പാലക്കാട്: ആത്മീയ കച്ചവടത്തിന്റെ പേരില്‍ ദൈവത്തെ വിഭജിക്കുകയും അതിന്റെ തിക്തഫലങ്ങളനുഭവിക്കുകയും ചെയ്യുന്നത് ഏറ്റവുമധികം ഇന്ത്യയിലാണെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. മുജാഹിദ് ജനസമ്പര്‍ക്ക ദഅ്വ പര്യടനത്തോടനുബന്ധിച്ച് പാലക്കാട് മഞ്ഞക്കുളം ജംഗ്‌ഷനില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയുടെ പേരില്‍ മതം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുവാന്‍ നാം തയ്യാറാകണം. അതിന് മതങ്ങള്‍ക്കകത്തുനിന്ന് തന്നെ ശബ്‌ദമുയരണം. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന മതത്തെ സംരക്ഷിക്കാന്‍ തീവ്രവാദികളുടെ ആവശ്യമില്ല. എല്ലാ മതങ്ങളിലും തഴച്ചു വളരുന്ന ആത്മീയ കച്ചവടക്കാരാണ് പുതിയ തലമുറക്ക് മുമ്പില്‍ മതത്തെ അപഹാസ്യമാക്കുന്നത്.
ക്വട്ടേഷന്‍ -പെണ്‍വാണിഭ സംഘങ്ങളിലൂടെയും മദ്യ-മയക്കുമരുന്ന്, ഉപയോഗത്തിലൂടെയും യുവത്വം നാടിന് ശാപമായി മാറുന്ന അവസ്ഥയാണിപ്പോഴുള്ളത്. അക്ഷരാഭ്യാസം ഇല്ലാത്ത നിരക്ഷരരായ പഴയ തലമുറ പരസ്പര സൌഹാര്‍ദത്തിലൂടെയും സഹായങ്ങളിലൂടെയും നന്മകള്‍ ചെയ്തിരുന്നു. ഇന്ന് ആധുനിക വിവര സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ സാക്ഷരത കൈവരിച്ച ജനത കാണിക്കുന്ന അനീതിയും അക്രമങ്ങളും സാക്ഷരതയുടെ മൂല്യത്തെ കുറിച്ച് പുനര്‍ചിന്തനം നടത്തുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
മതം സമാധാനവും കാരുണ്യവുമാണെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്നതായി മതമേലാളന്മാര്‍ പറഞ്ഞു നടക്കുമ്പോഴും പ്രയോഗത്തില്‍ അതിനു വിപരീതമായാണ് നടക്കുന്നത്. മതത്തിന്റെ പേരിലാണ് പലപ്പോഴും മനുഷ്യര്‍ വിഭജിക്കപ്പെടുന്നതും ധ്രുവീകരിക്കപ്പെടുന്നതും. മതം തെറ്റായ രീതിയില്‍ പ്രചരിക്കപ്പെടുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ ദല്ലാളന്മാരായി സമൂഹത്തെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡി ട്രൂത്ത് കേരള ചാപ്റ്റര്‍ ഡയറക്റ്റര്‍ ജാബിര്‍ അമാനി യുവത്വം നന്മക്ക് നവോത്ഥാനത്തിന് എന്ന ഐ എസ് എം സംസ്ഥാന സമ്മേളന പ്രമേയം വിശദീകരിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ. സലീം ചെര്‍പ്പുളശ്ശേരി അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ശറഫുദ്ദീന്‍ സലഫി, ജില്ലാ സെക്രട്ടറി എന്‍ എന്‍ മുഹമ്മദ് റാഫി, കെ എന്‍ എം മണ്ഡല സെക്രട്ടറി എസ് എം സലീം, തുടങ്ങിയവര്‍ സംസാരിച്ചു.
പര്യടനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടിന് ഇസ്‌ലാമിക് കള്‍ചറല്‍ സെന്ററില്‍ നടന്ന കണ്‍വന്‍ഷനില്‍ കെ ജെ യു സംസ്ഥാന സമിതിയംഗം മുഹമ്മദ് സലീം സുല്ലമി, ഐ എസ് എം സസ്ഥാന സെക്രട്ടറി സയ്യിദ് സാബിക്ക്, എം എസ് എം സസ്ഥാന സെക്രട്ടറി അക്‍ബര്‍ സാദിഖ്, പുളിക്കല്‍ അബ്‌ദുല്‍ല്ലത്തീഫ്, പി ഹഫീസുല്ല, സുബൈര്‍ ജൈനിമേട് തുടങ്ങിയവര്‍ സംസാരിച്ചു.