Monday, November 05, 2012
MSM കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഉജ്വല സമാപനം
കൊച്ചി: 'വിജ്ഞാനം വിവേകം വികാസം' എന്ന പ്രമേയമുയര്‍ത്തി എം എസ് എം സംസ്ഥാന സമിതി രണ്ട് ദിവസങ്ങളായി എറണാകുളത്ത് സംഘടിപ്പിച്ച കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഉജ്വല സമാപനം. രാജേന്ദ്രമൈതാനത്ത് പ്രത്യകം തയ്യാറാക്കിയ ഇഖ്‌റഅ് നഗരിയിലേക്ക് നാടിന്റെ നാനാഭാഗത്ത് നിന്നും രാവിലെതന്നെ വിദ്യാര്‍ഥികള്‍ ഒഴുകിയെത്തി. വിദ്യാര്‍ഥികളില്‍ വളരുന്ന അധാര്‍മികതകള്‍ ഇല്ലായ്മ ചെയ്യാന്‍ സമൂഹം കൂടുതല്‍ ജാഗ്രവത്താകണെമന്ന് സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കാമ്പസുകളില്‍ മൂല്യങ്ങളുടെ ചൈതന്യം വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. കേവലം സിലബസ് പഠനത്തിനപ്പുറത്ത് മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ഉതകുന്ന വിദ്യാഭ്യാസ സമീപനം വിദ്യാര്‍ഥികളില്‍ രൂപപ്പെടണം. ക്രിയാത്മകവും പുതിയ കാലത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ പര്യാപ്തവുമായ ധൈഷണിക കാമ്പസുകള്‍ വളര്‍ന്നുവരേണ്ടതുണ്ടെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
പഠന പദ്ധതിയില്‍ മൂല്യവിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്കുമെന്ന കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പള്ളം രാജുവിന്റെ പ്രസ്താവനയെ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സംസ്ഥാനത്ത് പെണ്‍വാണിഭങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്നതില്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെഷന്‍ ആശങ്ക രേഖപ്പെടുത്തി. ആണ്‍ പെണ്‍ ഇടപഴകലുകളില്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ച അതിര്‍ത്തികള്‍ അതിലംഘിച്ചതാണ് ഇന്നുണ്ടായ സാംസ്‌കാരിക അധപ്പതനത്തിന് കാരണമായത്. തുറന്ന ലൈംഗികതക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ മാധ്യമങ്ങളും ഭരണകൂടങ്ങളും ശ്രമിക്കുന്നത് ഏറെ ദുഖകരമാണ്.
സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ് എം എല്‍ എ ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്തു. ഇ നസീഹ ഓണ്‍ലൈന്‍ മാഗസിന്‍ ജി സി ഡി എ ചെയര്‍മാന്‍ എം വേണുഗോപാല്‍ പ്രകാശനം ചെയ്തു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ്, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലി, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ഷിഹാബ് പൂക്കോട്ടൂര്‍, എം എസ് എം മുന്‍ സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍, സൈദ് മുഹമ്മദ് കുരുവട്ടൂര്‍, റിഹാസ് പുലാമന്തോള്‍, തസ്‌ലീം വടകര എന്നിവര്‍ പ്രസംഗിച്ചു.
മതസൗഹാര്‍ദ്ദത്തിനും മാനവിക ഐക്യത്തിനും ഊന്നല്‍ നല്കുന്ന ഇന്ത്യന്‍ സമീപനം മാതൃകയാെണന്ന് സഊദി ഖുര്‍ആന്‍ സെന്റേര്‍സ് ഡയറക്ടര്‍ ഡോ. ഉസ്മാന്‍ മുഹമ്മദ് അല്‍ സിദ്ദീഖി അഭിപ്രായപ്പെട്ടു. സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ഇട്ട് പരസ്പരം വിദ്വേഷവും പകയും ഉണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാവതല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എം സ്വലാഹുദ്ദീന്‍ മദനി അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജാസിര്‍ രണ്ടത്താണി, ഈസ അബൂബക്കര്‍ മദനി, അബ്ദുല്‍ ജലീല്‍ മാമാങ്കര, എന്‍ എം അബ്ദുല്‍ ജലീല്‍, ഉമ്മര്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം