കോഴിക്കോട്: പാശ്ചാത്യ പിന്തുണയോടെയുള്ള മുതലാളിത്വ സമ്പഘടനയുടെ കടന്നുകയറ്റം ലോകത്തൊന്നാകെ പട്ടിണി വര്‍ധിപ്പിച്ച അവസരത്തിലാണ് പലിശരഹിത ബാങ്കിംഗ് സംവിധാനം പോലുള്ള ഇസ്‌ലാമിക രീതിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന് സി പി എം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മനസിലാക്കിയതെന്ന് വ്യവസായമന്ത്രി എളമരം കരീം.
റൌദത്തുല്‍ ഉലൂം അറബിക് കോളെജ് യു ജി സി, ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക്, കെ എസ് ഐ ഡി സി, സെക്യൂറ ഇന്‍വെസ്റ്റ്മെന്റ് മാനേജ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്തര്‍ദേശീയ ഇസ്‌ലാമിക സാമ്പത്തിക സെമിനാറില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
മുസ്‌ലിം രാജ്യങ്ങളെക്കൂടാതെ ബ്രിട്ടണ്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലടക്കം വ്യാപകമായിക്കൊണ്ടിരിക്കുകയാണ് ഈ സംവിധാനം. പൂര്‍ണമായും ഇസ്‌ലാമിക രീതിയിലുള്ള ബാങ്കിംഗ് റിസര്‍വ് ബാങ്കിന്റെ നിബന്ധനകളുള്ളതിനാല്‍ ഇന്ത്യയില്‍ സാധ്യമല്ല. എന്നാല്‍ ഇത്തരമൊരു സാധ്യതയെയാണ് രഘുറാം കമ്മിറ്റിയടക്കം പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദേശിച്ചത്. ഇതാണ് കെ എസ് ഐ ഡി സിയെ ഇത്തരമൊരു കാര്യത്തിന് മുന്നിട്ടിറക്കുവാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടിയാല്‍ വിദേശങ്ങളില്‍ നിന്നടക്കം നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ പലിശരഹിത സാമ്പത്തിക സ്ഥാപനത്തിന് പദ്ധതിയുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്‌ണന്‍ പറഞ്ഞു.
കേരളത്തില്‍ കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരഠും ഹെഡ് കോര്‍ട്ടേഴ്സായ കൊച്ചിയെക്കൂടാതെ ശാഖകളുണ്ടാകും.
ഇന്ത്യയൊട്ടാകെ മുപ്പതു ശാഖകള്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സെഷനുകളിലായി സൌദി അറേബ്യന്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോ. അബ്‌ദുര്‍റഹ്‌മാന്‍ അല്‍ തമാമി, ബഹ്‌റൈന്‍ ഇസ്‌ലാമിക് ബാങ്ക് കണ്‍സല്‍ട്ടന്റ് ഡോ. ഹിഷാം എം ഇസ്‌ഹാഖ്, പി കെ അഹ്‌മദ്, സഊദി തസ്‌നീം പെട്രോകെമിക്കത്സ് അഡ്വൈസര്‍ സി എച് അബ്‌ദുല്‍ റഹീം, ടിന്നി ഫിലിപ്പ് കോട്ടയം, വമി അംബാസിഡര്‍ അബ്‌ദുല്‍ റഹ്‌മാന്‍ അഹ്‌മദ് ബെജതോ, താസീസ് മുംബൈ ഡയറക്ടര്‍ ഡോ. ഷാരിക് നിസാര്‍, നിച്ച് ഊഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്‍ബര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നും തുടരുന്ന സെമിനാറില്‍ ജിദ്ദ ഐ ഡി ബി സീനിയര്‍ എകണോമിസ്റ്റ് ഡോ. മുഹമ്മദ് ഉബൈദുല്ല, ടാസീസ് സീനിയര്‍ അഡ്വൈസര്‍ എം എച് കട്ട്കാട്ടെ, ചെന്നൈ ബി എസ് അബ്‌ദുറഹിമാന്‍ വൈസ് ചാന്‍സലര്‍ ഡോ. പി കണ്ണിയപ്പന്‍, സഊദി കിംഗ് സഅദ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. മുഹമ്മദ് ജാബിര്‍, ഖത്തര്‍ നിയമ വകുപ്പ് അറ്റോര്‍ണി ഡോ. വണ്ടൂര്‍ പി അബൂബക്കര്‍, കാലികറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ അന്‍വര്‍ ജഹാന്‍ സുബൈരി എന്നിവരടക്കം സാമ്പത്തിക രംഗത്തെ പ്രഗത്ഭമതികള്‍ പ്രബന്ധമവതരിപ്പിക്കും.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
എന്താണ് സാര്‍ ഈ 'മുതലാളിത്വ?' 'മുതലാളിത്ത' അല്ലെ ശരി.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം