ദോഹ: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) യെ നിക്ഷിപ്ത കച്ചവട താത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഗൗരവമായി കാണണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ നവോത്ഥാനത്തിന് എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി ശാരകഹ്‌റുബ, ശാരഖലീജ്, ഇസ്‌ലാഹി കാമ്പസ് യൂണിറ്റുകള്‍ സംയുക്തമായി മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ ജീവിത മാതൃക ഉള്‍ക്കൊണ്ട് ജീവിക്കുവാനാണ് വിശ്വാസി സമൂഹം ശ്രമിക്കേണ്ടത്. ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയായ ഏകദൈവ വിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച് വ്യക്തികളെയും തിരുശേഷിപ്പുകളെയും പൂജിക്കുന്ന ദുരവസ്ഥയിലേക്ക് മുസ്‌ലിം സമൂഹത്തെ തിരിച്ചു നടത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം - സുലൈമാന്‍ മദനി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ എല്ലാ വിധ അവകാശങ്ങളും പ്രഖ്യാപിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ എന്ന് ഖുര്‍ആനും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ജാബിര്‍ അമാനി പറഞ്ഞു. നൂറ്റാണ്ടുകള്‍ പിന്നിടുംതോറും ഖുര്‍ആന്റെ ആശയങ്ങളുടെ പ്രഭ അധികരിച്ചു കൊണ്ടിരിക്കും. എല്ലാ മതവിശ്വാസികളുടെയും അവകാശങ്ങളും വിശുദ്ധ ഖുര്‍ആന്‍ പരിഗണിച്ചിട്ടുണ്ടെന്ന് അമാനി പറഞ്ഞു.
ഏറ്റവും വലിയ ചൂഷണങ്ങളുടെ വേദിയായി മതവിശ്വാസത്തിന്റെ മേഖല മാറിയെന്ന് 'ജീവിത ലക്ഷ്യത്തിന് ഖുര്‍ആനിക ദര്‍ശനം' എന്ന വിഷയമവതരിപ്പിച്ച യുവ പ്രഭാഷകന്‍ റാഫി പേരാമ്പ്ര അഭിപ്രായപ്പെട്ടു. ജീവിത മോക്ഷത്തിന് നിദാനമാവേണ്ട വേദഗ്രന്ഥത്തെ ഭൗതിക താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പൗരോഹിത്യമാണ് സമകാലിക സമൂഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി. ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അഹ്മദ് അന്‍സാരി അധ്യക്ഷത വഹിച്ചു. മുസ്ത്വഫ മദനി ആശംസകള്‍ അര്‍പ്പിച്ചു. ടി.വി.എം. കോയ, അബ്ദുറഹിമാന്‍ മദനി, സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ശൈജല്‍ ബാലുശ്ശേരി സ്വാഗതവും അബ്ദുല്‍ കരീം കെ.വി. നന്ദിയും പറഞ്ഞു.


0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം