കോഴിക്കോട് : നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ടു ചെയ്യാനും അംഗങ്ങള്‍ക്ക് അനുമതി നല്‌കിയിട്ടുണ്ടെങ്കില്‍ അതിനനുസൃതമായി തങ്ങളുടെ ഭരണഘടന ഭേദഗതി ചെയ്‌തിട്ടുണ്ടോ എന്ന് ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കണമെന്ന് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച `മതരാഷ്‌ട്ര വാദത്തില്‍ നിന്നും മതേതരത്വത്തിലേക്ക്' എന്ന വിശദീകരണ സമ്മേളനം ആവശ്യപ്പെട്ടു.
മതേതര ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മാണ സഭകളില്‍ അംഗമാകുന്നതും വോട്ടു ചെയ്യുന്നതുമെല്ലാം മതവിരുദ്ധമാണെന്ന നിലപാട് ഭരണഘടനയില്‍ നിലനിര്‍ത്തിക്കൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ടു ചെയ്യുന്നതും കാപട്യമാണ്. ഭരണഘടനയിലും ആശയാര്‍ദര്‍ശങ്ങളിലും ജനാധിപത്യത്തെയും മതേതരത്വത്തെയും തള്ളിപ്പറയുകയും പ്രായോഗിക തലത്തില്‍ അതംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് നിരക്കുന്നതല്ല. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീര്‍ മൗദൂദിയെ തള്ളിപ്പറഞ്ഞത് ജമാഅത്തിന്റെ ഔദ്യോഗിക നിലപാടാണോ അല്ലയോ എന്ന് വ്യക്തമാക്കണം. അമീര്‍ തള്ളിപ്പറയുകയും അസിസ്റ്റന്റ് അമീര്‍ മൗദൂദിയെ ശരിവെക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് പൊതുസമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാല്‍ നിലപാട് തുറന്നു പറയാന്‍ ജമാഅത്ത് നേതൃത്വത്തിന് ബാധ്യതയുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനക്ക് തന്നെ വിരുദ്ധമായി സംഘടന നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പ്രസക്തി നഷ്‌ടപ്പെട്ടിരിക്കുന്നു. നിലവിലുള്ള മുസ്‌ലിം സംഘടനകളില്‍ നിന്ന് വ്യതിരിക്തമായി മതപരമായോ രാഷ്‌ട്രീയപരമായോ ഒരു നിലപാടും ജമാഅത്തെ ഇസ്‌ലാമിക്ക് നിലവിലില്ലെന്നിരിക്കെ സമുദായത്തിന്റെ മുഖ്യധാരയോട് ഐക്യപ്പെടാന്‍ ജമാഅത്തെ ഇസ്‌ലാമി സന്നദ്ധമാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍സുല്ലമി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മതത്തെ രാഷ്‌ട്രീയ വല്‌ക്കരിച്ച് അധികാരത്തിലേക്ക് കുറുക്കുവഴി തേടിയതിന്റെ പ്രത്യുല്‌പന്നമാണ് മതതീവ്രവാദമെന്ന് ഉമര്‍ സുല്ലമി പറഞ്ഞു. ഭീകരത സൃഷ്‌ടിക്കുന്നവര്‍ ഒരിക്കലും പരസ്യമായി രംഗത്തു വരാറില്ല. അവസരം ഒരുക്കി പിന്നിലേക്ക് ഒളിക്കുന്ന നിലപാടാണ് മതതീവ്രവാദസംഘടനകള്‍ എല്ലാ കാലത്തും പിന്‍തുടര്‍ന്നിരുന്നത്. രാജ്യത്തെ മുസ്‌ലിംകളെ മതതീവ്രവാദത്തിലേക്ക് ആവാഹിക്കുന്നതില്‍ ആശയപരമായ സംഭാവന അര്‍പ്പിച്ചതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പങ്ക് അനിഷേധ്യമാണെന്ന് സി പി ഉമര്‍ സുല്ലമി പറഞ്ഞു.
കെ എന്‍ എം ജില്ലാ പ്രസിഡന്റ് ജാഫര്‍ അത്തോളി അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി, സി ടി അബ്‌ദുറഹീം, ശംസുദ്ദീന്‍ പാലക്കോട്, മുര്‍ശിദ് പാലത്ത്, സി മരക്കാരുട്ടി, ഫൈസല്‍ നന്മണ്ട, ശുക്കൂര്‍ കോണിക്കല്‍, ഷനൂബ് ഒളവണ്ണ, അഫ്‌താഷ് ചാലിയം, നജ്‌മുദ്ദീന്‍ കല്ലായി തുടങ്ങിയവര്‍ പ്രസംഗിച്ചു.










