കോഴിക്കോട്: ജീവിക്കുവാനും ചിന്തിക്കുവാനും പ്രകടിപ്പിക്കുവാനുമുള്ള
സ്വാതന്ത്ര്യത്തിനു വേണ്ടി കൈകോര്‍ക്കുകയെന്ന ആഹ്വാനവുമായി കേരള
നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലായി
'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ ജനകീയ കൂട്ടായ്മകള്‍' സംഘടിപ്പിക്കും. ഒരു
കുറ്റവും ചെയ്യാത്തവരെ അതിക്രൂരമായി കൊന്നൊടുക്കുന്ന ഭീകരതയും വര്‍ഗീയതയും
ആഗോള തലത്തിലും രാജ്യത്തിനകത്തും അതിന്റെ പാരമ്യതയിലെത്തിരിയിക്കുന്ന
സാഹചര്യത്തിലാണ് 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന്‍ എം ജനകീയ
കൂട്ടായ്മകള്‍' സംഘടിപ്പിക്കുന്നത്.
സംസ്ഥാന
സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ ജനകീയ കൂട്ടായ്മകള്‍ തിരുവനന്തപുരത്തും
എറണാകുളത്തും കോഴിക്കോട്ടും സംഘടിപ്പിക്കും. 23ാം തിയ്യതി വെള്ളിയാഴ്ച
കണ്ണൂരില്‍ തുടക്കം കുറിക്കും.
ജില്ലാ-മണ്ഡലം
തലങ്ങളില്‍ ചര്‍ച്ചാ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കും.
ശാഖാ-പഞ്ചായത്ത് തലങ്ങളില്‍ ടേബിള്‍ ടോക്കുകളും റസിഡന്‍സ് അസോസിയേഷന്‍
കൂട്ടായ്മകളും ഗൃഹ സമ്പര്‍ക്ക പരിപാടികളും ലഘുലേഖാ വിതരണവും
സംഘടിപ്പിക്കും.
വിശ്വമാനവിക
സന്ദേശം ലോകത്തിന് നല്‍കിയ ഇസ്‌ലാമിനെ മത രാഷ്ട്രവാദത്തിന്റെ ചട്ടുകമാക്കി
പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും മനുഷ്യക്കുരുതികള്‍
നടത്തിക്കൊണ്ടിരിക്കുന്ന അല്‍ഖ്വയ്ദ, ബൊക്കൊ ഹറാം, ഐ എസ് പോലുള്ള ഭീകര
പ്രസ്ഥാനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തിനകത്ത് ആശയപരമായി
വേരുറപ്പിക്കാന്‍ ശ്രമം നടത്തുന്നത് ജാഗ്രതയോടെ കാണണം. ഹിന്ദുത്വ ഫാസിസം
ഇന്ത്യയിലും മതരാഷ്ട്ര വാദത്തിന്റെ ഭീകര മുഖം പ്രദര്‍ശിപ്പിച്ചു
തുടങ്ങിയിരിക്കുന്നു.
ഇസ്‌ലാമിക
നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തടയിടാനുള്ള സാമ്രാജത്വ അജണ്ടയുടെ
സൃഷ്ടിയാണ് ഐ എസ് പോലുള്ള ഭീകര സംഘടനകളെന്ന് മുസ്‌ലിം ചെറുപ്പക്കാരെ
ബോധവല്‍ക്കരിക്കാന്‍ പ്രചാരണ കാലയളവില്‍ കെ എന്‍ എം
പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്.
വിശ്വസിക്കുന്നവര്‍ക്ക്
വിശ്വസിക്കാനും അവിശ്വസിക്കുന്നവര്‍ക്ക് അവിശ്വസിക്കാനും അവകാശം
വകവെച്ചുകൊടുത്ത ഇസ്‌ലാമിന്റെ പേര് പറഞ്ഞ് ഇതര മതസ്ഥരെ ആട്ടിയോടിക്കുകയും
കൊന്നൊടുക്കുകയും ചെയ്യുന്നവര്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടേയും മുഴവന്‍
മനുഷ്യരുടേയും ശത്രുക്കളാണെന്ന യാഥാര്‍ത്ഥ്യം ജനങ്ങളിലേക്കെത്തിച്ച്
വിശ്വാസികള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സൗഹാര്‍ദ്ദവും സഹവര്‍ത്തിത്തവും
വളര്‍ത്തിയെടുക്കുകയെന്നതും 'ഭീകരതക്കും വര്‍ഗീയതക്കുമെതിരെ ജനകീയ
കൂട്ടായ്മ'യിലൂടെ കെ എന്‍ എം ലക്ഷ്യം വെക്കുന്നു.
ഇന്ത്യ
ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീതിത സാഹചര്യത്തിലൂടെയാണ്
കടന്നുപോകുന്നത്. ജീവിക്കാനും ചിന്തിക്കാനും പ്രകടിപ്പിക്കാനുമുള്ള
ജനാധിപത്യാവകാശവും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
സര്‍ഗാത്മ രാഷ്ട്രീയ പ്രവര്‍ത്തനമായ സാഹിത്യ സാംസ്‌കാരിക മേഖല
നിശ്ചലമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്ദസാരെ, പ്രൊഫ എം എം കുല്‍ബര്‍ഹി
തുടങ്ങി ഈ പട്ടിക നീളുകയാണ്. ദാദ്രി സംഭവത്തിലൂടെ ഫാസിസ്റ്റ് ശക്തികള്‍
രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളെ കൊന്നുകൊലവിളി
നടത്തിയിരിക്കുന്നു. ടീസ്റ്റ സെറ്റില്‍വാദ്, ആര്‍ ബി ശ്രീകുമാര്‍,
സന്ത്ജയ്ഭട്ട് തുടങ്ങി നീതിക്കു വേണ്ടിയുള്ള പോരാട്ട ശബ്ദങ്ങളെ ഫാസിസ്റ്റ്
ഭരണകൂടഭീകരത അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. വിഭജനത്തിന്റെ
വൈറസിനെ തുറന്ന് വിട്ട് ഹിന്ദുത്വഫാസിസം ജനങ്ങളെ തമ്മില്‍ തല്ലി
കൊല്ലിക്കുന്നതില്‍ ആനന്ദം കൊള്ളുന്നു.
പ്രബുദ്ധ
ചിന്തക്കും പുരോഗമന രാഷ്ട്രിയത്തിനും മത സൗഹാര്‍ദ്ദത്തിനും
സഹവര്‍ത്തത്തിനും പേരുകേട്ട കേരളത്തില്‍പോലും അസഹിഷ്ണുതയുടെ വിഷബീജം
ആഴത്തില്‍ വേരിറക്കാനുള്ള ശ്രമത്തിലാണ് സങ്കുചിത ജാതി വര്‍ഗീയ സംഘടനകള്‍.
സ്‌നേഹവും
സൗഹാര്‍ദ്ദവും പങ്കുവെക്കാനും ഒന്നിച്ചിരുന്ന് മനസ്സ് തുറക്കാനുമുള്ള
അസുലഭ സന്ദര്‍ഭങ്ങളായ പൊതു ആഘോഷ വേളകള്‍ പോലും വിഭാഗീയതയുടെ
വേലികെട്ടുകളില്‍ തളച്ചിടുന്ന മത തീവ്രവാദ ശക്തികള്‍ കേരളത്തിലും
വളര്‍ന്നുവരുന്നു.
താലിബാനും
ഐ എസും പറയുന്നതല്ല ഇസ്‌ലാം എന്ന് തുറന്നു പറയാന്‍ മുജാഹിദുകള്‍ക്ക്
യാതൊരു മടിയുമില്ല. മതത്തിന്റെ പേരില്‍ രംഗപ്രവേശം ചെയ്യുന്ന ഭീകര വര്‍ഗീയ
സംഘടനകളെ അതത് മത നേതൃത്വങ്ങള്‍ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞാല്‍ വിഭാഗീയ
ശക്തികള്‍ക്ക് മുന്നേറ്റം സാധ്യമാവില്ല.
വിദ്വേഷത്തിന്റെ
കൂരിരുട്ടിലും പ്രത്യാശക്കു വക നല്കുന്ന പ്രതികരണങ്ങളുണ്ടെന്ന് കെ എന്‍ എം
വിശ്വസിക്കുന്നു. സച്ചിതാനന്ദന്‍, സാറാ ജോസഫ്, നയന്‍താര സെഗ്‌വാള്‍, അശോക്
വാജ്‌പൈ, രവികുമാര്‍, പി കെ പാറക്കടവ്, അബ്ബാസ്, ഗണേഷ് ദേവ്യസ്യ തുടങ്ങിയ
സാഹിത്യ സാംസ്‌കാരിക പ്രതിഭകള്‍ ഈയ്യിടെ കാണിച്ച ധീരമായ ചെറുത്ത് നില്പ്
ഭീകരതക്കും വര്‍ഗീയതക്കുമെതിരായ പോരാട്ടത്തിന് കുതിരശക്തി പകരുന്നു എന്നത്
ഏറെ ആശാവഹമാണ്.
ഈ
മാസം 25ന് കോഴിക്കോട് ചേരുന്ന കെ എന്‍ എം സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍
സമ്മേളനം സംസ്ഥാനത്ത് മതേതര സഹവര്‍ത്തിത്തവും സൗഹാര്‍ദ്ദവും
വളര്‍ത്തിയെടുക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കും.