Sunday, November 20, 2011

QIIC ഖത്തര്‍ മലയാളി സമ്മേളനത്തിന് ഉജ്ജ്വല സമാപനം




ദോഹ: മതം സമാധാനത്തിനുള്ളതാണെന്നും തീവ്രവാദവും ഭീകരതയും മതത്തിന് അന്യമാണെന്നും ഖത്തര്‍ ഔഖാഫ് മന്ത്രി ഡോ. ഗൈസ് ബിന്‍ മുബാറക് അല്‍ കുവാരി. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന്റെ പുരോഗതിയില്‍ പ്രവാസി മലയാളികളുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.നല്ല ജീവിതം നയിക്കേണ്ടതിന്റെയും തെറ്റുകള്‍ ചെയ്യാതിരിക്കേണ്ടതിന്റെയും ആത്യന്തിക കാരണം നൈമിഷിക ലാഭങ്ങളാണെന്ന് പ്രചരിപ്പിക്കപ്പെടുമ്പോള്‍ നാം ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല. മറിച്ച്, ദൈവബോധവും ആത്മീയതയും പാരത്രിക ചിന്തയും ഇഴചേര്‍ന്നു നില്‍ക്കുന്ന ധാര്‍മ്മികാടിത്തറയില്‍ നിന്നു മാത്രമേ വ്യക്തിശുദ്ധിയും സാമൂഹിക സുസ്ഥിതിയും കൈവരിക്കാന്‍ സാധ്യമാകൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ ആശംസാ പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മലയാള പ്രതിഭാ മത്സരത്തിലെ വിജയികള്‍ക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ഡോ.സൈഫ് അല്‍ ഹാജിരി സമ്മനദാനം നിര്‍വ്വഹിച്ചു. ഒരു ഗള്‍ഫ് രാജ്യത്ത് ആദ്യമായി നടത്തിയ ഈ മത്സരം കുട്ടികളുടെ വിവിധ കഴിവുകള്‍ അളന്നു കൊണ്ടാണ് നടത്തിയത്. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ബിഷര്‍ ബിന്‍ അലി, ആര്യ സുരേഷ്, ബിര്‍ള പബ്ലിക് സ്‌കൂളിലെ പിന്റൊ ഫിലിപ് ബാബു, അഞ്ജലി മേനോന്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ സനിയ്യ ഇ.പി, ശ്രീകുമാര്‍ രവികുമാര്‍ എന്നിവര്‍ക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. 


 രണ്ട് ദിവസങ്ങളിലായി മുന്തസയിലുള്ള അബൂബക്കര്‍ സിദ്ധീഖ്ഇന്‍ഡിപെന്റന്‍ഡ് സ്‌കൂളില്‍ താത്കാലികമായി സജ്ജീകരിച്ച മൂന്ന് വേദികളിലായി നടന്ന വിവിധ സെഷനുകളില്‍ കേരളത്തിലും ഖത്തറിലുമുള്ള പ്രമുഖര്‍ പങ്കെടുത്തു. വ്യാഴാഴ്ച വൈകുന്നേരം റാഫ് ഡയരക്ടര്‍ ശൈഖ് ആയിദ് അല്‍ ഖഹ്താനി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രമുഖ ഇന്ത്യന്‍ ചരിത്രകാരന്‍ കെ.എന്‍.പണിക്കര്‍ മുഖ്യാതിധി ആയിരുന്നു. ഐ.എസ്.എം സെക്രട്ടറി എന്‍.എം. ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന വനിതാസമ്മേളനം അനൂദ് അല്‍ റജബ് ഉദ്ഘാടനം ചെയ്തു.പ്രസിദ്ധ സാഹിത്യകാരി കെ.പി.സുധീര, ജമീല ടീച്ചര്‍ എടവണ്ണ എന്നിവര്‍ സംസാരിച്ചു. സമാന്തരമായി നടന്ന സംഘടനാ പ്രതിനിധി സമ്മേളനങ്ങള്‍ ദോഹയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത സെഷന്‍ കെ.എന്‍. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.ഷാജി എം.എല്‍.എ, ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 



 രണ്ടാം ദിവസം രാവിലെ നടന്ന പഠനക്ലാസ്സുകള്‍മുജീബ് റഹ്മാന്‍ കിനാലൂര്‍, എന്‍.എം. ജലീല്‍ എന്നിവര്‍ കൈകാര്യം ചെയ്തു. വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ് കേരളം നേരിടുന്നതന്ന് പ്രമുഖ സാഹിത്യകാരന്‍ സക്കറിയ അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് ഭാഷ്യം മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയും സത്യം സമസ്‌കരിക്കപ്പെടുകയും ചെയ്യുന്ന അപകടകരമായ സ്ഥിതിയാണ് നിലവിലുള്ളത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരും നുണയും വേര്‍തിരിച്ചറിയാന്‍ ആള്‍ട്ടര്‍നേറ്റ് മീഡിയ പരതേണ്ട സ്ഥിതി വിശേഷമാണ് നിലവിലുള്ളതെന്ന് തുടര്‍ന്നു പ്രസംഗി്ച്ച അഷ്‌റഫ് കടയ്ക്കല്‍ പറഞ്ഞു. മുന്‍കാല പത്രപ്രവര്‍ത്തകര്‍ക്ക് സാംസ്‌കാരിക ദൗത്യം നിര്‍വഹിക്കാനുണ്ടായിരുന്നു. അത് നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 


വിദ്യാര്‍ത്ഥികള്‍ക്ക് അറിവിനപ്പുറം തിരിച്ചറിവാണുണ്ടാവേണ്ടെതെന്ന് എം എസ് എം സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍ പറഞ്ഞു. നേടിയ അറിവുകളെ മനുഷ്യന്റെ സ്രഷ്ടാവുമായി ബന്ധിപ്പിച്ചുകൊണ്ട് മുന്നോട്ട് പോവുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം അര്‍ത്ഥവത്താവുകയുള്ളൂ. പുതിയ കാലഘട്ടത്തിന്റെ സാങ്കേതിക വിദ്യകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ക്രിയാത്മകമായി ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാവുകയാണെങ്കില്‍ വളരെ പ്രതീക്ഷാര്‍ഹമായ ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം തരത്തിനു മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പുതുതായി രൂപീകരിച്ച 'ഇന്‍സൈറ്റ്' സംഘടനാ പ്രഖ്യാപനം ക്യു ഐ സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് നല്ലളം നിര്‍വഹിച്ചു. മൂല്യാധിഷ്ഠിതവും ക്രിയാത്മകവുമായ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ നിര്‍മിതിക്കനുസൃതമായ വിവിധ വകുപ്പുകള്‍ സംഘടനയുടെ ഭാഗമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ലൈഫ് ലാബ്' ഇന്‍ട്രാക്ഷന്‍ സെഷന്‍ ഫോക്കസ് ഖത്തര്‍ ഡപ്യൂട്ടി സി ഇ ഒ ഫൈസല്‍ എ കെ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ. അബ്ദുല്‍ അഹദ് മദനി, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ നല്‍കി. 

യുവജനങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ സമ്പത്താണെന്നും ഇന്ത്യയുടെ പുതിയ കുതിച്ചു ചാട്ടത്തിന്റെ കാരണം യുവജനങ്ങളുടെ ശക്തമായ സാന്നിധ്യമാണെന്നും ഡോ. ശൈഖ് മുഹമ്മദ് ആല്‍താനി (ഡയറക്ടര്‍ പബ്ലിക് ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ്) പറഞ്ഞു. സമ്മേളനത്തിന്റെ രണ്ടാം ദിവസം വൈകിട്ട് നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൗവന യുക്തമായ ചിന്തകള്‍ ജീവിതത്തിന്റെ അവസാന നാളുവരെ സൂക്ഷിക്കാനും മനുഷ്യ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുവാനും യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അഴിമതി ചെയ്യുന്ന പലരും പൊതു പ്രവര്‍ത്തകരിലുണ്ടെങ്കിലും അതിനെ സാമാന്യവല്‍ക്കരിക്കരുതെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ പറഞ്ഞു. സമ്മേളനത്തില്‍ 'അഴിമതി വിരുദ്ധ പൊതു ജീവിതം സാധ്യമാണോ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച യുവജന സംഗമത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. അഴിമതിരഹിത ജീവിതം സാധ്യമല്ലെന്നുമുള്ള സമീപനം അരാഷ്ട്രീയമാണ്. അരാഷ്ട്രീയവാദം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയില്ല. അപകടപ്പെടുത്തുകയേയുള്ളൂ. അദ്ദേഹം പറഞ്ഞു. 

പൊതുപ്രവര്‍ത്തനരംഗത്തെ അഴിമതിയെ രാഷ്ട്രീയ രംഗത്ത് ചുരുക്കി കാണാതെ, സമൂഹത്തിന്റെ വളര്‍ച്ചയ്ക്കാധാരമായ വിദ്യാഭ്യാസ രംഗത്തും മറ്റും ധാരാളമായിക്കാണുന്ന ദുഷ്പ്രവണതയ്‌ക്കെതിരെ ശക്തമായ മുന്നേറ്റമുണ്ടാവേണ്ടതുണ്ടെന്ന് കെ എം ഷാജി എം എല്‍ എ പറഞ്ഞു. രാഷ്ട്രീയത്തെ കൂടുതല്‍ ഗൗരവതരമായി സമൂഹം കാണുന്നുണ്ട് എന്ന ആശാവഹമായ കാര്യം മനുഷ്യനെ അവന്റെ ഉള്ളില്‍ നിന്ന് തടയേണ്ട ഒരു ധാര്‍മികതയുടെ പിന്‍ബലം അഴിമതിയുള്‍പ്പെടെയുള്ള മുഴുവന്‍ തിന്മകളെയും ഇല്ലായ്മ ചെയ്യാന്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്ക് രാഷ്ട്രീയവുമായല്ല ബന്ധമുള്ളത്. അധികാരം, ജുഡീഷ്യറി, ബ്യൂറോക്രസി എന്നിവയുമായൊക്കെ അത് ബന്ധപ്പെട്ടിരിക്കുന്നെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ അഴിമതി രഹിതമായ സമൂഹം യാഥാര്‍ത്ഥ്യമാക്കാന്‍ ജനങ്ങളുടെ ജാഗ്രതയാണാവശ്യമായിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണ്ണാ ഹസാരെമാര്‍ സൃഷ്ടിക്കുന്ന ആശങ്കകള്‍ പോലെ അഴിമതി ബന്ധിതമായ പൊതുപ്രവര്‍ത്തനവും ജനങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. അഴിമതി സൃഷ്ടിക്കുന്നതില്‍ പൊതുജന സമൂഹത്തിനും കൃത്യമായ പങ്കുണ്ട്. ശക്തമായ ആദര്‍ശബോധം മനുഷ്യരിലുണ്ടായാല്‍ അഴിമതിമുക്തമായ സമൂഹം സാധ്യമാക്കാന്‍ സാധിക്കുമെന്നും ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ടെന്നും ആസിഫ് അലി കണ്ണൂര്‍ പറഞ്ഞു. 

സമാപന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.എന്‍ സുലൈമാന്‍ മദനി അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ഹുസൈന്‍ മുഹമ്മദ് സ്വാഗതവും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി അലി ചാലിക്കര നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...