Friday, September 18, 2009

ഒരു ഇഫ്‌ത്വാര്‍ വിരുന്നും കുറെ അപവാദങ്ങളും





_________________________________ബി പി എ ഗഫൂര്‍



പതിവില്‍നിന്ന്‌ ഭിന്നമായി വിവാദങ്ങള്‍ക്കവസരം കിട്ടാതെ ഈ റമദാന്‍ സമാധാനപരമായി പിന്നിടുമെന്ന ഒരാശ്വാസത്തിലായിരുന്നു കേരളത്തിലെ മുസ്‌ലിം സമൂഹം. മാസപ്പിറവിയായിട്ടും ഏതെങ്കിലും രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരിലുള്ള അപവാദങ്ങളായിട്ടുമെല്ലാം ഇക്കഴിഞ്ഞ റമദാനിലൊക്കെ ഏതെങ്കിലും വിധത്തിലുള്ള വിവാദങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. പതിവു വിവാദം സൃഷ്‌ടിക്കുന്ന പത്രവും അതിന്റെ സംഘടനയും ആഭ്യന്തര ഭിന്നതകള്‍ മൂലം പ്രയാസമനുഭവിക്കുന്നതുകൊണ്ടോ എന്തോ ഇക്കുറി ഒരു വിവാദം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിച്ചുകണ്ടില്ല.


കാര്യമായ അപവാദ പ്രചാരണങ്ങളും വാദ വിവാദങ്ങളും ഇല്ലാതെ സമാധാനപരമായി വിശുദ്ധ റമദാന്‍ മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരിക്കെയാണ്‌ വിവാദങ്ങളിലൂടെ സമുദായത്തിന്റെ മുഖ്യധാരയിലേക്ക്‌ കടന്നുകയറാന്‍ ശ്രമിക്കുന്ന മത തീവ്രവാദ സംഘടന തൃശൂരില്‍ നടന്ന ഒരു ഇഫ്‌ത്വാര്‍ വിരുന്നിനെ വിവാദത്തിലേക്ക്‌ വലിച്ചിഴക്കുന്നത്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ഒബാമ മുസ്‌ലിം സമൂഹവുമായി സംവദിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍സംഘടിപ്പിച്ചുവരുന്ന ഇഫ്‌ത്വാര്‍ വിരുന്നുകളുടെ ഭാഗമായാണ്‌ അമേരിക്കന്‍ കോണ്‍സുലേറ്റ്‌ തൃശൂരിലും ഇഫ്‌ത്വാര്‍ സംഗമം സംഘടിപ്പിച്ചത്‌. ആഗോളതലത്തില്‍ അമേരിക്കയും മുസ്‌ലിം സമൂഹവും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെയും വിദ്വേഷത്തിന്റേയും അവസ്ഥ സംവാദത്തിന്റെയും സഹകരണത്തിന്റെയും മേഖലയിലേക്ക്‌ തിരിച്ചു കൊണ്ടുവരാന്‍ മാര്‍ഗമന്വേഷിച്ചുകൊണ്ട്‌ പ്രസിഡന്റ്‌ ഒബാമ ആഗോളവ്യാപകമായി തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. ഇതിലെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്നു എന്നത്‌ വസ്‌തുതയുമാണ്‌.


ഈ ശ്രമത്തിന്റെ ഭാഗമായി പ്രസിഡന്റ്‌ ഒബാമ സഊദി അറേബ്യയടക്കമുള്ള അറബ്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും സന്ദര്‍ശന മധ്യേ കയ്‌റോയില്‍വെച്ച്‌ ചരിത്രപ്രസിദ്ധമായ ഒരു പ്രഭാഷണം നടത്തുകയുമുണ്ടായി. തന്റെ മുന്‍ഗാമി ജോര്‍ജ്‌ ബുഷ്‌ ചെയ്‌തു കൂട്ടിയ ക്രൂരതകളില്‍ പശ്ചാത്താപ ഭാവമുള്ളതും പശ്ചിമേഷ്യന്‍ സമാധാനാന്തരീക്ഷം സൃഷ്‌ടിക്കാന്‍ താല്‌പര്യപ്പെടുന്നതുമെന്ന്‌ സൂചന നല്‍കുന്ന പ്രഭാഷണം ആഗോള മുസ്‌ലിം നേതൃത്വം സജീവ ചര്‍ച്ചക്ക്‌ വിധേയമാക്കിയിട്ടുണ്ട്‌.


ഒബാമയുടെ പ്രസ്‌തുത പ്രഭാഷണം മുന്നില്‍വെച്ചുകൊണ്ട്‌ ആഗോളതലത്തില്‍ മുസ്‌ലിംകളുമായി ആശയ വിനിമയത്തിനും സംവാദത്തിനും വൈറ്റ്‌ ഹൗസ്‌ തയ്യാറാക്കി വൈറ്റ്‌ ഹൗസില്‍ നിന്ന്‌ തുടക്കം കുറിച്ച്‌ മുസ്‌ലിംകള്‍ സാമാന്യമുള്ള ലോകത്തെ മിക്ക രാഷ്‌ട്രങ്ങളിലും നടപ്പിലാക്കി വരുന്ന പരിപാടിയുടെ ഭാഗമാണ്‌ തൃശൂരില്‍ നടന്ന അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ ഇഫ്‌ത്വാര്‍ വിരുന്ന്‌. ഇന്ത്യയില്‍ തന്നെ 22 സംസ്ഥാനങ്ങളില്‍ തൃശൂര്‍ മോഡല്‍ ഇഫ്‌ത്വാര്‍ വിരുന്നുകള്‍ സംഘടിക്കപ്പെട്ടിട്ടുണ്ട്‌. വൈറ്റ്‌ ഹൗസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലുമായി സംഘടിപ്പിക്കപ്പെട്ട ഇഫ്‌ത്വാര്‍ വിരുന്നുകളിലായി ഒട്ടേറെ മുസ്‌ലിം ബുദ്ധിജീവികളും പണ്ഡിതന്മാരും നേതാക്കളും പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.


പ്രസിഡന്റ്‌ ഒബാമയുടെ വക ഏതാനും പേര്‍ക്ക്‌ ഭക്ഷണം ഏര്‍പ്പാട്‌ ചെയ്‌ത്‌ ഒരു ഇഫ്‌ത്വാര്‍ വിരുന്ന്‌ സംഘടിപ്പിക്കുകയല്ല ഇവിടെയെല്ലാം ചെയ്‌തിട്ടുള്ളത്‌. ഒബാമയുടെ മുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കയ്‌റോ പ്രസംഗം സ്‌ക്രീന്‍ ചെയ്യുകയും തുടര്‍ന്ന്‌ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധി കുറഞ്ഞ നേരം സംസാരിക്കുകയും വിരുന്നിനെത്തിയവരുടെ അഭിപ്രായം ആരായുകയും ചെയ്യുന്നു.


സദസ്സില്‍നിന്ന്‌ നേരിട്ടും രേഖാമൂലവും പ്രതികരിക്കാന്‍ അവസരം നല്‌കുന്നു. തൃശൂരില്‍ സംഘടിപ്പിച്ച ഇഫ്‌ത്വാര്‍ വിരുന്നിലും ഇങ്ങനെ തന്നെയാണുണ്ടായത്‌. നേരിട്ട്‌ സംസാരിച്ചവരൊക്കെ ഒബാമയുടെ പ്രസംഗം കൊള്ളാം; എന്നാല്‍ പ്രവൃത്തിയിലൂടെ അത്‌ തെളിയിക്കാന്‍ ഇനിയും ഒബാമക്ക്‌ സാധിച്ചിട്ടില്ലെന്നാണ്‌ തുറന്നടിച്ചത്‌. അഭിപ്രായം രേഖാമൂലം നല്‍കിയവരുമുണ്ട്‌. അമേരിക്കയുടെ നിലപാടുകള്‍ക്കെതിരെ അഭിപ്രായമറിയിക്കാന്‍ നേരിട്ടൊരവസരം കിട്ടിയത്‌ പലരും ശരിക്കും മുതലാക്കുകയും ചെയ്‌തു. ഇങ്ങനെയുള്ള ഒരു ഇഫ്‌ത്വാര്‍ വിരുന്നില്‍ പങ്കെടുക്കേണ്ടതിലും അഭിപ്രായം പറയുന്നതിലും വിവാദമാക്കാനെന്തുണ്ട്‌ എന്നതാണ്‌ പ്രസക്തമായിട്ടുള്ളത്‌.


യുദ്ധ സാഹചര്യത്തില്‍ പോലും ശത്രുവിഭാഗവുമായി സംവദിച്ച പാരമ്പര്യമുള്ള ഇസ്‌ലാമിന്റെ വക്താക്കളെന്ന്‌ അവകാശപ്പെടുന്നവര്‍ ഇത്തരമൊരു വിവാദത്തിന്‌ മിനക്കെട്ടതിലെ അനൗചിത്യം പിടികിട്ടണമെങ്കില്‍ അവിടെ പങ്കെടുത്തവരില്‍ ആരെല്ലാമുണ്ടായിരുന്നു, ഉണ്ടായില്ല എന്നത്‌ മാത്രമെ പരിശോധിക്കേണ്ടതുള്ളൂ. നൂറോളം പേര്‍ പങ്കെടുക്കുന്ന ഇഫ്‌ത്വാര്‍ വിരുന്നില്‍ മഗ്‌രിബ്‌ പ്രാര്‍ഥനക്ക്‌ സൗകര്യം ചെയ്‌തിരുന്നു. പങ്കെടുത്ത പ്രതിനിധികളില്‍ പണ്ഡിതനും മാന്യനുമായി പരിഗണിക്കപ്പെട്ട വ്യക്തിത്വമെന്ന നിലയ്‌ക്ക്‌ മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കാന്‍ മുജാഹിദ്‌ നേതാവ്‌ ഡോ. ഹുസൈന്‍ മടവൂര്‍ ക്ഷണിക്കപ്പെടുകയും അത്‌ മീഡിയകള്‍ പ്രാധാന്യപൂര്‍വം പരസ്യപ്പെടുത്തുകയും ചെയ്‌തു. അതത്രെ വിവാദത്തിന്റെ കാതല്‍. പണമിറക്കിയും സ്വാധീനിച്ചുമെല്ലാം പൊതുസമൂഹത്തില്‍ ഇടം കണ്ടെത്താന്‍ കഴിയാതെ നിരാശരായവരുടെ അസൂയ തിളച്ചു മറിയുക തന്നെ ചെയ്‌തു.


നമസ്‌കാരത്തിന്‌ ഇമാമായതിന്റെ പേരില്‍ ഇഫ്‌ത്വാര്‍ സംഘാടനത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഹുസൈന്‍ മടവൂരിന്റെ തലയില്‍ കെട്ടിവെക്കുകയും സാമ്രാജ്യത്വദാസ്യം ആരോപിക്കുകയും ചെയ്‌തു. ജമാഅത്തെ ഇസ്‌ലാമി സ്‌പോണ്‍സേര്‍ഡ്‌ സംഘാംഗങ്ങളായ ഫോറം ഫോര്‍ ഫെയ്‌ത്ത്‌ ആന്റ്‌ ഫ്രറ്റേര്‍ണിറ്റി, മുസ്‌ലിം സൗഹൃദ വേദി എന്നിവയുടെ നേതാക്കളും ജമാഅത്ത്‌ സഹയാത്രികരുമായ കെ വി മുഹമ്മദ്‌ സക്കീര്‍, ഡോ. കെ കെ ഉസ്‌മാന്‍, കൂര്‍ക്കഞ്ചേരി ഹല്‍ഖ അംഗം വി എ അബ്‌ദുല്‍ ലത്തീഫ്‌, എം ബാവ മൂപ്പന്‍, കോണ്‍ഗ്രസ്‌ ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ കെ കെ കൊച്ചു മുഹമ്മദ്‌, ഡി സി സി വൈസ്‌ പ്രസിഡന്റ്‌ ഒ അബ്‌ദുറഹ്‌മാന്‍കുട്ടി, പ്രവാസി കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ എ കെ അബ്‌ദുല്ല മോന്‍, മജ്‌ലിസ്‌ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രസിഡന്റ്‌ പി കെ ഖാദര്‍ മോന്‍, കൊടുങ്ങല്ലൂര്‍ ചേംബര്‍ മഹല്ല്‌ പ്രസിഡന്റ്‌ ഡോ. ശഹീദ്‌ (ഇദ്ദേഹത്തെ ആര്‍ക്കുമറിയില്ലെങ്കില്‍ `തേജസു'കാര്‍ക്കങ്കിലും അറിയാതിരിക്കില്ല), അഡ്വ. എ വൈ ഖാലിദ്‌, ദയ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രതിനിധി ഡോ. അസീസ്‌ തുടങ്ങി എണ്‍പത്തിമൂന്ന്‌ പേര്‍ പങ്കെടുത്ത ഇഫ്‌ത്വാര്‍ വിരുന്നില്‍ അഞ്ചോളം പേര്‍ മാത്രമാണ്‌ മുജാഹിദ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവര്‍.



ഇവരാരും ഇഫ്‌ത്വാറില്‍ പങ്കെടുക്കുന്നതില്‍ അനൗചിത്യം കാണാത്തവര്‍ മുജാഹിദ്‌ നേതാക്കള്‍ പങ്കെടുത്തതിനെതിരില്‍ അപവാദപ്രചരണം നടത്തുന്നത്‌ എന്തിന്റെ പേരിലായാലും ന്യായീകരിക്കാന്‍ കഴിയില്ല.

അപവാദപ്രചരണം നടത്തുന്നവര്‍ക്കോ അത്‌ ഏറ്റുപിടിച്ചവര്‍ക്കോ ക്ഷണിക്കപ്പെടാത്തത്‌കൊണ്ടോ എന്തോ തൃശൂര്‍ ഇഫ്‌ത്വാര്‍ സംഗമത്തെക്കുറിച്ച്‌ ഒന്നുമറിയില്ലെന്ന്‌ വ്യക്തം. കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവരാണ്‌ അപവാദ പ്രചാരകര്‍.
ലാറി ഷോര്‍ട്‌സ്‌ എന്ന ന്യൂദല്‍ഹി അമേരിക്കന്‍ എംബസിയിലെ കൗണ്‍സലര്‍ സ്വന്തം കൈപ്പടയില്‍ ഒപ്പിട്ടു കത്തയച്ചാണ്‌ ഇഫ്‌ത്വാറിലേക്ക്‌ ആളുകളെ ക്ഷണിച്ചത്‌. പ്രസ്‌തുത കത്തില്‍ തന്നെ കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി കെ എസ്‌ ബിജുകുമാര്‍ എന്നയാളുടെ ഫോണ്‍ നമ്പറും കൊടുത്തിരിക്കുന്നു. തൃശൂര്‍ ഇഫ്‌ത്വാര്‍ വിരുന്നില്‍ ഒട്ടേറെ മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ട്‌. എന്നിട്ടും ഇഫ്‌ത്വാറിന്റെ സംഘാടനത്തില്‍ മുജാഹിദ്‌ നേതാക്കളുടെ നേര്‍ക്ക്‌ ദുരൂഹത ആരോപിക്കുന്നവരുടെ ദുഷ്‌ടലാക്ക്‌ വ്യക്തമാണ്‌.


ഡോ. ഹുസൈന്‍ മടവൂരിന്റെയും മറ്റും അമേരിക്കന്‍ പര്യടനവും കൂട്ടത്തില്‍ വലിച്ചിഴക്കുക വഴി വിമര്‍ശകരുടെ ലക്ഷ്യം ഇഫ്‌ത്വാറല്ലെന്ന്‌ വ്യക്തം. അമേരിക്കന്‍ കോണ്‍സുലേറ്റിലെ സാംസ്‌കാരിക വിനിമയ വിഭാഗം മുഖേന അമേരിക്കന്‍ ആതിഥ്യത്തില്‍ മൂന്നാഴ്‌ച നീണ്ടുനില്‍ക്കുന്ന പര്യടനമാണ്‌ ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഡോ. ഹുസൈന്‍ മടവൂര്‍ നടത്തിയത്‌. അങ്ങനെ പര്യടനം നടത്തിയവരെല്ലാം സാമ്രാജ്യത്വത്തിന്‌ ദാസ്യവേല ചെയ്യുന്നവരാണെങ്കില്‍ ആ ലിസ്റ്റ്‌ കുറച്ച്‌ കടുപ്പമേറിയതാണ്‌.


ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ അമീര്‍, അഹ്‌ലെ ഹദീസ്‌ അഖിലേന്ത്യാ നേതാവ്‌ മുഖതദ ഹസന്‍ അസ്‌ഹരി, പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത നേതാവ്‌ ഡോ. ബഹാവുദ്ദീന്‍ നദ്‌വി എന്നിവരൊക്കെയെന്ന്‌ മാത്രമല്ല, എ പി വിഭാഗം മുജാഹിദുകളുടെ വനിതാ സംഘടനാ നേതാവ്‌ സാക്ഷാല്‍ സുഹറ മമ്പാടും ഇക്കൂട്ടത്തില്‍ പെടുന്നു. ഒരു മഹ്‌റമുപോലുമില്ലാതെ അന്യപുരുഷന്മാരടങ്ങുന്ന സംഘത്തോടൊപ്പമാണ്‌ സുഹറ മമ്പാട്‌ മൂന്നാഴ്‌ചക്കാലം അമേരിക്കയില്‍ പര്യടനം നടത്തിയതെന്നത്‌ സാമ്രാജ്യത്വ വിരുദ്ധതയുടെ കേന്ദ്ര ഓഫീസായ മുജാഹിദ്‌ സെന്റര്‍ അറിഞ്ഞോ ആവോ.


അല്ലെങ്കിലും ഇവരുടെയൊക്കെ അമേരിക്കന്‍ വിരോധം എത്രയാണെന്ന്‌ മാലോകര്‍ക്കെല്ലാം അറിയാം. ജോര്‍ജ്‌ ബുഷിന്റെ സൈന്യം ഇറാഖിനെ ചുട്ടുചാമ്പലാക്കിയപ്പോഴും ഇറാഖ്‌ പ്രസിഡന്റ്‌ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോഴും എതിര്‍ത്തൊരക്ഷരം ഉരിയാടാത്ത ലോകത്തിലെ ഒരേ ഒരു മുസ്‌ലിം സംഘടനയുടെ ആസ്ഥാനമാണ്‌ മുജാഹിദ്‌ സെന്റര്‍. കുവൈത്തിലെ ദീനാറിന്റെ വരവു മുട്ടുമെന്നായാല്‍ ബുഷിനെപ്പോലും മദ്‌ഹ്‌ ചൊല്ലാന്‍ മടിക്കാത്തവരാണിവര്‍. ഇന്തോ- അമേരിക്കന്‍ ആണവ കരാറിനനുകൂലമായി പ്രസ്‌താവനയിറക്കിയ ഇന്ത്യയിലെ ഒരേ ഒരു മുസ്‌ലിം സംഘടനയുടെ ആസ്ഥാനവും സി ഡി ടവര്‍ തന്നെ.

ഡോ. ഹുസൈന്‍ മടവൂര്‍ തൃശൂരിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ ഇഫ്‌ത്വാര്‍ വിരുന്നില്‍ പങ്കെടുക്കുക വഴി മുജാഹിദുകള്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ പാദസേവകരായി മാറി എന്നാക്ഷേപിക്കുന്നവര്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്‌. അമേരിക്കയുമായി എന്തെല്ലാം ഇടപാടുകളാവാം? അവിടെ അമേരിക്കന്‍ ആതിഥേയത്വത്തില്‍ പര്യടനമാവാമോ? അമേരിക്കയിലെ വിദഗ്‌ധ ചികിത്സ സ്വീകരിക്കാമോ? അമേരിക്കയില്‍ നിന്നുള്ള സാമ്പത്തിക സഹായം സ്വീകരിക്കാമോ? പറ്റില്ല എന്നാണ്‌ ഉത്തരമെങ്കില്‍ ചിലത്‌ പറയാനുണ്ട്‌.


ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി അമേരിക്കയില്‍ ചികിത്സ നേടിയിട്ടുണ്ട്‌. അദ്ദേഹം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വക്താവായിരുന്നോ എന്ന്‌ ഇഫ്‌ത്വാര്‍ വിരുന്നിന്റെ പേരില്‍ സാമ്രാജ്യത്വം ആരോപിക്കുന്ന മാധ്യമം ലേഖകന്‍ വ്യക്തമാക്കണം. ബഹുമാന്യനായ ഇബ്‌റാഹീം സുലൈമാന്‍ സേട്ടു സാഹിബും പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുമൊക്കെ അമേരിക്കയില്‍ ചികിത്സ തേടിയവരാണ്‌. അവരെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വക്താക്കളായിരുന്നു എന്നാരോപിക്കുന്നത്‌ ശുദ്ധ അസംബന്ധമാണ്‌.


തേജസ്‌ പത്രാധിപര്‍ പി കോയ നേതൃത്വം നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒബ്‌ജക്‌ടീവ്‌ സ്റ്റഡീസിന്റെ പ്രവര്‍ത്തന ഫണ്ട്‌ എവിടെ നിന്നാണെന്ന്‌ കണ്ടെത്താന്‍ ഹുസൈന്‍ മടവൂരിനെ സാമ്രാജ്യത്വ മുദ്ര കുത്താന്‍ മത്സരിക്കുന്ന തേജസ്‌ ലേഖകന്‍ ഒരന്വേഷണം നടത്തട്ടെ. അപ്പോള്‍ കാണാം അമേരിക്കന്‍ വിരോധത്തിന്റെ പൊയ്‌മുഖം. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒബ്‌ജക്‌ടീവ്‌ സ്റ്റഡീസിന്റെ ദല്‍ഹിയിലെ ഉത്തരവാദപ്പെട്ടവര്‍ അവസരം കിട്ടുമ്പോഴൊക്കെ അമേരിക്കയിലേക്ക്‌ പോകുന്നത്‌ വൈറ്റ്‌ ഹൗസിന്‌ മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കാനായിരിക്കുമെന്ന്‌ ആശ്വസിക്കാം.


അമേരിക്കന്‍ ഗാന്ധിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പൗത്രന്‍ ഈയിടെ കേരളം സന്ദര്‍ശിച്ചപ്പോള്‍ ചുവപ്പ്‌ പരവതാനി വിരിച്ച്‌ സ്വീകരിച്ചത്‌ സി പി എം നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാരാണ്‌. അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ ഇഫ്‌ത്വാര്‍ വിരുന്നില്‍ പങ്കെടുത്തത്‌ വലിയ അപരാധമായിക്കാണുന്നവര്‍ ലൂഥര്‍ കിംഗിന്റെ പൗത്രന്‍ തിരുവനന്തപുരത്തെ സ്വീകരണ പരിപാടി ഉദ്‌ഘാടനം ചെയ്‌ത വി എസ്‌ അച്യുതാനന്ദന്റെ നടപടിയെ ലെനിനിസ്റ്റ്‌ മാര്‍ഗഭ്രംശമായി കാണുമോ ആവോ?


ഇനി ഒരു സ്വകാര്യം. മാധ്യമം പടച്ചുവിടുന്നതെല്ലാം അപ്പടി വിഴുങ്ങുന്ന ചില ജമാഅത്ത്‌ സഹോദരങ്ങള്‍ തൃശൂര്‍ ഇഫ്‌ത്വാറില്‍ പങ്കെടുത്തതിന്റെ പേരില്‍ ഫോറം ഫോര്‍ ഫെയ്‌ത്ത്‌ ആന്റ്‌ ഫ്രെറ്റേര്‍ണിറ്റിയുടെ ചെയര്‍മാന്‍ ഡോ. ഉസ്‌മാന്‍ തങ്ങളുടെ അതൃപ്‌തി അറിയിച്ചു. എന്നാല്‍ തുടര്‍ന്ന്‌ വന്ന അഭിനന്ദനത്തിന്റെ പൂച്ചെണ്ട്‌. ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ കേരള അമീറും മാധ്യമം ട്രസ്റ്റിന്റെ മുന്‍ ചെയര്‍മാനും ജമാഅത്തെ ഇസ്‌ലാമിയുടെ ഇപ്പോഴത്തെ അഖിലേന്ത്യാ സെക്രട്ടറിയുമായ പ്രഫ. കെ എ സിദ്ദീഖ്‌ ഹസന്‍ തൃശ്ശൂര്‍ ഇഫ്‌ത്വാറില്‍ പങ്കെടുക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്‌തതിന്‌ ഡോ. ഉസ്‌മാനെ വിളിച്ചു അഭിനന്ദനമറിയിക്കുകയുണ്ടായി. ഈ അഭിനന്ദനം ഇഫ്‌ത്വാറില്‍ പങ്കെടുത്ത മുജാഹിദ്‌ നേതാക്കള്‍ക്കും വകവെച്ചു കൊടുക്കാമെങ്കില്‍ വിവാദം അവിടെ അവസാനിക്കും. അതിനുള്ള സന്മനസ്സ്‌ ബന്ധപ്പെട്ടവര്‍ കാണിക്കുമെന്ന്‌ കരുതുന്നു.


2 വായനക്കാരുടെ പ്രതികരണങ്ങൾ :

നിഴല്‍ Saturday, September 19, 2009

അസ്സലാമു അലൈക്കും,
വളരെ നന്ദി സുഹൃത്തെ,

കുറച്ചു ദിവസമായി ചില ‘എട്ടുകാലി മമ്മൂഞ്ഞു’മാര്‍ തൃശൂരിലെ അമേരിക്കന്‍ ഇഫ്ത്വാര്‍ ഇട്ട് കളിക്കുകയായിരുന്നു...
തീരെ സഹിക്കാന്‍ വയ്യാതായപ്പോള്‍ എന്റെ നിയന്ത്രണം വിട്ട് ഞാന്‍ ഒരു മെയില്‍ അയച്ചു...
ഇന്ന് നോക്കുമ്പോള്‍ ഇതാ താങ്കളുടെ ബ്ലോഗില്‍ ഔദ്യോഗിക വിശദീകരണം...!!
സന്തോഷമായി :)
മലയാളിക്ക് റബ്ബ് തക്കപ്രതിഫലം നല്‍കട്ടെ... (ആമീന്‍)

varthamanam WALKOUTS Monday, September 28, 2009

നിരപരാധികളായ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരെ കടക്കെണിയിലേക്ക് തള്ളിവിട്ട് കേരളത്തിലെ മുജാഹിദ് മടവൂര്‍ വിഭാഗം റംസാനില്‍ ഇഫ്താറുകള്‍ സംഘടിപ്പിക്കുകയും റിലീഫ് വിതരണം നടത്തുകയും ചെയ്യുന്നു. തൃശൂരില്‍ അമേരിക്കക്കാരന്റെ നോമ്പുതുറ വിജയിപ്പിച്ചു. പത്രവും ഇഫ്താറുകളും എല്ലാം സംഘടനക്ക് വേണ്ടി. അഥവാ സംഘടന വിഭാവനം ചെയ്യുന്നുവെന്ന് അവര്‍ പറയുന്ന ഇസ്ലാമിന് വേണ്ടി. എന്നാല്‍ തൊഴിലാളിക്ക് വിയര്‍പ്പുണങ്ങുന്നതിന് മുമ്പ് കൂലി കൊടുക്കണമെന്ന പറഞ്ഞ ഇസ്ലാമിനെ അവര്‍ക്ക് സ്വീകാര്യമായില്ല. ഉള്ള കൂലി കൊടുത്തില്ലെന്ന് മാത്രമല്ല, തൊഴിലാളികളുടെ പേരില്‍ വര്‍ത്തമാനം മാനേജ്‌മെന്റെടുത്ത ലോണ്‍ തിരിച്ചടക്കാത്തതിനാല്‍ ജീവനക്കാര്‍ക്കിപ്പോള്‍ സമന്‍സും ലഭിച്ചിരിക്കയാണ്. ഈ വിശുദ്ധ റംസാനില്‍ വര്‍ത്തമാനം മാനേജ്‌മെന്റിന് ജീവനക്കാര്‍ക്ക് കൊടുക്കുന്ന മികച്ച റംസാന്‍ സമ്മാനമായിരിക്കുമിത്.....
കേരളത്തിലെ അറിയപ്പെടുന്ന മുജാഹിദ് മതപണ്ഡിതനായ ഹുസൈന്‍ മടവൂരിന്റെ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വര്‍ത്തമാനം മാനേജ്‌മെന്റ്ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി കാനറാ ബാങ്കിലെ ബാധ്യത തീര്‍ക്കാന്‍ തീരുമാനമായി. കാനറാ ബാങ്കിലായിരുന്നു പല മുജാഹിദ് സംഘടനാ നേതാക്കളുടെയും പേരില്‍ വായ്പയെടുത്തത്. കാനറാ ബാങ്കിലെത് സെറ്റില്‍ ചെയ്തതോടെ അവര്‍ സുരക്ഷിതരായി. പാവപ്പെട്ട തൊഴിലാളിയുടെ കടക്കെണി തുടര്‍ന്നു.
മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ കടം കയറുമ്പോഴും ഹുസൈന്‍ മടവൂരും സംഘവും സംഘടനാ പരിപാടികള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. വയനാട്ടില്‍ നടന്ന കഴിഞ്ഞ സംഘടനാ സമ്മളനത്തില്‍ നന്മയും നീതിയും എന്നായിരുന്നു മുദ്രാവാക്യം. ഈ രണ്ട് വാക്കുകളും പറയാന്‍ സുഖമുള്ളതാണെന്ന് അവര്‍ സമ്മേളനത്തിനു ശേഷവും തെളിയിച്ചു.
വര്‍ത്തമാനം മാനേജ്‌മെന്റിന്റെ വഞ്ചനക്കിരയായ അറുപതോളം ജീവനക്കാര്‍ ഇപ്പോള്‍ ജയിലുകളിലേക്ക് നാളുകളെണ്ണുകയാണ്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് അന്താരാഷ്ട്ര മാധ്യമ ലോകത്ത് തന്നെ കോളിളക്കങ്ങള്‍ സൃഷ്ടിക്കും. ലോക മാധ്യമങ്ങള്‍ കേരളത്തില്‍ ക്യാമ്പ് ചെയ്ത് ഈ വാര്‍ത്ത പുറത്തെത്തിക്കും. ഇതോടെ ആഗോള സലഫി പ്രസ്ഥാനത്തിനു തന്നെ മുഖം നഷ്ടപ്പെടും

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...