കോഴിക്കോട്: അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റ് തൃശൂരില്‍ നടത്തിയ ഇഫ്‌ത്വാര്‍
പാര്‍ട്ടിയില്‍ ചിലര്‍
പങ്കെടുത്തതിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും അവമതിക്കുന്നതിന്റെ പിന്നിലെ ഗൂഢലക്ഷ്യം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും പരിശുദ്ധ റമദാനില്‍ അതിന്റെ പവിത്രത നഷ്‌ടപ്പെടുംവിധം ദുഷ്പ്രചരണം നടത്തുന്നത് നിര്‍ത്തണമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌കുട്ടിയും ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


ഒബാമ അധികാരത്തില്‍ വന്നശേഷം മുസ്‌ലിംകളെ അവരിലേക്കടുപ്പിക്കാനായി നയതന്ത്രതലത്തിലും മറ്റു തലങ്ങളിലും നിരവധി പരിപാടികള്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയും മനുഷ്യമനസ്സാക്ഷിക്ക് വിരുദ്ധമായ വിധത്തില്‍ മര്‍ദ്ദനവും പീഢനവും തുടരുകയും ചെയ്യുന്ന നയം തിരുത്താത്ത കാലത്തോളം അമേരിക്കയുടെ കാപട്യം ജനങ്ങള്‍ വിസ്‌മരിക്കില്ല. തൃശൂരില്‍ നടത്തിയ ഇഫ്‌ത്വാര്‍ പാര്‍ട്ടി ചെന്നൈ കോണ്‍സുലേറ്റര്‍ നേരിട്ടു നടത്തിയ പരിപാടിയാണെന്നും അവര്‍ തന്നെ അവകാശപ്പെടുകയും അവര്‍ നല്‍കിയ ക്ഷണക്കത്ത് ഇത് സാധൂകരിക്കുകയും ചെയ്യുന്നതാണ്. കോണ്‍സുലേറ്റിലെ മലയാളി ഉദ്യോഗസ്ഥനായ ബിജുകുമാര്‍ വ്യക്തിപരമായി തൃശൂരിലെ ചിലരുടെ സഹകരണം തേടിയതിനെ മുജാഹിദ് സംഘടനാബന്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല. എണ്‍പതിലധികം പേര്‍ പങ്കെടുത്ത പ്രസ്തുത പരിപാടിയില്‍ കേവലം നാലോ അഞ്ചോ പേരാണ് മുജാഹിദ് ആശയക്കാരായി ഉണ്ടായിരുന്നത്. ഇവര്‍ തന്നെ സംഘടനാ പ്രതിനിധികള്‍ എന്ന നിലക്ക് പങ്കെടുത്തവരുമല്ല. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്ക സന്ദര്‍ശിച്ചവരില്‍ നിന്ന് അവര്‍ തെരഞ്ഞെടുത്തവരില്‍ ചിലര്‍ മാത്രമാണവര്‍.
മുജാഹിദുകള്‍ എന്നും ലോകമുസ്‌ലിംകള്‍ക്കൊപ്പവും മര്‍ദ്ദിത പീഢിത സമൂഹത്തോടൊപ്പവുമാണ്. അമേരിക്കന്‍ താല്പര്യങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ടവരാണ് മുജാഹിദ് പ്രസ്ഥാനം. ആണവ കരാറില്‍ ഇന്ത്യ ഒപ്പുവെക്കുന്നതിനെയും ഇസ്രായീലിന് നയതന്ത്ര ഓഫീസ് അനുവദിക്കാനുള്ള നീക്കത്തെയും മുജാഹിദ് പ്രസ്ഥാനം അനുവദിച്ചപ്പോള്‍ അത് രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാവും എന്നു കണ്ട് വിമര്‍ശിച്ചവര്‍ ഇപ്പോള്‍ അമേരിക്കന്‍ വിരുദ്ധ മുഖംമൂടി അണിഞ്ഞ് ഇടതുപക്ഷ വിഭാഗത്തെ പ്രകീര്‍ത്തിക്കുന്നതിലെ സ്വാര്‍ഥ താല്പര്യം ആര്‍ക്കും തിരിച്ചറിയാവുന്നതാണ്. അമേരിക്കന്‍ ഇഫ്‌ത്വാറും കേരളത്തിലെ വഖഫ് ബോര്‍ഡും ഹജ്ജ് കമ്മിറ്റിയുമായുള്ള ബന്ധം നവയാഥാസ്ഥിതികരുടെ പ്രസ്താവനയില്‍ മുഴച്ചു നില്‍ക്കുന്നത് ഈ സ്വാര്‍ഥത് വ്യക്തമാക്കുന്നതാണ്. അമേരിക്കന്‍ നയ നിലപാടുകളോടുള്ള എതിര്‍പ്പും ഇസ്‌ലാമിനോടുള്ള പ്രതിബദ്ധതയുമായിരുന്നു ഈ എതിര്‍പ്പിനു പിന്നിലെങ്കില്‍ ഇവരുടെ വനിതാ നേതാവിന്റെ ഒറ്റക്കുള്ള അമേരിക്കന്‍ യാത്രയെയാണ് ഇവര്‍ ആദ്യം എതിര്‍ക്കേണ്ടത്. തീവ്രവാദവും മതരാഷ്ട്രവാദവും ഉയര്‍ത്തിപ്പിടിക്കുന്ന ചിലര്‍ക്ക് അമേരിക്ക എന്നു കേള്‍ക്കുമ്പോള്‍ കലികയറുക സ്വാഭാവികമാണ്. നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കന്‍ പക്ഷപാത നിലപാട് സ്വീകരിച്ചിട്ടുണ്ട്. അവരെ എതിര്‍ക്കാതിരിക്കുകയും അത്തരം ഗള്‍ഫ് രാജ്യങ്ങളിലെ പണം സ്വീകരിക്കുകയും ചെയ്യുന്നവര്‍ തരിക്കഞ്ഞിയോട് മാത്രം എതിര്‍പ്പ് പ്രകടിപ്പിച്ചത് തങ്ങളുടെ അല്പത്തം വ്യക്തമാക്കുന്നതാണ്.
പ്രബോധിത സമൂഹത്തോട് സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കേണ്ടവരാണ് മതസംഘടനകള്‍. എതിര്‍പ്പുള്ളവരുമായി വേദി പങ്കിടാനും അവരോടുള്ള സമീപനം അത്തരം വേദികളില്‍ പ്രകടിപ്പിക്കാനും അവസരം ലഭിച്ചാല്‍ അത് നഷ്ടപ്പെടുത്തേണ്ടവരല്ല പ്രബോധകര്‍. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ എല്ലാനിലക്കും അപമാനിക്കുക ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരുടെ മുതലാളിവിരുദ്ധതയും ഇടതുപക്ഷ പ്രേമവും ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യണമെന്നും നേതാക്കള്‍ വ്യക്തമാക്കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം