Tuesday, June 15, 2010

രാഷ്ട്രീയ നേതൃത്വങ്ങൾ സമുദായങ്ങളെ തമ്മിലടിപ്പിക്കരുത്: കെ എൻ എം


കോഴിക്കോട്: താത്കാലിക നേട്ടങ്ങൾക്കായി രാഷ്ട്രീയ നേതൃത്വങ്ങൾ സംസ്ഥാനത്തെ സമുദായങ്ങളെ തമ്മിലടിപ്പിക്കരുതെന്ന് കെ എൻ എം സംസ്ഥാന സമ്പൂർണ കൌൺസിൽ സമ്മേളനം അഭ്യർഥിച്ചു. ന്യൂനപക്ഷ വർഗീയതയുടെ ഭീതിവിതച്ച് വർഗീയ ഫാസിസ്റ്റ് സംഘടനകളെ ജാഗരം കൊള്ളിച്ച് രാഷ്ട്രീയ വിലപേശൽ നടത്തുന്നത് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങൾക്ക് യോജിച്ചതല്ല.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പലിശാധിഷ്ഠിത മദ്റസാധ്യാപക പെൻഷൻ പദ്ധതി പുനഃപ്പരിശോധിക്കണമെന്നും മദ്റസാധ്യാപകരുടെ വിശ്വാസത്തിനും അവരുടെ മാന്യതക്കും അനുസരിച്ച ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.
പ്ലസ് വൺ പ്രവേശനം അവസാനിക്കാറായിട്ടും മലബാർ മേഖലയിൽ പുതിയ ഹയർസെക്കൻഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കുമെന്നത് പ്രഖ്യാപനത്തിൽ ഒതുക്കുന്നത് നീതീകരിക്കാനാവതല്ല. മലബാറിന്റെ പിന്നാക്കാവസ്ഥയ്ക്ക് അടിയന്തിരമായി പ്രശ്നപരിഹാരം സാധ്യമാക്കണമെന്ന് കെ എൻ എം ആവശ്യപ്പെട്ടു.

ചരിത്രത്തിൽ തുല്യതയില്ലാത്ത മനുഷ്യക്കുരുതിക്കും തലമുറകളുടെ ദുരിതങ്ങൾക്കും ഒട്ടേറെ ജന്തുജാലങ്ങളുടെ നാശത്തിനും വഴിവെച്ച ഭോപ്പാൽ യൂണിയൻ കാർബൈഡ് വിഷവാതക ദുരന്തത്തിന് കാരണക്കാരായവരെ നിയമത്തിന്റെ മുന്നിൽനിന്ന് രക്ഷപ്പെടാൻ അനുവദിച്ചത് ആരായാലും അവർ മാപ്പർഹിക്കുന്നില്ല. ഭോപ്പാൽ കേസിൽ നീതി ലഭ്യമാക്കാതെ പോയതിന് ജുഡീഷ്യറിയെ കുറ്റപ്പെടുത്തുന്നവർ കുറ്റവാളികൾക്കെതിരെയുള്ള തെളിവുകൾ കോടതിയിൽ എത്തിക്കുന്നതിൽ ബാധ്യത നിർവഹിച്ചിട്ടുണ്ടോ എന്നു കൂടി വ്യക്തമാക്കണം. രാഷ്ട്രീയ വിഴുപ്പലക്കുകൾ അവസാനിപ്പിച്ച് ഭോപ്പാൽ ദുരന്തത്തിന് ഇരയായവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ബന്ധപ്പെട്ടവർ തയ്യാറാവണം.

ഫലസ്തീൻ ജനതയെ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് പരസ്യ പ്രഖ്യാപനം ചെയ്ത് ലോകമനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ഇസ്രാഈലിനെ നിലക്കുനിർത്താൻ ശക്തമായ ഉപരോധ നടപടികൾക്ക് ലോകരാഷ്ട്രങ്ങൾ മുന്നോട്ട് വരണം. പശ്ചിമേഷ്യൻ പ്രശ്നങ്ങളിൽ ചേരിചേരാ നയത്തിൽ അടിയുറച്ചുനിന്ന് പീഡിത ജനതയോട് ഐക്യപ്പെട്ടുകൊണ്ടുള്ള ശക്തമായ നിലപാടെടുക്കാൻ ഇന്ത്യാഗവണ്മെന്റ് തയ്യാറാകണം. ഇറാനെതിരിലുള്ള ഉപരോധ നടപടികൾക്കും ഭീകരവിരുദ്ധ പോരാട്ടത്തിനും മറവിൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നടത്തുന്ന കൂട്ടക്കുരുതികൾക്കും ഇന്ത്യാഗണ്മെന്റ് കൂട്ടുനിൽക്കരുതെന്നും കെ എൻ എം ആവശ്യപ്പെട്ടു.

സാധാരണക്കാർക്ക് മതവിധികൾ ലഭ്യമാക്കാനും മതപരമായ സംശയങ്ങൾ ദുരീകരിക്കാനും ലക്ഷ്യം വെച്ച് കോഴിക്കോട് മർകസുദ്ദഅ്‌വ കേന്ദ്രീകരിച്ച് പ്രത്യേക കേന്ദ്രം ആരംഭിക്കും. ഓൺലൈനായും ഫോണ്മുഖേനയും നേരിട്ടും കത്തുകൾ മുഖേനയും സംശയദുരീകരണത്തിന് സൌകര്യമുണ്ടായിരിക്കും. പരിചയസമ്പന്നരും പ്രഗത്ഭരുമായ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നിശ്ചിത ദിവസങ്ങളിലാണ് ഇതിന് അവസരമൊരുക്കുക. കേരളത്തിൽ ആദ്യമായാണ് മതവിധികൾക്കും സംശയദുരീകരണത്തിനുമായി ഇത്തരമൊരു വിപുലമായ കേന്ദ്രം ആരംഭിക്കുന്നത്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമവും വ്യവസ്ഥാപിതവുമാക്കുന്നതിന് സംസ്ഥാനതലത്തിൽ പ്രത്യേക ക്ഷേമഫണ്ട് സ്വരൂപിക്കും. കാലവർഷക്കെടുതി അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസമെത്തിക്കുന്നതിന് പ്രത്യേക ക്ഷേമപദ്ധതിക്കും കെ എൻ എം കൌൺസിൽ കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയാദർശങ്ങളുടെ പ്രചാരണം രാജ്യവ്യാപകമായി വിപുലപ്പെടുത്തുന്നതിനുവേണ്ടി ഇന്ത്യൻ ഇസ്ലാഹി മൂവ്മെന്റിന്റെ നേതൃത്വത്തിൽ ബങ്കളുരു, ദൽഹി, മുംബൈ, കോൽക്കത്ത എന്നിവിടങ്ങളിൽ മേഖലാ സംഗമങ്ങൾ സംഘടിപ്പിക്കാനും കൌൺസിൽ തീരുമാനിച്ചു.

കൌൺസിൽ സമ്മേളനത്തിൽ കെ എൻ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി സമാപന സെഷൻ ഉദ്ഘാടനം ചെയ്തു. എ അസ്ഗറലി പ്രവർത്തന രൂപരേഖയും സി മമ്മു ബജറ്റും അവതരിപ്പിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസ്സലാം, എം എസ് എം ജനറൽ സെക്രട്ടറി അൻഫസ് നന്മണ്ട, എം ജി എം ജനറൽ സെക്രട്ടറി ശമീമ ഇസ്ലാഹിയ്യ, ശംസുദ്ദീൻ അയനിക്കോട്, അബൂബക്കർ നന്മണ്ട, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ എന്നിവർ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...