Wednesday, January 12, 2011

ആധുനിക കേരള നിര്‍മിതിയില്‍ വക്കം മൗലവി നിര്‍ണായക പങ്കുവഹിച്ചു - കേരള ഇസ്‌ലാമിക്‌ സെമിനാര്‍


തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്‌ നേതൃപരമായ പങ്കുവഹിച്ച വക്കം മൗലവിയോട്‌ കേരളീയ സമൂഹം നീതികാണിച്ചില്ലെന്ന്‌ ഐ എസ്‌ എം സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള ഇസ്‌ലാമിക്‌ സെമിനാര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ-സാമൂഹ്യ, സാംസ്‌കാരിക വിപ്ലവത്തിലൂടെ കേരളീയ മുസ്‌ലിംകളെ അന്ധവിശ്വാസനാചാരങ്ങളില്‍ നിന്ന്‌ മോചിപ്പിച്ച്‌ സാമൂഹിക മുഖ്യധാരയിലേക്ക്‌ എത്തിക്കുന്നതില്‍ വക്കം മൗലവി നടത്തിയ ത്യാഗപൂര്‍ണമായ ശ്രമങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്‌.

ശ്രീ നാരായണഗുരുവും അയ്യങ്കാളിയുമെല്ലാം അതത്‌ സമുദായങ്ങളില്‍ നടത്തിയ നവോത്ഥാന പരിശ്രമങ്ങള്‍ കേരളീയ ചരിത്രത്തില്‍ അര്‍ഹമായ രീതിയില്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ അവരുടെ സമകാലികനായ വക്കം മൗലവിയുടെ നവോത്ഥാന വിപ്ലവങ്ങള്‍ തീരെ അവഗണിക്കപ്പെടുകയായിരുന്നെന്ന്‌ സെമിനാര്‍ കുറ്റപ്പെടുത്തി.

ആധുനിക കേരള നിര്‍മിതിയില്‍ ഉജ്ജ്വലമായ പങ്കുവഹിച്ച വക്കം മൗലവിയുടെ ജീവചരിത്രവും ജീവിതസന്ദേശവും ഭാവി തലമുറയ്‌ക്ക്‌ പ്രചോദനമാകാന്‍ പാഠപുസ്‌തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന്‌ സെമിനാറില്‍ ആവശ്യമുയര്‍ന്നു. യാഥാസ്ഥിതിക പിന്തിരിപ്പന്‍ വാദികളുടെ സമ്മര്‍ദത്തിനു വഴങ്ങി വക്കം മൗലവിയെക്കുറിച്ചുള്ള ചെറിയ പരാമര്‍ശങ്ങള്‍ പോലും നീക്കംചെയ്‌ത നടപടി മാപ്പര്‍ഹിക്കാത്ത അപരാധമാണ്‌.

ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായി വര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ ഉപരിവര്‍ഗത്തിന്റെ മാത്രം ശബ്‌ദമായി മാറുന്നതില്‍ സെമിനാര്‍ ആശങ്ക രേഖപ്പെടുത്തി. മലയാള പത്രപ്രവര്‍ത്തനരംഗത്ത്‌ ഏറെ മാതൃകകള്‍ സൃഷ്‌ടിച്ച വക്കം മൗലവിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും കേരളീയ പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ നേതൃപരമായ സാന്നിധ്യം നേടിയെടുക്കാന്‍ സമുദായത്തെ സജ്ജമാക്കാനും മുസ്‌ലിം സംഘടനകള്‍ക്ക്‌ സാധിക്കണമെന്നും സെമിനാര്‍ ആഹ്വാനം ചെയ്‌തു.

പ്രമുഖ ചരിത്രകാരനും ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്‌ സെക്രട്ടറിയുമായ ഡോ. വി കുഞ്ഞാലി സെമിനാര്‍ ഉദ്‌ഘാടനംചെയ്‌തു. ഡോ. പി പി അബ്‌ദുല്‍ഹഖ്‌ അധ്യക്ഷത വഹിച്ചു. യുവത പുറത്തിറക്കിയ പുസ്‌തകങ്ങളുടെ പ്രകാശനം മുന്‍ ഐ ജി ശാന്താറാം ഐ പി എസ്‌ നിര്‍വഹിച്ചു. എം ഇ എസ്‌ ജില്ലാ സെക്രട്ടറി എം എ അസീം പുസ്‌തകങ്ങള്‍ ഏറ്റുവാങ്ങി. സൂപ്പര്‍ ബ്ലോഗറായി തെരഞ്ഞെടുക്കപ്പെട്ട ബഷീര്‍ വള്ളിക്കുന്നിന്‌ ഡോ. ജമാല്‍ മുഹമ്മദ്‌ ഉപഹാരം നല്‍കി. സി എം മൗലവി ആലുവ, ഐ എസ്‌ എം ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, എം എസ്‌ എം പ്രസിഡന്റ്‌ വി കെ ആസിഫലി, നാസറുദ്ദീന്‍ ഫാറുഖി, എ നൂറുദ്ദീന്‍ പ്രസംഗിച്ചു.

പഠന സെഷനില്‍ ഡോ. ജമാല്‍ മുഹമ്മദ്‌, ഡോ. ഇ കെ അഹ്‌മദ്‌കുട്ടി, ഡോ. കെ ബശീര്‍, പ്രൊഫ. കെ പി സക്കരിയ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഐ പി അബ്‌ദുസ്സലാം ആമുഖപ്രസംഗം നടത്തി. ഡെലിഗേറ്റ്‌സ്‌ ഫോറത്തില്‍ പി എം എ ഗഫൂര്‍ വിഷയാവതരണം നടത്തി. ബി പി എ ഗഫൂര്‍, ഡോ. ഫുക്കാര്‍ അലി, ടി വി അബ്‌ദുല്‍ഗഫൂര്‍, എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. യു പി യഹ്‌യാഖാന്‍ സെമിനാര്‍ സന്ദേശം നല്‌കി.

ഗാന്ധിപാര്‍ക്കില്‍ നടന്ന പൊതുസമ്മേളനം എം സലാഹുദ്ദീന്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. എന്‍ എം അബ്‌ദുല്‍ജലീല്‍ അധ്യക്ഷത വഹിച്ചു. എസ്‌ ഇര്‍ഷാദ്‌ സ്വലാഹി, പി എം എ ഗഫൂര്‍, യാസ്‌മിന്‍ വള്ളക്കടവ്‌ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...