മലപ്പുറം: അന്ധവിശ്വാസങ്ങള്‍ക്കെതിരെ രണ്ടാം നവോത്ഥാനത്തിന് സമയമായെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സമൂഹ ശാക്തീകരണത്തിന് യുവാക്കള്‍ തങ്ങളുടേതായ പങ്ക് വഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'വിശ്വാസ വിശുദ്ധി സമര്‍പ്പിത യൗവ്വനം' എന്ന സന്ദേശവുമായി ഡിസംബര്‍ 21, 22, 23 തിയ്യതികളില്‍ പാലക്കാട് നടക്കുന്ന ഐ എസ് എം കേരള യുവജന സംഗമത്തിന്റെ മുന്നോടിയായി മലപ്പുറത്ത് സംഘടിപ്പിച്ച 'സമര്‍പ്പണം' യുവസംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമം ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനംചെയ്തു. മതപ്രബോധനത്തിന് സംസ്‌കാരത്തിലധിഷ്ഠിതമായ രീതി അവലംബിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കണമെന്നും എല്ലാവര്‍ക്കും നന്മ വരണമെന്ന് ആഗ്രഹിക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവുകളെയും സര്‍ക്കാറുകളെയും ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന എന്‍ എസ് എസ് പോലുള്ള സാമുദായിക സംഘടനകളുടെ വിലപേശലുകളെ ശക്തമായി ചെറുക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ആര്‍ജവം കാണിക്കണമെന്ന് 'സമര്‍പ്പണം' യുവസംഗമം അഭിപ്രായപ്പെട്ടു. എയ്ഡഡ് സ്‌കൂളുകളുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്ന എന്‍ എസ് എസിന്റെ നിലപാട് കടുത്ത ധിക്കാരമാണ്. സര്‍ക്കാറിന്റെ പൊതുഖജനാവില്‍ നിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരുടേതായാലൂം സര്‍ക്കാറിന്റെ നിര്‍ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ്. സര്‍ക്കാറിന്റെ ഉത്തരവ് തങ്ങള്‍ക്ക് മാത്രം ബാധകമല്ലെന്ന എന്‍ എസ് എസ് നിലപാട് പൊറുപ്പിക്കാവതല്ല. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാവാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരവും ആനുകൂല്യങ്ങളും എടുത്തുകളയണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തി സംസ്ഥാനത്തിന്റെ സൈ്വരജീവിതം കലുഷിതമാക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ തിരുത്താന്‍ കേരള സമൂഹം പ്രബുദ്ധരാവണമെന്ന് സംഗമം ആഹ്വാനംചെയ്തു. ജനാധിപത്യസംവിധാനത്തിന്റെ അടിത്തറ തകര്‍ക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളെ പോറ്റിവളര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ഒറ്റപ്പെടുത്തുക തന്നെ വേണം. സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതക്ക് കളങ്കമുണ്ടാക്കുന്ന കൊലവെറി രാഷ്ട്രീയത്തിനെതിരെ പാര്‍ട്ടി അണികള്‍ തന്നെ മുന്നോട്ടുവരണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം ഭാരവാഹികള്‍ സംഗമത്തില്‍ സംബന്ധിച്ചു. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നവരെ പ്രസ്ഥാനത്തിന്റെ പേരില്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഐ എസ് എം വ്യക്തമാക്കി. ജിന്ന് ചികിത്സയും പിശാച് സേവയുമെല്ലാം മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ പ്രചരിപ്പിക്കാന്‍ നേതൃത്വം നല്കുന്നവരെ തള്ളിപ്പറയാന്‍ ആര്‍ജവം കാണിക്കാത്തവര്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്നത് വിരോധാഭാസമാണെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു. ഐ എസ് എം വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറിമാരായ എ അസ്ഗറലി, പി ടി വീരാന്‍കുട്ടിസുല്ലമി, ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, കെ എ അബ്ദുല്‍ഹസീബ് മദനി, പി മൂസ സ്വലാഹി, കെ അബൂബക്കര്‍ മൗലവി, ജാബിര്‍ അമാനി, ഹംസ സുല്ലമി മൂത്തേടം, അബ്ദുല്‍കരീം വല്ലാഞ്ചിറ, എ നൂറുദ്ദീന്‍ എടവണ്ണ, ശുക്കൂര്‍ കോണിക്കല്‍, ഇസ്മാഈല്‍ കരിയാട്, ഇ ഒ ഫൈസല്‍, സുഹൈല്‍ സാബിര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം