Saturday, March 17, 2012

ഇസ്രാഈലുമായുള്ള അതിരുവിട്ട ചങ്ങാത്തം അപമാനം, കാസ്മിയുടെ അറസ്റ്റ് നീതീകരിക്കാവതല്ല: KNM


കോഴിക്കോട്: ഇസ്രായേല്‍ എംബസി കാറിന് നേരെ നടന്ന ബോംബാക്രമണത്തിന്റെ പേരില്‍ മുതിര്‍ന്ന ഉര്‍ദു പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസ്മിയെ പൊലീസ് അറസ്റ്റുചെയ്ത നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കെ എന്‍ എം. സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കാസ്മിയെ അറസ്റ്റ് ചെയ്യാന്‍ ന്യായമായ കാരണം ബോധിപ്പിക്കുന്നതില്‍ ദല്‍ഹി പൊലീസ് പരാജയപ്പെട്ടുവെന്ന പത്രപ്രവര്‍ത്തക യൂണിയന്റെ ആരോപണം മുഖവിലക്കെടുക്കണം. മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ അറസ്റ്റുചെയ്ത നടപടി പത്രസ്വാതന്ത്ര്യ നിഷേധവും ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതുമാണ്.


ഇസ്രായേല്‍ എംബസി കാറിന് നേരെ ആക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ട പൊലീസ് നീക്കങ്ങള്‍ സംശയാസ്പദമാണ്. അന്വേഷണത്തിന് മൊസാദിന് അനുമതി നല്കിയതും പ്രശ്‌നത്തില്‍ ഇറാനെ പ്രതിയാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തി വരുന്നതും എന്തിനാണെന്ന് വിശദീകരിക്കണം. പശ്ചിമേഷ്യയില്‍ നിരന്തരമായ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ഫലസ്തീനികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്രായേലുമായുള്ള അതിരുവിട്ട ചങ്ങാത്തം രാജ്യത്തിന്റെ ഉയര്‍ന്ന മൂല്യങ്ങളെ അപഹസിക്കുന്നതാണ്.


ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ദേശീയ കക്ഷികള്‍ തയ്യാറാകണമെന്ന് കമ്മിറ്റി ആഹ്വാനം ചെയ്തു. ദളിത് വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും കലവറയില്ലാത്ത പിന്തുണയോടെ അധികാരത്തിലേറിയ മായാവതി, മര്‍ദ്ദിത വിഭാഗങ്ങളെ വിസ്മരിച്ച് അധികാര ദുര്‍വിനിയോഗം നടത്തിയതിന് കിട്ടിയതാണ് അപമാനകരമായ പരാജയം. തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട് നല്കുന്ന കപട വാഗ്ധാനങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് കോണ്‍ഗ്രസിന് നല്കിയ വന്‍ പരാജയത്തിലൂടെ യു.പിയിലെ ന്യൂനപക്ഷങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.


ദളിതരുടെയും മുസ്‌ലിംകളുടേയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ജീവത്പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ യു.പി സര്‍ക്കാര്‍ തയ്യാറാകണം. മറിച്ചാണെങ്കില്‍ മായാവതിയുടെ ദുരനുഭവം വിദൂരമാകില്ലെന്ന് യോഗം മുന്നറിയിപ്പ് നല്കി. സംവരണമുള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസ്സ് ഇച്ഛാശക്തി കാണിക്കണം.


സ്വവര്‍ഗരതിയെ ന്യായീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂപ്രീം കോടതിയില്‍ നല്കിയ മൊഴി അപലപനീയമാണ്. സ്വവര്‍ഗരതിയെ പിന്തുണക്കുന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍, രാജ്യത്തെ മതവിശ്വാസികള്‍ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്നും യോഗം വ്യക്തമാക്കി. കെ.എന്‍.എം. സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ ഏപ്രില്‍ 14, 15 തിയ്യതികളില്‍ മേപ്പയൂരില്‍ ചേരും. അടുത്ത ഒരുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കി. 2013 ഡിസംബറില്‍ നടക്കുന്ന എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളന പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.


ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍സുല്ലമി, ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ.പി.പി. അബ്ദുല്‍ഹഖ്, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.പി.മുസ്തഫ ഫാറൂഖി, ടി.അബൂബക്കര്‍ നന്മണ്ട, കെ.അബൂബക്കര്‍ മൗലവി, പി.പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, പി.കെ.ഇബ്‌റാഹീം ഹാജി ഏലങ്കോട്, സി.അബ്ദുലത്തീഫ് മാസ്റ്റര്‍, അഡ്വ.എം.മൊയ്തീന്‍കുട്ടി, കെ.പി.സക്കരിയ്യ, ഉബൈദുല്ല താനാളൂര്‍, എന്‍.എം. അബ്ദുല്‍ജലീല്‍, ഖദീജ നര്‍ഗീസ്, ജാസിര്‍ രണ്ടത്താണി പ്രസംഗിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്‌ബോധനം നടത്തി.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...