Saturday, September 05, 2009

രാമചന്ദ്രന്‍ മാസ്റ്റര്‍ ഇത്തവണയും ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷക്ക് തയ്യാറെടുക്കുന്നു



അരീക്കോട്: എം എസ് എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സെപ്‌തം. ആറിന് നടക്കുന്ന ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷക്ക് ഓമാനൂര്‍ ഗവ. വൊക്കേഷനല്‍ സ്കൂള്‍ അധ്യാപകന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞവര്‍ഷവും ഇദ്ദേഹം പരീക്ഷയെഴുതിയിരുന്നു.

ഈ വര്‍ഷം നേരത്തെ തന്നെ നിര്‍ദേശിക്കപ്പെട്ട അധ്യായങ്ങള്‍ പഠിക്കാനാരംഭിക്കുകയും അപേക്ഷ നല്‍കുകയും ചെയ്തു. ഒരു മുസ്‌ലിം സുഹൃത്ത് നല്‍കിയ ഖുര്‍‌ആന്‍ പരിഭാഷ നോക്കിയാണ് ഇപ്പോള്‍ മാസ്റ്റര്‍ പഠനം നടത്തുന്നത്. സ്കൂള്‍ സമയം കഴിഞ്ഞാല്‍ ലഭിക്കുന്ന ഒഴിവു സമയങ്ങളാണ് ഈ പരീക്ഷയ്ക്കുള്ള പഠനത്തിന്നായി മാറ്റിവെക്കുന്നത്. സിലബസിന്റെ പകുതിയിലധികവും പഠിച്ചു കഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു.

നോമ്പനുഷ്‌ഠിക്കുന്ന ശീലമുള്ള ഇദ്ദേഹം ഇത്തവണത്തെ മുഴുവന്‍ നോമ്പും പിടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത്താഴം കഴിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ ഫോണിലൂടെ വിളിച്ചുണര്‍ത്തുകയും നോമ്പുതുറക്കാന്‍ മിക്ക ദിവസങ്ങളിലും സുഹൃത്തൂക്കള്‍ ക്ഷണിക്കുകയുമാണ് ചെയ്യാറുള്ളത്. ചിലദിവസം വീട്ടിലേക്ക് പോകുമ്പോള്‍ ബസില്‍ നിന്നുമാണ് നോമ്പ് തുറക്കാറുള്ളത്.

ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സമയത്താണ് ഖുര്‍‌ആന്‍ കൂടുതലറിയാന്‍ സാധിച്ചതും പഠിക്കാന്‍ ശ്രമിച്ചതെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ എഴുതിയതിനു ശേഷം ധാരാളം ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ ലഭിച്ചതായും ഇദ്ദേഹം ഓര്‍ക്കുന്നു.

പഠനകാലത്ത് തന്നെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങള്‍ ധാരാളം വായിച്ചിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ ഇത് നോമ്പിനെ കുറിച്ച് കൂടുതലറിയാന്‍ സഹായകമായെന്നും പറയുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷയെഴുതാന്‍ ഉദ്ദേശിക്കുന്നതായി ഇദ്ദേഹം പറയുന്നു. കേരളത്തിനകത്തും പുറത്തുമായി നടക്കുന്ന വിജ്ഞാന പരീക്ഷക്ക് ആളുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് ഈ വര്‍ഷം മക്ക, മദീന എന്നീ പുണ്യസ്ഥലങ്ങള്‍ സൌജന്യമായി സന്ദര്‍ശിച്ച് ഉം‌റ ചെയ്യാനുള്ള അവസരം ലഭിക്കും. മറ്റു വിജയികള്‍ക്ക് ധാരാളം പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...