുടേയും ശത്രുക്കളാണെന്ന യാഥാര്‍ത്ഥ്യം ജനങ്ങളിലേക്കെത്തിച്ച് വിശ്വാസികള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സൗഹാര്‍ദ്ദവും സഹവര്‍ത്തിത്തവും വളര്‍ത്തിയെടുക്കുകയെന്നതും 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ ജനകീയ കൂട്ടായ്മ'യിലൂടെ കെ എന്‍ എം ലക്ഷ്യം വെക്കുന്നു.
  
ഇന്ത്യ ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീതിത സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവിക്കാനും ചിന്തിക്കാനും പ്രകടിപ്പിക്കാനുമുള്ള ജനാധിപത്യാവകാശവും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സര്‍ഗാത്മ രാഷ്ട്രീയ പ്രവര്‍ത്തനമായ സാഹിത്യ സാംസ്‌കാരിക മേഖല നിശ്ചലമാക്കപ്പെട്ടുകൊണ്ടിരിക്ുന്നു. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്ദസാരെ, പ്രൊഫ എം എം കുല്‍ബര്‍ഹി തുടങ്ങി ഈ പട്ടിക നീളുകയാണ്. ദാദ്രി സംഭവത്തിലൂടെ ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളെ കൊന്നുകൊലവിളി നടത്തിയിരിക്കുന്നു. ടീസ്റ്റ സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍, സന്ത്ജയ്ഭട്ട് തുടങ്ങി നീതിക്കു വേണ്ടിയുള്ള പോരാട്ട ശബ്ദങ്ങളെ ഫാസിസ്റ്റ് ഭരണകൂടഭീകരത അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. വിഭജനത്തിന്റെ വൈറസിനെ തുറന്ന് വിട്ട് ഹിന്ദുത്വഫാസിസം ജനങ്ങളെ തമ്മില്‍ തല്ലി കൊല്ലിക്കുന്നതില്‍ ആനന്ദം കൊള്ളുന്നു.
  
പ്രബുദ്ധ ചിന്തക്കും പുരോഗമന രാഷ്ട്രിയത്തിനും മത സൗഹാര്‍ദ്ദത്തിനും സഹവര്‍ത്തത്തിനും പേരുകേട്ട കേരളത്തില്‍പോലും അസഹിഷ്ണുതയുടെ വിഷബീജം ആഴത്തില്‍ വേരിറക്കാനുള്ള ശ്രമത്തിലാണ് സങ്കുചിത ജാതി വര്‍ഗീയ സംഘടനകള്‍.
  
സ്‌നേഹവും സൗഹാര്‍ദ്ദവും പങ്കുവെക്കാനും ഒന്നിച്ചിരുന്ന് മനസ്സ് തുറക്കാനുമുള്ള അസുലഭ സന്ദര്‍ഭങ്ങളായ പൊതു ആഘോഷ വേളകള്‍ പോലും വിഭാഗീയതയുടെ വേലികെട്ടുകളില്‍ തളച്ചിടുന്ന മത തീവ്രവാദ ശക്തികള്‍ കേരളത്തിലും വളര്‍ന്നുവരുന്നു.

താലിബാനും ഐ എസും പറയുന്നതല്ല ഇസ്‌ലാം എന്ന് തുറന്നു പറയാന്‍ മുജാഹിദുകള്‍ക്ക് യാതൊരു മടിയുമില്ല. മതത്തിന്റെ പേരില്‍ രംഗപ്രവേശം ചെയ്യുന്ന ഭീകര വര്‍ഗീയ സംഘടനകളെ അതത് മത നേതൃത്വങ്ങള്‍ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞാല്‍ വിഭാഗീയ ശക്തികള്‍ക്ക് മുന്നേറ്റം സാധ്യമാവില്ല.
  
വിദ്വേഷത്തിന്റെ കൂരിരുട്ടിലും പ്രത്യാശക്കു വക നല്കുന്ന പ്രതികരണങ്ങളുണ്ടെന്ന് കെ എന്‍ എം വിശ്വസിക്കുന്നു. സച്ചിതാനന്ദന്‍, സാറാ ജോസഫ്, നയന്‍താര സെഗ്‌വാള്‍, അശോക് വാജ്‌പൈ, രവികുമാര്‍, പി കെ പാറക്കടവ്, അബ്ബാസ്, ഗണേഷ് ദേവ്യസ്യ തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രതിഭകള്‍ ഈയ്യിടെ കാണിച്ച ധീരമായ ചെറുത്ത് നില്പ് ഭീകരതക്കും വര്‍ഗീയതക്കുമെതിരായ പോരാട്ടത്തിന് കുതിരശക്തി പകരുന്നു എന്നത് ഏറെ ആശാവഹമാണ്.
  
ഈ മാസം 25ന് കോഴിക്കോട് ചേരുന്ന കെ എന്‍ എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം സംസ്ഥാനത്ത് മതേതര സഹവര്‍ത്തിത്തവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കും.

Read More

Wednesday, October 07, 2015

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ കച്ചവടം, മുസ്‌ലിം സമുദായത്തിന്റെ ചെലവില്‍ വേണ്ട : കെ എന്‍ എം



 
കോഴിക്കോട്: സംസ്ഥാനത്തെ മുസ്‌ലിം സമുദായം അനര്‍ഹമായി എന്ത് നേടിയെന്ന് തെളിയിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറാവണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ ചെലവില്‍ രാഷ്ട്രീയ കച്ചവടം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കെ എന്‍ എം വ്യക്തമാക്കി.

സംസ്ഥാന സര്‍വ്വീസിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളിലോ മുസ്‌ലിം സമുദായത്തിന് സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നാളിതുവരെ ലഭ്യമല്ലെന്നിരിക്കെ ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം സമുദായം അനര്‍ഹമായി നേടിയതെന്ന് വെള്ളാപള്ളി വ്യക്തമാക്കണം. ഈഴവ സമുദായത്തിന് ജനസംഖ്യാനുപാതികമായി മുസ്‌ലിം സമുദായത്തേക്കാള്‍ അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാണെന്നതിന്ന് കണക്കുകള്‍ സാക്ഷിയാണെന്നിരിക്കെ ദുഷ്പ്രചരണത്തിലൂടെ ഈഴവ സമുദായത്തെ മുസ്‌ലിംകള്‍ക്കെതിരില്‍ തിരിച്ചുവിട്ട് രാഷ്ട്രീയ കച്ചവടം നടത്തുന്ന വെള്ളാപ്പള്ളിയുടെ ദുഷ്ടലാക്കിനെ ഈഴവ സമുദായം തിരിച്ചറിയണം. ഈഴവ സമുദായത്തേക്കളുപരി തന്റെ കുടുംബത്തിന്റെ നേട്ടമാണ് വെള്ളാപ്പള്ളി ലക്ഷ്യമിടുന്നത്.

ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ക്രൂരമായി അവഗണിച്ചപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായ മുസ്‌ലിം സമുദായം ഗള്‍ഫ് പണത്തിന്റെ പിന്തുണയില്‍ പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സമുദായം ഇന്ന് നേടിയ വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമെന്നത് അനിഷേധ്യമായ വസ്തുതയാണ്. സര്‍ക്കാര്‍ ഖജനാവ് മുസ്‌ലിം സമുദായത്തിന് നേരെ കൊട്ടിയടച്ചതിന്റെ നേര്‍രേഖയാണ് സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം നേടിയതില്‍ മുക്കാല്‍ ഭാഗവും മലപ്പുറത്തെ കുട്ടികളാണെന്നത് വെള്ളാപ്പള്ളി നടേശന്റെ കള്ളപ്രചാരണത്തിനുള്ള ശക്തമായ മറുപടിയാണ്. എന്നിട്ടും മുസ്‌ലിം ന്യൂനപക്ഷ സമുദായം അനര്‍ഹമായത് നേടിയെന്ന് നിരന്തരം വര്‍ഗീയ വിഷം വമിക്കുന്ന പ്രസ്താവനകളിറക്കി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ പ്രബുദ്ധ കേരളം തിരിച്ചറിയണമെന്നും കെ എന്‍ എം അഭിപ്രായപ്പെട്ടു. 

ജനാധിപത്യ വ്യവസ്ഥയില്‍ രാജ്യത്തെ ഭരണഘടന പൗരന്മാര്‍ക്ക് നല്കിയിട്ടുള്ള എല്ലാവിധ സ്വാതന്ത്ര്യങ്ങളേയും അടിച്ചമര്‍ത്തി സംഘ്പരിവാര്‍ ഫാസിസം രാജ്യത്തുടന്നീളം ഭീകര താണ്ഡവം തുടരുമ്പോഴും സാംസ്‌കാരിക നേത്യത്വം മൗനം പാലിക്കുന്നത് ആശങ്കാജനകമാണെന്ന് കെ എന്‍ എം അഭിപ്രായപ്പെട്ടു.

യു പി യിലെ ദാദ്രി ജില്ലയില്‍ ബീഫ് ഉപയോഗിച്ചു എന്ന് തെറ്റിദ്ധാരണ നടത്തി ഒരു മദ്ധ്യവയസ്‌കനെ തല്ലിക്കൊന്ന സംഭവം ലാഘവത്തോടെ കാണുകയും നിസ്സാരവത്കരിക്കുകയും ചെയ്ത കേന്ദ്രമന്ത്രിയുടെ നിലപാടും ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് സംഘ്പരിവാറിന്ന് മൗനാനുവാദം നല്‍കുന്ന പ്രധാനമന്ത്രിയുടെ നിലപാടും പ്രതിഷേധാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബീഫ് നിരോധനം അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കം ഭരണഘടനാവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ നേര്‍ക്കുള്ള കടന്നാക്രമണമാണെന്നും യോഗം വിലയിരുത്തി. ഇത്തരം കാര്യങ്ങളില്‍ മീഡിയകളുടേയും സാംസ്‌കാരിക നായകരുടേയും ഇരട്ടമുഖം വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്. ഇത്തരം മൗനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ദാദ്രി സംഭവത്തിലെ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതോടൊപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യു പിയില്‍ ക്ഷേത്രാരാധനക്ക് ചെന്ന ദളിത് വയോധികനെ കുടുംബത്തിന്ന് മുമ്പില്‍ വെച്ച് നിഷ്‌കരുണം ചുട്ടുകൊന്ന പൈശാചിക വൃത്തിയെയും യോഗം അപലപിച്ചു. 

യോഗത്തില്‍ പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു.  ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ ഹുസൈന്‍ മടവൂര്‍, കെ ജെ യു പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മദീനി, കെ എന്‍ എം ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ പി പി അബ്ദുല്‍ ഹഖ്, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ പി സകരിയ്യ, മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, ഡോ സലിം ചെര്‍പ്പുളശ്ശേരി, ബി പി എ ഗഫൂര്‍, സി മുഹമ്മദ് സലിം സുല്ലമി, പി പി ഖാലിദ്, ഡോ അബ്ദുറസാഖ് സുല്ലമി, ശംസുദ്ദീന്‍ പാലക്കോട്, അനസ് കടലുണ്ടി, കെ പി അബ്ദുറഹിം, ജാസിര്‍ രണ്ടത്താണി, ഹാഫിസ് റഹ്മാന്‍ പ്രസംഗിച്ചു.

Read More

Wednesday, September 30, 2015

പട്ടിണി മാറ്റാന്‍ നടപടിയില്ലാതെ ഡിജിറ്റല്‍ ഇന്ത്യയെന്ന് മേനി നടിക്കുന്നത് കാപട്യം: കെ എന്‍ എം



കോഴിക്കോട്: ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിന്റെ മാന്യതയും അംഗീകാരവും കാത്തുസൂക്ഷിക്കാന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിക്ക് ബാധ്യതയുണ്ടെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹീദിന്‍ (കെ എന്‍ എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദേശ രാഷ്ട്രങ്ങളില്‍ ചെന്ന് രാഷ്ട്രീയ പ്രസംഗം നടത്തുകയും ഇന്ത്യന്‍ രാഷ്ട്ര-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ ആക്ഷേപങ്ങളുന്നയിക്കുന്നതും പ്രധാനമന്ത്രിയുടെ പദവിക്ക് നിരക്കുന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയെന്ന നിലയില്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് സാക്ഷ്യപത്രം വാങ്ങേണ്ടത് വിദേശങ്ങളില്‍ കഴിയുന്ന പ്രവാസികളില്‍നിന്നല്ല. വാഗ്ദാനം പാലിച്ചിട്ടുണ്ടെന്ന ആത്മ വിശ്വാസമുണ്ടെങ്കില്‍ ഇന്ത്യയില്‍ വന്ന് ഇന്ത്യയില്‍ താമസിക്കുന്ന രാജ്യത്തെ പൗരന്മാരെ വിളിച്ച് കൂട്ടി ചോദ്യമുന്നയിക്കാനുള്ള ചങ്കൂറ്റമാണ് പ്രധാനമന്ത്രി കാണിക്കേണ്ടത്.

ഉണ്ണാനും ഉറങ്ങാനുമിടമില്ലാതെ പട്ടിണിയും ദാരിദ്ര്യവുമായി കഴിഞ്ഞു കൂടുന്ന കോടിക്കണക്കിനാളുകള്‍ക്ക് അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാന്‍ ശ്രമിക്കാതെ ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് മോദി മേനി നടിക്കുന്നത് ശുദ്ധ അസംബന്ധമാണ്. രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്ന് അമേരിക്കയിലെ വിമാനകമ്പനികള്‍ക്ക് പതിനെട്ടായിരം കോടി രൂപ കൊണ്ടുപോയി കൊടുത്തിട്ട് ആയിരം കോടിയുടെ ഡിജിറ്റല്‍ സഹായത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നത് വിരോധാഭാസമാണ്.

സംസ്ഥാനത്തെ ആള്‍ദൈവങ്ങളെയും ജാതി സംഘടനകളേയും കൂട്ടുപിടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കി നിയമസഭാ പ്രവേശം നേടാനുള്ള ഓപ്പറേഷന്‍ ലോട്ടസ് എന്ന ബീ ജെ പിയുടെ ഗൂഢ പദ്ധതിക്കെതിരെ മതേതര കക്ഷികള്‍ ജാഗ്രവത്താവണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ പി പി അബ്ദുല്‍ ഹഖ്, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ പി സകരിയ്യ, മമ്മു കോട്ടക്കല്‍, ഉബൈദുല്ല താനാളൂര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, ബി പി എ ഗഫൂര്‍, സി മുഹമ്മദ് സലിം സുല്ലമി, പി പി ഖാലിദ്, ഡോ സലീം ചെര്‍പ്പുളശ്ശേരി, യു പി യഹ്‌യാഖാന്‍, ഹാഫിസുര്‍ റഹ്മാന്‍, ശംസുദ്ദീന്‍ പാലക്കോട്, ജലീല്‍ മാമാങ്കര, കെ പി അബ്ദുറഹീം പ്രസംഗിച്ചു.
Read More

Tuesday, June 16, 2015

ലളിത് മോഡി: ആര്‍ എസ് എസ് നിലപാട് ഇരട്ടത്താപ്പ് -കെ എന്‍ എം


കോഴിക്കോട്: രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റവാളിയെ കേന്ദ്രമന്ത്രി സുഷമ സ്വരാജ് വഴിവിട്ട് സഹായിച്ചതിനെ ദേശീയ വികാരമായി ന്യായീകരിച്ച ആര്‍ എസ് എസ്സിന്റെ നടപടി ലജ്ജാകരമാണെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജാതിയും മതവും നോക്കി ദേശീയ വികാരം നിര്‍ണയിക്കുന്ന ഇരട്ടത്താപ്പാണ് ലളിത് മോഡി വിഷയത്തില്‍ ആര്‍ എസ് എസ്സിന്റേതെന്ന് കെ എന്‍ എം കുറ്റപ്പെടുത്തി.



ദാവൂദ് ഇബ്‌റാഹിം ആയാലും ലളിത് മോഡിയായാലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നാണ് യഥാര്‍ത്ഥ ദേശീയ വാദികളുടെ നിലപാട്. അതിനൊപ്പം നില്കാന്‍ ആര്‍ എസ് എസ്സിന് ചങ്കൂറ്റമുണ്ടെങ്കില്‍ സുഷമ സ്വരാജിനെ മന്ത്രി സഭയില്‍നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കുകയാണ് ആര്‍ എസ് എസ്സ് ചെയ്യേണ്ടത്.

സംഘ്പരിവാറിന്റെ ലൗ ജീഹാദെന്ന വ്യാജപ്രചാരണം ബിഷപ്പ് മാര്‍ മാത്യു ആനകുഴിക്കാട്ടില്‍ ഏറ്റുപിടിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കുന്നതായില്ല. സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന ദുഷ്പ്രചാരണങ്ങളില്‍ ബിഷപ്പുമാര്‍ പങ്കാളികളാവുന്നത് ഒട്ടും ശരിയല്ലെന്ന് കെ എന്‍ എം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ വൈസ് പ്രസിഡണ്ട് പ്രൊഫ.എന്‍ വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി കെ ഇബ്‌റാഹിം ഹാജി, എ അസ്ഗറലി, എ ഹമീദ് മദീനി, സി മുഹമ്മദ് സലിം സുല്ലമി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍,  അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഡോ പി പി അബ്ദുല്‍ഹഖ്, പി ടി വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, മമ്മു കോട്ടക്കല്‍, സലിം ചെര്‍പ്പുളശ്ശേരി, ബി പി എ ഗഫൂര്‍, കെ പി അബ്ദുറഹീം പ്രസംഗിച്ചു.

Read More

Monday, June 15, 2015

നിര്‍മിതവ്യാഖ്യാനങ്ങളില്‍ പരിമിതമല്ല ഖുര്‍ആന്‍ വായനകള്‍: ഡോ.ജമാലുദ്ദീന്‍ ഫാറൂഖി

എം എസ് എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച, 'ഖുർആൻ പുതിയ വായനകൾ' സെമിനാർ കേരളാ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വിരചിതമായ വ്യാഖ്യാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഖുര്‍ആനിന്റെ വായനാ പ്രപഞ്ചമെന്ന് ഡോ.ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. മുജാഹിദ്‌ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ്എം) സംസ്ഥാന സമിതി റമദാന്‍ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഏകദിന ഖുര്‍ആന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ കാലാതീതമായ ഗ്രന്ഥമാണ്, അതുകൊണ്ട് കാലത്തിനൊപ്പിച്ചുള്ള വായനയല്ല മറിച്ച് ജീവിക്കുന്ന കാലത്തിന്റെ സാമൂഹിക സാഹചര്യങ്ങളോടുള്ള ഖുര്‍ആനിന്റെ സമീപനത്തെ കുറിച്ചുളള ചര്‍ച്ചയാണ്‌ ലോകം ആവശ്യപ്പെടുന്നത്. കോഴിക്കോട്‌ കെ പി കേശവമേനോന്‍ ഹാളില്‍ 'ഖുര്‍ആന്‍ പുതിയ വായനകള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിവിധ വിഷയങ്ങളിലുള്ള ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  

ഖുര്‍ആനിന്റെസൗന്ദര്യശാസ്ത്രം, ഖുര്‍ആനും കമ്മ്യൂണിക്കേഷനും, ഖുര്‍ആനിലെ കഥാഖ്യാനരീതി, ഖുര്‍ആന്‍ സ്വാധീനം മലയാള കവിതകളില്‍, ഖുര്‍ആനും ബോധനശാസ്ത്രവും, ഖുര്‍ആനിന്റെ വികസന നയം, ഭാഷാശാസ്ത്രം വെളിപ്പെടുത്തുന്ന ഖുര്‍ആനിക സത്യങ്ങള്‍, ആമിനാവദൂദിന്റെയും എഡിപ്പ് യുക്‌സേലിന്റെയും ഖുര്‍ആന്‍ വായനയും ശാസ്ത്രപുരോഗതിയും സുതാര്യമാകുന്ന ഖുര്‍ആന്‍ വായനകള്‍, സ്ത്രീ പൂരുഷ ബന്ധം; ഖുര്‍ആനിലെ ലിംഗനീതി എന്നീ വിഷയങ്ങളില്‍ പ്രബന്ധവതരണവും ചര്‍ച്ചയും നടന്നു. എം എസ് എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര അധ്യക്ഷത വഹിച്ചു. 

കാലിക്കറ്റ്‌യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്ദുൽ മജീദ് മദനി, ഡോ. ജലീല്‍ പൂക്കോട്ടൂര്‍, ഡോ. ഫുക്കാറലി, അബ്ദുല്‍റഹ്മാന്‍ യു പി, മുഖ്താര്‍ ഉദരംപൊയില്‍, റസാഖ് മലോറം, ഉസാമ സി എ, നൗഫല്‍ പി ടി, ശമീര്‍ കെ എസ്, ശബീബ് പി കെ, സഹല്‍ കാളികാവ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എം എസ്എം ജന. സെക്രട്ടറി ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, ട്രഷറര്‍ സൈദ് മുഹമ്മദ് കുരുവട്ടൂര്‍, ഐഎസ്എം സംസ്ഥാന പ്രസിഡണ്ട്‌ യു.പി. യഹ്‌യാഖാന്‍, സഗീറലി പന്താവൂര്‍, ഫൈസല്‍ പാലത്ത്, ജംശീര്‍ ഫാറൂഖി, യൂനുസ് ചെങ്ങര, സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ സംസാരിച്ചു.


Read More

Thursday, May 28, 2015

സി ഐ ഇ ആര്‍ പൊതു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


കോഴിക്കോട്: കെ എന്‍ എമ്മിന്റെ വിദ്യാഭ്യാസ വിഭാഗമായ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) 2014-15 വര്‍ഷത്തെ 5,7 ക്ലാസുകളുടെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം ക്ലാസില്‍ 95%വും ഏഴാം ക്ലാസില്‍ 96%വും വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 

കേരളത്തിനുപുറത്ത് ഖത്തര്‍, അബുദാബി, അല്‍ഐന്‍, അജ്മാന്‍, ദുബൈ, റാസല്‍ഖൈമ, ഒമാന്‍, ജിദ്ദ, റിയാദ്, ദമാം, ജുബൈല്‍ തുടങ്ങിയ ഗള്‍ഫ് മേഖലയിലെ സെന്ററുകളില്‍ പരീക്ഷ എഴുതിയ 100% വിദ്യാര്‍ത്ഥികളും വിജയം വരിച്ചു. പുനര്‍ മൂല്യനിര്‍ണ്ണയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 10 വരെയാണ്.

സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഡോ. ഇ കെ അഹ്മദ് കുട്ടി പരീക്ഷാഫലം പ്രഖ്യാപിച്ചു. മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന സി ഐ ഇ ആര്‍ യോഗത്തില്‍ ഐ പി അബ്ദുസലാം, സി മമ്മു, കെ അബൂബക്കര്‍ മൗലവി, എ അസ്ഗറലി, ഇബ്‌റാഹീം പാലത്ത്, മുഹമ്മദ് ത്വയ്യിബ് സുല്ലമി, അബ്ദുല്‍ ഖയ്യൂം പുന്നശ്ശേരി, ഇബ്‌റാഹിം പുനത്തില്‍, എം ടി അബ്ദുല്‍ ഗഫൂര്‍, എന്‍ പി അബ്ദുല്‍ റസാഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

പരീക്ഷാഫലം 0495-2701595, 2701804, 4060111 എന്നീ നമ്പറുകളിലും www.markazudawa.org എന്ന സൈറ്റിലും ലഭ്യമാണ്.

Read More

Monday, May 25, 2015

മാവോവാദി : ഹൈകോടതി വിധി ഭരണകൂട ഭീകരതക്കെതിരായ താക്കീത -കെ എന്‍ എം


കോഴിക്കോട് : മാവോദിയാണ് എന്നതുകൊണ്ടുമാത്രം ഒരാളെ കസ്റ്റഡിയിലെടുക്കാനോ തടഞ്ഞുവെക്കാനോ കാരണമാവുന്നില്ലെന്ന കേരള ഹൈക്കോടതി വിധി ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തുന്നതാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അഭിപ്രായപ്പെട്ടു. വ്യക്തിയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുള്ളൂ എന്ന് കോടതി അഭിപ്രായപ്പെട്ടത് നിലവിലുള്ള വിചാരണത്തടവുകാര്‍ക്കും ബാധകമാക്കണം.
മുസ്‌ലിംകള്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും ജോലി നിഷേധിക്കുന്നത് ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ടേഴ്‌സ് സ്ഥാപനവുമായി ബന്ധപ്പെട്ട നിയമനകേസ്സില്‍ ബോധ്യപ്പെട്ടിരിക്കെ മുസ്‌ലിംകള്‍ക്ക് സ്വകാര്യ മേഖലയില്‍ ജനസംഖ്യാനുപാതികമായി സംവരണം ഏര്‍പ്പെടുത്തണം.ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി നീതി നിഷേധവും പ്രകോപനങ്ങളും അക്രമണങ്ങളും ഉണ്ടായിട്ടും കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ കുറ്റകരമായ നിസ്സംഗതയാണ് കാണിക്കുന്നതെന്ന് കെ.എന്‍.എം ആരോപിച്ചു.
ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ളാവിയെ അന്യായമായി വധശിക്ഷക്ക് വിധിച്ച ഈജിപ്ത് കോടതിയുടെ വിധിയില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു.
യോഗത്തില്‍ കെ.എന്‍.എം പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. റമദാന്‍കാല പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കി. മതപ്രബോധന രംഗം സജീവമാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ പി.എം. മുഹമ്മദ് കുട്ടി, എ അസ്ഗറലി, പി.കെ.ഇബ്‌റാഹിം ഹാജി, ഡോ കെ ജമാലുദ്ദീന്‍ ഫാറൂഖി, സി മുഹമ്മദ് സലിം സുല്ലമി, കെ അബൂബക്കര്‍ മൗലവി, മമ്മു കോട്ടക്കല്‍,  സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍,  ഉബൈദുല്ല താനാളൂര്‍, പി പി ഖാലിദ്, ഷംസുദ്ദീന്‍ പാലക്കോട്, ഈസാഅബുബക്കര്‍ മദനി, അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, അബ്ദുല്‍സ്സലാം മുട്ടില്‍, ഹാഫിസ്‌റഹ്മാന്‍ മദനി പ്രസംഗിച്ചു.
ചര്‍ച്ചയില്‍ നസ്‌റുദ്ദീന്‍ ഫാറൂഖി (തിരുവനന്തപുരം), കുഞ്ഞുമോന്‍ കൊല്ലം, സുബൈര്‍ ആലപ്പുഴ, റഷീദ് കോട്ടയം, മുജീബ് ഇടുക്കി, ഷാക്കീര്‍ എറണാകുളം, സ്വലാഹുദ്ദീന്‍ തൃശൂര്‍, എന്‍.കെ.എം സകരിയ്യ കോഴിക്കോട് നോര്‍ത്ത്, ഡോ പി പി മുഹ്മദ് മലപ്പുറം വെസ്റ്റ്, സി മരക്കാരുട്ടി കോഴിക്കോട് സൗത്ത്, ഹംസ സുല്ലമി കാരക്കുന്ന്, കെ.എല്‍.പി ഹാരിസ് കണ്ണൂര്‍, മൊയ്തു വടകര, ടി പി ഹുസൈന്‍കോയ, ഹമീദലി അരൂര്‍, കെ പി അബ്ദുറഹിം  പങ്കെടുത്തു.
Read More

Friday, April 17, 2015

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കും -കെ എന്‍ എം

കോഴിക്കോട്: മുസ്‌ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കുനേരെ ശിവസേനയും സംഘ് പരിവാറും നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപരപരമായ പ്രസ്താവനകള്‍ രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ബഹുസ്വരതയുടെ അടിസ്ഥാന ഘടകമായ ജനാധിപത്യത്തെ തകര്‍ക്കുംവിധമുള്ള പ്രസ്താവനകളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും കെ എന്‍ എം സംസ്ഥാന സമ്പൂര്‍ണ്ണ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. 
മുസ്‌ലിം വോട്ടവകാശം റദ്ദാക്കണമെന്നും ജനസംഖ്യ കുറയ്ക്കുന്നതിനായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍ നിര്‍ബന്ധിത വന്ദീകരണം നടത്തണമെന്നുമുള്ള ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് താദ്ധിദേവിന്റെ പ്രസ്താവന വര്‍ഗീയ വിഷം പരത്തുന്നതാണെന്നും ഇന്ത്യയുടെ പൈതൃകത്തെയും പാരമ്പര്യത്തെയും വെല്ലുവിളിക്കുന്ന പ്രസ്താവനകളിലെ അപകടം തിരിച്ചറിയണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിന്റെ പ്രതിരോധ വകുപ്പ് മന്ത്രിയേയും പ്രതിരോധ വകുപ്പിന്റെ നെഗോസിയേഷന്‍ കമ്മിറ്റിയെയും നോക്കുകുത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നടത്തിയ റാഹേല്‍ ഫോര്‍ വിമാനകരാറിന്റെ നിഗൂഢതകള്‍ അന്വേഷിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മേപ്പയ്യൂര്‍ സലഫി ക്യാമ്പസില്‍ നടന്ന ദ്വിദിന കൗണ്‍സില്‍ ആള്‍ ഇന്ത്യ ഇസ്വ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക വിശ്വാസം വളര്‍ത്തിയെടുക്കാനും മതപ്രബോധന മേഖല സജീവമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സി പി ഉമര്‍സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ.കെ ജമാലുദ്ദീന്‍ ഫാറൂഖി, പി കെ ഇബ്രാഹിം ഹാജി, എ വി അബ്ദുല്ല, ഡോ.പി പി അബ്ദുല്‍ ഹഖ്, ഹാഷിം ആലപ്പുഴ, ഡോ.പി മുസ്തഫ ഫാറൂഖി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി പ്രവര്‍ത്തന രൂപരേഖയും ട്രഷറര്‍ എ അസ്ഗര്‍ അലി വാര്‍ഷിക വരവ് ചെലവ് കണക്കുകളും സെക്രട്ടറി സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ഹസ്സന്‍ മദനിയുടെ പാരത്രിക മോക്ഷത്തിനായി പ്രാര്‍ഥിച്ചു. ടി പി അസീല്‍ അസ്‌ലം, അബ്ദുല്‍ ഗഫൂര്‍ തിക്കോടി, കെ പി സകരിയ്യ എന്നിവര്‍ ക്ലാസെടുത്തു.

രണ്ടാം ദിവസം പി മൂസ സ്വലാഹിയുട ക്വുര്‍ആന്‍ പഠന ക്ലാസോടെ ആരംഭിച്ചു. സെക്രട്ടറി ഉബൈദുല്ല താനാളൂര്‍ പ്രമേയാവതരണം നടത്തി. ബിപിഎ ഗഫൂര്‍, ഡോ.എം അബ്ദു റസാഖ് സുല്ലമി, ഷുക്കൂര്‍ കോണിക്കല്‍, ഹാഫിസ് റഹ്മാന്‍ മദനി പുത്തൂര്‍, ഐ പി അബ്ദുസ്സലാം, ഷംസുദ്ദീന്‍ പാലക്കോട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ.സലീം ചെര്‍പ്പുളശ്ശേരി, സി മമ്മു കോട്ടക്കല്‍ പ്രസംഗിച്ചു.

ചര്‍ച്ചയില്‍ ഡോ.വി കുഞ്ഞാലി, അബ്ദുല്‍ കരീം വല്ലാഞ്ചിറ, ഇ ഒ അബ്ദുല്‍ അസീസ്, പി പി ഖാസിം ഹാജി, ഹംസ സുല്ലമി മൂത്തേടം, ഹമീദ് കുനിയില്‍, അബ്ദുസ്സലാം കൊടുവള്ളി, മുഹമ്മദ് ഇഖ്ബാല്‍ വെട്ടം, സഈദ് തളിയില്‍, നസീര്‍ വടകര, വി പി മൊയ്തു, മുജീബ് കോക്കൂര്‍, അഷ്‌റഫ് ചെട്ടിപ്പടി, എം ഐ മുഹമ്മദലി സുല്ലമി, എന്‍ എം അബ്ദുല്‍ ജലീല്‍, കെ അബ്ദുസലാം സുല്ലമി, ഹമീദലി അരൂര്‍, അസ്‌ലം സലീം എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...