Sunday, October 04, 2009
ലോകം ഉറ്റുനോക്കുന്നത് പലിശരഹിത ബാങ്കിംഗിനെ: മന്ത്രി ഇ അഹമ്മദ്
കോഴിക്കോട്: സാമ്പത്തികമാന്ദ്യത്തിന്റെ വര്‍ത്തമാനകാലത്തെ ഒരു പരിഹാരമെന്ന നിലയില്‍ പലിശരഹിത ബാങ്കിംഗ് സംവിധാനത്തെയാണ് ലോകമൊന്നാകെ ഇന്ന് പ്രതീക്ഷയോടെ നോക്കുന്നതെന്ന് കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു. ഫറോക്ക് റൌദത്തുല്‍ ഉലൂം അറബിക് കോളെജ് സംഘടിപ്പിക്കുന്ന ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെക്കുറിച്ചും പലിശരഹിത ബാങ്കിംഗിനെക്കുറിച്ചുമുള്ള ദ്വിദിന അന്താരാഷ്‌ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്തര്‍ദേശീയവും തദ്ദേശീയവുമായ നിക്ഷേപത്തിന്റെയും വാണിജ്യത്തിന്റെയും അനന്തസാധ്യതകളാണ് ഇസ്‌ലാമിക് ബാങ്കിംഗ് വഴി നമ്മുടെ രാജ്യത്ത് ഉണ്ടാവുക. പ്രത്യേകിച്ച് അറബ് രാജ്യങ്ങളുമായുള്ള നമ്മുടെ രാജ്യത്തിന്റെ നല്ല ബന്ധവും ഇക്കാര്യത്തില്‍ നമുക്ക് ഗുണകരമായി മാറും. മറ്റു മുസ്‌ലിം രാജ്യങ്ങള്‍ പുറത്തിറക്കുന്നതു പോലുള്ള ബോണ്ടുകളും വലിയൊരു ആശ്വാസഘടകമായി മാറുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യപോലുള്ള മതേതര രാജ്യത്ത് ഇസ്‌ലാമിക ശരീഅത്തില്‍ അധിഷ്‌ഠിതമായ നിബന്ധനകളിലൂടെ എങ്ങനെ ഇത്തരം സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന വിജയം കൈവരിക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കണം. ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനുവേണ്ടി തങ്ങളുടെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയില്‍ ശരീഅത്ത് അടിസ്ഥാനത്തിലുള്ള പലിശരഹിത സംരംഭങ്ങള്‍ എത്രത്തോളം വിജയകരമാകുമെന്നതിനെ കുറിച്ചും ഊര്‍ജിതമായ പഠനം ണാട്അക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയും അറബ് രാജ്യങ്ങളുമായുള്ള സഹകരണത്തിന് ഇത്തരം സംരംഭങ്ങളും നിമിത്തമാകട്ടെയെന്ന് അറബ് ലീഗ് അംബാസിഡര്‍ ഡോ. അഹ്‌മദ് സാലം അല്‍ വഹ്ശി പറഞ്ഞു. ഫെബ്രുവരിയില്‍ ഒരു നിക്ഷേപക്കൂട്ടായ്മ വിളിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വ്യവസായ മന്ത്രി എളമരം കരീം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പി അബ്‌ദുല്‍ വഹാബ് എം പി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്‌ണന്‍, ന്യൂദല്‍ഹി ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സ് ജന. സെക്രട്ടറി അബ്‌ദുല്‍ റഖീബ്, കാലികറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സ്‌ലര്‍ പ്രൊഫസര്‍ കെ എ ജലീല്‍, ഗള്‍ഫാര്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദലി, മൂപ്പന്‍സ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, പ്രഫസര്‍ പി മുഹമ്മദ് കുട്ടശ്ശേരി, പ്രൊഫസര്‍ കുട്ട്യാലിക്കുട്ടി, പി കുഞ്ഞഹമ്മദ്, കെ വി കുഞ്ഞഹമ്മദ്കോയ, ആര്‍ യു എ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ മടവൂര്‍, സെക്രട്ടറി എസ് മുഹമ്മദ് യൂനുസ് എന്നിവരും പ്രസംഗിച്ചു.
സെമിനാറില്‍ പലിശരഹിത ബാങ്കിംഗ് സംവിധാനത്തിന്റെ സാധ്യതയും പരിമിതികളും സംബന്ധിച്ച് നാല്പതോളം പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സാമ്പത്തിക രംഗത്തെ പ്രമുഖര്‍ക്കു പുറമെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കം നാനൂറ് പ്രതിനിധികളാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.
ചില റിപോര്‍ട്ടുകള്‍:-
മാധ്യമം (ഓണ്‍ലൈന്‍) ദിനപത്രം
തേജസ് ദിനപത്രം
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം