Wednesday, November 09, 2011

മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകണം: ഡോ. ഹുസൈന്‍ മടവൂര്‍



കോഴിക്കോട്: മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപിടിക്കാന്‍ സമൂഹം തയ്യാറായാല്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. കോഴിക്കോട് ബീച്ചില്‍ നടന്ന സംയുക്ത ഈദ്ഗാഹില്‍ പെരുന്നാള്‍ ഖുത്തുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകത്തില്‍ ജീവിക്കുന്ന 700 കോടി ജനങ്ങളും ഒരേ സന്തതി പരമ്പരയില്‍ നിന്നും രൂപപ്പെട്ടതാണെന്നും ഈ മനുഷ്യര്‍ക്ക് മഹത്വം നല്കിയിരിക്കുന്നുവെന്നും ദൈവം വ്യക്തമാക്കിയതാണ്. ദൈവം മനുഷ്യന് നല്കിയ മഹത്വം മനുഷ്യന്‍ പരസ്പരം നല്കാന്‍ തയ്യാറായാല്‍ പ്രശ്‌നം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യര്‍ക്കും സ്വാതന്ത്ര്യവും സമാധാനവും അവകാശങ്ങളും നല്കാനും നമ്മള്‍ തയ്യാറാകണം. സമാധാനവും ശാന്തിയും സ്വാതന്ത്ര്യവും ഇന്ന് ലോകത്തില്‍ നിന്നും അപ്രത്യക്ഷമാവുകയാണെന്നും സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതാണ് ഇന്ന് ലോകത്തില്‍ മറ്റ് പല സ്ഥലങ്ങളില്‍ നടക്കന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 പ്രവാചകന്‍ ഇബ്‌റാഹിം നബിയുടെ പ്രാര്‍ത്ഥനകളില്‍ പ്രധാനമായത് സ്വന്തം നാട്ടില്‍ സമാധാനത്തിന് വേണ്ടിയുള്ളതായിരുന്നുവെന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഐക്യവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ രാജ്യത്തെ പൗരന്‍മാരെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ട്. മനുഷ്യനെ ആദരിക്കണം എന്ന് പഠിപ്പിച്ച വിശുദ്ധ ഖുര്‍ആന്റെ അനുയായികള്‍ എന്ന നിലയില്‍ ഇത് അവരുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇബ്‌റാഹിം നബിയുടെ ആഹ്വാനവും അത് തന്നെയാണ്. ഇന്നു ലോകത്തില്‍ എല്ലാ മത വിഭാഗങ്ങളിലും ആത്മീയവാണിഭക്കാര്‍ നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

മതത്തിന്റേയും ദൈവത്തിന്റേയും പേരില്‍ ചൂഷണം നടക്കുന്നു. പാവപ്പെട്ട മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിലെത്തിക്കാന്‍ പണം ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ ദൈവത്തിന് പണത്തിന്റെ ആവശ്യമില്ല. നമ്മുടെ പ്രാര്‍ഥനകള്‍ ദൈവം കേള്‍ക്കാന്‍ ഇടയിലൊരാള്‍ക്ക് പണം നല്കണമെന്നത് ദൈവത്തിന്റെ നീതിബോധത്തിന് എതിരാണെന്നും സമൂഹം ഇതിന് കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പണം ലഭിക്കുമെന്ന കണ്ടാല്‍ സ്വന്തം മകനെ പോലും ബലി നല്കുവാന്‍ ജനങ്ങള്‍ തയ്യാറാകുന്ന ഭീകരമായ കാലമാണിതെന്നും പണത്തിന് വേണ്ടി സ്വന്തം ഭാര്യയെ പോലും വില്‍പ്പന നടത്തുന്ന സ്ത്ഥിവിശേഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ഭാടവും ധൂര്‍ത്തുമാണ് ജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും പ്രവാചക വചനങ്ങളിലേക്കും ഖുര്‍ആനിലേക്കുമുള്ള തിരിച്ചുപോക്കാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. 

സംയുക്ത ഈദ് ഗാഹ് സംസ്ഥാനത്തെ മറ്റിടങ്ങളിലേക്ക് വ്യാപിക്കണമെന്നും ഇപ്പോള്‍ വിട്ടുനില്‍ക്കുന്നവരെ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'അറഫ'യില്‍ ഒരു ഇമാമിന്റെ കീഴില്‍ നമസ്‌കരിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ സ്വന്തം നാട്ടില്‍ വരുമ്പോഴും അതേ ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംയുക്ത ഈദ്ഗാഹിനായി പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. നമസ്‌കാരത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ. പി ബി സലീമും പങ്കെടുത്തു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...