ജിദ്ദ: ഏത് മതത്തിന്റെ പേരിലായിരുന്നാലും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് സ്ഥായിയായ നിലനില്‍പ്പ് ഉണ്ടാവുകയില്ലെന്നും മത ദര്‍ശനങ്ങള്‍ മുന്നോട്ടു വെക്കുന്ന മാനവിക സ്നേഹം കാലത്തെ അതിജീവിക്കുമെന്നും പ്രമുഖ എഴുത്തുകാരനും പണ്ഡിതനുമായ പ്രൊഫ പി മുഹമ്മദ് കുട്ടശ്ശേരി പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രത്യേക സാഹചര്യങ്ങളില്‍ തീവ്രവാദ ചിന്താഗതികളിലേക്ക് വഴി തെറ്റി പോകുന്നവര്‍ കണ്ടേക്കാമെങ്കിലും അവരെ ആ വഴിയില്‍ തന്നെ തുടരുവാന്‍ പ്രേരിപ്പിക്കുന്ന സമീപനങ്ങള്‍ പാടില്ല. തീവ്രവാദത്തിന്റെ വഴിയില്‍ അകപ്പെട്ടു പോയ യുവ സമൂഹത്തേ സ്നേഹ ധാരയിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ച സ്നേഹത്തെ ഉത്തേജിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ മത പ്രബോധകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരുമിച്ചു നടത്തേണ്ടതുണ്ട്.
വിവിധ മത ദര്‍ശനങ്ങളെ അടുത്തറിയാനും പരസ്പരമുള്ള ആശയ വിനിമയങ്ങള്‍ക്ക് ആക്കം കൂട്ടാനും അബ്ദുള്ള രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന മത ചര്‍ച്ചകള്‍ ലോക മത സൌഹാര്‍ദ്ധത്തിനു കനത്ത സംഭാവനകളാണ് നല്‍കുന്നത്. ഇത്തരം വിശാല വീക്ഷണമുള്ള സമീപനങ്ങളെ സ്വാഗതം ചെയ്യാന്‍ മുസ്ലിം സമൂഹം തയ്യാറാകണമെന്നും പ്രൊഫ കുട്ടശ്ശേരി പറഞ്ഞു.
ചടങ്ങില്‍ കേരള ഹജ് കമ്മറ്റി കോര്‍ഡിനേറ്റര്‍ ബഷീര്‍ കണ്ണേത്ത് , ഡി വൈ എസ് പി ഫിറോസ്, ഇബ്രാഹിം കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നൌഷാദ് കരിങ്ങനാട് സ്വാഗതവും സലിം ഐക്കരപ്പടി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം