Sunday, March 11, 2012

ലോക വൃക്കദിനം: ഫോക്കസ് ജിദ്ദ ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചു


ജിദ്ദ: ഫോക്കസ് ജിദ്ദ സംഘടിപ്പിച്ചു വരുന്ന വൃക്കരോഗ ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി ലോക വൃക്കദിനത്തോടനുബന്ധിച് 'ആരോഗ്യ സംരക്ഷണം പ്രവാസികളില്‍ ' സെമിനാര്‍ സംഘടിപ്പിച്ചു. ശറഫിയ്യയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ 'നല്ല ആരോഗ്യശീലങ്ങള്‍ ' , 'അവയവ ദാനവും ആരോഗ്യ സംരക്ഷണത്തിന്റെ ഇസ്ലാമികമാനവും' , 'ഫോക്കസ് ചെയ്യപ്പെടേണ്ട യുവത്വം' എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. വി പി മുഹമ്മദലി, എം അഹ്മദ് കുട്ടി മദനി, ഡോ. ഇസ്മായില്‍ മരുതേരി എന്നിവര്‍ ക്ലാസുകളെടുത്തു.


മനുഷ്യ കുലത്തെ അപ്പാടെ വിഴുങ്ങിയ മാറാവ്യാധികള്‍ ഇന്നില്ലെങ്കിലും ശാരീരികാധ്വാനം കുറവുള്ള ജോലികളും അമിത വണ്ണവും കൊഴുപ്പും സമ്മാനിക്കുന്ന ആഹാരശീലങ്ങളും രൂപപ്പെടുത്തുന്ന പുതിയ ജീവിതക്രമം ആധുനിക കാലത്തു പുത്തന്‍ രോഗങ്ങളായി പ്രത്യക്ഷപ്പെടുകയാണെന്ന് അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ ഡോ. വി പി മുഹമ്മദലി വിലയിരുത്തി. പണ്ടുകാലത്ത് നാല്‍പതിനു മുമ്പ് അചിന്ത്യമായിരുന്ന പല രോഗങ്ങളും ഇന്ന് ഇരുപതുകളില്‍ തന്നെ പ്രതീക്ഷിക്കാവുന്ന അവസ്ഥയിലെത്തി. കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന മദ്യവും, ജീവിതം തന്നെ തകര്‍ക്കുന്ന ലൈംഗിക അരാജകത്വവും സമൂഹത്തെ കാര്‍ന്നു തിന്നുമ്പോള്‍ സ്വവര്‍ഗരതിക്ക് കൂടി അംഗീകാരം നല്‍കുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു.


മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ സൗഖ്യമാണ് ആരോഗ്യത്തിന്റെ ഭൗതിക നിര്‍വചനമെങ്കില്‍ അതിലേക്കു ആത്മീയത കൂടുമ്പോള്‍ മാത്രമാണ് ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ ഒരാള്‍ പൂര്‍ണ ആരോഗ്യവാന്‍ ആവുന്നതെന്ന് ഇസ്ലാഹി സെന്റര്‍ ജിദ്ദ മുഖ്യപ്രബോധകന്‍ എം അഹ്മദ് കുട്ടി മദനി പറഞ്ഞു. ദൈവം സൃഷ്ടിച്ച ശുദ്ധമായ പ്രകൃതിയെ മനുഷ്യകരങ്ങള്‍ മലിനമാക്കുന്നതാണ് അനാരോഗ്യങ്ങള്‍ക്ക് കാരണമാവുന്നത്. മനുഷ്യാവയവങ്ങളുടെ ഉടമസ്ഥാവകാശം നമുക്കല്ലാത്തതിനാല്‍ അവ വില്‍പന നടത്തുവാന്‍ മനുഷ്യര്‍ക്ക് അവകാശമില്ലെന്നും എന്നാല്‍ ദൈവപ്രീതി കാംക്ഷിച്ച് ദാനം ചെയ്യുന്നത് പുണ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.


യുവത്വത്തിന്റെ കര്‍മ്മശേഷിയും ചലനാത്മകതയും ശരിയായി ഫോക്കസ് ചെയ്യപ്പെടുമ്പോള്‍ മാത്രമേ ഉത്തമ സമൂഹ സൃഷ്ടി സാധ്യമാവൂ എന്ന് ഫോക്കസ് ഉപദേശക സമിതിയംഗവും കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അധ്യാപകനുമായ ഡോ. ഇസ്മായില്‍ മരുതേരി വിലയിരുത്തി. പ്രവാസത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വരുമാനത്തിനും പ്രാപ്തിക്കുമൊതുങ്ങാത്ത ജീവിത ഭാരങ്ങള്‍ വഹിക്കുക വഴി മാനസിക പിരിമുറുക്കങ്ങള്‍ വര്‍ധിക്കുകയും അവ ശാരീരിക രോഗങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. സദാചാര നിഷ്ടയിലൂടെയും, ആത്മീയ വിശുദ്ധിയിലൂടെയും കരുത്ത് നേടി യൗവ്വനം സാഫല്യമാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.


ഫോക്കസ് ജിദ്ദ സി ഇ ഒ പ്രിന്‍സാദ് കോഴിക്കോട് അധ്യക്ഷനായിരുന്നു. ഇവന്റ്‌സ് മനേജര്‍ ജരീര്‍ വേങ്ങര സ്വാഗതവും, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അബ്ദുല്‍ ജലീല്‍ സിഎച്ച് നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...